2015, ഫെബ്രുവരി 21, ശനിയാഴ്‌ച

ഭാഷ ഒരു ജനതയുടെ സംസ്കാരം- ജയകുമാര്‍.

ഇന്ന് ലോക മാതൃഭാഷാ ദിനം
മാതൃഭാഷയുടെ വൈകാരിക പ്രാധാന്യത്തെക്കുറിച്ചാണ് നാം സാധാരണ ചിന്തിക്കാറ്. വിജ്ഞാന സമ്പാദനത്തിലും , വ്യാവഹാരിക ജീവിതത്തിലും മാതൃഭാഷക്ക് അവകാശപ്പെട്ട പ്രാധാന്യത്തെക്കുറിച്ച് വേണ്ടത്ര അവബോധം സമൂഹത്തില്‍ പുലരുന്നുണ്ടെന്നുപറഞ്ഞുകൂടാ. ഇംഗ്ളീഷ് മീഡിയത്തിലൂടെയുള്ള വിദ്യാഭ്യാസമെന്നത് മനുഷ്യപുരോഗതിക്ക് അനിവാര്യമായ ഒന്നാണെന്ന പ്രബലമായ ധാരണയില്‍ പ്രീ പ്രൈമറി ഘട്ടം മുതല്‍ തന്നെ മാതൃഭാഷയിലല്ലാതെ കുട്ടികളുടെ വിദ്യാഭ്യാസ പ്രക്രിയ ആരംഭിക്കുന്നു. കുഞ്ഞുങ്ങള്‍ക്കാവശ്യവും ഗുണകരവുമാണ് ഇംഗ്ളീഷ് മീഡിയത്തിലുള്ള വിദ്യാഭ്യാസം എന്ന ഉത്തമബോധ്യത്തിലാണ് രക്ഷിതാക്കള്‍ ഇതിന് തുനിയുന്നത്. അതിന് അവരെ പഴിച്ചുകൂടാ. മാതൃഭാഷയിലുള്ള വിദ്യാഭ്യാസം, പ്രത്യേകിച്ച് പ്രാഥമിക തലത്തില്‍, എന്തുമാത്രം പ്രധാനപ്പെട്ടതാണെന്നും, കുഞ്ഞുങ്ങളുടെ ഭൗതിക വളര്‍ച്ചക്കും ആത്മവിശ്വാസത്തിനും ആവിഷ്കാര ധൈര്യത്തിനും അത് വഹിക്കുന്ന പങ്ക് എത്ര വലുതാണെന്നും മനസ്സിലാക്കിക്കൊടുക്കുന്നതില്‍ പൊതുസമൂഹം പരാജയപ്പെട്ടതാണ് ഇതിന് കാരണം.
സര്‍വകലാശാല വിദ്യാഭ്യാസം മാതൃഭാഷയില്‍ വേണമോ വേണ്ടയോ എന്ന ചര്‍ച്ച അവിടെ നില്‍ക്കട്ടെ. പ്രീ പ്രൈമറി, പ്രൈമറി തലങ്ങളിലെങ്കിലും മാതൃഭാഷാ വിദ്യാഭ്യാസത്തിന്‍െറ പ്രാധാന്യത്തെക്കുറിച്ച് ഒരു സമവായമുണ്ടാക്കാന്‍ നമുക്ക് കഴിയേണ്ടതാണ്. സ്വന്തം ഭാഷയിലൂടെയല്ലാതെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി അറിവുകളും അനുഭൂതികളും ആശയങ്ങളും വിശ്വാസങ്ങളും ഒരു കുട്ടിക്ക് പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ളെന്ന് തിരിച്ചറിയാന്‍ സാമാന്യബോധം മതിയാകും. ഭാഷയിലൂടെ പ്രകാശിതമാകുന്നത് ഒരു ജനതയുടെ സംസ്കാരമാണ്; തലമുറകളുടെ സഞ്ചിതാനുഭവങ്ങളാണ്; നൂറ്റാണ്ടുകളായി സ്ഫുടം ചെയ്തെടുത്ത ആശയങ്ങളാണ്. അവയെ ഒരിക്കലും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ മറ്റൊരു ഭാഷക്ക് സാധിക്കുകയില്ല. നമ്മുടെ ഭാഷയിലെഴുതപ്പെട്ട ഒരു കഥയോ നോവലോ വായിക്കാതെ അതിന്‍െറ ഇംഗ്ളീഷ് പരിഭാഷയേ വായിക്കൂ എന്ന് ശാഠ്യംപിടിച്ചാല്‍ ആ വായനക്കാരന് നഷ്ടപ്പെടുന്നത് എത്ര വലിയ അനുഭവ ധന്യതയാണ്! ഇതുപോലെയാണ് ലോകത്തോടുള്ള ബന്ധം വികസിപ്പിച്ചെടുക്കാന്‍ സ്വന്തം ഭാഷ ലഭ്യമായിരിക്കെ അത് ബോധപൂര്‍വം നിരാകരിച്ച് അന്യഭാഷ തേടിപ്പോകുന്നത്.
പഠിക്കുന്ന വിഷയങ്ങള്‍ അനുഭവമേഖലയിലേക്ക് പരാവര്‍ത്തനം ചെയ്യാന്‍ മാതൃഭാഷയിലൂടെ മാത്രമേ സാധിക്കൂ. അപ്പോള്‍ മാത്രമേ കുട്ടികളുടെ മൗലിക ചിന്തയും ഭാവനയും വിരിയുകയുള്ളൂ. ആ ആത്മവിശ്വാസത്തില്‍നിന്ന് മാത്രമേ അറിവിന്‍െറ ഓരോ മേഖലയിലും അഗ്രഗാമികളെ സൃഷ്ടിക്കാനാവൂ. കാരണം, ആത്മധൈര്യമാണ് ബൗദ്ധികമായ സാഹസികതക്കുവേണ്ട ഏറ്റവും അടിസ്ഥാനമൂലകം. ആത്മധൈര്യമാണ് ഇളം പ്രായത്തിലേ നമ്മള്‍ ചോര്‍ത്തിക്കളയുന്നത്. ഇംഗ്ളീഷ് പഠിക്കട്ടെ; ഒരു പുതിയ ഭാഷയായി. പക്ഷേ, മലയാളം മറക്കുന്നതെന്തിന്? രണ്ടാംകിട വിദ്യാര്‍ഥികളെയാണോ നമുക്കാവശ്യം? സമ്പന്നമായ ഒരു ഭാഷ സ്വന്തമായുണ്ടായിട്ട് അതിന്‍െറ വിലയറിയാതെ, വിലപ്പെട്ടതെന്ന് ധരിച്ചുപോയ ഇംഗ്ളീഷ് മീഡിയം വിദ്യാഭ്യാസത്തോടുള്ള മലയാളിയുടെ സമീപനം മാറിയെങ്കിലേ വൈജ്ഞാനിക മേഖലയില്‍ സ്വയം അടയാളപ്പെടുത്താനുള്ള നേട്ടങ്ങള്‍ നമ്മുടെ വിദ്യാലയങ്ങളില്‍നിന്നും സര്‍വകലാശാലകളില്‍ നിന്നും ഉണ്ടാവുകയുള്ളൂ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.