2013, ഏപ്രിൽ 1, തിങ്കളാഴ്‌ച

ക്ലാസ്സില്‍ കയറാത്ത ക്ലാസ്സിക്കല്‍ മലയാളം - വി.സി.അഭിലാഷ്




ഹീബ്രു സര്‍വകലാശാലയുടെ മാതൃക - പി.പവിത്രന്‍


സര്‍വകലാശാലകൊണ്ടുമാത്രം മാതൃഭാഷയെ രക്ഷിക്കാന്‍ കഴിയുമോ? ഇല്ല. പക്ഷേ, സര്‍വകലാശാലയ്ക്ക് അതില്‍ പ്രധാനപ്പെട്ട ഒരുപങ്ക് വഹിക്കാന്‍ കഴിയും. അതിന് ഏറ്റവുംനല്ല ഉദാഹരണം ഇസ്രായേലിലെ ഹീബ്രു സര്‍വകലാശാലയാണ്.


മലയാള സര്‍വകലാശാലയുടെ ബില്‍ നിയമസഭയുടെ പരിഗണനയിലാണ്. ഭാഷയ്ക്കായി ഒരു സര്‍വകലാശാലയോ എന്ന് ആശ്ചര്യപ്പെടുന്നവര്‍ ഇപ്പോഴുമുണ്ട്. യൂറോപ്പിലോ അമേരിക്കയിലോ അത്തരമൊരു സര്‍വകലാശാലയില്ലല്ലോ എന്നാണ് അവരുടെ ആശ്ചര്യത്തിന് അര്‍ഥം. ആധുനിക കാലഘട്ടത്തില്‍ യൂറോപ്പ് ഭാഷാപരമായ അധിനിവേശത്തിന് വിധേയമാകാതിരുന്നതിനാല്‍ അവര്‍ക്ക് ഭാഷയുടെപേരില്‍ ഒരുസര്‍വകലാശാല സ്ഥാപിക്കേണ്ടിവന്നില്ല എന്നത് സത്യമാണ്. എന്നാല്‍, നേരത്തേയുണ്ടായിരുന്ന സര്‍വകലാശാലകള്‍ ഭാഷാ സര്‍വകലാശാലകളാക്കി മാറ്റിയചരിത്രമാണ് അവര്‍ക്കുള്ളത്. മുമ്പ് റോമാസാമ്രാജ്യത്തിന്റെ കാലംമുതല്‍ ലത്തീനില്‍ എല്ലാവിഷയങ്ങളും പഠിപ്പിച്ചിരുന്ന യൂറോപ്യന്‍ സര്‍വകലാശാലകള്‍ ആധുനികഘട്ടത്തോടെ മാതൃഭാഷയില്‍ വിവിധവിഷയങ്ങള്‍ പഠിപ്പിക്കുന്ന സര്‍വകലാശാലകളായി പരിണമിക്കുകയായിരുന്നു. അതുകൊണ്ട് മാതൃഭാഷയ്ക്കായി പ്രത്യേക സര്‍വകലാശാലകള്‍ അവര്‍ക്ക് സ്ഥാപിക്കേണ്ടിവന്നില്ല.

ഇംഗ്ലീഷില്‍ വിവിധവിഷയങ്ങള്‍ പഠിപ്പിക്കുന്ന നിലവിലുള്ള നമ്മുടെ സര്‍വകലാശാലകള്‍ ഏതെങ്കിലും കാലത്ത് എല്ലാവിഷയങ്ങളും മാതൃഭാഷയില്‍ പഠിപ്പിക്കുന്ന സര്‍വകലാശാലകള്‍ ആകുമെന്നതിനുള്ള യാതൊരു സൂചനയും കാണാത്ത സാഹചര്യത്തിലാണ് മലയാളത്തില്‍ എല്ലാവിഷയങ്ങളും പഠിപ്പിക്കുന്ന ഒരു സ്ഥാപനമെങ്കിലും നമ്മുടെനാട്ടില്‍ വേണമെന്നും അത് കേരളത്തിന്റെ സമഗ്രവികസനത്തിനുതകുന്ന ഏറ്റവും പ്രധാനപ്പെട്ട സര്‍വകലാശാലയായിരിക്കണമെന്നുമുള്ള ആവശ്യം പൊതുമണ്ഡലത്തില്‍ ഉയര്‍ന്നുവന്നത്.

സര്‍വകലാശാലകൊണ്ടുമാത്രം മാതൃഭാഷയെ രക്ഷിക്കാന്‍ കഴിയുമോ? ഇല്ല. പക്ഷേ സര്‍വകലാശാലയ്ക്ക് അതില്‍ പ്രധാനപ്പെട്ട ഒരുപങ്ക് വഹിക്കാന്‍കഴിയും. അതിന് ഏറ്റവുംനല്ല ഉദാഹരണം ഇസ്രായേലിലെ ഹീബ്രു സര്‍വകലാശാലയാണ്. മലയാളത്തെക്കാള്‍ പരിതാപകരമായ അവസ്ഥയിലായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടില്‍ ഹീബ്രു. ഹീബ്രു മാധ്യമമായി ആദ്യത്തെ പ്രാഥമിക വിദ്യാലയം സ്ഥാപിക്കപ്പെടുന്നതുപോലും 1889-ലാണ്. നമ്മുടെ 'ഇന്ദുലേഖ' പ്രസിദ്ധീകരിച്ച വര്‍ഷമാണത്. മുപ്പതു വര്‍ഷത്തിനുള്ളില്‍ 1918-ല്‍ അവര്‍ എല്ലാവിഷയങ്ങളും ഹീബ്രുവില്‍ പഠിപ്പിക്കുന്ന സര്‍വകലാശാല സ്ഥാപിച്ചു. ഇക്കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ശാസ്ത്രവും സാമ്പത്തിക ശാസ്ത്രവുമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എട്ട് നൊബേല്‍ സമ്മാനജേതാക്കളെ അവര്‍ ഈ സര്‍വകലാശാലയില്‍നിന്ന് മാത്രമായി സൃഷ്ടിച്ചു. ഇന്ത്യയിലെ ഏതൊരു സര്‍വകലാശാലയെക്കാളും റാങ്കിങ്ങില്‍ മുന്നിലാണ് കേരളത്തിലെ ജനസംഖ്യയുടെ അഞ്ചിലൊന്നുപോലുമില്ലാത്ത ഇസ്രായേലിനകത്തെ ഈ സര്‍വകലാശാല.

ഹീബ്രു സര്‍വകലാശാലയുടെ സ്ഥാപകരില്‍ ഏറ്റവും പ്രധാനി സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ തന്നെ. നമ്മെപ്പോലെ സാഹിത്യകാരന്മാരുടെ ഒരു കാര്യമായല്ല ഹീബ്രുഭാഷയെയും സര്‍വകലാശാലയെയും അവര്‍ സങ്കല്പിച്ചത്. ഭൗതിക ശാസ്ത്രജ്ഞരും ഗണിതശാസ്ത്രജ്ഞരും ഉള്‍പ്പെടെ വലിയൊരു ബുദ്ധീജീവിവിഭാഗം ഹീബ്രു സര്‍വകലാശാലയ്ക്കുവേണ്ടി രംഗത്തുവന്നു. ബോധപ്രപഞ്ചത്തിന്റെ അതിര്‍ത്തികളന്വേഷിച്ച ഐന്‍സ്റ്റൈന്‍ മാത്രമല്ല, അബോധ പ്രപഞ്ചത്തിന്റെ ആഴങ്ങള്‍ തേടിയ സിഗ്മണ്ട് ഫ്രോയ്ഡും അതില്‍ പങ്കാളിയായി.

വളരെആലോചിച്ച് ഓരോചുവടുംവെച്ചാണ് ഹീബ്രു സര്‍വകലാശാല ഇന്നത്തെ നിലയിലെത്തിയത്. സ്ഥാപിച്ച് ഏഴുവര്‍ഷം കഴിഞ്ഞ് 1925-ല്‍ അതില്‍ ആദ്യത്തെ കോഴ്‌സുകള്‍ ആരംഭിച്ചു. ആദ്യപ്രഭാഷകരിലൊരാള്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ തന്നെയായിരുന്നു. പില്‍ക്കാലത്ത് ഐന്‍സ്റ്റൈന്‍ തന്റെ കൃതികളുടെ അവകാശം എഴുതിക്കൊടുത്തതും ഹീബ്രു സര്‍വകലാശാലയ്ക്കാണ്. അവയെല്ലാം ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നതും അവിടെയാണ്.

ഇപ്പോള്‍ മലയാളസര്‍വകലാശാലാ ബില്ലില്‍ പറയുന്നത് മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും പരിപോഷണത്തിനായി സാഹിത്യകാരന്മാരും കലാകാരന്മാരും അക്കാദമി ചെയര്‍മാന്മാരും നേതൃത്വം നല്‍കുന്ന ഒരു സര്‍വകലാശാല എന്നാണ്. ഹീബ്രു സര്‍വകലാശാലയുടെ ലക്ഷ്യമാകട്ടെ എല്ലാ വിജ്ഞാനശാഖയിലും പ്രതിഭകളെ ഉത്പാദിപ്പിക്കലും. ഭാഷാമാനവിക വിഷയങ്ങള്‍ക്കുമാത്രമല്ല അവിടെ ഫാക്കല്‍റ്റിയുള്ളത്. പ്രകൃതിശാസ്ത്രം, സാമൂഹികശാസ്ത്രം, കൃഷി, ഭക്ഷ്യസംസ്‌കരണം, നിയമം, മെഡിസിന്‍, ഫാര്‍മസി, മൃഗപരിപാലനശാസ്ത്രം, സോഷ്യല്‍ വര്‍ക്ക്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങി എല്ലാ വിഷയങ്ങളും അവിടെ ഹീബ്രുവില്‍ പഠിപ്പിക്കുന്നു.

സര്‍വകലാശാല ആരംഭിച്ചകാലത്ത് അവിടെ വിദ്യാര്‍ഥികള്‍ കുറവായിരുന്നു. കെട്ടിടംപണിയുന്ന തൊഴിലാളികളായിരുന്നു സായാഹ്നക്ലാസില്‍ ഒരു വലിയവിഭാഗം. ക്ഷമാപൂര്‍ണമായ ആസൂത്രണത്തിലൂടെ ദശകങ്ങള്‍കൊണ്ട് ആയിരങ്ങള്‍ പഠിക്കുന്ന സ്ഥാപനമായി അതുമാറി. 1928-ല്‍ ഗണിതശാസ്ത്ര ഇന്‍സ്റ്റിറ്റിയൂട്ട്. 1932-ല്‍ സസ്യശാസ്ത്രപഠനം, 1935- ല്‍ പ്രകൃതിശാസ്ത്രത്തിന് പൊതുവായ ഫാക്കല്‍റ്റി, 1935- ല്‍ ആദ്യത്തെ പിഎച്ച്.ഡി, 1939 -ല്‍ മെഡിസിന്‍, 1942- ല്‍ കൃഷിശാസ്ത്രം, 1953-ല്‍ സാമ്പത്തികശാസ്ത്രം, ഫാര്‍മക്കോളജി, 1985-ല്‍ മൃഗ സംരക്ഷണം, 1999- ല്‍ കമ്പ്യൂട്ടര്‍ സയന്‍സ്. യാതൊരു ധൃതിയുമില്ലാതെ, എനിക്കുശേഷം പ്രളയം എന്ന ആധിയില്ലാതെ, വരുംതലമുറകളില്‍ വിശ്വാസമര്‍പ്പിച്ച് ഒച്ചിന്റെവേഗത്തില്‍ അത്മുന്നേറി. 2002-ലും 2005-ലും സാമ്പത്തിക ശാസ്ത്രത്തിനും 2004- ല്‍ ഭൗതികശാസ്ത്രത്തിലും 2004- ലും 2006 - ലും 2009- ലും രസതന്ത്രത്തിലും ഈ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നൊബേല്‍ സമ്മാനം നേടി.

ഈ മാതൃകയില്‍ നമുക്ക് മലയാളത്തില്‍ ഒരു സര്‍വകലാശാലയെ സങ്കല്പിക്കാന്‍ കഴിയുമോ? ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം പുറത്തേക്ക് പോകലാണെന്ന കാഴ്ചപ്പാടില്‍ ഇംഗ്ലീഷില്‍ പഠിപ്പിക്കുന്ന സര്‍വകലാശാലകള്‍ നിലനിന്നുകൊള്ളട്ടെ. കേരളത്തില്‍ ജോലിചെയ്യാന്‍ തയ്യാറുള്ളവരെയാണ് മലയാളസര്‍വകലാശാല ലക്ഷ്യംവെക്കേണ്ടത്. മലയാളഭാഷയിലൂടെ പഠിച്ച് ഗവേഷണംചെയ്ത് മലയാളിയുടെ രോഗത്തിനുള്ള ഒരുമരുന്ന് കണ്ടുപിടിച്ചാല്‍ അത് ലോകത്തിലെ ഏതു ഭാഷക്കാരന്റെയും രോഗത്തിനുള്ള മരുന്നാണ്. ബേപ്പൂരിലെ മലയാളഭാഷയില്‍ രൂപകല്പനചെയ്ത ഉരുക്കള്‍ ലോകം മുഴുവനുമാണ്ഓടിക്കൊണ്ടിരിക്കുന്നത്.

പ്രാദേശികതയെ ആഴത്തിലറിയുന്നതിലൂടെയാണ് നാം പുറംലോകത്തിനും സംഭാവനനല്‍കുക. ലോകത്തിലെ പുതു വിജ്ഞാനങ്ങളെല്ലാം അപ്പപ്പോള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്ന ശക്തമായ സംവിധാനം സര്‍വകലാശാലയില്‍ ഇതിന് ആവശ്യമാണ്. ഇവിടത്തെ അറിവുകള്‍ ലോകത്തിലെ എല്ലാ ഭാഷകളിലേക്കെത്തിക്കാനും സംവിധാനം വേണം.

അന്യഭാഷകളുമായി ബന്ധമില്ലാതെ ഋഷ്യശൃംഗനെപ്പോലെ കൂട്ടിലടച്ചാല്‍ ഭാഷ സ്വയം വളരുകയില്ല. ഇംഗ്ലീഷുള്‍പ്പെടെ ലോകത്തിലെ ഭാഷകളുടെ വകുപ്പുകള്‍ മലയാളസര്‍വകലാശാലയില്‍ വേണം. വിജ്ഞാനം അങ്ങോട്ടും ഇങ്ങോട്ടും ഒഴുകണം. തര്‍ജമയ്ക്കും ഇവിടെവരുന്ന വിദേശികള്‍ക്കും ഇവിടെനിന്ന് വിദേശത്തുപോകുന്നവര്‍ക്കും ഭാഷാപരമായ സഹായവും പരിശീലനവും കൊടുക്കാന്‍ മലയാള സര്‍വകലാശാലയ്ക്ക് ആകണം. പുതിയ ലോകക്രമത്തിലെ മലയാളിയുടെ സഹായിയാകണം മലയാളസര്‍വകലാശാല. 64 ഭാഷകളാണ് ഹീബ്രു സര്‍വകലാശാലയില്‍ പഠിപ്പിക്കുന്നത്.കേരളം ശാസ്ത്രലോകത്ത് അറിയപ്പെടുന്നത് ഗണിതപാരമ്പര്യത്തിന്റെ പേരിലാണ്. മഴയെ ആശ്രയിക്കുന്ന കൃഷിരീതിക്ക് കാലഗണന കൂടുതല്‍ കൃത്യമാകേണ്ടതുണ്ടായിരുന്നതിലാണ് നമ്മുടെ സൗരകേന്ദ്രിത ഗണിതം ഇത്രവികസിച്ചത് എന്ന് വാദിക്കുന്ന പണ്ഡിതരുണ്ട്. മലയാളസര്‍വകലാശാല നിലനില്ക്കുന്ന തിരൂര്‍ പരിസരത്തായിരുന്നു നീലകണ്ഠ സോമയാജിയുടെയും സംഗ്രമ ഗ്രാമമാധവന്റെയും മറ്റും വേരുകള്‍. ന്യൂട്ടനും ലബ്‌നിറ്റ്‌സിനും മുമ്പ് കലന(കാല്‍ക്കുലസ്) ത്തിന് തുടക്കംകുറിച്ച കേരളീയ ഗണിതജ്ഞരുടെ പേരില്‍ ഒരു സ്‌കൂളോ ചെയറോ ആരംഭിക്കുന്നകാര്യം ആലോചിക്കാന്‍ മലയാളസര്‍വകലാശാലയ്ക്ക് ആകുമോ?

എന്തുകൊണ്ട് കേരവൃക്ഷത്തിന്റെ നാട്ടില്‍ ശരിക്കുള്ള ഒരു തെങ്ങുകയറ്റയന്ത്രംപോലും നമുക്ക് ഉണ്ടാക്കാന്‍ കഴിയാതെ പോയി എന്നതിന് ഉത്തരം നാം പഠിച്ചത് നമ്മുടെ ഭാഷയില്‍ നമ്മുടെ പ്രകൃതിക്കും സമൂഹത്തിനും വേണ്ടിയല്ല എന്നതാണ്. എന്തുകൊണ്ട് ചക്കയോ ഇളനീരോ നമുക്ക് ഉത്പന്നമായി വികസിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നതിനും ഉത്തരം അതുതന്നെ. നമ്മുടെ കത്തുന്ന വേനലിനെയും കുത്തിയൊഴുകുന്ന കര്‍ക്കടകപ്പേമാരിയെയും ഊര്‍ജമാക്കി മാറ്റാന്‍ എന്തുകൊണ്ട് നമുക്ക് കഴിയുന്നില്ല എന്നതിനും കാരണം മറ്റൊന്നല്ല. ഓക്‌സ്‌ഫെഡിലെയും കേംബ്രിജിലെയും ഹാര്‍വാര്‍ഡിലെയും സിലബസ്സില്‍ ചക്കസംസ്‌കരണവും കര്‍ക്കടകമഴയുമില്ലല്ലോ! മാതൃഭാഷയില്‍ ചിന്തിക്കാന്‍ കഴിയുമ്പോഴാണ് മുന്‍ഗണനകള്‍ നമ്മുടേതായിമാറുന്നത്.മെഡിസിനും എന്‍ജിനീയറിങ്ങും കൃഷിയും ഉള്‍പ്പെടുന്ന ഫാക്കല്‍റ്റികള്‍ വേണം. യാഥാര്‍ഥ്യമാക്കാന്‍ ധൃതി വേണ്ട, പക്ഷേ, കാഴ്ചപ്പുറത്ത് അതുണ്ടായിരിക്കണം.

ചുരുക്കത്തില്‍ ഇപ്പോള്‍ നിയമസഭയില്‍ അവതരിപ്പിച്ച മലയാളം സര്‍വകലാശാലാ ബില്ല് ഉടച്ചുവാര്‍ക്കണം. അതിന്റെ ലക്ഷ്യം മാതൃഭാഷാ വിജ്ഞാനത്തിലൂന്നി കേരളത്തിന്റെ സ്വാശ്രയത്വവും സമഗ്രവികസനവുമാകണം. അതിനുതകുന്ന ശാസ്ത്ര- സാമൂഹികശാസ്ത്ര- സാങ്കേതിക ശാസ്ത്ര ഫാക്കല്‍റ്റികള്‍ സങ്കല്പിക്കണം. ഈ ഫാക്കല്‍റ്റികളെല്ലാം ഇപ്പോള്‍ത്തന്നെ തുടങ്ങേണ്ടതില്ല. ഇപ്പോള്‍ പ്രഖ്യാപിച്ച നാലു കോഴ്‌സുകളില്‍ തുടങ്ങാനാണ് ഭാവമെങ്കില്‍ അങ്ങനെത്തന്നെയാകട്ടെ. പക്ഷേ, വിപുലമായ കാഴ്ചപ്പാടില്‍ വളരാനുള്ള ഭാവിയുടെ ഇടങ്ങള്‍ ആക്റ്റില്‍ ഉണ്ടായിരിക്കണം.

ഇപ്പോള്‍ അന്വേഷിക്കുന്ന, ആകാശത്തിരിക്കുന്ന, എഴുപത്തഞ്ച് ഏക്കര്‍കൊണ്ട് ഈ സ്വപ്നമൊന്നും മലയാളസര്‍വകലാശാലയില്‍ സാധിക്കുകയില്ല. ഐക്യമലയാള പ്രസ്ഥാനം നല്‍കിയ മലയാള സര്‍വകലാശാലാ രേഖയില്‍ 1,000 ഏക്കര്‍ സര്‍വകലാശാലയ്ക്ക് വേണമെന്ന് പറഞ്ഞത് തലമുറകള്‍ക്കപ്പുറത്തേക്ക് കണ്ണുപായിച്ചാണ്. നാനൂറ് ഏക്കറാണ് അലിഗഢ് സര്‍വകലാശാലയുടെ ഒരു കേന്ദ്രത്തിന് മാത്രമായി നാം അനുവദിച്ചത്. അതിന്റെ നാലിലൊന്നുപോലും സ്ഥലംകിട്ടാതെയാണ് ഇപ്പോള്‍ നാം അലയുന്നത്!

തിരുവിതാംകൂറിലെ ആദ്യത്തെ വൈസ് ചാന്‍സലറായി അന്നത്തെ ഭരണാധികാരികള്‍ ക്ഷണിച്ചത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനെയായിരുന്നു. അദ്ദേഹം അത് സ്വീകരിച്ചില്ല. വിവിധവിഷയങ്ങള്‍ മാതൃഭാഷയില്‍ പഠിക്കാനുതകുന്ന ഒരു സര്‍വകലാശാല സ്ഥാപിച്ചുകൊണ്ട് ഐന്‍സ്റ്റൈന്റെ മാതൃക ഇപ്പോഴെങ്കിലും നമുക്ക് പിന്തുടരാം.

മാതൃഭൂമി

മലയാള സര്‍വകലാശാല ചെയ്യേണ്ടത് - രാജന്‍ ഗുരുക്കള്‍


മലയാള സര്‍വകലാശാലയുടെ ഒരു മര്‍മപ്രധാന വിഭാഗമായി ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിനെ നിബന്ധിച്ച് ജ്ഞാനഭാഷാ പോഷണത്തിനാവശ്യമായ ബഹുമുഖ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്യണം. പുതിയജ്ഞാനം നിര്‍മിക്കുകയാണ് സര്‍വകലാശാലയുടെ മുഖ്യലക്ഷ്യം എന്നോര്‍ക്കണം


മലയാളഭാഷയും സാഹിത്യവും പഠിപ്പിക്കാനുള്ള ഒരു സ്ഥാപനം എന്ന മട്ടിലാണ് മലയാള സര്‍വകലാശാലയുടെ പുറപ്പാട്. സര്‍വകലാശാല മലയാളഭാഷയ്ക്കും സാഹിത്യത്തിനും വേണ്ടിയാണ് എന്ന മൗഢ്യം നാം കളയണം. നമുക്കാവശ്യം മലയാളത്തില്‍ ഒരു സര്‍വകലാശാലയാണ്; അല്ലാതെ, മലയാളത്തിനൊരു സര്‍വകലാശാലയല്ല. ലോകമെങ്ങും സര്‍വകലാശാലയുടെ ലക്ഷ്യം നവീനവും കാലോചിതവുമായ ജ്ഞാനം ഉത്പാദിപ്പിക്കുകയും പ്രസാരണം ചെയ്യുകയുമാണ്. പ്രസാരണത്തിന്റെ ഭാഗമായി വിവിധ വിശേഷാവഗാഹ വിഷയങ്ങളില്‍ ഉപരിപഠനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും രാഷ്ട്രത്തിന്റെ അഭ്യുന്നതിക്ക് അത്യന്താപേക്ഷിതവും യുവതലമുറയ്ക്ക് തൊഴിലുകള്‍ക്ക് ഉപയുക്തവും ആയ വിശേഷവൈദഗ്ധ്യം ലഭ്യമാക്കുകയും ചെയ്യും. കൂട്ടത്തില്‍ ഉന്നതവിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്തുന്നതിലും ഗുണമേന്മ ഉറപ്പുവരുത്തുന്നതിലും മേല്‍നോട്ടം വഹിക്കും. സര്‍വോപരി ബിരുദങ്ങള്‍ നല്‍കാന്‍ പരമാധികാരമുള്ള സ്ഥാപനമായും പ്രവര്‍ത്തിക്കും. ഒരു ഭാഷയ്‌ക്കോ ഏതെങ്കിലും ഒരവഗാഹ വിഷയത്തിനോ സര്‍വകലാശാല ഉണ്ടാക്കുന്ന ഏര്‍പ്പാട് നിരര്‍ത്ഥകമാണ്.

മലയാളത്തിന് ഒരു സര്‍വകലാശാല എന്ന പ്രയോഗം തന്നെ പൂര്‍വാപരവിരുദ്ധം. ഏതായാലും അങ്ങനെ ഒന്നുണ്ടായിക്കഴിഞ്ഞു. ഇനിയെങ്കിലും അത് ചെയ്യേണ്ടതെന്താണെന്ന് വ്യക്തത വേണം. കവിതയിലും നോവലിലും നാടകത്തിലുമൊക്കെ ബിരുദങ്ങള്‍ നല്‍കാനുള്ള പദ്ധതികളാണ് വരുന്നതെങ്കില്‍ മഹാ കഷ്ടം എന്നേ പറയാനുള്ളൂ ! 

ഭാഷയും ജ്ഞാനവും


ഭാഷ വെറും പേച്ചുവഴക്കമല്ല. പേച്ചുവഴക്കത്തിലേക്ക് ജ്ഞാനം പ്രവേശിക്കുമ്പോഴേ ഭാഷയാവൂ. കൂട്ടായ നിലനില്പിനുവേണ്ട സാങ്കേതികജ്ഞാനം പേച്ചുവഴക്കത്തില്‍ പ്രവേശിപ്പിച്ച് കുടിപ്പേച്ചുകള്‍ ജാതിപ്പേച്ചുകളും ജാതിപ്പേച്ചുകള്‍ നാട്ടുവഴക്കവും ആവുന്നു.ഇതൊരു മാനകവത്കരണ പ്രക്രിയയാണ്. നാട്ടുവഴക്കത്തിലേക്ക് ഒരു കാലഘട്ടത്തിന്റെ ജ്ഞാനപ്രവേശം നടക്കുമ്പോള്‍ ഭാഷയുണ്ടാവുന്നു.

കാലഘട്ടത്തിന്റെ ജ്ഞാനം നിശ്ചയിക്കുന്നത് കാലഘട്ടത്തിനുമേല്‍ അധീശത്വം പുലര്‍ത്തുന്നവരാണ്. അവരുടെ ജ്ഞാനം അധികാരത്തിന്റെയും ആഭിജാത്യത്തിന്റെയും പ്രതീകമായിരിക്കും. അതിനെ ജനകീയവത്കരിക്കാന്‍ അധികാരികള്‍ അനുവദിക്കില്ല.

എന്നാല്‍, അവരുടെ ജാതിപ്പേച്ചിലേക്ക് ഈ ജ്ഞാനത്തിന് പ്രവേശിക്കാതെ വയ്യ. വേദ-വേദാംഗേതിഹാസ, ശാസ്ത്രദര്‍ശന, കാവ്യ-നാടകാദികള്‍ സംസ്‌കൃതത്തില്‍നിന്ന് നമ്പൂതിരിമാരുടെ പേച്ചുവഴക്കത്തിലേക്ക് പ്രവേശിച്ചതി ന്റെ ഫലമായിരുന്നു മണിപ്രവാളം. സംസ്‌കൃതം പഠിക്കാന്‍ കഴിഞ്ഞ ശൂദ്രജാതികളും ഓരോന്നായി അധികാരവും ആഭിജാത്യവും ഉന്നംവെച്ച് വൈജ്ഞാനിക വ്യവഹാരം തുടര്‍ന്നതിന്റെ പരിണിത ഫലമാണ് മലയാള ഭാഷ. ആദ്യം നാടുവാഴികളും പിന്നെ പണിക്കന്മാരും അതുകഴിഞ്ഞ് ചക്കാലനായന്മാരും ഒടുവില്‍ ഈഴവരും. ബ്രാഹ്മണാധീത്വത്തിനെതിരെയുള്ള ഒരു നിശ്ശബ്ദ വിപ്ലവമെന്ന നിലയില്‍ ശൂദ്രരുടെ ഈ ജ്ഞാനസമ്പാദനം ഒരു കാലഘട്ടത്തിലെ അധീശജ്ഞാനത്തിന്റെ ജനകീയവത്കരണത്തിന് തുടക്കമിട്ടു. അതുകൊണ്ടുതന്നെ മലയാളഭാഷയുടെ ആവിര്‍ഭാവപ്രക്രിയയില്‍ ഒരു സാംസ്‌കാരിക വിപ്ലവത്തിന്റെ അടക്കിപ്പിടിച്ച സംഘര്‍ഷമുണ്ട്. നിരണത്തു പണിക്കന്മാരുടെ ആവിഷ്‌കാരങ്ങള്‍ മുതല്‍ ശ്രീനാരായണഗുരുവിന്റെ ആവിഷ്‌കാരങ്ങള്‍വരെ ക്രമാനുഗതം അധീശജ്ഞാനവും നവോത്ഥാന ജ്ഞാനവും പ്രവേശിപ്പിച്ച് മലനാട്ടുവഴക്കത്തെ മലയാള ഭാഷയാക്കി. ഗുരുകുലങ്ങളും കുടിപ്പള്ളിക്കൂടങ്ങളും വിദ്വല്‍സദസ്സുകളും തര്‍ക്കങ്ങളും ഈ പ്രക്രിയയ്ക്ക് ശക്തി പകര്‍ന്നു. അയ്യങ്കാളിയിലൂടെ, ദളിതരിലൂടെ, സ്ത്രീകളിലൂടെ ജ്ഞാനത്തിന്റെ ജനകീയജനാധിപത്യവത്കരണം തുടര്‍ന്നുകൊണ്ടിരിക്കുന്നു; ഭാഷ വളര്‍ന്നുകൊണ്ടും. ഭാ ഷയുടെ വളര്‍ച്ചയില്‍ ഓരോ കാലഘട്ടത്തിലെയും ജ്ഞാനത്തിന്റെ പങ്ക് അത്യന്തം നിര്‍ണായകമായിരുന്നുവെന്ന് ചുരുക്കം. ഭാഷയും ജ്ഞാനവും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. 

ജ്ഞാനഭാഷ


ഇന്ത്യയിലെ ഇതര ഭാഷകളോട് താരതമ്യപ്പെടുത്തുമ്പോള്‍ ജ്ഞാനഭാഷയെന്നനിലയില്‍ മലയാളം വളരെ പിന്നിലാണ്. ഭാഷയില്‍ ആകെ രണ്ടു ലക്ഷത്തിച്ചില്വാനും വാക്കുകളേ ഉള്ളൂ. ആധുനികലോക വിജ്ഞാനശാഖകളെ ഒന്നിനെയും അവയുടെ അടിസ്ഥാനതല പാഠത്തിനപ്പുറം മലയാളത്തിലേക്ക് പ്രവേശിപ്പിക്കാന്‍ നമുക്കിനിയും സാധിച്ചിട്ടില്ല. ഭാഷാശാസ്ത്രവും സാഹിത്യനിരൂപണശാസ്ത്രവും സൗന്ദര്യശാസ്ത്രവും ഒക്കെ അതെ. അഗാധ വിജ്ഞാനശാഖകളായിത്തീര്‍ന്നിട്ട് ഒന്നും രണ്ടും നൂറ്റാണ്ട് പിന്നിട്ട പ്രമുഖ സയന്‍സുകള്‍ പോലും മലയാളത്തില്‍ പത്താംക്ലാസ് പാഠപുസ്തകപരിധിയിലാണ്. അതിനപ്പുറം സയന്‍സ് മാത്രമല്ല, സോഷ്യല്‍ സയന്‍സുപോലും മലയാളത്തില്‍ പറയാനും എഴുതാനും കഴിയില്ലെന്ന് ശഠിക്കുന്നവരാണ് നമ്മുടെ പ്രൊഫസ്സര്‍മാര്‍ ! പിന്നെ ബി.എസ്‌സി.യും ബി.എ.യും ഒക്കെ കുട്ടികള്‍ മലയാളത്തിലെഴുതുന്നതോ എന്ന് ചോദിച്ചാല്‍ അതൊരെഴുത്താണെന്നേ പറയാനാവൂ. ഒന്നുതീര്‍ച്ച. ഒരു ഭാഷയില്‍ ആവിഷ്‌കരിച്ചതാണോ എങ്കില്‍ ഏതുഭാഷയിലും അത് സാധ്യമാണ്. പക്ഷേ, ആദ്യം കാര്യം മനസ്സിലാവണം. കാര്യം മനസ്സിലാവാത്തവരാണ് അവരുടെ വിഷയങ്ങള്‍ മലയാളത്തില്‍ പറയാനാവില്ലെന്ന് ശഠിക്കുന്നത്. മാതൃഭാഷ കലങ്ങിപ്പോയിട്ടില്ലാത്ത ഒരു വിദഗ്ധന് അയാള്‍ അവഗാഹം നേടിയ വിഷയം മാതൃഭാഷയില്‍ ആവിഷ്‌കരിക്കാനാവുമെന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെയുള്ളവര്‍ അധികമില്ലാത്തത് അധ്യയനം മലയാളത്തിലല്ലാത്തതുകൊണ്ടാണ്. മാതൃഭാഷയില്‍ മനസ്സിലാക്കുമ്പോഴേ ബഹുഭൂരിഭാഗം പേര്‍ക്കും അവഗാഹം യാഥാര്‍ഥ്യമാവൂ. അവഗാഹമില്ലെങ്കില്‍ ജ്ഞാനോത്പാദനംകഴിയില്ല. സര്‍വകലാശാലയുടെ സര്‍വപ്രധാന ദൗത്യമാവട്ടെ ജ്ഞാനോത്പാദനമാണുതാനും. അതും അത്യധുനാതന വിശേഷാവഗാഹ വിജ്ഞാനീയങ്ങളില്‍ ! പക്ഷേ, അധുനാതന വിജ്ഞാനീയങ്ങള്‍ പലതും മലയാളത്തിന് തീര്‍ത്തും അന്യമായിക്കിടക്കുകയാണ് !

മലയാള സര്‍വകലാശാല ഉടനെ നാനോടെക്‌നോളജിയും ബയോടെക്‌നോളജിയും സിന്തറ്റിക് ബയോ എന്‍ജിനീയറിങ്ങും ബയോ ഇന്‍ഫര്‍മാറ്റിക്‌സും ജെനറ്റിക്‌സുമൊക്കെ മലയാളത്തില്‍പഠിപ്പിച്ചുതുടങ്ങണം എന്നല്ല. അതത്ര എളുപ്പമല്ലല്ലൊ. തയ്യാറെടുപ്പ് തുടങ്ങിയേ മതിയാവൂ എന്നാണ് വിവക്ഷ. ജ്ഞാനഭാഷ ശക്തിപ്പെടുത്തിക്കൊണ്ട് അതിവേഗം ജ്ഞാനോത്പാദനരംഗത്ത് സാന്നിധ്യമുറപ്പിക്കാന്‍ മലയാളത്തിന് കഴിയണം. മൂലധനവ്യവസ്ഥയുടെ ഏറ്റവും പുതിയ രൂപമായ കോര്‍പ്പറേറ്റ് സംവിധാനം ടെക്‌നോളജിയെയും സയന്‍സിനെയും ആണ് ഇന്ന് വ്യവസായമാക്കുന്നത്. വന്‍ നിക്ഷേപത്തിനായി അത് തിരഞ്ഞെടുക്കുന്നത് ജ്ഞാനോത്പാദനരംഗമാണ്. സയന്‍സിലും ടെക്‌നോളജിയിലും വരുന്ന കണ്ടുപിടിത്തങ്ങളാണതിന്റെ വില്പനച്ചരക്കുകള്‍. പുതിയ ജ്ഞാനം - അതാണ് 'നോളേജ് ഇക്കോണമി'യുടെ അമൂല്യനിദാനം.

'നോളേജ് ഇക്കോണമി'


നോളേജ് ഇക്കോണമി' എന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും ആഗോള സമ്പദ്‌വ്യവസ്ഥയില്‍ അതിനുള്ള പ്രാധാന്യം പലര്‍ക്കും മനസ്സിലായിട്ടില്ല. മൊത്തം വ്യാവസായിക ലാഭത്തിന്റെ അഞ്ചില്‍ നാലുഭാഗവും ഇന്ന് സമാഹരിക്കപ്പെടുന്നത് ജ്ഞാനത്തെ ചരക്കാക്കിയുള്ള വ്യവസായം വഴിയാണ്. ലോകരാജ്യങ്ങളുടെ ജി.ഡി.പി.യില്‍ ജി.ഡി.ടി.പി.യും (ടെക്‌നോളജി പ്രോഡക്ട്) ജി.ഡി.എസ്.പി.യും (സയന്‍സ് പ്രോഡക്ട്) നിര്‍ണായകമായിരിക്കുന്നു, ഈ ജ്ഞാനവ്യവസായത്തിന്റെ ലാഭസമാഹരണ തന്ത്രങ്ങളുടെ ഭാഗമാണ് ബൗദ്ധിക സ്വത്തവകാശങ്ങളും പുതിയ പേറ്റന്റ് നിയമങ്ങളുമെല്ലാം. ടെക്‌നോളജിയിലും സയന്‍സിലും ഉണ്ടാവുന്ന ക്രിയേറ്റിവിറ്റി വിലയ്ക്കുവാങ്ങിയും പിടിച്ചെടുത്തും കുത്തകയാക്കുന്ന ഏര്‍പ്പാടുകളാണവ. കാരണം 'ക്രിയേറ്റിവിറ്റി'യാണ് ചരക്ക്. അമൂര്‍ത്തവും അദൃശ്യവും അമൂല്യവുമായ ഈ ചരക്ക് ചൂഷണം ചെയ്യുന്നതിലാണ് കോര്‍പ്പറേറ്റുകള്‍ ഇന്ന് മത്സരിക്കുന്നത്. അതുവഴി കമ്പോളത്തില്‍ പുതിയ ഉത്പന്നങ്ങള്‍ ഇറക്കാനുള്ള കൊടിയമത്സരം നടക്കുകയാണ്. തത്ഫലമായി അന്താരാഷ്ട്ര കോടതിയില്‍ ബൗദ്ധിക സ്വത്തവകാശസംബന്ധമായ കേസുകള്‍ കുന്നുകൂടുന്നു. ഇന്ന് ലോകത്തെ മികച്ച ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടുകളും സര്‍വകലാശാലകളും കോര്‍പ്പറേറ്റുകളുടെ പിടിയിലാണ്. ഈ അധാര്‍മികതയ്ക്കുനേരേ കണ്ണടച്ചുകൊണ്ട് 'നോളേജ് ഇക്കോണമി'യെ വാഴ്ത്തുകയല്ല. ആഗോള യാഥാര്‍ഥ്യം അതാണെന്ന് വ്യക്തമാക്കുക മാത്രമാണ്. ആ വ്യക്തത ഇല്ലാതെ സര്‍വകലാശാലയുടെ പ്രവര്‍ത്തനം വിഭാവനം ചെയ്യാനാവില്ല. 

എന്തുചെയ്യണം ?


മലയാള സര്‍വകലാശാല അടിയന്തരമായി ചെയ്യേണ്ടത് മലയാളത്തെ ജ്ഞാനഭാഷയെന്ന നിലയില്‍ ശക്തിപ്പെടുത്തുകയാണ്. അടിസ്ഥാന സയന്‍സുകളായ രസതന്ത്രം, ഊര്‍ജതന്ത്രം, ജൈവശാസ്ത്രം, എന്നിവയിലെ ആധികാരിക ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യണം. അതുപോലെ സോഷ്യല്‍ സയന്‍സുകളിലെ എല്ലാ ക്ലാസിക്കുകളും മലയാളത്തില്‍ ലഭ്യമാക്കണം. സര്‍വമാനവിക വിഷയങ്ങളിലേയും വിശ്വോത്തര കൃതികള്‍ക്ക് മലയാള പരിഭാഷയുണ്ടാവണം. ഇതൊക്കെ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ചെയ്യേണ്ടതല്ലേ എന്ന് തോന്നാം. അത് കുറേയൊക്കെ ചെയ്യുന്നുണ്ടല്ലോ. പക്ഷേ, ഇന്നത്തെ ടെക്‌നോളജിയും സയന്‍സും സാമൂഹിക, മാനവിക വിജ്ഞാനീയങ്ങളും പഠിക്കാനും പഠിപ്പിക്കാനും പര്യാപ്തമായ രീതിയിലേക്ക് മലയാളത്തിന്റെ ജ്ഞാന ഭാഷാകാണ്ഡം വികസിപ്പിക്കാന്‍ അതൊന്നും പോരാ. എങ്കില്‍പ്പിന്നെ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിനെ സര്‍വകലാശാലയാക്കിയാല്‍ മതിയായിരുന്നില്ലേ എന്ന് ചോദിക്കാം. ഒരു സംശയവും വേണ്ട. അതാണ് ചെയ്യേണ്ടിയിരുന്നത്. മലയാള സര്‍വകലാശാലയുടെ ഒരു മര്‍മപ്രധാന വിഭാഗമായി ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിനെ നിബന്ധിച്ച് ജ്ഞാനഭാഷാ പോഷണത്തിനാവശ്യമായ ബഹുമുഖ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും ചെയ്യണം. പുതിയജ്ഞാനം നിര്‍മിക്കുകയാണ് സര്‍വകലാശാലയുടെ മുഖ്യലക്ഷ്യം എന്നോര്‍ക്കണം. എന്നാല്‍, ഇവിടെ ഉപരിവിദ്യാഭ്യാസത്തിനുവേണ്ട ആധികാരിക വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ വിവര്‍ത്തനംപോലും ഒന്നുമായിട്ടില്ല. കേരളീയ സാമൂഹിക-സാംസ്‌കാരിക- പാരിസ്ഥിതിക വിഭവങ്ങളെ ഉപജീവിച്ചുള്ള ജ്ഞാ നോത്പാദനത്തിനാവശ്യമായ അധുനാതന വിജ്ഞാനീയങ്ങളുടെ ജ്ഞാനഭാഷ പോഷിപ്പിക്കാന്‍ വേണ്ട സംവിധാനം ഏര്‍പ്പെടുത്തുകയാണ് ഉടനെ ചെയ്യേണ്ട മറ്റൊരു കാര്യം. നാനാമേഖലകളില്‍ കേരളത്തിന്റെ പരമ്പരാഗത ജ്ഞാനം അതിവിശിഷ്ടമാണ്. അവ അനുവര്‍ത്തനങ്ങളുടെ നരവംശശാസ്ത്ര പരുവത്തില്‍ കിടക്കുകയാണ്. ഇന്നത്തെ ടെക്‌നോളജിയുടേയും സയന്‍സുകളുടേയും ജ്ഞാനഭാഷയില്‍ പുനരാവിഷ്‌കരിച്ചാലേ ആനുകാലികപ്രസക്തിയുള്ള പ്രയോഗജ്ഞാനമായി മാറൂ. അനേകം സസ്യജാലങ്ങളുടെ ഔഷധഗുണം നമുക്കറിയാം. പക്ഷേ, അവയുടെ തന്മാത്ര ജൈവശാസ്ത്രമോ ജൈവരസതന്ത്രമോ നമുക്കറിയില്ല. അറിയണം. എങ്കിലേ പുതിയ ഔഷധനിര്‍മാണം സാധ്യമാവൂ. അതിന് മോളിക്കുലാര്‍ ബയോളജിയും ബയോകെമിസ്ട്രിയും ബയോടെക്‌നോളജിയും പഠിക്കണം. പഠിച്ചില്ലെങ്കില്‍ പഠിച്ച വിദേശിയര്‍ നമ്മുടെ ബൗദ്ധികസ്വത്ത് വിറ്റ് പണ മുണ്ടാക്കും. ഇന്ന് നാല്പതോളം ഔഷധസസ്യതന്മാത്രകളുടെ ജൈവരസതന്ത്ര ഗുണത്തെക്കുറിച്ചുള്ള പ്രയോഗജ്ഞാനത്തില്‍ നൂറിലധികം പേറ്റന്റുകള്‍ യൂറോപ്പിന് സ്വന്ത മാണ്. എന്നുവെച്ചാല്‍ നമ്മുടെ ബൗദ്ധികസമ്പത്ത് രാഷ്ട്രവികസനത്തിന് പ്രയോജനപ്പെടണമെങ്കില്‍ സര്‍വകലാശാല ബയോഫാര്‍മക്കോളജിയും ബയോമെഡിസിനും അഗ്രോ ബയോടെക്‌നോളജിയും ഒക്കെ പഠിപ്പിച്ചേ പറ്റൂ എന്ന് ചുരുക്കം. സൂപ്പര്‍കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചുള്ള ഹൈ പെര്‍ഫോമന്‍സ് കമ്പ്യൂട്ടിങ്ങും അവയിലെ മോളിക്കുലാര്‍ പ്രോസസ്സറുകളും വിനിമയംചെയ്യുന്ന ജ്ഞാനഭാഷ മലയാളത്തിന് വഴങ്ങണം. ജ്ഞാനഭാഷ പുഷ്ടിപ്പെടുത്തലോ പുതിയ ജ്ഞാനനിര്‍മാണം നടത്തലോ ആവശ്യമില്ലാത്ത വാസ്തുശാസ്ത്രപഠനം, ജ്യോതിഷം തുടങ്ങിയ കുറുക്കുവഴികള്‍ നോക്കിയാല്‍ സര്‍വകലാശാല മാത്രമല്ല നാടും ഗുണംപിടിക്കില്ല. ജ്ഞാന ശാസ്ത്ര വിധിപ്രകാരം വാസ്തുശാസ്ത്രം എന്നൊന്നില്ല. വാസ്തുവിദ്യയേ ഉള്ളൂ. അതുപോലെ ജ്യോതിശ്ശാസ്ത്രമേയുള്ളൂ. ജ്യോതിഷവും വാസ്തുശാസ്ത്രവും സാമുദായിക അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും കലവറയാണ്. ജ്യോതിഷത്തിന് നല്ല സാഹിത്യമെങ്കിലുമുണ്ട്. വാസ്തുശാസ്ത്രത്തിനാവട്ടെ അതുപോലുമില്ല. സര്‍വകലാശാല ചെയ്യരുതാത്തത് ഉദാഹരിച്ചെന്നേയുള്ളൂ. നമ്മുടെ സര്‍വകലാശാലയെ അടിമുടി പരിചയമുള്ള ആളായതുകൊണ്ട് വൈസ്ചാന്‍സലര്‍ പല അശ്രീകരങ്ങളെയും ആക്ടില്‍നിന്ന് ഒഴിവാക്കിയത് വലിയ കാര്യം. പതിവുരീതിയിലുള്ള സിന്‍ഡിക്കേറ്റ് ഒഴിവാക്കി പണ്ഡിതരുടെ ഒരുപദേശക സമിതിയെ കാര്യനിര്‍വഹണത്തിന് വെച്ചത് നന്നായി. സര്‍വകലാശാല ചെയ്യേണ്ട കാര്യങ്ങളുടെ ഒരു മാര്‍ഗരേഖ ആ സമിതി അത്യവധാനപൂര്‍വം തയ്യാറാക്കണം. ഒന്നോര്‍ ക്കുന്നത് നന്ന്. സാഹിത്യകാരന്മാര്‍ മാത്രം വിചാരിച്ചാല്‍ അതുകഴിയില്ല.

മാതൃഭൂമി