2013, മേയ് 6, തിങ്കളാഴ്‌ച

ഡോക്ടര്‍മാരുടെ രോഗം - പി. പവിത്രന്‍



ഹിപ്പോക്രാറ്റസിന്റെ പ്രതിജ്ഞ ഹിപ്പോക്രസിയാകാതിരിക്കണമെങ്കില്‍
ആ മൂല്യങ്ങള്‍ സൗന്ദര്യാത്മകതലത്തില്‍ വിദ്യാര്‍ഥിയിലേക്ക് വിനിമയം ചെയ്യപ്പെടണം



''തുല്യയോഗ്യതയുള്ള രണ്ട് ഡോക്ടര്‍മാരില്‍ ആരുടെ ഉപദേശമാണ് സ്വീകരിക്കേണ്ടത് എന്ന പ്രശ്‌നംവരുമ്പോള്‍ ഞാന്‍ അതില്‍ ചെക്കോവിനെ വായിച്ചയാളുടേതാണ് സ്വീകരിക്കുക'' - സൈമണ്‍ ലീസ്
ഇക്കഴിഞ്ഞ, അസിസ്റ്റന്റ് സര്‍ജന്‍മാരെ തിരഞ്ഞെടുക്കാനുള്ള അഭിമുഖത്തില്‍ പങ്കെടുത്തവര്‍ക്ക് സാമാന്യവിജ്ഞാനമില്ലെന്ന്കാണിച്ച് പി.എസ്.സി. ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ട് ശ്രദ്ധേയമായ ചില വസ്തുതകളിലേക്ക് വിരല്‍ചൂണ്ടുന്നു. അടിയന്തരമായ ചില നടപടികളും അത് ആവശ്യപ്പെടുന്നു.

മുമ്പ് ഭൂത, പ്രേത, പിശാചുക്കളാണ് അന്ധവിശ്വാസങ്ങളായിരുന്നതെങ്കില്‍ ഇപ്പോള്‍ മധ്യവര്‍ഗത്തെയും ഉപരിവര്‍ഗത്തെയും ബാധിച്ചിരിക്കുന്ന അന്ധവിശ്വാസമാണ് മെഡിക്കല്‍, എന്‍ജിനീയറിങ് കോഴ്‌സുകള്‍. വിദ്യാര്‍ഥിയുടെ താത്പര്യമേതും നോക്കാതെയാണ് ഈ കോഴ്‌സുകളിലേക്ക് രക്ഷിതാക്കള്‍ മക്കളെ തള്ളിവിടുന്നത്. സാധാരണ മലയാളിയേക്കാള്‍ സാമൂഹികബോധത്തില്‍ വളരെ താഴെയാണ് ഈ കോഴ്‌സുകളില്‍നിന്ന് പുറത്തുവരുന്നവര്‍ എന്നാണ് ചെയര്‍മാന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പൊതുവിജ്ഞാന പരീക്ഷ നടത്തിയാല്‍മാത്രം ഈ കുറവ് പരിഹരിക്കാന്‍ കഴിയുമോ?
നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ അടിസ്ഥാനപരമായ കുറവുകളെ ഇത് എടുത്തുകാട്ടുന്നു. മാതൃഭാഷയില്‍ എഴുതാനോ വായിക്കാനോ അറിയാത്ത ആളുകളെയാണ് ഇംഗ്ലീഷ് മാധ്യമ വിദ്യാലയങ്ങളില്‍ പലതും പുറത്തുവിടുന്നത്. മലയാളത്തില്‍ ഒരു പത്രമോ പുസ്തകമോ വായിക്കാന്‍ കഴിയാത്ത ബിരുദധാരിക്ക് എങ്ങനെ കേരളത്തിലെ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ വ്യക്തമാകും? ഏതൊരു തൊഴിലിനേക്കാളും ഭാഷ പ്രധാനമാകുന്ന മേഖലയാണ് വൈദ്യത്തിന്റേത്. രോഗിയുടെ ഭാഷ ഡോക്ടര്‍ അറിയുന്നില്ലെങ്കില്‍ ചികിത്സ തെറ്റുമെന്നുമാത്രമല്ല, അപകടവും വരുത്തിവെക്കും. 'ഓക്കാനം' എന്ന വാക്കിന്റെ അര്‍ഥമറിയാത്ത ഡോക്ടര്‍ അത് വയറുവേദനയാണെന്ന് ധരിച്ച് മരുന്ന് എഴുതിക്കൊടുത്തതുകൊണ്ട് അനേകം സ്ത്രീകളുടെ ഗര്‍ഭം അലസിയതായി ഐക്യമലയാള പ്രസ്ഥാനത്തിന്റെ ഒരു പ്രവര്‍ത്തകന്‍ ഈയിടെ പ്രസംഗിക്കുന്നത് കേട്ടിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസംതന്നെ മാതൃഭാഷയിലാക്കണമെന്നാണ് പല വിദഗ്ധരും വാദിക്കുന്നത്. എട്ടാംതരംവരെയെങ്കിലും മാതൃഭാഷയായിരിക്കണം വിദ്യാഭ്യാസമാധ്യമം എന്ന് ഈയിടെ അംഗീകരിച്ച വിദ്യാഭ്യാസ അവകാശനിയമം പറയുന്നുണ്ട്. പക്ഷേ, അതൊന്നും സര്‍ക്കാറിന്റെ ശ്രദ്ധയില്‍ വന്നിട്ടില്ല.



വിദ്യാഭ്യാസമാധ്യമത്തെ സംബന്ധിച്ച കാര്യങ്ങള്‍പോലെത്തന്നെ പ്രധാനമാണ് സാഹിത്യമുള്‍പ്പെടെയുള്ള മാനവിക പഠനമേഖലയോട് കാണിക്കുന്ന അവഗണന. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ബിരുദപഠനത്തില്‍നിന്ന് സാഹിത്യപഠനം മിക്കവാറും ഒഴിവാക്കിയത്. സാഹിത്യ-സാംസ്‌കാരിക മേഖലയില്‍ നിന്ന് ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും സര്‍വകലാശാലയിലെ ബിരുദകോഴ്‌സുകളില്‍ ഇനിയും സാഹിത്യം തിരിച്ചുവന്നിട്ടില്ല. ഇത് സര്‍വകലാശാലയിലെ സാധാരണ കോഴ്‌സുകളുടെ സ്ഥിതി. പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയിലാകട്ടെ, സാഹിത്യപഠനമേയില്ല. ഇംഗ്ലീഷ് മാധ്യമ വിദ്യാലയങ്ങളിലൂടെ മലയാളം എഴുതാനും വായിക്കാനും അറിയാതെ പുറത്തുവരുന്ന, ഒരു മലയാളസാഹിത്യകൃതി പോലും വായിച്ചിട്ടില്ലാത്ത വിദ്യാര്‍ഥിക്കുള്ള കുറവ് സാമാന്യവിജ്ഞാനത്തിന്റേത് മാത്രമല്ല, സൗന്ദര്യബോധത്തിന്റേതുകൂടിയാണ്.
സാഹിത്യബോധമുണ്ടാകാന്‍ സാഹിത്യം ഒരു കോഴ്‌സായി പഠിക്കണോ എന്ന് പലരും ചോദിക്കുന്നുണ്ട്. സാഹിത്യം ക്ലാസ്മുറിയിലിരുന്ന് പഠിക്കാതെയും സാഹിത്യബോധമുണ്ടാകാം എന്നത് ശരിതന്നെയാണ്. എന്നാല്‍, ഈ വാദം ശാസ്ത്രത്തിനും സാങ്കേതികവിദ്യക്കും കൂടി ബാധകമാണെന്നോര്‍ക്കണം. നൂറുകണക്കിന് ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ നടത്തിയ എഡിസണ്‍ ആറുമാസം തികച്ച് സ്‌കൂളില്‍ പോയിട്ടില്ല എന്ന ഉദാഹരണം ചൂണ്ടിക്കാട്ടി സ്‌കൂളുകളിലോ കോളേജുകളിലോ ശാസ്ത്രമേ പഠിപ്പിക്കേണ്ടതില്ലെന്ന് ആരും വാദിക്കാറില്ലല്ലോ.

സാഹിത്യത്തിനും കലയ്ക്കും വിദ്യാഭ്യാസത്തില്‍ എന്ത് പങ്കാണുള്ളത് എന്ന ചോദ്യത്തിന് ഏറ്റവും നല്ല വിശദീകരണം നല്‍കിയത് ജര്‍മന്‍കവിയും ചിന്തകനുമായിരുന്ന ഫ്രഡറിക് ഷില്ലറാണ്. സാഹിത്യവും കലയും നല്‍കുന്നത് സൗന്ദര്യാത്മക വിദ്യാഭ്യാസമാണെന്ന് മനുഷ്യന്റെ 'സൗന്ദര്യാത്മക വിദ്യാഭ്യാസത്തെ പ്പറ്റി' (1795) എന്ന കൃതിയില്‍ അദ്ദേഹം വാദിച്ചു. ബുദ്ധികൊണ്ട് മാത്രമല്ല, വികാരംകൊണ്ടുകൂടിയാണ് മനുഷ്യന്‍ ജീവിക്കുന്നതെന്നും വികാരമണ്ഡലത്തെ വികസിപ്പിക്കുന്നതും സമകാലികമാക്കുന്നതും സൗന്ദര്യാത്മക വിദ്യാഭ്യാസമാണെന്നും അദ്ദേഹം പറഞ്ഞു. ഭൗതികവസ്തുക്കളും ചരക്കുകളും മാത്രമല്ല, മനുഷ്യരെ ഒരു സമൂഹമാക്കി പരസ്​പരം ബന്ധിപ്പിക്കുന്നത്. സൗന്ദര്യാത്മകമായ ഉത്പന്നങ്ങള്‍ കൊണ്ടുകൂടിയാണ് മനുഷ്യര്‍ പരസ്​പരം ബന്ധിതരായിരിക്കുന്നത്. സാഹിതീയവും സൗന്ദര്യാത്മകവുമായ ഉത്പന്നങ്ങളാല്‍ പരസ്​പരം ബന്ധിപ്പിക്കപ്പെട്ട മനുഷ്യരുടെ സമുദായത്തെ അദ്ദേഹം സൗന്ദര്യാത്മക സമുദായമെന്ന് വിളിച്ചു. സാമൂഹികബന്ധത്തിന്റെയും സാമൂഹിക വിനിമയത്തിന്റെയും ഉയര്‍ന്ന രൂപമാണത്. ഏറ്റവും പുതിയ സാങ്കേതികവിദ്യാഭ്യാസം കിട്ടുന്ന വിദ്യാര്‍ഥി വികാരംകൊണ്ട് ഏറ്റവും പ്രാകൃതനാണെങ്കില്‍ അവന് ശരിയായ വിദ്യാഭ്യാസംകിട്ടി എന്ന് പറയാനാവില്ല. ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ വീട്ടില്‍ കുമിഞ്ഞുകൂടുമ്പോഴും ഏറ്റവും പ്രാകൃതമായ സൗന്ദര്യബോധമാണ് ഒരാളെ നയിക്കുന്നതെങ്കില്‍ അയാളെ പുതിയകാലത്തെ മനുഷ്യനായി പരിഗണിക്കാന്‍ കഴിയില്ല.

ബൗദ്ധികവിദ്യാഭ്യാസം വിവരശേഖരത്തെ മാത്രമാണ് അടിസ്ഥാനമാക്കുന്നതെങ്കില്‍ സൗന്ദര്യാത്മകവിദ്യാഭ്യാസം വികാരമണ്ഡലത്തെയാണ് സംബോധനചെയ്യുന്നത്. ആ നിലയില്‍ അത് വൈകാരികവിദ്യാഭ്യാസംതന്നെ. പ്രകൃതിയോടും സമൂഹത്തോടും എതിര്‍ലിംഗത്തോടുമുള്ള പെരുമാറ്റത്തെയും വികാരപരമായ ബന്ധത്തെയും നവീകരിക്കുകയാണ് സൗന്ദര്യാത്മക വിദ്യാഭ്യാസത്തില്‍ സംഭവിക്കുന്നത്. ലൈംഗികവിദ്യാഭ്യാസം നല്‍കിയാല്‍ ആണ്‍-പെണ്‍ ബന്ധം മെച്ചപ്പെടുമെന്നും സ്ത്രീപീഡനം കുറയുമെന്നുമുള്ളത് തെറ്റിദ്ധാരണയാണ്. കാമത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ബുദ്ധിപരമായ അറിവല്ല,
കാമത്തെ പ്രേമമാക്കുന്ന സൗന്ദര്യാത്മകമായ വിദ്യാഭ്യാസമാണ് ഇണയോടുള്ള ബന്ധത്തെ നവീകരിക്കുന്നത്. കുമാരനാശാന്റെ കൃതികള്‍ ഒരു മലയാളി എന്തിന് പഠിക്കണം എന്നുള്ളതിന്റെ ഉത്തരം ഇവിടെയാണ്. യഥാര്‍ഥത്തില്‍ പത്താംതരംവരെ മാത്രമുള്ള ഭാഷാപഠനമല്ല, അതും കഴിഞ്ഞ് വികാരവളര്‍ച്ചയുടെ പ്രായത്തില്‍ ലഭിക്കുന്ന സൗന്ദര്യാത്മക വിദ്യാഭ്യാസമാണ് സ്ത്രീപീഡകനായിത്തീരുമായിരുന്ന ഒരു യുവാവിനെ പ്രേമവായ്പുള്ള കാമുകനാക്കി മാറ്റുന്നത്. ഇണയോടുള്ള ഏകപക്ഷീയമായ വികാരമാണ് കാമമെങ്കില്‍ ഇണയുടെ ആഗ്രഹപാത്രമായി താന്‍ മാറിത്തീരണം എന്നുള്ള വികാരംകൂടി ചേരുമ്പോഴാണ് അത് പ്രേമമാകുന്നത്. കോളേജ്ക്ലാസുകളിലും സാഹിത്യം നിര്‍ബന്ധ പഠനവിഷയമാക്കണമെന്ന് പലരും വാദിച്ചത് ഈ സൗന്ദര്യാത്മക വിദ്യാഭ്യാസത്തിന്റെ പ്രസക്തി മനസ്സിലാക്കുന്നതുകൊണ്ടാണ്.

ഭൗതികവിദ്യാഭ്യാസത്തിന്റെ കുറവ് പരിഹരിക്കാന്‍ ആത്മീയവിദ്യാഭ്യാസം മതി എന്ന് മതസംഘടനകളുടെയും ആത്മീയപ്രസ്ഥാനങ്ങളുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ അധികാരികള്‍ വിചാരിക്കുന്നുണ്ട്. എന്നാല്‍, മതപരമായ വിദ്യാഭ്യാസം സൗന്ദര്യാത്മക വിദ്യാഭ്യാസത്തിന് പകരമാകുന്നില്ല. മോശയുടെ പത്തുപ്രമാണങ്ങള്‍ അക്കമിട്ട് പഠിപ്പിക്കുന്ന ബൗദ്ധികവിദ്യാഭ്യാസത്തേക്കാള്‍ ഫലപ്രദമാണ് ക്രിസ്തു പറഞ്ഞുതന്ന കഥകള്‍ നല്‍കുന്ന വൈകാരികവിദ്യാഭ്യാസം. മതവിദ്യാഭ്യാസമാണ് മൂല്യവിദ്യാഭ്യാസമെന്നും തെറ്റിദ്ധാരണയുണ്ട്. മതവിദ്യാഭ്യാസത്തിലുള്‍ച്ചേര്‍ന്ന മാനുഷികമൂല്യങ്ങള്‍ ഏറ്റവും സമകാലികമാവുകയാണ് സാഹിത്യവിദ്യാഭ്യാസത്തിലൂടെ. ഏറ്റവും പുതിയ സാഹിത്യകൃതികള്‍ ഏറ്റവും പുതിയ ധാര്‍മികസമസ്യകളെയാണ് വിദ്യാര്‍ഥിക്ക് സൗന്ദര്യാനുഭവമായി നല്‍കുന്നത്. സാഹിത്യമെന്ന് ഇവിടെ ഉദ്ദേശിക്കുന്നത് വാമൊഴി, വരമൊഴി വ്യത്യാസമില്ലാതെ എല്ലാ സാഹിത്യരൂപങ്ങളും കലാസൃഷ്ടികളും ആധുനിക മാധ്യമസംസ്‌കാരവും മാനവികശാസ്ത്രങ്ങളുമെന്നാണ്. മൂല്യവിദ്യാഭ്യാസം മതവിദ്യാഭ്യാസമല്ല, സൗന്ദര്യാത്മക വിദ്യാഭ്യാസമാണ്. മുമ്പ് പണ്ഡിറ്റ് കെ.പി. കറുപ്പന്‍ പറഞ്ഞതുപോലെ ഭാഷയുടെയും സാഹിത്യത്തിന്റെയും ആരാധനാലയത്തിലേക്ക് എല്ലാവര്‍ക്കും പ്രവേശനമുണ്ട്. അത് എല്ലാവര്‍ക്കും പൊതുവായുള്ളതുമാണ്.
ഈ സൗന്ദര്യാത്മകവിദ്യാഭ്യാസം മെഡിക്കല്‍, എന്‍ജിനീയറിങ് കോഴ്‌സുകളിലുമുണ്ടായിരിക്കണം. 'ആരോഗ്യനികേതനം' എന്ന താരാശങ്കര്‍ ബാനര്‍ജിയുടെ നോവല്‍ എം.ബി.ബി.എസ്. കോഴ്‌സിന്റെ ഭാഗമാകണം. 'ഭൂമിയുടെ അവകാശികള്‍' എന്ന ബഷീറിന്റെ കഥ എന്‍ജിനീയറിങ് കോഴ്‌സിന്റെ കൂടെ പഠിപ്പിക്കണം. മനുഷ്യനോടും ഭൂമിയോടും ആരോഗ്യകരമായ ബന്ധം സൂക്ഷിക്കുന്ന ഡോക്ടറും എന്‍ജിനീയറും അതുവഴിയാണ് പുറത്തുവരിക. ഈ തിരിച്ചറിവ് ഇപ്പോള്‍ പാശ്ചാത്യ സര്‍വകലാശാലകളില്‍ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. വൈദ്യമാനവികശാസ്ത്രം (മെഡിക്കല്‍ ഹ്യൂമാനിറ്റീസ്) എന്ന ഒരു പഠനശാഖതന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്.

സൗന്ദര്യാത്മക വിദ്യാഭ്യാസമില്ലാതെ എത്രവലിയ ശാസ്ത്രീയ വിദ്യാഭ്യാസമുണ്ടായിട്ടും കാര്യമില്ലെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ജനിതകശാസ്ത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടങ്ങളിലൊന്നായ വാട്‌സന്‍- ക്രിക്ക് കണ്ടുപിടിത്തത്തിന് കാരണക്കാരിലൊരാളായ ജെയിംസ് വാട്‌സനെ വംശീയവിരോധം പ്രചരിപ്പിച്ചതിന്റെ പേരില്‍ ലബോറട്ടറിയില്‍നിന്ന് പുറത്താക്കുകയുണ്ടായി. ഡി.എന്‍.എ. പ്രകാരം മനുഷ്യരെ വേര്‍തിരിച്ച വാട്‌സന് മനുഷ്യരെ ഐക്യപ്പെടുത്തുന്ന വിശാലമായ സൗന്ദര്യബോധത്തിന്റെ കുറവുമാത്രമാണ് ഉണ്ടായിരുന്നത്. മഹാനായ ശാസ്ത്രജ്ഞനാകുമ്പോഴും നീചനായ മനുഷ്യനായി മാറാമെന്ന് ഇത് കാണിക്കുന്നു.

അറുപതുകളില്‍ത്തന്നെ അമേരിക്കയിലും തുടര്‍ന്നുള്ള ദശകങ്ങളില്‍ യൂറോപ്പിലാകെയും പലയിടത്തും വൈദ്യമാനവികശാസ്ത്ര കോഴ്‌സുകള്‍ അവിടത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി. ഡോക്ടര്‍മാരുടെ കോഴ്‌സില്‍ സാഹിത്യവും കലയും സാമാന്യവിജ്ഞാനങ്ങളും ഉള്‍പ്പെടുത്തുന്ന പാഠ്യപദ്ധതിയാണിത്. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ വൈദ്യശാസ്ത്രപഠനത്തില്‍ ഫെലിസ് ഔളും ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ ലിന്റ റാഫേലും നിരവധി വര്‍ഷങ്ങള്‍ ഈ കോഴ്‌സ് നടത്തിയിട്ടുണ്ട്. ഉയര്‍ന്ന ഡോക്ടര്‍മാരെ ഉന്നതരായ മനുഷ്യരുമാക്കി തീര്‍ക്കുന്നതിനാണ് ഈ കോഴ്‌സ് സംവിധാനം. വൈദ്യധാര്‍മികത( മെഡിക്കല്‍ എത്തിക്‌സ്) വൈദ്യമാനവികശാസ്ത്രം എന്ന വിശാലമേഖലയിലെ ഒരു ഘടകം മാത്രമാണെന്ന് ഇന്ന് പലരും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്‍ജിനീയറിങ് കോഴ്‌സിലും പലയിടത്തും സാഹിത്യമുള്‍പ്പെടുന്ന മാനവികവിഷയങ്ങള്‍ പഠനപദ്ധതിയുടെ ഭാഗമാണ്.

ഡോക്ടര്‍മാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും മാത്രമല്ല, എല്ലാ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും സൗന്ദര്യാത്മക വിദ്യാഭ്യാസം ആവശ്യമാണ്. വക്കീലന്മാര്‍ക്കും ന്യായാധിപന്മാര്‍ക്കും ഇത് ബാധകമാണ്. സാഹിത്യത്തെയും സൗന്ദര്യമേഖലയെയും മനസ്സിലാക്കാന്‍ കഴിയാത്തത് നീതിന്യായമേഖലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. സ്ഥലവും കാലവും കണക്കാക്കിയുള്ള ആധുനിക യുക്തിയില്‍നിന്ന് വ്യത്യസ്തമായാണ് ഭാവനാലോകം നിലനില്ക്കുന്നതെന്ന് തിരിച്ചറിയാതിരിക്കുന്നത് വലിയ സാമൂഹിക പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുണ്ട്. സാഹിതീയ പാഠങ്ങളെ ചരിത്രപാഠങ്ങളായി തെറ്റിദ്ധരിച്ചതാണ് ബാബറി മസ്ജിദ് പൊളിച്ചുമാറ്റുന്നതിലെന്നപോലെത്തന്നെ അത് കുഴിച്ചുനോക്കി ചരിത്രാവശിഷ്ടം പരിശോധിക്കാനുള്ള വിധിയിലും വ്യക്തമായത്. രാമന്‍ ജനിച്ചത് വല്മീകിയുടെ മനസ്സിലാണെന്ന് മനസ്സിലാക്കണമെങ്കില്‍ ചരിത്രവിദ്യാഭ്യാസം പോരാ. സൗന്ദര്യാത്മക വിദ്യാഭ്യാസംതന്നെ വേണം. സാഹിത്യകൃതികളെയും സാഹിത്യകാരന്മാരെയും മതങ്ങളും നീതിപീഠങ്ങളും വിചാരണയ്ക്ക് വിധേയമാക്കുന്നത് സൗന്ദര്യാത്മക വിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ടാണ്. യൂറോപ്പില്‍നിന്ന് വ്യത്യസ്തമായി സാഹിത്യസംസ്‌കാരം ഇന്ത്യന്‍ സമൂഹത്തിലും ഇന്ത്യന്‍ ഭാഷകളിലും ആഴത്തില്‍ വേരോടിയിട്ടുള്ളതാണെന്ന തിരിച്ചറിവ് ഇന്ന് ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ഭാഷകളും സാഹിത്യവും അറിയാതിരിക്കുന്നത് സമൂഹത്തെയും സമൂഹമനസ്സിനെയും മനസ്സിലാക്കുന്നതിന് തടസ്സമാകുന്നുണ്ട്.
ഹിപ്പോക്രാറ്റസിന്റെ പ്രതിജ്ഞ ഹിപ്പോക്രസിയാകാതിരിക്കണമെങ്കില്‍ ആ മൂല്യങ്ങള്‍ സൗന്ദര്യാത്മകതലത്തില്‍ വിദ്യാര്‍ഥിയിലേക്ക് വിനിമയം ചെയ്യപ്പെടണം.

(അസോ. പ്രൊഫസര്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല തിരൂര്‍ പ്രാദേശികകേന്ദ്രം, തിരുനാവായ)


മാതൃഭൂമി

1 അഭിപ്രായം:

  1. "ഇന്ത്യയില്‍ ഒരു ബംഗാളി പ്രൊഫസര്‍ ബംഗാളി വിദ്യാര്‍ത്ഥികള്‍ക്ക് സയന്‍സ് ഇംഗ്ലീഷില്‍ പഠിപ്പിക്കുകയും അവര്‍ അത് മന: പാഠമാക്കുവാന്‍ നോട്ടുകളേയും ഗൈഡുകളേയും ആശ്രയിക്കുകയും ചെയ്യുന്നു.ഒരു തമിഴ് അഭിഭാഷകന്‍ തമിഴ് സാക്ഷികളുടെ സാന്നിധ്യത്തില്‍ വാദിക്കോ പ്രതിക്കോ മനസ്സിലാകാത്ത ഭാഷയില്‍ ഇംഗ്ലീഷ് ഭാഷയില്‍ തമിഴ് ജഡ്ജിമാരുടെ മുന്‍പില്‍ വാദിക്കുന്നു.ഒരു മലയാളി ചീഫ് സെക്രട്ടറി മിക്ക ഫയലുകളും റിപ്പോര്‍ട്ടുകളും ഇംഗ്ലീഷില്‍ സമര്‍പ്പിച്ച് ഒരു മലയാളി മുഖ്യമന്ത്രിയെ പരിഹസിക്കുന്നു. മുംബൈയില്‍ ഒരു ബഹുരാഷ്ട്രകമ്പനിയില്‍ ജോലി ലഭിക്കുവാനായി ഒരു മറാത്തി പെണ്‍കുട്ടി ഇംഗ്ലീഷ് സംസാരഭാഷയില്‍ പ്രാവീണ്യം കാണിക്കേണ്ടിയിരിക്കുന്നു. ഹിന്ദി മേഖലയിലെ ജനങ്ങളെ സേവിക്കുവാനുള്ള ഒരു കേന്ദ്ര സര്‍ക്കാര്‍ ജോലി ലഭിക്കുവാന്‍ ഹിന്ദി സംസാരിക്കുന്ന ഒരു ഗ്രാമീണ ചെറുപ്പക്കാരന്‍ ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കേണ്ടിയിരിക്കുന്നു. പഞ്ചാബില്‍ കഠിനാദ്ധ്വാനിയായ പഞ്ചാബി മാത്രം അറിയുന്ന ഒരു ലോറി ഡ്രൈവര്‍ക്ക് ഗതാഗത സുരക്ഷിതത്വത്തെപ്പറ്റിയുള്ള ബോധവല്‍ക്കരണം നല്‍കുന്നത് ഇംഗ്ലീഷിലാണ്.അധിനിവേശ ഉദ്യോഗസ്ഥമേധാവിത്വവും കഴിവുകെട്ട ഭരണകര്‍ത്താക്കളും തെക്കന്‍ ഏഷ്യയെ ഒരു ""അനുകരണക്കാരുടെ വര്‍ഗ്ഗം'' ആയി തരംതാഴ്ത്തിയിരിക്കുകയാണ്. "
    [കെ. സേതുരാമന്‍(2011)മലയാളത്തിന്റെ ഭാവി ഭാഷാആസൂത്രണവും മാനവവികസനവും]
    http://malayalatthanima.blogspot.in/2013/05/blog-post_4386.html

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.