2015, ഡിസംബർ 30, ബുധനാഴ്‌ച

കോട്ടക്കല്‍ സെമിനാറും സ്വീകരണവും ചിത്രങ്ങളിലൂടെ.

ആറാം സംസ്ഥാന സമ്മേളനം വാര്‍ത്തകളില്‍.

ആറാം സംസ്ഥാന സമ്മേളനം നോട്ടീസ്.

ആറാം സംസ്ഥാന സമ്മേളനം പോസ്റ്റര്‍.

2015, ഡിസംബർ 20, ഞായറാഴ്‌ച

മലയാള ഐക്യവേദി സംസ്ഥാന സമ്മേളനം.

മലയാള ഐക്യവേദി സംസ്ഥാന സമ്മേളനം.

December 21, 2015, 12:05 am

കൽപ്പറ്റ: പി.എസ്.സി പരീക്ഷകൾ മലയാളത്തിലാക്കണമെന്ന് മലയാള ഐക്യവേദി ആറാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ചെന്നൈ ഹൈക്കോടതിയിൽ നിലവിലുള്ള ശ്രേഷ്ഠഭാഷാ കേസിൽ കേരള സർക്കാർ കക്ഷി ചേരണമെന്നും ഐക്യവേദി ആവശ്യപ്പെട്ടു.
സമാപന സമ്മേളനം ഡോ. കെ.എം. അനിൽ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാനതല ചെറുകഥാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അത്തോളി മലബാർ മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് അവസാന വർഷ വിദ്യാർത്ഥിനി രവീന രവീന്ദ്രന് എഴുത്തുകാരൻ കെ.പി. രാമനുണ്ണി അവാർഡ് നൽകി. സോമൻ കടലൂർ അദ്ധ്യക്ഷത വഹിച്ചു. ഡോ. പി. പവിത്രൻ, കെ.കെ. സുബൈർ, സുരേഷ് പുത്തൻപറമ്പിൽ എന്നിവർ പ്രസംഗിച്ചു. വയനാട് ജില്ലാ പ്രസിഡന്റ് പ്രൊഫ. പി.സി. രാമൻകുട്ടി സ്വാഗതവും എ.സി. സജു നന്ദിയും പറഞ്ഞു.
സംസ്ഥാന ഭാരവാഹികൾ: ഡോ. വി.പി. മാർക്കോസ് (പ്രസിഡന്റ്), സുരേഷ് പുത്തൻപറമ്പിൽ (ജനറൽ സെക്രട്ടറി), കെ.കെ. സുബൈർ (കൺവീനർ), സി.ടി. സലാഹുദ്ദീൻ (ട്രഷറർ), ഡോ. ഹേമ ജോസഫ്, എൻ.വി. രൺജിത്ത്, അനിൽ പവിത്രേശ്വരം (ജോ. സെക്രട്ടറി), ഇ.പി. സോണിയ, പ്രൊഫ. പി.സി. രാമൻകുട്ടി (ജോ. കൺവീനർ).

മലയാള ഐക്യവേദി സംസ്ഥാന സമ്മേളനം സമാപിച്ചു.

മലയാള ഐക്യവേദി സംസ്ഥാന സമ്മേളനം സമാപിച്ചു

വയനാട് December 21, 2015 , by Reporter

കല്‍പറ്റ: രണ്ട് ദിവസമായി കല്‍പറ്റയില്‍ നടന്ന മലയാള ഐക്യവേദി സംസ്ഥാന സമ്മേളനം സമാപിച്ചു. മാതൃഭാഷക്ക് വേണിടയുള്ള സമരങ്ങള്‍ ഒരു ജനതയുടെ ആത്മ സ്വാതന്ത്ര്യത്തിന് വേýണ്ടിയുള്ള സമരങ്ങള്‍ കൂടിയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത നോവലിസ്റ്റ് കെ.പി. രാമനുണ്ണി പറഞ്ഞു. . മറ്റു സംസ്ഥാനങ്ങള്‍ തങ്ങളുടെ മാതൃഭാഷയിലേക്ക് മാറാന്‍ തുടങ്ങി. ഭരിക്കുന്ന ന്യൂനപക്ഷ ഉദ്യോഗസ്ഥര്‍ക്കു വേണ്ടിയാണ് മലയാള ബില്ലിനെ അസ്ഥികൂടമാക്കാന്‍ തുനിഞ്ഞത്. സ്‌നേഹത്തിന്റെയും നല്ല പെരുമാറ്റത്തിന്റെയും ഭാഷയാണ് മാതൃഭാഷ. ഭാഷക്ക് വേണ്ടിയുള്ള സമരം വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള സമരമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌ഡോ. വി.പി. മാര്‍ക്കോസ് അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലാ സംഘം ജില്ലാ പ്രസിഡന്റ് എം. ബാലഗോപാലന്‍, എഴുത്തുകാരി ഡോ. പി. ഗീത, സംസ്ഥാന ജന. സെക്രട്ടറി കെ.കെ. സുബൈര്‍ സ്വാഗതവും വിനോദ് പുല്ലഞ്ചേരി നന്ദിയും പറഞ്ഞു. സംസ്ഥാനതല കഥ, കവിതാ രചനാ മത്സരത്തില്‍ വിജയികളായ ദ്രുപത് ഗൗതം, നിയ ബിന്‍ജില, നീരജ എസ്.മഹേഷ്, രവീന രവീന്ദ്രന്‍, ഡിു ജോര്‍ജ്, വിഷ്ണുപ്രസാദ് എന്നിവര്‍ക്ക് കെ.പി. രാമനുണ്ണി പുരസ്‌കാരം നല്‍കി. ഭാഷാ മഞ്ജരി പുരസ്‌കാരം നേടി പി. അതുല്‍, മലയാള ബിരുദ റാങ്ക് ജേത്രി ജാനു രാജന്‍ എന്നിവരെ സമ്മേളനം അനുമോദിച്ചു. സെമിനാര്‍ പ്രഫ കല്‍പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം തലവന്‍ ഡോ. എം.വി. നാരായണന്‍, സുരേഷ് പുത്തന്‍പറമ്പില്‍, സി.ജെ. വിഷ്ണുമായ, എച്ച്. ഷിബില്‍ദാസ്, എന്‍.വി. രഞ്ജിത്ത്, ടി.പി. ഭുവനേശന്‍, പി സിരാമന്‍കുട്ടി, പി കെ ജയചന്ദ്രന്‍, എസ് ഷാജി,ഷാജി പുല്‍പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

മാതൃഭാഷാ സമരം ആത്മസ്വാതന്ത്രത്തിനു വേണ്ടിയും: കെ.പി. രാമനുണ്ണി.

മാതൃഭാഷാ സമരം ആത്മസ്വാതന്ത്രത്തിനു വേണ്ടിയും: കെ.പി. രാമനുണ്ണി
Story Dated: Sunday, December 20, 2015 01:37

കല്‍പ്പറ്റ: മാതൃഭാഷയ്‌ക്ക് വേണ്ടിയുള്ള സമരങ്ങള്‍ ഒരു ജനതയുടെ ആത്മ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങള്‍ കൂടിയാണെന്ന്‌ എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി പറഞ്ഞു. മലയാള ഐക്യവേദി സംസ്‌ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു സംസ്‌ഥാനങ്ങള്‍ തങ്ങളുടെ മാതൃഭാഷയിലേക്ക്‌ മാറാന്‍ തുടങ്ങി. എന്നാല്‍ ഭരിക്കുന്ന ന്യൂനപക്ഷ ഉദ്യോഗസ്‌ഥര്‍ക്കു വേണ്ടിയാണ്‌ മലയാള ബില്ലിനെ അലങ്കോലമാക്കാന്‍ ശ്രമം നടക്കുന്നത്‌. സ്‌നേഹത്തിന്റെയും നല്ല പെരുമാറ്റത്തിന്റെയും ഭാഷയാണ്‌ മാതൃഭാഷ. ഭാഷക്ക്‌ വേിയുള്ള സമരം വിദ്യാഭ്യാസത്തിന്‌ വേണ്ടിയുള്ള സമരമായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
മലയാള ഐക്യവേദി സംസ്‌ഥാന പ്രസിഡന്റ്‌ ഡോ. വി.പി. മാര്‍ക്കോസ്‌ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലാ സംഘം ജില്ലാ പ്രസിഡന്റ്‌ എം. ബാലഗോപാലന്‍, എഴുത്തുകാരി ഡോ. പി. ഗീത, മലയാള ഐക്യവേദി സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.കെ. സുബൈര്‍, വിനോദ്‌ പുല്ലഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.
സംസ്‌ഥാനതല കഥ, കവിതാ രചനാ മത്സരത്തില്‍ വിജയികളായ ദ്രുപത്‌ ഗൗതം, നിയ ബിന്‍ജില, നീരജ എസ്‌.മഹേഷ്‌, രവീന രവീന്ദ്രന്‍, ഡിന്നു ജോര്‍ജ്‌, വിഷ്‌ണുപ്രസാദ്‌ എന്നിവര്‍ക്ക്‌ കെ.പി. രാമനുണ്ണി പുരസ്‌കാരം നല്‍കി. ഭാഷാ മഞ്‌ജരി പുരസ്‌കാരം നേടി പി. അതുല്‍, മലയാള ബിരുദ റാങ്ക്‌ ജേത്രി ജാനു രാജന്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.
വിദ്യാര്‍ഥി മലയാള വേദി സമ്മേളനം കോഴിക്കോട്‌ സര്‍വകലാശാല ഇംഗ്ലീഷ്‌ വിഭാഗം തലവന്‍ ഡോ. എം.വി. നാരായണന്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രാദേശിക ചരിത്രവും മാതൃഭാഷയും എന്ന വിഷയത്തല്‍ വെള്ളനാട്‌ രാമചന്ദ്രന്‍ വിഷയം അവതരിപ്പിച്ചു. മലയാള ഐക്യവേദി കണ്‍വീനര്‍ ഇ. ദിനേശന്‍ അധ്യക്ഷത വഹിച്ചു.
മാതൃഭാഷയും മനുഷ്യാവകാശം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ കല്‍പ്പറ്റ നാരായണന്‍ ഉദ്‌ഘാടനം ചെയ്‌തു.പി.കെ. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. ബിജു വാകേരി, കെ.കെ. സുരേന്ദ്രന്‍, ഡോ. രമേശന്‍, എം.എം. ഗണേഷന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഇന്ന്‌ സംഘടനാ സമ്മേളനവും പൊതുസമ്മേളനവും നടക്കും.

മലയാള ഐക്യവേദി ആറാം സംസ്ഥാന സമ്മേളനം തുടങ്ങി.

കല്‍പ്പറ്റ: മലയാള ഐക്യവേദി ആറാം സംസ്ഥാന സമ്മേളനം കല്പറ്റയില്‍ തുടങ്ങി. എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷിനു നല്കുന്ന അതേ പ്രാധാന്യം മലയാളത്തിനും നല്കണമെന്ന് രാമനുണ്ണി പറഞ്ഞു. തമിഴ്‌നാടും, കര്‍ണാടകവും അവരുടെ മാതൃഭാഷയ്ക്കു നല്കുന്ന പ്രാധാന്യം മലയാളികളെ ലജ്ജിപ്പിക്കുന്നതാണ്. നമുക്ക് മലയാളം വേണ്ടെന്നും ഇംഗ്ലീഷ് മതിയെന്നും തീരുമാനിക്കുന്ന ഉദ്യോഗസ്ഥ മേധാവികളും വിദ്യാഭ്യാസ കച്ചവടക്കാരുമാണ്. പ്രബുദ്ധരെന്നു പറയുന്ന മലയാളികള്‍ക്ക് ബോധമുദിക്കാന്‍ വൈകുന്ന സ്ഥിതിയാണ് ഭാഷയുടെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം. അധിനിവേശ ഭാഷയിലുള്ള വിഞ്ജാനം അധിനിവേശ ശക്തികളുടെ താല്പര്യമാണ് സംരക്ഷിക്കുന്നതെന്നും ഭാഷയുടെ കാര്യത്തില്‍ രണ്ടാം സ്വാതന്ത്രസമരമാണ് മലയാള ഐക്യവേദി നടത്തുന്നതെന്നും രാമനുണ്ണി പറഞ്ഞു. മലയാള ഐക്യവേദി പ്രസിഡന്റ് ഡോ.വി.പി. മാര്‍ക്കോസ് അധ്യക്ഷത വഹിച്ചു. പി. പവിത്രന്‍, ആര്‍. നന്ദകുമാര്‍, എം. ബാലഗോപാലന്‍, ഡോ. പി. ഗീത തുടങ്ങിയവര്‍ സംസാരിച്ചു.

മലയാള ഐക്യവേദി സംസ്ഥാന സമ്മേളനം നാളെ കല്പറ്റയില്‍ തുടങ്ങും.

കല്പറ്റ: മലയാള ഐക്യവേദി ആറാം സംസ്ഥാന സമ്മേളനം ശനി, ഞായര്‍ ദിവസങ്ങളില്‍ കല്പറ്റയില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വെള്ളിയാഴ്ച 4.30-ന് കല്പറ്റയില്‍ വിളംബര ജാഥ നടക്കും. ശനിയാഴ്ച 10 മണിക്ക് കല്പറ്റ ടൗണ്‍ഹാളില്‍ വിദ്യാര്‍ഥി മലയാളവേദി സമ്മേളനം ഡോ. എം.വി. നാരായണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മലയാള ഭാഷയിലും സാഹിത്യത്തിലും മികച്ച വിജയം നേടിയവര്‍ക്കുള്ള സമ്മാനം വിതരണം ചെയ്യും. വിദ്യാര്‍ഥി മലയാളവേദി സംഘടനാ സമ്മേളനത്തില്‍ പി.എസ്. ശ്രീദേവി അധ്യക്ഷത വഹിക്കും. രണ്ടു മണിക്ക് എം. മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
4.30-ന് മാതൃഭാഷയും മനുഷ്യാവകാശവും എന്ന വിഷയത്തില്‍ സെമിനാര്‍! കല്പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യും. പി.കെ. ജയചന്ദ്രന്‍ അധ്യക്ഷത വഹിക്കും. ഒ.കെ. ജോണി മോഡറേറ്ററാകും. കെ.കെ. ബിജു, കെ.കെ. സുരേന്ദ്രന്‍, ഡോ. രമേശന്‍, എം.എം. ഗണേശന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഗോത്രഭാഷയില്‍ സുജിത ഉണ്ണികൃഷ്ണന്‍ കാവ്യാലാപനം നടത്തും. രാജന്‍ കെ. ആചാരി ആദിവാസി പാട്ടുകള്‍ അവതരിപ്പിക്കും.
ഞായറാഴ്ച 8.30-ന് കല്പറ്റ സഹ. ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടനാ സമ്മേളനം. ഡോ. വി.പി. മാര്‍ക്കോസ് അധ്യക്ഷത വഹിക്കും. 12.30-ന് പൊതുസമ്മേളനം ഡോ. സുനില്‍ പി. ഇളയിടം ഉദ്ഘാടനം ചെയ്യും. ഡോ. സോമന്‍ കടലൂര്‍ അധ്യക്ഷത വഹിക്കും. ഡോ. കെ.എം. അനില്‍ മുഖ്യപ്രഭാഷണം നടത്തും. കണ്‍വീനര്‍ പ്രൊഫ. പി.സി. രാമന്‍കുട്ടി, ഐക്യവേദി ജില്ലാ പ്രസിഡന്റ് പി.െക. ജയചന്ദ്രന്‍, സെക്രട്ടറി കെ. ഷാജി, ഐക്യ മലയാള സമിതി കണ്‍വീനര്‍ എം.വി. പ്രദീപ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ജനങ്ങളെ വിഡ്ഢികളാക്കുവാൻ മാത്രം ഒരു ഭാഷാനിയമമെന്തിന്‌? - പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ.

കേരളത്തിന്റെ മാതൃഭാഷയായ മലയാളത്തിന്റെ നിലനിൽപിനും വളർച്ചയ്ക്കും ഉറപ്പുനൽകുന്ന ഭാഷാനിയമം എന്ന ആവശ്യം സാക്ഷാൽക്കരിക്കുവാൻ പോകുന്നു എന്ന പ്രത്യാശ സമൂഹത്തിൽ സൃഷ്ടിക്കുന്നതിന്‌ ഇന്നത്തെ ഗവൺമെന്റിനു പലവട്ടം കഴിഞ്ഞിട്ടുണ്ട്‌. കഴിഞ്ഞ ഏതാനും നിയമസഭാ സമ്മേളനങ്ങൾക്ക്‌ തൊട്ടുമുമ്പ്‌ ഇതാ വരുന്നു ‘സമഗ്രമലയാളഭാഷാ നിയമം’ എന്നു മാലോകരെ വിളിച്ചറിയിക്കുകയും ഒന്നും സംഭവിക്കാതെ സമ്മേളനങ്ങൾ കടന്നുപോവുകയും ചെയ്യുന്ന സ്ഥിരം നാടകവ്യായാമം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്‌. അതു കാണുമ്പോൾ ജനങ്ങളെ പറഞ്ഞുപറ്റിക്കുന്നതിൽ ഇത്രമേൽ വൈദഗ്ധ്യം നേടിയ ഒരു ഗവൺമെന്റ്‌ ഈ നാട്ടിൽ ഒരിക്കലും ഉണ്ടായിട്ടില്ലെന്നു തോന്നിപ്പോവുന്നു. ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച ബില്ലിന്റെ സ്വരൂപം ഒരിക്കൽ കൂടി അത്‌ തെളിയിച്ചിരിക്കുന്നു.
ഈ വർഷത്തെ ഐക്യകേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി എം ടി വാസുദേവൻ നായരേയും സുഗതകുമാരിയേയും ആദരിച്ചുകളയാമെന്നു സർക്കാർ തീരുമാനിച്ചത്‌ നല്ല കാര്യം. മാതൃഭാഷയുടെ പേരിൽ പതിവായി ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന സർക്കാരിന്റെ ആദരവ്‌ തങ്ങൾക്കു വേണ്ട എന്നു സാഹിത്യനായകത്വം തീരുമാനിച്ചത്‌ അതിലേറെ നല്ല കാര്യം. നവംബർ 25ന്‌ തിരുവനന്തപുരത്തും കോഴിക്കോട്ടും സാഹിത്യനായകന്മാർ നേതൃത്വം നൽകിയ സൂചനാനിരാഹാര സത്യഗ്രഹത്തിൽ അസംഖ്യം ഭാഷാസ്നേഹികൾ ആവേശപൂർവം പങ്കെടുക്കുകയുണ്ടായി. വരുന്ന നിയമസഭാസമ്മേളനത്തിൽ മലയാള ഭാഷാ ബില്ല്‌ അവതരിപ്പിച്ചു പാസാക്കണമെന്നതായിരുന്നു പ്രസ്തുത സമരം മുന്നോട്ടുവച്ചിരുന്ന ആവശ്യം. അതേ ആവശ്യത്തിനുവേണ്ടി ഈ മാസം രണ്ടു മുതൽ ഏററവും പ്രമുഖരായ ഒരു സംഘം എഴുത്തുകാരുടെ അനിശ്ചിതകാല നിരാഹാരസമരവും പ്രഖ്യാപിച്ചിരുന്നു. ഈ സമ്മേളനത്തിൽ തീർച്ചയായും ബില്ല്‌ അവതരിപ്പിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തെത്തുടർന്ന്‌ പ്രഖ്യാപിത സമരം തൽക്കാലം മാറ്റിവയ്ക്കുവാൻ സംഘാടക സമിതി തീരുമാനിക്കുകയായിരുന്നു.
അഭിജ്ഞവൃത്തങ്ങളിൽ അപ്പോഴും ചില ആശങ്കകൾ പടർന്നിരുന്നു. ഭരണകൂടത്തിലും ഉദ്യോഗസ്ഥതലത്തിലും കുറേപ്പേരെങ്കിലും മാതൃഭാഷാ വിരോധം ജീവവായുവാക്കിയിട്ടുള്ളവർ ആണെന്നും അവർ വെറുതെയിരിക്കുവാൻ പോകുന്നില്ല എന്നുമുള്ള മൂന്നാര്റിയിപ്പുകളുണ്ടായിരുന്നു. സർക്കാർ തയാറാക്കി സുഗതകുമാരി, ഡോ. എം ആർ തമ്പാൻ, കെ ജയകുമാർ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരൻ, സെക്രട്ടറി ആർ ഗോപാലകൃഷ്ണൻ എന്നിവരടങ്ങുന്ന വിദഗ്ധ സമിതി അംഗീകരിച്ച കരടു ബില്ല്‌ സാരമായ പരുക്കുകളൊന്നും ഏൽപിക്കാതെ അവതരിപ്പിക്കുമെന്ന്‌ ശുദ്ധഗതിയാലാവാം ബഹുഭൂരിപക്ഷം വിശ്വസിച്ചു. ഹാ കഷ്ടം! എന്നുതന്നെ പറയട്ടെ കരചരണ ശ്രവണനാസികകൾ ഛേദിച്ച ഒരു ബില്ലല്ല, ശിരച്ഛേദം തന്നെ നടത്തിയ ഒരു കബന്ധം മാത്രമാണ്‌ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ഭാഷാബില്ല്‌.
മലയാള ഭാഷാനിയമം അനിവാര്യമായിത്തീർന്ന ഒരു പ്രത്യേക സാഹചര്യമുണ്ട്‌. മാതൃഭാഷയെ ഒന്നാം ഭാഷയായി അംഗീകരിക്കുന്ന സർക്കാർ ഉത്തരവിനെ ചില സ്വാശ്രയ ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളുടെ മാനേജ്മെന്റ്‌ കോടതിയിൽ ചോദ്യം ചെയ്തപ്പോൾ, അതിനെ അതിജീവിച്ച്‌ ഉത്തരവ്‌ പ്രാബല്യത്തിൽ കൊണ്ടുവരുവാൻ ‘സമഗ്ര മലയാളഭാഷാ നിയമം അനിവാര്യമാവുകയായിരുന്നു. പുതിയ കരട്‌ ബില്ല്‌ അക്കാര്യം പാടെ മറന്നുപോയിരിക്കുന്നു. ഭരണഭാഷ, പഠനഭാഷ, കോടതിഭാഷ എന്നിങ്ങനെ വിദഗ്ധസമിതി അംഗീകരിച്ച ഭാഷാ കരടുബില്ലിൽ മൂന്നു ഭാഗങ്ങളുണ്ടായിരുന്നു. വിദൂരഭാഷയിലേക്ക്‌ നോട്ടമെത്തുന്നവരെ സംബന്ധിച്ചിടത്തോളം അവയിൽ സുപ്രധാനം പഠനഭാഷയാണ്‌. കേരളത്തിൽ വിദ്യാഭ്യാസം എന്തായിരിക്കണം, എങ്ങനെ ആയിരിക്കണം എന്നീ കാര്യങ്ങളിലാണ്‌ അത്‌ ഊന്നൽ നൽകുന്നത്‌. പുതിയ ബില്ലിൽ ആ ഭാഗം അപ്പാടെ വെട്ടിമാററിയിരിക്കുന്നു. ഇനി വല്ലതും ബാക്കിയുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്‌ എന്നു തന്നെയാണ്‌ മറുപടി. ഉള്ളതു ചുരുക്കത്തിൽ ഇത്രയുമാണ്‌.
1969 മുതൽ 2002 വരെ പുറത്തിറങ്ങിയ ഭരണഭാഷാ ഉത്തരവുകൾ പുതിയ നിർദേശങ്ങൾ എന്ന വ്യാജേന ബില്ലിൽ ചേർത്തിട്ടുണ്ട്‌. കോടതി ഭാഷ മലയാളമാക്കാൻ 1973 ൽ സർക്കാർ വിജ്ഞാപനമിറക്കിയിട്ടുണ്ട്‌. 1987 ൽ നരേന്ദ്രൻ കമ്മിഷൻ ജില്ലാ കോടതി തലംവരെയെങ്കിലും കോടതി ഭാഷ മലയാളമാക്കണമെന്നു ശുപാർശ ചെയ്തിരുന്നു. പെറ്റി കേസുകളിലെ വിധി മലയാളത്തിലാവാം എന്നത്രേ ബില്ലിലെ നിർദേശം. ജനങ്ങൾ മുഴുവൻ വിഡ്ഢികളാണെന്ന മുൻവിധി പുലർത്തുന്ന പമ്പര വിഡ്ഢികളുടെ നിർലജ്ജതയുടെ ഫലമാണ്‌ പ്രസ്തുത നിർദേശങ്ങൾ.
2013 ൽ അംഗീകരിച്ച കരടു രേഖയിലെ വിദ്യാഭ്യാസ സംബന്ധമായ ചില നിർദേശങ്ങൾ ഇവയാണ്‌. സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ്‌ മുതൽ പന്ത്രണ്ടാം ക്ലാസ്‌ വരെ മലയാളം നിർബന്ധ ഒന്നാം ഭാഷയായിരിക്കണം. സംസ്ഥാനത്ത്‌ പ്രവർത്തിക്കുന്ന സിബിഎസ്‌ഇ, ഐസിഎസ്‌ഇ, മറ്റു ബോർഡുകൾ എന്നിവയുടെ നിയന്ത്രണത്തിലുളള എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധ ഒന്നാം ഭാഷയായിരിക്കണം. കേരളത്തിലെ കോളജുകളിലെ ബിരുദതലത്തിലെ ഭാഷാ വിഭാഗത്തിൽ ഒന്നാം ഭാഷയായ മലയാളത്തിന്റെ രണ്ടു പേപ്പറുകൾ എല്ലാ വർഷവും പഠിപ്പിക്കേണ്ടതാണ്. ബിരുദാനന്തര ബിരുദതലത്തിൽ മലയാളത്തിന്റെ ഒരു പേപ്പർകൂടി എല്ലാ വർഷവും പഠിപ്പിക്കേണ്ടതാണ്‌. പ്രൊഫഷണൽ കോഴ്സുകളിൽ എല്ലാ സെമസ്റ്ററുകളിലും മലയാളത്തിന്റെ ഒരു പേപ്പർകൂടി പഠിക്കേണ്ടതാണ്‌. സംസ്ഥാനത്തെ സർക്കാർ, അർദ്ധ സർക്കാർ പൊതുമേഖല, സ്വകാര്യ മേഖല, സ്വയം ഭരണമേഖല എന്നീ മേഖലകളിലെ എല്ലാ പ്രീ-പ്രൈമറി, നഴ്സറി, പ്ലേസ്കൂൾ, അങ്കണവാടി സ്കൂളുകളിൽ അധ്യയനമാധ്യമം നിർബന്ധമായും മലയാളം ആയിരിക്കേണ്ടതാണ്‌. എന്നിങ്ങനെ മൂന്നു വകുപ്പുകളിലെ നാൽപതോളം ഉപവകുപ്പുകളിലായി നിർദേശിക്കുന്ന വ്യവസ്ഥകളെ പുതിയ ബില്ലിൽ ഒറ്റയടിക്ക്‌ കൂട്ടക്കുരുതി കഴിച്ചിരിക്കുന്നു.
തമിഴ്‌നാട്ടിൽ തമിഴ്‌ മാധ്യമത്തിൽ പഠിച്ചവർക്ക്‌ ഇരുപതു ശതമാനം തൊഴിൽ സംവരണമുണ്ട്‌. താരതമ്യേന എത്രയോ പരിമിതമായ ആവശ്യങ്ങളാണ്‌ കേരളത്തിലെ മാതൃഭാഷാ പ്രസ്ഥാനങ്ങൾ മുന്നോട്ടുവയ്ക്കുന്നത്‌. കേരളത്തിലെ മെഡിക്കൽ-എൻജിനീയറിങ്‌ പ്രവേശനപ്പരീക്ഷകൾ മലയാളത്തിലെഴുതാൻ സൗകര്യമുണ്ടാകണമെന്നും മലയാളം മാധ്യമത്തിൽ പഠിച്ചവർക്ക്‌ അതിൽ അഞ്ചു ശതമാനം ഗ്രേസ്‌ മാർക്ക്‌ വ്യവസ്ഥ ചെയ്യണമെന്നുമുള്ള കരടിലെ വ്യവസ്ഥകൾ അപ്രത്യക്ഷമായിരിക്കുന്നു. മാതൃഭാഷാ പരിരക്ഷണത്തിനു ഉതകുന്ന ഇത്തരം നിർദേശങ്ങൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും ധാർമിക ബാധ്യതയും പ്രധാനമായും വിദ്യാഭ്യാസവകുപ്പിനാണ്‌. 2014 ജൂണിൽ നിയമസഭാ സമിതിയും (അധ്യക്ഷൻ പാലോട്‌ രവി) വിദഗ്ധസമിതിയും മുന്നോട്ടുവച്ച വ്യവസ്ഥകൾ വിദ്യാഭ്യാസ വകുപ്പിന്‌ അന്ന്‌ സ്വീകാര്യമായിരുന്നു. അതേ വിദ്യാഭ്യാസ വകുപ്പുതന്നെ ഇന്ന്‌ അതേ വ്യവസ്ഥകളെ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തിയിരിക്കുന്നു. അപ്പോഴും ഭാഷാ ബില്ലിന്റെ അവതരണം മഹത്തായ ഒരു ചരിത്രസംഭവമാണെന്നാണ്‌ നിയമസഭാ സമിതി അധ്യക്ഷൻ അഭിമാനിക്കുന്നത്‌. ആ അഭിമാനം അർഹതപ്പെട്ടതാണോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു. ആദ്യത്തെ കരടുബില്ലിൽ നിന്നു വെട്ടിമാറ്റിയ പ്രധാനവകുപ്പുകൾ പുനഃസ്ഥാപിക്കുവാൻ ഈ നിയമസഭാ സമ്മേളനത്തിനു കഴിയുമോ എന്നതിനെ അതാശ്രയിച്ചിരിക്കുന്നു. അതിനു കഴിയുന്നില്ലെങ്കിൽ ഒന്നേ ചോദിക്കുവാനുള്ളു. ജനങ്ങളെ വിഡ്ഢികളാക്കുവാൻ മാത്രം ഒരു ഭാഷാ നിയമമെന്തിന്‌?‌

മലയാള ഭാഷാ ബില്‍ നിയമമാകുമ്പോള്‍.

മാതൃഭാഷാപഠനം പ്രോത്സാഹിപ്പിക്കാനും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മലയാളം നിര്‍ബന്ധമാക്കാനും വ്യവസ്ഥ ചെയ്യുന്ന മലയാള ഭാഷാ വ്യാപനവും പരിപോഷണവും സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരുന്നു. ഇത് സംബന്ധിച്ച ബില്‍ പാസ്സാക്കിയാണ് നിയമസഭാസമ്മേളനം സമാപിച്ചത്. മലയാളം ഔദ്യോഗിക ഭാഷയും, സാര്‍വത്രികവുമാക്കാന്‍ സര്‍ക്കാര്‍ നടത്തിയ വിപുല ചര്‍ച്ചകള്‍ക്കുശേഷം തയാറാക്കിയ ബില്ലാണ് നിയമസഭ പാസാക്കിയത്.

കേരള ഔദേ്യാഗിക ഭാഷകള്‍ നിയമം(1969) അനുസരിച്ച്, ഇംഗ്ലിഷും മലയാളവും ഇവിടെ ഔദ്യോഗിക ഭാഷകളാണ്. ഇതിനു പകരം, സമഗ്ര മലയാളഭാഷാ നിയമാണു ബില്ലിന്റെ ലക്ഷ്യം. ബില്ലുകളും നിയമങ്ങളും ഓര്‍ഡിനന്‍സുകളും സര്‍ക്കാര്‍ ഉത്തരവുകളും ചട്ടങ്ങളും റഗുലേഷനുകളും എല്ലാം ഇനി മലയാളത്തിലാക്കും. ഇംഗഌഷില്‍ പ്രസിദ്ധീകരിക്കുന്ന പ്രധാനകേന്ദ്ര നിയമങ്ങളും സംസ്ഥാന നിയമങ്ങളും ഭേദഗതികളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തും. എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കേണ്ട ഭാഷ മലയാളമായിരിക്കും.

സര്‍ക്കാര്‍ വകുപ്പുകള്‍ക്കുപുറമെ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല, സ്വയംഭരണ, സഹകരണസ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം ഇത് ബാധകമാകും. പിഎസ്‌സി വഴിയല്ലാതെ നിയമനം നടത്തുന്ന അര്‍ധ സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ മത്സരപരീക്ഷാ ചോദ്യങ്ങള്‍ മലയാളത്തില്‍ കൂടി തയാറാക്കണം. ഏകീകൃത ലിപി വിന്യാസം നടപ്പാക്കണം. കീഴ്‌കോടതികളിലെ കേസുകളും വിധിന്യായങ്ങളും പെറ്റികേസുകളിലെ വിധിന്യായവും അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള സ്ഥാപനങ്ങളുടെ ഉത്തരവുകളും മലയാളത്തിലാകും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സഹകരണ, പൊതുമേഖലാസ്ഥാപനങ്ങളുടെ പേര്, ഉദ്യോഗസ്ഥരുടെ പേര്, ഉദ്യോഗപ്പേര് എന്നിവ രേഖപ്പെടുത്തുന്ന ബോര്‍ഡുകള്‍, ഈ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള വാഹനങ്ങളിലെ ബോര്‍ഡുകള്‍ എന്നിവ മലയാളത്തിലുംകൂടി രേഖപ്പെടുത്തണം. സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും സ്ഥാപിക്കുന്ന ബോര്‍ഡുകളിലെ വിവരങ്ങളും മലയാളത്തിലാകണം.

സംസ്ഥാനത്ത് നിര്‍മിക്കുകയോ വില്‍ക്കുകയോ ചെയ്യുന്ന വ്യാവസായിക ഉല്‍പന്നങ്ങളുടെ പേരും ഉപയോഗക്രമവും മലയാളത്തില്‍ കൂടി രേഖപ്പെടുത്തണം. കേരളത്തിനകത്തെ സര്‍ക്കാര്‍ നല്‍കുന്ന പരസ്യങ്ങളും വിജ്ഞാപനങ്ങളും മലയാളത്തില്‍ വേണം. വിവരസാങ്കേതികരംഗത്ത് മലയാളഭാഷയുടെ ഉപയോഗം കാര്യക്ഷമമാക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും അനുബന്ധ സംവിധാനങ്ങളും വികസിപ്പിക്കണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ മലയാളത്തില്‍കൂടി നല്‍കണം. സര്‍ക്കാറിന്റെ ഇ-ഭരണം പദ്ധതിയില്‍ മലയാളം കൂടി ഉള്‍പ്പെടുത്തണം. തുടങ്ങി മലയാളത്തിന്റെ സമഗ്ര വികാസത്തിന് ഉപകരിക്കുന്ന വ്യവസ്ഥകള്‍ അടങ്ങുന്നബില്ലാണ് പാസ്സാക്കിയത് ഭരണഭാഷ പൂര്‍ണ്ണമായും മലയാളത്തിലാക്കാന്‍ നിയമം വന്നെങ്കിലും യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനം വേണം. നീക്കം അട്ടിമറിക്കുന്നത് ഉദ്യോഗസ്ഥരെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

ഭരണഭാഷ മലയാളത്തിലാക്കുക സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇക്കാര്യത്തിനായി പല നിര്‍ദ്ദേശങ്ങളും ഉത്തരവുകളും നല്‍കുന്നുണ്ട്. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ഗൗരവമായ സമീപനം ഉണ്ടാകുന്നില്ലെന്ന് ഔദ്യോഗികഭാഷാ ഉന്നതതല സമിതി യോഗത്തില്‍ മുഖ്യമന്ത്രിതന്നെ അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ഉദ്യോഗസ്ഥര്‍ക്കില്ല. തീരുമാനങ്ങള്‍ നടപ്പാക്കേണ്ടവര്‍ വകുപ്പ് തലവന്മാരാണ്. അവര്‍ കാണിക്കുന്ന ഉദാസീനത ലക്ഷ്യം തെറ്റിക്കുന്നുവെന്നാണ് സര്‍ക്കാര്‍ ധ്വനി.സ്വാതന്ത്ര്യത്തിനുമുമ്പ് തമിഴനായ സര്‍ സി.പി.രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ ദിവാനായിരുന്നപ്പോഴാണ് ഭരണഭാഷ മലയാളമാക്കാന്‍ പ്രത്യേക നടപടികള്‍ എടുത്തത് എന്നത് ശ്രദ്ധേയമാണ്. സര്‍ സി.പി. സര്‍ക്കാരുദ്യോഗസ്ഥരുടെ വേഷത്തിലും മാറ്റം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കേരളം രൂപംകൊണ്ടശേഷമുള്ള സര്‍ക്കാരുകളെല്ലാം ഭരണഭാഷ മലയാളമാവണമെന്ന ഭരണഘടനാ നിബന്ധനയില്‍ വേണ്ടുവോളം വെള്ളം ചേര്‍ക്കുകയായിരുന്നു.

ഭരണത്തിനും പഠനത്തിനും തക്ക യോഗ്യത മലയാളം നേടുന്നതിനായി കേരള ഭാഷാ ഇന്‍സ്റ്റിറ്റിറ്റൂട്ട് പോലുള്ള സ്ഥാപനംതന്നെ തുടങ്ങിയെങ്കിലും യഥാര്‍ത്ഥത്തില്‍ ഗുണമൊന്നും ഉണ്ടായില്ല. ഭാഷാനയത്തിന് ബില്ലല്ല, നിയമം നടപ്പാക്കാനുള്ള രാഷ്ട്രീയമായ ഇച്ഛാശക്തിയാണ് ആവശ്യം.