2011, മേയ് 31, ചൊവ്വാഴ്ച

മാതൃഭാഷാ പഠനം: അവഗണനയ്ക്ക് നീതീകരണമില്ല - ജനയുഗം എഡിറ്റോറിയല്‍

ജനയുഗം മുഖപ്രസംഗം
DATE : 2011-06-01

മലയാളഭാഷയെ അവഗണിക്കാനും അവഹേളിക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെയും ഒരുകൂട്ടം ഉദ്യോഗസ്ഥരുടെയും ശ്രമം അങ്ങേയറ്റം അപലപനീയവും നാടിന് അപമാനകരവുമാണ്. മാതൃഭാഷയായ മലയാളം ഒന്നാംഭാഷയാക്കണമെന്നും നിര്‍ബന്ധിത പാഠ്യവിഷയമാക്കണമെന്നുമുള്ള ആവശ്യം നിരവധി പതിറ്റാണ്ടുകളായി കേരളത്തില്‍ നിലനില്‍ക്കുന്നതാണ്. മാതൃഭാഷാ സ്‌നേഹികളും വിദ്യാഭ്യാസ വിചക്ഷണരും അധ്യാപകശ്രേഷ്ഠന്‍മാരും സാംസ്‌കാരികനായകന്‍മാരുമെല്ലാം ഈ ആവശ്യത്തിന്റെ യുക്തിഭദ്രത ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. ഭരണഭാഷ മലയാളമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിക്കുന്നതിനും ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനുമായി സി അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിക്കുകയും പ്രാരംഭനടപടികള്‍ക്ക് തുടക്കമിടുകയും ചെയ്‌തെങ്കിലും പിന്നീട് വന്ന സര്‍ക്കാരുകള്‍ക്ക് അത് മുന്നോട്ടുകൊണ്ടു പോകാനായില്ല. തുടര്‍ന്നുള്ള കാലത്താണ് പുതുതലമുറയില്‍ നിന്ന് മാതൃഭാഷ കൂടുതല്‍ കൂടുതല്‍ അന്യവല്‍ക്കരിക്കപ്പെട്ടത്. ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യാപനവും മലയാളികളുടെ സാംസ്‌കാരികബോധത്തിലുണ്ടായ അപചയവും മലയാളഭാഷ മാറ്റിനിര്‍ത്തപ്പെടുന്നതിന് കാരണമായി.
തെല്ലും ഗുണകരമല്ലാത്ത ഈ അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായാണ് ഇക്കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ മാതൃഭാഷ നിര്‍ബന്ധിത പഠനവിഷയമാക്കാന്‍ തീരുമാനിച്ചത്. കക്ഷിരാഷ്ട്രീയഭേദമന്യേ ഏവരാലും സ്വാഗതം ചെയ്യപ്പെട്ടതും ശ്ലാഘനീയവുമായിരുന്നു ആ നടപടി. എന്നാല്‍ ഈ മഹത്തായ തീരുമാനത്തില്‍ നിന്ന് ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ പിന്നോക്കം പോകുന്നതാണ് കേരളം കാണുന്നത്. മലയാളം നിര്‍ബന്ധിത പഠനവിഷയമാക്കുന്ന കാര്യം ഈ അധ്യയനവര്‍ഷം നടപ്പാക്കാനാവില്ല എന്നാണ് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് പറയുന്നത്. അതിന് കാരണമായി അദ്ദേഹം പറഞ്ഞ കാര്യങ്ങളാകട്ടെ യുക്തിയും ന്യായവുമില്ലാത്തതാണു താനും. മാതൃഭാഷാ പഠനത്തിനുള്ള പീരിയഡുകള്‍ വര്‍ധിപ്പിക്കുന്നത് അനായാസകരമായ കാര്യമല്ലെന്നാണ് വിദ്യാഭ്യാസമന്ത്രി പറയുന്നത്. ആഴ്ചയില്‍ ആറുമണിക്കൂര്‍ എന്നതാണ് നിലവിലുള്ള മലയാളപഠന സമയം. അത് ഏഴുമണിക്കൂറായി വര്‍ധിപ്പിക്കുക എന്നത് പ്രയാസകരമാണെന്ന നിലപാട് ആശ്ചര്യകരമാണ്. കേന്ദ്ര സിലബസ് അവലംബിക്കുന്ന നൂറുകണക്കിന് വിദ്യാലയങ്ങളില്‍ മലയാളഭാഷ പടിക്കു പുറത്താണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനപ്രകാരം ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാതൃഭാഷാ പഠനം നിര്‍ബന്ധിതമാവണം. എന്നാല്‍ ഇടതുസര്‍ക്കാരിന്റെ തീരുമാനത്തെ സംബന്ധിച്ച് വിശദീകരണ ഉത്തരവ് പുറപ്പെടുവിക്കാനോ തുടര്‍നടപടികള്‍ സ്വീകരിക്കാനോ യു ഡി എഫ് സര്‍ക്കാര്‍ സന്നദ്ധമായില്ലെന്ന് മാത്രമല്ല, മാതൃഭാഷാ പഠനത്തിന് എതിരായി പരോക്ഷമായി നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു.
ഭാഷകള്‍ മണ്‍മറഞ്ഞു പോകുന്ന ദുരവസ്ഥയെക്കുറിച്ച് ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്. അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെയും അനധികൃത വിദ്യാലയങ്ങളുടെയും അതിപ്രസരം മലയാളഭാഷയെ പുതുതലമുറയില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതു നമ്മുടെ മാതൃഭാഷയുടെ ആയുസിനെക്കുറിച്ചും ആശങ്ക ഉയര്‍ത്തുന്നുണ്ട്. 'എന്റെ മലയാളത്തെ എന്തു ചെയ്തു' എന്ന് നമ്മുടെ കവികള്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ആകുലപ്പെടുന്നുണ്ട്. അണ്‍ എയ്ഡഡ്- അനധികൃത വിദ്യാലയങ്ങള്‍ പുതുതലമുറയില്‍ നിന്ന് മലയാളഭാഷയെ അകറ്റിനിര്‍ത്തുകയും ആംഗലേയഭാഷയില്‍ സംസാരിക്കുന്നതാണ് അഭിമാനത്തിന്റെ ചിഹ്നമെന്ന മൗഢ്യം അവതരിപ്പിക്കുകയും ചെയ്യുന്നു. ഈ വിപല്‍ക്കരമായ പ്രവണതയ്ക്ക് പ്രചുരപ്രചാരം നല്‍കാന്‍ കേരളത്തിലെ ഒരുപറ്റം രക്ഷകര്‍ത്താക്കള്‍ യത്‌നിക്കുന്ന ദൗര്‍ഭാഗ്യകരമായ അനുഭവവും കാണാതിരുന്നുകൂടാ.
നമ്മുടെ സംസ്ഥാനത്തെപ്പോലെ മാതൃഭാഷയെ ഒഴിവാക്കുകയും ഇകഴ്ത്തുകയും ചെയ്യുന്ന പ്രവണത മറ്റു സംസ്ഥാനങ്ങളിലൊന്നും കാണുക സാധ്യമല്ല. മാതൃഭാഷയെ തങ്ങളുടെ സ്വത്വബോധത്തിന്റെയും അഭിമാനത്തിന്റെയും അടയാളമായി കരുതുന്നവരാണവര്‍. ആംഗലഭാഷ തീര്‍ച്ചയായും പഠിക്കേണ്ടതുതന്നെ. ലോകമെങ്ങും ഉള്ള ആശയവിനിമയത്തിന് അത് അത്യന്താപേക്ഷിതമാണ്. എന്നാല്‍ അതിന്റെ പേരില്‍ മാതൃഭാഷ ഉപേക്ഷിക്കപ്പെടുന്നതിന് ന്യായീകരണമില്ല. ഒരു ജനതയുടെ സംസ്‌കാരത്തിന്റെയും സ്വത്വത്തിന്റെയും ഭാഗമാണ് മാതൃഭാഷ. മര്‍ത്യന് പെറ്റമ്മ മാതൃഭാഷയാണെന്നും മറ്റുള്ള ഭാഷകള്‍ കേവലം വളര്‍ത്തമ്മമാരാണെന്നും മഹാകവി വള്ളത്തോള്‍ പാടിയതു ഈ സത്യത്തെ മുന്‍നിര്‍ത്തിയാണ്.
ഡോ. ആര്‍ വി ജി മേനോന്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശപ്രകാരം മാതൃഭാഷാപഠനം നിര്‍ബന്ധിതമാക്കുകയും പീരിയഡുകള്‍ വര്‍ധിപ്പിക്കുകയും ചെയ്ത എല്‍ ഡി എഫ് സര്‍ക്കാരിന്റെ നടപടിയെ അട്ടിമറിക്കാനുള്ള നീക്കം ചെറുക്കപ്പെടേണ്ടതാണ്. അണ്‍ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വക്താക്കളും മലയാള പഠനത്തിന്റെ പീരിയഡ് വര്‍ധനവില്‍ അസ്വസ്ഥത പൂണ്ട തല്‍പ്പരകക്ഷികളും ഈ അട്ടിമറിക്ക് പിന്നില്‍ ചരടുവലിക്കുന്നുണ്ടെന്ന ആക്ഷേപം ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മാതൃഭാഷയെ അവമതിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുകയും എല്‍ ഡി എഫ് സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കുകയും വേണം. അതിനായി എല്ലാ മാതൃഭാഷാ സ്‌നേഹികളും ഒന്നിച്ച് ശബ്ദമുയര്‍ത്തുകയും വേണം.

ആദ്യം മലയാളം പഠിക്കട്ടെ: ഒ എന്‍ വി, സത്യഗ്രഹമിരുത്തരുത്: സുഗതകുമാരി

ദേശാഭിമാനി
Posted on: 01-Jun-2011 12:29 AM
തിരു: സ്കൂളുകളില്‍ മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം അട്ടിമറിക്കുന്നതില്‍ ഒ എന്‍ വി കുറുപ്പും സുഗതകുമാരിയും ശക്തമായി പ്രതിഷേധിച്ചു. കേരളത്തിലെ കുട്ടികള്‍ ആദ്യം മലയാളിയാവുകയാണ് വേണ്ടതെന്ന് ഒ എന്‍ വി കുറുപ്പ് പ്രതികരിച്ചു. ആദ്യം മലയാളം പഠിക്കണം. എന്നിട്ടുമതി മറ്റു ഭാഷകള്‍ പഠിക്കാന്‍ . മലയാളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലര്‍ രംഗത്തുണ്ട്. അതേക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നും ഒ എന്‍ വി പറഞ്ഞു. സുകുമാര്‍ അഴീക്കോടിനെയും ഒ എന്‍ വിയെയും തന്നെയും സെക്രട്ടറിയറ്റ് നടയില്‍ സത്യഗ്രഹമിരുത്താന്‍ ഇടയാക്കരുതെന്ന് സുഗതകുമാരി പ്രതികരിച്ചു. വിദ്യാഭ്യാസമന്ത്രിയെ കയറൂരിവിടരുതെന്ന് പുതുശ്ശേരി രാമചന്ദ്രന്‍ പറഞ്ഞു. മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കുകതന്നെ വേണം. മുഖ്യമന്ത്രി ഇതിനു കാവലാളായി നില്‍ക്കണമെന്നും പുതുശ്ശേരി രാമചന്ദ്രന്‍ അഭ്യര്‍ഥിച്ചു.

മലയാളം ഒന്നാം ഭാഷയാക്കാതിരിക്കാന്‍ ഗൂഢനീക്കം-വി.എസ്

മാതൃഭൂമി
Posted on: 01 Jun 2011
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാളം ഒന്നാം ഭാഷയാക്കാനുള്ള തീരുമാനത്തെ അട്ടിമറിക്കാന്‍ പുതിയ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഗൂഢനീക്കങ്ങള്‍ നടക്കുകയാണെന്നും ഇതിനെതിരെ മലയാളികളൊന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തണമെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കവി ഒ.എന്‍.വി.കുറുപ്പിനെ ആദരിക്കാനായി പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.

കേരളത്തിലെ മുഴുവന്‍ എഴുത്തുകാരുടെയും ഭാഷാഭിമാനികളുടെയും അഭിപ്രായങ്ങള്‍ മാനിച്ചും വിദ്യാഭ്യാസ വിചക്ഷണരടങ്ങിയ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചുമാണ് ഇക്കാര്യത്തില്‍ കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ തീരുമാനമെടുത്തത്. കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം ഒന്നാംഭാഷയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശവും ഉണ്ട്. വിദഗ്ദ്ധസമിതിയുമായി ചേര്‍ന്ന് രൂപരേഖ തയാറാക്കിയശേഷം മന്ത്രിസഭയും അംഗീകരിച്ചിരുന്നു. ബുധനാഴ്ച ആരംഭിക്കുന്ന അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കാമെന്ന് പ്രതീക്ഷിച്ചിരുന്ന ഈ തീരുമാനത്തെ അട്ടിമറിക്കാന്‍ പുതിയ സര്‍ക്കാര്‍ ഗൂഢനീക്കം നടത്തുകയാണ്. നമ്മുടെ ഭാഷയോടുള്ള ഈ നിഷേധാത്മക സമീപനത്തിനെതിരെ മുഴുവന്‍ മലയാളികളും ശക്തമായി പ്രതിഷേധിക്കണം-വി.എസ്. പറഞ്ഞു. കവി എന്ന നിലയില്‍ മാത്രമല്ല മലയാളികളുടെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ ശക്തമായ സാന്നിധ്യം എന്ന നിലയില്‍ക്കൂടിയാണ് ഒ.എന്‍.വി.കുറുപ്പിന്റെ സംഭാവനകള്‍ വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ ചില എഴുത്തുകാര്‍ തത്വാഭാസങ്ങളുടെ പേരില്‍ സാഹിത്യത്തെ ഒരു 'ഫാഷന്‍' ആക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്ന് ഒ.എന്‍.വി. പറഞ്ഞു. താന്‍ എഴുതുന്നതാണ് കവിതയെന്ന് അഹങ്കരിക്കുന്ന ഇവര്‍ ചുറ്റും നടക്കുന്നത് കാണാതെ വീട്ടിലിരുന്ന് വൃത്തികേടുകള്‍ എഴുതുകയാണ്. മലയാളത്തെ വെടിഞ്ഞ് കമ്പ്യൂട്ടറും മറ്റും പഠിപ്പിച്ച് പുതുതലമുറയെ 'യന്തിരന്‍'മാരാക്കാനാണ് അധിനിവേശ ശക്തികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വി.എസ്. അച്യുതാനന്ദന്‍ ഒ.എന്‍.വിക്ക് ഉപഹാരം സമര്‍പ്പിച്ചു. തുമ്പമണ്‍ തങ്കപ്പന്‍ തയാറാക്കിയ 'ജ്ഞാനപീഠത്തില്‍ സൂര്യതേജസ്സോടെ ഒ.എന്‍.വി.' എന്ന ഗ്രന്ഥം ചടങ്ങില്‍ പ്രകാശിപ്പിച്ചു. എം.എ. ബേബി, കവയിത്രി സുഗതകുമാരി, പ്രൊഫ. വി.എന്‍. മുരളി, പിരപ്പന്‍കോട് മുരളി, പുതുശ്ശേരി രാമചന്ദ്രന്‍, നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍, എം.പി. ലളിതാഭായി, റ്റി.ആര്‍. അജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒന്നാംഭാഷ മലയാളം: നിഷേധവാദങ്ങള്‍ വിചിത്രം; ബദല്‍സാധ്യതകള്‍ ആരാഞ്ഞില്ല

മാതൃഭൂമി
Posted on: 01 Jun 2011

തിരുവനന്തപുരം : മലയാളം ഒന്നാം ഭാഷയാക്കണമെന്ന മഹത്തായ ലക്ഷ്യം പീരിയഡ് ക്രമീകരണമെന്ന സാങ്കേതികത്വത്തില്‍ തട്ടി ഇല്ലാതാകുന്നു. ഇപ്രാവശ്യം മലയാളം ഒന്നാംഭാഷയാക്കല്‍ നടപ്പാകില്ലെന്ന് പറയാന്‍ വിദ്യാഭ്യാസ മന്ത്രി നിരത്തിയ പല ന്യായങ്ങളും ചോദ്യം ചെയ്യപ്പെടുകയാണ്.

ഐ.ടിയുടെ പീരിയഡ് പങ്കിട്ടുപോകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഈ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ ഇപ്പോള്‍ പിന്നാക്കം പോകുന്നത്. എന്നാല്‍ ആഴ്ചയില്‍ ഒരു പീരിയഡ് അധികം കണ്ടെത്താന്‍ ഐ.ടിയെ ഉപദ്രവിക്കാതെ തന്നെ സാധ്യതകള്‍ ധാരാളം ഉണ്ടെന്നിരിക്കെ, അതൊന്നും ആരായാതെ ഈ പരിഷ്‌കാരം വേണ്ടെന്നുവെച്ചത് എന്തിനെന്ന ചോദ്യം ശേഷിക്കുന്നു. മറ്റ് പീരിയഡുകളില്‍ നിന്ന് കുറച്ച് ഏതാനും മിനിറ്റുകള്‍ ഒരു ദിവസം മാറ്റിവെച്ചാല്‍ തന്നെ പുതിയ പിരീയഡ് കണ്ടെത്താം. പത്തു മുതല്‍ നാല് വരെയുള്ള സ്‌കൂള്‍ സമയത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാലും മലയാള പഠനത്തിനായി സമയം ഉണ്ടാക്കാം. ഉച്ചയുടെ ഇടവേളയില്‍ കുറച്ച് സമയം ലാഭിച്ച് ഐ.ടി പ്രാക്ടിക്കലിന് സമയം കണ്ടെത്തുന്നതിനുള്ള പോംവഴിയും ആലോചിക്കാം. എന്നാല്‍ തടസ്സങ്ങള്‍ മാത്രം ചൂണ്ടിക്കാണിച്ച് മലയാളം ഒന്നാംഭാഷയാക്കുന്നത് സര്‍ക്കാര്‍ ഒറ്റയടിക്ക് വേണ്ടന്നുവെയ്ക്കുകയായിരുന്നു.

വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുമ്പോള്‍ ശനിയാഴ്ചയും പ്രവൃത്തി ദിവസമാകുമെന്നും അപ്പോള്‍ മുതല്‍ മലയാളത്തിനായി കൂടുതല്‍ സമയം കണ്ടെത്തുമെന്നുമാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കണമെന്ന് നിബന്ധനയില്ല. എല്‍.പിയില്‍ 200 ദിവസം അഥവാ 800 അധ്യയന മണിക്കൂര്‍, യു.പിയില്‍ 100 മണിക്കൂര്‍ അഥവാ 220 മണിക്കൂര്‍ എന്നതാണ് കേന്ദ്ര നിയമത്തിലെ വ്യവസ്ഥ. ഇത് ഏറെക്കുറെ കേരളത്തില്‍ നടപ്പായി വരുന്നതിനാല്‍ ശനിയാഴ്ച ഇവിടെ പ്രവൃത്തി ദിവസമാകണമെന്നില്ല. വിദ്യാഭ്യാസ അവകാശ നിയമം എട്ടാം ക്ലാസ് വരെ മാത്രമാണ് ഇപ്പോള്‍ ബാധകംഎന്നിരിക്കെ, ഹൈസ്‌കൂളിലെ മലയാള പഠനത്തിന് ഈ നിയമം ഒരു തരത്തിലും ബാധകമാകുന്നില്ലെന്നതും വ്യക്തമാണ്.

പീരിയഡ് ക്രമീകരണത്തേക്കാളുപരി മലയാളം ഒന്നാം ഭാഷയാകുമ്പോള്‍ നിലവില്‍ ഒന്നാം ഭാഷയായി മറ്റ് ഭാഷകള്‍ പഠിക്കുന്നതിന്റെ പ്രാധാന്യം കുറയുമെന്ന ആശങ്കയാണ് എതിര്‍പ്പിന്റെ പ്രധാന കാരണം. ഇത് അധ്യാപക തസ്തികകളെ ബാധിക്കുമെന്ന ഭയവും ചില മേഖലകളിലുണ്ട്. എന്നാല്‍ നിലവിലുള്ള അധ്യാപകരുടെ ജോലിയെ ബാധിക്കാതെ ഇത് നടപ്പിലാക്കാനും വേണ്ടത്ര വഴികളുണ്ട്.

2011, മേയ് 30, തിങ്കളാഴ്‌ച

മലയാളം ഒന്നാം ഭാഷ: ഈ വര്‍ഷം നടപ്പിലാകില്ല -മന്ത്രി റബ്ബ്

മാതൃഭൂമി
Posted on: 31 May 2011
തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ മലയാളം ഒന്നാം ഭാഷയാക്കുന്നത് അധ്യയന വര്‍ഷം നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു. പൊതുവിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്കുശേഷം പത്രപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

വര്‍ഷം തുടക്കം മുതല്‍ മലയാളം ഒന്നാം ഭാഷയാക്കാനാവില്ല. ആവശ്യമായ പിരീയഡുകള്‍ കണ്ടെത്താവാനാത്തതാണ് പ്രശ്‌നം. അധികമായി ഭാഷയ്ക്ക് കണ്ടെത്തേണ്ട പിരീയഡുകള്‍ സംബന്ധിച്ച് വ്യക്തതയായിട്ടില്ല. .ടി. പിരീയഡ് മലയാളത്തിന് നല്‍കാനാവില്ല. അത് മറ്റ് വിഷയങ്ങളുടെ പഠനത്തിനെ അടക്കം ബാധിക്കും. വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുമ്പോള്‍ ആഴ്ചയില്‍ ആറുദിവസം ക്ലാസ് വേണം. സമയത്ത് മലയാളത്തിന്റെ കാര്യം കൂടി പരിഗണിക്കും. മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ചശേഷമേ മലയാളം ഒന്നാം ഭാഷയാക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകൂ. അധ്യയന വര്‍ഷം നടപ്പാക്കുമോ ഇല്ലയോ എന്നത് ഇപ്പോള്‍ പറയാനാകില്ലെന്നും തുടക്കം മുതല്‍ എന്തായാലും നടപ്പാക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സിലബസ് പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ പുതുതായി മലയാളം ഉള്‍പ്പെടുത്തുന്നത് അധ്യയന വര്‍ഷത്തിന്റെ ഇടയ്ക്ക് സാധ്യമാകുമോ എന്ന ചോദ്യത്തിന് ഉത്തരവ് നിലവില്‍ വരുമ്പോള്‍ നടപ്പാകുമെന്നായിരുന്നു മന്ത്രിയുടെ ഉത്തരം.

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന സമയത്താണ് മലയാളം ഒന്നാം ഭാഷയാക്കാനുള്ള ഉത്തരവ് പുറത്തിറങ്ങിയത്. മാതൃഭാഷക്ക് അധികമായി പിരീയഡുകള്‍ കണ്ടെത്തി നടപ്പിലാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇതിന് വ്യക്തത വരുത്താന്‍ കഴിയാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. മലയാളപഠനത്തിന് ഇതുവരെയും സൗകര്യമൊരുക്കാത്ത നിരവധി സ്വകാര്യ കേന്ദ്ര സിലബസ് സ്‌കൂളുകള്‍ സംസ്ഥാനത്തുണ്ട്. കൂടാതെ അധ്യാപകരുടെ എണ്ണം കൂട്ടേണ്ടിയുംവരും. മറ്റ് ഭാഷകളുടെ പിരീയഡ് കുറയുന്നതും ഇപ്പോഴത്തെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ അവകാശ നിയമം എത്രയും വേഗം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങളെ സംബന്ധിച്ച് കത്തോലിക്ക സഭ ഉന്നയിച്ച പരാതികള്‍ അന്വേഷിക്കാന്‍ മൂന്നംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ നിന്നും എം.ജി.എസ്. നാരായണ്‍ പിന്‍മാറിയതിനെ സംബന്ധിച്ച് അറിയില്ല. വര്‍ഷത്തെ പാഠപുസ്തക വിതരണത്തിന്റ ഒന്നാംഘട്ടം 99 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. രണ്ടാംഘട്ട വിതരണത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ആരംഭിച്ചു. കുട്ടികളില്ലാത്തതിനാല്‍ സ്‌കൂളുകള്‍ ലാഭകരമല്ല എന്ന് പറയുന്നത് ശരിയല്ല. വിദ്യാലയങ്ങളെ സംബന്ധിച്ച് ലാഭ നഷ്ടങ്ങള്‍ നോക്കേണ്ട കാര്യമില്ല. വിദ്യാഭ്യാസം നിഷേധിക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവില്ല. സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് ഗതാഗത നിയമങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാനതലത്തില്‍ ചര്‍ച്ചകളുണ്ടായിട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ പോലീസ് നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ പരിശോധിച്ച് മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും പി.കെ. അബ്ദുറബ്ബ് പറഞ്ഞു.

2011, മേയ് 29, ഞായറാഴ്‌ച

മലയാളത്തിന്റെ കാര്യത്തില്‍ പിന്നോട്ടുപോകരുത്‌ - മാതൃഭൂമി എഡിറ്റോറിയല്‍


» പ്രിന്റ് എഡിഷന്‍ » മുഖപ്രസംഗം
Posted on: 30 May 2011
മാതൃഭാഷയായ മലയാളം കേരളത്തിലെ വിദ്യാലയങ്ങളില്‍ നിര്‍ബന്ധിത പാഠ്യവിഷയമാക്കിയതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിവാദങ്ങള്‍, മുഴുവന്‍ മലയാളികള്‍ക്കും വേദനയും ലജ്ജയുമുണ്ടാക്കുന്നതാണ്. മാതൃഭാഷ പഠിപ്പിക്കുന്നതിനെ തുരങ്കംവയ്ക്കാന്‍, ആ ഭാഷ സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ഒരു വിഭാഗം തന്നെ ഗൂഢമായി ശ്രമിക്കുന്നുവെന്നാണ് വാര്‍ത്തകള്‍ വെളിപ്പെടുത്തുന്നത്. ചിലരുടെ സ്വാര്‍ത്ഥ താത്പര്യങ്ങളും അടിസ്ഥാനശൂന്യമായ ഭയവും നിമിത്തം, മഹത്തായ ഒരു ചുവടുവയ്പില്‍നിന്ന് ഐക്യ ജനാധിപത്യമുന്നണി സര്‍ക്കാര്‍ പിന്നോട്ടു പോയാല്‍ അത് കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മാതൃഭാഷാഭിമാനികളെ കടുത്ത നൈരാശ്യത്തിലും പ്രതിഷേധത്തിലുമാവും കൊണ്ടുചെന്നെത്തിക്കുക.

ജൂണ്‍ ഒന്നിന് ആരംഭിക്കുന്ന അധ്യയന വര്‍ഷം തന്നെ പത്താംതരം വരെ മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കാനാണ് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ തീരുമാനമെടുത്തത്. നിയമസഭയിലും ഏകകണ്ഠമായ പിന്തുണ മാതൃഭാഷാ പോഷണത്തിനുള്ള ആ നടപടിക്ക് ലഭിച്ചു. പക്ഷേ, ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ ഭരണത്തിലെത്തിയതിനുശേഷം അതിനുള്ള തുടര്‍നടപടികള്‍ ഉണ്ടായിക്കാണുന്നില്ല.വിശദീകരണ ഉത്തരവും തുടര്‍ നടപടികളും ഉണ്ടായെങ്കില്‍ മാത്രമേ ഈ അധ്യയന വര്‍ഷത്തില്‍ നിര്‍ബന്ധിത മലയാളപഠനം സാധ്യമാകൂ. ആഴ്ചയില്‍ ആറുമണിക്കൂര്‍ എന്ന നിലവിലുള്ള മലയാള പഠനസമയം, നിര്‍ബന്ധിത ഒന്നാം ഭാഷയാകുന്നതോടെ ഏഴുമണിക്കൂറായി മാറും. ഒരു പീരിയഡ് കൂടിപ്പോകുന്നത് തങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന് ഭയക്കുന്ന ചിലരാണ് ഈ നീക്കത്തിനെതിരെ അണിയറയില്‍ ചരടുവലിക്കുന്നതെന്ന് പറയുന്നു. ബഹുജനാഭിലാഷത്തിന്റെ ഫലമായി എല്ലാ കക്ഷികളിലുംപെട്ട ജനപ്രതിനിധികളുടെയും പിന്തുണയോടെ വിശദമായ പഠനം നടത്തിയശേഷം സംസ്ഥാന ഭരണകൂടം കൈക്കൊണ്ട തീരുമാനത്തിനെതിരെ ഒരു ഉദ്യോഗസ്ഥന്‍ എതിര്‍പ്പ് രേഖപ്പെടുത്തി സര്‍ക്കാരിന് കത്ത് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

വിദ്യാഭ്യാസ വിചക്ഷണനായ ഡോ. ആര്‍.വി.ജി. മേനോന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാര്‍ശയെത്തുടര്‍ന്ന്, പാഠ്യപദ്ധതി നടപ്പാക്കാന്‍ ചുമതലയുള്ള സര്‍ക്കാര്‍സ്ഥാപനമായ എസ്.സി.ഇ.ആര്‍.ടി.യാണ് മലയാളത്തിന് പുതിയ പീരിയഡ് കണ്ടെത്താന്‍ വഴി നിര്‍ദേശിച്ചത്.മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കണമെന്ന ആവശ്യത്തിന് ദശകങ്ങളുടെ പഴക്കമുണ്ട്. അല്പം പിന്നോട്ടു പോയാല്‍ ദേശീയ സ്വാതന്ത്ര്യസമരകാലത്തുതന്നെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാതൃഭാഷാവകാശത്തിനു വേണ്ടി സമരപതാക ഉയര്‍ത്തിയിരുന്നതായി കാണാം. പിന്നീടും അതിനു വേണ്ടിയുള്ള പരിശ്രമങ്ങളും പ്രചാര ണങ്ങളും നടന്നു. ഈ സാഹചര്യത്തില്‍, വ്യക്തമായ ഉത്തരവുകളും തുടര്‍നടപടികളും വഴി ഈ വര്‍ഷംതന്നെ മലയാളത്തെ നിര്‍ബന്ധിത ഒന്നാംഭാഷയാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്.

സാധാരണക്കാരും അധ്യാപകരും ബുദ്ധിജീവികളുമെല്ലാമടങ്ങുന്ന ബഹുജനങ്ങള്‍ സമരരംഗത്തിറങ്ങിയാണ് മലയാളാവകാശം സാധിച്ചെടുത്തത്. നടപ്പാകുമെന്നായപ്പോള്‍ അത് തടസ്സപ്പെടുത്താന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതില്‍ മാതൃഭാഷാഭിമാനികള്‍ക്ക് ആശങ്കയുണ്ടാവുക സ്വാഭാവികമാണ്. മാതൃഭാഷ ഒരു ജനതയുടെ സ്വത്വത്തിന്റെ ഏറ്റവും തിളക്കമുള്ള മുദ്രയും സംസ്‌കാരത്തിന്റെ പതാകയുമാണ്. എല്ലാ മലയാളികളുടെയും ജന്മാവകാശമായ മലയാളത്തെ വീണ്ടും തഴയാന്‍ ശ്രമിക്കുമ്പോള്‍ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും തങ്ങള്‍ അവഹേളിക്കപ്പെടുന്നതായി തോന്നും. ആത്മാഭിമാനത്തോടെ നില്ക്കാന്‍ ജനതയെ സഹായിക്കുകയെന്നത് ഭരണാധികാരികളുടെ കടമയാണ്. അതുകൊണ്ടുതന്നെ മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കുന്ന കാര്യത്തില്‍ ഒരുതരം അനാസ്ഥയും ഉണ്ടാകാന്‍ പാടില്ല.

2011, മേയ് 27, വെള്ളിയാഴ്‌ച

മലയാളം ഒന്നാം ഭാഷയാക്കുന്ന ഉത്തരവ് ഈ അധ്യയനവര്‍ഷം തന്നെ നടപ്പിലാക്കുക

വായിക്കുന്നതിന് സ്ക്രിബ് ഡി ബാറില്‍ ആദ്യ ബട്ടന്‍ (വ്യൂ ഫുള്‍ സ്ക്രീന്‍ ) അമര്‍ത്തുക.
press_28_may_2011
താഴെ കൊടുത്തിട്ടുള്ള വാര്‍ത്തയോടുള്ള പ്രതികരണം എഴുതുക.


2011, മേയ് 22, ഞായറാഴ്‌ച

മലയാള ഐക്യവേദി 'ബ്ലോഗന'യില്‍


മലയാള ഐക്യവേദി ബ്ലോഗിലെ കഴിഞ്ഞ പോസ്റ്റാണ് ഈ ലക്കം (2011മെയ്22) മാതൃഭൂമി ആഴ്ചപ്പതിപ്പ് ബ്ലോഗനയില്‍.

2011, മേയ് 9, തിങ്കളാഴ്‌ച

മലയാളം ഒന്നാം ഭാഷയാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്

GO- For Malayalam

2011, മേയ് 6, വെള്ളിയാഴ്‌ച

സ്‌കൂളില്‍ മലയാളം ഒന്നാംഭാഷയാക്കി

മാതൃഭൂമി
Posted on: 07 May 2011
തിരുവനന്തപുരം: സ്‌കൂള്‍ തലത്തില്‍ മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതുസംബന്ധിച്ച് മന്ത്രിസഭായോഗം നേരത്തെ തീരുമാനം എടുത്തെങ്കിലും പലവിധ കാരണങ്ങള്‍ നിരത്തി ഇക്കാര്യം അട്ടിമറിക്കാന്‍ നീക്കം നടക്കുകയായിരുന്നു. മലയാളം ഒന്നാം ഭാഷയാക്കുന്നതിനുള്ള തീരുമാനം അനിശ്ചിതത്വത്തിലായ കാര്യം 'മാതൃഭൂമി' കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതിനെ തുടര്‍ന്നാണ് ഫയലിന് ജീവന്‍വെച്ചത്. മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് ഇതുസംബന്ധിച്ച ഉത്തരവ് വെള്ളിയാഴ്ച തന്നെ ഇറക്കുകയായിരുന്നു. മലയാളം കേരളത്തിലെ എല്ലാ സ്‌കൂളുകളിലും പഠിക്കാന്‍ അവസരം ഉണ്ടാക്കുക, ഒന്നാം ഭാഷയാക്കുക എന്നീ നിര്‍ദേശങ്ങളാണ് തീരുമാനത്തിന്റെ കാതല്‍. ഇപ്പോള്‍ ഉറുദു, സംസ്‌കൃതം, തമിഴ് തുടങ്ങിയ ഭാഷകള്‍ ഒന്നാം ഭാഷയായി പഠിക്കുന്നവര്‍ മലയാളം രണ്ടാം ഭാഷയായാണ് പഠിക്കുന്നത്. തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മലയാളത്തിന്റെ പീരീഡ് വര്‍ധിക്കും. അധ്യാപകരുടെ എണ്ണവും വര്‍ധിക്കും.

മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും ഫയല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് വിട്ടു. കമ്മീഷന്‍ അനുമതി നല്‍കിയെങ്കിലും ഫയല്‍ ഇതുവരെ സെക്രട്ടേറിയറ്റില്‍ പിടിച്ചുവച്ചിരിക്കുകയായിരുന്നു.

2011, മേയ് 4, ബുധനാഴ്‌ച

ഇംഗ്ലീഷ് എ+, ഹിന്ദി എ+, സംസ്കൃതംഎ+, മലയാളം സി - പ്രേമചന്ദ്രന്‍

ലേഖനത്തിന്‍റെ അടിയിലായി Scribd യുടെ പാനലില്‍ ലിങ്കുകളില്‍ ഇടത്തേയറ്റത്തായി viw in fullscreen കൊടുക്കുക. നല്ല പോലെ വായിക്കാന്‍ കഴിയും. വായന കഴിഞ്ഞ് തിരികെ വന്ന് പ്രതികരണം എഴുതുക.
mathrubhumi- mal. school

2011, മേയ് 2, തിങ്കളാഴ്‌ച

മലയാളത്തിലാണ് ഭാവി, നമ്മുടെ കുട്ടികളെ മലയാളം സ്കൂളില്‍ ചേര്‍ക്കുക

നോട്ടീസിന്‍റെ അടിയിലായി Scribd യുടെ പാനലില്‍ ലിങ്കുകളില്‍ ഇടത്തേയറ്റത്തായി viw in fullscreen കൊടുക്കുക. നല്ല പോലെ വായിക്കാന്‍ കഴിയും. വായന കഴിഞ്ഞ് തിരികെ വന്ന് പ്രതികരണം എഴുതുക.
Untitled 1