2011, മേയ് 31, ചൊവ്വാഴ്ച

ഒന്നാംഭാഷ മലയാളം: നിഷേധവാദങ്ങള്‍ വിചിത്രം; ബദല്‍സാധ്യതകള്‍ ആരാഞ്ഞില്ല

മാതൃഭൂമി
Posted on: 01 Jun 2011

തിരുവനന്തപുരം : മലയാളം ഒന്നാം ഭാഷയാക്കണമെന്ന മഹത്തായ ലക്ഷ്യം പീരിയഡ് ക്രമീകരണമെന്ന സാങ്കേതികത്വത്തില്‍ തട്ടി ഇല്ലാതാകുന്നു. ഇപ്രാവശ്യം മലയാളം ഒന്നാംഭാഷയാക്കല്‍ നടപ്പാകില്ലെന്ന് പറയാന്‍ വിദ്യാഭ്യാസ മന്ത്രി നിരത്തിയ പല ന്യായങ്ങളും ചോദ്യം ചെയ്യപ്പെടുകയാണ്.

ഐ.ടിയുടെ പീരിയഡ് പങ്കിട്ടുപോകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഈ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ ഇപ്പോള്‍ പിന്നാക്കം പോകുന്നത്. എന്നാല്‍ ആഴ്ചയില്‍ ഒരു പീരിയഡ് അധികം കണ്ടെത്താന്‍ ഐ.ടിയെ ഉപദ്രവിക്കാതെ തന്നെ സാധ്യതകള്‍ ധാരാളം ഉണ്ടെന്നിരിക്കെ, അതൊന്നും ആരായാതെ ഈ പരിഷ്‌കാരം വേണ്ടെന്നുവെച്ചത് എന്തിനെന്ന ചോദ്യം ശേഷിക്കുന്നു. മറ്റ് പീരിയഡുകളില്‍ നിന്ന് കുറച്ച് ഏതാനും മിനിറ്റുകള്‍ ഒരു ദിവസം മാറ്റിവെച്ചാല്‍ തന്നെ പുതിയ പിരീയഡ് കണ്ടെത്താം. പത്തു മുതല്‍ നാല് വരെയുള്ള സ്‌കൂള്‍ സമയത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാലും മലയാള പഠനത്തിനായി സമയം ഉണ്ടാക്കാം. ഉച്ചയുടെ ഇടവേളയില്‍ കുറച്ച് സമയം ലാഭിച്ച് ഐ.ടി പ്രാക്ടിക്കലിന് സമയം കണ്ടെത്തുന്നതിനുള്ള പോംവഴിയും ആലോചിക്കാം. എന്നാല്‍ തടസ്സങ്ങള്‍ മാത്രം ചൂണ്ടിക്കാണിച്ച് മലയാളം ഒന്നാംഭാഷയാക്കുന്നത് സര്‍ക്കാര്‍ ഒറ്റയടിക്ക് വേണ്ടന്നുവെയ്ക്കുകയായിരുന്നു.

വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുമ്പോള്‍ ശനിയാഴ്ചയും പ്രവൃത്തി ദിവസമാകുമെന്നും അപ്പോള്‍ മുതല്‍ മലയാളത്തിനായി കൂടുതല്‍ സമയം കണ്ടെത്തുമെന്നുമാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കണമെന്ന് നിബന്ധനയില്ല. എല്‍.പിയില്‍ 200 ദിവസം അഥവാ 800 അധ്യയന മണിക്കൂര്‍, യു.പിയില്‍ 100 മണിക്കൂര്‍ അഥവാ 220 മണിക്കൂര്‍ എന്നതാണ് കേന്ദ്ര നിയമത്തിലെ വ്യവസ്ഥ. ഇത് ഏറെക്കുറെ കേരളത്തില്‍ നടപ്പായി വരുന്നതിനാല്‍ ശനിയാഴ്ച ഇവിടെ പ്രവൃത്തി ദിവസമാകണമെന്നില്ല. വിദ്യാഭ്യാസ അവകാശ നിയമം എട്ടാം ക്ലാസ് വരെ മാത്രമാണ് ഇപ്പോള്‍ ബാധകംഎന്നിരിക്കെ, ഹൈസ്‌കൂളിലെ മലയാള പഠനത്തിന് ഈ നിയമം ഒരു തരത്തിലും ബാധകമാകുന്നില്ലെന്നതും വ്യക്തമാണ്.

പീരിയഡ് ക്രമീകരണത്തേക്കാളുപരി മലയാളം ഒന്നാം ഭാഷയാകുമ്പോള്‍ നിലവില്‍ ഒന്നാം ഭാഷയായി മറ്റ് ഭാഷകള്‍ പഠിക്കുന്നതിന്റെ പ്രാധാന്യം കുറയുമെന്ന ആശങ്കയാണ് എതിര്‍പ്പിന്റെ പ്രധാന കാരണം. ഇത് അധ്യാപക തസ്തികകളെ ബാധിക്കുമെന്ന ഭയവും ചില മേഖലകളിലുണ്ട്. എന്നാല്‍ നിലവിലുള്ള അധ്യാപകരുടെ ജോലിയെ ബാധിക്കാതെ ഇത് നടപ്പിലാക്കാനും വേണ്ടത്ര വഴികളുണ്ട്.

1 അഭിപ്രായം:

  1. അജ്ഞാതന്‍2011, ജൂൺ 1 3:56 AM

    മലയാളം അറിയാത്ത തലമുറ വരാതിരിക്കാന്‍ നമ്മള്‍ ശക്തമായി പ്രതികരിക്കുക.
    മലയാളം ഒന്നാം ഭാഷയാക്കുക. Join & raise your voice
    https://www.facebook.com/Malayalam.1st.Language

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.