2013, ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം തന്നെ

തിരുവനന്തപുരം : സര്‍ക്കാര്‍ ജോലിക്ക് മലയാളത്തിലുള്ള അറിവ് നിര്‍ബന്ധമാക്കണമെന്ന സര്‍ക്കാരിന്റെ മുന്‍ തീരുമാനം ബാധകമാക്കും. എന്നാല്‍ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് മലയാളപഠനത്തിന് അനുവദിച്ചിരുന്ന കാലാവധി ദീര്‍ഘിപ്പിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ അവര്‍ മലയാളം പഠിച്ച് പി.എസ്.സി നടത്തുന്ന അഭിരുചി പരീക്ഷ പാസായിരിക്കണമെന്ന നിബന്ധനയാകും ഏര്‍പ്പെടുത്തുക. 
ഇത് സംബന്ധിച്ച അന്തിമതീരുമാനം മന്ത്രിസഭയായിരിക്കും കൈക്കൊള്ളുക. മലയാളത്തിലുള്ള അറിവ് നിര്‍ബന്ധമാക്കുന്ന ഉത്തരവ് പിന്‍വലിച്ചത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഭാഷാന്യൂനപക്ഷ വിഭാഗങ്ങളുടെ ആശങ്കയകറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഭാഷാന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള എം.എല്‍.എ മാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചു. ഈ യോഗത്തിലാണ് അവര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് മലയാള പഠനത്തിന് ഇളവ് അനുവദിക്കുന്നതിന് ധാരണയായത്. 
കന്നഡ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന മേഖലയില്‍ നിന്നുള്ള അബ്ദുള്‍ റസാക്ക്, എന്‍.എ. നെല്ലിക്കുന്ന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. തമിഴ് ന്യൂനപക്ഷ വിഭാഗക്കാരെ പ്രതിനിധീകരിക്കുന്ന ഇ.എസ്. ബിജിമോള്‍ യോഗത്തിനെത്തിയില്ല. എന്നാല്‍ അവര്‍ കത്ത് മുഖേന അഭിപ്രായം അറിയിച്ചു. പ്രൊബേഷന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് മലയാളം പഠിച്ചിരിക്കണമെന്ന നിര്‍ദേശത്തോട് ജനപ്രതിനിധികള്‍ വിയോജിച്ചില്ല. എന്നാല്‍ അതിനുള്ള കാലാവധി രണ്ട് വര്‍ഷമെന്നത് നീട്ടിനല്‍കണമെന്നായിരുന്നു ആവശ്യം. ഇതംഗീകരിക്കാനാണ് തത്വത്തില്‍ ധാരണയായത്.

2013, ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

ഭാഷാന്യൂനപക്ഷങ്ങളും മലയാളവും - പി. പവിത്രന്‍

മലയാളം പഠിക്കാതെ കേരളത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ നിശ്ചിത കാലയളവിനുള്ളില്‍ മലയാളത്തിലെ ഒരു പരീക്ഷ പാസായിരിക്കണമെന്ന പി.എസ്.സി.യുടെ നിര്‍ദേശം ന്യൂനപക്ഷ വിരുദ്ധമാണെന്ന വാദം തെറ്റിദ്ധാരണയില്‍നിന്ന് ഉണ്ടായതാണ്. യഥാര്‍ഥത്തില്‍ 1956 നവംബര്‍ ഒന്നിന് സംസ്ഥാനം രൂപവത്കരിച്ച ഘട്ടം മുതല്‍ ഭാഷാന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഏറ്റവും മുന്നില്‍നിന്ന സംസ്ഥാനമാണ് കേരളം.

മാതൃഭാഷ പഠനമാധ്യമമായും ഭരണപരമായ എഴുത്തുകുത്തുകള്‍ക്കും ഉപയോഗിക്കാനുള്ള ജനങ്ങളുടെ അവകാശം ഭരണഘടന സംരക്ഷിക്കുന്നുണ്ട്. ഒരു സംസ്ഥാനത്ത് പ്രബലഭാഷാവിഭാഗത്തില്‍നിന്ന് വ്യത്യസ്തമായ മാതൃഭാഷ ഉപയോഗിക്കുന്നവരാണ് ഭാഷാന്യൂനപക്ഷങ്ങള്‍. അവര്‍ക്ക് മാതൃഭാഷ പ്രാഥമിക വിദ്യാഭ്യാസഘട്ടത്തിലെ മാധ്യമമെന്ന നിലയിലും സര്‍ക്കാറുമായുള്ള വിനിമയങ്ങള്‍ക്കും ഉപയോഗിക്കാനുള്ള അവകാശമുണ്ട് എന്നത് ഭരണഘടന പ്രത്യേകം എടുത്തുപറയുന്നു. ഭൂരിപക്ഷത്തിന്റെ ഭാഷ സ്വാഭാവികമായും ഭരണഭാഷയും പഠനമാധ്യമവുമാകും എന്ന സങ്കല്പത്തിലാണ് ഇക്കാര്യംമാത്രം ഭരണഘടന പ്രത്യേകം ഊന്നുന്നത്.

ഭരണഘടനയുടെ എട്ടാംപട്ടികയില്‍ കൊടുത്തിരിക്കുന്ന ഭാഷകളില്‍പ്പെട്ട തമിഴും കന്നഡയും കേരളത്തില്‍ ഇത്തരത്തില്‍ ന്യൂനപക്ഷഭാഷാപദവി കൈയാളുന്നുണ്ട്. ഒരു മുനിസിപ്പല്‍ ടൗണിലോ അതല്ലാത്ത പ്രദേശത്തോ 15 ശതമാനം ആളുകള്‍ വ്യത്യസ്തമായ മാതൃഭാഷ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ആ പ്രദേശത്തെ ഭാഷാന്യൂനപക്ഷ പ്രദേശമായി കണക്കാക്കണമെന്നാണ് നിലവിലുള്ള നിയമം. ഒരു വ്യക്തിയുടെയോ കുറച്ച് വ്യക്തികളുടെയോ അല്ല, ഒരു പ്രാദേശിക സമൂഹത്തിന്റെ ഭാഷ എന്ന പദവി കൈയാളുന്നുണ്ടെങ്കില്‍ മാത്രമാണ് അതിന് ന്യൂനപക്ഷഭാഷാപദവി ലഭിക്കുന്നത്. ഈ നിലപാട് ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാഷകളുടെ കാര്യത്തിലേക്ക് ഇനിയും വികസിക്കേണ്ടതുണ്ടെന്നുമാത്രം.

ഈ നിലയിലാണ് കാസര്‍കോട്, തിരുവനന്തപുരം, പാലക്കാട്, ഇടുക്കി ജില്ലകളിലെ ചില പ്രദേശങ്ങളെ ഭാഷാന്യൂനപക്ഷമേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്. കാസര്‍കോട്ട് കന്നഡയും മറ്റുജില്ലകളില്‍ തമിഴുമാണ് ന്യൂനപക്ഷപദവിയിലുള്ളത്. അവിടെ എല്ലാതരം ഭരണനടപടികള്‍ക്കും മലയാളത്തിനുപുറമേ അതത് ഭാഷകള്‍കൂടി ഉപയോഗിക്കണം എന്നുണ്ട്. ന്യൂനപക്ഷഭാഷയില്‍ നല്‍കുന്ന എഴുത്തുകള്‍ക്ക് ആ ഭാഷയില്‍ത്തന്നെ മറുപടിനല്‍കണം. മലയാളത്തിലുള്ള ഫോറങ്ങള്‍ ഇവിടങ്ങളില്‍ ന്യൂനപക്ഷഭാഷകളില്‍ക്കൂടി അച്ചടിക്കണം. തിരഞ്ഞെടുപ്പുപട്ടികയും റേഷന്‍കാര്‍ഡും അനുബന്ധരേഖകളും ആ ഭാഷയില്‍ക്കൂടി തയ്യാറാക്കണം. കോടതികളില്‍ ന്യൂനപക്ഷഭാഷയില്‍ രേഖകള്‍ ഫയല്‍ചെയ്യാന്‍ അനുവദിക്കണം. അത്തരം പ്രദേശങ്ങളില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ കഴിയുന്നിടത്തോളം ആ ഭാഷ അറിയുന്നവരാകണം. നാഴികക്കല്ലുകളും സ്ഥലനാമങ്ങളും ആ ഭാഷയില്‍ക്കൂടി കൊടുത്തിരിക്കണം. തമിഴ്, കന്നഡ ഭാഷകള്‍ മാധ്യമമായെടുത്ത് പഠിക്കാനുള്ള അവകാശവും ഈ പ്രദേശത്തുണ്ട്. ഈ പ്രദേശങ്ങളില്‍ സ്‌കൂളുകള്‍മുതല്‍ കോളേജുകള്‍വരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് അഞ്ചുശതമാനം സീറ്റും സംവരണംചെയ്തിട്ടുണ്ട്.

ഒരു പ്രാദേശികസമൂഹമെന്ന നിലയിലുള്ള ഭാഷാന്യൂനപക്ഷങ്ങളുടെ നിലനില്പിനെ അംഗീകരിച്ചുകൊണ്ടുതന്നെ മലയാളം വിദ്യാഭ്യാസത്തിലും ഭരണത്തിലും ഉപയോഗിക്കേണ്ടതിനുള്ള പരിശീലനവും കേരളസര്‍ക്കാര്‍ അനുശാസിക്കുന്നുണ്ട്. അത് രണ്ടുവിധത്തിലാണ്.

1. സ്‌കൂളില്‍ ഒന്നാം ഭാഷയെന്നനിലയില്‍ അവരുടെ മാതൃഭാഷ തിരഞ്ഞെടുക്കുന്ന ഭാഷാന്യൂനപക്ഷത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ അതിലെ രണ്ടാംപേപ്പറില്‍ രണ്ടുപിരീഡ് മലയാളംകൂടി പഠിക്കണം. ഒന്നാം ക്ലാസുമുതല്‍ നാലാം ക്ലാസുവരെ പൂര്‍ണമായും അവരുടെ മാതൃഭാഷതന്നെ പഠിച്ച് അഞ്ചാംക്ലാസുമുതല്‍മാത്രമേ ഭാഷാന്യൂനപക്ഷത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ മലയാളം ഒരുപേപ്പര്‍ പഠിക്കേണ്ടതുള്ളൂ
( 1983-ലെ ഉത്തരവ്).

2. പി.എസ്.സി.വഴി നിയമനംകിട്ടുന്ന ഭാഷാന്യൂനപക്ഷത്തില്‍പ്പെട്ടവര്‍ ഉദ്യോഗംകിട്ടിയാല്‍ പ്രൊബേഷനുമുമ്പ് നാലുവര്‍ഷത്തിനുള്ളില്‍ ഒരുമലയാളം പരീക്ഷ പാസാകണം ( 1966-ലെ ഉത്തരവ്). ഇത് പിന്നീട് പത്തുവര്‍ഷമായി ഇളവുചെയ്തു. അതിന്റെ പാഠ്യപദ്ധതിയും വളരെ ലഘൂകരിച്ചു. പി.എസ്.സി. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഈ പരീക്ഷ നടത്തിപ്പോന്നിട്ടുണ്ട്. സമാനമായ പരീക്ഷകള്‍ കര്‍ണാടകത്തിലും തമിഴ്‌നാട്ടിലുമുണ്ട്. അന്യസംസ്ഥാനക്കാരായ ഐ.എ.എസ്., ഐ.പി.എസ്. കാര്‍ക്കും ഇത് ബാധകമാണ്.

വിദ്യാഭ്യാസത്തില്‍ മാധ്യമമെന്നനിലയിലും ഒരു വിഷയമെന്നനിലയിലും ന്യൂനപക്ഷഭാഷകളെ അംഗീകരിക്കുന്നുണ്ടെന്ന് ഈ ഉത്തരവുകള്‍ വ്യക്തമാക്കുന്നു. ഭാഷാന്യൂനപക്ഷങ്ങളെ സംബന്ധിച്ച് അവരുടെ മാതൃഭാഷ കഴിഞ്ഞിട്ടേ മലയാളം പഠിക്കേണ്ടതുള്ളൂ എന്നും ഈ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് അടിവരയിടുന്നതാണ് പി.എസ്.സി. പരീക്ഷയുടെ മാധ്യമം ഏതായിരിക്കണമെന്ന കാര്യവും. പി.എസ്.സി. മലയാളത്തില്‍ എപ്പോഴെല്ലാം പരീക്ഷകള്‍ നടത്തുന്നുണ്ടോ അപ്പോഴെല്ലാം തമിഴ്, കന്നഡ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അവരുടെ മാതൃഭാഷയില്‍ എഴുതാനുള്ള അവസരവും നല്‍കണമെന്ന് 1965-ല്‍ത്തന്നെ ഉത്തരവ് നിലവിലുണ്ട്. മലയാളമല്ല, മാതൃഭാഷയാണ് പി.എസ്.സി. നിഷ്‌കര്‍ഷിക്കുന്നത് എന്നതാണ് ശ്രദ്ധേയം. സാമൂഹികപദവിയുള്ള സ്വന്തം മാതൃഭാഷയോട് കൂറുള്ളവര്‍ക്കേ ഉദ്യോഗത്തിലിരുന്നാലും സാമൂഹികബോധമുണ്ടാകൂ എന്നനിലപാടാണ് ഇതിലടങ്ങിയിട്ടുള്ളത്.

യഥാര്‍ഥത്തില്‍ പുതിയ നിര്‍ദേശം ഭാഷാന്യൂനപക്ഷങ്ങളെ ബാധിക്കുന്നതല്ല. അവര്‍ക്ക് ഇപ്പോഴുള്ള പത്തുവര്‍ഷത്തെ കാലയളവിനുള്ളില്‍ത്തന്നെ മലയാളം ഒരുപേപ്പര്‍ എഴുതിയെടുത്താല്‍മതി. പുതിയനിര്‍ദേശം മലയാളം മാതൃഭാഷയായിട്ടുള്ളവരെയാണ് ലക്ഷ്യംവെക്കുന്നത്. 96 ശതമാനത്തിലേറെവരുന്ന മലയാളികളില്‍ ഒരുവിഭാഗംതന്നെ മലയാളം പഠിക്കാതിരിക്കുന്നതിനെതിരെയാണ് ആ നിര്‍ദേശം. ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ് ആ നിര്‍ദേശത്തിലുള്ളത്.

എന്നാല്‍, ഇതിനിടയില്‍ പി.എസ്.സി.ക്ക് ഒരു അബദ്ധം പറ്റി. ആ അബദ്ധവും ഈ നിര്‍ദേശവും കൂടിക്കുഴഞ്ഞതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന്റെ തുടക്കം. പി.എസ്.സി. പരീക്ഷയ്ക്ക് മലയാളത്തില്‍ ഒരുപേപ്പര്‍ ഉണ്ടാകുമ്പോള്‍ കന്നഡ/തമിഴ് ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് അത് കന്നഡയിലോ തമിഴിലോ എഴുതാമെന്നുള്ളത് നിലവിലുള്ള നിയമമാണ്. തമിഴോ കന്നഡയോ ആണ് ഈ പരീക്ഷയില്‍ സ്വീകരിക്കുന്നതെങ്കില്‍ അവര്‍ ജോലിയില്‍പ്രവേശിച്ചാല്‍ നിശ്ചിതകാലയളവിനുള്ളില്‍ (ഇപ്പോള്‍ പത്തുവര്‍ഷം) മലയാളത്തില്‍ നേരത്തേ സൂചിപ്പിച്ച പരീക്ഷ പാസാകണം എന്നേയുള്ളൂ. ജോലിയില്‍ പ്രവേശിച്ചാല്‍മാത്രമേ ഇത് വേണ്ടൂ. അതിനര്‍ഥം കന്നഡയോ തമിഴോ മാതൃഭാഷയായിട്ടുള്ളവര്‍ക്ക് മലയാളം തീരേ അറിയില്ലെങ്കിലും പി.എസ്.സി. പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കാം എന്നാണ്.

എന്നാല്‍, ഇപ്രാവശ്യം പി.എസ്.സി. ആ പരീക്ഷയുടെ കാര്യത്തില്‍ ഒരുവീഴ്ച കാണിച്ചു. ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്ന പരീക്ഷയ്ക്കുതന്നെ മലയാളപരിജ്ഞാനം ഭാഷാന്യൂനപക്ഷങ്ങള്‍ക്കുവേണം എന്നമട്ടില്‍ മലയാള ചോദ്യങ്ങള്‍ നിര്‍ബന്ധമാക്കി. ആ പരീക്ഷ പൂര്‍ണമായും മലയാളത്തില്‍ത്തന്നെ എഴുതണമെന്ന നിര്‍ദേശം കൊടുത്തു. മലയാളചോദ്യങ്ങള്‍ക്കുപകരം തിരഞ്ഞെടുക്കാന്‍ തമിഴ്/കന്നഡ ചോദ്യങ്ങള്‍ കൊടുത്തതേയില്ല. അതോടെ ഭാഷാന്യൂനപക്ഷത്തില്‍പ്പെട്ട വിദ്യാര്‍ഥികളും മലയാളത്തില്‍ ഉത്തരമെഴുതാന്‍ ബാധ്യതപ്പെട്ടു. ഇതാണ് രണ്ടുമാസം മുമ്പ് കാസര്‍കോട്ട് പി.എസ്.സി. പരീക്ഷ തടസ്സപ്പെടുത്തുന്നനിലയില്‍ കാര്യങ്ങളെത്തിച്ചത്. പി.എസ്.സി.യുടെ നിര്‍ദേശവും പി.എസ്.സി. പരീക്ഷയിലെ പാകപ്പിഴയും കൂടിക്കുഴയുകയും പരസ്​പരം തെറ്റിദ്ധരിക്കുകയും ചെയ്തപ്പോഴാണ് എളുപ്പത്തില്‍ സര്‍ക്കാറിന് മലയാളം മലയാളിക്ക് നിര്‍ബന്ധമാക്കുന്ന പി.എസ്.സി.യുടെ നിര്‍ദേശം പിന്‍വലിക്കാന്‍ കഴിഞ്ഞത്.

ഇത് നിഷ്‌കളങ്കമായ ഒരു തെറ്റിദ്ധാരണയല്ല, ഇംഗ്ലീഷ് മീഡിയത്തിന് പിന്നാലെപ്പോകുന്ന മധ്യവര്‍ഗ മനസ്സിന്റെ വ്യഗ്രതയില്‍നിന്നും മാതൃഭാഷാവിരോധത്തില്‍നിന്നുമാണ് ഈ തെറ്റിദ്ധാരണ രൂപപ്പെട്ടത്. അത് ഉദ്യോഗസ്ഥ-സര്‍ക്കാര്‍ തലങ്ങളില്‍ പ്രതിഫലിച്ചെന്നുമാത്രം.

മലയാളത്തിന്റെ ശത്രു തമിഴോ കന്നഡയോ അല്ല. മലയാളത്തിന്റെയും തമിഴിന്റെയും കന്നഡയുടെയും പൊതുശത്രു ഇംഗ്ലീഷ് മീഡിയം ലോബിയാണ്. ഇംഗ്ലീഷ്ഭാഷപോലുമല്ല. ഇംഗ്ലണ്ടിലും അമേരിക്കയിലും തങ്ങളുടെ മാതൃഭാഷയായ ഇംഗ്ലീഷ് അഭിമാന
പൂര്‍വം ഉപയോഗിക്കുന്ന തന്റേടികളുടെ ഇംഗ്ലീഷ് ഭാഷാപ്രേമമല്ല, മാതൃഭാഷ കൈയൊഴിഞ്ഞ് പകരം അന്യഭാഷ സ്വീകരിക്കുന്ന ഭീരുക്കളായ നമ്മുടെ നാട്ടുകാരുടെ ഇംഗ്ലീഷ് ഭ്രമം. (പ്രേമവും ഭ്രമവും രണ്ടാണെന്നോര്‍ക്കുക). മാതൃഭാഷ നഷ്ടപ്പെടാതെ ഇംഗ്ലീഷ് പഠിക്കാനുള്ള സംവിധാനങ്ങള്‍ മലയാളമോ തമിഴോ കന്നഡയോ മാതൃഭാഷയായ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്കുണ്ട്. അതുകൊണ്ട് പി.എസ്.സി.യുടെ മാതൃഭാഷ നിര്‍ബന്ധമാക്കുന്ന നിര്‍ദേശം പിന്‍വലിച്ചത് മലയാളത്തിനുമാത്രമല്ല, കന്നഡയിലെയും തമിഴിലെയും മാതൃഭാഷാഭിമാനികള്‍ക്ക് (എന്തിന് ഇംഗ്ലണ്ടില്‍ ഇംഗ്ലീഷിനെ സ്‌നേഹിക്കുന്ന മാതൃഭാഷാഭിമാനികള്‍ക്കും) നേരേയുമുള്ള വെല്ലുവിളിയാണ്.

മലയാളം മാതൃഭാഷയായ വിദ്യാര്‍ഥികളെ മലയാളം പഠിപ്പിക്കാതിരിക്കാനുള്ള സി.ബി.എസ്.ഇ.-അണ്‍ എയ്ഡഡ്-ഇംഗ്ലീഷ് മീഡിയം ലോബിയുടെ ജനാധിപത്യവിരുദ്ധമായ നിലപാടിന് സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിക്കുകയാണ് ഇപ്പോള്‍ യഥാര്‍ഥത്തില്‍ ചെയ്തിരിക്കുന്നത്. കേരളത്തിലായാലും കര്‍ണാടകത്തിലായാലും തമിഴ്‌നാട്ടിലായാലും മാതൃഭാഷാനുകൂല നിയമങ്ങളെ കോടതിയില്‍ ചോദ്യം ചെയ്യുന്നത് മാതൃഭാഷാഭിമാനികളല്ല. പകരം, ഇംഗ്ലീഷ് മാധ്യമലോബിയാണ്. ഇന്ത്യന്‍ഭാഷകള്‍ക്കുമേലുള്ള ഈ കടന്നുകയറ്റത്തെ ചെറുക്കാന്‍ ഇന്ത്യന്‍ഭാഷകളെ സ്‌നേഹിക്കുന്നവരുടെ ദേശീയമായ കൂട്ടായ്മ ആവശ്യമായിരിക്കുന്നു.