2012, നവംബർ 21, ബുധനാഴ്‌ച

"മലയാളത്തിന്‍റെ ഭാവി"ക്ക് പുരസ്കാരം

'മലയാളത്തിന്‍റെ ഭാവി' എന്ന പുസ്തകം രചിച്ച കെ. സേതുരാമന് മലയാള ഐക്യവേദി ഉപഹാരം നല്‍കി.
2012 നവംബര്‍ 12ന് പെരിന്തല്‍മണ്ണയില്‍ വെച്ചു ചേര്‍ന്ന യോഗത്തില്‍ പെരുന്തല്‍മണ്ണ നഗരസഭാ അധ്യക്ഷ ശ്രീമതി നിഷി അനില്‍രാജ് ഉപഹാരം സമര്‍പ്പിച്ചു.


2012, ഒക്‌ടോബർ 30, ചൊവ്വാഴ്ച

സര്‍ക്കാര്‍ ആത്മാര്‍ഥത തെളിയിക്കണം

സര്‍ക്കാര്‍ ഖജനാവിലെ രണ്ടു കോടിയിലധികം തുക ചെലവിട്ടു കൊണ്ടുള്ള വിശ്വമലയാള മഹോത്സവം തിരുവനന്തപുരത്ത് നടക്കുകയാണല്ലോ. രണ്ടു കോടിയുടെ ഇരഎറിഞ്ഞ് ക്ളാസിക്കല്‍ പദവി എന്ന നൂറ് കോടിയുടെ മീന്‍പിടിക്കുക എന്നതാണ് ഉദ്ദേശ്യമെങ്കില്‍ സര്‍ക്കാര്‍ അതിനുമുമ്പേ നടപ്പാക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.
സര്‍ക്കാറിന്‍െറ ഔദ്യാഗിക ഭാഷ മലയാളമാണെന്ന് പറയുമ്പോഴും സാംസ്കാരിക വകുപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാറിന്‍െറ വിവിധ വകുപ്പുകളില്‍നിന്ന് പുറത്തിറങ്ങുന്ന മിക്ക ഉത്തരവുകളും ആംഗലേയത്തില്‍ തന്നെയാണ്. കേരളത്തില്‍ പൊതുവിതരണവകുപ്പ് നടത്തി വരുന്ന മാവേലി സ്റ്റോറുകളിലെ ബില്ലുകള്‍ ഇപ്പോഴും ഇംഗ്ളീഷില്‍ തന്നെയാണ് വിതരണം ചെയ്യുന്നത്. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫിസുകളുടെ ബോര്‍ഡുകളും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ബോര്‍ഡുകളും മലയാളത്തില്‍ ആയിരിക്കണം എന്ന് ഉത്തരവുണ്ടായിട്ടും നടപ്പാക്കിയിട്ടില്ല.
ഇന്ത്യയില്‍ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഹൈകോടതി ഭാഷ ഉള്‍പ്പെടെ മാതൃഭാഷ ആക്കിയിട്ടും കേരളത്തില്‍ വഞ്ചി തിരുനക്കരയില്‍ നിന്ന് ഇളക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. 1969ലും 73ലും 75ലും കീഴ്കോടതി ഭാഷ മലയാളമാക്കുന്നതിനായി ഉത്തരവുകളും സര്‍ക്കുലറുകളും പുറത്തിറങ്ങിയെങ്കിലും പ്രായോഗികമായി ഒന്നും നടന്നില്ല. ഈ സാഹചര്യത്തിലാണ് കോടതിനടപടികള്‍ മലയാളത്തില്‍ നിര്‍വഹിക്കുന്നതിന് വേണ്ടി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 1985ല്‍ ജസ്റ്റിസ് കെ.കെ. നരേന്ദ്രന്‍ അധ്യക്ഷനായി ഏഴംഗ സമിതി രൂപവത്കരിച്ചത്. രണ്ടുവര്‍ഷമെടുത്ത് വിശദമായി പഠിച്ച് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ‘സാധാരണക്കാരായ വ്യവഹാരിക്കും കോടതിനടപടികള്‍ക്കും മധ്യേ നിലകൊള്ളുന്ന ഇംഗ്ളീഷ് ഭാഷയാകുന്ന ഇരുമ്പുമറ മാറിയാലല്ലാതെ സാധാരണക്കാര്‍ക്ക് കോടതിനടപടികളില്‍ കൂടുതല്‍ സജീവമായി സഹകരിക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ എന്തെല്ലാം തടസ്സങ്ങളുണ്ടെങ്കിലും കോടതിഭാഷ മലയാളമാക്കുന്ന പ്രക്രിയ മുഴുമിപ്പിക്കാതെ നിവൃത്തിയില്ല’ എന്നാണ് കമീഷന്‍ റിപ്പോര്‍ട്ടില്‍ അടിവരയിട്ട് പറഞ്ഞത്. ജില്ലാകോടതികള്‍ വരെയുള്ള കീഴ്കോടതികള്‍ ആദ്യം മലയാളത്തിലാവണമെന്നും തുടര്‍ന്ന് ഹൈകോടതിയിലും ഭാഷാമാറ്റം പരിഗണിക്കാവുന്നതാണെന്നും കമീഷന്‍ എടുത്തുപറയുന്നു. കീഴ്കോടതി ഭാഷ പൂര്‍ണമായും മലയാളമാക്കുന്നതിന് രണ്ടുവര്‍ഷത്തെ കാലയളവാണ് കമീഷന്‍ നിര്‍ദേശിച്ചത്. എന്നാല്‍ നരേന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് 25വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാറും ഹൈകോടതിയും ഇക്കാര്യത്തില്‍ ഒരു നടപടിയും കൈക്കൊണ്ടില്ല എന്നത് പ്രതിഷേധാര്‍ഹമാണ്.
കോടതികളില്‍ ഉപയോഗിക്കുന്ന ഇംഗ്ളീഷ് ഭാഷ വിദ്യാസമ്പന്നരായ മലയാളികള്‍ക്ക് പോലും മനസ്സിലാവുന്നില്ല എന്നതാണ് സത്യം. ഭാഷയുടെയും സാങ്കേതിക പദങ്ങളുടെയും ദുര്‍ഗ്രഹത നിലനില്‍ക്കുന്നത് കൊണ്ടുതന്നെ അദാലത്തുകളില്‍ പോലും വന്‍തുക നല്‍കി വക്കീലന്മാരെ കൂട്ടിവരേണ്ട ഗതികേടിലാണ് കേരളീയര്‍. ജനാധിപത്യം പുലരുന്നു എന്നു പറയുമ്പോഴും നീതി തേടിയെത്തുന്ന ബഹു ഭൂരിപക്ഷത്തിനും മനസ്സിലാകാത്ത ഭാഷയില്‍ ജനാധിപത്യത്തിന്‍െറ പ്രധാന സ്തംഭങ്ങളിലൊന്നായ ജുഡീഷ്യറി പ്രവര്‍ത്തിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്.
കേരളത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലും മലയാളം പഠിപ്പിക്കാനായി (ഇന്ത്യയില്‍ മാതൃഭാഷ അല്‍പം പോലും പഠിക്കാതെ ഏത് ബിരുദവും കരസ്ഥമാക്കാന്‍ കഴിയുന്ന ഏക സംസ്ഥാനമാണ് കേരളം) 2010 മേയ് ആറ് മുതല്‍ 2011 മേയ് 19 വരെ വിവിധ ഉത്തരവുകള്‍ ഇറങ്ങിയെങ്കിലും ഏട്ടിലെപശു പുല്ലു തിന്നാത്തതുകൊണ്ടുതന്നെ ഇതുവരെ നടപ്പായിട്ടില്ല. ആത്മാര്‍ഥമായ ഒരു ശ്രമവും സര്‍ക്കാറിന്‍േറയോ വിദ്യാഭ്യാസ വകുപ്പിന്‍േറയോ ഭാഗത്തു നിന്ന് ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല എന്നതിനാല്‍ ഉത്തരവ് കടലാസില്‍ ഉറങ്ങുകയാണ്.
കേരളവികസനത്തിന് ഭാവിയില്‍ ഏറ്റവുംകൂടുതല്‍ സംഭാവനകള്‍ നല്‍കേണ്ട ഒരു സര്‍വകലാശാലയാണ് മലയാള സര്‍വകലാശാല. എന്നാല്‍, കേന്ദ്ര സര്‍വകലാശാലക്ക് 400 ഏക്കറിലധികവും അലീഗഢ് സര്‍വകലാശാലയുടെ ഒരു കേന്ദ്രത്തിന് 450 ഏക്കറും കണ്ടെത്താന്‍ കഴിഞ്ഞ സര്‍ക്കാറിന് വിശാലമായ ഒറ്റ കാമ്പസ് പോലും മലയാള സര്‍വകലാശാലക്കായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആസ്ഥാന കാര്യാലയം തിരൂര്‍ തുഞ്ചന്‍ കോളജിലും ലൈബ്രറി 30 കിലോമീറ്റര്‍ ദൂരെ തിരുന്നാവായയിലും വകുപ്പുകള്‍ വിവിധ പഞ്ചായത്തുകളിലും എന്നിങ്ങനെയാണ് സര്‍വകലാശാല വിഭാവനം ചെയ്തിരിക്കുന്നതെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. സ്ഥലം ലഭ്യമാവുന്ന ഒറ്റസ്ഥലത്ത് തുടങ്ങുന്നതിന് പകരം ആരുടെയെല്ലാമോ താല്‍പര്യ സംരക്ഷണത്തിനായി ഉന്നത വിദ്യാഭ്യാസ സംവിധാനത്തെ ചുരുക്കുന്നത് ഒരു ജനാധിപത്യ സര്‍ക്കാറിന് ഭൂഷണമല്ല. മാത്രമല്ല ലോകത്തെ വിവിധ ഭാഷകളില്‍നിന്ന് ശാസ്ത്രവും സാമൂഹിക ശാസ്ത്രവും ഉള്‍പ്പെടെയുള്ള വിജ്ഞാനം മലയാളത്തില്‍ എത്തിക്കാനും എല്ലാ വിഷയങ്ങളും (വൈദ്യശാസ്ത്രം ഉള്‍പ്പെടെ) മലയാളത്തില്‍ പഠിക്കാനുമുതകുന്ന തരത്തിലുള്ള ഉന്നതമായ ഒരു സങ്കല്‍പനം മലയാള സര്‍വകലാശാലയുടെ ഉള്ളടക്കത്തില്‍ ഉണ്ടാവുകയും വേണം. ഇലകളുടെ ഫോസിലുകള്‍ ചുമക്കുന്ന ഭാഷയായല്ല നാളെയുടെ പ്രതീക്ഷകളെ പ്രതിനിധാനം ചെയ്യുന്ന ഭാഷയായി മലയാളത്തെ ഉയര്‍ത്തുക എന്നതായിരിക്കണം സര്‍വകലാശാലയുടെ ലക്ഷ്യം. അത്തരം ഒരു സര്‍വകലാശാലക്ക് മാത്രമേ ഭാവിയില്‍ നിലനില്‍പുണ്ടാവൂ എന്ന് സര്‍ക്കാര്‍ തിരിച്ചറിയേണ്ടതുണ്ട്.
വിഷയങ്ങളിലൊന്നും ആത്മാര്‍ഥമായ നടപടികള്‍ സ്വീകരിക്കാതെ അനുഷ്ഠാനങ്ങള്‍ സംഘടിപ്പിക്കുന്നത് തികച്ചും അപഹാസ്യമാണ്. വിശ്വമലയാള മഹോത്സവം എന്നപേരില്‍ കോടികള്‍ ചെലവഴിച്ച് കെട്ടുകാഴ്ചകള്‍ നടത്തുകയല്ല, കോടതിയും ഭരണവും വിദ്യാഭ്യാസവും മലയാളത്തിലാക്കി ആത്മാര്‍ഥത തെളിയിക്കുകയാണ് ഇത്തരുണത്തില്‍ ജനാധിപത്യ സര്‍ക്കാറിന് അഭികാമ്യം. 
-സുബൈര്‍ അരിക്കുളം
(മലയാള ഐക്യവേദി ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
മാധ്യമം
31.10.2012

2012, ഒക്‌ടോബർ 28, ഞായറാഴ്‌ച

മലയാളം എന്ന വികാരം


നവംബറിന്റെ വരവ് മലയാളത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്നു. കേരളപ്പിറവി ആഘോഷവും മാതൃഭാഷാവാരാചരണവും ഭരണഭാഷ മലയാളമാക്കുന്നതിനെക്കുറിച്ചുള്ള ശില്പശാലകളും പ്രതിജ്ഞയെടുക്കലുകളുമായി നവംബറിന്റെ ആദ്യവാരം മാതൃഭാഷാസ്‌നേഹത്താല്‍ നിര്‍ഭരമാകും. അതുകഴിഞ്ഞാല്‍ എല്ലാം പഴയപടിയാവുന്നതാണ് കാലാകാലങ്ങളായുള്ള അനുഭവം. എന്നാല്‍, വ്യത്യസ്തമാണ് ഈ വര്‍ഷം. മലയാള സര്‍വകലാശാല സ്ഥാപിക്കാനുള്ള തീരുമാനവും രണ്ടുകോടിരൂപ ചെലവിട്ട് വിശ്വമലയാളമഹോത്സവം നടത്താനുള്ള തീരുമാനവും മാതൃഭാഷാ സ്‌നേഹികളില്‍ പ്രതീക്ഷകള്‍ സൃഷ്ടിച്ചിട്ടുണ്ട്. വാഗ്ദാനങ്ങളില്‍ നിന്ന് പ്രായോഗികതലത്തിലെത്തി എന്നതാണ് ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നേട്ടം. എന്നാല്‍, മാതൃഭാഷയുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ഭരണത്തിന്റെ തലപ്പത്തുള്ളവര്‍ കാണിക്കുന്ന ശുഷ്‌കാന്തി താഴേത്തട്ടുകളില്‍ കാണുന്നില്ല എന്നതാണ് വാസ്തവം. കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കുന്നതിന് മുഖ്യമന്ത്രി പലതവണ ഉത്തരവിട്ടിട്ടും വിദ്യാഭ്യാസ വകുപ്പില്‍ അത് തടഞ്ഞുനിന്നത് ഉദാഹരണം. മാതൃഭാഷാ സ്‌നേഹികളുടെ സംഘടനകള്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയതിന്റെ ഫലമായാണ് പൊതുവിദ്യാഭ്യാസ വകുപ്പില്‍നിന്ന് ഇതിന്റെ നിര്‍ദേശം വിദ്യാലയങ്ങളില്‍ എത്തിയത്. സി.ബി.എസ്.ഇ. പാഠ്യപദ്ധതിയുള്ള വിദ്യാലയങ്ങളില്‍ ഉത്തരവുനടപ്പാക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരശ്രദ്ധ പതിപ്പിച്ചേ പറ്റൂ. കേരളത്തിന്റെ സാംസ്‌കാരികവും രാഷ്ട്രീയവും സാമൂഹികവുമായ അസ്തിത്വത്തിന്റെ അടിസ്ഥാനമാണ് മലയാളമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവുമെന്ന് തോന്നുന്നില്ല.


മാതൃഭാഷാ പോഷണത്തെക്കുറിച്ചുള്ള ഉദ്ദേശ്യശുദ്ധി നിറഞ്ഞ സങ്കല്പങ്ങള്‍, വിശാലമായ കാഴ്ചപ്പാടും ദീര്‍ഘവീക്ഷണവും ആത്മാര്‍ഥതയുമില്ലാത്തതുകൊണ്ട് വഷളായിത്തീരുന്നതിന് സര്‍ക്കാറിന്റെയും സര്‍വകലാശാലയുടെയുമൊക്കെ സാംസ്‌കാരിക സ്ഥാപനങ്ങള്‍ തെളിവാണ്. രാഷ്ട്രപതി ഒക്ടോബര്‍ 30-ന് ഉദ്ഘാടനം ചെയ്യുന്ന വിശ്വമലയാള മഹോത്സവത്തിന്റെ നടത്തിപ്പിനെപ്പറ്റി ഉയരുന്ന ആക്ഷേപങ്ങള്‍ സര്‍ക്കാറിന്റെ ഉദ്ദേശ്യശുദ്ധിയെയാണ് കളങ്കപ്പെടുത്തുന്നത്. സംഘാടനത്തിലെ പിഴവുകളും സ്വകാര്യ താത്പര്യങ്ങളുമാണ് ആക്ഷേപങ്ങള്‍ക്കിടയാക്കിയത്. മലയാളത്തിന്റെ മഹിമ ലോകത്തോട് വിളിച്ചുപറയാന്‍ വേണ്ടിയുള്ള ഈ ഉത്സവത്തിന്റെ പ്രചാരണത്തിനായി താത്കാലികമായി സ്ഥാപിച്ച പ്രതിമകളില്‍ പറ്റിയ പിഴവുകള്‍ ദുഃഖകരമായിരുന്നു. മലയാളത്തിലെ ആഖ്യായികാസാഹിത്യത്തിലെ കുലപതികളിലൊരാളായ സി.വി. രാമന്‍പിള്ളയ്ക്കുപകരം വിശ്രുത ഭൗതികശാസ്ത്രജ്ഞനായ സി.വി. രാമന്റെ പ്രതിമ വെച്ചും മുപ്പത്തേഴാം വയസ്സില്‍ മരിച്ച ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയുടെ വൃദ്ധരൂപം സ്ഥാപിച്ചുമൊക്കെയായിരുന്നു പ്രചാരണം. ചരിത്രസംഭവമാകേണ്ട ഒരു മഹാസമ്മേളനം തിടുക്കപ്പെട്ട് രൂപപ്പെടുത്തുകയും അതിന്റെ സംഘാടനം ഏതാനും വ്യക്തികളിലേക്ക് ഒതുക്കുകയും ചെയ്തിടത്താണ് പിഴവുണ്ടായത്. സുതാര്യത നഷ്ടപ്പെട്ടുവെന്ന ആശങ്ക സമ്മേളനം കഴിഞ്ഞാലും പരിഹരിക്കേണ്ടതാണ്. ക്ലാസിക്കല്‍ പദവിക്കുവേണ്ടിയുള്ള അവകാശവാദം തിരസ്‌കരിക്കപ്പെട്ട മലയാളത്തിന്റെ യഥാര്‍ഥ ശ്രേഷ്ഠത വിളിച്ചോതുന്നതാവണം വിശ്വമലയാള മഹോത്സവം. സുതാര്യവും സത്യസന്ധവും ജനാധിപത്യപരവുമായ നടപടികള്‍ സംഘാടകര്‍ സ്വീകരിച്ചില്ലെങ്കില്‍ വെറുതേ പഴി കേള്‍ക്കേണ്ടിവരിക രാഷ്ട്രീയനേതൃത്വത്തിനാണ്.ഭരണഭാഷാവാരാചരണവും വിശ്വമലയാളോത്സവവും മലയാള സര്‍വകലാശാലയുമെല്ലാം ഒരു ജീവല്‍മലയാളത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാവണം. ഇംഗ്ലീഷിന്റെയും സംസ്‌കൃതത്തിന്റെയും പ്രസരം കുറഞ്ഞ ഒരു മലയാളം വികസിപ്പിച്ചെടുക്കാനാണ് സാംസ്‌കാരികസ്ഥാപനങ്ങളും സര്‍വകലാശാലകളും ശ്രമിക്കേണ്ടത്. ശ്രേഷ്ഠഭാഷാപദവിക്കുപിന്നാലെപ്പോയി നേരംകളയുന്നതിനേക്കാള്‍ നല്ല മലയാളമുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്. എന്നാല്‍, സാംസ്‌കാരികസ്ഥാപനങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്ന പുസ്തകങ്ങള്‍പോലും അബദ്ധമുക്തമല്ല. ക്ലാസിക്കല്‍മലയാളത്തേക്കാള്‍ ക്ലാസില്‍ പഠിപ്പിക്കുന്ന മലയാളമുണ്ടാവുമ്പോഴേ തെളിമലയാളം ഉരുത്തിരിയൂ. ഒന്നാംഭാഷ മലയാളമാവേണ്ടതിന്റെ ആവശ്യകത അതാണ്. അത് നടപ്പാക്കാന്‍ തടസ്സവാദങ്ങള്‍ എവിടെനിന്നെങ്കിലും ഉണ്ടാവുകയാണെങ്കില്‍ നിയമനിര്‍മാണം നടത്താനുള്ള ധീരത സര്‍ക്കാര്‍ കാണിക്കണം. സുതാര്യവും നീതിപൂര്‍വവും ആത്മാര്‍ഥവുമായ പ്രവര്‍ത്തനത്തിലൂടെ സര്‍ക്കാറും ജനങ്ങളും ഒത്തുചേര്‍ന്ന് നടത്തേണ്ട പ്രവര്‍ത്തനമാണ് മാതൃഭാഷാവികസനം. അതില്‍ മുഖ്യപങ്കുവഹിക്കേണ്ടത് സാംസ്‌കാരികസ്ഥാപനങ്ങളാണ്. വിദഗ്ധമായ നേതൃത്വവും ഉന്നതലക്ഷ്യമുള്ള പ്രവര്‍ത്തനങ്ങളും വഴി അവയ്ക്ക് അത് കൈവരിക്കാനാവും. അത് നിര്‍വഹിക്കണമെന്നേയുള്ളൂ. നവംബറിലെ ആദ്യവാരത്തില്‍ മാത്രം ഓര്‍ക്കാനുള്ളതല്ല എല്ലാനിമിഷവും തീവ്രമായി നില്‍ക്കാനുള്ള വികാരമാണ് മലയാളിക്ക് മലയാളം.


മലയാളം സര്‍വകലാശാലയെ വെട്ടിമുറിക്കാന്‍ അനുവദിക്കില്ല


2012, ഒക്‌ടോബർ 17, ബുധനാഴ്‌ച

കോടതിഭാഷ മലയാളമാക്കാന്‍ ആവശ്യം ശക്തം

കൊച്ചി: കോടതിഭാഷ മലയാളമാക്കാനുള്ള ആവശ്യം ശക്തിപ്പെടുന്നു. അറിവ് നിഷേധിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന കാഴ്ചപ്പാടിലൂന്നിയാണ് മലയാളഭാഷാവാദികള്‍ ഇതിനുള്ള ശ്രമം പുനരാരംഭിച്ചത്. ഭാഷ മലയാളമാക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാറാണ്. ഇക്കാര്യത്തില്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ ലക്ഷ്യമിട്ട് കാല്‍ ലക്ഷത്തിലധികം ആളുകള്‍ ഒപ്പിട്ട ഭീമ ഹരജി കഴിഞ്ഞ വര്‍ഷം മലയാള പ്രസ്ഥാനം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ഒപ്പം കീഴ്കോടതി ഭാഷ മലയാളമാക്കണമെന്നാവശ്യപ്പെടുന്ന ഹരജി പ്രഫ. എം.എന്‍. കാരശേരി കോടതിയില്‍ നേരത്തേ നല്‍കിയിട്ടുണ്ട്. ഈ ഹരജിയില്‍ നിലപാടറിയിക്കാന്‍ രജിസ്ട്രാറോട് ഹൈകോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്.
കേരളത്തിന്‍െറ ഔദ്യാഗിക ഭാഷ മലയാളമാക്കണമെന്ന അച്യുതമേനോന്‍ സമിതിയുടെ ശിപാര്‍ശ 1958 ല്‍ നല്‍കിയിരുന്നു. ഇത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഫലം കണ്ടില്ല. 1969 ല്‍ ഭരണഭാഷാ പ്രഖ്യാപനം നടന്നപ്പോള്‍ തന്നെ കോടതികളിലെ ഭാഷ മലയാളമാക്കണമെന്ന നിര്‍ദേശം സര്‍ക്കാറിന് ലഭിച്ചിരുന്നു. 1973 ല്‍ വീണ്ടും ഈ ആവശ്യം ശക്തമായതോടെ കീഴ്കോടതികളില്‍ മലയാളം നടപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈകോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നല്‍കി. 1987 ല്‍ ജസ്റ്റിസ് കെ.കെ. നരേന്ദ്രന്‍ കമീഷന്‍ ഇതേ ആവശ്യം വിശദമായ നിര്‍ദേശങ്ങള്‍ സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, 40 വര്‍ഷം പിന്നിട്ടിട്ടും ഭാഷ മലയാളമാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
കോടതികളില്‍ നീതി തേടി എത്തുന്നവര്‍ ഭൂരിഭാഗവും ഇംഗ്ളീഷ് പരിജ്ഞാനം ഇല്ലാത്തവരാണ്. ചട്ടങ്ങളും ഉപവകുപ്പുകളും കടുപ്പമേറിയ പദപ്രയോഗങ്ങളുമടങ്ങുന്ന കോടതി നടപടി രേഖകള്‍ ഇംഗ്ളീഷില്‍ നല്‍കുന്നത് കക്ഷികള്‍ക്ക് ആശയക്കുഴക്കം സൃഷ്ടിക്കുമെന്ന് മലയാള ഭാഷാവാദികള്‍ പറയുന്നത്.
ഇംഗ്ളീഷിലുള്ള അറിവില്ലായ്മ കൊണ്ട് അഭിഭാഷകരുടെ ചൂഷണം ഏറെയാണ്. കോടതിയിലെ വാദവും വിധിന്യായവും കൂടുതലും ഇംഗ്ളീഷിലാണ്. അതുകൊണ്ടുതന്നെ കോടതി മുറികളില്‍ അര്‍ഥമറിയാതെ നില്‍ക്കുന്നവരാണ് കക്ഷികളില്‍ കൂടുതലും. തമിഴ്നാട്ടിലും കര്‍ണാടകയിലും ഉത്തരേന്ത്യയിലും കോടതി നടപടികള്‍ അവരവരുടെ ഭാഷകളിലാണ് രേഖപ്പെടുത്തുന്നത്.
മറ്റ് രാജ്യങ്ങളിലും ഇത്തരത്തില്‍ സ്വന്തം ഭാഷ ആക്കുന്നതിന് സമരങ്ങളും പ്രക്ഷോഭങ്ങളും നടന്നിട്ടുണ്ട്.
നിലവില്‍ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കുന്നതും മൊഴിയെടുക്കുന്നതും രേഖകള്‍ സമര്‍പ്പിക്കുന്നതുമെല്ലാം മലയാളത്തിലാണ്. ഇത് കോടതികളിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ഐക്യ മലയാള പ്രസ്ഥാനം ശനിയാഴ്ച എറണാകുളം ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വൈകുന്നേരം മൂന്നിന് കോടതി ഭാഷാ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനുള്ള നടപടി നടപ്പാക്കുന്നതുവരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഭാഷാ വാദികളുടെ തീരുമാനം.

2012, ഒക്‌ടോബർ 13, ശനിയാഴ്‌ച

VS asks CM to call for expert views on Malayalam varsity

Leader of the Opposition V.S. Achuthanandan has urged the government to set up an expert committee to recommend the academic areas that should become the focus of the proposed Malayalam University.
In a letter to Chief Minister Oommen Chandy on Friday, he said the government appeared to be in a hurry to inaugurate the university on November 1 on the basis of a report prepared by Chief Secretary K. Jayakumar.
In his report, Mr. Jayakumar had proposed courses such as M.A. (Poetry), M.A. (Drama), M.A. (Novel), and also two campuses spread over an area of 100 acres for the university, Mr. Achuthanandan said.
But Mr. Achuthanandan said there should be more discussion for deciding where the campus should be located and how much land should be made available for it.
He also felt the Chief Secretary’s recommendations were not in line with the basic concept of such a university.
The university should be one that should deal with specialised research in Malayalam language and literature and also in Kerala culture. The universities devoted to Tamil, Kannada and Telugu could provide a model for Malayalam University, Mr. Achuthanandan said.
He wanted the government to include teachers and academicians of high stature in the expert committee for preparing a detailed report on the character of the university. The report should then be subjected to a discussion before accepting the final scheme of the university.
He also urged the government to introduce a Bill in the Assembly for making Malayalam the compulsory first language in all schools in the State.
The government had issued an order stipulating the teaching of Malayalam as the first language in the schools, but a Division Bench of the High Court of Kerala had ruled that the government could not issue such a stipulation in the case of the CBSE schools in the State.
More and more CBSE schools were being sanctioned in the State. If Malayalam was not taught in these schools, the younger generation would soon be totally alienated from the language, he said.

2012, ഒക്‌ടോബർ 2, ചൊവ്വാഴ്ച

കോടതിഭാഷ - നിവേദനമാതൃക


സര്‍ക്കാര്‍ ജോലി കിട്ടാന്‍ മലയാളം അറിയണം

തിരുവനന്തപുരം: മലയാളഭാഷാ പരിജ്ഞാനം കേരളത്തില്‍ സര്‍ക്കാര്‍ ജോലിക്കുള്ള അനിവാര്യയോഗ്യതയാക്കണമെന്ന് സംസ്ഥാന സാംസ്‌കാരിക നയം ശുപാര്‍ശ ചെയ്യുന്നു. സിവില്‍ സര്‍വീസില്‍ നിന്ന് ഓരോ സംസ്ഥാനത്തും നിയമിക്കപ്പെടുന്നവര്‍ തദ്ദേശഭാഷ പഠിക്കണമെന്ന് നിര്‍ബന്ധമുള്ളപോലെയായിരിക്കണം സര്‍ക്കാര്‍ ജോലിക്കുള്ള മലയാളത്തിലെ അറിവ്.

എന്‍ജിനീയറിങ്, മെഡിസിന്‍, ഐ.ടി. എന്നിങ്ങനെ പൊതുപരീക്ഷയിലൂടെ പ്രവേശനം നടത്തുന്ന കോഴ്‌സുകള്‍ക്ക് മലയാളത്തിലും ചോദ്യങ്ങള്‍ ലഭ്യമാക്കണം. മാതൃഭാഷയിലും ഉത്തരമെഴുതാന്‍ അനുവദിക്കുകയും വേണം. പി.ടി.തോമസ് എം.പി. അധ്യക്ഷനായ സമിതി രൂപം നല്‍കിയ കരട് സാംസ്‌കാരിക നയം സര്‍ക്കാരിന്റെ പരിഗണനയിലാണ്.

ഭരണഭാഷയും കോടതി ഭാഷയും പൂര്‍ണമായും മലയാളത്തിലാക്കണം. അക്കാദമികമായ എല്ലാ മേഖലകളിലും മലയാളത്തിന് പ്രവേശനം നല്‍കണം. സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തുന്ന സെമിനാറുകള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയെല്ലാം മാതൃഭാഷയിലായിരിക്കണം.

വൈദേശിക എഴുത്തുകാരെ ആകര്‍ഷിച്ച് മലയാളം പഠിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. വിദേശികള്‍ക്ക് മലയാളം പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും. മലയാളഭാഷയ്ക്ക് മികച്ച സംഭാവന നല്‍കുന്ന വിദേശികള്‍ക്ക് ഗുണ്ടര്‍ട്ടിന്റെ പേരില്‍ പുരസ്‌കാരം നല്‍കും. ലിപി പരിഷ്‌കരണംപോലെ ഐ.ടി.യുടെ വികാസത്തിന് അനുസൃതമായി ഭാഷ നവീകരിക്കും.

ചെറിയ ക്ലാസുകള്‍ മുതല്‍ തന്നെ സാംസ്‌കാരികാവബോധം വളര്‍ത്താന്‍ തക്ക പാഠങ്ങള്‍ ഉള്‍പ്പെടുത്തണം. പ്രീ പ്രൈമറി, പ്രൈമറി തലത്തിലുള്ള അധ്യാപകര്‍ക്ക് കൈപുസ്തകമായി സാംസ്‌കാരിക പാഠങ്ങള്‍ നല്‍കണം. സമൂഹത്തിന്റെ വാമൊഴി-വരമൊഴി സമ്പത്ത് വിദ്യാഭ്യാസത്തില്‍ ഉപയോഗിക്കണം. സ്‌കൂളുകളില്‍ കലാ, കരകൗശലരംഗങ്ങളില്‍ പരിശീലനം നല്‍കാന്‍ അധ്യാപകരെ നിയമിക്കും.

ദേശീയ സാഹിത്യ, സംഗീത, നാടക അക്കാദമികളുമായി ചേര്‍ന്നുനിന്ന് സംസ്ഥാന സര്‍ക്കാരിന്റെ അക്കാദമികള്‍ക്ക് സ്വയംഭരണാവകാശം നല്‍കണം. കേരള സംസ്‌കാരത്തെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും ഉപദേശിക്കുന്നതിനുമായി 25 പേരടങ്ങുന്ന സാംസ്‌കാരിക ഉപദേശക കൗണ്‍സില്‍ രൂപവത്കരിക്കണം. സാംസ്‌കാരിക മന്ത്രിയായിരിക്കണം ഈ കൗണ്‍സിലിന്റെ ചെയര്‍മാന്‍.
കേരള കലാമണ്ഡലത്തെ നാടന്‍ കലകളടക്കമുള്ള കലകളുടെയും അനുബന്ധവിഷയങ്ങളുടെയും ഉന്നതപഠനത്തിനായി ഒരു സര്‍വകലാശാലയാക്കി ഉയര്‍ത്തണം. നിലവിലുള്ള നൃത്ത, സംഗീത, കലാ കോളേജുകള്‍ ഈ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്യണം. നാടകം, പാരമ്പര്യകലകള്‍ എന്നിവയും പഠനവിഷയമാക്കണം. പഴയ കൊട്ടാരങ്ങള്‍, കോട്ടകള്‍, വാസ്തുശില്പങ്ങള്‍, ചരിത്രാവശിഷ്ടങ്ങള്‍ എന്നിവ സംരക്ഷിച്ച് വിനോദ സഞ്ചാരവും പരിപോഷിപ്പിക്കാം.

അന്യം നിന്നുകൊണ്ടിരിക്കുന്ന നിലത്തെഴുത്ത് കളരികള്‍ പുനരുജ്ജീവിപ്പിക്കും.കലാസാംസ്‌കാരിക രൂപങ്ങളെ രേഖപ്പെടുത്തി സംരക്ഷിക്കാന്‍ ഡോക്യുമെന്റേഷന്‍ സെന്റര്‍ സ്ഥാപിക്കും. ചരിത്രപരമായി പ്രാധാന്യമുള്ള പ്രദേശങ്ങളെ പ്രത്യേക മേഖലകളായി പ്രഖ്യാപിക്കും. സംഗീതോപകരണങ്ങള്‍, ആഭരണങ്ങള്‍, രംഗപ്രയോഗത്തിനുള്ള കോപ്പുകള്‍ എന്നിവയുടെ നിര്‍മാണം കലാപ്രവര്‍ത്തനമായി അംഗീകരിച്ച് പരിപോഷിപ്പിക്കും.

ലൈബ്രറി സെസ്സ് ഒരു ശതമാനമാക്കി ലൈബ്രറികള്‍ക്ക് ലഭിക്കുന്ന തുകയില്‍ കുറവ് വരുത്താതെ അധികമായി ലഭിക്കുന്ന തുക സാംസ്‌കാരിക വകുപ്പിന് നല്‍കണം. എഴുത്തുകാര്‍ക്ക് സ്‌പോണ്‍സര്‍മാര്‍ വഴി വിഖ്യാത സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കും. നാടോടി, ഗോത്രകലകള്‍ സംരക്ഷിക്കാനും നടപടിയുണ്ടാകും. കളരികളും ഗുരുകുലങ്ങളും സംരക്ഷിക്കും.

വൈവിധ്യമാര്‍ന്ന സാംസ്‌കാരിക സവിശേഷതകളെ തുല്യമായി ആദരിക്കുന്ന സാംസ്‌കാരിക നയമാണ് തങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് സമിതി പറയുന്നു. എം. എല്‍.എ മാരായ പാലോട് രവി, സി.പി.മുഹമ്മദ്, അബ്ദുസമദ് സമദാനി, തോമസ് ഉണ്ണിയാടന്‍, സാഹിത്യ അക്കാദമി സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍, ജോര്‍ജ് ഓണക്കൂര്‍, ടി.പി.രാജീവന്‍, എം.ആര്‍. തമ്പാന്‍ എന്നിവരടങ്ങിയ സമതിതിയാണ് സാംസ്‌കാരിക നയത്തിന് രൂപം നല്‍കിയത്.
02.10.2012