2017, മാർച്ച് 5, ഞായറാഴ്‌ച

ഏഴാം സംസ്ഥാന സമ്മേളന വാര്‍ത്തകള്‍.

മലയാള ഐക്യവേദി വയനാട് ജില്ലാ സമ്മേളനം

കല്‍പ്പറ്റ:മലയാള ഐക്യവേദിയുടെ ഏഴാമത് ജില്ലാ സമ്മേളനം ജില്ലാ ലൈബ്രറി ഹാളില്‍ നടന്നു. പൊതു വിദ്യാഭ്യാസത്തെ സംരക്ഷിച്ചുകൊണ്ട് നമ്മുടെ സംസ്‌കാരത്തിന്റെ നന്മകളെ തിരിച്ചു പിടിക്കാന്‍ സമ്മേളനം ആഹ്വാനം ചെയ്തും. സമ്മേളനത്തിന്റെ ഉദ്ഘാടനവും കോഴിക്കോട് സര്‍വ്വകലാശാല യില്‍നിന്നും ‘മൊയിന്‍ കുട്ടി വൈദ്യര്‍ കൃതികള്‍ ഭാഷയും വ്യവഹാരവും’ എന്ന വിഷയത്തില്‍ ഗവേഷണ ബിരുദം കരസ്ഥമാക്കിയ ബാവ കെ.പാലുകുന്നിനുള്ള ഉപഹാരവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. ഇസ്മായില്‍ നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് പി. കെ ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഷാജി പുല്‍പ്പള്ളി പ്രവര്‍ത്തന റപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് പുത്തന്‍പറമ്പില്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം ബാലഗോപാലന്‍, സംസ്ഥാന സമിതി അംഗം പ്രതീപന്‍ എം പി, പ്രീത ജെ. പ്രിയദര്‍ശിന, ബാവ കെ പാലുകുന്ന് , മുഹമ്മദ് ബഷീര്‍ പി. കെ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി. കെ ജയചന്ദ്രന്‍ (പ്രസിഡന്റ്) പ്രീത ജെ.പ്രിയദര്‍ശിനി (വൈസ് പ്രസിഡന്റ്) മുഹമ്മദ് ബഷീര്‍ പി. കെ (സെക്രട്ടറി) അനില്‍ കുറ്റിച്ചിറ (ജോയിന്റ് സെക്രട്ടറി) ബാവ കെ.പാലുകുന്ന് (ഖജാന്‍ജി) പ്രൊഫ പി. സി രാമന്‍കുട്ടി (കണ്‍വീനര്‍).

ഏഴാം സംസ്ഥാന സമ്മേളനം ചിത്രങ്ങളിലൂടെ.
















2017, മാർച്ച് 2, വ്യാഴാഴ്‌ച

ഹൈക്കോടതികളില്‍ ഹിന്ദിയും പ്രാദേശികഭാഷകളും ഉപയോഗിക്കണമെന്ന് പാര്‍ലമെന്ററി സമിതി

ഹൈക്കോടതികളില്‍ ഹിന്ദിയും പ്രാദേശികഭാഷകളും ഉപയോഗിക്കണമെന്ന് പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചു. ജുഡീഷ്യറിയുടെ അനുമതി തേടാതെതന്നെ കേന്ദ്രസര്‍ക്കാരിന് ഇക്കാര്യം നടപ്പാക്കാന്‍ അധികാരമുണ്ടെന്നും സമിതി അഭിപ്രായപ്പെട്ടു നിലവില്‍ സുപ്രീംകോടതിയിലും രാജ്യത്തെ 24 ഹൈക്കോടതികളിലും ഇംഗ്ലീഷിലാണ് വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുന്നത്. കൊല്‍ക്കത്ത, മദ്രാസ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, കര്‍ണാടക ഹൈക്കോടതികളില്‍ യഥാക്രമം ബംഗാളി, തമിഴ്, ഗുജറാത്തി, ഹിന്ദി , കന്നട ഭാഷകള്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് ലഭിച്ചിരുന്നു. എന്നാല്‍, ഈ നിര്‍ദേശങ്ങളെല്ലാം 2012 ഒക്ടോബര്‍ 11-ന് സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു. '97-ലെയും '99-ലെയും സമാനമായ വിധികള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സുപ്രീംകോടതി ഈ ആവശ്യം നിരാകരിച്ചത്. എന്നാല്‍, ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുകയാണെങ്കില്‍ ഇംഗ്ലീഷിന് പുറമേ മറ്റ് പ്രാദേശിക ഭാഷകളും ഹൈക്കോടതികളില്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് പാര്‍ലമെന്ററി സമിതി ചൂണ്ടിക്കാട്ടി. നിയമ, പേഴ്‌സണല്‍കാര്യ വകുപ്പുകള്‍ക്കുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് സമിതിയാണ് ഇക്കാര്യം ശുപാര്‍ശചെയ്തത്. ഭരണഘടനയിലെ 348-ാം വകുപ്പ് പ്രകാരം ഹൈക്കോടതികളില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ള ഭാഷകള്‍ ഉപയോഗിക്കുന്നതിന് ജുഡീഷ്യറിയുമായുള്ള കൂടിയാലോചന ആവശ്യമില്ല. ബന്ധപ്പെട്ട ഭരണഘടനാ വകുപ്പുകള്‍ ഇക്കാര്യത്തില്‍ വളരെ വ്യക്തമാണ് -പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സമിതി പറയുന്നു. 1965-ല്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ച തീരുമാനപ്രകാരം ഹൈക്കോടതികളില്‍ ഉപയോഗിക്കുന്ന ഭാഷ മാറ്റുന്നതിന് മുമ്പ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അഭിപ്രായങ്ങള്‍ തേടാന്‍ വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍, 1965-ലെ തീരുമാനം പുനഃപരിശോധിക്കുന്നതിനായി 2016 ജൂലായില്‍ കേന്ദ്രമന്ത്രിസഭ തയ്യാറാക്കിയ കരട് മന്ത്രിസഭാ കുറിപ്പിന്റെ കാര്യത്തില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്ന് പാര്‍ലമെന്ററിസമിതി ശുപാര്‍ശ ചെയ്തു.
 
ഹൈക്കോടതികളില്‍ ഹിന്ദിയോ പ്രാദേശിക ഭാഷകളോ ഉപയോഗിക്കുന്നതിന് രാഷ്ട്രപതി അനുമതി നല്‍കുന്നതിനുമുമ്പ് ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം തേടല്‍ ആവശ്യമില്ല എന്ന തരത്തില്‍ തീരുമാനമെടുക്കണമെന്നാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.