2010, ഒക്‌ടോബർ 7, വ്യാഴാഴ്‌ച

മലയാളത്തെ ഒഴിവാക്കുന്നതിനെതിരെ മലയാള ഐക്യവേദി


മാതൃഭൂമി
Posted on: 07 Oct 2010
മലയാളത്തെ ഒഴിവാക്കുന്നതിനെതിരെ മലയാള ഐക്യവേദി

തിരുവനന്തപുരം: സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളുകള്‍ പ്ലസ്ടു തലത്തില്‍ രണ്ടാം ഭാഷയായ മലയാളത്തെ ഒഴിവാക്കുന്നതായി മലയാള ഐക്യവേദി ആരോപിച്ചു. മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ആരംഭിച്ച 178 ഹൈസ്‌കൂളുകളില്‍ അനുവദിച്ച പ്ലസ്ടു കോഴ്‌സുകളിലാണ് മലയാളം ഒഴിവാക്കിയത്. മേല്പറഞ്ഞ സ്‌കൂളുകളില്‍ രണ്ടാംഭാഷയായി തിരഞ്ഞെടുക്കാവുന്ന ഭാഷകളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തിയിരുന്നു. ഈ ഭാഷകള്‍ തിരഞ്ഞെടുക്കാനുള്ള അവകാശം മാനേജ്‌മെന്റുകള്‍ക്കാണ് നല്‍കിയിരുന്നത്. ഈ സാഹചര്യത്തിലാണ് മാനേജ്‌മെന്റുകള്‍ മലയാളത്തെ രണ്ടാംഭാഷയില്‍നിന്ന് ഒഴിവാക്കിയത്-മലയാള ഐക്യവേദി കണ്‍വീനര്‍ ഡോ. പി. പവിത്രന്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

ഇങ്ങനെ പ്ലസ്ടുതലത്തില്‍നിന്ന് മലയാളത്തെ ഒഴിവാക്കിയാല്‍ മലയാളം ബിരുദതലത്തില്‍ പഠിക്കാന്‍ ആഗ്രഹക്കുന്നവര്‍ക്ക് കഴിയാതെ വരും. പ്ലസ്ടുവിന് മലയാളത്തിന് നേടുന്ന മാര്‍ക്കാണ് മലയാള ബിരുദ പ്രവേശനത്തിന് മാനദണ്ഡം-അദ്ദേഹം പറഞ്ഞു. ഇതിനെതിരെ മലയാളം ഒഴിവാക്കിയ പ്ലസ്ടു സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതായും അദ്ദേഹം അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കുപോലും മാതൃഭാഷാപഠനം നിര്‍ബന്ധമാണ്. ആ നിലയില്‍ മലയാളം എല്ലാ കോഴ്‌സുകള്‍ക്കും നിര്‍ബന്ധവിഷയമാക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഐക്യവേദി ജനറല്‍സെക്രട്ടറി ഡോ. കെ.എം.ഭരതന്‍, മലയാള വിദ്യാര്‍ഥിവേദി ജനറല്‍ കണ്‍വീനര്‍ വി. നിതേഷ്, ചെയര്‍മാന്‍ ടി.കെ.ഷിബിന്‍, കണ്‍വീനര്‍ കെ.വി. അനൂപ് എന്നിവരും പത്രസമ്മേളനത്തില്‍ സംസാരിച്ചു.