2012, ജൂലൈ 30, തിങ്കളാഴ്‌ച

മലയാളം ഔദ്യോഗിക ഭാഷ: ശുപാര്‍ശ അംഗീകരിച്ചു

തിരുവനന്തപുരം
മലയാളം ഔദ്യോഗിക ഭാഷയാക്കുന്നതു സംബന്ധിച്ച സമിതിയുടെ ശുപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. 2012 നവംബര്‍ മുതല്‍ ഭരണഭാഷാ വര്‍ഷമായി ആചരിക്കും. കാലയളവില്‍ വിവിധ വകുപ്പുകളില്‍ ഔദ്യോഗിക ഭാഷ മലയാളം ആക്കാന്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തും. പൂര്‍ണമായി ഔദ്യോഗിക ഭാഷ മലയാളമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
www.metrovaartha.com

2012, ജൂലൈ 17, ചൊവ്വാഴ്ച

പ്ലസ്‌വണ്‍: സി.ബി.എസ്.ഇ. സ്‌കൂള്‍ പരീക്ഷ പരിഗണിക്കേണ്ടെന്ന് ശുപാര്‍ശ

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് സി.ബി.എസ്.ഇ. സ്‌കൂളുകള്‍ നടത്തുന്ന പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കേണ്ടതില്ലെന്ന് കരിക്കുലം കമ്മിറ്റി ഉപസമിതി നിര്‍ദേശിച്ചു. ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കുമാത്രം പ്രവേശന മാനദണ്ഡമാക്കി പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്താനും സമിതി ശുപാര്‍ശ ചെയ്തു.

സി.ബി.എസ്.ഇ. വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ സീറ്റുകള്‍ മുഴുവന്‍ കൈയടക്കുന്നത് വിവാദമായതോടെ ഇക്കാര്യത്തില്‍ കരിക്കുലം കമ്മിറ്റിയുടെ നിര്‍ദേശം സര്‍ക്കാര്‍ ആരാഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ചൊവ്വാഴ്ച ഉപസമിതി യോഗം ചേര്‍ന്നത്.

എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എസ്.എല്‍.സി. എന്നിവ വിജയിച്ചെത്തുന്നവര്‍ക്ക് പ്രവേശനത്തിനായി മൂന്ന് പോയിന്‍റ് ബോണസ് നല്‍കാനും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. സ്വന്തം സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന മുഴുവന്‍ വിഷയത്തിനും എ പ്ലസ് ലഭിച്ചവര്‍ക്കുള്ള അധിക പോയിന്‍റ് അഞ്ചായി ഉയര്‍ത്തണമെന്നാണ് സമിതിയുടെ മറ്റൊരാവശ്യം. ഇപ്പോള്‍ ഈ വിഭാഗത്തിന് രണ്ട് പോയിന്‍റാണ് അധികമായി നല്‍കുന്നത്. ഗുണമേന്മയുള്ള ഏകീകൃത സിലബസ് നടപ്പാക്കണമെന്ന നിര്‍ദേശവും ഹയര്‍ സെക്കന്‍ഡറി ജോയിന്‍റ് ഡയറക്ടര്‍ അനില്‍കുമാര്‍, എസ്.സി.ഇ.ആര്‍. ടി. റിസര്‍ച്ച് ഓഫീസര്‍ ഡോ. തിലക്, സംഘടനാ നേതാക്കളായ ജെ. ശശി, ഹരിഗോവിന്ദന്‍ എന്നിവരടങ്ങിയ സമിതി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.
മാതൃഭൂമി

വിഷയത്തില്‍ മലയാള ഐക്യവേദി നടത്തിയ ഇടപെടലുകള്‍,

പ്ലസ് വണ്‍ പ്രവേശനം: കേരള സിലബസുകാരുടെ സാധ്യത മങ്ങുന്നു

പ്ലസ് വണ്‍ പ്രവേശനം : പ്രതിഷേധ ജാഥ

പ്ലസ് വണ്‍ പ്രവേശനം : മാതൃഭാഷയില്‍ പഠിച്ചുവന്ന വിദ്യാര്‍ത്ഥികളെ ചവിട്ടിപ്പുറത്താക്കരുത്

2012, ജൂലൈ 10, ചൊവ്വാഴ്ച

മലയാളം ഒന്നാംഭാഷയാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ അട്ടിമറിക്കുന്നു - വി.എസ്

കൊച്ചി: മലയാളം ഒന്നാംഭാഷയും നിര്‍ബന്ധിത ഭാഷയും ആക്കാനുള്ള തീരുമാനം യു.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. മലയാളത്തെ ഒന്നാം ഭാഷയാക്കാനുള്ള ഉത്തരവ് രണ്ടാമത്തെ അധ്യയനവര്‍ഷം ആരംഭിച്ചിട്ടും നടപ്പാക്കാതെ സര്‍ക്കാര്‍ പൂഴ്ത്തിവെക്കുകയാണെന്നും അദേഹം ആരോപിച്ചു.
മഹാരാജാസ് സെന്‍റിനറി ഹാളില്‍ നടന്ന ജഗതിക് കൊങ്കണി സംഘടനയുടെ കേരള പ്രദേശ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളത്തിന് ക്ളാസിക്കല്‍ പദവി നല്‍കണമെന്ന കേരളത്തിന്‍െറ അവശ്യത്തില്‍ കേന്ദ്രം വിവേചനം കാട്ടുകയാണ്.
മലയാളത്തിന് ക്ളാസിക് പദവി നല്‍കണമെന്ന് പറയുന്ന സംസ്ഥാന സര്‍ക്കാറിനുപോലും ഇക്കാര്യത്തില്‍ ആത്മാര്‍ഥതയില്ല. അതിനാലാണ് മലയാളം ഒന്നാംഭാഷയാക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത്. പ്രാദേശിക ഭാഷകള്‍ക്ക് മേല്‍ വലിയഭാഷകള്‍ അധിനിവേശം നടത്തുകയാണ്. ഇംഗ്ളീഷും ഹിന്ദിയും മാത്രം പഠിച്ചാലെ പ്രയോജനമുള്ളൂവെന്ന തരത്തില്‍ പ്രചാരണവും നടക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാറിന്‍െറ പ്രവര്‍ത്തനം ഇത്തരം പ്രചാരണങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഭാഷക്കുനേരെയുള്ള കടന്നുകയറ്റങ്ങള്‍ സാംസ്കാരിക അധിനിവേശമായി കണക്കാക്കണം. പ്രാദേശികഭാഷകള്‍ അതത് സമൂഹത്തിന്‍െറ സാംസ്കാരിക തനിമഉള്‍ക്കൊള്ളുന്നതാണ്. മാതൃഭാഷയെ മറക്കുകയെന്നാല്‍ അമ്മയെ മറക്കുന്നതിനു തുല്യമാണ്്. സംസ്കാരത്തിന്‍െറ കാതലാണ് ഭാഷയെന്നും വി.എസ് പറഞ്ഞു.
ജഗതിക് കൊങ്കണി സംഘടനയുടെ പ്രസിഡന്‍റ് തൊമസിഞ്ഞോ കാര്‍ഡോസ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എറിക് ഒസാറിയോ മുഖ്യപ്രഭാഷണം നടത്തി. ചെയര്‍മാന്‍ കെ.കെ. ഉത്തരന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നാല് സെഷനിലായി കൊങ്കണി ഭാഷയും സംസ്കാരവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയും നടന്നു.
മാധ്യമം