ലേഖനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലേഖനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2016 ഫെബ്രുവരി 22, തിങ്കളാഴ്‌ച

മാതൃഭാഷകളുടെ കാവുതീണ്ടല്‍.

ലോക മാതൃഭാഷാദിനമായ ഫിബ്രവരി 21-ന് ഇന്ത്യയിലെ മാതൃഭാഷാസംഘടനകൾ ഡൽഹിയിൽ ഒത്തുകൂടുകയാണ്. ഭരണഘടനയിലെ എട്ടാംപട്ടികയിൽപ്പെടുത്തിയ 22 ഭാഷകൾക്കു പുറമെ അതിൽപ്പെടാത്ത ന്യൂനപക്ഷഭാഷകളുടെ സംഘടനകളും ഈ സംഗമത്തിലുണ്ടാകും. മാതൃഭാഷകൾക്കായുള്ള ഒരു പൊതു അവകാശപ്രഖ്യാപനവും അവിടെ നടക്കും.സ്വാതന്ത്ര്യസമരകാലത്തെ വാഗ്ദാനമായിരുന്ന ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനരൂപവത്‌കരണം സ്വാതന്ത്ര്യത്തിനുശേഷം നിറവേറ്റപ്പെട്ടില്ല. ഇന്ത്യാ ചരിത്രത്തിൽ വേണ്ടത്ര രേഖപ്പെടുത്താതെപോയതും ഒരു ദശകം നീണ്ടുനിന്നതുമായ മറ്റൊരു സമരം വേണ്ടിവന്നു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ ഉണ്ടാകാൻ. 1956-ൽ കേരളം പിറന്നതിനുപിന്നിൽ ഐക്യകേരളപ്രസ്ഥാനം മാത്രമല്ല വിവിധ പ്രദേശങ്ങളിൽ നടന്ന ഭാഷാസമരങ്ങളുടെ പരിണതഫലംകൂടിയുണ്ടായിരുന്നു. രൂക്ഷമായ സമരങ്ങളാണ് പലയിടത്തും നടന്നത്.

    ഭാഷാസംസ്ഥാനങ്ങൾ ഉണ്ടായിട്ടും ഭാഷാപരമായ ജനാധിപത്യം ആദ്യം വേരുറച്ചില്ല. യൂറോപ്പിലെ പല ഭാഷകളെക്കാളും അംഗസംഖ്യയുള്ള ഇന്ത്യൻ ഭാഷകൾക്ക് അർഹമായ വികസനം തടയപ്പെട്ടു. ഇന്ത്യൻ യൂണിയന്റെ ഔദ്യോഗികഭാഷയായി ഹിന്ദി പ്രഖ്യാപിക്കപ്പെട്ടു. അത് പൂർണമായി നടപ്പാകാൻ വൈകുമെന്നതിനാൽ താത്കാലികസംവിധാനമായി ഇംഗ്ലീഷും ഔദ്യോഗികഭാഷയാക്കി. ഇതോടെ ഹിന്ദിയും ഇംഗ്ലീഷും രൂപപ്പെടുന്നതിന്‌ നൂറ്റാണ്ടുകൾക്കുമുമ്പേ ശക്തിപ്രാപിച്ചിരുന്ന മലയാളമുൾപ്പെടെയുള്ള ഭാഷകൾ അവഗണിക്കപ്പെട്ടു. ഇംഗ്ലീഷിൽ ആദ്യത്തെ ശാസ്ത്രകൃതി വരുന്നതിനുമുമ്പേ മലയാളത്തിൽ ശാസ്ത്രകൃതികൾ രൂപപ്പെട്ടിരുന്നു. 1530-ൽ പുറത്തുവന്ന ‘യുക്തിഭാഷ’ എന്ന ഗണിതകൃതി ഒരുദാഹരണം മാത്രം.
    സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുപിന്നാലെവന്ന, 1948-ലെ ഡോ. എസ്. രാധാകൃഷ്ണൻ വിദ്യാഭ്യാസ കമ്മിഷൻ ഉന്നതവിദ്യാഭ്യാസത്തിന്റെ മാധ്യമം മാതൃഭാഷയായിരിക്കണമെന്നാണു നിർദേശിച്ചത്. ഈ കാഴ്ചപ്പാടിന്റെകൂടി അടിസ്ഥാനത്തിലാണ് ഭരണ, വിദ്യാഭ്യാസ തലങ്ങളിൽ ഉപയോഗിക്കാൻകഴിയുന്ന ഭാഷകളെന്നനിലയിൽ എട്ടാംപട്ടികയിൽ ചില ഭാഷകളെ ഉൾപ്പെടുത്തിയതും.      എന്നാൽ, ഈ മേഖല പിന്നീട് അവഗണിക്കപ്പെടുകയാണുണ്ടായത്. ഇന്ന് ഇന്ത്യയിൽ പ്രാഥമികവിദ്യാഭ്യാസത്തിൽപ്പോലും മാതൃഭാഷ പിന്തള്ളപ്പെടുന്നു. സംസ്ഥാനതലപരീക്ഷകളുടെ മാധ്യമമെന്നനിലയിൽ കേരളംപോലുള്ള സംസ്ഥാനങ്ങളിൽ മാതൃഭാഷ അവഗണനനേരിടുന്നു. ഐ.എ.എസ്., ഐ.പി.എസ്. ഉൾപ്പെടെയുള്ള സിവിൽ സർവീസ് പരീക്ഷകൾ മലയാളത്തിലെഴുതാമെന്നിരിക്കെ കേരളത്തിലെ പി.എസ്.സി. പരീക്ഷകൾ മിക്കതും ഇംഗ്ലീഷിൽ മാത്രമേ എഴുതാനാവൂ എന്നതുതന്നെ ഉദാഹരണം.

അഖിലേന്ത്യാ മെഡിക്കൽ പ്രവേശനപരീക്ഷകൾ എട്ട് ഇന്ത്യൻ ഭാഷകളിൽ നടത്താൻ തീരുമാനിക്കപ്പെടുമ്പോൾ കേരളത്തിൽ സംസ്ഥാന പ്രവേശനപരീക്ഷകൾക്കുപോലും മലയാളം മാധ്യമമല്ല. സ്വന്തം ഭാഷയിൽ ഒബ്ജക്ടീവ് ടൈപ്പിൽനിന്ന് തിരഞ്ഞെടുത്ത് എഴുതിക്കയറുന്ന കുട്ടിയുടെ വേഗത്തോട്, പൊങ്ങച്ചത്തിനായി, അറിയാത്ത ഭാഷയിൽ എഴുതുന്ന കുട്ടിക്ക് മത്സരിച്ച് ജയിക്കാൻ കഴിയില്ല. മാതൃഭാഷയിൽ അനായാസമായി എഴുതുന്ന ഇതരസംസ്ഥാനങ്ങളിലെ വിദ്യാർഥികളോടുവേണം ഇനി ഇംഗ്ലീഷിൽ എഴുതുന്ന മലയാളി മത്സരിച്ചു വിജയിക്കാൻ എന്നു മനസ്സിലാക്കിത്തുടങ്ങുമ്പോൾ ഒരുപക്ഷേ, കേരളത്തിലെ രക്ഷിതാക്കൾതന്നെ മാതൃഭാഷയിൽ പ്രവേശനപരീക്ഷഴുതാനുള്ള അവകാശത്തിനുവേണ്ടി വാദിച്ചുവെന്നുവരാം.
        കേരളത്തെപ്പോലെയല്ല മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി. അതിനായി അവിടങ്ങളിലെ മാതൃഭാഷാസംഘടനകൾക്ക് ശക്തമായ സർക്കാർ  പിന്തുണയുണ്ട്. ഭരണത്തിലും വിദ്യാഭ്യാസത്തിലും കോടതിയിലും മാതൃഭാഷ ഉറപ്പിക്കുന്ന തീരുമാനമെടുത്തിട്ടുള്ള മറ്റു സംസ്ഥാനങ്ങൾ തങ്ങളുടെ ഭാഷയ്ക്ക് അഖിലേന്ത്യാതലത്തിൽ കൂടുതൽ അംഗീകാരത്തിനുവേണ്ടിയാണ് രംഗത്തുവന്നിട്ടുള്ളത്. ജില്ലാക്കോടതിവരെ നേരത്തേതന്നെ തമിഴ് ഭാഷാ ഉപയോഗം നടപ്പാക്കിയ തമിഴ്നാട് ഹൈക്കോടതിയിൽ തമിഴ് ഭാഷ ഉപയോഗിക്കാനുള്ള നിയമം പാസാക്കി പ്രസിഡന്റിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. ഈ നിലയിൽ മറ്റു സംസ്ഥാനങ്ങളിലും മുന്നേറ്റങ്ങൾ നടക്കുന്നു.
ഇന്ത്യൻ ഭരണഘടനയിലെ എട്ടാം പട്ടികയിൽപ്പെട്ട എല്ലാ ഭാഷകളും ഇന്ത്യയിലെ ഔദ്യോഗികഭാഷകളാക്കുക എന്ന മുഖ്യാവശ്യമാണ് ഡൽഹിയിൽ ഈവർഷത്തെ ലോക മാതൃഭാഷാദിനത്തിൽ നടക്കുന്ന ഭാഷാകൂട്ടായ്മയിൽ ഉന്നയിക്കപ്പെടാൻ പോകുന്നത്. കേരളത്തിലെ മാതൃഭാഷാസംഘടനകൾകൂടി പങ്കാളിയായ ഭാഷാസമത്വാവകാശപ്രസ്ഥാനമെന്ന(കാമ്പെയ്ൻ ഫോർ ലിംഗ്വിസ്റ്റിക് ഇക്വാലിറ്റി ആൻഡ്‌ റൈറ്റ്‌സ്) പൊതുസംഘടനയാണ് ഈ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ഫിബ്രവരി 21-ന് ‘ഭാഷാവകാശപ്രഖ്യാപനം ഡൽഹി’ എന്നപേരിൽ  ഇന്ത്യൻ ഭരണഘടനയിലെ എട്ടാം പട്ടികയിൽപ്പെട്ടതും പെടാത്തതുമായ 40 ഇന്ത്യൻ ഭാഷകളുടെ പ്രതിനിധികൾ ചേർന്ന്  പത്രസമ്മേളനത്തിലൂടെ പ്രഖ്യാപനം നടത്തും.
    -1എട്ടാംപട്ടികയിൽപ്പെട്ട 22 ഭാഷകളെയും ഔദ്യോഗികഭാഷകളാക്കുക എന്ന ആവശ്യത്തിനു പുറമേ എട്ടാം പട്ടികയിൽപ്പെടുത്താനായി കാലാകാലങ്ങളായി അവശ്യപ്പെട്ട ഭാഷകളെയും ഉൾപ്പെടുത്തണമെന്നുള്ളതും ഗോത്ര, ആദിവാസിഭാഷകളുടെ സംരക്ഷണത്തിനും പുരോഗതിക്കുംവേണ്ടി അടിയന്തരമായ നടപടികൾ സ്വീകരിക്കണമെന്നതും ഈ അവകാശപ്രഖ്യാപനത്തിൽപ്പെടുന്നു. കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലും മാതൃഭാഷാ സംരക്ഷണത്തിനുവേണ്ടി നിലവിലുള്ള നിയമങ്ങൾ കൃത്യമായി നടപ്പാക്കണമെന്നും നിയമങ്ങളില്ലാത്ത സംസ്ഥാനങ്ങളിൽ ഉടൻ നിയമങ്ങളുണ്ടാക്കണമെന്നും പ്രഖ്യാപനത്തിൽ ആവശ്യപ്പെടും.

     ഭരണകൂടവും വ്യവസായ-വാണിജ്യസ്ഥാപനങ്ങളും പൗരരോട് അവരവരുടെ മാതൃഭാഷയിൽ വേണം ആശയവിനിമയം നടത്താൻ, അതത് സംസ്ഥാനങ്ങളിൽ നിയമിക്കപ്പെടുന്ന കേന്ദ്രസർക്കാർ ജീവനക്കാർ ആ സംസ്ഥാനത്തെ ഭാഷ പഠിച്ചിരിക്കുന്നുവെന്ന് ഉറപ്പുവരുത്തണം, ഓരോ സംസ്ഥാനത്തെയും ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടുതന്നെ സംസ്ഥാനത്തെ ഔദ്യോഗികഭാഷ ഹൈക്കോടതിയിലുൾപ്പെടെ കോടതിഭാഷയായി അംഗീകരിക്കണം, പൊതുമേഖലാ സ്ഥാപനങ്ങളുടേതുൾപ്പെടെ, കേന്ദ്രസർക്കാറിന്റെ എല്ലാ വെബ്സെറ്റുകളും എട്ടാം പട്ടികയിൽപ്പെട്ട എല്ലാ ഇന്ത്യൻ ഭാഷകളിലും ലഭ്യമാക്കണം, എല്ലാ തലങ്ങളിലുമുള്ള അക്കാദമിക പരീക്ഷകളുടെയും തൊഴിൽ പരീക്ഷകളുടെയും മാധ്യമമായി എട്ടാം പട്ടികയിലെ ഭാഷകൾകൂടി അംഗീകരിക്കപ്പെടണം എന്നിങ്ങനെ ഇന്ത്യയിലെ പ്രാദേശികഭാഷകളുടെ ഉച്ചത്തിലുള്ള ശബ്ദമായിരിക്കും പ്രഖ്യാപനത്തിലുണ്ടാവുക.    -1 ലോകമാതൃഭാഷാദിനാചരണത്തിന് അടിസ്ഥാനമായ 1952-ലെ ബംഗ്ലാദേശിലെ രക്തസാക്ഷികളുടെയും ഇന്ത്യയിലെ വിവിധ ഭാഷകൾക്കുവേണ്ടി സമരരംഗത്തിറങ്ങിയവരുടെയും ഓർമകൾക്കുമുമ്പിൽ ജന്തർമന്ദിറിൽ വൈകിട്ട് അഞ്ചുമണിക്ക് ദീപംതെളിക്കുന്നതാണ്.

ഇംഗ്ലീഷും ഹിന്ദിയും മാത്രം ഔദ്യോഗികഭാഷകളായി അംഗീകരിക്കപ്പെട്ട ഇന്ത്യൻ യൂണിയന്റെ തലസ്ഥാനത്ത് നടക്കുന്ന ഈ ഭാഷാമുന്നേറ്റം രാജപാതയിൽ ഇന്ത്യൻ ഭാഷകൾ നടത്തുന്ന ഒരു കാവുതീണ്ടലാണ്. രാജപാതകൾ ഈ നിലയിൽ ഇന്ത്യൻ ഭാഷകൾക്കും സഞ്ചരിക്കാൻ സ്വാതന്ത്ര്യമുള്ള ജനപാതകളാക്കിമാറ്റുന്നതിനുള്ള സമരത്തിന്റെ തുടക്കമാണിത്. ഈ മുന്നേറ്റം നടക്കുമ്പോഴും ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവുമധികം ശതമാനം ജനങ്ങളുടെ ഔദ്യോഗികഭാഷയായ മലയാളത്തിനുമുമ്പിൽ എല്ലാ പാതകളും തുറക്കപ്പെടുന്നത് എന്നായിരിക്കും എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. ‘മലയാളത്തിൽ പഠിച്ചവർ ഈവഴി നടന്നുകൂടാ’ എന്ന ഭാഷാപരമായ തീണ്ടൽപ്പലക കേരളത്തിലെ സർവകലാശാലകളുൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിൽനിന്നും സെക്രട്ടേറിയറ്റിൽനിന്നും കോടതികളിൽനിന്നും എടുത്തുമാറ്റാൻ ഇനിയും എത്രനാൾ കാത്തിരിക്കണം?

2015 ഡിസംബർ 21, തിങ്കളാഴ്‌ച

ജനങ്ങളെ വിഡ്ഢികളാക്കുവാൻ മാത്രം ഒരു ഭാഷാനിയമമെന്തിന്‌? - പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ.

കേരളത്തിന്റെ മാതൃഭാഷയായ മലയാളത്തിന്റെ നിലനിൽപിനും വളർച്ചയ്ക്കും ഉറപ്പുനൽകുന്ന ഭാഷാനിയമം എന്ന ആവശ്യം സാക്ഷാൽക്കരിക്കുവാൻ പോകുന്നു എന്ന പ്രത്യാശ സമൂഹത്തിൽ സൃഷ്ടിക്കുന്നതിന്‌ ഇന്നത്തെ ഗവൺമെന്റിനു പലവട്ടം കഴിഞ്ഞിട്ടുണ്ട്‌. കഴിഞ്ഞ ഏതാനും നിയമസഭാ സമ്മേളനങ്ങൾക്ക്‌ തൊട്ടുമുമ്പ്‌ ഇതാ വരുന്നു ‘സമഗ്രമലയാളഭാഷാ നിയമം’ എന്നു മാലോകരെ വിളിച്ചറിയിക്കുകയും ഒന്നും സംഭവിക്കാതെ സമ്മേളനങ്ങൾ കടന്നുപോവുകയും ചെയ്യുന്ന സ്ഥിരം നാടകവ്യായാമം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്‌. അതു കാണുമ്പോൾ ജനങ്ങളെ പറഞ്ഞുപറ്റിക്കുന്നതിൽ ഇത്രമേൽ വൈദഗ്ധ്യം നേടിയ ഒരു ഗവൺമെന്റ്‌ ഈ നാട്ടിൽ ഒരിക്കലും ഉണ്ടായിട്ടില്ലെന്നു തോന്നിപ്പോവുന്നു. ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച ബില്ലിന്റെ സ്വരൂപം ഒരിക്കൽ കൂടി അത്‌ തെളിയിച്ചിരിക്കുന്നു.
ഈ വർഷത്തെ ഐക്യകേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി എം ടി വാസുദേവൻ നായരേയും സുഗതകുമാരിയേയും ആദരിച്ചുകളയാമെന്നു സർക്കാർ തീരുമാനിച്ചത്‌ നല്ല കാര്യം. മാതൃഭാഷയുടെ പേരിൽ പതിവായി ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന സർക്കാരിന്റെ ആദരവ്‌ തങ്ങൾക്കു വേണ്ട എന്നു സാഹിത്യനായകത്വം തീരുമാനിച്ചത്‌ അതിലേറെ നല്ല കാര്യം. നവംബർ 25ന്‌ തിരുവനന്തപുരത്തും കോഴിക്കോട്ടും സാഹിത്യനായകന്മാർ നേതൃത്വം നൽകിയ സൂചനാനിരാഹാര സത്യഗ്രഹത്തിൽ അസംഖ്യം ഭാഷാസ്നേഹികൾ ആവേശപൂർവം പങ്കെടുക്കുകയുണ്ടായി. വരുന്ന നിയമസഭാസമ്മേളനത്തിൽ മലയാള ഭാഷാ ബില്ല്‌ അവതരിപ്പിച്ചു പാസാക്കണമെന്നതായിരുന്നു പ്രസ്തുത സമരം മുന്നോട്ടുവച്ചിരുന്ന ആവശ്യം. അതേ ആവശ്യത്തിനുവേണ്ടി ഈ മാസം രണ്ടു മുതൽ ഏററവും പ്രമുഖരായ ഒരു സംഘം എഴുത്തുകാരുടെ അനിശ്ചിതകാല നിരാഹാരസമരവും പ്രഖ്യാപിച്ചിരുന്നു. ഈ സമ്മേളനത്തിൽ തീർച്ചയായും ബില്ല്‌ അവതരിപ്പിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തെത്തുടർന്ന്‌ പ്രഖ്യാപിത സമരം തൽക്കാലം മാറ്റിവയ്ക്കുവാൻ സംഘാടക സമിതി തീരുമാനിക്കുകയായിരുന്നു.
അഭിജ്ഞവൃത്തങ്ങളിൽ അപ്പോഴും ചില ആശങ്കകൾ പടർന്നിരുന്നു. ഭരണകൂടത്തിലും ഉദ്യോഗസ്ഥതലത്തിലും കുറേപ്പേരെങ്കിലും മാതൃഭാഷാ വിരോധം ജീവവായുവാക്കിയിട്ടുള്ളവർ ആണെന്നും അവർ വെറുതെയിരിക്കുവാൻ പോകുന്നില്ല എന്നുമുള്ള മൂന്നാര്റിയിപ്പുകളുണ്ടായിരുന്നു. സർക്കാർ തയാറാക്കി സുഗതകുമാരി, ഡോ. എം ആർ തമ്പാൻ, കെ ജയകുമാർ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരൻ, സെക്രട്ടറി ആർ ഗോപാലകൃഷ്ണൻ എന്നിവരടങ്ങുന്ന വിദഗ്ധ സമിതി അംഗീകരിച്ച കരടു ബില്ല്‌ സാരമായ പരുക്കുകളൊന്നും ഏൽപിക്കാതെ അവതരിപ്പിക്കുമെന്ന്‌ ശുദ്ധഗതിയാലാവാം ബഹുഭൂരിപക്ഷം വിശ്വസിച്ചു. ഹാ കഷ്ടം! എന്നുതന്നെ പറയട്ടെ കരചരണ ശ്രവണനാസികകൾ ഛേദിച്ച ഒരു ബില്ലല്ല, ശിരച്ഛേദം തന്നെ നടത്തിയ ഒരു കബന്ധം മാത്രമാണ്‌ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ഭാഷാബില്ല്‌.
മലയാള ഭാഷാനിയമം അനിവാര്യമായിത്തീർന്ന ഒരു പ്രത്യേക സാഹചര്യമുണ്ട്‌. മാതൃഭാഷയെ ഒന്നാം ഭാഷയായി അംഗീകരിക്കുന്ന സർക്കാർ ഉത്തരവിനെ ചില സ്വാശ്രയ ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളുടെ മാനേജ്മെന്റ്‌ കോടതിയിൽ ചോദ്യം ചെയ്തപ്പോൾ, അതിനെ അതിജീവിച്ച്‌ ഉത്തരവ്‌ പ്രാബല്യത്തിൽ കൊണ്ടുവരുവാൻ ‘സമഗ്ര മലയാളഭാഷാ നിയമം അനിവാര്യമാവുകയായിരുന്നു. പുതിയ കരട്‌ ബില്ല്‌ അക്കാര്യം പാടെ മറന്നുപോയിരിക്കുന്നു. ഭരണഭാഷ, പഠനഭാഷ, കോടതിഭാഷ എന്നിങ്ങനെ വിദഗ്ധസമിതി അംഗീകരിച്ച ഭാഷാ കരടുബില്ലിൽ മൂന്നു ഭാഗങ്ങളുണ്ടായിരുന്നു. വിദൂരഭാഷയിലേക്ക്‌ നോട്ടമെത്തുന്നവരെ സംബന്ധിച്ചിടത്തോളം അവയിൽ സുപ്രധാനം പഠനഭാഷയാണ്‌. കേരളത്തിൽ വിദ്യാഭ്യാസം എന്തായിരിക്കണം, എങ്ങനെ ആയിരിക്കണം എന്നീ കാര്യങ്ങളിലാണ്‌ അത്‌ ഊന്നൽ നൽകുന്നത്‌. പുതിയ ബില്ലിൽ ആ ഭാഗം അപ്പാടെ വെട്ടിമാററിയിരിക്കുന്നു. ഇനി വല്ലതും ബാക്കിയുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്‌ എന്നു തന്നെയാണ്‌ മറുപടി. ഉള്ളതു ചുരുക്കത്തിൽ ഇത്രയുമാണ്‌.
1969 മുതൽ 2002 വരെ പുറത്തിറങ്ങിയ ഭരണഭാഷാ ഉത്തരവുകൾ പുതിയ നിർദേശങ്ങൾ എന്ന വ്യാജേന ബില്ലിൽ ചേർത്തിട്ടുണ്ട്‌. കോടതി ഭാഷ മലയാളമാക്കാൻ 1973 ൽ സർക്കാർ വിജ്ഞാപനമിറക്കിയിട്ടുണ്ട്‌. 1987 ൽ നരേന്ദ്രൻ കമ്മിഷൻ ജില്ലാ കോടതി തലംവരെയെങ്കിലും കോടതി ഭാഷ മലയാളമാക്കണമെന്നു ശുപാർശ ചെയ്തിരുന്നു. പെറ്റി കേസുകളിലെ വിധി മലയാളത്തിലാവാം എന്നത്രേ ബില്ലിലെ നിർദേശം. ജനങ്ങൾ മുഴുവൻ വിഡ്ഢികളാണെന്ന മുൻവിധി പുലർത്തുന്ന പമ്പര വിഡ്ഢികളുടെ നിർലജ്ജതയുടെ ഫലമാണ്‌ പ്രസ്തുത നിർദേശങ്ങൾ.
2013 ൽ അംഗീകരിച്ച കരടു രേഖയിലെ വിദ്യാഭ്യാസ സംബന്ധമായ ചില നിർദേശങ്ങൾ ഇവയാണ്‌. സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ്‌ മുതൽ പന്ത്രണ്ടാം ക്ലാസ്‌ വരെ മലയാളം നിർബന്ധ ഒന്നാം ഭാഷയായിരിക്കണം. സംസ്ഥാനത്ത്‌ പ്രവർത്തിക്കുന്ന സിബിഎസ്‌ഇ, ഐസിഎസ്‌ഇ, മറ്റു ബോർഡുകൾ എന്നിവയുടെ നിയന്ത്രണത്തിലുളള എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധ ഒന്നാം ഭാഷയായിരിക്കണം. കേരളത്തിലെ കോളജുകളിലെ ബിരുദതലത്തിലെ ഭാഷാ വിഭാഗത്തിൽ ഒന്നാം ഭാഷയായ മലയാളത്തിന്റെ രണ്ടു പേപ്പറുകൾ എല്ലാ വർഷവും പഠിപ്പിക്കേണ്ടതാണ്. ബിരുദാനന്തര ബിരുദതലത്തിൽ മലയാളത്തിന്റെ ഒരു പേപ്പർകൂടി എല്ലാ വർഷവും പഠിപ്പിക്കേണ്ടതാണ്‌. പ്രൊഫഷണൽ കോഴ്സുകളിൽ എല്ലാ സെമസ്റ്ററുകളിലും മലയാളത്തിന്റെ ഒരു പേപ്പർകൂടി പഠിക്കേണ്ടതാണ്‌. സംസ്ഥാനത്തെ സർക്കാർ, അർദ്ധ സർക്കാർ പൊതുമേഖല, സ്വകാര്യ മേഖല, സ്വയം ഭരണമേഖല എന്നീ മേഖലകളിലെ എല്ലാ പ്രീ-പ്രൈമറി, നഴ്സറി, പ്ലേസ്കൂൾ, അങ്കണവാടി സ്കൂളുകളിൽ അധ്യയനമാധ്യമം നിർബന്ധമായും മലയാളം ആയിരിക്കേണ്ടതാണ്‌. എന്നിങ്ങനെ മൂന്നു വകുപ്പുകളിലെ നാൽപതോളം ഉപവകുപ്പുകളിലായി നിർദേശിക്കുന്ന വ്യവസ്ഥകളെ പുതിയ ബില്ലിൽ ഒറ്റയടിക്ക്‌ കൂട്ടക്കുരുതി കഴിച്ചിരിക്കുന്നു.
തമിഴ്‌നാട്ടിൽ തമിഴ്‌ മാധ്യമത്തിൽ പഠിച്ചവർക്ക്‌ ഇരുപതു ശതമാനം തൊഴിൽ സംവരണമുണ്ട്‌. താരതമ്യേന എത്രയോ പരിമിതമായ ആവശ്യങ്ങളാണ്‌ കേരളത്തിലെ മാതൃഭാഷാ പ്രസ്ഥാനങ്ങൾ മുന്നോട്ടുവയ്ക്കുന്നത്‌. കേരളത്തിലെ മെഡിക്കൽ-എൻജിനീയറിങ്‌ പ്രവേശനപ്പരീക്ഷകൾ മലയാളത്തിലെഴുതാൻ സൗകര്യമുണ്ടാകണമെന്നും മലയാളം മാധ്യമത്തിൽ പഠിച്ചവർക്ക്‌ അതിൽ അഞ്ചു ശതമാനം ഗ്രേസ്‌ മാർക്ക്‌ വ്യവസ്ഥ ചെയ്യണമെന്നുമുള്ള കരടിലെ വ്യവസ്ഥകൾ അപ്രത്യക്ഷമായിരിക്കുന്നു. മാതൃഭാഷാ പരിരക്ഷണത്തിനു ഉതകുന്ന ഇത്തരം നിർദേശങ്ങൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും ധാർമിക ബാധ്യതയും പ്രധാനമായും വിദ്യാഭ്യാസവകുപ്പിനാണ്‌. 2014 ജൂണിൽ നിയമസഭാ സമിതിയും (അധ്യക്ഷൻ പാലോട്‌ രവി) വിദഗ്ധസമിതിയും മുന്നോട്ടുവച്ച വ്യവസ്ഥകൾ വിദ്യാഭ്യാസ വകുപ്പിന്‌ അന്ന്‌ സ്വീകാര്യമായിരുന്നു. അതേ വിദ്യാഭ്യാസ വകുപ്പുതന്നെ ഇന്ന്‌ അതേ വ്യവസ്ഥകളെ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തിയിരിക്കുന്നു. അപ്പോഴും ഭാഷാ ബില്ലിന്റെ അവതരണം മഹത്തായ ഒരു ചരിത്രസംഭവമാണെന്നാണ്‌ നിയമസഭാ സമിതി അധ്യക്ഷൻ അഭിമാനിക്കുന്നത്‌. ആ അഭിമാനം അർഹതപ്പെട്ടതാണോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു. ആദ്യത്തെ കരടുബില്ലിൽ നിന്നു വെട്ടിമാറ്റിയ പ്രധാനവകുപ്പുകൾ പുനഃസ്ഥാപിക്കുവാൻ ഈ നിയമസഭാ സമ്മേളനത്തിനു കഴിയുമോ എന്നതിനെ അതാശ്രയിച്ചിരിക്കുന്നു. അതിനു കഴിയുന്നില്ലെങ്കിൽ ഒന്നേ ചോദിക്കുവാനുള്ളു. ജനങ്ങളെ വിഡ്ഢികളാക്കുവാൻ മാത്രം ഒരു ഭാഷാ നിയമമെന്തിന്‌?‌

മലയാള ഭാഷാ ബില്‍ നിയമമാകുമ്പോള്‍.

മാതൃഭാഷാപഠനം പ്രോത്സാഹിപ്പിക്കാനും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മലയാളം നിര്‍ബന്ധമാക്കാനും വ്യവസ്ഥ ചെയ്യുന്ന മലയാള ഭാഷാ വ്യാപനവും പരിപോഷണവും സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരുന്നു. ഇത് സംബന്ധിച്ച ബില്‍ പാസ്സാക്കിയാണ് നിയമസഭാസമ്മേളനം സമാപിച്ചത്. മലയാളം ഔദ്യോഗിക ഭാഷയും, സാര്‍വത്രികവുമാക്കാന്‍ സര്‍ക്കാര്‍ നടത്തിയ വിപുല ചര്‍ച്ചകള്‍ക്കുശേഷം തയാറാക്കിയ ബില്ലാണ് നിയമസഭ പാസാക്കിയത്.

കേരള ഔദേ്യാഗിക ഭാഷകള്‍ നിയമം(1969) അനുസരിച്ച്, ഇംഗ്ലിഷും മലയാളവും ഇവിടെ ഔദ്യോഗിക ഭാഷകളാണ്. ഇതിനു പകരം, സമഗ്ര മലയാളഭാഷാ നിയമാണു ബില്ലിന്റെ ലക്ഷ്യം. ബില്ലുകളും നിയമങ്ങളും ഓര്‍ഡിനന്‍സുകളും സര്‍ക്കാര്‍ ഉത്തരവുകളും ചട്ടങ്ങളും റഗുലേഷനുകളും എല്ലാം ഇനി മലയാളത്തിലാക്കും. ഇംഗഌഷില്‍ പ്രസിദ്ധീകരിക്കുന്ന പ്രധാനകേന്ദ്ര നിയമങ്ങളും സംസ്ഥാന നിയമങ്ങളും ഭേദഗതികളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തും. എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കേണ്ട ഭാഷ മലയാളമായിരിക്കും.

സര്‍ക്കാര്‍ വകുപ്പുകള്‍ക്കുപുറമെ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല, സ്വയംഭരണ, സഹകരണസ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം ഇത് ബാധകമാകും. പിഎസ്‌സി വഴിയല്ലാതെ നിയമനം നടത്തുന്ന അര്‍ധ സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ മത്സരപരീക്ഷാ ചോദ്യങ്ങള്‍ മലയാളത്തില്‍ കൂടി തയാറാക്കണം. ഏകീകൃത ലിപി വിന്യാസം നടപ്പാക്കണം. കീഴ്‌കോടതികളിലെ കേസുകളും വിധിന്യായങ്ങളും പെറ്റികേസുകളിലെ വിധിന്യായവും അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള സ്ഥാപനങ്ങളുടെ ഉത്തരവുകളും മലയാളത്തിലാകും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സഹകരണ, പൊതുമേഖലാസ്ഥാപനങ്ങളുടെ പേര്, ഉദ്യോഗസ്ഥരുടെ പേര്, ഉദ്യോഗപ്പേര് എന്നിവ രേഖപ്പെടുത്തുന്ന ബോര്‍ഡുകള്‍, ഈ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള വാഹനങ്ങളിലെ ബോര്‍ഡുകള്‍ എന്നിവ മലയാളത്തിലുംകൂടി രേഖപ്പെടുത്തണം. സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും സ്ഥാപിക്കുന്ന ബോര്‍ഡുകളിലെ വിവരങ്ങളും മലയാളത്തിലാകണം.

സംസ്ഥാനത്ത് നിര്‍മിക്കുകയോ വില്‍ക്കുകയോ ചെയ്യുന്ന വ്യാവസായിക ഉല്‍പന്നങ്ങളുടെ പേരും ഉപയോഗക്രമവും മലയാളത്തില്‍ കൂടി രേഖപ്പെടുത്തണം. കേരളത്തിനകത്തെ സര്‍ക്കാര്‍ നല്‍കുന്ന പരസ്യങ്ങളും വിജ്ഞാപനങ്ങളും മലയാളത്തില്‍ വേണം. വിവരസാങ്കേതികരംഗത്ത് മലയാളഭാഷയുടെ ഉപയോഗം കാര്യക്ഷമമാക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും അനുബന്ധ സംവിധാനങ്ങളും വികസിപ്പിക്കണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ മലയാളത്തില്‍കൂടി നല്‍കണം. സര്‍ക്കാറിന്റെ ഇ-ഭരണം പദ്ധതിയില്‍ മലയാളം കൂടി ഉള്‍പ്പെടുത്തണം. തുടങ്ങി മലയാളത്തിന്റെ സമഗ്ര വികാസത്തിന് ഉപകരിക്കുന്ന വ്യവസ്ഥകള്‍ അടങ്ങുന്നബില്ലാണ് പാസ്സാക്കിയത് ഭരണഭാഷ പൂര്‍ണ്ണമായും മലയാളത്തിലാക്കാന്‍ നിയമം വന്നെങ്കിലും യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനം വേണം. നീക്കം അട്ടിമറിക്കുന്നത് ഉദ്യോഗസ്ഥരെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

ഭരണഭാഷ മലയാളത്തിലാക്കുക സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇക്കാര്യത്തിനായി പല നിര്‍ദ്ദേശങ്ങളും ഉത്തരവുകളും നല്‍കുന്നുണ്ട്. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ഗൗരവമായ സമീപനം ഉണ്ടാകുന്നില്ലെന്ന് ഔദ്യോഗികഭാഷാ ഉന്നതതല സമിതി യോഗത്തില്‍ മുഖ്യമന്ത്രിതന്നെ അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ഉദ്യോഗസ്ഥര്‍ക്കില്ല. തീരുമാനങ്ങള്‍ നടപ്പാക്കേണ്ടവര്‍ വകുപ്പ് തലവന്മാരാണ്. അവര്‍ കാണിക്കുന്ന ഉദാസീനത ലക്ഷ്യം തെറ്റിക്കുന്നുവെന്നാണ് സര്‍ക്കാര്‍ ധ്വനി.സ്വാതന്ത്ര്യത്തിനുമുമ്പ് തമിഴനായ സര്‍ സി.പി.രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ ദിവാനായിരുന്നപ്പോഴാണ് ഭരണഭാഷ മലയാളമാക്കാന്‍ പ്രത്യേക നടപടികള്‍ എടുത്തത് എന്നത് ശ്രദ്ധേയമാണ്. സര്‍ സി.പി. സര്‍ക്കാരുദ്യോഗസ്ഥരുടെ വേഷത്തിലും മാറ്റം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കേരളം രൂപംകൊണ്ടശേഷമുള്ള സര്‍ക്കാരുകളെല്ലാം ഭരണഭാഷ മലയാളമാവണമെന്ന ഭരണഘടനാ നിബന്ധനയില്‍ വേണ്ടുവോളം വെള്ളം ചേര്‍ക്കുകയായിരുന്നു.

ഭരണത്തിനും പഠനത്തിനും തക്ക യോഗ്യത മലയാളം നേടുന്നതിനായി കേരള ഭാഷാ ഇന്‍സ്റ്റിറ്റിറ്റൂട്ട് പോലുള്ള സ്ഥാപനംതന്നെ തുടങ്ങിയെങ്കിലും യഥാര്‍ത്ഥത്തില്‍ ഗുണമൊന്നും ഉണ്ടായില്ല. ഭാഷാനയത്തിന് ബില്ലല്ല, നിയമം നടപ്പാക്കാനുള്ള രാഷ്ട്രീയമായ ഇച്ഛാശക്തിയാണ് ആവശ്യം.