2015, ഡിസംബർ 20, ഞായറാഴ്‌ച

മലയാള ഭാഷാ ബില്‍ നിയമമാകുമ്പോള്‍.

മാതൃഭാഷാപഠനം പ്രോത്സാഹിപ്പിക്കാനും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മലയാളം നിര്‍ബന്ധമാക്കാനും വ്യവസ്ഥ ചെയ്യുന്ന മലയാള ഭാഷാ വ്യാപനവും പരിപോഷണവും സംബന്ധിച്ച നിയമം പ്രാബല്യത്തില്‍ വരുന്നു. ഇത് സംബന്ധിച്ച ബില്‍ പാസ്സാക്കിയാണ് നിയമസഭാസമ്മേളനം സമാപിച്ചത്. മലയാളം ഔദ്യോഗിക ഭാഷയും, സാര്‍വത്രികവുമാക്കാന്‍ സര്‍ക്കാര്‍ നടത്തിയ വിപുല ചര്‍ച്ചകള്‍ക്കുശേഷം തയാറാക്കിയ ബില്ലാണ് നിയമസഭ പാസാക്കിയത്.

കേരള ഔദേ്യാഗിക ഭാഷകള്‍ നിയമം(1969) അനുസരിച്ച്, ഇംഗ്ലിഷും മലയാളവും ഇവിടെ ഔദ്യോഗിക ഭാഷകളാണ്. ഇതിനു പകരം, സമഗ്ര മലയാളഭാഷാ നിയമാണു ബില്ലിന്റെ ലക്ഷ്യം. ബില്ലുകളും നിയമങ്ങളും ഓര്‍ഡിനന്‍സുകളും സര്‍ക്കാര്‍ ഉത്തരവുകളും ചട്ടങ്ങളും റഗുലേഷനുകളും എല്ലാം ഇനി മലയാളത്തിലാക്കും. ഇംഗഌഷില്‍ പ്രസിദ്ധീകരിക്കുന്ന പ്രധാനകേന്ദ്ര നിയമങ്ങളും സംസ്ഥാന നിയമങ്ങളും ഭേദഗതികളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തും. എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കേണ്ട ഭാഷ മലയാളമായിരിക്കും.

സര്‍ക്കാര്‍ വകുപ്പുകള്‍ക്കുപുറമെ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖല, സ്വയംഭരണ, സഹകരണസ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം ഇത് ബാധകമാകും. പിഎസ്‌സി വഴിയല്ലാതെ നിയമനം നടത്തുന്ന അര്‍ധ സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ മത്സരപരീക്ഷാ ചോദ്യങ്ങള്‍ മലയാളത്തില്‍ കൂടി തയാറാക്കണം. ഏകീകൃത ലിപി വിന്യാസം നടപ്പാക്കണം. കീഴ്‌കോടതികളിലെ കേസുകളും വിധിന്യായങ്ങളും പെറ്റികേസുകളിലെ വിധിന്യായവും അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള സ്ഥാപനങ്ങളുടെ ഉത്തരവുകളും മലയാളത്തിലാകും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സഹകരണ, പൊതുമേഖലാസ്ഥാപനങ്ങളുടെ പേര്, ഉദ്യോഗസ്ഥരുടെ പേര്, ഉദ്യോഗപ്പേര് എന്നിവ രേഖപ്പെടുത്തുന്ന ബോര്‍ഡുകള്‍, ഈ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള വാഹനങ്ങളിലെ ബോര്‍ഡുകള്‍ എന്നിവ മലയാളത്തിലുംകൂടി രേഖപ്പെടുത്തണം. സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും സ്ഥാപിക്കുന്ന ബോര്‍ഡുകളിലെ വിവരങ്ങളും മലയാളത്തിലാകണം.

സംസ്ഥാനത്ത് നിര്‍മിക്കുകയോ വില്‍ക്കുകയോ ചെയ്യുന്ന വ്യാവസായിക ഉല്‍പന്നങ്ങളുടെ പേരും ഉപയോഗക്രമവും മലയാളത്തില്‍ കൂടി രേഖപ്പെടുത്തണം. കേരളത്തിനകത്തെ സര്‍ക്കാര്‍ നല്‍കുന്ന പരസ്യങ്ങളും വിജ്ഞാപനങ്ങളും മലയാളത്തില്‍ വേണം. വിവരസാങ്കേതികരംഗത്ത് മലയാളഭാഷയുടെ ഉപയോഗം കാര്യക്ഷമമാക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും അനുബന്ധ സംവിധാനങ്ങളും വികസിപ്പിക്കണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സഹകരണ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റിലെ വിവരങ്ങള്‍ മലയാളത്തില്‍കൂടി നല്‍കണം. സര്‍ക്കാറിന്റെ ഇ-ഭരണം പദ്ധതിയില്‍ മലയാളം കൂടി ഉള്‍പ്പെടുത്തണം. തുടങ്ങി മലയാളത്തിന്റെ സമഗ്ര വികാസത്തിന് ഉപകരിക്കുന്ന വ്യവസ്ഥകള്‍ അടങ്ങുന്നബില്ലാണ് പാസ്സാക്കിയത് ഭരണഭാഷ പൂര്‍ണ്ണമായും മലയാളത്തിലാക്കാന്‍ നിയമം വന്നെങ്കിലും യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനം വേണം. നീക്കം അട്ടിമറിക്കുന്നത് ഉദ്യോഗസ്ഥരെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

ഭരണഭാഷ മലയാളത്തിലാക്കുക സര്‍ക്കാറിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇക്കാര്യത്തിനായി പല നിര്‍ദ്ദേശങ്ങളും ഉത്തരവുകളും നല്‍കുന്നുണ്ട്. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് ഗൗരവമായ സമീപനം ഉണ്ടാകുന്നില്ലെന്ന് ഔദ്യോഗികഭാഷാ ഉന്നതതല സമിതി യോഗത്തില്‍ മുഖ്യമന്ത്രിതന്നെ അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ഉദ്യോഗസ്ഥര്‍ക്കില്ല. തീരുമാനങ്ങള്‍ നടപ്പാക്കേണ്ടവര്‍ വകുപ്പ് തലവന്മാരാണ്. അവര്‍ കാണിക്കുന്ന ഉദാസീനത ലക്ഷ്യം തെറ്റിക്കുന്നുവെന്നാണ് സര്‍ക്കാര്‍ ധ്വനി.സ്വാതന്ത്ര്യത്തിനുമുമ്പ് തമിഴനായ സര്‍ സി.പി.രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ ദിവാനായിരുന്നപ്പോഴാണ് ഭരണഭാഷ മലയാളമാക്കാന്‍ പ്രത്യേക നടപടികള്‍ എടുത്തത് എന്നത് ശ്രദ്ധേയമാണ്. സര്‍ സി.പി. സര്‍ക്കാരുദ്യോഗസ്ഥരുടെ വേഷത്തിലും മാറ്റം നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കേരളം രൂപംകൊണ്ടശേഷമുള്ള സര്‍ക്കാരുകളെല്ലാം ഭരണഭാഷ മലയാളമാവണമെന്ന ഭരണഘടനാ നിബന്ധനയില്‍ വേണ്ടുവോളം വെള്ളം ചേര്‍ക്കുകയായിരുന്നു.

ഭരണത്തിനും പഠനത്തിനും തക്ക യോഗ്യത മലയാളം നേടുന്നതിനായി കേരള ഭാഷാ ഇന്‍സ്റ്റിറ്റിറ്റൂട്ട് പോലുള്ള സ്ഥാപനംതന്നെ തുടങ്ങിയെങ്കിലും യഥാര്‍ത്ഥത്തില്‍ ഗുണമൊന്നും ഉണ്ടായില്ല. ഭാഷാനയത്തിന് ബില്ലല്ല, നിയമം നടപ്പാക്കാനുള്ള രാഷ്ട്രീയമായ ഇച്ഛാശക്തിയാണ് ആവശ്യം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.