2014, ജനുവരി 18, ശനിയാഴ്‌ച

മാതൃഭാഷകള്‍ക്ക് ഒരു പ്രകടനപത്രിക - പി. പവിത്രന്‍

ഇന്ത്യയിലെ വിവിധ മാതൃഭാഷാസംഘടനകളുടെ കൂട്ടായ്മയായ ഭാരതീയ ഭാഷാപ്രസ്ഥാനം 2014-ലെ പൊതുതിരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് മുമ്പാകെ വെക്കുന്ന പ്രകടനപത്രിക.
ഭാഷാപരമായ മനുഷ്യാവകാശം ഐക്യരാഷ്ട്രസഭ അംഗീകരിച്ച കാഴ്ചപ്പാടാണ്. ഭാഷാപരമായ വിവേചനം വര്‍ണവിവേചനം പോലെയും ലിംഗവിവേചനം പോലെയുമുള്ള മനുഷ്യത്വഹീനമായ നടപടിയായി ഇന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ബഹുധ്രുവലോകം ബഹുഭാഷാപരം കൂടിയായിരിക്കുമെന്ന് ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഭരണഭാഷ ഭരിക്കുന്നവരുടെ ഭാഷയല്ല, ഭരിക്കപ്പെടുന്നവരുടെ ഭാഷയാണ് എന്നത് ജനാധിപത്യത്തിന്റെ ആദ്യപാഠമാണ്. 
ഭാഷ എന്നത് കേവലമായ ഒരു ഉപകരണമല്ല, അത് ചരിത്രപരവും സാമൂഹികവും സൗന്ദര്യാത്മകവുമായ ഒരു പ്രതിഭാസമാണ്. മാതൃഭാഷകളെ അംഗീകരിക്കുമ്പോള്‍ ഒരു ജനതയുടെ ചരിത്രപരവും സാമൂഹികവും സൗന്ദര്യാത്മകവുമായ അസ്തിത്വത്തെത്തന്നെയാണ് നാം അംഗീകരിക്കുന്നത്. 

ഇന്ത്യ ഒരു ഫെഡറല്‍സംവിധാനമാണ്. അഖിലേന്ത്യാതലത്തില്‍ സംസ്ഥാനങ്ങളിലെ ഔദ്യോഗിക ഭാഷകള്‍ അംഗീകരിക്കപ്പെടാതിരിക്കുമ്പോള്‍ സ്വാഭാവികമായും ഇന്ത്യയുടെ അഖണ്ഡതയെയും ഏകതയെയും അത് ബാധിക്കും. ഇന്ത്യന്‍ യൂണിയന്‍ എന്ന സംവിധാനത്തില്‍ തങ്ങളുടെ ഭാഷയും സംസ്‌കാരവും നശിക്കുകയാണ് ചെയ്യുന്നത് എന്ന് തിരിച്ചറിയുമ്പോള്‍ പ്രാദേശികതലത്തില്‍ നിഷേധാത്മക പ്രവണതകള്‍ ഉയര്‍ന്നുവരും. ഇത് ഇല്ലാതാകണമെങ്കില്‍ അഖിലേന്ത്യാതലത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍തന്നെ ഇന്ത്യയിലെ മാതൃഭാഷകളെ സംരക്ഷിക്കുന്ന കാഴ്ചപ്പാട് മുന്നോട്ടുവെക്കേണ്ടതുണ്ട്. 
ബഹുഭാഷാനയത്തെ അംഗീകരിക്കാത്തിടത്തോളം ജനാധിപത്യം കേവലം സാങ്കേതികവും ഔപചാരികവും മാത്രമായിരിക്കും. ഒരു ജനതയുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതി മാതൃഭാഷയിലൂടെ മാത്രമാണ് കൈവരിക്കാനാകുക എന്നത് തെളിയിക്കപ്പെട്ട കാര്യമാണ്. പാരിസ്ഥിതികാവബോധവും മാതൃഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. 

ഒരുവ്യക്തിയെ സംബന്ധിച്ചിടത്തോളം മാതൃഭാഷാപരിജ്ഞാനം സാമൂഹിക, സാംസ്‌കാരിക, സൗന്ദര്യാത്മക അവബോധത്തിന്റെ അടിത്തറയാണ്. ഒരു കുട്ടി മാതൃഭാഷയിലൂടെ തൊട്ടടുത്ത സമൂഹവുമായി നേടുന്ന ആഴത്തിലുള്ള ബന്ധമാണ് പില്‍ക്കാലത്ത് എല്ലാ തലങ്ങളിലുമുള്ള സാമൂഹികബന്ധങ്ങളെ നിര്‍മിക്കുന്നതിനുള്ള അടിസ്ഥാനപാഠമാകുന്നത്. ജനാധിപത്യപരമായ സമൂഹനിര്‍മാണത്തിനും രാഷ്ട്രനിര്‍മാണത്തിനും വ്യക്തികളുടെ മാതൃഭാഷാബോധനവും മാതൃഭാഷാവബോധവും അനിവാര്യമാണ്. 
ഭാഷാപരമായ വികേന്ദ്രീകരണമില്ലെങ്കില്‍ അധികാര വികേന്ദ്രീകരണം അര്‍ഥശൂന്യമായിരിക്കും. വിവരാവകാശനിയമം പോലുള്ള പുതിയ ജനാധിപത്യസംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാകണമെങ്കില്‍ വിവരങ്ങള്‍ ജനതയ്ക്ക് ലഭിക്കുന്നത് മാതൃഭാഷയില്‍ത്തന്നെയായിരിക്കണം. 
ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ സംസാരിക്കുന്ന ആദ്യത്തെ 35 ഭാഷകളില്‍ മൂന്നിലൊന്നും ഇന്ത്യന്‍ ഭരണഘടനയിലെ എട്ടാം പട്ടികയില്‍പ്പെട്ട ഭാഷകളാണ് എന്ന കാര്യം നാം മറന്നുപോകരുത്. പല യൂറോപ്യന്‍ ഭാഷകളേക്കാളും അധികം ജനങ്ങള്‍ സംസാരിക്കുന്ന ഭാഷകളാണിവയെല്ലാം. 

യൂറോപ്യന്‍ യൂണിയനിലെ ഭാഷകളും ഇന്ത്യന്‍ ഭാഷകളും




ഇന്ത്യയിലെ ജനസംഖ്യ 121 കോടിയാണെങ്കില്‍ യൂറോപ്പിലെ ആകെ ജനസംഖ്യ 74 കോടി മാത്രമാണ്. യൂറോപ്യന്‍ യൂണിയന്‍ 24 ഭാഷകളെ ഔദ്യോഗികഭാഷകളായി അംഗീകരിച്ചിരിക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച യൂറോപ്യന്‍ ഭാഷകളെയും ഇന്ത്യന്‍ ഭാഷകളെയും താരതമ്യം ചെയ്താല്‍ നമുക്ക് നമ്മുടെ മാതൃഭാഷകള്‍ അനുഭവിക്കുന്ന അവഗണന വ്യക്തമാകും.
ഗ്രീക്ക് ഭാഷ മാതൃഭാഷയായിട്ടുള്ളവര്‍ 1.2 കോടിയും ചെക്ക് ഭാഷ മാതൃഭാഷയായിട്ടുള്ളവര്‍ ഒരുകോടിയും സ്വീഡിഷ് മാതൃഭാഷയായിട്ടുള്ളവര്‍ 87 ലക്ഷവുമാണെന്ന് ഓര്‍ക്കുമ്പോള്‍ ഇന്ത്യന്‍ ഭാഷകള്‍ക്ക് ലോകത്തിലുള്ള സ്ഥാനം വ്യക്തമാകും. 
ഒരൊറ്റ രാഷ്ട്രത്തിന് കീഴിലാണ് നില്‍ക്കുന്നത് എന്നതുകൊണ്ടുമാത്രം ഇന്ത്യന്‍ ഭാഷകള്‍ ഭരണ, വിദ്യാഭ്യാസ, വൈജ്ഞാനിക, നീതിന്യായ മേഖലകളില്‍ അവഗണിക്കപ്പെട്ടുകൂടാ. നമ്മുടെ രാഷ്ട്രീയമായ ഏകത നമ്മുടെ ഭാഷാവൈവിധ്യത്തെ മര്‍ദിച്ചൊതുക്കുന്നതിനും ഭാഷകളെ മുരടിപ്പിക്കുന്നതിനുമുള്ള കാരണമായിക്കൂടാ. നമ്മുടെ രാഷ്ട്രീയമായ ഐക്യം നമ്മുടെ രാജ്യത്തെ മാതൃഭാഷകള്‍ക്ക് ബാധ്യതയായി മാറുകയല്ല, സാധ്യതയായിത്തീരുകയാണ് വേണ്ടത്. 
ഇന്ത്യന്‍ യൂണിയന്‍ രണ്ട് ഭാഷകളെ മാത്രമാണ് ഔദ്യോഗികഭാഷകളായി അംഗീകരിച്ചിട്ടുള്ളത്. അതിലൊന്നാകട്ടെ ഇന്ത്യന്‍ ജനതയുടെ മാതൃഭാഷയുമല്ല. ഇന്ത്യയിലെ മിക്കഭാഷകളും യൂറോപ്യന്‍ ഭാഷകളെക്കാളേറെ ആളുകള്‍ മാതൃഭാഷയായി ഉപയോഗിക്കുമ്പോഴും തത്തുല്യമായ അംഗീകാരം ലഭിക്കുന്നില്ല എന്ന് വ്യക്തമാണ്. ഇന്ത്യയിലെ മാതൃഭാഷകള്‍ക്ക് അര്‍ഹമായ അംഗീകാരം എല്ലാതലത്തിലും ലഭിക്കേണ്ടതുണ്ട്. 
ഔദ്യോഗിക/ദേശീയഭാഷകളായി അംഗീകരിച്ച ഭാഷകളെ എല്ലാതലങ്ങളിലും ബഹുമാനിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നത് ജനാധിപത്യസംവിധാനം ആഴത്തില്‍ വേരോടിയ രാജ്യങ്ങളില്‍ വ്യാപകമായി സ്വീകരിക്കപ്പെടുന്ന നയമാണ് എന്നത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.


ചില ഉദാഹരണങ്ങള്‍ താഴെ കൊടുക്കുന്നു:
ഭാഷാവൈവിധ്യത്തെ അംഗീകരിക്കുന്നതിന് നമ്മുടെ റിപ്പബ്ലിക്കിന് ഇനിയും സാധിച്ചിട്ടില്ല എന്നാണ് മേല്‍സൂചിപ്പിച്ച രാജ്യങ്ങളുമായുള്ള താരതമ്യം കാണിക്കുന്നത്.
ഈ സാഹചര്യത്തില്‍ ഈ വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തങ്ങളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ താഴെപറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു: 
1. ഭരണഘടനയിലെ എട്ടാംപട്ടികയില്‍പ്പെട്ടതും സംസ്ഥാനങ്ങളില്‍ ഔദ്യോഗികഭാഷാപദവിയുള്ളതുമായ എല്ലാ ഭാഷകളും ഇന്ത്യയുടെ ഔദ്യോഗികഭാഷകളാക്കുക.
2. അഖിലേന്ത്യാതലത്തിലുള്ള എല്ലാതരം തൊഴില്‍ പരീക്ഷകളുടെയും മാധ്യമമായി എട്ടാംപട്ടികയില്‍പ്പെട്ട മാതൃഭാഷകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുക. 
3. അഖിലേന്ത്യാതലത്തിലുള്ള എല്ലാതരം പ്രവേശന പരീക്ഷകളിലും മാതൃഭാഷ മാധ്യമമായി അനുവദിക്കുക.
4. എല്ലാതരം തൊഴില്‍പരീക്ഷകളിലും മാതൃഭാഷാപരിജ്ഞാനം പരീക്ഷിക്കുന്നതിനുള്ള ചോദ്യപ്പേപ്പര്‍ നിര്‍ബന്ധമാക്കുക.
5. എല്ലാതരം പ്രവേശനപരീക്ഷകളിലും മാതൃഭാഷാപരിജ്ഞാനം പരിശോധിക്കുന്നതിനുള്ള ചോദ്യപ്പേപ്പര്‍ നിര്‍ബന്ധമാക്കുക.
6.സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷകള്‍ക്ക് മാതൃഭാഷകള്‍ മാധ്യമമായി അനുവദിക്കുക. മാതൃഭാഷാപരിജ്ഞാനം പരീക്ഷിക്കുന്ന ചോദ്യപ്പേപ്പര്‍ ഉള്‍പ്പെടുത്തുക.
7. എല്ലാതരം ബാങ്കിങ് റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ക്കും മാതൃഭാഷ മാധ്യമമായി അനുവദിക്കുക. മാതൃഭാഷാപരിജ്ഞാനം പരീക്ഷിക്കുന്ന ചോദ്യപേപ്പര്‍ ഉള്‍പ്പെടുത്തുക.
8. ഇന്ത്യന്‍ മിലിറ്ററി അക്കാദമി, നാഷണല്‍ ഡിഫന്‍സ് അക്കാദമി പ്രവേശനപരീക്ഷകളില്‍ തദ്ദേശീയഭാഷ മാധ്യമമായി ഉപയോഗിക്കാന്‍ അനുവദിക്കുക. 
9. വിദ്യാഭ്യാസ അവകാശനിയമം അനുശാസിക്കുന്ന മട്ടില്‍ എട്ടാംതരം വരെ തദ്ദേശീയഭാഷകള്‍ തന്നെ നിര്‍ബന്ധമായും പഠനമാധ്യമമാക്കുക. 
10. സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ പ്രാദേശിക ഭാഷകള്‍ പഠനമാധ്യമമായി അംഗീകരിക്കുക. 
11. കേന്ദ്രീയ വിദ്യാലയങ്ങളില്‍ പഠനമാധ്യമമായി പ്രാദേശിക ഭാഷകള്‍ അംഗീകരിക്കുക.
12. ഐ.സി.എസ്.ഇ. വിദ്യാലയങ്ങളിലെ പഠനമാധ്യമമായി എട്ടാംപട്ടികയിലുള്ള ഭാഷകള്‍ അംഗീകരിക്കുക.
13. എല്ലാതരം വിദ്യാലയങ്ങളിലും ഹയര്‍സെക്കന്‍ഡറി തലംവരെ ഒന്നാംഭാഷയായി പ്രാദേശികതലത്തിലുള്ള മാതൃഭാഷ നിര്‍ബന്ധമായി പഠിപ്പിക്കുക. ഇംഗ്ലീഷ് രണ്ടാംഭാഷയായി നിലനിര്‍ത്തുക. 
14. യു.ജി.സി.-ജെ.ആര്‍.എഫ്. പരീക്ഷകള്‍ക്ക് മാധ്യമമായി മാതൃഭാഷകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുക.
15. എല്ലാ സര്‍വകലാശാലകളിലും ബിരുദ, ബിരുദാനന്തര തലങ്ങളില്‍ പഠനമാധ്യമമായും പരീക്ഷാമാധ്യമമായും മാതൃഭാഷകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുക.
16. പിഎച്ച്.ഡി. ഉള്‍പ്പെടെ എല്ലാതരം ഗവേഷണപ്രബന്ധങ്ങളും തദ്ദേശീയ ഭാഷകളില്‍ സമര്‍പ്പിക്കാനുള്ള അനുമതി നല്‍കുക. ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങള്‍ പൊതുസമൂഹത്തിനും താഴെത്തട്ടിലുള്ള വിദ്യാഭ്യാസ സംവിധാനത്തിലുമെത്തണമെങ്കില്‍ ഇത് അനിവാര്യമാണ്. മേലെനിന്നുള്ള കണ്ടെത്തലുകള്‍ താഴേക്കും താഴെയുള്ള വിവരങ്ങള്‍ മേലേക്കും എത്തിച്ചേരുന്ന മട്ടില്‍ പ്രാഥമിക, ദ്വിതീയ, ഉന്നത തലങ്ങളെ ആകെ ബന്ധിപ്പിക്കുന്ന വിജ്ഞാനവിനിമയചക്രം അപ്പോഴേ പൂര്‍ത്തിയാകുന്നുള്ളൂ. ഔപചാരിക പഠനഗവേഷണങ്ങളുടെ ഫലങ്ങള്‍ അതിനുപുറത്തുള്ള വിഭാഗങ്ങള്‍ക്കും അപ്പോഴാണ് ലഭ്യമാകുക. വിവരവിനിമയത്തെ ഇത് ജനകീയമായ ഒരു പ്രക്രിയയാക്കുന്നു.
17. കേന്ദ്രസര്‍വകലാശാലകളിലും ഐ.ഐ.ടി.കളിലും ഇന്ത്യന്‍ ഭാഷാവിഭാഗങ്ങള്‍ തുടങ്ങുക. എല്ലാ കേന്ദ്രസര്‍വകലാശാലയിലും തദ്ദേശീയ ഭാഷാപഠനവിഭാഗം ആരംഭിക്കുക.
18. ഓരോ സംസ്ഥാനത്തും ഇന്ത്യയിലെ പ്രമുഖ മാതൃഭാഷകളെല്ലാം പഠിപ്പിക്കുന്ന ഒരു പഠനകേന്ദ്രം സ്ഥാപിക്കുക. ഇന്ത്യയിലെ വിവിധ ഭാഷകളിലെ ജനങ്ങള്‍ തമ്മിലുള്ള ഭാഷാപരവും സാംസ്‌കാരികവുമായ വിനിമയത്തിനുള്ള വേദിയാകണം ഇത്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന തൊഴിലന്വേഷകരെയും തൊഴിലാളികളെയും ഭാഷാപരമായി സഹായിക്കാന്‍ ഈ കേന്ദ്രത്തിന് കഴിയണം. 
19. മാതൃഭാഷയില്‍ ഉന്നതവിദ്യാഭ്യാസത്തിന് പാഠപുസ്തകങ്ങള്‍ ഉണ്ടാക്കുന്നതിന് പ്രത്യേകസംവിധാനവും ഫണ്ടും അനുവദിക്കുക.
20. വിദ്യാഭ്യാസം സംസ്ഥാനലിസ്റ്റില്‍ ഉള്‍പ്പെടുത്തുക. 
21. 60 ശതമാനം ജനങ്ങള്‍ ഒരു സംസ്ഥാനത്ത് മാതൃഭാഷയായി ഉപയോഗിക്കുന്ന ഭാഷ ആ സംസ്ഥാനത്തെ ഹൈക്കോടതിയിലെ എല്ലാതരം നടപടികള്‍ക്കുമുള്ള മാധ്യമമായി അംഗീകരിക്കുക. ഭരണഘടനയിലെ 348-ാം അനുച്ഛേദത്തില്‍ ഇതിനുവേണ്ട ഭേദഗതി വരുത്തുക. ന്യൂനപക്ഷവിഭാഗങ്ങളുടെ ഭാഷാപരമായ അവകാശം സംരക്ഷിച്ചുകൊണ്ട് ഇത് നിര്‍വഹിക്കുക. 
22. സുപ്രീംകോടതി വിധികളുടെ പകര്‍പ്പ് കക്ഷികള്‍ക്ക് മാതൃഭാഷയില്‍ നല്‍കുക. കക്ഷികള്‍ക്ക് മാതൃഭാഷ ഉപയോഗിക്കാനുള്ള അനുവാദം നല്‍കുക. 
23. ആദിവാസികള്‍ക്ക് അവരുടെ മാതൃഭാഷാമാധ്യമത്തില്‍ പ്രാഥമികതലത്തിലുള്ള വിദ്യാഭ്യാസം നല്‍കാനുള്ള സംവിധാനമുണ്ടാക്കുക. ആദിവാസിഭാഷകളെ അത്തരം സ്ഥലങ്ങളിലെ പഠനപദ്ധതിയില്‍ ഉള്‍പ്പെടുത്തുക. 
24. പ്രത്യേക സാമ്പത്തികമേഖലകളില്‍ എല്ലാതരം ഇടപാടുകള്‍ക്കും പ്രാദേശികഭാഷകള്‍ ഉപയോഗിക്കുക. പേര് പലകകള്‍, രശീതികള്‍, വിനിമയങ്ങള്‍ എല്ലാറ്റിനും പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കുക.
25. സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍, വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ എല്ലാ വിവരങ്ങളും എട്ടാംപട്ടികയില്‍പ്പെട്ട എല്ലാഭാഷകളിലും ലഭിക്കാനുള്ള സംവിധാനമുണ്ടാക്കുക.
26. എട്ടാംപട്ടികയില്‍പ്പെട്ട ഭാഷകള്‍ തമ്മിലുള്ള ഓണ്‍ലൈന്‍ വിവര്‍ത്തനത്തിന് വഴിയൊരുക്കുക. ഏതെങ്കിലും ഭാഷയില്‍ വളരുകയും പരിശീലനം ലഭിക്കുകയും ചെയ്ത ഏതൊരാള്‍ക്കും സ്വന്തം ഭാഷയില്‍ത്തന്നെ മറ്റുഭാഷകളിലുള്ള അറിവുകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ടാകുക എന്നതാണ് വിശാലമായ ലക്ഷ്യമാകേണ്ടത്. ഭാഷകള്‍ തമ്മില്‍ വിവരങ്ങള്‍ വിനിമയം ചെയ്യാനും പങ്കിടാനും കഴിയുന്ന അവസ്ഥ സൃഷ്ടിക്കലാകണം ലക്ഷ്യം. വിവരസാങ്കേതികവിദ്യയുടെ വിവിധ ഘടകങ്ങളിലെല്ലാമുള്ള ഭാഷാപ്രക്രിയയില്‍ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ഉപയോഗിക്കണം. ഇന്ത്യന്‍ ഭാഷകളെ വികസിപ്പിക്കുന്നതിനുതകുമാറ് സ്വതന്ത്ര സോഫ്റ്റ് വേറിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ അടിയന്തരപദ്ധതി രൂപവത്കരിക്കണം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.