2013, ഓഗസ്റ്റ് 30, വെള്ളിയാഴ്‌ച

സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം തന്നെ

തിരുവനന്തപുരം : സര്‍ക്കാര്‍ ജോലിക്ക് മലയാളത്തിലുള്ള അറിവ് നിര്‍ബന്ധമാക്കണമെന്ന സര്‍ക്കാരിന്റെ മുന്‍ തീരുമാനം ബാധകമാക്കും. എന്നാല്‍ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് മലയാളപഠനത്തിന് അനുവദിച്ചിരുന്ന കാലാവധി ദീര്‍ഘിപ്പിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ അവര്‍ മലയാളം പഠിച്ച് പി.എസ്.സി നടത്തുന്ന അഭിരുചി പരീക്ഷ പാസായിരിക്കണമെന്ന നിബന്ധനയാകും ഏര്‍പ്പെടുത്തുക. 
ഇത് സംബന്ധിച്ച അന്തിമതീരുമാനം മന്ത്രിസഭയായിരിക്കും കൈക്കൊള്ളുക. മലയാളത്തിലുള്ള അറിവ് നിര്‍ബന്ധമാക്കുന്ന ഉത്തരവ് പിന്‍വലിച്ചത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് ഭാഷാന്യൂനപക്ഷ വിഭാഗങ്ങളുടെ ആശങ്കയകറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഭാഷാന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള എം.എല്‍.എ മാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചു. ഈ യോഗത്തിലാണ് അവര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് മലയാള പഠനത്തിന് ഇളവ് അനുവദിക്കുന്നതിന് ധാരണയായത്. 
കന്നഡ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന മേഖലയില്‍ നിന്നുള്ള അബ്ദുള്‍ റസാക്ക്, എന്‍.എ. നെല്ലിക്കുന്ന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. തമിഴ് ന്യൂനപക്ഷ വിഭാഗക്കാരെ പ്രതിനിധീകരിക്കുന്ന ഇ.എസ്. ബിജിമോള്‍ യോഗത്തിനെത്തിയില്ല. എന്നാല്‍ അവര്‍ കത്ത് മുഖേന അഭിപ്രായം അറിയിച്ചു. പ്രൊബേഷന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് മലയാളം പഠിച്ചിരിക്കണമെന്ന നിര്‍ദേശത്തോട് ജനപ്രതിനിധികള്‍ വിയോജിച്ചില്ല. എന്നാല്‍ അതിനുള്ള കാലാവധി രണ്ട് വര്‍ഷമെന്നത് നീട്ടിനല്‍കണമെന്നായിരുന്നു ആവശ്യം. ഇതംഗീകരിക്കാനാണ് തത്വത്തില്‍ ധാരണയായത്.

1 അഭിപ്രായം:

  1. മലയാളം നന്നായി എഴുതാനും വായിക്കാനും അറിയാത്തവർ എങ്ങനെയാണു സാധാരണ ജനങ്ങളോട് ഇടപെഴുകുന്നത്?പൊതു ജനത്തെ ഭരണത്തിൽ നിന്ന് അകറ്റി നിർത്താനുള്ള എളുപ്പ മാർഗമാണ് ഇംഗ്ലീഷിൽ ഉള്ള ഉത്തരവുകളും ഭരണവും. ഭരണഭാഷ മലയാളമാക്കി മാറ്റിയ സാഹചര്യത്തില്‍, മലയാളം പഠിക്കാത്തവര്‍ സര്‍ക്കാര്‍ സര്‍വീസില്‍ എത്തിയാല്‍ ഫയലുകളില്‍ മലയാളത്തില്‍ കുറിപ്പ് എഴുതാനോ, മലയാളത്തിലെഴുതിയ കാര്യങ്ങള്‍ വായിച്ചു മനസിലാക്കാനോ പോലും കഴിയാതെ വരും.മലയാളം ഭരണ ഭാഷ എന്ന നിലയിലേക്ക് ഉയർത്തപെട്ടു കഴിഞ്ഞു.എന്നാൽ തീരുമാനം നടപ്പാക്കേണ്ട ഉദ്യോഗ വർഗ്ഗം ഇംഗ്ലീഷ് ഭരണം വിടാൻ മടിച്ചു നില്ക്കുകയാണ്.ഇംഗ്ലീഷിൽ എഴുതുന്നതും സംസാരിക്കുന്നതും ഇപ്പൊഴുമൊരു ദുരഭിമാനമായി കൊണ്ട് നടക്കുന്നു.ഭാരതീയരെ അടിമകളെന്നും ഭാരതീയ ഭാഷകളെ അടിമകളുടെ ഭാഷയെന്നും മുദ്ര കുത്തിയ ബ്രിറ്റിഷുകാരുടെ കാൽകീഴിൽ കിടക്കാനാണ് ചിലർക്ക് താല്പര്യം.ഈ കുട്ടി സായിപ്പുമാരുടെ ദേശ സ്നേഹം ഭയങ്കരം തന്നെ..കേരളത്തില്‍ 96 ശതമാനത്തിലധികംപേര്‍ മലയാളം മാതൃഭാഷയായുള്ളവരാണ്. കര്‍ണാടകത്തില്‍ 75 ഉം ആന്ധ്രയില്‍ 89 ഉം തമിഴ്‌നാട്ടില്‍ 83 ഉമാണ് അതത് സംസ്ഥാനഭാഷ മാതൃഭാഷയായുള്ളവര്‍. എന്നിട്ടും ഈ സംസ്ഥാനങ്ങിലൊക്കെ അതത് ഭാഷകള്‍ അറിഞ്ഞാലേ സര്‍ക്കാര്‍ ജോലി ലഭിക്കൂവെന്നാണ് നിയമം. ഒരു ജനതയുടെ അടിസ്ഥാനശിലയായ മാതൃഭാഷയെ സംരക്ഷിക്കുവാന്‍ ജനാധിപത്യസര്‍ക്കാരിന് ബാധ്യതയുണ്ട്.ഭരണ ഭാഷ എന്നത് അതാതു സംസ്ഥാനത്തെ ഭാഷ ആയിരിക്കണം.ഭരണരംഗത്തും വിദ്യാഭ്യാസമേഖലയിലും കോടതി വ്യവഹാരങ്ങളിലും മലയാളം ആവശ്യമാണ്. ഇത് ഭാഷാ ഭ്രാന്തോ പിടിവാശിയോ അല്ല,മലയാളികൾക്ക് സര്‍ക്കാര്‍ സേവനം ലഭ്യമാക്കാനുള്ള മിതമായ ആവശ്യം മാത്രമാണ്.
    malayalatthanima.blogspot.in

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.