2011, ജൂൺ 1, ബുധനാഴ്‌ച

ഒന്നാംഭാഷ മലയാളം ഈ വര്‍ഷം തന്നെ

മാതൃഭൂമി
Posted on: 02 Jun 2011
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ മലയാളം ഒന്നാംഭാഷയാക്കുന്ന തീരുമാനം ഈ വര്‍ഷംതന്നെ നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇക്കാര്യത്തില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ചടങ്ങിനിടെ സുകുമാര്‍ അഴീക്കോട്, ഒ.എന്‍.വി.കുറുപ്പ്, സുഗതകുമാരി എന്നിവരും ഇതേ ആവശ്യം ഉന്നയിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മലയാളം ഒന്നാംഭാഷയാക്കാന്‍ മുന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നെങ്കിലും ചില കോണുകളില്‍നിന്ന് എതിര്‍പ്പുയര്‍ന്നതിനാല്‍ തുടര്‍ നടപടികള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. പിരിയഡ് ക്രമീകരണം സംബന്ധിച്ച തീരുമാനം എടുക്കാന്‍ കഴിയാതെവന്നതോടെ ഈ വര്‍ഷം മലയാളം ഒന്നാംഭാഷയാക്കാന്‍ കഴിയില്ലെന്ന നിലപാട് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് പരസ്യമായി പ്രഖ്യാപിക്കുകയുംചെയ്തു.
ഒന്നാംഭാഷ മലയാളമാക്കുന്നത് അട്ടിമറിക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ കുറച്ചു ദിവസങ്ങളായി 'മാതൃഭൂമി' വഴി പുറത്തുവന്നുകൊണ്ടിരിക്കുകയായിരുന്നു. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരും ഇതേത്തുടര്‍ന്ന് രംഗത്തെത്തി. പ്രശ്‌നത്തില്‍ ഇടപെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍കൈ യെടുത്താണ് മലയാളം ഈ വര്‍ഷംതന്നെ ഒന്നാംഭാഷയായി പഠിപ്പിക്കണമെന്ന തീരുമാനം മന്ത്രിസഭയെക്കൊണ്ടെടുപ്പിച്ചത്.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിശ്ചയിച്ചിരുന്നതുപോലെ ഐ.ടി.യുടെ പീരിയഡായിരിക്കും മലയാളത്തിന് അധികമായി കണ്ടെത്തേണ്ടിവരിക. ഇപ്പോള്‍ ആഴ്ചയില്‍ നാലുപിരിയഡ് ഐ.ടി.ക്കുണ്ട്. മലയാളം ഒന്നാംഭാഷയല്ലാത്ത കുട്ടികള്‍ക്ക് രണ്ടുപിരിയഡേ മലയാളത്തിനുള്ളൂ. ഇനിമുതല്‍ അത് മൂന്നാകും. സാധാരണ കുട്ടികള്‍ക്കുള്ള മലയാളം പിരിയഡിലും വര്‍ധന വരും. മലയാളം ഒട്ടും പഠിക്കേണ്ടതില്ലാതിരുന്ന ഓറിയന്റല്‍ സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കണം.
വി.എച്ച്.എസ്.ഇ.യില്‍ നിലവില്‍ ഇംഗ്ലീഷേ ഉണ്ടായിരുന്നുള്ളൂ. അവിടെയും മലയാളം പാഠ്യവിഷയമാകും. കേന്ദ്ര സിലബസ് സ്‌കൂളുകളിലും മലയാളം നിര്‍ബന്ധമാക്കും. കേന്ദ്രീയവിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
പിരിയഡ് ക്രമീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് ഡി.പി.ഐ. മുഹമ്മദ് ഹനീഷ് അറിയിച്ചു.
വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച വിശദാംശം പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതിക്ക് രൂപം നല്‍കി.
വിദ്യാഭ്യാസമന്ത്രി, ധനമന്ത്രി, വ്യവസായമന്ത്രി, റവന്യൂമന്ത്രി, ഗ്രാമവികസനമന്ത്രി എന്നിവരും മുന്‍ വിദ്യാഭ്യാസമന്ത്രിമാരായ ടി.എം.ജേക്കബ്, പി.ജെ. ജോസഫ് എന്നിവരുമാണ് സമിതിയിലുള്ളത്. ഈ മാസം എട്ടിനോ പതിനഞ്ചിനോ ചേരുന്ന മന്ത്രിസഭായോഗത്തില്‍ സമിതി നിര്‍ദേശം സമര്‍പ്പിക്കും.
സ്‌കൂളുകള്‍ക്ക് നാനൂറ് മീറ്റര്‍ പരിധിയില്‍ പുകയില ഉത്പന്നങ്ങളുടെ വില്പന നിരോധിക്കും. ഇത് ഫലപ്രദമായി നടപ്പാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുകയില ഉത്പന്നങ്ങള്‍ക്ക് അടിമകളായ വിദ്യാര്‍ഥികളെ കണ്ടെത്താനും നടപടി യുണ്ടാകും. സ്‌കൂളുകളില്‍ ആവശ്യമായ ബോധവത്കരണം നടത്തും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.