2011, ജൂൺ 1, ബുധനാഴ്‌ച

മലയാളം ഒന്നാം ഭാഷയാക്കാതിരിക്കാന്‍ ഗൂഢനീക്കം-വി.എസ്

മാതൃഭൂമി
Posted on: 01 Jun 2011
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാളം ഒന്നാം ഭാഷയാക്കാനുള്ള തീരുമാനത്തെ അട്ടിമറിക്കാന്‍ പുതിയ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഗൂഢനീക്കങ്ങള്‍ നടക്കുകയാണെന്നും ഇതിനെതിരെ മലയാളികളൊന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തണമെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കവി ഒ.എന്‍.വി.കുറുപ്പിനെ ആദരിക്കാനായി പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.

കേരളത്തിലെ മുഴുവന്‍ എഴുത്തുകാരുടെയും ഭാഷാഭിമാനികളുടെയും അഭിപ്രായങ്ങള്‍ മാനിച്ചും വിദ്യാഭ്യാസ വിചക്ഷണരടങ്ങിയ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചുമാണ് ഇക്കാര്യത്തില്‍ കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ തീരുമാനമെടുത്തത്. കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം ഒന്നാംഭാഷയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശവും ഉണ്ട്. വിദഗ്ദ്ധസമിതിയുമായി ചേര്‍ന്ന് രൂപരേഖ തയാറാക്കിയശേഷം മന്ത്രിസഭയും അംഗീകരിച്ചിരുന്നു. ബുധനാഴ്ച ആരംഭിക്കുന്ന അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കാമെന്ന് പ്രതീക്ഷിച്ചിരുന്ന ഈ തീരുമാനത്തെ അട്ടിമറിക്കാന്‍ പുതിയ സര്‍ക്കാര്‍ ഗൂഢനീക്കം നടത്തുകയാണ്. നമ്മുടെ ഭാഷയോടുള്ള ഈ നിഷേധാത്മക സമീപനത്തിനെതിരെ മുഴുവന്‍ മലയാളികളും ശക്തമായി പ്രതിഷേധിക്കണം-വി.എസ്. പറഞ്ഞു. കവി എന്ന നിലയില്‍ മാത്രമല്ല മലയാളികളുടെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ ശക്തമായ സാന്നിധ്യം എന്ന നിലയില്‍ക്കൂടിയാണ് ഒ.എന്‍.വി.കുറുപ്പിന്റെ സംഭാവനകള്‍ വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ ചില എഴുത്തുകാര്‍ തത്വാഭാസങ്ങളുടെ പേരില്‍ സാഹിത്യത്തെ ഒരു 'ഫാഷന്‍' ആക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്ന് ഒ.എന്‍.വി. പറഞ്ഞു. താന്‍ എഴുതുന്നതാണ് കവിതയെന്ന് അഹങ്കരിക്കുന്ന ഇവര്‍ ചുറ്റും നടക്കുന്നത് കാണാതെ വീട്ടിലിരുന്ന് വൃത്തികേടുകള്‍ എഴുതുകയാണ്. മലയാളത്തെ വെടിഞ്ഞ് കമ്പ്യൂട്ടറും മറ്റും പഠിപ്പിച്ച് പുതുതലമുറയെ 'യന്തിരന്‍'മാരാക്കാനാണ് അധിനിവേശ ശക്തികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വി.എസ്. അച്യുതാനന്ദന്‍ ഒ.എന്‍.വിക്ക് ഉപഹാരം സമര്‍പ്പിച്ചു. തുമ്പമണ്‍ തങ്കപ്പന്‍ തയാറാക്കിയ 'ജ്ഞാനപീഠത്തില്‍ സൂര്യതേജസ്സോടെ ഒ.എന്‍.വി.' എന്ന ഗ്രന്ഥം ചടങ്ങില്‍ പ്രകാശിപ്പിച്ചു. എം.എ. ബേബി, കവയിത്രി സുഗതകുമാരി, പ്രൊഫ. വി.എന്‍. മുരളി, പിരപ്പന്‍കോട് മുരളി, പുതുശ്ശേരി രാമചന്ദ്രന്‍, നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍, എം.പി. ലളിതാഭായി, റ്റി.ആര്‍. അജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

1 അഭിപ്രായം:

  1. അജ്ഞാതന്‍2011, ജൂൺ 1 4:29 PM

    മലയാളം അറിയാത്ത തലമുറ വരാതിരിക്കാന്‍ നമ്മള്‍ ശക്തമായി പ്രതികരിക്കുക.
    മലയാളം ഒന്നാം ഭാഷയാക്കുക. Join & raise your voice
    https://www.facebook.com/Malayalam.1st.Language

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.