2013, മേയ് 24, വെള്ളിയാഴ്‌ച

മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി


* വിപുലമായ കേന്ദ്രസഹായം
* സമഗ്രപഠനകേന്ദ്രം സ്ഥാപിക്കും


ന്യൂഡല്‍ഹി: നമ്മുടെ സ്വന്തം മലയാളത്തിന് ശ്രേഷ്ഠഭാഷയുടെ സുവര്‍ണകിരീടം. മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാപദവി നല്‍കാന്‍ വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.

ഭാഷ പരിപോഷിപ്പിക്കാന്‍ വിപുലമായ കേന്ദ്രസഹായം ലഭിക്കും. മലയാളത്തിനായി ദേശീയകേന്ദ്രം സ്ഥാപിക്കാനും കേന്ദ്രസര്‍വകലാശാലകളില്‍ മലയാളപഠനവിഭാഗം രൂപവത്കരിക്കാനുമൊക്കെ ശ്രേഷ്ഠഭാഷാപദവി സഹായകമാവും. ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവിലാണ് മലയാളികളുടെ ചിരകാലആവശ്യത്തിന് അംഗീകാരമാകുന്നത്.

ശ്രേഷ്ഠ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം. നിലവില്‍ സംസ്‌കൃതം, തമിഴ്, കന്നഡ, തെലുങ്ക് എന്നിവയ്ക്കാണ് ഈ പദവിയുള്ളത്.

ദക്ഷിണേന്ത്യന്‍ഭാഷകളില്‍ ശ്രേഷ്ഠപദവിയില്ലാതെ മലയാളംമാത്രം അവഗണിക്കപ്പെട്ടുകിടക്കുകയായിരുന്നു. മലയാളത്തിന് ഈ പദവി നല്‍കുന്നത് പരിശോധിക്കാന്‍ സംസ്ഥാനസര്‍ക്കാറിന്റെ അഭ്യര്‍ഥനയനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ വിദഗ്ധസമിതി രൂപവത്കരിച്ചു. മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍, ഭാഷാവിദഗ്ധരായ പ്രൊഫ. നടുവട്ടം ഗോപാലകൃഷ്ണന്‍, പ്രൊഫ. ബി. ഗോപിനാഥന്‍ എന്നിവരായിരുന്നു സംസ്ഥാനത്തിന്റെ പ്രതിനിധികള്‍. കേന്ദ്രസാഹിത്യ അക്കാദമിയുടെ ക്ഷണിതാവായി കേരളത്തില്‍നിന്ന് ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അംഗമായിരുന്നു. ഈ സമിതിയുടെ ഡിസംബര്‍ 19-ന് ചേര്‍ന്ന യോഗത്തില്‍ കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു.

ശ്രേഷ്ഠഭാഷാപദവിയുടെ യോഗ്യതയ്ക്കുള്ള 1500 വര്‍ഷത്തെ കാലപ്പഴക്കം മലയാളത്തിനില്ലെന്ന് വിലയിരുത്തി, നേരത്തേ സാഹിത്യഅക്കാദമിയുടെ പ്രത്യേകസമിതി കേരളത്തിന്റെ ആവശ്യം തള്ളിയിരുന്നു. ഭാഷാശാസ്ത്രജ്ഞന്‍ ബി.എച്ച്. കൃഷ്ണമൂര്‍ത്തിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചായിരുന്നു ഈ തീരുമാനം. എന്നാല്‍, തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ഈ തീരുമാനമെന്ന പരാതിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രത്തെ സമീപിച്ചു. തുടര്‍ന്ന്, വിദഗ്ധസമിതി പുനഃസംഘടിപ്പിച്ച് അതില്‍ കേരളത്തില്‍നിന്നുള്ളവരെയും ഉള്‍പ്പെടുത്തുകയായിരുന്നു.

ഇടതുസര്‍ക്കാറിന്റെ കാലത്താണ് ശ്രേഷ്ഠഭാഷാ പദവിക്കായി കേന്ദ്രസര്‍ക്കാറിനെ സമീപിച്ചത്. കവി ഒ.എന്‍.വി. കുറുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസമിതി മലയാളഭാഷയുടെ ചരിത്രവും സവിശേഷതയും വിവരിക്കുന്ന പ്രത്യേകറിപ്പോര്‍ട്ടും തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചു. പിന്നീട്, യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റപ്പോഴും ശ്രേഷ്ഠപദവിക്കുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടര്‍ന്നു.

തമിഴിന്റെ വകഭേദമാണ് മലയാളമെന്നും 1500 വര്‍ഷത്തെ കാലപ്പഴക്കം അവകാശപ്പെടാന്‍ കഴിയില്ലെന്നുമാണ് എതിര്‍ത്തവര്‍ വാദിച്ചത്. മലയാളത്തിന് രണ്ടായിരത്തിലേറെ വര്‍ഷത്തെ പഴക്കമുണ്ടെന്ന് കേരളത്തില്‍നിന്നുള്ളവര്‍ ചൂണ്ടിക്കാട്ടി. ബി.സി. 277-300 കാലഘട്ടത്തിലെ അശോകന്റെ രണ്ടാം ശിലാശാസനത്തില്‍ 'കേരളം'എന്ന വാക്കുള്ളത് തെളിവായി എടുത്തുപറഞ്ഞു. ബി.സി. ഒന്നാംനൂറ്റാണ്ടില്‍ കണ്ടെടുത്ത 'പുളിമാന്‍ കൊമ്പ് വീരക്കല്‍ ലിഖിത'വും മലയാളത്തിന്റെ പഴമ തെളിയിച്ചു. മലയാളത്തില്‍ മാത്രമുള്ള വ്യാകരണപ്രത്യേകത 2100 വര്‍ഷം പഴക്കമുള്ള ഈ ലിഖിതത്തില്‍ കാണാം. പട്ടണപര്യവേക്ഷണത്തില്‍ ലഭിച്ച എ.ഡി. രണ്ടാമാണ്ടിലെ ഓട്ടക്കലക്കഷ്ണവും കേരളം തെളിവായി കാണിച്ചു. മലയാളമാണ് ഇതിലെ ഭാഷ. ക്രിസ്തുവര്‍ഷം അഞ്ചാംനൂറ്റാണ്ടിലെ നിലമ്പൂര്‍-നെടുങ്കയം ശിലാരേഖയിലും മലയാളഭാഷയും വ്യാകരണപ്രത്യേകതകളും കാണാമെന്ന് കേരളം വാദിച്ചു. എല്ലാറ്റിനുമുപരി സംഘകാലസാഹിത്യത്തില്‍ 40 ശതമാനം മലയാളം വാക്കുകളും വ്യാകരണവുമുണ്ടെന്നും ചൂണ്ടിക്കാട്ടി.

ചരിത്രകാരന്‍ എം.ജി.എസ്. നാരായണന്റെ വാദം കേരളത്തിന് നിര്‍ണായകമായി. സംഘം സാഹിത്യകൃതി തമിഴിനുമാത്രമായി അവകാശപ്പെടാന്‍ കഴിയില്ലെന്ന് അദ്ദേഹം വാദിച്ചു. മൂലദ്രാവിഡഭാഷയില്‍ എഴുതപ്പെട്ടതാണ് സംഘം കൃതികള്‍. ഈ ഭാഷയില്‍നിന്നും ഉരുത്തിരിഞ്ഞതാണ് തമിഴും മലയാളവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ തമിഴില്‍ രചിക്കപ്പെട്ടതാണ് സംഘം സാഹിത്യമെന്ന വാദം അപ്രസക്തമായി.

ഏറ്റവും പഴക്കമുള്ള ദ്രാവിഡ വ്യാകരണഗ്രന്ഥമായ തൊല്‍ക്കാപ്പിയത്തിലെ 40 ശതമാനം നിയമങ്ങളും മലയാളത്തിനുമാത്രമേ യോജിക്കുന്നുള്ളൂവെന്നും കേരളത്തിന്റെ പ്രതിനിധികള്‍ വാദിച്ചു.

സംഘം കൃതികള്‍ക്കുമേല്‍ തമിഴിന്റെ മാത്രം ഉടമസ്ഥാവകാശം തെളിവുകളിലൂടെ നിഷേധിച്ച എം.ജി.എസ്സിന്റെയും കേരളത്തില്‍നിന്നുള്ള പ്രതി നിധികളുടെയും വാദങ്ങള്‍ അംഗീകരിച്ച് മലയാളം ശ്രേഷ്ഠപദവിക്ക് അര്‍ഹമാണെന്ന് സമിതി വിലയിരുത്തി. ശുപാര്‍ശ കേന്ദ്ര സംസ്‌കാരികമന്ത്രാലയത്തിന് സമര്‍പ്പിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി ശുപാര്‍ശ വ്യാഴാഴ്ച കേന്ദ്രമന്ത്രിസഭ പരിഗണിക്കുകയായിരുന്നു. 

സംസ്‌കൃതിക്കുള്ള ആദരം


* ആശയവിനിമയോപാധി മാത്രമല്ല മാതൃഭാഷ. ജനതയുടെ സ്വത്വത്തിന്റെയും സംസ്‌കാരത്തിന്റെയും മുദ്രയാണത്. 1500 വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള ഭാഷകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ കഌസിക് ഭാഷാപദവി നല്‍കുന്നത്. മലയാളത്തിന് ശ്രേഷ്ഠപദവി ലഭിക്കുന്നതിലൂടെ നമ്മുടെ സംസ്‌കൃതി തന്നെയാണ് ആദരിക്കപ്പെടുന്നത്.
മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി നല്‍കുന്നതിനൊപ്പം ഭാഷാപരിപോഷണത്തിനുള്ള നടപടികളും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഭാഷയിലെ ലേഖനങ്ങള്‍ക്കും പഠനങ്ങള്‍ക്കുമായി വര്‍ഷത്തില്‍ രണ്ട് അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തും. ശ്രേഷ്ഠഭാഷാപഠനത്തിനായി മികവിന്റെ കേന്ദ്രം സ്ഥാപിക്കും. കേന്ദ്രസര്‍വകലാശാലകളില്‍ പ്രത്യേക ചെയറുകള്‍ സ്ഥാപിക്കാന്‍ യു.ജി.സി.യോട് നിര്‍ദേശിക്കും.

1 അഭിപ്രായം:

  1. കലപ്പയെ കുറിക്കുന്ന ഞേങ്ങോല്‍ എന്ന പദം സൈന്ധവ സംസ്കാരത്തിലും പ്രചാരമുള്ള പദമാണ്. തുളു ഭാഷയില്‍ അത് നായര്‍ ആണ്. കലപ്പ തൊഴിലാളിഎന്നണര്‍ഥം. ഇന്ത്യയിലെവിടെയും കലപ്പയെ കുറിക്കാന്‍ ഈ പദം ഉപ യോഗിച്ചിരുന്നു. അതിന്റെ പ്രഭവകേന്ദ്രം നാഞ്ചി നാടാണ്.

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.