ഏതൊരു വേദവുമേതൊരു ശാസ്‌ത്രവുമേതൊരു
കാവ്യവുമേതൊരാള്‍ക്കും ഹൃത്തില്‍പ്പതിയേണമെങ്കില്‍
സ്വഭാഷ തന്‍ വക്‌ത്രത്തില്‍നിന്നു താന്‍ കേള്‍ക്കവേണം.
മഹാകവി വള്ളത്തോളിന്റെ ഈ വരികളില്‍നിന്നു മാതൃഭാഷയുടെ ജീവല്‍ പ്രാധാന്യമെന്താണെന്നു വ്യക്‌തമാകും ഏതൊരാള്‍ക്കും. ചിന്തയുടെ മാധ്യമം ഭാഷയാണ്, വിദ്യാഭ്യാസത്തിന്റെ മാധ്യമവും ഭാഷ തന്നെ. അതില്‍ മാതൃഭാഷയുടെ സ്‌ഥാനമെന്തെന്ന് കവി ഉദ്‌ഘോഷിക്കുന്നു. എന്തൊക്കെയാണു മലയാളഭാഷയെ സ്‌നേഹിക്കുന്നവര്‍ കാണുന്ന സ്വപ്‌നങ്ങള്‍?
മലയാളം കേരളത്തിലെ സര്‍വവിദ്യാലയങ്ങളിലും ഒന്നാം ഭാഷയാകണം. സ്‌കൂള്‍ ക്ലാസുകളില്‍ എല്ലായിടങ്ങളിലും പഠനമാധ്യമം മലയാളമായിരിക്കണം. ഔദ്യോഗികഭാഷയും കോടതിഭാഷയും മലയാളത്തിലായിരിക്കുകയും വേണം. സര്‍വയിടങ്ങളിലും സോദരര്‍ നല്ല മലയാളം പറയുകയും എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നതു കാണുക: തികച്ചും ന്യായമായ സ്വപ്‌നങ്ങള്‍. സംസ്‌ഥാനംഭരിച്ച എല്ലാ സര്‍ക്കാരുകളും മലയാളഭാഷയുടെ വികാസത്തിനു വേണ്ടി നിലകൊള്ളുന്നുണ്ട് അഥവാ അങ്ങനെ ഭാവിക്കുന്നുണ്ട്.
എല്ലായിടത്തും മലയാളഭാഷയുടെ സാന്നിധ്യം ശക്‌തവുമാണ്. എന്നിട്ടുമെന്തേ മലയാളഭാഷ വിടരുന്നില്ല, പുഷ്‌പിക്കുന്നില്ല, വികസിക്കുന്നില്ലായെന്നൊക്കെയുള്ള തോന്നല്‍ പ്രകടമായി നില്‍ക്കുന്നു? മലയാളഭാഷയുടെ വികാസം ലക്ഷ്യംവച്ച് എണ്ണമറ്റ കമ്മിഷനുകളും അവയുടെ റിപ്പോര്‍ട്ടുകളും അവയെ അടിസ്‌ഥാനപ്പെടുത്തി സര്‍ക്കാര്‍ പുറത്തിറക്കിയ അനേകം ഉത്തരവുകളുമുണ്ട്. എന്നിട്ടും, നല്ല മലയാളം പറയുന്നവരുടെ എണ്ണം കൂടുകയല്ല കുറയുകയാണ് ചെയ്യുന്നത്. ടെലിവിഷന്‍ അവതാരകര്‍ മാത്രമല്ല, അധ്യാപകര്‍പോലും മലയാളഭാഷാ പ്രയോഗങ്ങളില്‍ ഗുരുതരമായ തെറ്റുവരുത്തുന്നുണ്ട്. സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ മലയാളഭാഷാ നൈപുണി പരിശോധിച്ചാല്‍ ശോചനീയമായ സ്‌ഥിതി വ്യക്‌തമാവും.
അടുത്തിടെ പ്രസിദ്ധീകരിക്കപ്പെട്ട പ്രഥം എന്ന ഏജന്‍സിയുടെ ദേശീയ പഠന റിപ്പോര്‍ട്ടില്‍ കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഭാഷാ നിലവാരത്തകര്‍ച്ചയെക്കുറിച്ച് എടുത്തുപറയുന്നുണ്ട്. മലയാളഭാഷ തെറ്റുകൂടാതെ എഴുതാനും വായിക്കാനും അറിയാവുന്നവര്‍ നാല്‍പ്പത് ശതമാനത്തില്‍ താഴെയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഭാഷാബോധനത്തിലെ വൈകല്യങ്ങളിലേക്കാണ് എല്ലാ അന്വേഷണ റിപ്പോര്‍ട്ടുകളും വിരല്‍ചൂണ്ടുന്നത്. നല്ല മലയാളം സ്‌കൂള്‍ ക്ലാസുകളില്‍ പഠിപ്പിക്കാതെ, മലയാള ഭാഷാ വികസനത്തിന് വേണ്ടി കോടികള്‍ ചെലവിടുന്നത് കൊണ്ടെന്ത് കാര്യം?
എന്തിനേറെ, നമുക്ക് നല്ല മലയാളഭാഷാ പാഠപുസ്‌തകങ്ങള്‍ ഉണ്ടോ? ഇപ്പോള്‍ നിലവിലുള്ള ഒന്നാംക്ലാസിലെ കേരളപാഠാവലി മലയാളം ഭാഗം ഒന്നു പരിശോധിച്ചാല്‍ അതില്‍ അക്ഷരപഠനത്തിനു സഹായിക്കുന്ന കലവറകളില്ലായെന്നു കാണാം. ഡി.പി.ഇ.പി. കാലത്തു ഇറങ്ങിയ പൂത്തിരി, മിന്നാമിന്നി പുസ്‌തകങ്ങളെ അപേക്ഷിച്ച് ഭേദമാണ് ഈ ഒന്നാംപാഠപുസ്‌തകം. പക്ഷേ 96 പേജുള്ള അഞ്ച് അധ്യായങ്ങള്‍ മുഴുവന്‍ പഠിച്ചാലും കുട്ടിക്കു മലയാളഭാഷയുടെ അടിത്തറ ഉറയ്‌ക്കാന്‍ സഹായിക്കുന്ന കോപ്പുകള്‍ ലഭ്യമാവില്ല. വീട് നല്ല വീട്, മഴമേളം, മണവും മധുരവും, ഒരുമയുടെ ആഘോഷം, നന്നായി വളരാന്‍ തുടങ്ങിയ അധ്യായങ്ങളില്‍ ചില കുഞ്ഞ് കഥകളും സംഭവങ്ങളുമൊക്കെ വിവരിച്ചിട്ടുണ്ട്. എന്നാല്‍, ഒന്നാം ക്ലാസിലെ കുട്ടിക്കു വേണ്ടത്, പാഠപുസ്‌തകത്തിലൂടെ പ്രദാനം ചെയ്യപ്പെടണമെന്ന് ഉദ്ദേശ്യാധിഷ്‌ഠിതബോധനം നിഷ്‌കര്‍ഷിക്കുന്നത്, പുസ്‌തകത്തില്‍ കാണാനില്ല എന്ന വലിയ പരിമിതി മറികടക്കാന്‍ പരിഷ്‌കരിക്കപ്പെട്ട മലയാള ഭാഷാ പാഠപുസ്‌തകങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ടോയെന്നു ഭാഷാവിദഗ്‌ധര്‍ പരിശോധിക്കുന്നതു നന്നായിരിക്കും.
മഴമേളം എന്ന രണ്ടാം അധ്യായം നിറയെ മഴ മഴ മഴവന്നു ഒരു മഴ ചെറുമഴ മഴ വന്നു മാതിരിയുള്ള ഗാനങ്ങളും കവിതകളും കൈയടക്കിയിരിക്കുന്നു. ആ അധ്യായത്തിലെ 19 പേജുകളും മഴയെക്കുറിച്ചുമാത്രമാണ്. കഴിഞ്ഞകാല പാഠപുസ്‌തകങ്ങളിലെ അനാവശ്യമായ അവതരണങ്ങളുടെ ആവര്‍ത്തനമാണ് ഇതില്‍ മിക്കതിലും എന്നതു സമീപനത്തില്‍ കാതലായ മാറ്റങ്ങള്‍ വന്നിട്ടില്ലായെന്നതിന്റെ സൂചനയായി വേണം കരുതാന്‍.
പഴയ ഒന്നാം ക്ലാസ് പാഠപുസ്‌തകം വീണ്ടും താരതമ്യത്തിനു വിധേയമാക്കിയപ്പോള്‍ ഗൃഹാതുരത്വം വേട്ടയാടുകയാണ്. തറ പറ പുസ്‌തകം എന്ന പേരില്‍ പരിഷ്‌കാരികള്‍ തള്ളിക്കളഞ്ഞ ആ പാഠഭാഗങ്ങള്‍ എത്ര ലളിതമായിരുന്നു, മലയാളഭാഷാബോധനത്തിന്റെ വീക്ഷണത്തില്‍ വിലയിരുത്തുമ്പോള്‍. തീര്‍ച്ചയായും ആധുനിക വിദ്യാര്‍ഥിക്ക് ആ പാഠപുസ്‌തകം പോരാ എന്ന കാര്യം നിസ്‌തര്‍ക്കമാണ്. അതിലും എത്രയോ മെച്ചപ്പെട്ട പാഠപുസ്‌തകമാണ് പുതുതലമുറ കുട്ടികള്‍ അര്‍ഹിക്കുന്നത്. എന്നാല്‍, നമ്മുടെ സര്‍ക്കാര്‍ സിലബസിലെ പ്രാഥമിക ക്ലാസുകളിലെ മലയാള ഭാഷാ പുസ്‌തകങ്ങള്‍ക്കു കുഞ്ഞുങ്ങളെ ഭാഷയുടെ പ്രപഞ്ചത്തിലേക്കു സഞ്ചരിക്കാനുള്ള വാതില്‍ ഏതെന്നു കാട്ടിക്കൊടുക്കാനാകുന്നില്ല.
ഓരോ ക്ലാസിലേക്കുമുള്ള പാഠപുസ്‌തകങ്ങള്‍ ലക്ഷ്യാനുരോധമായാണോ തയാറാക്കപ്പെട്ടിട്ടുള്ളതെന്നും പരിശോധിക്കണം. പ്രൈമറി ക്ലാസുകളിലെ മലയാളപഠനം ഭാഷാപരമായ അടിസ്‌ഥാനകാര്യങ്ങള്‍ ലക്ഷ്യമാക്കി വേണം തയ്യാറാക്കേണ്ടത്. എന്നാല്‍, ഒന്നാം പാഠപുസ്‌തകത്തിലെ അധ്യായങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചുനോക്കിയാല്‍ നിരാശപ്പെടും. അവരുടെ ശ്രദ്ധ മഴയിലും കൃഷിയിലും പട്ടംപറത്തലിലും മറ്റുമൊക്കെയായി ചുരുങ്ങിപ്പോകുന്നു.
രണ്ടാം ക്ലാസിലെ പാഠപുസ്‌തകം എടുത്തുമറിച്ചു നോക്കൂ. ഒന്നാം ക്ലാസിലെ മലയാള പാഠങ്ങളുടെ ആവര്‍ത്തനം പോലെ മഴ കടന്നുവരുന്നു. അതിലെ ആദ്യ അധ്യായം തന്നെ പെയ്‌തിട്ടും പോരാതെ എന്ന പേരിലാണ്. അവസാനിക്കുന്ന അധ്യായമോ? കുംഭത്തില്‍ നട്ടാല്‍ കൃഷിക്കുണ്ടാകുന്ന അഭിവൃദ്ധിയെക്കുറിച്ചാണു വിസ്‌താരം. എന്തു വിജ്‌ഞാനമാണ് ഈ പുസ്‌തകങ്ങള്‍ പകര്‍ന്നു നല്‍കുന്നത്? മലയാളഭാഷയോടു കുട്ടിക്ക് അടുപ്പമുണ്ടാക്കുന്ന എത്ര പാഠഭാഗങ്ങളുണ്ട് പൊതുവില്‍ മലയാളപാഠപുസ്‌തകങ്ങളില്‍?
പാഠപുസ്‌തകം മാത്രമല്ല കാര്യം, ക്ലാസ് മുറിയിലെ അധ്യാപകന്റെ ബോധനതന്ത്രങ്ങളാണ് കുട്ടിയെ വിജ്‌ഞാനത്തിലേക്ക് ആകര്‍ഷിക്കുന്നത് എന്ന വാദം അപ്പടി അംഗീകരിക്കാം. എന്നാല്‍, അതിനെവിടെ അധ്യാപകര്‍? ബോധനസമ്പ്രദായങ്ങള്‍ നടപ്പാക്കാന്‍ ഒന്നു മുതല്‍ നാലുവരെ ക്ലാസുകളില്‍ ഭൂരിപക്ഷം സര്‍ക്കാര്‍ വിദ്യാലയങ്ങളിലും ഒരു ക്ലാസില്‍ ഒരു അധ്യാപിക മാത്രമേയുള്ളു എന്ന കാര്യം ശ്രദ്ധയില്‍ വന്നിട്ടുണ്ടോ? ഭാഷയും ഗണിതവും ശാസ്‌ത്രവും ഒക്കെ ഒരാള്‍തന്നെ പഠിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന വിരസത എത്ര വലുതാണ്. ഉദ്‌ഗ്രഥിത സമീപനമെന്നൊക്കെ പറയാന്‍ കൊള്ളാം. പക്ഷേ, കുട്ടികളെ കിട്ടില്ല. സംസ്‌ഥാനത്തെ ലോവര്‍ പ്രൈമറി സ്‌കൂളുകളിലാണ് ഏറ്റവുമധികം കുട്ടികള്‍ കുറഞ്ഞിട്ടുള്ളത്, കുറഞ്ഞുകൊണ്ടിരിക്കുന്നത്. സംസ്‌ഥാന സര്‍ക്കാര്‍ പൂട്ടാന്‍ തീരുമാനിച്ച 184 വിദ്യാലയങ്ങളും ലോവര്‍ പ്രൈമറി പള്ളിക്കൂടങ്ങളാണ്. അതിനുള്ള പ്രധാനകാരണം ഭാഷാ പഠനത്തിലെ വൈകല്യങ്ങളാണ്; അതിലെ നിലവാരത്തകര്‍ച്ചയാണ്. ഭാഷാസ്‌നേഹികള്‍ ഇക്കാര്യം ഗൗരവപൂര്‍വം പരിഗണിച്ചിട്ടുണ്ടോ? ശ്രേഷ്‌ഠഭാഷാ പദവി അനുവദിക്കുമ്പോഴും, ഔദ്യോഗികഭാഷയായി മലയാളം പ്രഖ്യാപിക്കപ്പെടുമ്പോഴും, 100 കോടി രൂപ മലയാളം സര്‍വകലാശാലയ്‌ക്ക് നല്‍കപ്പെടുമ്പോഴും അഭിമാനപുളകിതരാകുന്നവര്‍ ക്ലാസ് മുറികളില്‍ തളര്‍ന്നുകൊണ്ടിരിക്കുന്ന ഭാഷാ വിദ്യാഭ്യാസത്തിന്റെ അവസ്‌ഥകള്‍ പരിഹരിക്കുവാനുള്ള ഇടപെടലുകള്‍ക്ക് മുന്‍തൂക്കം നല്‍കാത്തതെന്ത്?
അതല്ലെങ്കില്‍, മലയാള ഭാഷാ വികസനത്തെക്കുറിച്ചുള്ള വലിയ വലിയ പ്രോജക്‌ടുകള്‍ക്കിടയില്‍, അക്ഷരമറിയാതെ വളരുന്ന തലമുറകളുടെ എണ്ണം പെരുകികൊണ്ടേയിരിക്കും എന്ന യാഥാര്‍ഥ്യം പോലും വേണ്ടത്ര തിരിച്ചറിയപ്പെടാതെ പോകാം.
അതിന് നമുക്ക് വലിയ വില ഇപ്പോള്‍ തന്നെ നല്‍കേണ്ടി വന്നിരിക്കുന്നു. നാളെ അതിന്റെ വ്യാപ്‌തി വര്‍ധിക്കും. മാതൃഭാഷാപഠനത്തിലെ സര്‍ക്കാരിന്റെ വികലനയം തിരുത്താതെ മലയാളഭാഷ വികസിക്കില്ലായെന്ന തിരിച്ചറിവില്‍ നിന്നാരംഭിക്കാം മാതൃഭാഷയുടെ വികസനവും പരിപോഷണവും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.