2015, ഫെബ്രുവരി 23, തിങ്കളാഴ്‌ച

നിലനിര്‍ത്താം മലയാളത്തിന്റെ നീരൊഴുക്ക്- സി. ആര്‍. രാജഗോപാലന്‍.

ആധുനിക ദേശീയതയുടെ വളര്‍ച്ചയിലും നവലോകക്രമത്തിലും ഏറ്റവും കൂടുതല്‍ വീര്‍പ്പുമുട്ടിയത് പ്രാദേശിക ഭാഷാ വൈവിധ്യങ്ങളായിരുന്നു. തനതു ഭാഷകളുടെ സാംസ്കാരികചരിത്രം നിഷേധിച്ചുള്ള ഭാഷാശാസ്ത്ര ഗവേഷണങ്ങളാണ് പലപ്പോഴും നടന്നത്. ലോകത്തിലെ നൂറുകണക്കിന് തനതുഭാഷകള്‍ നിലനില്‍പ്പിനായി പോരാടുകയാണ്. ആധിപത്യഭാഷകളുടെ പ്രത്യയശാസ്ത്രമാണ് സാംസ്കാരിക-ഗവേഷണ കോയ്മകള്‍ നടപ്പാക്കുന്നത്. മാതൃഭാഷയ്ക്കുമേല്‍ നടന്ന ആധിപത്യങ്ങളുടെ ചരിത്രം തിരിച്ചറിയുന്ന ഭാഷാപ്രതിരോധത്തിനു തയ്യാറെടുക്കേണ്ടിയിരിക്കുന്നു. ഗുണപരവും സമഗ്രവുമായ വിദ്യാഭ്യാസം മാതൃഭാഷയിലൂടെ മാത്രമേ സാധ്യമാകൂവെന്ന് ലോകം തിരിച്ചറിയുകയാണ്. വംശനാശം നേരിടുന്ന ജൈവപൈതൃകത്തിന്റെ ആവിഷ്കാരം തനതുഭാഷകളാണെന്ന് അറിയണം.രാജ്യം, ഏകഭാഷ, മരണം എന്ന സമവാക്യത്തിലേക്ക് അധികാരലോകം നീങ്ങുമ്പോഴാണ് നാട്ടുഭാഷകളുടെ സംരക്ഷണത്തിനായി വീണ്ടും രക്തസാക്ഷിത്വത്തിന്റെ ഓര്‍മപ്പെടുത്തലുമായി തായ്മൊഴിദിനം വരുന്നത്. ഇന്ത്യ-പാക് വിഭജനശേഷം കിഴക്കന്‍ ബംഗാള്‍ രൂപീകരിച്ചപ്പോള്‍ അവിടത്തെ ഔദ്യോഗിക ഭാഷയായി ഉറുദു നിശ്ചയിച്ചു. ഇതിനെതിരെ വലിയ പ്രതിഷേധം ഉണ്ടായി. 1952 ഫെബ്രുവരി 21നാണ് ബംഗ്ലാദേശിലെ ഡാക്ക സര്‍വകലാശാല, ജഗന്നാഥ സര്‍വകലാശാല എന്നിവിടങ്ങളിലെ നാലുവിദ്യാര്‍ഥികള്‍ വെടിയേറ്റു മരിച്ചത്. മാതൃഭാഷയ്ക്കുവേണ്ടി ആത്മത്യാഗംചെയ്ത വിദ്യാര്‍ഥികളുടെ ഓര്‍മ നിലനിര്‍ത്തുന്നതിനാണ് ഫെബ്രുവരി 21ന് യുഎന്നിന്റെയും യുനസ്കോയുടെയും നേതൃത്വത്തില്‍ ലോകമെമ്പാടും ഭമാതൃഭാഷാദിനം കൊണ്ടാടുന്നത്. അന്ന് ബംഗ്ലാദേശില്‍ ഒഴിവുദിനമാണ്. 1956ല്‍ ബംഗ്ലാദേശില്‍ ബംഗാളി ഔദ്യോഗികഭാഷയായി അംഗീകരിച്ചു. 1999 നവംബര്‍ 17നാണ് യുഎന്‍ പ്രഖ്യാപനം ഉണ്ടായത്. "കിരഹൗശെീി ശി മിറ വേൃീൗഴവ ലറൗരമശേീി: ഘമിഴൗമഴല രീൗിേെ" എന്നതാണ് 2015ലെ വിഷയം. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഗുണപരമായ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. ഈ അസന്തുലിതാവസ്ഥ മാറണം എന്നതാണ് ലക്ഷ്യം. സ്വന്തം ഭാഷ മാത്രമല്ല ബഹുഭാഷാ സംസ്കാര വൈവിധ്യത്തെയും സംരക്ഷിക്കണം എന്ന് പ്രഖ്യാപനം പറയുന്നു. കുത്തക വിദ്യാഭ്യാസക്കച്ചവടത്തിന്റെ ചാരന്മാരും അവരുടെ അഭിജാത സൗന്ദര്യശാസ്ത്രവും കൊണ്ടാടപ്പെടുന്ന കാലത്താണ് മാതൃഭാഷാദിനം കടന്നുവരുന്നത്. വായുവും വെള്ളവും മണ്ണും പോലെ സ്വന്തം നാട്ടിലെ ഭാഷ സംസാരിക്കാനും കൊണ്ടാടുവാനുമുള്ള അവകാശം നിഷേധിക്കപ്പെട്ടവരുടെ കാലത്താണ് വികസിത-വിദ്യാഭ്യാസ മാതൃകകളെക്കുറിച്ച് വേവലാതിപ്പെടുന്നത്. മറ്റു ഭാഷകളുടെ ആധിപത്യത്തെ അതിജീവിച്ചാണ് മലയാളങ്ങള്‍ വളര്‍ന്നത്. ആന്തരികമായ വൈവിധ്യമാണ് സജീവമായ ഭാഷയുടെ ലക്ഷണം. ആധിപത്യങ്ങളുണ്ടായിട്ടും ഇന്നും വാമൊഴി-സാഹിത്യസരണികള്‍ ഏറിയും കുറഞ്ഞും കാത്തുസൂക്ഷിക്കുന്ന പാരമ്പര്യമാണ് മലയാളത്തിന്റെ കരുത്ത്. പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യമാണ് മലയാളത്തിന്റെ സമ്പന്നതയുടെ അടിസ്ഥാനം. അവിടത്തെ തിണകളില്‍ കഴിഞ്ഞുവന്ന ആദിമനിവാസികളുടെ പരിസ്ഥിതിചരിത്രം പശ്ചിമഘട്ടത്തോളം പഴക്കമുള്ളതാണ്. മലയാളഭാഷയുടെ പഴക്കത്തെ സാഹിത്യരേഖകളെ അടിസ്ഥാനമാക്കി മാത്രം നിര്‍ണയിക്കാനാകില്ല. മാതൃമലയാളം മലയിലെ എഴുത്തുരൂപങ്ങളോളം പഴക്കമുള്ളതാണെന്നതിന്് പ്രത്യേകം തെളിവ് ആവശ്യമില്ല. മഹാശിലാ സംസ്കാരത്തിന്റെ വാസ്തുരൂപങ്ങള്‍ സൃഷ്ടിച്ചവരുടെ ലോകവീക്ഷണങ്ങളടങ്ങിയ ഭാഷാരൂപങ്ങള്‍ മലനാട്ടു മലയാളത്തിലുണ്ട്. കല്‍മഴുവും കുടക്കല്ലും കല്‍വലയങ്ങളും നന്നങ്ങാടികളും നിര്‍മിച്ചവരുടെ കൈത്തഴക്കങ്ങളും പ്രജ്ഞയും അതിന്റേതായ സമൂഹ്യഭാഷ ഉണ്ടാക്കിയിട്ടുണ്ട്. കലത്ര എന്ന ഈണത്തില്‍ തോറ്റങ്ങളുടെ നാട്ടുസംഗീതം രചിച്ചിട്ടുണ്ട്. ഇതെല്ലാം തൊട്ടറിയാ പൈതൃകങ്ങളാണ്. പൊലവിയും തിണര്‍പ്പും ഇണര്‍പ്പും നിറഞ്ഞ മലയാളഭാഷയുടെ ചൂരും ചുണയും എന്നും കാത്തുസൂക്ഷിച്ചത് നാടോടി-കാടോടി സംസ്കാരമാണ്. മഹാനിഘണ്ടുക്കളിലും സാഹിത്യചരിത്രങ്ങളിലും ഈ നാട്ടുമലയാളങ്ങളൊന്നും കണ്ടില്ലായിരിക്കാം. എന്നാല്‍, മാതൃഭാഷയെയും സാഹിത്യത്തെയും എന്നെന്നും പോറ്റിവളര്‍ത്തിയത് സാധാരണക്കാരും അവരുടെ ആവിഷ്കാരങ്ങളുമായിരുന്നു. ജനഭാവനയെ കൊള്ളയടിക്കുന്ന സങ്കേതമായി സാഹിത്യം സമൂഹത്തില്‍നിന്ന് അകലുന്നു. മലയാണ്മയുടെ പാട്ടുപാരമ്പര്യങ്ങളും കിളിപ്പാട്ടുകളും തുള്ളല്‍പ്പാട്ടുകളും തോറ്റങ്ങളും പടയണിപ്പാട്ടുകളും പുലിമറഞ്ഞതൊണ്ടച്ചന്‍ പുരാവൃത്തങ്ങളും സാഹിത്യത്തെ വളര്‍ത്തിയിട്ടേയുള്ളു. അക്ഷരമാലയില്‍ അധിഷ്ഠിതമായ മാതൃഭാഷാ സങ്കല്‍പ്പത്തെയും വികസിപ്പിക്കേണ്ടതാണ്. വെറും സാഹിത്യചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള ഭാഷാപഠനത്തെ കേരളീയ ദേശീയസൗന്ദര്യശാസ്ത്രബോധവുമായി ബന്ധപ്പെടുത്തിയുള്ള അന്വേഷണങ്ങളിലേക്ക് ചുവടുമാറ്റേണ്ടതാണ്. അതോടൊപ്പം മാതൃഭാഷാ പഠനത്തെ മലനാട്ടിന്റെ കലാചരിത്രത്തിന്റെ ഊത്താലയില്‍നിന്നു വാര്‍ത്തെടുക്കണം. സ്വന്തം ഭാഷാഭിമാനത്തില്‍ ചുറ്റിക്കറങ്ങുന്നതിനുപകരം ഭാഷയുടെ പരിമിതികളെ മറികടക്കാനും ലോക മലയാളത്തിന്റെ പശ്ചാത്തലത്തില്‍ പകര്‍ന്നാടാനും കഴിയണം.
അതിനായി ലോകഭാഷാ പഠനങ്ങളിലേക്കും അന്തര്‍സംസ്കാര പഠനങ്ങളിലേക്കും പുരോഗമിക്കേണ്ടതുണ്ട്. പ്രൈമറിതലംമുതല്‍ ഗവേഷണതലംവരെ ഈ വിചാരമാതൃകയുടെ ചുവടുമാറ്റം അനിവാര്യമാണ്. മാതൃഭാഷാ പഠന-ഗവേഷണ രംഗത്തുള്ള ജീര്‍ണതകളെ മറികടക്കാന്‍ മലയാളം കംപ്യൂട്ടിങ് മാത്രം പരിഹാരമാവില്ല. നിയമനിര്‍മാണങ്ങളില്‍ മാത്രം ഒതുങ്ങുന്നതുമല്ല ഈ സാംസ്കാരിക പ്രതിരോധം. മാതൃഭാഷാ മുന്നേറ്റത്തിന്റെ സ്വാഭാവികമായ പ്രവര്‍ത്തനമേഖലകളാണിതെല്ലാം. മാതൃഭാഷയുടെ പ്രശ്നപരിസരം തിരിച്ചറിയണം. ഇത്രയധികം കപടഭാഷാ സ്നേഹമുള്ളവരുടെ നാട്ടിലാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളും എയ്ഡഡ് സ്കൂളുകളും നിലനില്‍പ്പിനായി പാടുപെടുന്നത് എന്നത് ആത്മപരിശോധന നടത്തേണ്ടതാണ്. പൊങ്ങച്ച വിദ്യാഭ്യാസത്തിന്റെ കടന്നുവരവില്‍ നഷ്ടപ്പെട്ട മാനവികമൂല്യങ്ങളും ഭാഷയുടെ സ്വത്വവും എങ്ങനെ തിരിച്ചുപിടിക്കും? പകലന്തിയോളം മാലിന്യങ്ങളില്‍ കഴിഞ്ഞുകൂടുന്നവരുടെ നാട്ടില്‍ വക്രീകരിച്ച മാധ്യമമലയാളവും മംഗ്ലീഷും വ്യവഹാര പ്രത്യയശാസ്ത്രമായി മാറുന്ന കാലത്താണ് തെളിമലയാളത്തിന്റെ നല്‍വരവ് ആഘോഷിക്കുന്നത്. ഭാഷയെ നിലനിര്‍ത്തിയത് സാഹിത്യം മാത്രമായിരുന്നില്ല. ആദിമലയാളത്തിന്റെ സമൃദ്ധി കുഞ്ചന്‍നമ്പ്യാരിലൂടെയും കുഞ്ഞുണ്ണി മാഷിലൂടെയും നാം കണ്ടതാണ്. മാതൃഭാഷാ വികാസത്തിന് കവികളും കലാകാരന്മാരും കര്‍ഷകരും നല്‍കിയ സംഭാവനങ്ങള്‍ ഇവിടെ സ്മരിക്കാം. നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന മാതൃമലയാളത്തിന്റെ മഹനീയ മാതൃകകള്‍ മനസ്സിലാക്കാനും തിരിച്ചുപിടിക്കാനുമുള്ള നാട്ടിടങ്ങളുണ്ടാകണം. ഞാറ്റുവേലകള്‍, കൃഷിക്കലണ്ടര്‍, താളങ്ങള്‍, നാടന്‍കളികള്‍, വംശീയസസ്യവിജ്ഞാനം, കളരി, പൈതൃകക്കലവറകള്‍ തുടങ്ങിയവയും കേരളീയ വിജ്ഞാന പാരമ്പര്യങ്ങളും പുതിയ തലമുറ മനസ്സിലാക്കണം. ഭാഷയുടെ ജൈവപൈതൃകപരിസരം തിരിച്ചറിയാനുള്ള പാഠ്യപദ്ധതികള്‍ മാതൃഭാഷയില്‍ ലഭ്യമാകണം. ബഹുവ്യക്തിത്വവികാസവും ബഹുജ്ഞാന പരിസരവും ആര്‍ജിക്കുന്നവിധത്തിലുള്ള മാതൃഭാഷാ ഗുരുകുലങ്ങളുടെ പ്രസക്തി ഇവിടെയാണ്. നവഭാഷകളെ കംപ്യൂട്ടര്‍ ഭാഷ, മനുഷ്യ ഭാഷ എന്നു വേര്‍തിരിക്കുമ്പോള്‍ മനുഷ്യഭാഷയ്ക്ക് ഉദാഹരണമായി പറയുന്നത് മലയാളമാണ്. മാതൃഭാഷയുടെ നീരൊഴുക്കു നിലനിര്‍ത്താന്‍ നാല് ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു.1. മാതൃഭാഷാ ഗുരുകുലങ്ങള്‍- കേരളത്തിലെ എണ്ണായിരത്തോളം വായനശാലകളിലും ക്ലബ്ബുകളിലും സ്കൂളുകളിലും പണിസ്ഥലങ്ങളിലും ഇത് ആരംഭിക്കാവുന്നതാണ്. നൈപുണ്യമുള്ള കാരണവകുലങ്ങളാകണം അറിവുകള്‍ കൈമാറ്റം ചെയ്യേണ്ടത്.2. നാട്ടുവാക്കുകളുടെ ശേഖരണവും സാംസ്കാരിക പഠനവും- വിദ്യാര്‍ഥികളുടെയും അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും സന്നദ്ധസഹായത്തോടെ ഇത് ആരംഭിക്കാം. ഏതെങ്കിലും സര്‍വകലാശാലയ്ക്കോ, സാംസ്കാരിക സംഘത്തിനോ ഇത് ഏറ്റെടുക്കാവുന്നതാണ്. ഗ്രാമങ്ങളും ഗവേഷണസ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം സ്ഥാപിക്കാന്‍ ഇത് ഉപകരിച്ചേക്കാം.3. ജനകീയ പൈതൃകപഠനകേന്ദ്രങ്ങള്‍- മലനാടിന്റെ ഗോത്ര-നാടോടി-പാരമ്പര്യ രംഗകലകളും കൈവേലാ നൈപുണ്യങ്ങളും നാട്ടുതഴക്കങ്ങളും ഭൂമിശാസ്ത്രസൂചകങ്ങളും നവനിര്‍മിതികളായിമാറണം.4. നാട്ടുവിജ്ഞാനപഠന-ഗവേഷണങ്ങള്‍- നാട്ടുഗണിതം, വൈദ്യം, നക്ഷത്രവിജ്ഞാനം, വാസ്തു, കളരി തുടങ്ങിയ കേരളത്തിന്റെ നാട്ടുവിജ്ഞാനങ്ങള്‍ ലോകപ്രസിദ്ധമാണ്. ഇവ സംരക്ഷിക്കുന്നതിനും പേറ്റന്റ് ചെയ്യുന്നതിനും ജൈവചോരണം തടയുന്നതിനുമുള്ള അന്താരാഷ്ട്ര നിയമങ്ങളുണ്ട്. ബൗദ്ധിക സ്വത്തവകാശത്തിന്റെ കാലത്ത് കേരളത്തിന്റെ സാംസ്കാരികാവിഷ്കാരങ്ങള്‍ക്കുള്ള പ്രാധാന്യം തിരിച്ചറിയണം. ജനിതകസമ്പത്തിന്റെ പരിരക്ഷ മാത്രമല്ല, തൊട്ടറിയാവുന്നതും തൊട്ടറിയാത്തതുമായ ലോകപൈതൃകങ്ങളുടെ കണ്ടെത്തലിനും പഠനത്തിനും പ്രാധാന്യമേറുകയാണ്. ദേശസൂചകങ്ങള്‍ വളര്‍മയാര്‍ന്ന നാട്ടുനൈപുണ്യത്തെ പ്രതിനിധാനംചെയ്യുന്നു. ഒരുപരിധിവരെ പശ്ചിമഘട്ടത്തിന്റെ ജീവിക്കുന്ന ജനിതക-സാംസ്കാരിക കലവറകളുടെ ലോകം മനസ്സിലാക്കണമെങ്കില്‍ നാട്ടുമലയാളത്തിലേക്ക് എത്തിച്ചേരണം. വരേണ്യമായ അധികാരത്തിന്റെ ചേട്ടമലയാളത്തില്‍നിന്ന് ജനസംസ്കൃതിയുടെ ചീവോതി മലയാളങ്ങളിലേക്ക് കാലെടുത്തുവയ്ക്കണം. എഴുത്തധികാരത്തില്‍നിന്ന് പൊരുളധികാരത്തിന്റെ തിണബന്ധത്തിലേക്ക് പ്രവേശിക്കണം $(കേരള സര്‍വകലാശാലയില്‍ മലയാളവിഭാഗം പ്രൊഫസറാണ് ലേഖകന്‍)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.