2015, ഫെബ്രുവരി 21, ശനിയാഴ്‌ച

ലോക മാതൃഭാഷാ ദിനം ഇന്ന്; ഇവര്‍ മലയാളം പറയും, ഒപ്പം കുമ്മറ- ഹനീഫ് എടരിക്കോട്.

കോട്ടക്കല്‍; ഇന്ത്‌രായ, ആന്ത് പോ, കൂട്ട് തിന്തി, ഉല്ലാട്ട്ക്ക സേയി സേയി… നമുക്കിടയില്‍ തന്നെ പച്ചമലയാളം പറയുന്ന ആയിരങ്ങള്‍ ആശയങ്ങള്‍ കൈമാറുന്ന ഒരു സംസാര ഭാഷയാണിത്. വാമൊഴിയായി അമ്മിഞ്ഞക്കൊപ്പം അമ്മമാര്‍ കൈമാറി വരുന്ന ഒരു ഗോത്രഭാഷ. പക്ഷേ ലിപിയില്ല, ആധികാരിക മേഖലയിലാവട്ടെ ഇതിനായി സംരക്ഷണവുമില്ല. എന്നിട്ടും ഒരു സമൂഹം തങ്ങള്‍ക്കിടയില്‍ ഇതിനെ നെഞ്ചോട് ചേര്‍ത്ത് വാമൊഴി സംരക്ഷിക്കുന്നു.
സംസ്ഥാനത്തെ വ്യത്യസ്ത നാടുകളിലും വസിക്കുന്ന കുംഭാരന്‍മാരുടെ ഭാഷയാണിത്. ഈ ഗോത്രങ്ങള്‍ മാത്രം കൈകാര്യം ചെയ്തു വരുന്ന ഭാഷ. പിറന്ന് വീഴുന്ന കുഞ്ഞ് മലയാളത്തിനൊപ്പം ഗോത്ര ഭാഷയും വശമാക്കുന്നതിനാല്‍ വാമൊഴിയായി തലമുറകള്‍ ഇതിനെ ഇന്നും കൊണ്ട് നടക്കുകയാണ്. കോളനികളില്‍ വസിക്കുന്ന ഇവര്‍ മണ്‍പാത്ര നിര്‍മാണ തൊഴിനാളികളാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പേ മലയാള മണ്ണില്‍ താമസമുറപ്പിച്ച ഇവര്‍ കുമ്മറ ഭാഷ എന്ന ഗ്രോത്ര ഭാഷയിലാണ് ആശയവിനിമയം.
ലിപി ഇല്ലാത്താതിനാല്‍ എഴുത്തിലൂടെ ഫലിപ്പിക്കാനാവില്ലെങ്കിലും മൊബൈല്‍ സന്ദേശങ്ങളയക്കുന്നത് തങ്ങളുടെ സ്വന്തം ഭാഷയിലാണെന്ന് ഇവര്‍ പറയുന്നു. സംസാര ഭാഷയെ ഇംഗ്ലീഷ് വാക്കുകളിലെഴുതിയാണ് ഈ കൈമാറ്റം. തെലുങ്ക്, കന്നട ഭാഷകളോടാണ് കുമ്മറ ഭാഷക്ക് സാമ്യം. ഈ ഭാഷയിലുള്ള സംസാരം തങ്ങള്‍ക്ക് മനസ്സിലാകുമെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇവരുടെ വാമൊഴി ഭാഷയെ അങ്ങനെ തന്നെ നിലനിര്‍ത്തുന്നതിലാണ് ഇവരുടെ താത്പര്യം. ഇതിനെ ജനകീയമാക്കുന്നതിനോ പരിപോഷണത്തിനൊ കാര്യമായി ഒന്നും നടക്കുന്നില്ലെന്ന് പറയുന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ മുഴവന്‍ കുംഭാരന്‍മാരുടെയും സംഗമം തിരുവനന്തപുരത്ത് നടത്തിയിരുന്നു. അന്ന് ഈ ഭാഷയില്‍ മാത്രം പ്രസംഗങ്ങള്‍ നടന്നിരുന്നുവെന്ന് സംഗമത്തില്‍ പങ്കെടുത്തവര്‍ പറയുന്നു.
അതെ സമയം ഈ ഭാഷയെ അന്യര്‍ക്ക് കൈമാറുന്നതിനും ഇവര്‍ക്കിടയില്‍ കാര്യമായ താത്പര്യമില്ല. തങ്ങളില്‍ നിന്നും കേട്ട് പരിസരവാസികളായ ചിലര്‍ സംസാരിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.ലിപിയില്ലാതെ കാലങ്ങളായി ഒരു തലമുറ വാമൊഴിയായി നെഞ്ചേറ്റി സംരക്ഷിക്കുന്ന ഗോത്രഭാഷയെ കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കി സംരക്ഷിക്കണമെന്നാണ് ഭാഷാ സ്‌നേഹികളുടെ ആവശ്യം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.