കൊച്ചി: എല്ലാ ഔദ്യോഗികാവശ്യങ്ങള്‍ക്കും മലയാളഭാഷ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. ഇത്തരം ഉത്തരവുകളും അഭിപ്രായങ്ങളും ഇടയ്ക്കിടെ ഉണ്ടാകുന്നുണ്ടെങ്കിലും സാധാരണ ജനങ്ങള്‍ മനസ്സിലാക്കേണ്ട തീരുമാനങ്ങള്‍ പോലും ഇപ്പോഴും ഇംഗ്ലൂഷില്‍ തന്നെ. ജനത്തിനു കിട്ടുന്ന പല ഉത്തരവുകളുടേയും സ്ഥിതിയും വ്യത്യസ്തമല്ല.
സംസ്ഥാനത്തെ എല്ലാ വകുപ്പുകളിലും സെക്രട്ടേറിയറ്റിലെ അവയുടെ ഭരണവകുപ്പുകളിലും ഇനി രൂപവത്കരിക്കുന്ന എല്ലാ വകുപ്പുകളിലും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വയംഭരണ,പൊതുമേഖല, സഹകരണ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മലയാളം ഔദ്യോഗിക ഭാഷയായിരിക്കണം. നിയമപരമായി ഇംഗ്ലീഷും സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളായ തമിഴും കന്നഡയും ഔദ്യോഗികഭാഷയായി ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ള പ്രത്യേക സാഹചര്യങ്ങളിലൊഴികെ എല്ലാ ഔദ്യോഗികാവശ്യങ്ങള്‍ക്കും മലയാളം ഉപയോഗിക്കണമെന്നാണ് ഇപ്പോഴത്തെ ഉത്തരവ്.
മലയാളം ഔദ്യോഗിക ഭാഷയായി പൂര്‍ണാര്‍ഥത്തില്‍ സ്വീകരിച്ച വകുപ്പുകള്‍ കുറവാണ്. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പല ഉത്തരവുകളും ഇപ്പോഴും ഇറങ്ങുന്നത് ഇംഗ്ലീഷിലാണ്. ഉദാഹരണത്തിന് അടുത്തിറങ്ങിയ ഖനനച്ചട്ടവും അതിനുമുമ്പിറങ്ങിയ അതിന്റെ കരടും. സാധാരണക്കാരുടെ ജീവിതവുമായി വളരെ അടുത്തുനില്‍ക്കുന്ന വിഷയമാണ് അവയില്‍ ഉണ്ടായിരുന്നതെങ്കിലും, ഭാഷ ഇംഗ്ലീഷായിരുന്നു. പൊതുചര്‍ച്ചക്ക് വിധേയമാക്കേണ്ട അതിപ്രധാനമായ കരടുചട്ടം ഇംഗ്ലീഷില്‍ 124 പേജുണ്ടായിരുന്നു. നിലനില്പിന് ആധാരമായ പ്രകൃതി സമ്പത്തിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട ചട്ടങ്ങളെങ്കിലും മലയാളത്തില്‍ പ്രസിദ്ധീകരിക്കണമെന്ന് വ്യവസായ വകുപ്പിന് തോന്നിയില്ല. മലയാളത്തിലായിരുന്നെങ്കില്‍ കൂടുതല്‍ ആളുകള്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുമായിരുന്നു, അവര്‍ പ്രതികരിക്കുമായിരുന്നു.
എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടേയും വാഹനങ്ങളിലെ ബോര്‍ഡുകള്‍ മലയാളത്തിലാക്കാനുള്ള യത്‌നം നടന്നുവരികയാണിപ്പോള്‍. മാര്‍ച്ച് 31ന് മുമ്പ് ഇത് പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ സര്‍ക്കാര്‍ വാഹനങ്ങളിലും മലയാളമെഴുത്ത് കാണാനാവും.
കോടതികളുടെ ഭാഷ മലയാളമായിരിക്കണമെന്ന നിയമസഭാസമിതിയുടെ റിപ്പോര്‍ട്ട് വര്‍ഷങ്ങളായി പൊടിപിടിച്ചിരിപ്പാണ്. അവിടെ ഇപ്പോഴും ഇംഗ്ലീഷേയുള്ളൂ. അത്യപൂര്‍വമാണ്, മലയാളത്തിന്റെ ഏര്‍പ്പാട്. കോടതിയില്‍ ഉള്‍പ്പെടെ പലയിടത്തും ഉത്തരവുകളുടെ മാതൃക ഇംഗ്ലീഷിലാണ്. അതുകൊണ്ടാണ് ഇപ്പോഴും ഇംഗ്ലീഷ് തുടരുന്നതും. ഈ സാഹചര്യത്തിലാണ് എല്ലാ ഔദ്യോഗികാവശ്യങ്ങള്‍ക്കും മലയാളം ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചിരിക്കുന്നത്. പെട്ടെന്ന് മലയാളത്തിലേക്ക് മാറുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പം പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെങ്കിലും മാറ്റം സാവധാനത്തിലേ നടക്കുന്നുള്ളൂ.
-കടപ്പാട്: http://www.mathrubhumi.com/story.php?id=525162 -
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.