2020, സെപ്റ്റംബർ 15, ചൊവ്വാഴ്ച

പി എസ് സി സമരം - എം ആർ മഹേഷ്


"ചരിത്രവും പൗരധർമവുംകൊണ്ട് സൗന്ദര്യാത്മകതയെ പകരം വെക്കാമോ? സൗന്ദര്യാത്മകതയെ ചരിത്രശാസ്ത്രം കൊണ്ട് പകരം വെക്കാൻ കഴിയില്ല. ചരിത്രത്തെ ചരിത്രപരിണാമത്തെ അനുഭൂതിയാക്കുന്ന പ്രക്രിയ നടന്നില്ലെങ്കിൽ ചരിത്രം യാന്ത്രിക ഭൗതിക ശാസ്ത്രങ്ങൾ പോലെ വസ്തുനിഷ്ഠം മാത്രമായിത്തീരും.....
കാൾ മാർക്സാകട്ടെ സാഹിത്യത്തിൻ്റെ മണ്ഡലത്തെ വില കുറച്ചുകണ്ട സമകാലിക പണ്ഡിതരുടെ ആത്മഗൗരവ സിദ്ധാന്തങ്ങളെ വിമർശിക്കുകയാണ് ചെയ്തത്. ഫ്രഞ്ച് എഴുത്തുകാരിയുടെ 'പാരീസിലെ രഹസ്യങ്ങൾ' എന്ന പ്രേമനോവലിനെ അതിൻ്റെ വിഷയത്തിൻ്റെ പേരിൽ പരിഹസിച്ച ബോവറെ വിശുദ്ധകുടുംബത്തിൽ മാർക്സ് വിമർശിക്കുകയും വികാരജീവിതത്തെ മനുഷ്യാവസ്ഥയുടെ അടിസ്ഥാനമായി ഉയർത്തിപ്പിടിക്കുകയും ചെയ്തു.ഈഗോവിനെ മാത്രം കേന്ദ്രീകരിക്കുന്ന ആത്മതത്വത്തിൻ്റെ ഉപകരണയുക്തിയെ സൈദ്ധാന്തികമായിത്തന്നെ വിമർശിക്കുന്നതിൻ്റെ ഭാഗമായിരുന്നു മാർക്സിൻ്റെ ഈ ഇടപെടൽ" (പി പവിത്രൻ; മാതൃഭാഷയ്ക്കുവേണ്ടിയുള്ള സമരം).
കുഞ്ഞുകുട്ടികളെ പഠിപ്പിക്കാനുള്ള അധ്യാപകരെ തിരഞ്ഞെടുക്കുന്ന ഒരു പരീക്ഷയുടെ സിലബസിൽ മാതൃഭാഷ എന്ന വിഷയംമാത്രം കുറച്ചു കാലങ്ങളായി ഒഴിവായി പോകുന്നത് ഈ യുക്തി അതിൻ്റെ വേരോളമെത്തിയിരിക്കുന്നു എന്നാണ് കാണിക്കുന്നത്. അവബോധപരമായ വിദ്യാഭ്യാസത്തെ, അതിൻ്റെ ഭാഷാചായ്വിനെയാണ് കേരള പി എസ് സി കാലങ്ങളായി അട്ടിമറിച്ചുകൊണ്ടിരിക്കുന്നത്. എന്താണ് എൽപി / യുപി അധ്യാപക പരീക്ഷയിൽ വരുന്ന വിഷയങ്ങൾ? വിദ്യാഭ്യാസ മനശാസ്ത്രം, ബോധനശാസ്ത്രം, സാമാന്യശാസ്ത്രം, സാമൂഹ്യശാസ്ത്രം, പൊതുവിജ്ഞാനം, ലഘുഗണിതം, ഇംഗ്ലീഷ് എന്നിവയാണ് സിലബസിലെ വിഷയങ്ങൾ. ഇതിനുള്ള അടിസ്ഥാന യോഗ്യതാ കോഴ്സിലെ സിലബസാണ് പി എസ് സി ഉപയോഗിച്ചതെന്ന് ആദ്യഘട്ടങ്ങളിൽ പത്രങ്ങളിൽ കാണാനിടയായി. അടിസ്ഥാന യോഗ്യത ഡി.എൽ.എഡ് ആണ്. അതിൽ മലയാളം ഏറ്റവും പ്രാധാന്യത്തോടെ, വിശദമായി പഠിക്കുന്നുണ്ട്. ഡിഎൽഎഡ്  സിലബസിൽ നിന്ന് കേരള പി എസ് സി അധ്യാപകപരീക്ഷാ സിലബസിലെത്തുമ്പോൾ മലയാളംമാത്രം ഇല്ലാതാകുന്നു, വെട്ടിമാറ്റപ്പെടുന്നു. കഴിഞ്ഞ പരീക്ഷയിലും മലയാളം ഇല്ലായിരുന്നുവെന്നും സിലബസിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല എന്നും പറയുന്നു. ശരി, അങ്ങനെയെങ്കിൽ അത് തിരുത്തപ്പെടണം. 2017 ലെ ഭാഷാ നിയമത്തിനുശേഷം നിയമപരമായിത്തന്നെ മാറിയ ഒരു സാഹചര്യത്തിൽ നിശ്ചയമായും അത് തിരുത്തപ്പെടണം. സംസ്ഥാന സർക്കാരിൻ്റെ ഭാഷാനയമാണ് കേരളത്തിലെ പി എസ് സി നടപ്പിലാക്കേണ്ടത്.
ഇനി കുറച്ചു മലയാളം ചോദ്യങ്ങൾമാത്രം ചോദിക്കുന്നതുകൊണ്ട് ഇതു സാധ്യമാവുമോ എന്ന മുട്ടുയുക്തികൾ ചോദിക്കാം. മറ്റെല്ലാ വിഷയങ്ങളും അതായിത്തന്നെ നിൽക്കുമ്പോൾ മലയാളത്തെ ഒഴിവാക്കുന്നതിനുള്ള സാധൂകരണ യുക്തിയാണ് ഇതുന്നയിക്കുമ്പോൾ തെളിഞ്ഞു വരുന്നത്. തീർച്ചയായും സാമ്പ്രദായിക ചോദ്യങ്ങൾ എങ്ങനെ ഒഴിവാക്കാം എന്ന ഗൗരവമായ ആലോചനകൾ വരട്ടെ. എന്നാലത് മലയാളം മാത്രം ഒഴിവായി നിൽക്കുന്നതിൻ്റെ സാധൂകരണച്ചെലവിലാകേണ്ടതില്ല.
ഇങ്ങനെ ഈ പരീക്ഷയിൽനിന്ന് മലയാളംമാത്രം ഒഴിവാകുകയെന്നത് ഭാഷാപരമായ ഉപകരണവാദമാണ്. ഭാഷ മറ്റു വിഷയങ്ങൾക്ക് നിൽക്കാനുള്ള വസ്തു/സങ്കേതം മാത്രമാണ് എന്ന പുത്തൻ മുതലാളിത്തത്തിൻ്റെ കമ്പോളയുക്തിയാണ് ഇവിടെ തെളിഞ്ഞു നിൽക്കുന്നത്, പാരമ്പര്യത്തിലും ഇതിന് വേരുകളുണ്ട്. 'ഔട്ട്കം ബേസ്ഡ്' വിദ്യാഭ്യാസത്തിൻ്റെ ഏറ്റവും അടിത്തട്ടിലുള്ള പ്രയോഗമായും ഇതിനെ കാണാം. സൗന്ദര്യാത്മക വിദ്യാഭ്യാസത്തിനും ആത്മനിഷ്ഠതയ്ക്കും ചരമക്കുറിപ്പെഴുതുമ്പോൾ ആൾദൈവങ്ങളായിരിക്കും അനുഭൂതിമണ്ഡലങ്ങളെ പൂരിപ്പിക്കുക. ഏറ്റവും പുതുക്കപ്പെട്ട സാങ്കേതികവിദ്യയും കാലഹരണപ്പെട്ട ലോകബോധവുമാണ് ഫാസിസത്തിൻ്റെയും പുതിയ മുതലാളിത്തത്തിൻ്റെയും വഴി. അതിനാൽ ഒരു പി എസ് സി പരീക്ഷയിൽ മലയാളം വേണം എന്ന വാദമുയർത്തുകയെന്നത് അത്ര ചെറിയ കാര്യമല്ലെന്നർത്ഥം. മൂർത്ത പ്രശ്നങ്ങളോട് പ്രതികരിക്കാതെ ഒരാശയവും മണ്ണിലിറങ്ങാൻ പോവുന്നില്ല. അതിനാൽ ഇവിടെ നടക്കുന്ന ഒപ്പുശേഖരണം ആഗോളമാനങ്ങളുള്ള ഒരു കോവിഡ്കാല സമരം കൂടിയാണ്. ഇനി വരാനിരിക്കുന്ന എൽ.ഡി.സിയടക്കമുള്ള പത്താം ക്ലാസ്സ് യോഗ്യതയായ പരീക്ഷയുടെ ഒന്നാംഘട്ട സിലബസ്സ് ഈ ആശങ്കയെ ബലപ്പെടുത്തുന്നതാണ് എന്ന ആശങ്കകൂടി പങ്കുവയ്ക്കട്ടെ. ഭാഷാവേരുകളിൽനിന്ന് പതിയെപ്പതിയെ നാം ബലപ്പെടട്ടെ.... പുൽനാമ്പുകളുടെ വേരുപടർച്ച, മഹാവൃക്ഷങ്ങളെക്കാൾ കൊടുങ്കാറ്റുകളെ അതിജീവിക്കാൻ ശേഷിയുളളതാണ്. ആ ശേഷിയാണ് നിരന്തരം പുതുക്കപ്പെടുന്ന മാതൃഭാഷാ ജനാധിപത്യത്തിനുള്ളത്.
(എം ആർ മഹേഷ് )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.