2020, സെപ്റ്റംബർ 15, ചൊവ്വാഴ്ച

മുഖ്യമന്ത്രിക്ക് ഓൺലൈനിൽ ഭീമഹർജി സമർപ്പിക്കുന്നു - സമര പ്രഖ്യാപനം


മറ്റൊരു സമരഘട്ടത്തിലേക്ക് ഐക്യമലയാള പ്രസ്ഥാനം കാലെടുത്തു വെക്കുകയാണ്. മാതൃഭാഷയ്ക്കു വേണ്ടി നടത്തപ്പെടുന്ന സൂക്ഷ്മവും ആഴത്തിലുള്ളതുമായ ഒരു സമരം.
ഭാഷയുടെ മാധുര്യവും ശക്തിയും സൗന്ദര്യവും നമ്മുടെ കുഞ്ഞുങ്ങളുടെ ഹൃദയത്തിൽ കരുപ്പിടിപ്പിക്കുന്നവരാണ് പ്രൈമറി ക്ലാസുകളിലെ അധ്യാപകർ. നമ്മുടെ ഭാഷാസാഹിത്യചരിത്രത്തിലെ മനോഹരമായ കുഞ്ഞുകവിതകളും കഥകളും പുരാവൃത്തങ്ങളും നാടോടിപാട്ടുകളും നിറഞ്ഞു നിൽക്കുന്നവയാണ് പ്രൈമറി ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ. കുഞ്ഞുങ്ങൾ അറിയുകപോലും ചെയ്യാതെ ഭാഷാ നിയമങ്ങൾ അവരിൽ പാകി മുളപ്പിക്കുന്നത് പ്രൈമറി ക്ലാസുകളിലെ അധ്യാപകരാണ്. അവരില്‍ സർഗ്ഗാത്മകതയുടെ വിത്തിട്ട് വെള്ളമൊഴിച്ച് വളമിട്ട് കാത്തിരിക്കുന്നവരാണ് അവര്‍. അക്ഷരങ്ങളിലേക്കും വാക്കുകളിലേക്കും വാക്യങ്ങളിലേക്കും അവരെ അവര്‍ സ്വാഭാവികമായി കൈപിടിച്ച് നടത്തും. കടംകഥകളുടെ വിസ്മയക്കെട്ടുകള്‍ അഴിക്കുകയും  പഴഞ്ചൊല്ലുകളുടെ കാവ്യാത്മകതയിലേക്ക് നയിക്കുകയും ചെയ്യും അവര്‍. ഭാഷാസ്നേഹത്തിന്റെ വേരുകള്‍ കുഞ്ഞുങ്ങളില്‍ കിളിര്‍ക്കുന്നത് അവിടെനിന്നാണ്. അതിനായി നിയമിക്കുന്ന അധ്യാപകരുടെ മറ്റെന്ത് ശേഷി അളക്കപ്പെട്ടില്ലെങ്കിലും അവരുടെ ഭാഷാപരമായ അറിവ് അളക്കപ്പെടുക തന്നെ വേണം. ആര്‍ക്കുമതില്‍ സംശയമുണ്ടാവില്ല. എന്നാല്‍ അത് വേണ്ടതില്ല എന്നാണ് ഈ നാട്ടിലെ പി എസ് സി കാലങ്ങളായി എടുത്ത തീരുമാനം. നേരത്തെ ഏറ്റവും പ്രാധാന്യത്തോടെ അദ്ധ്യാപക പരീക്ഷയുടെ സിലബസിൽ ഇതുണ്ടായിരുന്നു എന്നതാണ് അത്ഭുതകരം. എന്നാല്‍ വഴിയില്‍ പതിയിരുന്ന ആരോ ആ വേരുകള്‍ അറുത്തുമാറ്റി. സുപ്രധാനമായ ആ ചക്രം ഇല്ലാതെയാണ് കുറേക്കാലം ഈ പരീക്ഷാ വണ്ടി ഓടിയത് പോലും.
മാതൃഭാഷ ആരാലും ശ്രദ്ധിക്കപ്പെടാതെ അധ്യാപക പരീക്ഷയുടെ സിലബസിൽ നിന്നും നമ്മുടെ കുഞ്ഞുങ്ങളുടെ മനസ്സുകളിൽ നിന്നും വേരോടെ പിഴുതെടുക്കാൻ ഉള്ള ശ്രമമാണ് ഇത് എന്ന് തിരിച്ചറിയാന്‍ നമ്മള്‍ ശരിക്കും വൈകിപ്പോയി. ഇപ്പോള്‍ ഇത് നമ്മെ പൊള്ളിക്കുന്ന ഒരു യാഥാര്‍ത്ഥ്യമായി നമ്മുടെ കണ്‍മുന്നില്‍ നില്‍ക്കുകയാണ്. ഇനിയും നിങ്ങൾക്കിത് കാണാതിരിക്കാൻ വയ്യ! ഒറ്റ ചോദ്യമേ ഉള്ളൂ, ശാസ്ത്രവും ഗണിതവും സാമൂഹികശാസ്ത്രവും ഇംഗ്ലീഷും മാത്രം മതിയോ നമ്മുടെ കുഞ്ഞുങ്ങൾക്ക്.. അവരുടെ ഭാവനയും സര്‍ഗ്ഗാത്മകതും ഭാഷാശേഷികളും ഒന്നും നമുക്ക് ആവശ്യമില്ലേ? ഭാഷയിലൂടെയല്ലാതെ എതുവഴിക്കാണ് ഇതെല്ലാം അവരില്‍ നിങ്ങള്‍ കോരിനിറയ്ക്കുക.
നമ്മുടെ പൊതുവിദ്യാലയത്തിൽ മലയാളം പഠിപ്പിക്കാൻ നിയമിക്കപ്പെടുന്ന അധ്യാപകരോട് മലയാളത്തിലെ ഒരു വാക്യമെങ്കിലും ശ്രദ്ധിക്കാൻ പറയേണ്ടതല്ലേ? നമ്മുടെ സാഹിത്യചരിത്രത്തിലെ അമൂല്യങ്ങളായ സമ്പത്തുകൾ കുറച്ചെങ്കിലും വായിക്കാന്‍ ആവശ്യപ്പെടെണ്ടതല്ലേ? അങ്ങനെ പറയണമെങ്കിൽ മലയാളം ഒരു വിഷയമായി പ്രൈമറി അധ്യാപക നിയമന പരീക്ഷയിൽ ഉൾപ്പെടുത്തുക തന്നെ വേണം! നമ്മൾ പോലും അറിയാതെ ഭാഷയുടെ ഞരമ്പുകളിലാണ് ആഴത്തിൽ മുറിവേൽപ്പിക്കുന്നത്. മാതൃഭാഷ മരിക്കുന്നെങ്കിൽ അത് നമ്മുടെ പൊതുവിദ്യാലയത്തിനകത്ത്, ഈ കാരണത്താൽ, ഈ മുറിവിൽ നിന്ന് ചോരവാർന്ന് മാത്രമായിരിക്കും. ആ മരണത്തിന് പെട്ടെന്ന് സാക്ഷ്യം വഹിക്കാതിരിക്കാനെങ്കിലും, ഈ സമരത്തിന് ഒപ്പം ചേരണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു.
(പി പ്രേമചന്ദ്രൻ)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.