2020, സെപ്റ്റംബർ 16, ബുധനാഴ്‌ച

കേരള പി എസ് സി വ്യാജ പ്രചരണം അവസാനിപ്പിക്കുക. - പി പ്രേമചന്ദ്രൻ


പി എസ് സി എല്‍ പി /യു പി അധ്യാപക പരീക്ഷയില്‍ നിന്ന് മലയാളത്തെ ഒഴിവാക്കിയിട്ട് കുറച്ചേറെ കാലമായി. ഏതാണ്ട് ഇരുപതു വര്‍ഷത്തോളം. അതിന് മുന്‍പ് നടന്ന പരീക്ഷകളില്‍ മലയാളം ഉണ്ടായിരുന്നു എന്ന് മാത്രമല്ല, ഏറ്റവും മുഖ്യമായ വിഷയവും മലയാളം ആയിരുന്നു. നാല്‍പ്പത് ശതമാനം ചോദ്യങ്ങളും മലയാള സാഹിത്യം, ഭാഷയുടെ അടിസ്ഥാന വ്യാകരണ നിയമങ്ങള്‍, ഭാഷയുടെ തനിമയുടെ ഭാഗമായ പഴഞ്ചൊല്ലുകള്‍, ശൈലികള്‍, പ്രയോഗങ്ങള്‍ എന്നീ മേഖലകളില്‍ നിന്നായിരുന്നു. ഇതിന് കാരണമായിട്ടുള്ളത് പ്രൈമറി വിദ്യാഭ്യാസത്തില്‍ ലോകത്ത് എല്ലായിടത്തും മാതൃഭാഷയ്ക്കാണ് ഏറ്റവും പ്രാധാന്യം എന്നതുതന്നെയാണ്. കുഞ്ഞുങ്ങള്‍ മാതൃഭാഷയിലൂടെയാണ് മറ്റെല്ലാ വിഷയങ്ങളും സ്വായത്തമാക്കുന്നത്. മാതൃഭാഷയോടും അതിന്റെ സംസ്കാരത്തോടും ആഭിമുഖ്യമുള്ളവരായിത്തീരുന്നത് ഭാഷയിലെ മനോഹരമായ പാട്ടുകളിലൂടെയും കഥകളിലൂടെയും ആണ്.
അക്ഷരമുറയ്ക്കുന്നത് ആ ഘട്ടത്തില്‍ ആണ്. സര്‍ഗ്ഗാത്മകത നിറയുന്നത് മാതൃഭാഷയിലൂടെയാണ്. അതുകൊണ്ടാണ് ആ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ ഭാഷയുടെ ഈടുവെപ്പുകള്‍ പരിചയപ്പെടണം എന്ന് പറയുന്നത്. പഠന കാലയളവിന് ശേഷവും ശ്രദ്ധയോടെ അവ പിന്തുടരണം എന്ന് പറയുന്നത്. അധ്യാപക നിയമന പരീക്ഷകളില്‍ പ്രാധാന്യത്തോടെ മാതൃഭാഷാ പരിജ്ഞാനം ഉള്‍പെടുത്തപ്പെടണം എന്ന് പറയുന്നത്.
എന്തിനു വേണ്ടിയാണ് സിലബസ്സില്‍ മാതൃഭാഷയ്ക്ക് ഉണ്ടായിരുന്ന പ്രാധാന്യം കുറച്ചുകൊണ്ടുവരികയും പിന്നീട് തീര്‍ത്തും ഒഴിവാക്കുകയും ചെയ്തത്? കേരളത്തില്‍ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ വ്യാപകമായ കാലമായിരുന്നു അത്. മലയാളം പറഞ്ഞുപോയതിനു തലമൊട്ടയടിച്ച സംഭവങ്ങള്‍ ഇവിടെയുണ്ടായ കാലം. ഒപ്പം പൊതുവിദ്യാലയങ്ങളില്‍ മലയാളത്തിനു പകരം  മറ്റു ഭാഷകളും വിഷയങ്ങളും തെരഞ്ഞെടുത്ത് മലയാള പഠനത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്ന ഒരു വിഭാഗത്തിന്റെ സങ്കുചിത മനോഭാവവും. ഈ ചേരികളുടെ സമ്മര്‍ദ്ദത്തിന് വിധേയമായാണ് ഒരു സുപ്രഭാതത്തില്‍ ആരുമറിയാതെ മലയാളം പ്രൈമറി അധ്യാപക പരീക്ഷയുടെ സിലബസ്സിന് പുറത്താവുന്നത്. അല്ലാതെ മാതൃഭാഷ പ്രൈമറി ക്ലാസില്‍ അനാവശ്യമാണ് എന്ന സിദ്ധാന്തം ലോകത്ത് ഒരിടത്തും പൊട്ടിമുളച്ചത് കൊണ്ടല്ല.
മലയാളത്തില്‍ ആണല്ലോ ചോദ്യം. പിന്നെ പ്രൈമറി അധ്യാപകരാകാനുള്ള പരീക്ഷയില്‍ മലയാളം ഒരു വിഷയമായി വേറെ വേണമോ എന്ന യുക്തിയാണ് ഇതില്‍ ഏറ്റവും അപകടകരം. അത് നിലവിലെ പി എസ് സി യുടെ യുക്തിയാണ്. മലയാളം ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കേണ്ടതാണ്, തിരുത്തപ്പെടേണ്ടതാണ് എന്നാല്‍ സാങ്കേതികമായി അതില്‍ ഇപ്പോള്‍ ചില പ്രയാസങ്ങളുണ്ട് എന്ന ന്യായമാണ് പി എസ് സി മുന്നോട്ടുവെക്കുന്നതെങ്കില്‍ അതില്‍ തീര്‍ച്ചയായും ഇപ്പോഴത്തെ പി എസ് സി യുടെ മാതൃഭാഷാനിലപാട് വ്യക്തമാവും. എന്നാല്‍ ഉഗാണ്ടയുടെ പ്രസിഡന്റിന്റെ അമ്മാവന്റെ പേരെന്താണ് എന്ന ചോദ്യം മലയാള ഭാഷയുടെ അക്കൌണ്ടില്‍ എഴുതുന്നതിലെ മാതൃഭാഷാവിരുദ്ധത കാണാതിരിക്കാന്‍ കഴിയില്ല. മലയാളം മാധ്യമ വിദ്യാലയങ്ങളിലേക്കാണ് ഈ അധ്യാപക തെരഞ്ഞെടുപ്പ് എന്നതിനാല്‍ മറ്റേതു ഭാഷയില്‍ പി എസ് സി ക്ക് അതുചെയ്യാന്‍ കഴിയും? അതാണോ മലയാളപ്രേമം. ഭാഷയോടുള്ള ഈ ഉപകരണയുക്തിയാണ് ഭാഷയെ ഇല്ലാതാകുക. നമ്മള്‍ ആര്‍ജ്ജിക്കുന്ന മൂല്യങ്ങളുടെയും മനോഭാവങ്ങളുടെയും ജീവിതവീക്ഷണത്തിന്റെയും സൗന്ദര്യബോധത്തിന്റെയും വേരുകള്‍ എവിടെ നിന്നാണ് ലഭിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നാളെ അത് എതിലൂടെ ലഭിക്കും. അതൊക്കെയാണ്‌ മാതൃഭാഷയിലൂടെ ലഭിക്കുക. അതാണ്‌ മാതൃഭാഷയുടെ ശരിയായ ഉള്ളടക്കം. ആ ഉള്ളടക്കമാണ്‌ ഈ വിലകുറഞ്ഞ ന്യായീകരണം വഴി പി എസ് സി തള്ളിക്കളയുന്നത്. ഈ കുയുക്തികളുമായി മുന്നോട്ടുപോകുന്ന നിങ്ങളെ തീര്‍ച്ചയായും ഭാഷാ സ്നേഹികള്‍ പേടിക്കണം. കരുതലോടെ ഈ പി എസ് സി യുടെയും പ്രവര്‍ത്തനങ്ങളെ വീക്ഷിക്കണം.   ഭരണകാലം നോക്കിമാത്രം നിങ്ങളെ ന്യായീകരിക്കാന്‍ അപ്പോള്‍ കഴിയാതെ വരും. പറ്റുമെങ്കില്‍ ചെറുത്തുനില്‍ക്കും, ആവുന്നത്ര. ക്ഷമിക്കുക. 
ഡി എല്‍ എഡ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ട മലയാളം എന്ന വിഷയംമാത്രം അത് കഴിഞ്ഞുള്ള തൊഴില്‍ പരീക്ഷയുടെ സിലബസ്സില്‍ നിന്നും ഒഴിവാക്കപ്പെടുന്നത് എന്ത് കാരണത്താലാണ്? യോഗ്യതാ പരീക്ഷയായ കെ ടെറ്റ് പരീക്ഷയില്‍ പ്രാധാന്യത്തോടെ ഉള്‍പ്പെടുത്തിയത് പി എസ് സി യില്‍ എത്തുമ്പോള്‍ ഇല്ലാതാവുന്നത് എങ്ങിനെയാണ്? അത് ചൂണ്ടിക്കാട്ടുമ്പോള്‍ എങ്ങിനെയാണ് അത് പി എസ് സി വിരുദ്ധം ആകുന്നത്? ഉദ്യോഗാര്‍ത്ഥികള്‍ക്ക് എതിരാവുന്നത്? മാതൃഭാഷയോടുള്ള വിവേചനത്തെക്കുറിച്ച്  പറയുമ്പോള്‍ ഉദ്യോഗാര്‍ത്ഥികളെ മുന്നില്‍ നിര്‍ത്തിയും രാഷ്ട്രീയവിശ്വാസങ്ങളുടെ തണലില്‍ കയറിനിന്നും രക്ഷപ്പെടാന്‍ പി എസ് സി എന്ന സ്ഥാപനം ദയവായി ശ്രമിക്കരുത്. ഇവിടെ രാഷ്ട്രീയമോ മറ്റ് താത്പര്യങ്ങളോ പരിഗണനാ വിഷയമല്ല. ആത്യന്തികമായി കേരളം എന്ന ദേശത്തിന്റെ, ആശയത്തിന്റെ നിലനില്‍പ്പാണ് മാതൃഭാഷയ്ക്ക് വേണ്ടിയുള്ള സമരങ്ങള്‍ ഉന്നയിക്കുന്നത്. അത് അല്‍പ്പം ദൂരെക്കണ്ടുള്ള ഒരു മുന്നറിയിപ്പുകളാണ്. ആ ദൂരക്കാഴ്ച ഇല്ലാതായവര്‍ക്ക് ഇതൊരുപക്ഷേ കേവലമായ തനിമാവാദമായോ ഭാഷാപ്രേമമായോ തോന്നിയേക്കാം. എന്നാല്‍ നാളെ ഈ ദേശം, അത് നാളിതുവരെ നേടിയിട്ടുള്ള നേട്ടങ്ങളില്‍ നിന്നെല്ലാം നിഷ്കരുണം പുറത്താക്കപ്പെടുമ്പോള്‍, അതിന്റെ കരുത്തും മാതൃകയും പഴങ്കഥകളാവുമ്പോള്‍, സ്വന്തം  വേരുകള്‍ ഇത്തരം നിലപാടുകളിലൂടെ വെട്ടിമാറ്റിയതാണ് അതിനുള്ള കാരണമെന്ന് തീര്‍ച്ചയായും അവര്‍ക്ക് ബോധ്യപ്പെടും.
അല്‍പ്പം നേരത്തെ നടന്നതായതുകൊണ്ട്, പ്രൈമറി അധ്യാപക പരീക്ഷയില്‍ നിന്നും മാതൃഭാഷയെ വെട്ടിമാറ്റിയ സമീപനം അതേപോലെ ഇപ്പോഴും തുടരാന്‍ നിര്‍ഭാഗ്യവശാല്‍ അവകാശമില്ലാത്ത ഒരു പി എസ് സി യാണ് ഇപ്പോഴത്തേത്. പി എസ് സി അറിഞ്ഞാലും ഇല്ലെങ്കിലും 2017 മുതല്‍ ഇവിടെ ഒരു നിയമം പാസാക്കപ്പെട്ടിട്ടുണ്ട്. മലയാള പഠനനിയമം. കേരളാ നിയമസഭ ഏകകണ്ഠമായി പാസാക്കിയ അപൂര്‍വ്വം നിയമങ്ങളില്‍ ഒന്ന്. അതനുസരിച്ച് കേരളത്തില്‍ നിര്‍ബന്ധമായും മുഴുവന്‍ വിദ്യാലയങ്ങളിലും മലയാളം പഠിപ്പിച്ചിരിക്കണം. മലയാളം കേരളത്തിലെ ഒരു കുഞ്ഞിന്റെ അവകാശമാണ്. ഒന്നിന്റെ പേരിലും നിങ്ങള്‍ക്കത് തടയാന്‍ കഴിയില്ല.
സിലബസ് ഡയറ്റ് അധ്യാപകരാണ്, വിദഗ്ദ്ധരാണ് തയ്യാറാക്കിയത് എന്ന വാദം നിലനില്‍ക്കാത്തതാണ്. ഏതാനും അധ്യാപകര്‍ തീരുമാനിക്കുന്നതല്ല, ഒരു പരീക്ഷയുടെ, പ്രത്യേകിച്ചും അധ്യാപക പരീക്ഷയുടെ സിലബസ് ആകേണ്ടത്. ചുരുങ്ങിയത്, അത് ആ തൊഴിലിന് പരിശീലിപ്പിക്കപ്പെടുന്ന കോഴ്സുകള്‍ ഉണ്ടെങ്കില്‍ അതിന്റെ പാഠ്യപദ്ധതിയോട് നീതിപുലര്‍ത്തുന്നതാവണം. യഥാര്‍ത്ഥത്തില്‍ പ്രൈമറി ക്ലാസിലെ പഠനരീതിയും പഠന വിഷയങ്ങളും തയ്യാറാക്കുന്ന, അവിടുത്തെ പഠനത്തെ സംബന്ധിച്ച് ശരിയും കാലികവും ആയ സമീപനങ്ങള്‍ നിശ്ചയിക്കുന്ന സ്ഥാപനം ആയിരിക്കണം അധ്യാപക നിയമന പരീക്ഷയ്ക്ക് ഉള്ള സിലബസ് രൂപീകരിക്കേണ്ടത്. കേരളത്തില്‍ അത് എസ് സി ഇ ആര്‍ ടി ആണ്. അത്തരം ഒരു സ്ഥാപനത്തിന് അതിന്റെ വിശ്വാസ്യതയും ഉത്തരവാദിത്തവും ഉണ്ട്. ഇപ്പോള്‍ പി എസ് സി പറഞ്ഞത് ന്യായീകരണത്തിന്റെ അവസാനത്തെ പിടിവള്ളിയാണ്. പക്ഷെ അത് അത്രമേല്‍ ദുര്‍ബലമാണ്. അതില്‍ പിടിച്ച് കരകയറുക പ്രയാസമാണ് പ്രിയ പി എസ് സി സുഹൃത്തുക്കളെ.
നാളിതുവരെ പരാതി ആരും ഉന്നയിച്ചിട്ടില്ല എന്നത് ഒരു തെറ്റ് ദീര്‍ഘകാലം തുടരുന്നതിന് മറയായി പിടിക്കുന്നത്, ക്രിമിനല്‍ നിയമപ്രകാരം പോലും കുറ്റകരമാണ്. പരാതി ഉന്നയിച്ചാല്‍ മാത്രമല്ല, തെറ്റ് തെറ്റാവുന്നത്. നീതികേട് ആണ് ഇതില്‍ ഒന്നാമത്തെ തെറ്റ്. ഏതൊരു ഭാഷയില്‍ ആണോ നമ്മുടെ കുഞ്ഞുങ്ങള്‍ അവഗാഹം നേടുകയും അവരുടെ ചിന്തയും സര്‍ഗ്ഗാത്മകതയും പൂവണിയുകയും വേണ്ടത് ആ ഭാഷയുടെ ശക്തിയും സൗന്ദര്യവും അവരില്‍ എത്താതെപോകുന്നതിനുള്ള വഴികള്‍ വെട്ടിയിട്ട്, അതില്‍ ഇതുവരെ ആരും പരാതി പറഞ്ഞില്ല എന്ന് മേനി നടിക്കന്നത് അപഹാസ്യമാണ്. ആരും പരാതി പറയാനില്ലെങ്കില്‍ നീതികേട്‌ ശരിയാവുന്ന വെള്ളരിക്കാപ്പട്ടണമാണോ ഇത്. ഈ വികലന്യായീകരണങ്ങള്‍ നിങ്ങളുടെ മലയാളത്തോടുള്ള വിരോധത്തിന്റെ ദംഷ്ട്രകളെ അരോചകമാം വിധം വെളിവാക്കുന്നുണ്ട്.
ഒടുവില്‍ പറഞ്ഞ കാര്യം തീര്‍ച്ചയായും ശരിയാണ്. നിങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ആരോട് എന്തിനോട് എന്നതുമാത്രമാണ് പ്രശ്നം. കേരളത്തിന്റെ പൊതുസമൂഹം ഒന്നടങ്കം ആവശ്യപെടുമ്പോഴും വീണ്ടും വീണ്ടും മലയാളത്തെ ആ പരിസരത്തേക്ക് അടുപ്പിക്കാതിരിക്കാന്‍ കുയുക്തികളും പൊളിവചനങ്ങളും മാത്രം വിളമ്പുന്ന ആ ഉത്സാഹം അത് തുറന്നുകാട്ടുന്നുണ്ട്. പക്ഷേ അത് നടക്കില്ല. കാരണം, കേരള മുഖ്യമന്ത്രി എപ്പോഴും പറയുന്നതുപോലെ, ഇത് കേരളമാണ്.

പി പ്രേമചന്ദ്രൻ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.