മലയാളികളെ
സംബന്ധിച്ചിടത്തോളം ഏറെ ദുഖകരമായ അവസ്ഥയാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ
നൽകിക്കൊണ്ടിരിക്കുന്നത്. നാട്ടുകാർക്ക് ജോലി നൽകാൻ വേണ്ടി തെരഞ്ഞെടുപ്പു നടത്തി
ശുപാർശ ചെയ്യാൻവേണ്ടി സർക്കാർ നിയമിച്ചിരിക്കുന്ന ഒരു ഏജൻസിയാണ് പി.എസ്.സി.
മലയാളത്തോട് വളരെ വിവേചനപരമായ മനസ്ഥിതിയാണ് കാലങ്ങളായി അവർ സൂക്ഷിക്കുന്നത്
എന്നതിന് മുന്നനുഭവങ്ങൾ നിരവധിയാണ്. ഇത് മാറിയേ പറ്റൂ. നമ്മുടെ
അറിവിൽപ്പെട്ടിടത്തോളം പി എസ് സി സർക്കാരിനു മുകളിലുള്ള സ്ഥാപനമല്ല. എന്നാൽ
സർക്കാരിൻ്റെ ഏജൻസിയുടെ ഇക്കാര്യത്തിലുള്ള മനോഭാവം പരിതാപകരമാണ്. സർക്കാർ
നിയമിച്ചിട്ടുള്ള പി എസ് സി അംഗങ്ങൾ മുഴുവൻപേരും ഭാഷാ വിരോധികളാണെന്ന് ഞാൻ
കരുതുന്നില്ല. അതിനകത്ത് കുറച്ചുപേർ ഭാഷാഭിമുഖ്യമുള്ളവർ കാണും. അവരോട് എനിക്ക്
പറയാനുള്ളത്, നിങ്ങൾക്ക്
ഭാഷാ സ്നേഹമുണ്ടെങ്കിൽ, ഭാഷ ജീവിതത്തിൽ പ്രധാനമാണെന്ന്
കരുതുന്നുണ്ടെങ്കിൽ, നിങ്ങൾ ഈ പി എസ് സി യിൽ തുടരരുത്
എന്നാണ്. മാതൃഭാഷ പ്രധാനമാണെന്ന്, പ്രൈമറി ക്ലാസ്സുകളിൽ
മാതൃഭാഷതന്നെ പഠിക്കണമെന്ന് സ്വാതന്ത്ര്യത്തിനു മുൻപുതന്നേ ഗാന്ധിയടക്കമുള്ളവർ
പറഞ്ഞിട്ടുണ്ട്. ഇതെന്തുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇതൊന്നും ഞങ്ങൾ
പുതുതായി കണ്ടെത്തിയ കാര്യങ്ങളല്ല എന്നാണ് പറഞ്ഞുവരുന്നത്. ഗാന്ധി ഗുജറാത്തിയിൽ
പഠിച്ചു വളർന്നു. മാതൃഭാഷയിലൂടെയാണ് ഇതര ഭാഷകളിലുള്ള ശേഷിയും വളരുന്നതെന്നതിന്
അദ്ദേഹം ഒരുദാഹരണം കൂടിയാണ്. അതുകൊണ്ട് മാതൃഭാഷാ പഠനം വളരെ പ്രധാനപ്പെട്ട
കാര്യമാണ്. ആ ഭാഷകൂടി പഠിപ്പിക്കാൻ നിയുക്തരാകുന്ന അധ്യാപകർക്ക് ഭാഷയിലെ അറിവുകൂടി
പരിശോധിക്കേണ്ടതുണ്ട്. മലയാളം കാര്യമായി പരിഗണിക്കേണ്ട ഭാഷയല്ല എന്ന നില മാറണം.
ഇംഗ്ലീഷ് സാംസ്കാരികമായ ഉയർച്ചയുടെ അടയാളമാണ് എന്ന തെറ്റിദ്ധാരണയാണ് പ്രബലം.
കൊളോണിയൽ ഭരണം പോയിട്ട് മുക്കാൽ നൂറ്റാണ്ടായി. അതിനുശേഷവും അതിൻ്റെ ബാക്കി
കിടക്കുന്നു, തുടരുന്നു. ഇത് കഷ്ടമാണ്. പി എസ് സി
ചെയർമാനടക്കമുള്ളവരുടെ ജോലി ഈ പുതിയ ഭാഷാസംസ്ഥാനത്തിലെ ജോലിക്കാരെ തിരഞ്ഞെടുക്കുക
എന്നതാണ്. പൊതുജനങ്ങളുടെ ഇടയിൽ, പൊതുജനങ്ങൾക്കുവേണ്ടി സേവനം
നടത്തുന്ന ഏജൻസിയാണത്. സാധാരണ മനുഷ്യരെ ധിക്കരിച്ചുകൊണ്ട്, ഭാഷയെ
ഒഴിവാക്കിക്കൊണ്ട് ഒരു പ്രസ്ഥാനം പ്രവർത്തിച്ചുകൂടാ. ഇത് കുറേ കാലമായി നടക്കുന്ന
കാര്യമാണ്. കഴിഞ്ഞ സമരകാലത്തും നാമിത് കണ്ടതാണ്. മറ്റെന്തു കാര്യത്തിൻ്റെ
തർക്കമുന്നയിച്ചും മലയാളത്തെ ഒഴിവാക്കുന്നത് മലയാളത്തോടുള്ള അവരുടെ പുച്ഛത്തെയാണ്
കാണിക്കുന്നത്. ഇതുവരെയുള്ള അനുഭവംവെച്ച് പി.എസ്.സി യിൽ എനിക്ക്
ശുഭപ്രതീക്ഷയൊന്നുമില്ല. ഇനി വരുന്ന പി.എസ്.സി കളിലെങ്കിലും ഭാഷാബോധമില്ലാത്ത
ഒരാൾപോലും ഉണ്ടാവാൻ പാടില്ല എന്ന് നമ്മൾ നിർബന്ധം പിടിക്കും. ഭാവിയിലേക്കുള്ള
തയ്യാറെടുപ്പാണത്. കുറച്ചുകാലം മുൻപു വരെ പ്രൈമറി അധ്യാപകരെ തിരഞ്ഞെടുക്കുന്ന
പരീക്ഷകളിൽ നാൽപതു ശതമാനത്തിലധികം ചോദ്യങ്ങൾ ഭാഷയും അതുമായി
ബന്ധപ്പെട്ടവയുമായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. പ്രൈമറി തലത്തിൽ
അതുതന്നെ കുറവാണെന്നാണ് അഭിപ്രായം. ഭാഷയിലുള്ള പരിശോധനകൂടി നടത്തി മാത്രമേ
കൊച്ചുകുട്ടികളെ പഠിപ്പിക്കാനുള്ള അധ്യാപകരെ നിയമിക്കാവൂ. അനുഭവത്തിൽ നിന്നാണ്
ഇക്കാര്യങ്ങൾ പറയുന്നത്. നമ്മളെല്ലാവരും ഐക്യമലയാള പ്രസ്ഥാനത്തിൻ്റെ ഭാഗമാണ്,
ഈ സമരത്തിൻ്റെ ഭാഗമാണ്. ഭാഷ നമ്മുടെ ജീവനാണ്, നമ്മുടെ
ജീവിതമാണ്.
(അടൂരിന്റെ
പ്രസംഗത്തിൽനിന്ന്)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.