2020, സെപ്റ്റംബർ 17, വ്യാഴാഴ്‌ച

ഭാഷ ഒരു ആശയവിനിമയ ഉപാധി എന്നതിലുപരി മറ്റെന്തെല്ലാമോ ആണ് എന്ന് തിരിച്ചറിയണമെങ്കിൽ ആദ്യം സങ്കുചിത മനോഭാവം എടുത്തുകളയണം. - ദിനേശൻ നെല്ലായ


ചിന്തിക്കാൻ  ഭാഷ വേണോ ? ചോദ്യത്തിന് ഉത്തരം എന്തുമായിക്കൊള്ളട്ടെ.ഇന്നലെ ഇതേസമയം നിങ്ങൾ എന്തു ചെയ്യുകയായിരുന്നു ? നാളെ എന്തു ചെയ്യുകയായിരിക്കും? മേൽ പറഞ്ഞ കാര്യങ്ങൾ ഏത് ഭാഷയിൽ ചോദിച്ചാലും  ഒരാൾ മനോവ്യാപാരത്തിൽ ഏർപ്പെടുന്നത്  മാതൃഭാഷയിലാണെന്ന് മനസ്സിലാക്കാം. മൃഗങ്ങൾക്കില്ലാത്ത വിശാലമായ ചിന്ത എന്ന കഴിവ്  മനുഷ്യൻ ഉപയോഗിക്കുന്നത്  മാതൃഭാഷയിലൂടെ ആണ് എന്ന് സാരം.

ചിന്താ പ്രക്രിയകൾ ആരംഭിക്കുന്നത്  ശൈശവത്തിലും ബാല്യത്തിലും ആണെന്ന്  എല്ലാവർക്കും അറിയാവുന്നതാണ്.
പൂമ്പാറ്റകളെപ്പോലെ പാറി നടക്കാനും അതിരുകളില്ലാത്ത ആകാശത്തോളം സ്വപ്നം കാണാനും ചെറുപ്രായത്തിൽ ഏവരെയും പ്രാപ്തരാക്കുന്നത് മാതൃഭാഷയാണ്. മാതൃഭാഷയിലെ പദ സമ്പത്തുകൾ ഓരോന്നും കേട്ടും വായിച്ചും പരിചയപ്പെടുത്തിത്തന്നത് ആരാണ് ?

മുത്തശ്ശിക്കഥകളിൽ നിന്ന് കുട്ടികഥകളിലേക്കും, പാട്ടുകളിലേക്കും, ബാല സാഹിത്യത്തിലേക്കും തുടർന്നങ്ങോട്ട് വായനയുടെ ലോകത്തേക്കും, മറ്റു വിഷയങ്ങളിലേക്കും, ഭാഷകളിലേക്കും എല്ലാം കൈപിടിച്ചു നടത്തി എഴുത്തിന്റെ കൂടി വിശാലമായ ലോകത്തേക്ക് എത്തിച്ചതിൽ മാതൃഭാഷയിൽ പഠിപ്പിച്ച അധ്യാപകന്റെ അല്ലെങ്കിൽ അധ്യാപികയുടെ പങ്ക് ഏറെയാണ്. അധ്യാപകരുടെ ഭാഷയിലുള്ള  അറിവും പദസമ്പത്തും അനുസരിച്ച്  കൂടുതൽ അനുഭവങ്ങൾ  കുട്ടികളിൽ നിറച്ചപ്പോൾ സമൂഹത്തെയും സംസ്കാരത്തെയും എന്തിന് ജീവിതത്തെയും  ഉൾച്ചേർന്ന് വിദ്യാഭ്യാസം മുന്നോട്ട് കുതിച്ചു.

ഇത്രയും ആമുഖമായി പറഞ്ഞത്  ഭാഷ, മാതൃഭാഷ , അധ്യാപകർ, വിദ്യാഭ്യാസം, എന്നിവ ചിലർക്ക് മനസ്സിലാക്കാൻ വേണ്ടിയാണ്.  മലയാളം എന്നത് ചിലർക്ക് ഒരു ഭാഷ മാത്രമാണ് . എന്നാൽ അതൊരു ജനതയുടെ ശബ്ദം ആണെന്നും വികാരം ആണെന്നും തിരിച്ചറിയാൻ  ഒരുപാട് പിറകിലേക്ക് ഈ ചിലർ സഞ്ചരിക്കേണ്ടിയിരിക്കുന്നു.

പ്രൈമറി കുട്ടികളെ പഠിപ്പിക്കുന്ന  അധ്യാപകർക്ക് മാതൃഭാഷയിൽ അറിവ് വേണോ ? പ്രൈമറി ക്ലാസുകളിലെ കുട്ടികളെ പഠിപ്പിക്കുന്നതിന് തിരഞ്ഞെടുക്കേണ്ട അധ്യാപകരുടെ പിഎസ്‌സി പരീക്ഷയിൽ മലയാളം മാധ്യമത്തിൽ ചോദ്യങ്ങൾ ചോദിച്ചാൽ മതിയോ ? ഈ ചോദ്യങ്ങൾ ആണ്  ഐക്യ മലയാള പ്രസ്ഥാനവും പി എസ് സിയും തമ്മിൽ നടക്കുന്ന വാഗ്വാദം. പി എസ്  സി യുടെ അധികാരികൾ മലയാളത്തിൽ ആണ് ചോദ്യങ്ങൾ  എന്നും മുമ്പുള്ളത് തുടരുന്നു എന്നും പറയുന്നു. പിമ്പേ ഗമിക്കുന്ന ഗോക്കളാകാനാണ് അവർക്ക് താത്പര്യമെന്ന് സാരം.

ഇനി വസ്തുതകളിലേക്ക് നോക്കൂ ..
ലോവർ പ്രൈമറിയിൽഒന്നുമുതൽ മുതൽ നാലു വരെയുള്ള  കുട്ടികളിൽ  'തറ' 'പറ'  എഴുതി പഠിച്ചിരുന്ന കാലം അല്ല ഇന്നുള്ളത് . പദങ്ങളിൽ നിന്ന് പദങ്ങൾ കൂട്ടിച്ചേർത്ത് ,  അക്ഷരങ്ങളെ വേർതിരിച്ച്, വാക്യഘടന പൂർത്തീകരിച്ച് കുട്ടി സ്വയം പഠിക്കുന്നു. അതിനു വേണ്ട സാഹചര്യങ്ങൾ , സഹായങ്ങൾ  അധ്യാപകർ നൽകണം. ഇവിടെ അധ്യാപകർ കുട്ടികൾക്ക് കൈത്താങ്ങായി നിൽക്കുന്ന സമയത്ത്, വിദ്യാഭ്യാസ മനശാസ്ത്രത്തോടൊപ്പം ഭാഷയിൽ നല്ല പദസമ്പത്തും  അറിവും കഥ പറയാനുള്ള ആഖ്യാനശൈലിയും നല്ല ഉച്ചാരണശുദ്ധിയും വേണം. ഇത് എത്രമാത്രം ഈ എൽ പി യുപി അധ്യാപക പി എസ് സി പരീക്ഷയിൽ അളക്കപ്പെടും ? ('ഭാര്യ' എന്നത്  'ഫാര്യ'  ആയാലും 'മഴ' എന്നത് 'മയ' ആയാലും മലയാളത്തെ സ്നേഹിക്കുന്നവർക്ക് മാത്രം വിഷമം വന്നാൽ മതി)

മൂന്നാം ക്ലാസിലെത്തുന്ന കുട്ടി  അക്ഷരങ്ങളും വാക്യഘടനയുമെല്ലാം മനസ്സിലാക്കി അവരുടെ ചിന്തയിൽ മഷി പുരട്ടി സ്വന്തമായി എഴുതി തുടങ്ങുന്നു. ചെറിയ കവിതകളിലേക്കും കഥകളിലേക്കും എഴുതാൻ അവരെ സഹായിക്കാൻ  പ്രയോഗഭംഗികൾ, ശൈലികൾ ഒക്കെ മനസ്സിലാക്കി കൊടുക്കാൻ , എഴുതിയത് തിരുത്തി കൂടുതൽ മികവുറ്റതാക്കി മാറ്റാൻ അധ്യാപകർക്ക് ഭാഷയിൽ നല്ല അറിവ് വേണം. നാലാം ക്ലാസിൽ എത്തുമ്പോൾ  സമാനമായ ഒട്ടേറെ പദങ്ങളും കവിതകളും കഥകളും  പരിചയപ്പെടുത്തി അവരെ ആസ്വാദന തലത്തിലേക്കും സമകാലിക സംഭവങ്ങളോട പ്രതികരിക്കുന്നതിലേക്കും എത്തിക്കുന്നത് മലയാളം പഠിപ്പിക്കുന്ന അധ്യാപകരുടെ ഭാഷയിലെ മികവ് ആണ് .

തുടർന്നങ്ങോട്ട് അപ്പർ പ്രൈമറിയിലും ഭാഷാനൈപുണി വളർത്തുന്ന പദം പിരിച്ചെഴുതൽ , വിഗ്രഹിക്കൽ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ഉണ്ട് . ഇത് പഠിപ്പിക്കാൻ അധ്യാപകർക്ക് മലയാളം ഭാഷയിൽ അഗാധമായ അറിവ് വേണം. സംസ്കൃതം, അറബി, ഉറുദു, ഹിന്ദി ഭാഷകൾ പഠിപ്പിക്കാൻ അതാത് വിഷയങ്ങളിൽ യോഗ്യതയും തുടർന്ന്  വൈദഗ്‌ധ്യം തെളിയിക്കുന്നതിനുള്ള പരീക്ഷകളുമാണ് നടത്തുന്നത്. മലയാളം അപ്പർ പ്രൈമറിയിൽ ആർക്കും പഠിപ്പിക്കാം എന്ന അവസ്ഥയാണ്. 

ഈ വസ്തുതകൾ നിലനിൽക്കെ കുട്ടികളുടെ അവകാശമായ ഗുണമേന്മയുള്ള വിദ്യാഭ്യാസം പൊതു വിദ്യാലയങ്ങളിൽ ലഭ്യമാക്കാൻ നവംബറിൽ നടക്കുന്ന എൽപി യുപി പരീക്ഷകളിൽ മലയാളം മാധ്യമത്തിൽ ചോദ്യങ്ങൾ ചോദിക്കുന്നതോടൊപ്പം നാൽപതു ശതമാനം ചോദ്യങ്ങൾ മലയാളം ഭാഷാശേഷി അളക്കുന്നതാക്കുക.

ദിനേശൻ നെല്ലായ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.