2020, സെപ്റ്റംബർ 15, ചൊവ്വാഴ്ച

മാതൃഭാഷാഹത്യയുടെ പി എസ് സി വഴികള്‍ - പി പ്രേമചന്ദ്രന്‍


കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ എൽ പി / യുപി ക്ലാസുകളിൽ പഠിപ്പിക്കാനുള്ള അധ്യാപകരെ തെരഞ്ഞെടുക്കാന്‍ കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന എഴുത്തുപരീക്ഷയുടെ സിലബസ്സില്‍ നിന്ന് മാതൃഭാഷയെ ഒരു വിഷയമെന്ന നിലയിൽ ഒഴിവാക്കിയത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. മാതൃഭാഷയുടെ ഔദ്യോഗികവും അക്കാദമികവുമായ നിലനിൽപ്പിനുതന്നെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാവും ഈ തീരുമാനം. എത്രമാത്രം ആലോചിച്ച്, ഏതൊക്കെ തലങ്ങളില്‍ ചര്‍ച്ചചെയ്യപ്പെട്ടാണ് ഈ തീരുമാനം പി എസ് സി എടുത്തത് എന്ന് അറിയാന്‍ മലയാളം മാതൃഭാഷയായ ഒരു ജനത എന്ന നിലയില്‍ നമുക്ക് അവകാശമുണ്ട്‌. നമ്മുടെ അക്കാദമിക ഔദ്യോഗിക മേഖലകളിൽനിന്ന് മാതൃഭാഷയെ പടിയടച്ച് പിണ്ഡം വെക്കാനുള്ള ഈ മുഷ്ക്ക് ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ കൂടി ഭാഗമാണോ എന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട് എന്നര്‍ത്ഥം.
നമ്മുടെ പ്രൈമറി ക്ലാസുകളിലെ പഠനം കരിക്കുലം എന്നത് സംബന്ധിച്ച പ്രാഥമിക ധാരണയെങ്കിലും ഉള്ളവരാണോ ഈ സിലബസ് തയ്യാറാക്കിയത് എന്നതാണ് അത്ഭുതകരം. ഇത്രമാത്രം ഉദാസീനവും അലംഭാവപൂര്‍ണ്ണവും ആയാണോ നാളെയുടെ ലോകത്തെ പടുത്തുയര്‍ത്തേണ്ട കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം കരുപ്പിടിപ്പിക്കാനുള്ള ഒരു പ്രക്രിയയില്‍ പി എസ് സി പോലുള്ള ഒരു സ്ഥാപനം ഇടപെടുന്നത് എന്നത് സത്യത്തില്‍ പേടിപ്പിക്കുന്നതാണ്.
ലോവര്‍ പ്രൈമറി ക്ലാസ്സുകളിൽ പൊതുവില്‍ സംയോജിതമായ (integrated) ആയ ഒരു വിഷയസമീപനം ആണ് നാം കൈക്കൊണ്ടിട്ടുള്ളത്. ഒന്ന് രണ്ട് ക്ലാസുകളിൽ ഓരോ വിഷയത്തിനും പ്രത്യേകം പ്രത്യേകം പുസ്തകങ്ങൾ പോലുമില്ല. മാതൃഭാഷയില്‍ ഊന്നിയാണ് ഇവിടെ പരിസരപഠനവും ഗണിതപഠനവും പോലും നടക്കുന്നത്. (കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടന്ന പരിഷ്കരണത്തില്‍ ഗണിതപഠനത്തിന് പ്രത്യേകം പുസ്തകമാക്കിയിരുന്നു) മൂന്നു നാല് ക്ലാസുകളിൽ വ്യത്യസ്ത പുസ്തകങ്ങൾ ഉണ്ടെങ്കിലും അവിടെയും ഏറ്റവും പ്രാധാന്യം മാതൃഭാഷാ പഠനത്തിന് തന്നെയാണ്. നമ്മുടെ പാഠപുസ്തകങ്ങളും പഠനസമയവും നിശ്ചയിക്കപ്പെട്ടത് പോലും ഈ രീതിയിലാണ്. മാതൃഭാഷയില്‍ അനുഭവങ്ങള്‍ പ്രദാനം ചെയ്തുകൊണ്ട് വേണം മറ്റെല്ലാ വിഷയത്തിന്റെയും പ്രാഥമികധാണയിലേക്ക് ഈ ഘട്ടത്തില്‍ കടക്കാന്‍. അതിലേക്ക് നമ്മുടെ കുട്ടികളെ ശ്രദ്ധാപൂർവ്വം കൈപിടിച്ച് നടത്താന്‍ മാതൃഭാഷ പഠിച്ചിട്ടില്ലാത്ത ഒരാൾക്ക് എങ്ങനെയാണ് കഴിയുക? നമ്മുടെ കുഞ്ഞുങ്ങളുടെ ഭാഷാ ശേഷിയെ അവര്‍ക്ക് എങ്ങിനെ വളർത്തിയെടുക്കാനാകും? 
ഒരു പരീക്ഷയിലോ സിലബസ്സിലോ മാതൃഭാഷയെ ഉൾപ്പെടുത്തുന്ന, കേവലം പത്തോ ഇരുപതോ മാർക്കിന്റെ കാര്യം മാത്രമല്ല ഇതിലുള്ളത്. കുട്ടികളിൽ ശരിയായ ഭാഷാവബോധം ഉറക്കുന്ന ഏറ്റവും നിർണായകമായ പടവ് പ്രൈമറി ക്ലാസുകൾ ആണ്. ഈ പരീക്ഷയെഴുതി. പ്രൈമറി ക്ലാസുകളിലെ അധ്യാപകരാകാന്‍ വേണ്ടി മാത്രം നടത്തപ്പെടുന്ന അധ്യാപകപരിശീലന കേന്ദ്രങ്ങളില്‍ പിന്നെന്തിന് മാതൃഭാഷ പഠിപ്പിക്കണം? അതിന്റെ സിലബസ്സില്‍ എന്തിനു മാതൃഭാഷ നിലനിര്‍ത്തണം? അവിടെ മലയാളം അധ്യാപകരെ എന്തിനു നിയമിക്കണം? നാലു സെമസ്റ്ററുകളിലായി വലിയ പ്രാധാന്യത്തോടെ അവിടങ്ങളില്‍ പടിപ്പിച്ചുവരുന്ന മലയാളം കൂടി ഇത് പ്രകാരം ഒഴിവാക്കപ്പെടണം. സിലബസ്സില്‍ നിന്നും പുറത്താക്കപ്പെടുക എന്നാല്‍ അതിന്റെ പഠനമേഖലയില്‍ നിന്നും പുറത്താക്കുക എന്നതുതന്നെയാണ്. അങ്ങിനെ ഡി എല്‍ എഡ്ഡിന്റെ (പഴയ ടി ടി സി) കരിക്കുലത്തെ തന്നെ നിരസിച്ച് തന്നിഷ്ടപ്രകാരം മാതൃഭാഷാ വിരോധം മൂത്ത ഒരു സ്ഥാപനത്തിന് ഇങ്ങനെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അവകാശമുണ്ടോ? ഇത്തരം തീരുമാനങ്ങള്‍ എടുക്കാനുള്ള അക്കാദമികമായ അധികാരം ഉള്ള സ്ഥാപനമാണോ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍? മാതൃഭാഷ എഴുതാനും വായിക്കാനും മാത്രം അറിഞ്ഞാല്‍ മതി എന്നും അതുവെച്ച് കുഞ്ഞുങ്ങളുടെ ഭാഷാശേഷീ വികസനത്തിന് ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്യാന്‍ ഒരാള്‍ക്ക് കഴിയും എന്ന് തീരുമാനിക്കുന്നത് ഏതു ശാസ്ത്രീയബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്? അടിസ്ഥാന വ്യാകരണപാഠങ്ങള്‍, ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രപരമായ പഠനം, വിവിധ സാഹിത്യ പ്രസ്ഥാനങ്ങളെ കുറിച്ചുള്ള അടിസ്ഥാന ധാരണകള്‍ ഇവയെല്ലാം ഇത്രയും കാലം ഡി എല്‍ എഡ്ഡിന്റെ ഭാഗമായി പഠിച്ചത് എല്ലാം മറക്കണമെന്നാണോ? കെ.ടെറ്റിൽ  അടക്കം ഉള്‍പ്പെടുത്തിയിട്ടുള്ള മലയാളം സിലബസ്സുകള്‍ കൂടി ഈ വഴി പിന്തുടര്‍ന്ന്‍ ഇല്ലാതാവില്ലേ? ഭാഷയിലെ പ്രധാന വ്യാകരണ നിയമങ്ങൾ, ഭാഷയുടെ തനിമയുടെ ഭാഗമായ പഴഞ്ചൊല്ലുകളും ശൈലികളും, തെറ്റും ശരിയുമായ ഭാഷാപ്രയോഗങ്ങൾ മുതലായവയെല്ലാം ഇനി മുതല്‍ പഠനത്തിന്റെയും പരീക്ഷയുടെയും ഭാഗമാല്ലാതാവുമ്പോള്‍ എന്തായിരിക്കും നാളെ മാതൃഭാഷയുടെ അവസ്ഥ.? സത്യത്തില്‍ കേരളത്തിലെ മാതൃഭാഷാപഠനത്തിന്റെ കഴുത്തില്‍, രക്തം മുഴുവന്‍ വാര്‍ന്നുപോയി മരിക്കാന്‍ തക്കവണ്ണം ആഴത്തില്‍ മുറിവേല്‍പ്പിക്കുകയാണ് തന്ത്രപരമായ ഒരു നീക്കത്തിലൂടെ കേരളത്തിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ചെയ്യുന്നത്. ഒരര്‍ത്ഥത്തില്‍ മാതൃഹത്യതന്നെ!
തെരഞ്ഞെടുക്കാനുള്ള വിഷയങ്ങളിൽ ഉൾപ്പെടാത്ത വിഷയങ്ങൾ കൈകാര്യം ചെയ്യാൻ തനിക്ക് കഴിയില്ല എന്ന് ഈ പരീക്ഷ വഴി ജോലിയില്‍ എത്തപ്പെടുന്ന അധ്യാപകര്‍ നാളെ പറഞ്ഞാൽ നിയമപരമായി അവര്‍ക്കൊപ്പം നിൽക്കാൻ മാത്രമേ ആര്‍ക്കും കഴിയുകയുള്ളൂ. പ്രസ്തുതതൊഴിലിനായുള്ള പരീക്ഷയുടെ സന്ദർഭത്തിൽ അവരോട് സാമാന്യമായി പഠിക്കാന്‍ പോലും ആവശ്യപ്പെടാത്ത ഒരു വിഷയം തൊഴിൽ ലഭിച്ചതിനുശേഷം അതിവിദഗ്ദമായി കൈകാര്യം ചെയ്യാന്‍ ആവശ്യപ്പെടുന്നത് ഒരര്‍ത്ഥത്തില്‍ അനീതി തന്നെയാണ്. അതുകൊണ്ട്  പരീക്ഷാ സിലബസ്സില്‍നിന്നും ഒരു വിഷയത്തെ മാറ്റിനിർത്തുന്നത് കേവലം സാങ്കേതികമായ ഒരു കാര്യം മാത്രമല്ല. മാതൃഭാഷയില്‍ അഭിമാനിക്കുന്ന ഒരു ജനതയെ നിരന്തരമായി അപമാനിക്കുന്ന കേരള പബ്ലിക് സർവീസ് കമ്മീഷൻ നടപടികളുടെ തുടർച്ച മാത്രമാണ് ഇത്.
ഭരണഭാഷ മലയാളമാണ് എന്ന് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്ന ഒരു സര്‍ക്കാരിന്റെ കാലത്താണ് പി എസ് സി തന്നിഷ്ടപ്രകാരം ഇത്തരം ഒരു തീരുമാനം എടുക്കുന്നത്. മലയാളം എഴുതാനും വായിക്കാനും അറിഞ്ഞാല്‍ മതി എന്ന് പി എസ് സി അങ്ങ് തീരുമാനിക്കുകയാണ്. പി എസ് സി ചെയര്‍മാന്‍ അതാണ്‌ പറഞ്ഞത്. ചോദ്യങ്ങള്‍ മാതൃഭാഷയില്‍ ആണല്ലോ എന്ന്! അങ്ങിനെയെങ്കില്‍ അദ്ദേഹത്തിന്റെ നയപ്രകാരം നമ്മുടെ സ്കൂള്‍ കോളേജ് തലങ്ങളില്‍ നിന്ന് മാതൃഭാഷാപഠനം അടിയന്തിരമായി സര്‍ക്കാര്‍ പിന്‍വലിക്കണം. എസ് സി ഇ ആര്‍ ടി, സര്‍വ്വകലാശാലകളിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് എന്നിങ്ങനെയുള്ള സംസ്ഥാനത്തെ എല്ലാ അക്കാദമിക് സ്ഥാപനങ്ങളെയും പിരിച്ചു വിട്ട് കേരളത്തിലെ ഏറ്റവും വലിയ അക്കാദമിക സ്ഥാപനമായി പി എസ് സി യെ നിശ്ചയിക്കണം. അവര്‍ തീരുമാനിക്കട്ടെ കേരളത്തിലെ വിദ്യാഭ്യാസനയം എന്തായിരിക്കണം എന്ന്. നമുക്ക് ദേശീയ വിദ്യാഭ്യാസനയത്തിന്റെ സാമൂഹിക രാഷ്ട്രീയ അടിയൊഴുക്കുകളെക്കുറിച്ച് വെബിനാറുകള്‍ നടത്തി രസിക്കാം.
വിദ്യാഭ്യാസ മനശ്ശാസ്ത്ര സിദ്ധാന്തങ്ങൾ പ്രാഥമിക തലങ്ങളിൽ മാതൃഭാഷയ്ക്കു നല്കുന്ന പ്രാധാന്യത്തില്‍ നമ്മള്‍ ഇന്നത്തെതിനെക്കാള്‍ ശ്രദ്ധ മുന്‍പ് നല്‍കിയിരുന്നു. തൊണ്ണൂറുകള്‍ക്ക് മുന്‍പ് കേരളത്തില്‍ പ്രൈമറി ക്ലാസുകളിലെ അധ്യാപകരാകാന്‍ നടത്തിയ പി എസ് സി പരീക്ഷയില്‍ അമ്പത് ശതമാനം ചോദ്യവും മാതൃഭാഷയില്‍ നിന്നായിരുന്നു. തൊണ്ണൂറ്റി നാലിന് ശേഷം നടന്ന പരീക്ഷകളില്‍ ആണ് അത് ഇരുപത് ശതമാനമായി കുറഞ്ഞത്. ഇപ്പോള്‍ അത് സമ്പൂര്‍ണ്ണമായി ഒഴിവാക്കപ്പെടുന്നു. അതും മാതൃഭാഷയ്ക്ക് എല്ലാ തലങ്ങളിലും ആവുന്നത്ര സ്ഥാനം നല്‍കും എന്ന് പ്രകടന പത്രികയില്‍ തന്നെ പ്രഖ്യാപിച്ച, അതിന്റെ അടിസ്ഥാനത്തില്‍ കൂടി ഭരണത്തില്‍ ഇരിക്കുന്ന ഇടതുമുന്നണിയുടെ കാലത്ത്! മാതൃഭാഷാസ്നേഹികള്‍ കരയുകയാണോ ചിരിക്കുകയാണോ വേണ്ടത്!
ദേശീയ വിദ്യാഭ്യാസ നയം മാതൃഭാഷയിലൂടെ വേണം പ്രൈമറി ക്ലാസുകളിലെ പഠനം എന്നാണ് പറഞ്ഞത്. ആ സമയത്താണ് പ്രൈമറി ക്ലാസുകളിലെ അധ്യാപക പരീക്ഷാ സിലബസ്സില്‍ നിന്ന് മാതൃഭാഷയെ പൂര്‍ണ്ണമായും ഇവിടെ വെട്ടിമാറ്റുന്നത്. ഇത് സിലബസ്സിന്റെയോ പരീക്ഷയുടെയോ പ്രശ്നം മാത്രമല്ല. നാളത്തെ കേരളത്തിന്റെ മനസ്സ് ഈ ദേശത്തിന്റെ സാംസ്കാരികവും സാമൂഹികവും സൗന്ദര്യശാസ്ത്രപരവും ആയ പരിസരങ്ങളെ എങ്ങിനെ സ്വാംശീകരിക്കും എന്ന വലിയ ചോദ്യമാണ് ഇതിലൂടെ ഉയര്‍ന്നുവരുന്നത്. മാതൃഭാഷയുടെ വേരുകള്‍ വെട്ടിമാറ്റാനുള്ള ഏറ്റവും നിര്‍ണ്ണായകമായ നീക്കമാണ് പി എസ് സി നടത്തിയിരിക്കുന്നത്. ഈ വഴി ഇവര്‍ ഇനിയും മുന്നോട്ട് സുഗമമായി പോകുമെങ്കില്‍ നമ്മുടെ ഭാഷയുടെ മരണത്തിന് കാലം ഇനി അധികം വേണ്ടിവരില്ല. സാംസ്കാരിക കേരളം ആണ്, ഭാഷയുടെ എല്ലാ ഈടുവേപ്പുകളും തകര്‍ത്ത് മുന്നോട്ടുപോകുന്ന ഈ അഹന്തയുടെ ശകടത്തെ തടയാന്‍ മുന്നില്‍ നില്‍ക്കേണ്ടത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.