എഞ്ചിനീയറിങ്ങ്
ദിനത്തിൽ എല്ലാ എഞ്ചിനീയറിങ്ങ് സുഹൃത്തുക്കൾക്കും സ്നേഹാഭിവാദ്യങ്ങൾ. ഇന്ത്യൻ
എഞ്ചിനീയറിങ്ങിന്റെ പിതാവെന്ന് അറിയപ്പെടുന്ന വിശ്വേശരയ്യയുടെ ജന്മദിനമാണല്ലോ
ഇന്ന്. കൃഷ്ണരാജസാഗർ അണക്കെട്ടിന്റെയും ,
അതുവഴി മൈസൂർ നഗരത്തിന്റെയും കാർഷിക -വ്യാവസായിക- സാമ്പത്തിക
-വാണിജ്യ മേഖലയെ തന്റെ സാങ്കേതിക വൈദഗ്ധ്യം കൊണ്ട് അദ്ദേഹം
ഉച്ചസ്ഥായിയിലെത്തിച്ചു. മൈസൂർ ദിവാനായ അദ്ദേഹം സർ പദവി
സ്വീകരിച്ചിരുന്നുവെങ്കിലും, കോളോണിയൽ മേധാവിത്വത്തോടും
വിവേചനത്തോടും നിരന്തരം ഏറ്റുമുട്ടിയ വ്യക്തികൂടിയായിരുന്നു. ഹൈദരാബാദിലും,
ഗംഗാനദിയിലും, തിരുപ്പതിയിലും, പൂനെയിലും തന്റെ എഞ്ചിനീയറിങ്ങ് കൗശലം സാമൂഹ്യ നന്മയ്ക്ക്
പ്രയോജനപ്പെടുത്തിയ വ്യക്തിയാണ് മോക്ഷഗുണ്ടം വിശ്വേശരയ്യ. അതുകൊണ്ടാണല്ലോ 1955 ൽ രാഷ്ട്രം അദ്ദേഹത്തിന് ഭാരതരത്നം സമ്മാനിച്ചത്. BA ക്കു ശേഷമാണ് അദ്ദേഹം BE യ്ക്ക് ചേരുന്നത്.
അദ്ദേഹത്തിന്റെ എഞ്ചിനീയറിങ്ങ് വൈദഗ്ധ്യത്തെ സമൂഹത്തിന്റെ നവ ക്രമത്തിനായി
പ്രയോജനപ്പെടുത്തുന്നതിൽ ഇതും ഒരു പങ്ക് വഹിച്ചിരിക്കാം. ഏഷ്യയിലെ അക്കാലത്തെ
ആദ്യത്തേതും, ഏറ്റവും വലുതുമായ ആസൂത്രിത അയൽപക്ക റെസിഡൻസി
മേഖലയായ ബാംഗ്ലൂരിലെ ജയനഗർ വിശ്വേശരയ്യയുടെ സൃഷ്ടിയാണ്.
ഈ
നവചിന്തക്കും, എൻജിനീയറിങ്ങ്
രൂപകല്പനകൾക്കും ഒപ്പം അദ്ദേഹം മാതൃ ഭാഷയ്ക്കുവേണ്ടിയും നിലകൊണ്ട
വ്യക്തിത്വമായിരുന്നു. കന്നട ഭാഷയുടെ പുരോഗതിയ്ക്കായി കന്നട പരിഷത്ത് അദ്ദേഹം
സ്ഥാപിക്കുകയുണ്ടായി. നിരന്തരമുള്ള സെമിനാറുകളും അവബോധന പ്രവർത്തനങ്ങളും വഴി മാതൃ
ഭാഷയ്ക്കും, സാഹിത്യത്തിനും സമൂഹത്തിലും സംസ്കാരത്തിലുമുള്ള
സ്വാധീനത്തെ പ്രതി , അതിന് വേണ്ടി നിലകൊള്ളാൻ അദ്ദേഹം
സുഹൃത്തുക്കളോട് ആവശ്യപ്പെട്ടു. വിദേശ സർവകലാശാലകളിൽ വിവിധ കാലങ്ങളിൽ ജീവിച്ച്
തിരിച്ചു വന്ന തത്വചിന്തകരും, ശാസ്ത്രജ്ഞരും, എഴുത്തുകാരും തിരിച്ച് ഇന്ത്യയിൽ വന്ന് തങ്ങളുടെ നാട്ടിലെ സർവകലാശാലകളിൽ
ഇന്ത്യൻ മാതൃഭാഷകളിൽ അധ്യയനം നടത്തി. ബോസ്കണം എന്ന നാമത്തിലൂടെ പിൽക്കാലത്ത്
ബഹുമാനിതനായ സത്യേന്ദ്രനാഥ ബോസ് കൽക്കത്തയിൽ തിരിച്ചെത്തി ബംഗാളി മാൽ ഭാഷയിൽ
സർവകലാശാലാധ്യയനത്തിനു വേണ്ടി വാദിച്ച് ലേഖനങ്ങളെഴുതി. മലയാളിയായ ഇ.സി.ജി.സുദർശൻ
ലോകമാകെ ആദരിയ്ക്കുന്ന ശാസ്ത്രജ്ഞനാണല്ലോ. മൂന്ന് തവണയാണ് അദ്ദേഹം നോബൽ
സമ്മാനത്തിന് പരിഗണിയ്ക്കപ്പെട്ടത്. അദ്ദേഹം തന്റെ ആത്മകഥാംശമുള്ള കൃതികളിൽ മാതൃ
ഭാഷാധ്യയനത്തിന്റെ പ്രസക്തിയും, വിഷയമെന്ന നിലയ്ക്കുള്ള
മാതൃഭാഷാ പഠനത്തിന്റെ പ്രാധാന്യവും ഊന്നിപ്പറയുന്നുണ്ട്.
'ഏതൊരു
വേദവുമേതൊരു ശാസ്ത്രവു–
മേതൊരു
കാവ്യവുമേതൊരാള്‍ക്കും
ഹൃത്തില്‍പ്പതിയേണമെങ്കില്‍
സ്വഭാഷതന്‍
വക്ത്രത്തില്‍
നിന്നുതാന്‍ കേള്‍ക്കവേണം' എന്ന് വള്ളത്തോൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ.
കേരളത്തിലെ
പ്രാഥമിക വിദ്യാലയത്തിലെ അധ്യാപകരാവാനുള്ള യോഗ്യതാ പരീക്ഷയിൽ പക്ഷേ, കേരള പി.എസ്.സി. മലയാളത്തെ
ഒരു വിഷയമെന്ന നിലയിൽ ഒഴിവാക്കിയിരിക്കുന്നു. ലോക നിർമാണ പ്രക്രിയയിൽ ബൗദ്ധികവും -
ഭൗതികവുമായ സൃഷ്ടി കർമ്മം നടത്തുന്ന പ്രിയപ്പെട്ടവരേ,ഇനിയും
ഇന്ത്യയിൽ വിശ്വേരയ്യമാരുണ്ടാവാൻ നമ്മുടെ ബൗദ്ധികപ്രഭാവം നഷ്ടപ്പെടുത്താതിരിക്കാൻ
ലോകത്തെ എല്ലാ വികസിത രാഷ്ട്രങ്ങളും സ്വീകരിയ്ക്കുന്ന നയം നാം തുടർന്നേ മതിയാവൂ.
നമ്മുടെ വിജ്ഞാനം നമ്മുടെ മാതൃ ഭാഷയിലാവണം. മാത്രമല്ല, നമ്മുടെ
വിജ്ഞാനത്തിന് നമ്മുടെ നാടുമായി ജൈവികവും സാംസ്കാരികവുമായുള്ള വേരുബന്ധം ഉണ്ടാവണം.
സാർവലൗകീകതയിൽ പുലരുമ്പോഴും മുറ്റത്തെ പുളിമരച്ചോട്ടിലെ ആകാശവും മണ്ണും
പ്രിയപ്പെട്ടതാക്കാൻ നമ്മുടെ വിശിഷ്ട ബുദ്ധി ശേഷികൾക്ക് കഴിയണമെങ്കിൽ അവരീ നാടിനെ
അടുത്തറിയുന്ന വിദ്യാഭ്യാസം നേടണം. അതാണ് മലയാളം പഠിക്കുന്നതിലൂടെ ഒരു മലയാളി
നേടുന്നത്. Tamarind എന്ന പദത്തിന് ഒരിക്കലും വായിൽ
കപ്പലോട്ടമുണ്ടാക്കി നൊട്ടിനുണയുന്ന നമ്മുടെ പഴുത്ത വാളൻപുളിയാവാൻ കഴിയില്ല.
അചേതനത്വത്തിന് സചേതന നൽകുന്നതെന്തോ അതാണ് നിങ്ങളുടെ സ്വന്തം ഭാഷ. കേവലം ആശയ
വിനിമയോപാധിയാണ് മറ്റ് ഭാഷകൾ ; ഒരിക്കലും മാതൃഭാഷയ്ക്ക്
അതിലൊതുങ്ങാനാവില്ലെന്നതിന് നിങ്ങളുടെ 'അമ്മേ' എന്ന വിളി തന്നെയാണ് സാക്ഷി. എന്നാൽ ഇതൊന്നും നമ്മുടെ കുട്ടികൾക്ക് നാളെ
ലഭ്യമാവില്ല പോലും! കാരണം, അവരെ പഠിപ്പിക്കുന്ന അധ്യാപകർക്ക്
ഭാഷാശേഷി ഒരു യോഗ്യതയേയല്ല. പരീക്ഷകളിൽ നിന്നും പടിയടച്ച് പിണ്ഡം വയ്ക്കാനുള്ളതോ
നമ്മുടെ മാതൃഭാഷ ?
ഈ വിഷയത്തിൽ നിങ്ങളുടെ സഹകരണം ഞങ്ങൾ
അഭ്യർത്ഥിക്കുന്നു.
ഐക്യമലയാള
പ്രസ്ഥാനം മുഖ്യമന്ത്രിയ്ക്ക് സമർപ്പിക്കുന്ന ഓൺലൈൻ നിവേദനത്തിൽ ഒപ്പുവച്ച്
ഞങ്ങളോടൊപ്പം, ഈ
എഞ്ചിനീയറിങ്ങ് ദിനത്തിൽ അണിചേരൂ..
#കേരളാപിഎസ്സിയുടെമാതൃഭാഷാവിവേചനം_അവസാനിപ്പിക്കുക
#പ്രൈമറിഅധ്യാപകപരീക്ഷയിൽമലയാളംഒരുവിഷയമായിഉൾപ്പെടുത്തുക.
ഒപ്പു
ചേർക്കൂ, പ്രചരിപ്പിക്കൂ.
എൻ.പി.
പ്രിയേഷ് .