2013, മേയ് 21, ചൊവ്വാഴ്ച

‘കോടതികള്‍ സാധാരണക്കാരന്‍െറ ഭാഷ സ്വീകരിക്കണം’

കാസര്‍കോട്: കോടതിയുടെ ഇംഗ്ളീഷ് ഭാഷ മാറ്റി സാധാരണക്കാരന്‍െറ ഭാഷയില്‍ കോടതി വ്യവഹാരങ്ങള്‍ നടത്തണമെന്ന് ഔദ്യാഗിക ഭാഷ ഉന്നതതല സമിതി അംഗവും എഴുത്തുകാരനുമായ കെ.എല്‍. മോഹനവര്‍മ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഭരണഭാഷ വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി ജില്ല ഭരണകൂടം സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതിയില്‍ എന്ത് നടക്കുന്നുവെന്ന് സാധാരണക്കാര്‍ക്ക് അറിയുന്നില്ല. സാധാരണക്കാരന്‍െറ ഭാഷ ഇന്നും കോടതിക്ക് പുറത്തുതന്നെയാണ്. അതത് പ്രദേശത്തിന്‍െറ ഭാഷ കൂടി ഉള്‍പ്പെട്ടതായിരിക്കണം ഭരണഭാഷ. പൊതുജനങ്ങളുമായി സംസാരിക്കാന്‍ സര്‍ക്കാര്‍ സാധാരണക്കാരന്‍െറ ഭാഷതന്നെ ഉപയോഗിക്കണം. അതിര്‍ത്തി പ്രദേശമായ കാസര്‍കോട്ട് നീതി ഉറപ്പാക്കാന്‍ കന്നടക്കാര്‍ക്ക് കൂടി പരിഗണന നല്‍കണമെന്നും മോഹനവര്‍മ അഭിപ്രായപ്പെട്ടു. മാതൃഭാഷയാണ് ഏറ്റവും ശക്തമായ ഭാഷ. അതുകൊണ്ടുതന്നെ മാതൃഭാഷയെ പുഷ്ടിപ്പെടുത്തണമെന്ന് എഴുത്തുകാരന്‍ കല്‍പറ്റ നാരായണന്‍ പറഞ്ഞു. കാസര്‍കോടിന്‍െറ വൈവിധ്യം നിലനിര്‍ത്തി ഭരണഭാഷ നടപ്പാക്കണമെന്നും ഇംഗ്ളീഷ് മിശ്രിത പത്രഭാഷകള്‍ ഭാഷയുടെ തനത് സംസ്കാരത്തെ ഇല്ലാതാക്കുന്നുവെന്നും ഡോ. എ.എം. ശ്രീധരന്‍ അഭിപ്രായപ്പെട്ടു.എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എസ്. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നാരായണന്‍ പേരിയ, വി.വി. പ്രഭാകരന്‍, പത്മനാഭന്‍ ബ്ളാത്തൂര്‍, എ.എസ്. മുഹമ്മദ്കുഞ്ഞി എന്നിവര്‍ പങ്കെടുത്തു. ജില്ല കലക്ടര്‍ പി. എസ്. മുഹമ്മദ് സഗീര്‍ സ്വാഗതവും എ.ഡി.എം എച്ച്. ദിനേശന്‍ നന്ദിയും പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുവേണ്ടി നടത്തിയ പ്രശ്നോത്തരി മത്സരത്തിലും ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടത്തിയ കവിതാരചന മത്സരത്തിലും വിജയികളായവര്‍ക്ക് കെ.എല്‍. മോഹനവര്‍മ കാഷ് അവാര്‍ഡ് വിതരണം ചെയ്തു. പി. സേതുലക്ഷ്മി കുമാരനാശാന്‍െറ കവിത ആലപിച്ചു.

മാധ്യമം

1 അഭിപ്രായം:

  1. മലയാളം ഭാഷയുടെ വികസനത്തിന്‌ കോടതി നടപടികള്‍ നിര്‍ബന്ധമായും മലയാളത്തിലേക്ക് മാറ്റണം .

    ചില നിര്‍ദേശങ്ങള്‍ ....

    1.നിയമ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുക .

    2.കേരളത്തിലെ സര്‍വകലാശാലകളിലും കലാലയങ്ങളിലും നിയമ പഠനം മലയാളത്തിലേക്ക് മാറ്റുക

    3.കോടതികളില്‍ പ്രസ്താവിക്കുന്ന വിധികള്‍ ,നിര്‍ദേശങ്ങള്‍ മലയാളത്തിലേക്ക് മാറ്റുക

    4.കോടതികളിലെ വ്യവഹാരങ്ങള്‍ ,വാദങ്ങള്‍ മലയാളത്തിലേക്ക് മാറ്റാന്‍ നിയമം കൊണ്ടുവരിക .

    5.കേരള സംസ്ഥാന രൂപികരണം മുതല്‍ ഇന്ന് വരെയുള്ള കോടതികളുടെ പ്രമാണങ്ങള്‍ മലയാളത്തിലേക്ക് വിവര്ത്തനം ചെയുകയും അത് ഡിജിറ്റല്‍ ആയി സംരക്ഷിക്കുക ചെയുക.

    6.ഹൈ കോടതികളിലെ വിധികള്‍ ഇംഗ്ലീഷിലും മലയാളത്തിലുമാക്കി മാറ്റുക .ഇത്തരത്തില്‍ ഇതര സംസ്ഥാന ആവശ്യങ്ങല്കും ഉയര്ന്ന കോടതികളിലും ഉപയോഗിക്കാന്‍ സാധിക്കും.

    7.കഷികള്‍ ഇരുവരും മലയാളികള് ആണെങ്കില്‍ മലയാളത്തില്‍ വ്യവഹാരങ്ങള്‍ നടത്താനുള്ള അനുമതി നല്കുക .
    http://malayalatthanima.blogspot.in/2013/05/blog-post_21.html

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.