2013, മേയ് 25, ശനിയാഴ്‌ച
മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി
* വിപുലമായ കേന്ദ്രസഹായം
* സമഗ്രപഠനകേന്ദ്രം സ്ഥാപിക്കും
* സമഗ്രപഠനകേന്ദ്രം സ്ഥാപിക്കും
ന്യൂഡല്‍ഹി: നമ്മുടെ സ്വന്തം മലയാളത്തിന് ശ്രേഷ്ഠഭാഷയുടെ സുവര്‍ണകിരീടം. മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷാപദവി നല്‍കാന്‍ വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു.
ഭാഷ പരിപോഷിപ്പിക്കാന്‍ വിപുലമായ കേന്ദ്രസഹായം ലഭിക്കും. മലയാളത്തിനായി ദേശീയകേന്ദ്രം സ്ഥാപിക്കാനും കേന്ദ്രസര്‍വകലാശാലകളില്‍ മലയാളപഠനവിഭാഗം രൂപവത്കരിക്കാനുമൊക്കെ ശ്രേഷ്ഠഭാഷാപദവി സഹായകമാവും. ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവിലാണ് മലയാളികളുടെ ചിരകാലആവശ്യത്തിന് അംഗീകാരമാകുന്നത്.
ശ്രേഷ്ഠ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം. നിലവില്‍ സംസ്‌കൃതം, തമിഴ്, കന്നഡ, തെലുങ്ക് എന്നിവയ്ക്കാണ് ഈ പദവിയുള്ളത്.
ദക്ഷിണേന്ത്യന്‍ഭാഷകളില്‍ ശ്രേഷ്ഠപദവിയില്ലാതെ മലയാളംമാത്രം അവഗണിക്കപ്പെട്ടുകിടക്കുകയായിരുന്നു. മലയാളത്തിന് ഈ പദവി നല്‍കുന്നത് പരിശോധിക്കാന്‍ സംസ്ഥാനസര്‍ക്കാറിന്റെ അഭ്യര്‍ഥനയനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ വിദഗ്ധസമിതി രൂപവത്കരിച്ചു. മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍, ഭാഷാവിദഗ്ധരായ പ്രൊഫ. നടുവട്ടം ഗോപാലകൃഷ്ണന്‍, പ്രൊഫ. ബി. ഗോപിനാഥന്‍ എന്നിവരായിരുന്നു സംസ്ഥാനത്തിന്റെ പ്രതിനിധികള്‍. കേന്ദ്രസാഹിത്യ അക്കാദമിയുടെ ക്ഷണിതാവായി കേരളത്തില്‍നിന്ന് ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അംഗമായിരുന്നു. ഈ സമിതിയുടെ ഡിസംബര്‍ 19-ന് ചേര്‍ന്ന യോഗത്തില്‍ കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു.
ശ്രേഷ്ഠഭാഷാപദവിയുടെ യോഗ്യതയ്ക്കുള്ള 1500 വര്‍ഷത്തെ കാലപ്പഴക്കം മലയാളത്തിനില്ലെന്ന് വിലയിരുത്തി, നേരത്തേ സാഹിത്യഅക്കാദമിയുടെ പ്രത്യേകസമിതി കേരളത്തിന്റെ ആവശ്യം തള്ളിയിരുന്നു. ഭാഷാശാസ്ത്രജ്ഞന്‍ ബി.എച്ച്. കൃഷ്ണമൂര്‍ത്തിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചായിരുന്നു ഈ തീരുമാനം. എന്നാല്‍, തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് ഈ തീരുമാനമെന്ന പരാതിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രത്തെ സമീപിച്ചു. തുടര്‍ന്ന്, വിദഗ്ധസമിതി പുനഃസംഘടിപ്പിച്ച് അതില്‍ കേരളത്തില്‍നിന്നുള്ളവരെയും ഉള്‍പ്പെടുത്തുകയായിരുന്നു.
ഇടതുസര്‍ക്കാറിന്റെ കാലത്താണ് ശ്രേഷ്ഠഭാഷാ പദവിക്കായി കേന്ദ്രസര്‍ക്കാറിനെ സമീപിച്ചത്. കവി ഒ.എന്‍.വി. കുറുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസമിതി മലയാളഭാഷയുടെ ചരിത്രവും സവിശേഷതയും വിവരിക്കുന്ന പ്രത്യേകറിപ്പോര്‍ട്ടും തയ്യാറാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചു. പിന്നീട്, യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റപ്പോഴും ശ്രേഷ്ഠപദവിക്കുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി തുടര്‍ന്നു.
തമിഴിന്റെ വകഭേദമാണ് മലയാളമെന്നും 1500 വര്‍ഷത്തെ കാലപ്പഴക്കം അവകാശപ്പെടാന്‍ കഴിയില്ലെന്നുമാണ് എതിര്‍ത്തവര്‍ വാദിച്ചത്. മലയാളത്തിന് രണ്ടായിരത്തിലേറെ വര്‍ഷത്തെ പഴക്കമുണ്ടെന്ന് കേരളത്തില്‍നിന്നുള്ളവര്‍ ചൂണ്ടിക്കാട്ടി. ബി.സി. 277-300 കാലഘട്ടത്തിലെ അശോകന്റെ രണ്ടാം ശിലാശാസനത്തില്‍ 'കേരളം'എന്ന വാക്കുള്ളത് തെളിവായി എടുത്തുപറഞ്ഞു. ബി.സി. ഒന്നാംനൂറ്റാണ്ടില്‍ കണ്ടെടുത്ത 'പുളിമാന്‍ കൊമ്പ് വീരക്കല്‍ ലിഖിത'വും മലയാളത്തിന്റെ പഴമ തെളിയിച്ചു. മലയാളത്തില്‍ മാത്രമുള്ള വ്യാകരണപ്രത്യേകത 2100 വര്‍ഷം പഴക്കമുള്ള ഈ ലിഖിതത്തില്‍ കാണാം. പട്ടണപര്യവേക്ഷണത്തില്‍ ലഭിച്ച എ.ഡി. രണ്ടാമാണ്ടിലെ ഓട്ടക്കലക്കഷ്ണവും കേരളം തെളിവായി കാണിച്ചു. മലയാളമാണ് ഇതിലെ ഭാഷ. ക്രിസ്തുവര്‍ഷം അഞ്ചാംനൂറ്റാണ്ടിലെ നിലമ്പൂര്‍-നെടുങ്കയം ശിലാരേഖയിലും മലയാളഭാഷയും വ്യാകരണപ്രത്യേകതകളും കാണാമെന്ന് കേരളം വാദിച്ചു. എല്ലാറ്റിനുമുപരി സംഘകാലസാഹിത്യത്തില്‍ 40 ശതമാനം മലയാളം വാക്കുകളും വ്യാകരണവുമുണ്ടെന്നും ചൂണ്ടിക്കാട്ടി.
ചരിത്രകാരന്‍ എം.ജി.എസ്. നാരായണന്റെ വാദം കേരളത്തിന് നിര്‍ണായകമായി. സംഘം സാഹിത്യകൃതി തമിഴിനുമാത്രമായി അവകാശപ്പെടാന്‍ കഴിയില്ലെന്ന് അദ്ദേഹം വാദിച്ചു. മൂലദ്രാവിഡഭാഷയില്‍ എഴുതപ്പെട്ടതാണ് സംഘം കൃതികള്‍. ഈ ഭാഷയില്‍നിന്നും ഉരുത്തിരിഞ്ഞതാണ് തമിഴും മലയാളവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ തമിഴില്‍ രചിക്കപ്പെട്ടതാണ് സംഘം സാഹിത്യമെന്ന വാദം അപ്രസക്തമായി.
ഏറ്റവും പഴക്കമുള്ള ദ്രാവിഡ വ്യാകരണഗ്രന്ഥമായ തൊല്‍ക്കാപ്പിയത്തിലെ 40 ശതമാനം നിയമങ്ങളും മലയാളത്തിനുമാത്രമേ യോജിക്കുന്നുള്ളൂവെന്നും കേരളത്തിന്റെ പ്രതിനിധികള്‍ വാദിച്ചു.
സംഘം കൃതികള്‍ക്കുമേല്‍ തമിഴിന്റെ മാത്രം ഉടമസ്ഥാവകാശം തെളിവുകളിലൂടെ നിഷേധിച്ച എം.ജി.എസ്സിന്റെയും കേരളത്തില്‍നിന്നുള്ള പ്രതി നിധികളുടെയും വാദങ്ങള്‍ അംഗീകരിച്ച് മലയാളം ശ്രേഷ്ഠപദവിക്ക് അര്‍ഹമാണെന്ന് സമിതി വിലയിരുത്തി. ശുപാര്‍ശ കേന്ദ്ര സംസ്‌കാരികമന്ത്രാലയത്തിന് സമര്‍പ്പിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി ശുപാര്‍ശ വ്യാഴാഴ്ച കേന്ദ്രമന്ത്രിസഭ പരിഗണിക്കുകയായിരുന്നു.
സംസ്‌കൃതിക്കുള്ള ആദരം
* ആശയവിനിമയോപാധി മാത്രമല്ല മാതൃഭാഷ. ജനതയുടെ സ്വത്വത്തിന്റെയും സംസ്‌കാരത്തിന്റെയും മുദ്രയാണത്. 1500 വര്‍ഷങ്ങള്‍ക്കുമേല്‍ പഴക്കമുള്ള ഭാഷകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ കഌസിക് ഭാഷാപദവി നല്‍കുന്നത്. മലയാളത്തിന് ശ്രേഷ്ഠപദവി ലഭിക്കുന്നതിലൂടെ നമ്മുടെ സംസ്‌കൃതി തന്നെയാണ് ആദരിക്കപ്പെടുന്നത്.
മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി നല്‍കുന്നതിനൊപ്പം ഭാഷാപരിപോഷണത്തിനുള്ള നടപടികളും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഭാഷയിലെ ലേഖനങ്ങള്‍ക്കും പഠനങ്ങള്‍ക്കുമായി വര്‍ഷത്തില്‍ രണ്ട് അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തും. ശ്രേഷ്ഠഭാഷാപഠനത്തിനായി മികവിന്റെ കേന്ദ്രം സ്ഥാപിക്കും. കേന്ദ്രസര്‍വകലാശാലകളില്‍ പ്രത്യേക ചെയറുകള്‍ സ്ഥാപിക്കാന്‍ യു.ജി.സി.യോട് നിര്‍ദേശിക്കും.
2013, മേയ് 22, ബുധനാഴ്‌ച
‘കോടതികള്‍ സാധാരണക്കാരന്‍െറ ഭാഷ സ്വീകരിക്കണം’
കാസര്‍കോട്: കോടതിയുടെ ഇംഗ്ളീഷ് ഭാഷ മാറ്റി സാധാരണക്കാരന്‍െറ ഭാഷയില്‍ കോടതി വ്യവഹാരങ്ങള്‍ നടത്തണമെന്ന് ഔദ്യാഗിക ഭാഷ ഉന്നതതല സമിതി അംഗവും എഴുത്തുകാരനുമായ കെ.എല്‍. മോഹനവര്‍മ. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഭരണഭാഷ വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി ജില്ല ഭരണകൂടം സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതിയില്‍ എന്ത് നടക്കുന്നുവെന്ന് സാധാരണക്കാര്‍ക്ക് അറിയുന്നില്ല. സാധാരണക്കാരന്‍െറ ഭാഷ ഇന്നും കോടതിക്ക് പുറത്തുതന്നെയാണ്. അതത് പ്രദേശത്തിന്‍െറ ഭാഷ കൂടി ഉള്‍പ്പെട്ടതായിരിക്കണം ഭരണഭാഷ. പൊതുജനങ്ങളുമായി സംസാരിക്കാന്‍ സര്‍ക്കാര്‍ സാധാരണക്കാരന്‍െറ ഭാഷതന്നെ ഉപയോഗിക്കണം. അതിര്‍ത്തി പ്രദേശമായ കാസര്‍കോട്ട് നീതി ഉറപ്പാക്കാന്‍ കന്നടക്കാര്‍ക്ക് കൂടി പരിഗണന നല്‍കണമെന്നും മോഹനവര്‍മ അഭിപ്രായപ്പെട്ടു. മാതൃഭാഷയാണ് ഏറ്റവും ശക്തമായ ഭാഷ. അതുകൊണ്ടുതന്നെ മാതൃഭാഷയെ പുഷ്ടിപ്പെടുത്തണമെന്ന് എഴുത്തുകാരന്‍ കല്‍പറ്റ നാരായണന്‍ പറഞ്ഞു. കാസര്‍കോടിന്‍െറ വൈവിധ്യം നിലനിര്‍ത്തി ഭരണഭാഷ നടപ്പാക്കണമെന്നും ഇംഗ്ളീഷ് മിശ്രിത പത്രഭാഷകള്‍ ഭാഷയുടെ തനത് സംസ്കാരത്തെ ഇല്ലാതാക്കുന്നുവെന്നും ഡോ. എ.എം. ശ്രീധരന്‍ അഭിപ്രായപ്പെട്ടു.എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എസ്. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നാരായണന്‍ പേരിയ, വി.വി. പ്രഭാകരന്‍, പത്മനാഭന്‍ ബ്ളാത്തൂര്‍, എ.എസ്. മുഹമ്മദ്കുഞ്ഞി എന്നിവര്‍ പങ്കെടുത്തു. ജില്ല കലക്ടര്‍ പി. എസ്. മുഹമ്മദ് സഗീര്‍ സ്വാഗതവും എ.ഡി.എം എച്ച്. ദിനേശന്‍ നന്ദിയും പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുവേണ്ടി നടത്തിയ പ്രശ്നോത്തരി മത്സരത്തിലും ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടത്തിയ കവിതാരചന മത്സരത്തിലും വിജയികളായവര്‍ക്ക് കെ.എല്‍. മോഹനവര്‍മ കാഷ് അവാര്‍ഡ് വിതരണം ചെയ്തു. പി. സേതുലക്ഷ്മി കുമാരനാശാന്‍െറ കവിത ആലപിച്ചു.
മാധ്യമം
കോടതിയില്‍ എന്ത് നടക്കുന്നുവെന്ന് സാധാരണക്കാര്‍ക്ക് അറിയുന്നില്ല. സാധാരണക്കാരന്‍െറ ഭാഷ ഇന്നും കോടതിക്ക് പുറത്തുതന്നെയാണ്. അതത് പ്രദേശത്തിന്‍െറ ഭാഷ കൂടി ഉള്‍പ്പെട്ടതായിരിക്കണം ഭരണഭാഷ. പൊതുജനങ്ങളുമായി സംസാരിക്കാന്‍ സര്‍ക്കാര്‍ സാധാരണക്കാരന്‍െറ ഭാഷതന്നെ ഉപയോഗിക്കണം. അതിര്‍ത്തി പ്രദേശമായ കാസര്‍കോട്ട് നീതി ഉറപ്പാക്കാന്‍ കന്നടക്കാര്‍ക്ക് കൂടി പരിഗണന നല്‍കണമെന്നും മോഹനവര്‍മ അഭിപ്രായപ്പെട്ടു. മാതൃഭാഷയാണ് ഏറ്റവും ശക്തമായ ഭാഷ. അതുകൊണ്ടുതന്നെ മാതൃഭാഷയെ പുഷ്ടിപ്പെടുത്തണമെന്ന് എഴുത്തുകാരന്‍ കല്‍പറ്റ നാരായണന്‍ പറഞ്ഞു. കാസര്‍കോടിന്‍െറ വൈവിധ്യം നിലനിര്‍ത്തി ഭരണഭാഷ നടപ്പാക്കണമെന്നും ഇംഗ്ളീഷ് മിശ്രിത പത്രഭാഷകള്‍ ഭാഷയുടെ തനത് സംസ്കാരത്തെ ഇല്ലാതാക്കുന്നുവെന്നും ഡോ. എ.എം. ശ്രീധരന്‍ അഭിപ്രായപ്പെട്ടു.എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എസ്. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നാരായണന്‍ പേരിയ, വി.വി. പ്രഭാകരന്‍, പത്മനാഭന്‍ ബ്ളാത്തൂര്‍, എ.എസ്. മുഹമ്മദ്കുഞ്ഞി എന്നിവര്‍ പങ്കെടുത്തു. ജില്ല കലക്ടര്‍ പി. എസ്. മുഹമ്മദ് സഗീര്‍ സ്വാഗതവും എ.ഡി.എം എച്ച്. ദിനേശന്‍ നന്ദിയും പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുവേണ്ടി നടത്തിയ പ്രശ്നോത്തരി മത്സരത്തിലും ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടത്തിയ കവിതാരചന മത്സരത്തിലും വിജയികളായവര്‍ക്ക് കെ.എല്‍. മോഹനവര്‍മ കാഷ് അവാര്‍ഡ് വിതരണം ചെയ്തു. പി. സേതുലക്ഷ്മി കുമാരനാശാന്‍െറ കവിത ആലപിച്ചു.
മാധ്യമം
2013, മേയ് 18, ശനിയാഴ്‌ച
2013, മേയ് 15, ബുധനാഴ്‌ച
സൗദിയിലെ നിതാഖാതും മലയാള സര്‍വകലാശാലയും - സുബൈര്‍ അരിക്കുളം
സൗദി അറേബ്യയിലെ നിതാഖാത് നമ്മുടെ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കാലയളവില്‍ തന്നെയാണ് 13-ാം കേരള നിയമസഭയുടെ 8-ാം സമ്മേളനത്തില്‍ മലയാള സര്‍വകലാശാലാ ബില്‍ ഒമ്പത് മണിക്കൂറിലധികം ചര്‍ച്ചയായത്. എന്താണ് സൗദിയിലെ നിതാഖാതും കേരളത്തിലെ സര്‍വകലാശാലാ ബില്ലും തമ്മിലുള്ള ബന്ധം. നിതാഖാത് എന്നാല്‍ സൗദിയിലെ പൗരന്മാരുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ തൊഴില്‍ സ്ഥാപനങ്ങളെ വെള്ള, പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ തരംതിരിക്കലാണ്. കുറഞ്ഞ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ ചുവപ്പില്‍പെടും. ചുവപ്പില്‍ പെട്ടാല്‍ പത്തില്‍ ഒരു തൊഴിലാളി സൗദി പൗരനാകണം എന്നാണ് ഭരണകൂട വ്യവസ്ഥ. ഈ ഗണത്തില്‍പെടുന്ന 3,40,000 (മൂന്നു ലക്ഷത്തി നാല്‍പതിനായിരം) ത്തോളം സ്ഥാപനങ്ങളുണ്ട് സൗദിയില്‍. ഇതിലധികവും മലയാളികളുടെ ബിനാമി ഇടപാടുകളാണ്. 1000 റിയാലിന് ഏഷ്യക്കാരനെ വെക്കുന്നിടത്ത് ഏറ്റവും കുറഞ്ഞത് 3000 റിയാല്‍ നല്‍കണം ഒരു സൗദി പൗരന്. ഇങ്ങനെ വരുമ്പോള്‍ തൊഴിലാളി-മുതലാളി വ്യത്യാസമില്ലാതെ ലക്ഷംപേര്‍ നമ്മുടെ നാട്ടിലേക്ക് സൗദിയില്‍ നിന്നും തിരിച്ചെത്തും.
സൗദി അറേബ്യയില്‍ മാത്രമല്ല; ഒമാനും, ഖത്തറും, കുവൈറ്റും യു എ ഇ യും എല്ലാം സ്വദേശിവത്ക്കരണത്തിന്റെ പാതയില്‍ തന്നെ. ലിബിയക്കും ഈജിപ്തിനും, ടുണീഷ്യക്കും ശേഷം ബഹിറൈനിലും തൊഴിലിനും ഭരണപങ്കാളിത്തത്തിനുമായി അടിസ്ഥാന ജനവിഭാഗം കലാപവുമായി തെരുവിലിറങ്ങിയപ്പോള്‍ തന്നെ ഗള്‍ഫ് രാജ്യങ്ങള്‍ പരിഷ്‌ക്കരണത്തിന് തുടക്കം കുറിച്ചിരുന്നു. സൗദിയിലാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റമുള്ളത്. ബിരുദധാരികളും തൊഴിലിനായി കാത്തുനില്‍ക്കുന്നവരും ദിനം പ്രതി പെരുകുന്ന സൗദിയില്‍ തൊഴിലില്ലായ്മ 12.1% ആണ്. മറ്റിടങ്ങളിലും നില വ്യത്യസ്തമല്ല. അഥവാ ഭാവിയില്‍ നാം നമ്മുടെ പ്രദേശത്തു തന്നെ തൊഴിലും കൂലിയും കണ്ടെത്തികൊള്ളണമെന്നു സാരം.
ഈ സാഹചര്യത്തിലാണ് ഏപ്രില്‍ എട്ടിന് മലയാള സര്‍വകലാശാലയെക്കുറിച്ച് നിയമസഭയില്‍ നടന്ന ചര്‍ച്ചകള്‍ പ്രസക്തമാകുന്നത്. കേരളത്തിന്റെ സാശ്രയത്വത്തിലൂന്നിയ വികസനം മലയാള സര്‍വകലാശാലയിലൂടെ സാദ്ധ്യമാകണമെന്നാണ് സാമാജികര്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ വാദിച്ചത്. കേവലം മലയാള ഭാഷയും സാഹിത്യവും മാത്രം പഠിപ്പിക്കുന്ന ഒരു സര്‍വകലാശാല എന്ന നിലയ്ക്കല്ല മറിച്ച് വികസിക്കുകയും വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ മാതൃകയില്‍ സ്വന്തം ഭാഷയില്‍ ശാസ്ത്രവും സാമൂഹ്യശാസ്ത്രവും പഠിപ്പിക്കുന്ന ഒരു സര്‍വ്വകലാശാല എന്ന സ്വപ്‌നമാണ് അവര്‍ പങ്കു വെച്ചത്. ഒരു ഭാഷാ സര്‍വകലാശാല എന്ന നിലയില്‍ ഹീബ്രു സര്‍വകലാശാലയെ മാതൃകയാക്കുന്നത് ഉചിതമായിരിക്കുമെന്നും വാദമുയര്‍ന്നു.
റേച്ചല്‍ കോറിയെന്ന പത്രപ്രവര്‍ത്തകയെ ബുള്‍ഡോസര്‍കൊണ്ട് ചതച്ചരച്ച് കൊന്നതും ആയിരക്കണക്കിന് പാലസ്തീന്‍ സഹോദരങ്ങളെ അരിഞ്ഞ് തള്ളുന്നതുമായ ഇസ്രയേലിന്റെ നയനിലപാടുകളോട് നാം വിയോജിക്കുമ്പോഴും ഒരു ജനതയെ മുന്നോട്ടു നയിക്കുന്നതില്‍ ഹീബ്രു സര്‍വകലാശാല വഹിച്ച പങ്കിനെ നമുക്ക് ചെറുതാക്കി കാണാന്‍ കഴിയില്ല. വിവിധ ഭൂഖണ്ഡങ്ങളിലായി ചിതറിയ ജൂതന്‍മാര്‍ മെല്ലെ മെല്ലെ ഒരുമിച്ചു കൂടിത്തുടങ്ങിയത് 19 -ാം നൂറ്റാണ്ടിലാണ്. 1918 ല്‍ അവര്‍ എല്ലാവിഷയങ്ങളും ഹീബ്രുവില്‍ പഠിപ്പിക്കുന്ന സര്‍വകലാശാല സ്ഥാപിച്ചു. പിന്നീട് തികഞ്ഞ ആസൂത്രണത്തോടെ ഒച്ചിഴയും വേഗത്തില്‍ മാത്രമാണവര്‍ മുന്നോട്ട് നീങ്ങിയത്. ആദ്യ കോഴ്‌സുകള്‍ ആരംഭിക്കുന്നത് 1925ല്‍. 1928 ല്‍ ഗണിതശാസ്ത്രം, 1932 ല്‍ സസ്യശാസ്ത്രം, 1939 ല്‍ മെഡിസിന്‍, 1942 ല്‍ കൃഷിശാസ്ത്രം, 1953 ല്‍ സാമ്പത്തികശാസ്ത്രം തുടങ്ങി 1999 ല്‍ കമ്പ്യൂട്ടര്‍ സയന്‍സും ആരംഭിച്ചതോടെ ഹിബ്രുസര്‍വകലാശാലയില്‍ ഇല്ലാത്ത പഠനവിഷയങ്ങളില്ലെന്നായി. എല്ലാം പഠിപ്പിക്കുന്നത് സ്വന്തം ഭാഷയില്‍. 2000 ന് ശേഷം ശാസ്ത്രവും സാമ്പത്തികശാസ്ത്രവുമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ 8 നൊബേല്‍സമ്മാനജേതാക്കളെ അവര്‍ ഈ സര്‍വകലാശാലയില്‍ നിന്നും സൃഷ്ടിച്ചു. സ്വപ്‌നം കാണുന്ന ചിന്തിക്കുന്ന ഭാഷയില്‍ തന്നെ പഠിച്ച് ലോകത്തിനാകെ ഗുണകരമാകുന്ന കണ്ടുപിടിത്തങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞര്‍ ഇംഗ്ലീഷിലുടെ അല്ലാത്ത ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കുവാന്‍ കഴിയാത്ത മലയാളികള്‍ക്ക് അത്ഭുതമായിരിക്കാം.പക്ഷേ ലോക വിപണി പിടിച്ചടക്കിയ ചൈനയും തായ്‌വാനും കൊറിയയും ജപ്പാനുമെല്ലാം അവരുടെ ഉന്നത വിദ്യാഭ്യാസമേഖല മാത്യഭാഷയിലായതിന്റെ ഗുണഫലം ഇപ്പോള്‍ അനുഭവിക്കുകയാണ്.
യൂറോപ്പിലേയും അമേരിക്കയിലേയും പരിഗണനകളാവരുത് നമ്മുടെ മുന്‍ഗണനകള്‍. മുന്‍ഗണനകള്‍ പ്രാദേശികമായി രൂപപ്പെടണമെങ്കില്‍ മാതൃഭാഷയില്‍ പഠനം നടക്കണം. തേങ്ങയ്ക്ക് രണ്ടോ മുന്നോ വാക്കുകളേ ഇംഗ്ലീഷില്‍ കാണൂ. നമ്മുടെ വന്നിങ്ങയും ഉണ്ടയും, കൊട്ടത്തേങ്ങയും എല്ലാം അവര്‍ക്ക് 'കോക്കനട്ട് മാത്രം'. പൊങ്ങിന്റെ നിറവും രുചിയും അവര്‍ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല.
യൂറോപ്പില്‍ നിന്നുല്‍ഭവിച്ച ഇംഗ്ലീഷിലുള്ള കൃഷി ശാസ്ത്രത്തില്‍ പൊങ്ങിനെക്കുറിച്ചോ ചക്കച്ചേണിയില്‍ നിന്നോ ചക്കക്കുരുവില്‍ നിന്നോ ഉല്‍പന്നം ഉണ്ടാക്കുന്നതിനെക്കുറിച്ചോ വിവരണങ്ങള്‍ ഉണ്ടാകുകയുമില്ല. കത്തുന്ന വേനലിനെ ഊര്‍ജമാക്കി മാറ്റുന്നതിനെക്കുറിച്ച് എങ്ങനെയാണ് ശൈത്യമേഖലയില്‍ താമസിക്കുന്ന യൂറോപ്യന് ആലോചിക്കാന്‍ കഴിയുക. ഇത്തരം സങ്കേതങ്ങളിലൂടെ സ്വാശ്രയത്വത്തിലൂന്നിയ വികസനവും നിതാഖാതിനെ പേടിക്കാതെയുള്ള സാമ്പത്തിക സുസ്ഥിരതയും നമുക്ക് നേടണം. ധൃതിയില്‍ കാര്യങ്ങള്‍ തീരുമാനിക്കാതെ ദീര്‍ഘകാല ആസൂത്രണത്തിലൂടെ ദശകങ്ങള്‍ കൊണ്ട് നേടിയെടുക്കാവുന്ന നേട്ടം. അങ്ങനെ അന്നം നേടിത്തരുന്ന, വിജയം നേടിത്തരുന്ന, ജീവിതം നേടിത്തരുന്ന മലയാളത്തെ നാം സൃഷ്ടിക്കുന്നില്ലെങ്കില്‍ നമുക്കെന്നും അഭയാര്‍ത്ഥികളായി കഴിയേണ്ടിവരും.
കഴിഞ്ഞ ദിവസം പി എസ് സി ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടും നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരായി പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ മിക്കവരും സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാത്തവരാണെന്നാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. ചെറുപ്പം മുതല്‍ പണം മുടക്കി ഇംഗ്ലീഷ് മാധ്യമ വിദ്യാലയങ്ങളില്‍ മാതൃഭാഷയെ തിരിഞ്ഞു നോക്കാതെ, ചുറ്റുപാടിനെക്കുറിച്ചറിയാതെ ചെറുതിനെ ചൂണ്ടയില്‍ കോര്‍ത്തിട്ട് വലുതിനെ പിടിക്കാന്‍ വെമ്പുന്നവരാക്കി അവരെ വളര്‍ത്തിയത് നമ്മളൊക്കെത്തന്നെയല്ലേ.
സമൂഹത്തിന്റെ താഴെതട്ടിലുള്ളവര്‍ ഡോക്ടര്‍മാരാകാന്‍ ഇല്ല എന്ന വസ്തുതയും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളില്‍ (ഉദാ. ബംഗാള്‍, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്) അവരുടെ സ്വന്തം ഭാഷയില്‍ പ്രവേശന പരീക്ഷ എഴുതാം. എന്നാല്‍ കേരളത്തില്‍ അതിനു സാധ്യമല്ല. ഇവിടെ ബുദ്ധിയും വൈദഗ്ധ്യവുമല്ല പ്രധാനം. ഇംഗ്ലീഷ് ഭാഷാ പഠനം എന്ന മസ്തിഷക യജ്ഞത്തില്‍ വിജയിക്കുന്നുണ്ടോ എന്നതു മാത്രം.
വാല്‍ക്കഷണം: പ്രീഡിഗ്രിക്ക് ഇംഗ്ലീഷില്‍ തോറ്റുപോയതു കൊണ്ടുമാത്രം തന്റെ കായിക ജീവിതം അവസാനിപ്പിക്കേണ്ടി വരികയും പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്ത 100 മീറ്റര്‍ ഓട്ടത്തില്‍ കേമനായിരുന്ന രവീന്ദ്രനെ പോലുള്ളവര്‍ക്ക് പഠിക്കാനാണെങ്കിലും മലയാള സര്‍വ്വകലാശാല ഉപകരിക്കുമെങ്കില്‍ നിരവധി കായിക താരങ്ങള്‍ ഉയര്‍ന്നു വരുന്നതെങ്കിലും സ്വപ്‌നം കണ്ടുകൊണ്ട് ഈ ആലോചന അവസാനിപ്പിക്കട്ടെ.
(ലേഖകന്‍ ഐക്യമലയാള പ്രസ്ഥാനത്തിന്റെ ചെയര്‍മാനാണ്)
സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ മലയാളം ഒഴിവാക്കാനാകില്ലെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: സി.ബി.എസ്.സി. സ്‌കൂളുകളില്‍ മലയാളം ഒഴിവാക്കാനാവില്ലെന്ന് കേരളം സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്‌തമാക്കി. പുതിയ സി.ബി.എസ്.സി സ്‌കൂളുകള്‍ക്കുള്ള മാര്‍ഗരേഖ റദ്ദു ചെയ്‌ത െഹെക്കോടതി വിധി ചോദ്യം ചെയ്‌തു സംസ്‌ഥാനം സമര്‍പ്പിച്ച പ്രത്യേകാനുമതി ഹര്‍ജിയിലാണ് ഇക്കാര്യമറിയിച്ചിരിക്കുന്നത്.
സി.ബി.എസ്.സി സ്‌കൂളുകള്‍ തുടങ്ങാന്‍ മൂന്ന് ഏക്കര്‍ ഭൂമി, 300 കുട്ടികള്‍, മലയാളഭാഷ, യു.ഐ.ഡി നമ്പര്‍ തുടങ്ങിയവ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ മാര്‍ഗരേഖയാണ് െഹെക്കോടതി സ്‌റ്റേ ചെയ്‌തത്. നവോദയാ സ്‌കൂളുകളില്‍നിന്നും മറ്റും വരുന്ന കുട്ടികള്‍ക്ക് മലയാളഭാഷ നിര്‍ബന്ധമാക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മാര്‍ഗരേഖയെ എതിര്‍ത്ത സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മറ്റു സംസ്‌ഥാനങ്ങള്‍ മാതൃഭാഷ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും കേരളത്തിനു മാറി നില്‍ക്കാനാവില്ലെന്നും സ്‌റ്റാന്‍ഡിംഗ് കോണ്‍സല്‍ ജോജി സ്‌കറിയ മുഖേനെ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
മംഗളം
സി.ബി.എസ്.സി സ്‌കൂളുകള്‍ തുടങ്ങാന്‍ മൂന്ന് ഏക്കര്‍ ഭൂമി, 300 കുട്ടികള്‍, മലയാളഭാഷ, യു.ഐ.ഡി നമ്പര്‍ തുടങ്ങിയവ നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ മാര്‍ഗരേഖയാണ് െഹെക്കോടതി സ്‌റ്റേ ചെയ്‌തത്. നവോദയാ സ്‌കൂളുകളില്‍നിന്നും മറ്റും വരുന്ന കുട്ടികള്‍ക്ക് മലയാളഭാഷ നിര്‍ബന്ധമാക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മാര്‍ഗരേഖയെ എതിര്‍ത്ത സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മറ്റു സംസ്‌ഥാനങ്ങള്‍ മാതൃഭാഷ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും കേരളത്തിനു മാറി നില്‍ക്കാനാവില്ലെന്നും സ്‌റ്റാന്‍ഡിംഗ് കോണ്‍സല്‍ ജോജി സ്‌കറിയ മുഖേനെ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
മംഗളം
സിവില്‍ സര്‍വീസില്‍ മലയാളത്തിന്റെ ‘ഹരിത ശ്രീ’
തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തിന് അഭിമാനനേട്ടം; ആദ്യ നാല് റാങ്കുകളില്‍ മൂന്നും മലയാളികള്‍ക്ക്. തിരുവനന്തപുരം തൈക്കാട് സംഗീത് നഗര്‍ സായ്സിന്ദൂരത്തില്‍ ഹരിത വി. കുമാറിനാണ് ഒന്നാം റാങ്ക്. 22 വര്‍ഷത്തിനുശേഷമാണ് ഒരു മലയാളി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാമതെത്തുന്നത്. എറണാകുളം എസ്.എ റോഡ് രാമസ്വാമികോളനി 28/1031 കൃഷ്ണാലയത്തില്‍ ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ രണ്ടും എറണാകുളം അഞ്ചല്‍പ്പെട്ടി കുപ്പമലയില്‍ ആല്‍ബി ജോണ്‍ വര്‍ഗീസ് നാലും റാങ്കുകള്‍ നേടി. ആദ്യത്തെ 918 റാങ്കുകളില്‍ 34 മലയാളികളാണ് ഇടം നേടിയത്.
വിജയകുമാര്‍-ചിത്ര ദമ്പതികളുടെ മകളായ ഹരിത നാലാംതവണയാണ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. എന്‍ജിനീയറിങ് ബിരുദധാരിയാണ്. രണ്ടാംതവണ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 179ാം റാങ്ക് നേടിയിരുന്നു. ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ പ്രവേശം ലഭിച്ച ഹരിത പരിശീലനത്തിന്‍െറ ഭാഗമായി ഫരീദാബാദിലാണിപ്പോള്‍. ഒന്നാംറാങ്ക് ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഹരിത പറഞ്ഞു. 22 വര്‍ഷം മുമ്പ് രാജുനാരായണസ്വാമിയാണ് അവസാനമായി ഒന്നാംറാങ്ക് നേടിയ മലയാളി. സര്‍ക്കാര്‍ വിദ്യാലയങ്ങളിലുള്‍പ്പെടെ സ്റ്റേറ്റ് സിലബസില്‍ പഠിച്ചാണ് ഹരിത ഒന്നാംറാങ്ക് സ്വന്തമാക്കിയതെന്നതും നേട്ടത്തിന്‍െറ മധുരം കൂട്ടുന്നു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏഴാം റാങ്കും കരസ്ഥമാക്കിയിരുന്നു. എം.ബി.ബി.എസ് ബിരുദധാരിയാണ് രണ്ടാംറാങ്ക് നേടിയ ശ്രീറാം വെങ്കിട്ടരാമന്‍. കോച്ചിങ് ക്ളാസിലൊന്നും പോകാതെയാണ് ആല്‍ബി ജോണ്‍ വര്‍ഗീസ് നാലാംറാങ്ക് കരസ്ഥമാക്കിയത്.
തിരുവനന്തപുരം ഗൗരീശപട്ടം ജി.ആര്‍.എ-158 രേഖലയില്‍ അവിനാഷ് മേനോന്‍ രാജേന്ദ്രന്‍ (30ാം റാങ്ക്), തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സുദര്‍ശനത്തില്‍ ഗായത്രി കൃഷ്ണന്‍ ഭവാനി (37) കവടിയാര്‍ ശ്രീകൃഷ്ണലെയ്ന്‍ ലക്ഷ്മീവരത്തില്‍ എസ്. വിനീത് (56), വട്ടിയൂര്‍ക്കാവ് കുതിരക്കാട് ലെയ്ന്‍ അല്‍മോലില്‍ കെ. മഞ്ജുലക്ഷ്മി (63), തൃശൂര്‍ പണിക്കാശ്ശേരി ഹൗസില്‍ ശ്രേയ പി. സിങ് (86), പത്തനംതിട്ട കോയിപ്പുറം നെല്ലിക്കല്‍ പനപ്പട്ടില്‍ ഹൗസില്‍ പി. ഹരിശങ്കര്‍ (116), തൃശൂര്‍ പൊന്‍കുന്നം ശ്രീമുരുകനഗര്‍ ശ്രീമൂലത്തില്‍ വാസുദേവ് രവി (134), തിരുവനന്തപുരം വഴുതക്കാട് പ്രതിഭയില്‍ വി. അശ്വതി (141), കൊല്ലം സ്വരസുധയില്‍ ജി. ജയ്ദേവ് (158), തിരുവനന്തപുരം കുടപ്പനക്കുന്ന് ജാനസില്‍ അനുപമ ജയിംസ് (159), എറണാകുളം വൈപ്പിന്‍ കലങ്കത്ത് ഹൗസില്‍ മയൂരി വാസു (216), എറണാകുളം എസ്.ആര്‍.എം റോഡ് പുല്ലുക്കാട്ടില്‍ പി.ജി. ഗായത്രി (449), തിരുവനന്തപുരം തച്ചങ്കോണം ശൈലത്തില്‍ എസ്.എസ്. ശ്രീജു (489), മലപ്പുറം തേഞ്ഞിപ്പലം ചീരക്കുന്നത്ത് സി. അനീസ് (525), കോട്ടയം രാമപുരംബാസാര്‍ പട്ടാണിയില്‍ഹൗസില്‍ ജോര്‍ജി ജോര്‍ജ് (548), പത്തനംതിട്ട ആറന്മുള അമ്പാടിയില്‍ സുരേഖ് രഘുനാഥന്‍ (614), ആലപ്പുഴ കുട്ടനാട് ഇല്ലിക്കലില്‍ അജയ്ജോയ് (629), ഇടുക്കി കട്ടപ്പന തെന്നിപ്പാറയില്‍ ജോയ്സ് ഫിലിപ്പ് (631), എറണാകുളം പുത്തന്‍വേലിക്കര കൂട്ടളഹൗസില്‍ കെ. ജോബിതോമസ് (634), തിരുവനന്തപുരം പുളിമാത്ത് രാജിഭവനില്‍ എന്‍.എസ്. രാജി (727), തിരുവനന്തപുരം നാലാഞ്ചിറ പനവിള ഹൗസിങ് ബോര്‍ഡില്‍ എം.എസ്. ലക്ഷ്മിപ്രിയ (743), തിരുവല്ല ശ്രീഹര്‍ഷത്തില്‍ ഹ്രുദീപ് പി. ജനാര്‍ദനന്‍ (751), എറണാകുളം മീരാഭവനില്‍ മീരാ വിജയരാജ് (796), തിരുവനന്തപുരം തളിയില്‍ ടി.സി. 50/995 ല്‍ കെ. വിശാഖ് (869), പേരൂര്‍ക്കട മേനോന്‍സ് ലെയ്നില്‍ സ്റ്റെഫി സോഫി (918) എന്നിവരാണ് റാങ്കുകള്‍ നേടിയ മറ്റുള്ളവര്‍. ഒന്നാംറാങ്ക് നേടിയ ഹരിതയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ചു.
2012 ഒക്ടോബറില്‍ നടന്ന പ്രധാന പരീക്ഷയുടെയും 2013 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തില്‍ 998 പേരെ സിവില്‍ സര്‍വീസിലേക്ക് തെരഞ്ഞെടുത്തതായി യൂനിയന്‍ പബ്ളിക് സര്‍വീസ് കമീഷന്‍െറ (യു.പി.എസ്.സി) വെബ്സൈറ്റില്‍ പറയുന്നു.
ജനറല്‍ 457, ഒ.ബി.സി 295, പട്ടിക ജാതി 169, പട്ടിക വര്‍ഗം 77 എന്നിങ്ങനെയാണ് ഇവരുടെ കണക്ക്. 92 പേര്‍ പ്രൊവിഷനല്‍ ലിസ്റ്റിലുണ്ട്. മൂന്നു പേരുടെ ഫലം തടഞ്ഞുവെച്ചു. 1091 ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റാങ്ക് അനുസരിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റിവ് സര്‍വീസ് (ഐ.എ.എസ്), ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐ.എഫ്.എസ്), ഇന്ത്യന്‍ പൊലീസ് സര്‍വീസ് (ഐ.പി.എസ്) തുടങ്ങിയവയില്‍ നിയമനം ലഭിക്കും.
2013, മേയ് 6, തിങ്കളാഴ്‌ച
ഡോക്ടര്‍മാരുടെ രോഗം - പി. പവിത്രന്‍
ഹിപ്പോക്രാറ്റസിന്റെ പ്രതിജ്ഞ ഹിപ്പോക്രസിയാകാതിരിക്കണമെങ്കില്‍
ആ മൂല്യങ്ങള്‍ സൗന്ദര്യാത്മകതലത്തില്‍ വിദ്യാര്‍ഥിയിലേക്ക് വിനിമയം ചെയ്യപ്പെടണം
ആ മൂല്യങ്ങള്‍ സൗന്ദര്യാത്മകതലത്തില്‍ വിദ്യാര്‍ഥിയിലേക്ക് വിനിമയം ചെയ്യപ്പെടണം
''തുല്യയോഗ്യതയുള്ള രണ്ട് ഡോക്ടര്‍മാരില്‍ ആരുടെ ഉപദേശമാണ് സ്വീകരിക്കേണ്ടത് എന്ന പ്രശ്‌നംവരുമ്പോള്‍ ഞാന്‍ അതില്‍ ചെക്കോവിനെ വായിച്ചയാളുടേതാണ് സ്വീകരിക്കുക'' - സൈമണ്‍ ലീസ്
ഇക്കഴിഞ്ഞ, അസിസ്റ്റന്റ് സര്‍ജന്‍മാരെ തിരഞ്ഞെടുക്കാനുള്ള അഭിമുഖത്തില്‍ പങ്കെടുത്തവര്‍ക്ക് സാമാന്യവിജ്ഞാനമില്ലെന്ന്കാണിച്ച് പി.എസ്.സി. ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ട് ശ്രദ്ധേയമായ ചില വസ്തുതകളിലേക്ക് വിരല്‍ചൂണ്ടുന്നു. അടിയന്തരമായ ചില നടപടികളും അത് ആവശ്യപ്പെടുന്നു.
മുമ്പ് ഭൂത, പ്രേത, പിശാചുക്കളാണ് അന്ധവിശ്വാസങ്ങളായിരുന്നതെങ്കില്‍ ഇപ്പോള്‍ മധ്യവര്‍ഗത്തെയും ഉപരിവര്‍ഗത്തെയും ബാധിച്ചിരിക്കുന്ന അന്ധവിശ്വാസമാണ് മെഡിക്കല്‍, എന്‍ജിനീയറിങ് കോഴ്‌സുകള്‍. വിദ്യാര്‍ഥിയുടെ താത്പര്യമേതും നോക്കാതെയാണ് ഈ കോഴ്‌സുകളിലേക്ക് രക്ഷിതാക്കള്‍ മക്കളെ തള്ളിവിടുന്നത്. സാധാരണ മലയാളിയേക്കാള്‍ സാമൂഹികബോധത്തില്‍ വളരെ താഴെയാണ് ഈ കോഴ്‌സുകളില്‍നിന്ന് പുറത്തുവരുന്നവര്‍ എന്നാണ് ചെയര്‍മാന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പൊതുവിജ്ഞാന പരീക്ഷ നടത്തിയാല്‍മാത്രം ഈ കുറവ് പരിഹരിക്കാന്‍ കഴിയുമോ?
നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ അടിസ്ഥാനപരമായ കുറവുകളെ ഇത് എടുത്തുകാട്ടുന്നു. മാതൃഭാഷയില്‍ എഴുതാനോ വായിക്കാനോ അറിയാത്ത ആളുകളെയാണ് ഇംഗ്ലീഷ് മാധ്യമ വിദ്യാലയങ്ങളില്‍ പലതും പുറത്തുവിടുന്നത്. മലയാളത്തില്‍ ഒരു പത്രമോ പുസ്തകമോ വായിക്കാന്‍ കഴിയാത്ത ബിരുദധാരിക്ക് എങ്ങനെ കേരളത്തിലെ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ വ്യക്തമാകും? ഏതൊരു തൊഴിലിനേക്കാളും ഭാഷ പ്രധാനമാകുന്ന മേഖലയാണ് വൈദ്യത്തിന്റേത്. രോഗിയുടെ ഭാഷ ഡോക്ടര്‍ അറിയുന്നില്ലെങ്കില്‍ ചികിത്സ തെറ്റുമെന്നുമാത്രമല്ല, അപകടവും വരുത്തിവെക്കും. 'ഓക്കാനം' എന്ന വാക്കിന്റെ അര്‍ഥമറിയാത്ത ഡോക്ടര്‍ അത് വയറുവേദനയാണെന്ന് ധരിച്ച് മരുന്ന് എഴുതിക്കൊടുത്തതുകൊണ്ട് അനേകം സ്ത്രീകളുടെ ഗര്‍ഭം അലസിയതായി ഐക്യമലയാള പ്രസ്ഥാനത്തിന്റെ ഒരു പ്രവര്‍ത്തകന്‍ ഈയിടെ പ്രസംഗിക്കുന്നത് കേട്ടിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസംതന്നെ മാതൃഭാഷയിലാക്കണമെന്നാണ് പല വിദഗ്ധരും വാദിക്കുന്നത്. എട്ടാംതരംവരെയെങ്കിലും മാതൃഭാഷയായിരിക്കണം വിദ്യാഭ്യാസമാധ്യമം എന്ന് ഈയിടെ അംഗീകരിച്ച വിദ്യാഭ്യാസ അവകാശനിയമം പറയുന്നുണ്ട്. പക്ഷേ, അതൊന്നും സര്‍ക്കാറിന്റെ ശ്രദ്ധയില്‍ വന്നിട്ടില്ല.
വിദ്യാഭ്യാസമാധ്യമത്തെ സംബന്ധിച്ച കാര്യങ്ങള്‍പോലെത്തന്നെ പ്രധാനമാണ് സാഹിത്യമുള്‍പ്പെടെയുള്ള മാനവിക പഠനമേഖലയോട് കാണിക്കുന്ന അവഗണന. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ബിരുദപഠനത്തില്‍നിന്ന് സാഹിത്യപഠനം മിക്കവാറും ഒഴിവാക്കിയത്. സാഹിത്യ-സാംസ്‌കാരിക മേഖലയില്‍ നിന്ന് ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും സര്‍വകലാശാലയിലെ ബിരുദകോഴ്‌സുകളില്‍ ഇനിയും സാഹിത്യം തിരിച്ചുവന്നിട്ടില്ല. ഇത് സര്‍വകലാശാലയിലെ സാധാരണ കോഴ്‌സുകളുടെ സ്ഥിതി. പ്രൊഫഷണല്‍ വിദ്യാഭ്യാസമേഖലയിലാകട്ടെ, സാഹിത്യപഠനമേയില്ല. ഇംഗ്ലീഷ് മാധ്യമ വിദ്യാലയങ്ങളിലൂടെ മലയാളം എഴുതാനും വായിക്കാനും അറിയാതെ പുറത്തുവരുന്ന, ഒരു മലയാളസാഹിത്യകൃതി പോലും വായിച്ചിട്ടില്ലാത്ത വിദ്യാര്‍ഥിക്കുള്ള കുറവ് സാമാന്യവിജ്ഞാനത്തിന്റേത് മാത്രമല്ല, സൗന്ദര്യബോധത്തിന്റേതുകൂടിയാണ്.
സാഹിത്യബോധമുണ്ടാകാന്‍ സാഹിത്യം ഒരു കോഴ്‌സായി പഠിക്കണോ എന്ന് പലരും ചോദിക്കുന്നുണ്ട്. സാഹിത്യം ക്ലാസ്മുറിയിലിരുന്ന് പഠിക്കാതെയും സാഹിത്യബോധമുണ്ടാകാം എന്നത് ശരിതന്നെയാണ്. എന്നാല്‍, ഈ വാദം ശാസ്ത്രത്തിനും സാങ്കേതികവിദ്യക്കും കൂടി ബാധകമാണെന്നോര്‍ക്കണം. നൂറുകണക്കിന് ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ നടത്തിയ എഡിസണ്‍ ആറുമാസം തികച്ച് സ്‌കൂളില്‍ പോയിട്ടില്ല എന്ന ഉദാഹരണം ചൂണ്ടിക്കാട്ടി സ്‌കൂളുകളിലോ കോളേജുകളിലോ ശാസ്ത്രമേ പഠിപ്പിക്കേണ്ടതില്ലെന്ന് ആരും വാദിക്കാറില്ലല്ലോ.
സാഹിത്യത്തിനും കലയ്ക്കും വിദ്യാഭ്യാസത്തില്‍ എന്ത് പങ്കാണുള്ളത് എന്ന ചോദ്യത്തിന് ഏറ്റവും നല്ല വിശദീകരണം നല്‍കിയത് ജര്‍മന്‍കവിയും ചിന്തകനുമായിരുന്ന ഫ്രഡറിക് ഷില്ലറാണ്. സാഹിത്യവും കലയും നല്‍കുന്നത് സൗന്ദര്യാത്മക വിദ്യാഭ്യാസമാണെന്ന് മനുഷ്യന്റെ 'സൗന്ദര്യാത്മക വിദ്യാഭ്യാസത്തെ പ്പറ്റി' (1795) എന്ന കൃതിയില്‍ അദ്ദേഹം വാദിച്ചു. ബുദ്ധികൊണ്ട് മാത്രമല്ല, വികാരംകൊണ്ടുകൂടിയാണ് മനുഷ്യന്‍ ജീവിക്കുന്നതെന്നും വികാരമണ്ഡലത്തെ വികസിപ്പിക്കുന്നതും സമകാലികമാക്കുന്നതും സൗന്ദര്യാത്മക വിദ്യാഭ്യാസമാണെന്നും അദ്ദേഹം പറഞ്ഞു. ഭൗതികവസ്തുക്കളും ചരക്കുകളും മാത്രമല്ല, മനുഷ്യരെ ഒരു സമൂഹമാക്കി പരസ്പരം ബന്ധിപ്പിക്കുന്നത്. സൗന്ദര്യാത്മകമായ ഉത്പന്നങ്ങള്‍ കൊണ്ടുകൂടിയാണ് മനുഷ്യര്‍ പരസ്പരം ബന്ധിതരായിരിക്കുന്നത്. സാഹിതീയവും സൗന്ദര്യാത്മകവുമായ ഉത്പന്നങ്ങളാല്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ട മനുഷ്യരുടെ സമുദായത്തെ അദ്ദേഹം സൗന്ദര്യാത്മക സമുദായമെന്ന് വിളിച്ചു. സാമൂഹികബന്ധത്തിന്റെയും സാമൂഹിക വിനിമയത്തിന്റെയും ഉയര്‍ന്ന രൂപമാണത്. ഏറ്റവും പുതിയ സാങ്കേതികവിദ്യാഭ്യാസം കിട്ടുന്ന വിദ്യാര്‍ഥി വികാരംകൊണ്ട് ഏറ്റവും പ്രാകൃതനാണെങ്കില്‍ അവന് ശരിയായ വിദ്യാഭ്യാസംകിട്ടി എന്ന് പറയാനാവില്ല. ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ വീട്ടില്‍ കുമിഞ്ഞുകൂടുമ്പോഴും ഏറ്റവും പ്രാകൃതമായ സൗന്ദര്യബോധമാണ് ഒരാളെ നയിക്കുന്നതെങ്കില്‍ അയാളെ പുതിയകാലത്തെ മനുഷ്യനായി പരിഗണിക്കാന്‍ കഴിയില്ല.
ബൗദ്ധികവിദ്യാഭ്യാസം വിവരശേഖരത്തെ മാത്രമാണ് അടിസ്ഥാനമാക്കുന്നതെങ്കില്‍ സൗന്ദര്യാത്മകവിദ്യാഭ്യാസം വികാരമണ്ഡലത്തെയാണ് സംബോധനചെയ്യുന്നത്. ആ നിലയില്‍ അത് വൈകാരികവിദ്യാഭ്യാസംതന്നെ. പ്രകൃതിയോടും സമൂഹത്തോടും എതിര്‍ലിംഗത്തോടുമുള്ള പെരുമാറ്റത്തെയും വികാരപരമായ ബന്ധത്തെയും നവീകരിക്കുകയാണ് സൗന്ദര്യാത്മക വിദ്യാഭ്യാസത്തില്‍ സംഭവിക്കുന്നത്. ലൈംഗികവിദ്യാഭ്യാസം നല്‍കിയാല്‍ ആണ്‍-പെണ്‍ ബന്ധം മെച്ചപ്പെടുമെന്നും സ്ത്രീപീഡനം കുറയുമെന്നുമുള്ളത് തെറ്റിദ്ധാരണയാണ്. കാമത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ബുദ്ധിപരമായ അറിവല്ല,
കാമത്തെ പ്രേമമാക്കുന്ന സൗന്ദര്യാത്മകമായ വിദ്യാഭ്യാസമാണ് ഇണയോടുള്ള ബന്ധത്തെ നവീകരിക്കുന്നത്. കുമാരനാശാന്റെ കൃതികള്‍ ഒരു മലയാളി എന്തിന് പഠിക്കണം എന്നുള്ളതിന്റെ ഉത്തരം ഇവിടെയാണ്. യഥാര്‍ഥത്തില്‍ പത്താംതരംവരെ മാത്രമുള്ള ഭാഷാപഠനമല്ല, അതും കഴിഞ്ഞ് വികാരവളര്‍ച്ചയുടെ പ്രായത്തില്‍ ലഭിക്കുന്ന സൗന്ദര്യാത്മക വിദ്യാഭ്യാസമാണ് സ്ത്രീപീഡകനായിത്തീരുമായിരുന്ന ഒരു യുവാവിനെ പ്രേമവായ്പുള്ള കാമുകനാക്കി മാറ്റുന്നത്. ഇണയോടുള്ള ഏകപക്ഷീയമായ വികാരമാണ് കാമമെങ്കില്‍ ഇണയുടെ ആഗ്രഹപാത്രമായി താന്‍ മാറിത്തീരണം എന്നുള്ള വികാരംകൂടി ചേരുമ്പോഴാണ് അത് പ്രേമമാകുന്നത്. കോളേജ്ക്ലാസുകളിലും സാഹിത്യം നിര്‍ബന്ധ പഠനവിഷയമാക്കണമെന്ന് പലരും വാദിച്ചത് ഈ സൗന്ദര്യാത്മക വിദ്യാഭ്യാസത്തിന്റെ പ്രസക്തി മനസ്സിലാക്കുന്നതുകൊണ്ടാണ്.
ഭൗതികവിദ്യാഭ്യാസത്തിന്റെ കുറവ് പരിഹരിക്കാന്‍ ആത്മീയവിദ്യാഭ്യാസം മതി എന്ന് മതസംഘടനകളുടെയും ആത്മീയപ്രസ്ഥാനങ്ങളുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ അധികാരികള്‍ വിചാരിക്കുന്നുണ്ട്. എന്നാല്‍, മതപരമായ വിദ്യാഭ്യാസം സൗന്ദര്യാത്മക വിദ്യാഭ്യാസത്തിന് പകരമാകുന്നില്ല. മോശയുടെ പത്തുപ്രമാണങ്ങള്‍ അക്കമിട്ട് പഠിപ്പിക്കുന്ന ബൗദ്ധികവിദ്യാഭ്യാസത്തേക്കാള്‍ ഫലപ്രദമാണ് ക്രിസ്തു പറഞ്ഞുതന്ന കഥകള്‍ നല്‍കുന്ന വൈകാരികവിദ്യാഭ്യാസം. മതവിദ്യാഭ്യാസമാണ് മൂല്യവിദ്യാഭ്യാസമെന്നും തെറ്റിദ്ധാരണയുണ്ട്. മതവിദ്യാഭ്യാസത്തിലുള്‍ച്ചേര്‍ന്ന മാനുഷികമൂല്യങ്ങള്‍ ഏറ്റവും സമകാലികമാവുകയാണ് സാഹിത്യവിദ്യാഭ്യാസത്തിലൂടെ. ഏറ്റവും പുതിയ സാഹിത്യകൃതികള്‍ ഏറ്റവും പുതിയ ധാര്‍മികസമസ്യകളെയാണ് വിദ്യാര്‍ഥിക്ക് സൗന്ദര്യാനുഭവമായി നല്‍കുന്നത്. സാഹിത്യമെന്ന് ഇവിടെ ഉദ്ദേശിക്കുന്നത് വാമൊഴി, വരമൊഴി വ്യത്യാസമില്ലാതെ എല്ലാ സാഹിത്യരൂപങ്ങളും കലാസൃഷ്ടികളും ആധുനിക മാധ്യമസംസ്‌കാരവും മാനവികശാസ്ത്രങ്ങളുമെന്നാണ്. മൂല്യവിദ്യാഭ്യാസം മതവിദ്യാഭ്യാസമല്ല, സൗന്ദര്യാത്മക വിദ്യാഭ്യാസമാണ്. മുമ്പ് പണ്ഡിറ്റ് കെ.പി. കറുപ്പന്‍ പറഞ്ഞതുപോലെ ഭാഷയുടെയും സാഹിത്യത്തിന്റെയും ആരാധനാലയത്തിലേക്ക് എല്ലാവര്‍ക്കും പ്രവേശനമുണ്ട്. അത് എല്ലാവര്‍ക്കും പൊതുവായുള്ളതുമാണ്.
ഈ സൗന്ദര്യാത്മകവിദ്യാഭ്യാസം മെഡിക്കല്‍, എന്‍ജിനീയറിങ് കോഴ്‌സുകളിലുമുണ്ടായിരിക്കണം. 'ആരോഗ്യനികേതനം' എന്ന താരാശങ്കര്‍ ബാനര്‍ജിയുടെ നോവല്‍ എം.ബി.ബി.എസ്. കോഴ്‌സിന്റെ ഭാഗമാകണം. 'ഭൂമിയുടെ അവകാശികള്‍' എന്ന ബഷീറിന്റെ കഥ എന്‍ജിനീയറിങ് കോഴ്‌സിന്റെ കൂടെ പഠിപ്പിക്കണം. മനുഷ്യനോടും ഭൂമിയോടും ആരോഗ്യകരമായ ബന്ധം സൂക്ഷിക്കുന്ന ഡോക്ടറും എന്‍ജിനീയറും അതുവഴിയാണ് പുറത്തുവരിക. ഈ തിരിച്ചറിവ് ഇപ്പോള്‍ പാശ്ചാത്യ സര്‍വകലാശാലകളില്‍ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. വൈദ്യമാനവികശാസ്ത്രം (മെഡിക്കല്‍ ഹ്യൂമാനിറ്റീസ്) എന്ന ഒരു പഠനശാഖതന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്.
സൗന്ദര്യാത്മക വിദ്യാഭ്യാസമില്ലാതെ എത്രവലിയ ശാസ്ത്രീയ വിദ്യാഭ്യാസമുണ്ടായിട്ടും കാര്യമില്ലെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ജനിതകശാസ്ത്രത്തിലെ ഏറ്റവും വലിയ കുതിച്ചുചാട്ടങ്ങളിലൊന്നായ വാട്‌സന്‍- ക്രിക്ക് കണ്ടുപിടിത്തത്തിന് കാരണക്കാരിലൊരാളായ ജെയിംസ് വാട്‌സനെ വംശീയവിരോധം പ്രചരിപ്പിച്ചതിന്റെ പേരില്‍ ലബോറട്ടറിയില്‍നിന്ന് പുറത്താക്കുകയുണ്ടായി. ഡി.എന്‍.എ. പ്രകാരം മനുഷ്യരെ വേര്‍തിരിച്ച വാട്‌സന് മനുഷ്യരെ ഐക്യപ്പെടുത്തുന്ന വിശാലമായ സൗന്ദര്യബോധത്തിന്റെ കുറവുമാത്രമാണ് ഉണ്ടായിരുന്നത്. മഹാനായ ശാസ്ത്രജ്ഞനാകുമ്പോഴും നീചനായ മനുഷ്യനായി മാറാമെന്ന് ഇത് കാണിക്കുന്നു.
അറുപതുകളില്‍ത്തന്നെ അമേരിക്കയിലും തുടര്‍ന്നുള്ള ദശകങ്ങളില്‍ യൂറോപ്പിലാകെയും പലയിടത്തും വൈദ്യമാനവികശാസ്ത്ര കോഴ്‌സുകള്‍ അവിടത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി. ഡോക്ടര്‍മാരുടെ കോഴ്‌സില്‍ സാഹിത്യവും കലയും സാമാന്യവിജ്ഞാനങ്ങളും ഉള്‍പ്പെടുത്തുന്ന പാഠ്യപദ്ധതിയാണിത്. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ വൈദ്യശാസ്ത്രപഠനത്തില്‍ ഫെലിസ് ഔളും ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ ലിന്റ റാഫേലും നിരവധി വര്‍ഷങ്ങള്‍ ഈ കോഴ്‌സ് നടത്തിയിട്ടുണ്ട്. ഉയര്‍ന്ന ഡോക്ടര്‍മാരെ ഉന്നതരായ മനുഷ്യരുമാക്കി തീര്‍ക്കുന്നതിനാണ് ഈ കോഴ്‌സ് സംവിധാനം. വൈദ്യധാര്‍മികത( മെഡിക്കല്‍ എത്തിക്‌സ്) വൈദ്യമാനവികശാസ്ത്രം എന്ന വിശാലമേഖലയിലെ ഒരു ഘടകം മാത്രമാണെന്ന് ഇന്ന് പലരും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്‍ജിനീയറിങ് കോഴ്‌സിലും പലയിടത്തും സാഹിത്യമുള്‍പ്പെടുന്ന മാനവികവിഷയങ്ങള്‍ പഠനപദ്ധതിയുടെ ഭാഗമാണ്.
ഡോക്ടര്‍മാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും മാത്രമല്ല, എല്ലാ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കും സൗന്ദര്യാത്മക വിദ്യാഭ്യാസം ആവശ്യമാണ്. വക്കീലന്മാര്‍ക്കും ന്യായാധിപന്മാര്‍ക്കും ഇത് ബാധകമാണ്. സാഹിത്യത്തെയും സൗന്ദര്യമേഖലയെയും മനസ്സിലാക്കാന്‍ കഴിയാത്തത് നീതിന്യായമേഖലയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. സ്ഥലവും കാലവും കണക്കാക്കിയുള്ള ആധുനിക യുക്തിയില്‍നിന്ന് വ്യത്യസ്തമായാണ് ഭാവനാലോകം നിലനില്ക്കുന്നതെന്ന് തിരിച്ചറിയാതിരിക്കുന്നത് വലിയ സാമൂഹിക പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുണ്ട്. സാഹിതീയ പാഠങ്ങളെ ചരിത്രപാഠങ്ങളായി തെറ്റിദ്ധരിച്ചതാണ് ബാബറി മസ്ജിദ് പൊളിച്ചുമാറ്റുന്നതിലെന്നപോലെത്തന്നെ അത് കുഴിച്ചുനോക്കി ചരിത്രാവശിഷ്ടം പരിശോധിക്കാനുള്ള വിധിയിലും വ്യക്തമായത്. രാമന്‍ ജനിച്ചത് വല്മീകിയുടെ മനസ്സിലാണെന്ന് മനസ്സിലാക്കണമെങ്കില്‍ ചരിത്രവിദ്യാഭ്യാസം പോരാ. സൗന്ദര്യാത്മക വിദ്യാഭ്യാസംതന്നെ വേണം. സാഹിത്യകൃതികളെയും സാഹിത്യകാരന്മാരെയും മതങ്ങളും നീതിപീഠങ്ങളും വിചാരണയ്ക്ക് വിധേയമാക്കുന്നത് സൗന്ദര്യാത്മക വിദ്യാഭ്യാസത്തിന്റെ കുറവുകൊണ്ടാണ്. യൂറോപ്പില്‍നിന്ന് വ്യത്യസ്തമായി സാഹിത്യസംസ്‌കാരം ഇന്ത്യന്‍ സമൂഹത്തിലും ഇന്ത്യന്‍ ഭാഷകളിലും ആഴത്തില്‍ വേരോടിയിട്ടുള്ളതാണെന്ന തിരിച്ചറിവ് ഇന്ന് ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ഭാഷകളും സാഹിത്യവും അറിയാതിരിക്കുന്നത് സമൂഹത്തെയും സമൂഹമനസ്സിനെയും മനസ്സിലാക്കുന്നതിന് തടസ്സമാകുന്നുണ്ട്.
ഹിപ്പോക്രാറ്റസിന്റെ പ്രതിജ്ഞ ഹിപ്പോക്രസിയാകാതിരിക്കണമെങ്കില്‍ ആ മൂല്യങ്ങള്‍ സൗന്ദര്യാത്മകതലത്തില്‍ വിദ്യാര്‍ഥിയിലേക്ക് വിനിമയം ചെയ്യപ്പെടണം.
(അസോ. പ്രൊഫസര്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല തിരൂര്‍ പ്രാദേശികകേന്ദ്രം, തിരുനാവായ)
മാതൃഭൂമി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)