27 കൊല്ലം കാത്തുകിടന്ന ഈ ശുപാര്‍ശയാണ് പുതിയ
മലയാളനിയമത്തിലൂടെ നടപ്പാക്കേണ്ടിയിരുന്നത്. പക്ഷേ, ഇനിയും മന്ത്രിസഭയ്ക്ക്
അവ്യക്തത മാറിയിട്ടില്ല. നിലവിലുള്ള ഉത്തരവാണ് അതെന്ന കാര്യംപോലും
മന്ത്രിമാര്‍ അറിയുന്നില്ലെന്നാണ് ഇത് കാണിക്കുന്നത്
കേരളത്തിന്റെ ഭരണഭാഷ 1982നുമുമ്പ് പൂര്‍ണമായും മലയാളമാക്കി മാറ്റണമെന്നാണ് സര്‍ക്കാറിന്റെ പ്രഖ്യാപിതനയം' (മുഖ്യമന്ത്രി എ.കെ.ആന്റണി 1978 മാര്‍ച്ച് 23) ''ഞാന്‍ കേരളത്തിലെ വനംവകുപ്പുമന്ത്രിയായിട്ട് ഏതാണ്ട് ഒരു കൊല്ലമായി. എനിക്ക് ഇംഗ്ലീഷ് അറിഞ്ഞുകൂടാ. മലയാളമേ അറിയാവൂ. ഇക്കാര്യം തുറന്നുപറയുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ. സത്യപ്രതിജ്ഞ നിര്‍വഹിച്ചതുമുതല്‍ എന്റെ
മാതൃഭൂമി വാര്‍ത്ത |
ഈ നിയമസഭയില്‍ അവതരിപ്പിക്കാനിരുന്ന മലയാളനിയമം കോടതിഭാഷയെ സംബന്ധിച്ച അവ്യക്തതകാരണം മാറ്റിവെക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായാണ് വാര്‍ത്തവന്നിട്ടുള്ളത്. ഒന്നാംഭാഷാ ഉത്തരവ് സംരക്ഷിക്കുന്നതും കീഴ്‌ക്കോടതി നടപടികള്‍ മലയാളത്തിലാക്കുന്നതും ഉള്‍പ്പെടെയുള്ള സമഗ്ര മലയാളനിയമം പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ കെ.പി. രാമനുണ്ണിയുടെ അനിശ്ചിതകാല നിരാഹാരസമരം നടന്നത് 2013 മാര്‍ച്ചിലാണ്. ഒ.എന്‍.വി., സുഗതകുമാരി, പുതുശ്ശേരി രാമചന്ദ്രന്‍ തുടങ്ങി കേരളത്തിലെ സാംസ്‌കാരികലോകത്തിന്റെ മുഴുവന്‍ സാന്നിധ്യമുണ്ടായിരുന്ന ആ സമരത്തിലാണ് സാംസ്‌കാരികവകുപ്പ് മന്ത്രി, തൊട്ടടുത്ത നിയമസഭാ സമ്മേളനത്തില്‍ സമഗ്രമലയാളനിയമം അവതരിപ്പിക്കുന്നതാണെന്ന ഉറപ്പ് എഴുതി നല്‍കിയത്. പല നിയമസഭാ സമ്മേളനങ്ങള്‍ കഴിഞ്ഞുപോയിട്ടും അതിന്റെ കരടുപോലും തയ്യാറാക്കാന്‍ സന്നദ്ധമാകാതിരുന്നപ്പോഴാണ് വീണ്ടും സമ്മര്‍ദങ്ങളുമായി സാംസ്‌കാരികലോകം രംഗത്തുവന്നത്. 2013 ഡിസംബറില്‍ മലയാളനിയമത്തിന്റെ കരട് തയ്യാറായി. ഒരു കൊല്ലം തികഞ്ഞിട്ടും ചുവപ്പുനാടയില്‍ കുരുങ്ങിക്കിടന്ന നിയമത്തെ ഔദ്യോഗികഭാഷ സംബന്ധിച്ച നിയമസഭാസമിതിയുടെ അധ്യക്ഷന്‍ പാലോട് രവി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിനുശേഷം ഈ നിയമസഭയില്‍ അവതരിപ്പിക്കാമെന്ന് മുഖ്യമന്ത്രിതന്നെ ഉറപ്പുനല്‍കി. അതിനുശേഷമാണ് ഇപ്പോള്‍ ഈ അട്ടിമറിശ്രമം അരങ്ങേറിയത്.
കോടതിഭാഷയെപ്പറ്റി മന്ത്രിസഭാംഗങ്ങള്‍ക്ക് അവ്യക്തതയുണ്ടെങ്കിലും ഭരണഭാഷയെ സംബന്ധിച്ച് നിലവിലുള്ള നിയമങ്ങളും ഉത്തരവുകളും അറിയുന്നവര്‍ക്ക് യാതൊരു അവ്യക്തതയുമില്ല. 1957ലെ കോമാട്ടില്‍ അച്യുതമേനോന്‍കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1969ല്‍ നിലവില്‍വരികയും 1973ല്‍ ഭേദഗതി ചെയ്യുകയുംചെയ്ത ഔദ്യോഗികഭാഷാ ആക്ടിന്റെ അധികാരവും സിവില്‍ നടപടിക്രമം 137ാം വകുപ്പ് പ്രകാരമുള്ള അധികാരവും ക്രിമിനല്‍ നടപടിക്രമം 558 പ്രകാരമുള്ള അധികാരവും ഉപയോഗിച്ച് കേരള ഹൈക്കോടതിയുടെ കീഴിലുള്ള സിവില്‍ കോടതികളില്‍ വിധിന്യായങ്ങള്‍ എഴുതുന്നതിനും മറ്റ് നടപടികള്‍ക്കും മലയാളം ഉപയോഗിക്കാവുന്നതാണെന്ന് ഒരു വിജ്ഞാപനം 1973 മെയ് 11ലെ കേരള സാധാരണ ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇത്തരം ഒരു വിജ്ഞാപനം ക്രിമിനല്‍ കോടതികളെ സംബന്ധിച്ചും അതേ ഗസറ്റില്‍ത്തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് കുറച്ചുകാലം സംസ്ഥാനത്തെ ചില കീഴ്‌ക്കോടതികളില്‍ ഏതാനും വിധിന്യായങ്ങള്‍ മലയാളത്തില്‍ എഴുതുകയും ഉണ്ടായിട്ടുണ്ട്. എന്നാല്‍, പിന്നീട് വീണ്ടും അത് ഇംഗ്ലീഷിലേക്ക് പൂര്‍ണമായി മടങ്ങിപ്പോവുകയാണുണ്ടായത്.
ഇത് പരിഹരിച്ച് കീഴ്‌ക്കോടതി നടപടികള്‍ പൂര്‍ണമായും മലയാളത്തിലാക്കുന്നതിനാണ് 1985ല്‍ ജസ്റ്റിസ് കെ.കെ. നരേന്ദ്രന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപവത്കരിക്കുകയും 1987ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തത്. രണ്ടുകൊല്ലത്തിനകം കേരളത്തിലെ കോടതി നടപടികള്‍ മലയാളത്തിലാക്കണമെന്ന നിര്‍ദേശമാണ് കമ്മിറ്റി നല്‍കിയത്. 27 കൊല്ലം കാത്തുകിടന്ന ഈ ശുപാര്‍ശയാണ് പുതിയ മലയാളനിയമത്തിലൂടെ നടപ്പാക്കേണ്ടിയിരുന്നത്. പക്ഷേ, ഇനിയും മന്ത്രിസഭയ്ക്ക് അവ്യക്തത മാറിയിട്ടില്ല. മലയാളം പഠിച്ചിട്ടില്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ മലയാളപരീക്ഷ പാസാകണമെന്ന നിര്‍ദേശവും എതിര്‍ക്കപ്പെട്ടു എന്ന് വാര്‍ത്ത കാണുന്നു. നിലവിലുള്ള ഉത്തരവാണ് അതെന്ന കാര്യംപോലും മന്ത്രിമാര്‍ അറിയുന്നില്ലെന്നാണ് ഇത് കാണിക്കുന്നത്.
1978ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അഞ്ചുവര്‍ഷംകൊണ്ട് കേരളത്തിലെ ഭരണഭാഷ പൂര്‍ണമായും മലയാളമാക്കുന്നതിനുള്ള ഒരു പദ്ധതി ഔദ്യോഗിക ഭാഷാസമിതി മുന്നോട്ടുവെച്ചത്. 1978 ആഗസ്ത് ഒന്നിന് ആരംഭിച്ചതാണ് പദ്ധതി. അതുപ്രകാരം 1982ഓടുകൂടി ഭരണഭാഷാമാറ്റം പൂര്‍ണമാകേണ്ടതായിരുന്നു. പബ്ലിക് സര്‍വീസ് കമ്മീഷന്‍, സര്‍വകലാശാലകള്‍, നിയമസഭ എന്നിവിടങ്ങളില്‍ 1979'80ഓടെ ഔദ്യോഗികഭാഷ മലയാളമാക്കുന്നതാണ്. 1980'81ഓടെ കോടതിഭാഷ പൂര്‍ണമായും മലയാളമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും തൊട്ടടുത്ത വര്‍ഷം എല്ലാ കോടതികളിലും ഔദ്യോഗികഭാഷ പൂര്‍ണമായും മലയാളമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നുമാണ് അതില്‍ വ്യക്തമായി പറഞ്ഞുവെച്ചത്. അഞ്ചുവര്‍ഷ പരിപാടി വിജയിപ്പിക്കുന്നതിന് ടി.എന്‍. ജയചന്ദ്രന്റെ പത്രാധിപത്യത്തില്‍ ഭരണഭാഷ ഐന്നാരു മാസികയും പ്രസിദ്ധീകരിച്ചിരുന്നു. ആന്റണിക്കുശേഷം പി.കെ. വാസുദേവന്‍നായരും സി.എച്ച്. മുഹമ്മദ്‌കോയയും മുഖ്യമന്ത്രിമാരായിരുന്ന ഘട്ടത്തിലും ഈ പദ്ധതിക്ക് തുടര്‍ച്ച ലഭിച്ചിരുന്നു. 1979ല്‍ അന്നത്തെ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ്‌കോയ പറഞ്ഞത് കേരളം രൂപവത്കരിക്കപ്പെട്ട 1956ല്‍ത്തന്നെ മലയാളം പൂര്‍ണമായ ഔദ്യോഗികഭാഷയായി പ്രഖ്യാപിക്കുകയും അത് നടപ്പില്‍ വരുത്തുകയും ചെയ്യേണ്ടതായിരുന്നു എന്നാണ്. ഭാഷാപ്രേമികളായ ഇവരെയൊക്കെയാണ് പുതിയകാലത്ത് ഭാഷാഭ്രാന്തന്മാരായി ചിത്രീകരിക്കപ്പെടുന്നത്!
ഭാഷാകാര്യത്തിലെ സര്‍ക്കാറിന്റെ നയം ചലച്ചിത്രലോകത്തെക്കൂടി അന്ന് സ്വാധീനിച്ചിരുന്നു.
1977വരെ കേരളത്തിലെ ചലച്ചിത്ര നിര്‍മാണസമിതി റിപ്പോര്‍ട്ട് ഇംഗ്ലീഷിലാണ് സമര്‍പ്പിച്ചിരുന്നത്. അടുത്ത വര്‍ഷമാണ് എസ്. ഗുപ്തന്‍നായര്‍ ചെയര്‍മാനായി ചലച്ചിത്രങ്ങള്‍ക്കുള്ള സമ്മാനസമിതി റിപ്പോര്‍ട്ട് ആദ്യമായി മലയാളത്തില്‍ വരുന്നത്. ആ റിപ്പോര്‍ട്ടില്‍ മലയാളത്തിന്റെ പ്രാദേശിക വൈവിധ്യത്തെക്കൂടി ഉയര്‍ത്തിപ്പിടിച്ചിരുന്നു: 'ലയാത്മകമായ സംഭാഷണ ശൈലിയാണ് ഏതുഭാഷയ്ക്കും ജീവനും ചൈതന്യവും കൊടുക്കുന്നത്. അനവധി ദേശ്യഭേദങ്ങള്‍ കേരളത്തിലുണ്ട്. കഥ നടക്കുന്ന പ്രദേശം മനസ്സിലാക്കാന്‍ സഹായിക്കുന്ന സംഭാഷണങ്ങള്‍ വളരെക്കുറച്ച് പടങ്ങളിലേ ഉള്ളൂ. പുസ്തകവാക്യങ്ങള്‍ ചതുരവടിവില്‍ പറയുന്ന കഥാപാത്രങ്ങള്‍ സംഭാഷണത്തിന്റെ സ്വാഭാവികത നശിപ്പിക്കുന്നു' എന്ന് സമിതി അഭിപ്രായപ്പെടുന്നുമുണ്ട്.
മൂന്നുവര്‍ഷംമുമ്പാണ് കോടതിഭാഷ മലയാളമാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ കാല്‍ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. കെ.കെ. നരേന്ദ്രന്‍കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു ആ നിവേദനം. കൃഷ്ണയ്യരുടെ ചരമസന്ദര്‍ഭംതന്നെ കോടതിഭാഷയെ മുന്‍നിര്‍ത്തി മലയാളഭാഷാനിയമത്തെ അട്ടിമറിക്കാന്‍ തിരഞ്ഞെടുത്തത് എന്തായാലും വളരെ ഉചിതമായി എന്ന് പറയാതെ വയ്യ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.