2014, ഡിസംബർ 23, ചൊവ്വാഴ്ച

ഇംഗ്ലീഷ് ഭാഷയോടുള്ള വിധേയത്വത്തിന് കാരണം കോളനിവത്കരിക്കപ്പെട്ട മനസ്സ് - എം.പി. വീരേന്ദ്രകുമാര്‍

തിരുവനന്തപുരം: കോളനിവത്കരിക്കപ്പെട്ട മനസ്സുള്ളതിനാലാണ് ഇപ്പോഴും ഇംഗ്ലീഷ് ഭാഷയോടുള്ള ഇവിടത്തെ വിധേയത്വത്തിന് കാരണമെന്ന് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. ലോകത്തില്‍ മുന്നോട്ടുവന്നിട്ടുള്ള സമൂഹങ്ങളെല്ലാം ആ നേട്ടം കൈവരിച്ചത് സ്വന്തം ഭാഷയിലൂടെയാണ്. ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മനി മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങി എല്ലാവരും അവരുടെ ഭാഷകളിലൂടെയാണ് മുന്നോട്ട് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി തിരുവനന്തപുരം ബ്യൂറോ ചീഫ് ജി. ശേഖരന്‍നായര്‍ രചിച്ച ' വീണ്ടും പത്മതീര്‍ത്ഥക്കരയില്‍' എന്ന പുസ്തകം മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍ക്ക് നല്‍കി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതി വ്യവഹാരങ്ങളുള്‍പ്പെടെ എല്ലാം നമ്മുടെ ഭാഷയിലാകണം നടത്തേണ്ടത്. ബിംബങ്ങളും വികാരവിചാരങ്ങളും സ്വന്തം ഭാഷയിലൂടെ പ്രകാശിപ്പിക്കുമ്പോഴാണ് അവയ്ക്ക് കൂടുതല്‍ അര്‍ത്ഥതലങ്ങളുണ്ടാകുക. ഏതൊരുകാര്യവും ആഖ്യാനരീതി കൊണ്ടാണ് വ്യത്യസ്തമാകുക. ആഖ്യാനരീതികൊണ്ടും ബിംബകല്‍പനകള്‍ കൊണ്ടും 'പത്മതീര്‍ത്ഥക്കരയില്‍' മികച്ച രചനയാണെന്നും പത്രപ്രവര്‍ത്തകന്റെ വ്യത്യസ്തമായ വീക്ഷണകോണുകള്‍ ഇതില്‍ പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉള്ളടക്കം സത്യമാണെങ്കിലും രൂക്ഷമായ ഭാഷയിലാണ് പത്മതീര്‍ത്ഥക്കരയുടെ രചനയെന്ന് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ പറഞ്ഞു. അധികൃതര്‍ മുഖം തിരിച്ചു നിന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഈ പ്രതിവാരകോളത്തിന് കഴിഞ്ഞിട്ടുണ്ട്. വാര്‍ത്തയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത പല കാര്യങ്ങളും പത്മതീര്‍ത്ഥക്കരയിലൂടെ പറയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭാഷയോടുള്ള തീവ്രസ്‌നേഹം വെളിപ്പെടുത്തി കവി മധുസൂദനന്‍നായര്‍ 'അമ്മയുടെ എഴുത്തുകള്‍' എന്ന കവിത ചടങ്ങില്‍ ചൊല്ലി. 'വരം' എന്ന കവിത ചൊല്ലിക്കൊണ്ടാണ് കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി ഭാഷയ്ക്ക് ആദരമര്‍പ്പിച്ചത്.

പത്രം വായിക്കാത്ത നിരവധി ജനപ്രതിനിധികളുണ്ടെന്ന്് മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍ പറഞ്ഞു. പത്രം എന്നുപോലും അഭിസംബോധനചെയ്യാതെ കടലാസ് എന്ന് മാത്രം വിശേഷിപ്പിക്കുന്നവര്‍ പോലുമുണ്ടായിട്ടുണ്ട്. അതേസമയം അച്യുതമേനോനെ പോലെ ആഴത്തില്‍ വായനയുണ്ടായിരുന്ന ജനപ്രതിനിധികളെയും തന്റെ സര്‍വീസ് കാലഘട്ടത്തില്‍ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മാതൃഭൂമി നല്‍കിയ പിന്തുണകൊണ്ടാണ് പത്മതീര്‍ത്ഥക്കരയില്‍ എന്ന കോളം തുടരാനായതെന്ന് ശേഖരന്‍നായര്‍ പറഞ്ഞു. ശക്തമായ വിമര്‍ശനങ്ങളുണ്ടായെങ്കിലും ഈ കോളം തുടരാന്‍ തന്നെയാണ് മാതൃഭൂമി തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തുകാരന്‍ എം. ചന്ദ്രപ്രകാശ് പുസ്തകത്തെ പരിചയപ്പെടുത്തി. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ വെച്ചൂച്ചിറ മധു സ്വാഗതമാശംസിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എം.ആര്‍. തമ്പാന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ നെടുമുടി ഹരികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാതൃഭൂമി ബുക്‌സ് അസിസ്റ്റന്റ് മാനേജര്‍ വി.ജെ. പ്രവീണ്‍ നന്ദി പറഞ്ഞു.
ചടങ്ങിനുശേഷം നെടുമുടി ഹരികുമാര്‍, കലാം കൊച്ചേറ എന്നിവര്‍ കവിത ആലപിച്ചു.

1 അഭിപ്രായം:

  1. മലയാളിക്ക് എന്തുകൊണ്ടും ലോകഭാഷ ഇംഗ്ലീഷ് തന്നെ. അത് നിഷേധിക്കാന്‍ ഒരിക്കലും കഴിയില്ല. ഇന്ത്യക്ക് പുറത്ത് പോയിട്ടുല്ലവര്‍ക്ക് അറിയാം അത്. ചുമ്മാ പ്രസ്താവനകള്‍ നടത്തുന്നവരും പുറം രാജ്യങ്ങളില്‍ പോയാല്‍ സംസാരിക്കുന്നത് ഇംഗ്ലീഷ് തന്നെ!

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.