2014, ഫെബ്രുവരി 5, ബുധനാഴ്‌ച

മലയാളം ഔദ്യോഗിക ഭാഷയാക്കാന്‍ നിയമം നിര്‍മിക്കും-മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളം ഔദ്യോഗിക ഭാഷയാക്കി നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. ഭരണതലം, വിദ്യാഭ്യാസം, കോടതി തുടങ്ങിയ മേഖലകളിലെല്ലാം മലയാളം ഔദ്യോഗിക ഭാഷയാക്കുകയാണ് ലക്ഷ്യം. നിയമത്തിന്റെ കരട് തയ്യാറായിട്ടുണ്ട്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യമായതിനാല്‍ കരട് നിയമത്തെക്കുറിച്ച് ഈ വകുപ്പുകളുമായി ചര്‍ച്ച നടത്തണം. തുടര്‍ന്ന് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കും-മുഖ്യമന്ത്രി പറഞ്ഞു.

പാലോട് രവിയുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നമുക്ക് ഭാഷാഭ്രാന്തില്ലെങ്കിലും ഭാഷയെ സ്‌നേഹിക്കുന്നവരാണ് മലയാളികളെന്ന് അദ്ദേഹം പറഞ്ഞു. മലയാളം സര്‍വകലാശാല ഒന്നാംഭാഷ മലയാളമാക്കല്‍, മലയാളം നിര്‍ബന്ധിത ഭാഷയാക്കല്‍ തുടങ്ങിയ നിയമങ്ങളൊക്കെ കൊണ്ടുവന്നു. ഇതിനൊപ്പം ഭാഷാന്യൂനപക്ഷങ്ങളുടെ ബൂദ്ധിമുട്ടുകള്‍ പരിഹരിച്ചിട്ടുമുണ്ട്.

പൊതുഭരണം, നിയമം, ആഭ്യന്തരം, ഔദ്യോഗികഭാഷ, വിദ്യാഭ്യാസം, സാംസ്‌കാരികം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ടതാണ് ഔദ്യോഗിക ഭാഷാകാര്യം. ഈ വകുപ്പുകളുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സേവന, വേതന വ്യവസ്ഥകള്‍ നടപ്പാക്കുമെന്നും പുതുതായി അംഗീകാരം നല്‍കുന്ന എല്ലാ അണ്‍ എയ്ഡഡ് സ്‌കൂളുകളുമായും കരാറിലേര്‍പ്പെടുന്നുണ്ടെന്നും മന്ത്രി പി. കെ. അബ്ദുറബ് പറഞ്ഞു. ഇക്കാര്യം നിര്‍ദേശിക്കുന്ന കോടതിയുത്തരവുമുണ്ട്. എന്നാല്‍ എല്ലാ മാനേജ്‌മെന്റുകളും ഇതനുസരിച്ച് പ്രവര്‍ത്തിക്കുന്നില്ല. പരാതി ലഭിച്ചാല്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഇടപെടാനും പരിശോധിക്കാനും കഴിയും. എന്നാല്‍ ഈ മേഖലയില്‍ നിന്ന് പരാതി ലഭിക്കുന്നില്ലെന്നതാണ് സത്യം. പി. ശ്രീരാമകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍ വിമുക്തഭടന്മാര്‍ അനുഭവിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കേരളത്തിലും നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇവിടെ കുറവുണ്ടായിരുന്ന പല ആനുകൂല്യങ്ങളും നല്‍കി. ഇനിയുള്ളതും നല്‍കും. കേന്ദ്ര സര്‍ക്കാര്‍ വിമുക്തഭടന്മാരുടെ ക്ഷേമത്തിനായി തുടങ്ങുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലം ലഭ്യമാക്കുമെന്നും തേറമ്പില്‍ രാമകൃഷ്ണന്റെ സബ്മിഷന് മറുപടിയായി അദ്ദേഹം പറഞ്ഞു.

വിവാഹമടക്കം പല ചടങ്ങുകളുമായും ബന്ധപ്പെട്ട ധൂര്‍ത്ത് അവസാനിപ്പിക്കാന്‍ നിയമനിര്‍മാണം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. നിയമനിര്‍മാണത്തിന് മുമ്പ് മതമേലധ്യക്ഷന്മാര്‍, രാഷ്ട്രീയ, സാമൂഹ്യ നേതാക്കന്മാര്‍ എന്നിവരുടെയൊക്കെ യോഗം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത് ഇക്കാര്യത്തില്‍ ബോധവത്കരണത്തിനുള്ള നടപടികള്‍ ആലോചിക്കും. നിയമനിര്‍മാണത്തെ കോടതി എങ്ങനെ കാണുമെന്നതും ആലോചിക്കണം. പൗരന്റെ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമായി ഇത്തരം നിയന്ത്രണങ്ങള്‍ വ്യാഖ്യാനിക്കപ്പെട്ടേക്കാം. പാകിസ്താനിലെ പഞ്ചാബില്‍ ആര്‍ഭാടവിവാഹങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമം ഉണ്ടെന്നും സി.പി. മുഹമ്മദിന്റെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.

ദേശീയപാത വികസനത്തിന് ഭൂമി നഷ്ടപ്പെടുന്നവര്‍ക്കായി മെച്ചപ്പെട്ട പാക്കേജ് തന്നെയായിരിക്കും നടപ്പാക്കുകയെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിന് അനുസൃതമായി നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേന്ദ്രം പ്രഖ്യാപിച്ച പാക്കേജാണെങ്കിലും മെച്ചപ്പെട്ട തുകയായിരിക്കും ലഭിക്കുക. കെ.ടി. ജലീലിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. വിത്തുതേങ്ങയുടെ സംഭരണവില 32 രൂപയാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ഇ.കെ. വിജയന്റെ സബ്മിഷന് മറുപടിയായി മന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.