2014, ഫെബ്രുവരി 5, ബുധനാഴ്‌ച

വിജ്ഞാനം ജനകീയമാക്കാന്‍ - ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി

ശാസ്ത്രസാങ്കേതിക പാരിസ്ഥിതിക വികസനത്തിനും പ്രോത്സാഹനത്തിനുമായി ഒരു പ്രത്യേക വകുപ്പും പിന്നീട് വകുപ്പിന്റെ കീഴില്‍ അതേ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സ്വതന്ത്രമായി നിര്‍വഹിക്കാന്‍ ഒരു കൗണ്‍സിലും രൂപവത്കരിച്ച ആദ്യ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. വകുപ്പ് രൂപവത്കൃതമായത് 1972-ലാണെങ്കിലും ഗട*ടഠ' (ഗവിമാമ ടറമറവ *്ുൃരഹാ ശ്ി ടരഹവൃരവ, ഠവരസൃ്ാ്ഷള്‍ & 'ൃ്വഹി്ൃൗവൃറ) എന്ന അര്‍ധ സ്വതന്ത്ര കൗണ്‍സിലിന് രൂപംകൊടുത്തത് 2002-ലാണ്. കൗണ്‍സിലിന്റെ പ്രസിഡന്റ് മുഖ്യമന്ത്രിയാണ്. 
കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് വൈസ് പ്രസിഡന്റ് കൂടിയായ ചീഫ് എക്‌സിക്യൂട്ടീവ് ആണ്. ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് ഡോ. രാജശേഖരന്‍ പിള്ളയാണ്. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്റെ ഡയറക്ടര്‍, യു.ജി.സി. ചെയര്‍മാന്‍, ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ വി.സി. എന്നീ സ്ഥാനങ്ങള്‍ നേരത്തേ വഹിച്ചിട്ടുള്ള ഡോ. രാജശേഖരന്‍ പിള്ള പരിചയസമ്പന്നനായ ഒരു ഭരണാധികാരിയാണ്.
സെസ്സ്, സി.ഡബ്ല്യു.ആര്‍.ഡി.എം., കെ.എഫ്.ആര്‍.ഐ., നാറ്റ്പാക് തുടങ്ങിയ നിരവധി ദേശീയ പ്രാധാന്യമുള്ള ഗവേഷണസ്ഥാപനങ്ങള്‍ കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തിനും രാജ്യത്തിനും വിലയേറിയ സംഭാവനകള്‍ ഈ ഗവേഷണസ്ഥാപനങ്ങള്‍ നല്‍കിവരുന്നു.
കൗണ്‍സിലിന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാനും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായി പ്രചരിപ്പിക്കാനുമായി ഓരോവര്‍ഷവും നടത്തപ്പെടുന്ന ഒരു ബൃഹത് സംഭവമാണ് കേരള ശാസ്ത്രകോണ്‍ഗ്രസ്. ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ മാതൃകയിലാണ് ഇത് സംഘടിപ്പിക്കുന്നത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് ഓരോവര്‍ഷവും ജനവരിയിലാണ് വാര്‍ഷികാഘോഷം നടത്തുന്നത്. രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞന്മാരും ഗവേഷകരും ബുദ്ധിജീവികളും വിദ്യാര്‍ഥികളും സജീവമായി പങ്കെടുക്കുന്ന, ഏതാനും ദിവസം നീണ്ടുനില്‍ക്കുന്ന പ്രസ്തുത സമ്മേളനം ഒരു കീഴ്‌വഴക്കമെന്നോണം ഉദ്ഘാടനം ചെയ്യുന്നത് പ്രധാനമന്ത്രിയാണ്. ഇതേമാതൃകയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരള ശാസ്ത്രകോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. ജനവരി 28-ന് ആരംഭിക്കുന്ന സമ്മേളനം ഏതാനും ദിവസം നീണ്ടുനില്‍ക്കും.
കേരള സയന്‍സ് കോണ്‍ഗ്രസ് (കെ.എസ്.സി.) വാര്‍ഷികയോഗം കൂടുന്നത് വിവിധ ജില്ലകളിലാണെന്നത് വേറൊരു സവിശേഷതയാണ്. കൗണ്‍സിലിന്റെ സന്ദേശവും പ്രവര്‍ത്തനനേട്ടങ്ങളും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഒരുപോലെ ലഭ്യമാക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് വിവിധ നഗരങ്ങളില്‍ വാര്‍ഷിക യോഗം നടത്തുന്നത്. അതുപോലെ, ഓരോ വര്‍ഷവും ഒരു നിശ്ചിത തീയതിയിലാണ് യോഗം ആരംഭിക്കുന്നത്- ജനവരി 28-ന്. ഓരോ വാര്‍ഷികയോഗത്തിലും ചര്‍ച്ചാവിധേയമാകുന്നത് മുന്‍കൂട്ടി തിരഞ്ഞെടുത്ത ഒരു പ്രത്യേകവിഷയമാണ്. 2014-ലെ കെ.എസ്.സി. സമ്മേളിക്കുന്നത് വയനാട് ജില്ലയിലാണ്. പൂക്കോട്ടെ കേരള വെറ്ററിനറി സയന്‍സ് യൂണിവേഴ്‌സിറ്റി ആതിഥ്യംവഹിക്കുന്ന ഈ മഹാസമ്മേളനം വയനാട്ടിലെത്തുന്നത് ആദ്യമാണ്. വയനാടിന്റെ തനിമയും സ്വന്തം സംഭാവനകളും പരിഗണിച്ച് ഈ വര്‍ഷം ചര്‍ച്ചാവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത് പാരമ്പര്യവിജ്ഞാനമാണ്.
ആവേശകരമായ പ്രതികരണവും പ്രോത്സാഹനവുമാണ് വയനാട് സമ്മേളനത്തിന് ലഭിച്ചിരിക്കുന്നത്. കൗണ്‍സിലിനെത്തന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് 1800-ലേറെ പ്രബന്ധങ്ങളാണ് ഈ വിഷയത്തില്‍ വിവിധ മേഖലകളിലായി ലഭിച്ചിട്ടുള്ളത്. ഇതില്‍ തിരഞ്ഞെടുക്കപ്പെട്ടവ വിവിധ സെഷനുകളിലായി നാലു ദിവസങ്ങളില്‍ അവതരിപ്പിക്കും. ഓരോ വര്‍ഷം ശാസ്ത്രകാരന്മാരില്‍നിന്നും പ്രത്യേകിച്ച് യുവശാസ്ത്രജ്ഞന്മാരില്‍നിന്നും ഗവേഷക വിദ്യാര്‍ഥികളില്‍നിന്നും കൗണ്‍സിലിന് ലഭിച്ചുകൊണ്ടിരിക്കുന്ന വര്‍ധമാനമായ സഹകരണവും പ്രോത്സാഹനവും കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന അംഗീകാരമാണ്.
ഇതിനുപുറമേ, രാജ്യത്തെ പ്രശസ്തരായ ശാസ്ത്രജ്ഞന്മാരെ സവിശേഷപ്രഭാഷണങ്ങള്‍ക്കായി ക്ഷണിക്കുന്നുണ്ട്. മണ്‍മറഞ്ഞ പ്രമുഖ മലയാളിശാസ്ത്രജ്ഞന്മാരുടെ സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടാന്‍ അനുസ്മരണപ്രഭാഷണങ്ങളും സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഇതും കൂടാതെ വൈകുന്നേരങ്ങളില്‍ ജനപ്രിയഭാഷണങ്ങളും കലാപരിപാടികളും ആവിഷ്‌കരിച്ചിട്ടുണ്ട്.
ഈ വര്‍ഷം ആദ്യമായി മലയാളത്തിന് അര്‍ഹമായ പ്രാധാന്യവും നല്കിയിട്ടുണ്ട്. അവതരിപ്പിക്കപ്പെടുന്ന ഓരോ പ്രബന്ധത്തിന്റെയും ഒരു സംഗ്രഹം മലയാളത്തില്‍ തയ്യാറാക്കി അയയ്ക്കാന്‍ പ്രതിനിധികളെ അറിയിച്ചിട്ടുണ്ട്. ഈ നിബന്ധന ഇനിയങ്ങോട്ടുള്ള എല്ലാ സമ്മേളനങ്ങളിലും നിഷ്‌കര്‍ഷിക്കുന്നതാണ്. 
പഠന, ഗവേഷണങ്ങളില്‍ കൈവരിച്ച കണ്ടെത്തലുകളുടെയും നേട്ടങ്ങളുടെയും ലളിതഭാഷയിലുള്ള സാരാംശം മലയാളവായനക്കാര്‍ക്ക്കൂടി ലഭ്യമാകണം എന്നതാണ് ഉദ്ദേശ്യം. ശാസ്ത്രമനഃസ്ഥിതിയും ശാസ്ത്രീയസമീപനവും ജനങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ ഈ നടപടി ആവശ്യമാണ്. അതുപോലെ, പരമ്പരാഗത വിജ്ഞാനത്തിന്റെ വിവിധ മേഖലകളില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ള മുഖ്യ പ്രബന്ധങ്ങളും മലയാളത്തിലും പ്രസിദ്ധീകരിക്കാന്‍ കൗണ്‍സില്‍ ഉദ്ദേശിക്കുന്നു.
(കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
മുന്‍ വി.സി.യാണ് ലേഖകന്‍)
മാതൃഭൂമി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.