മലയാള ഐക്യവേദി ഔദ്യോഗിക വെബ് പേജ്. സമഗ്ര മാതൃഭാഷാനിയമം പൂര്‍ണ്ണരൂപത്തില്‍ നടപ്പിലാക്കുക..

2014, ഫെബ്രുവരി 23, ഞായറാഴ്‌ച

ലോകമാതൃഭാഷാദിനമാചരിക്കുന്പോൾ - ഗീത

ലോകം മുഴുവൻ മാതൃഭാഷയ്‌ക്കായി സമർപ്പിച്ച ദിവസമാണ്‌ ഫെബ്രുവരി 21. ലോകത്തിനാകെ ഒരേയൊരു മാതൃഭാഷ എന്നതല്ല സങ്കല്‌പം. ഓരോ ജനതയ്‌ക്കും അവർ ചിന്തിക്കുന്ന ഭാഷ ഉപയോഗിക്കുന്നതിനുള്ള മനുഷ്യാവകാശ പ്രഖ്യാപനമാണത്‌.
ബാബേൽ ഗോപുരം തകർക്കപ്പെട്ടതിന്റെ മാനുഷികമായ യുക്‌തിയും വ്യാഖ്യാനവുമാണത്‌. ലോക മാതൃഭാഷാദിനത്തിന്റെ പ്രാധാന്യം ചരിത്രപരമായി രൂപപ്പെട്ടതെങ്ങനെയെന്ന അനേ്വഷണം ഇവിടെ സംഗതമാണ്‌. പാകിസ്‌താൻ രൂപീകൃതമായപ്പോൾത്തന്നെ ഉർദു ഏക ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചു. തുടർന്ന്‌ പാകിസ്‌താനിലെ പബ്ലിക്‌ സർവീസ്‌ കമ്മിഷൻ അംഗീകരിച്ച ഭാഷകളുടെ കൂട്ടത്തിൽനിന്ന്‌ ബംഗാളിയെ നീക്കം ചെയ്‌തു. പാകിസ്‌താൻ സർക്കാറിന്റെ ഇത്തരത്തിലുള്ള ഭാഷാനയങ്ങൾക്കെതിരേ കലാപമാരംഭിച്ചത്‌ കിഴക്കൻ പാക്കിസ്‌ഥാനിലെ ഡാക്ക സർവകലാശാലയിലെ വിദ്യാർഥികളായിരുന്നു. 1948 മാർച്ച്‌ മുതൽതന്നെ അവർ സമരമാരംഭിച്ചിരുന്നു. തങ്ങൾ ചിന്തിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്‌യുന്ന ബംഗാളിയെ പാകിസ്‌താനിലെ ഔദ്യോഗിക ഭാഷയാക്കണമെന്നതായിരുന്നു അവരുടെ ആവശ്യം.
രാഷ്‌ട്ര രൂപീകരണത്തിൽ സ്വന്തം പ്രസക്‌തി തിരിച്ചറിഞ്ഞ വിദ്യാർഥി പ്രസ്‌ഥാനമെന്ന നിലയിൽ ഈ ഭാഷാവാദക്കാർ ചരിത്രത്തിൽ സ്വയം സ്‌ഥാനം പിടിച്ചവരാണ്‌. പാകിസ്‌താനിലെ സർക്കാർ ഇതംഗീകരിച്ചില്ല. എന്നു മാത്രമല്ല ബംഗാളി ഭാഷ സജീവമായ കിഴക്കൻ പാകിസ്‌താനിൽ ഉർദു മാത്രം മതിയെന്ന തീരുമാനം അവർ ആവർത്തിച്ചു. സ്വന്തമായ ലിപി പാരന്പര്യമുള്ള ബംഗാളി ഭാഷയെഴുതാൻ അറബി ലിപി ഉപയോഗിക്കണമെന്നു പോലും ഈ ഘട്ടത്തിൽ അവർ ശഠിച്ചു. ഇത്‌ വലിയ പ്രതിരോധത്തിനിടയാക്കി.
1952 ജനുവരി 30 ന്‌ ഡാക്ക സർവകലാശാലയിലെ ലൈബ്രറി ഹാളിൽ ചേർന്ന സർവ കക്ഷി ആക്‌ഷൻ കമ്മിറ്റി ഫെബ്രു. 21 പ്രതിഷേധദിനമായി ആചരിക്കാൻ തീരുമാനിച്ചു. പാകിസ്‌താൻ സർക്കാറിനെ ഈ തീരുമാനം പ്രകോപിപ്പിച്ചതിൽ അദ്‌ഭുതപ്പെടാനില്ല. 1952 ഫെബ്രു 21 ന്‌ ഡാക്ക സർവകലാശാലയിലും പരിസരത്തും പാകിസ്‌താൻ സർക്കാർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. പോലീസ്‌ സർവകലാശാല വളഞ്ഞു. പോലീസ്‌ വലയം ഭേദിച്ച്‌ കിഴക്കൻ പാകിസ്‌താനിലെ നിയമസഭാപരിസരത്തെത്തിയ വിദ്യാർഥികൾക്കു നേരെ വെടിവയ്‌പ്പുണ്ടായി.
അന്നും പിറ്റേന്നുമായി നടന്ന വെടിവയ്‌പ്പിൽ നിരവധിപേർ കൊല്ലപ്പെട്ടു. അനേകം പേർ ജയിലിലായി. ഭാഷയ്‌ക്കു വേണ്ടി ആദ്യമായി മരിച്ചുവീണ രക്‌തസാക്ഷികൾക്കായി അവർ വീണ മണ്ണിൽത്തന്നെ സ്‌മാരകമുയർത്താൻ ഡാക്ക സർവകലാശാലയിലെ വിദ്യാർഥികൾ തയാറായി. മൂന്നു ദിവസത്തിനുള്ളിൽ ഫെബ്രു. 24 ന്‌ തന്നെ ഷഹീദ്‌ സ്‌മൃതി സ്‌തംഭം എന്നാേലഖനം ചെയ്‌ത സ്‌മൃതി സ്‌തംഭം ഉയർത്തപ്പെട്ടു. എന്നാൽ ഫെബ്രു 26 ന്‌ പോലീസ്‌ ഈ സ്‌മാരകം നശിപ്പിച്ചു. ഭാഷയും ഭരണാധികാരവും നേർക്കുനേർ ഏറ്റുമുട്ടിയ ആദ്യത്തെ ചരിത്രസന്ദർഭമായി ഈ കലാപത്തെ വിലയിരുത്താം.
ഫെബ്രു 21 രക്‌തസാക്ഷി ദിനമായി ആചരിക്കാൻ ഡാക്ക വെടിവയ്‌പ്പിന്റെ ഒന്നാം വാർഷികത്തിൽ സർവകക്ഷി ഭാഷാസമര സമിതി തീരുമാനിച്ചു. മാതൃഭാഷാ സമരത്തിൽ ജയിലിലടക്കപ്പെട്ടവരെ തുറന്നു വിടാൻ അപ്പോഴും സർക്കാർ വിസമ്മതിച്ചു. മാത്രമല്ല, മാതൃഭാഷയായ ബംഗാളിക്കു വേണ്ടി വാദിക്കുന്നവരെ രാജ്യദ്രോഹികളായി അധികാരികൾ പ്രഖ്യാപിച്ചു. 1954 ഫെബ്രു 21 ന്റെ രക്‌തസാക്ഷി ദിനാചരണം വലിയ പ്രതിഷേധത്തിലും അറസ്‌റ്റിലുമാണവസാനിച്ചത്‌. ഇത്‌ ഭാഷയ്‌ക്കെതിരേയുള്ള സർക്കാർ നടപടിയെന്നതിനപ്പുറം ഒരു ജനതയ്‌ക്കെതിരേ ഭരണാധികാരികൾ സ്വീകരിച്ച അക്രമാസക്‌തമായ നിലപാടായിരുന്നു എന്ന്‌ വ്യക്‌തമാക്കിക്കൊണ്ട്‌ 1954 ൽ നടന്ന പ്രവിശ്യാ തെരഞ്ഞെടുപ്പിൽ ബംഗാളി ഭാഷാസമരത്തെ പിന്തുണച്ച ഐക്യമുന്നണി അധികാരത്തിലെത്തി.
ആ സർക്കാരാണ്‌ ബംഗാളി ഭാഷയ്‌ക്കു വേണ്ടി അക്കാദമി സ്‌ഥാപിക്കുന്നത്‌. 1956ൽ വീണ്ടും അതേ ഐക്യമുന്നണി തെരഞ്ഞെടുക്കപ്പെട്ടു. അവർ ഭാഷാരക്‌തസാക്ഷികൾക്ക്‌ സ്‌മാരകമുണ്ടാക്കി. അതായത്‌ ഒരു പതിറ്റാണ്ട്‌ നീണ്ടുനിന്ന ഭാഷാസമരത്തിനൊടുവിൽ 1956 ഫെബ്രു 21 ന്‌ പാകിസ്‌താനിലെ രണ്ടാമത്തെ ഔദ്യോഗികഭാഷയായി ബംഗാളി അംഗീകരിക്കപ്പെട്ടു. ഐക്യരാഷ്‌ട്ര സഭ 2000 ൽ ലോകമാതൃഭാഷാദിനമായി ഫെബ്രു. 21 നെ അംഗീകരിച്ചു. ഇത്രയും മഹത്തായ സമരപാരന്പര്യമുള്ള മാതൃഭാഷാദിനം ലോകമെന്പാടും സമുചിതമായി ആഘോഷിക്കുന്പോൾ മലയാളിയുടെ മനോഭാവത്തെ സ്വയം വിമർശനപരമായി പരിശോധിക്കേണ്ടതുണ്ട്‌. ഇതേ 1956 നവം ഒന്നിനാണ്‌ മാതൃഭാഷാടിസ്‌ഥാനത്തിൽ കേരളം ഒരു സംസ്‌ഥാനമായി അംഗീകരിക്കപ്പെടുന്നത്‌. കേരളം മലയാളത്തോട്‌ സ്വീകരിച്ച സമീപനമെന്തായിരുന്നു? 2013ൽ ഒരു മലയാളസർവകലാശാലയുണ്ടായതും മലയാളത്തിന്‌ ക്ലാസിക്കൽ പദവി ലഭിച്ചതും ഭാഷാപണ്‌ഡിതന്മാർ എടുത്തുപറയുന്ന നേട്ടങ്ങളായേക്കാം. എന്നാൽ ഓരോ നിമിഷത്തിലും കേരളത്തിന്റെ തെക്കും വടക്കും നടുക്കും കൂണു പോലെ മുളച്ചു പൊന്തുന്ന അൺഎയ്‌ഡഡ്‌ ഇംഗ്ലീഷ്‌ മാധ്യമ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ എന്തിന്റെ തെളിവാണ്‌ ? അവിടെ കോട്ടും ടൈയും ഷൂവുമിട്ട കുട്ടി സായ്‌പന്മാരും മദാമ്മക്കുട്ടികളും ഉല്‌പാദിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഇവർ മലയാളം പഠിക്കുന്നില്ല എന്നതുകൊണ്ടു തന്നെ കേരളത്തിന്റെ മണ്ണിനെയോ മനസിനെയോ ആകാശത്തെപ്പോലുമോ സ്‌പർശിക്കാൻ ഇവരുടെ മനസുകൾക്കാവില്ല.
മസ്‌തിഷ്‌ക ചോർച്ചകൾക്കെതിരേ എത്ര ലക്ഷം നക്ഷത്രദീപങ്ങൾ ഉയർത്തിക്കാട്ടിയാലും ഇവർക്ക്‌ കേരളത്തിലെ വായു ശ്വസിക്കാനോ കേരളത്തിനു വേണ്ടി ചിന്തിക്കാനോ സാധ്യമാകുകയില്ല തന്നെ. കാരണം മാന്യതയുടെയും അന്തസിന്റെയും മൂശ ഇംഗ്ലീഷിലാണ്‌ വാർക്കപ്പെട്ടിരിക്കുന്നത്‌. അവന്റെ മലയാളം ഇംഗ്ലീഷിലാണ്‌ ഉച്ചരിക്കപ്പെടുന്നത്‌. അവന്റെ ബാല്യകൗമാരങ്ങളും യൗവനവും ഇംഗ്ലീഷിലാണ്‌ പുളയ്‌ക്കുന്നത്‌. ഈ വിദ്യാർഥികളുടെ രക്ഷിതാക്കളും ഇവരെ പഠിപ്പിക്കുന്ന അധ്യാപകരും വിദ്യാഭ്യാസ അവകാശ സംരംക്ഷണത്തിനായി ജാഥകൾ നടത്തുന്പോൾ അവരുയർത്തുന്ന മുദ്രാവാക്യങ്ങൾക്കർഥം ഇവിടം വിട്ടുപോയ ഇംഗ്ലീഷുകാരന്‌ ഇവിടെ ജീവിക്കുന്ന മലയാളി ഇനിയും കപ്പം കൊടുക്കണമെന്നാണ്‌.
മലയാളം പറഞ്ഞാൽ പിഴ ഈടാക്കുന്ന ഈ അധ്യാപകർ മലയാളിയുടെ നികുതി പിരിക്കുന്ന സർക്കാറിനോട്‌ ഇംഗ്ലീഷിൽ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്‌ മലയാളത്തെ കൊന്ന്‌ കുഴിച്ചു മൂടാനാണ്‌. എട്ടാം ക്ലാസുവരെ വിദ്യാഭ്യാസ മാധ്യമം മാതൃഭാഷയായിരിക്കണമെന്ന, ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ അവകാശനിയമത്തിലെ വകുപ്പിനെപ്പോലും അംഗീകരിക്കാനുള്ള ജനാധിപത്യബോധം ഇവർക്കില്ല. ഇവരെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള ഇച്‌ഛാശക്‌തി കേരള സർക്കാർ കാണിച്ചില്ലെങ്കിൽ മലയാളി ഗതി മുട്ടിപ്പോകും. മലയാളിക്ക്‌ ക്ലാസിക്കൽ പദവിയും മലയാളസർവകലാശാലയുമല്ല വേണ്ടത്‌, മലയാളമാണ്‌ വേണ്ടത്‌.

മംഗളം

3 അഭിപ്രായങ്ങൾ:

 1. മലയാളികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ

  1.ക്ഷണ കത്തുകൾ മലയാളത്തിൽ അച്ചടിക്കുക

  2.മലയാളത്തിൽ പരമാവധി അപേക്ഷകൾ കൊടുക്കുക

  3.കേരളത്തിലെ ആവശ്യങ്ങള്‍ക്കായി സാക്ഷ്യപത്രങ്ങൾ മലയാളത്തിൽ വാങ്ങുക

  4.മലയാള പുസ്തകങ്ങൾ സമ്മാനമായി നല്കുക

  5.മലയാളത്തിൽ ബ്ലോഗുകൾ എഴുതുക

  6.മലയാളത്തിൽ വെബ്‌ സൈറ്റുകൾ ഉണ്ടാക്കുക

  7.മലയാളത്തിൽ അഭിപ്രായം രേഖപെടുത്തുക

  8.മലയാളം കമ്പുടിംഗ് -പഠനവും ഗവേഷണവും
  http://malayalatthanima.blogspot.in/p/1.html

  മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള് മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.

ഈ മാസത്തെ ജനപ്രിയ പോസ്റ്റുകള്‍‌

ലേബലുകളിലൂടെ തിരയൂ...

അജിത്. കെ (1) അടൂര്‍ (1) അനുസ്മരണം (1) അരുണ്‍. എസ്. ശശി (1) അസീസ് തരുവണ (1) ആദരാഞ്ജലികള്‍ (2) ആര്‍.വി.ജി.റിപ്പോര്‍ട്ട് (1) ആലപ്പുഴ (1) ആല്‍ബം (7) ആശംസകള്‍ (4) ഇ.ദിനേശന്‍ (1) ഇന്ത്യാ ടുഡേ (4) ഉത്തരവ് (8) ഉപവാസ സമരം (1) ഉമ്മര്‍. ടി. കെ (1) എ.എന്‍.പി. ഉമ്മര്‍കുട്ടി (1) എഡിറ്റോറിയല്‍ (12) എന്‍. വി. പി. ഉണ്ണിത്തിരി (1) എം. ആര്. രാഘവവാര്യര് (1) എം.ടി. (2) എം.പി. വീരേന്ദ്രകുമാര്‍ (1) എര്‍ണാകുളം (3) എസ്. ആര്‍. ഹരീഷ് (1) എസ്.സി.ഇ.ആര്‍.ടി. (1) ഐക്യമലയാള പ്രസ്ഥാനം (3) ഒന്നാം ഭാഷ (12) ഓണ്‍ലൈന്‍ പ്രചരണം (1) ഓർഡിനൻസ് (1) ഓര്‍മിപ്പിക്കല്‍ സമരം (1) ഔദ്യോഗികഭാഷ (3) കണ്ണൂര്‍ (8) കത്ത് (5) കന്നട (1) കരുണാനിധി (1) കല്പറ്റ നാരായണന്‍ (1) കല്‍പറ്റ നാരായണന്‍ (1) കവിത (1) കാര്‍ട്ടൂണ്‍ (1) കാവുമ്പായി ബാലക‍ൃഷ്ണന്‍ (1) കാസര്‍കോട് (4) കൃഷ്ണയ്യര്‍ (1) കെ. എം. അബ്ദുള്‍ സലാം (1) കെ.കെ.കൊച്ച് (1) കെ.പി.രാമനുണ്ണി (6) കേരള സിലബസ് (1) കേരളകൌമുദി (6) കൈരളി ടിവി (2) കൊയിലാണ്ടി (1) കൊല്ലം (1) കോടതിഭാഷ (21) കോണ്ടാക്റ്റ് (1) കോഴിക്കോട് (10) ക്യാമ്പ് (2) ക്ലാസിക്കല്‍ പദവി (1) ഗീത (2) ഗൂഗിള് ട്രാന്സ്ലേറ്റ് (1) ഗ്രന്ഥാലോകം (1) ചലച്ചിത്രോത്സവം (3) ചാനല്‍ ചര്‍ച്ച (1) ചിത്രങ്ങള്‍ (49) ജനയുഗം (8) ജന്മഭൂമി (3) ജില്ലാ കൂടിയിരുപ്പ് (1) ജില്ലാ ക്യാമ്പ് (1) ജില്ലാ സമിതി (3) ജില്ലാ സംഗമം (1) ജില്ലാ സമ്മേളനം (14) ജോര്‍ജ് വര്‍ഗീസ് (1) ടി. മധു (1) ടിക്കറ്റ് (1) ഡി. ദയാനന്ദന്‍ (1) ഡി. വിനയചന്ദ്രന്‍ (1) തമിഴ് (3) തിരുവനന്തപുരം (21) തുഞ്ചന്‍ ഉത്സവം (2) തൃശ്ശൂര്‍ (3) തേജസ് (2) ദ ഹിന്ദു (5) ദേശാഭിമാനി (22) ധര്‍ണ്ണ (4) നടുവട്ടം ഗോപാലകൃഷ്ണന്‍ (1) നിയമസഭയില്‍ ലഭിച്ച മറുപടി (1) നിയമസഭാ മാര്‍ച്ച് (1) നിരാഹാരസമരം (2) നിവേദനം (2) നോട്ടീസ് (34) പത്തനംതിട്ട (4) പത്രക്കുറിപ്പ് (3) പത്രസമ്മേളനം (2) പരമ്പര (1) പാഠപുസ്തകം (1) പാലക്കാട് (14) പാലോട് രവി (1) പി. കെ. ശ്രീകുമാര്‍ (1) പി. ജെ. ഫ്രാന്‍സിസ് (1) പി. സുരേഷ് (1) പി.ആര്‍.നാഥന്‍ (1) പി.ഐ. ശങ്കരനാരായണന്‍ (1) പി.കെ.രാജശേഖരന്‍ (1) പി.ജി. (1) പി.പവിത്രന്‍ (22) പുസ്തകപരിചയം (2) പൊതുവിദ്യാഭ്യാസം (2) പോസ്റ്റര്‍ (12) പ്രതികരണം (1) പ്രബന്ധാവതരണ പരമ്പര (1) പ്രബന്ധാവതരണം (1) പ്രാദേശിക സമിതി (10) പ്രേമചന്ദ്രന്‍ (2) പ്ലസ് വണ്‍ (5) ഫീച്ചര്‍ (1) ബി.എസ്.വാരിയര്‍ (1) ബ്ലോഗന (1) ഭരണ ഭാഷ (1) ഭാരവാഹികള്‍ (2) ഭാഷ (4) ഭാഷാനിയമം (2) ഭാഷാപോഷിണി (1) മനോരമ ഓണ്‍ലൈന്‍ (2) മംഗളം (5) മലപ്പുറം (31) മലയാള മനോരമ (21) മലയാള സര്‍വകലാശാല (8) മലയാളം (6) മലയാളം ടെക്സ്റ്റ് (5) മലയാളം വാരിക (5) മറാത്തി (1) മാതൃഭാഷാദിനം (45) മാതൃഭാഷാവകാശജാഥ (9) മാതൃഭാഷാസംഗമം (9) മാതൃഭൂമി (131) മാതൃഭൂമി ആഴ്ചപ്പതിപ്പ് (3) മാധ്യമം (16) മാസിക (1) മിനിറ്റ്സ് (1) മൊബൈല്‍ (1) രാഘവന്‍ പയ്യനാട് (2) രാജന്‍ ഗുരുക്കള്‍ (1) രൂപരേഖ (1) ലേഖനം (112) വത്സലന്‍ വാതുശ്ശേരി (1) വയനാട് (6) വായനശാല (1) വാര്‍ത്ത (209) വാർത്ത (9) വാര്‍ഷികം (3) വി. ആര്‍. കൃഷ്ണയ്യര്‍ (1) വി. പി. മാര്‍ക്കോസ് (1) വി.ആർ.കൃഷ്ണയ്യർ (1) വി.സി.അഭിലാഷ് (1) വിക്കിപീഡിയ (1) വിജ്ഞാന മലയാളം (18) വിജ്ഞാനകൈരളി (27) വിദ്യ. എസ് (1) വിദ്യാര്‍ത്ഥി മലയാളവേദി (6) വീക്ഷണം (1) വീരേന്ദ്രകുമാര്‍ (1) ശങ്കരനാരായണന്‍ (1) ശാസ്ത്രഭാഷ ഗവേഷണഭാഷ (1) ശാസ്ത്രവാര്‍ത്തകള്‍ (11) ശില്പശാല (1) ഷാജി ജേക്കബ് (1) ഷിജു. ആര്‍ (1) സതീശ് സൂര്യന്‍ (1) സബ്ടൈറ്റില്‍ (1) സമഗ്ര മലയാള നിയമം (19) സമഗ്രമലയാള നിയമം (4) സമരം (7) സമരവിളംബരം (9) സംഘടന (1) സംസ്ഥാന സമ്മേളനം (26) സി. രാധാകൃഷ്ണന്ർ (1) സി. ശ്രീകുമാര്‍ (1) സിന്ധു (1) സിലബസ് (1) സിറാജ് (3) സുകുമാര്‍ അഴീക്കോട് (1) സുബൈര്‍ അരിക്കുളം (4) സെക്രട്ടറിതലസമിതി (1) സെമിനാര്‍ (4) സൗമ്യ ബേബി (1) സ്കൂള്‍ (1) ഹരജി (1) ഹിന്ദി പാഠപുസ്തകം (2) ഹേമ ജോസഫ് (1)