2011, ജൂലൈ 4, തിങ്കളാഴ്‌ച

സംസ്ഥാനത്ത് മാതൃഭാഷ പഠിക്കാന്‍ അവസരമില്ലാത്ത സ്‌കൂളുകളും

മാതൃഭൂമി

'ഒന്നാം ഭാഷ' ഉത്തരവില്‍ വ്യക്തതയില്ല

കോഴിക്കോട്:സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാളം ഒന്നാം ഭാഷയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ചിലസ്‌കൂളുകളില്‍ ഇപ്പോഴും മാതൃഭാഷ പഠിക്കാനുള്ള അവസരമില്ല.

മലബാറില്‍ ഒടുവിലനുവദിച്ച ഒമ്പത് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ മലയാളം പഠനവിഷയമേ അല്ല. ഒരു ഹയര്‍സെക്കന്‍ഡറി കോഴ്‌സില്‍ ഒരു സ്‌കൂളില്‍ രണ്ടു രണ്ടാം ഭാഷകള്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചതോടെയാണ് ഈ അവസ്ഥയുണ്ടായത്. മാനേജര്‍മാര്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുന്നത് തടയലാണ് ലക്ഷ്യമെങ്കിലും ഇതുമൂലം മലയാളം പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടമായി.

കോഴിക്കോട് ജില്ലയിലെ പുറമേരി കടത്തനാട് രാജാസ് എച്ച്.എസ്.എസ്, മലപ്പുറം ദാറുല്‍ഉലും എച്ച്.എസ്.എസ്,പാലക്കാട് പെരുവെമ്പ് സി.എ.എച്ച്.എസ്.എസ്, പട്ടാമ്പി പരതൂര്‍ എച്ച്.എസ്.എസ് എന്നിവിടങ്ങളിലും കാസര്‍കോഡ് ജില്ലയിലെ അഞ്ചു സ്‌കൂളുകളിലുമാണ് ഹയര്‍സെക്കന്‍ഡറി തലത്തില്‍ മലയാളം പഠിക്കാന്‍ അവസരമില്ലാത്തത്.ഇതില്‍ കടത്തനാട് രാജാസ് സ്‌കൂള്‍ സ്ഥാപിച്ചത് കടത്തനാട് രാജവംശമാണ്. മലബാറില്‍ ആദ്യമായി അച്ചുകൂടം സ്ഥാപിക്കുകയും കവിതാമാസിക പുറത്തിറക്കുകയും കവിസംഘം നടത്തുകയും ചെയ്ത കവി ഉദയവര്‍മരാജാവിനെപ്പോലുള്ളവര്‍ ഉള്‍പ്പെട്ടതാണ് രാജവംശം. അവര്‍ നടത്തിയസ്‌കൂളിനും കേരളത്തിന്റെ ഭാഷാ സാഹിത്യചരിത്രത്തില്‍ സ്ഥാനമുണ്ട്.ഇവിടെ മലയാളം ഹയര്‍സെക്കന്‍ഡറി തലത്തില്‍ പാഠ്യവിഷയമല്ലാത്തത് നേരത്തേ തന്നെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

കാസര്‍കോഡ് ജില്ലയിലൊഴികെയുള്ള വിദ്യാര്‍ഥികള്‍ മലയാളം പഠിക്കാന്‍ അവസരംനല്‍കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് നിവേദനം നല്‍കിയിരുന്നു.

സംസ്ഥാനത്ത് വി.എച്ച്.എസ്.ഇ. കോഴ്‌സിനും നിലവില്‍ മാതൃഭാഷ പഠിക്കാന്‍ അവസരമില്ല. കാസര്‍കോഡ് ജില്ലയില്‍ 56 സ്‌കൂളുകളില്‍ പ്രൈമറിതലം മുതല്‍തന്നെ മലയാളം പഠിക്കാന്‍ സൗകര്യമില്ലെന്ന് ഈയിടെ നടന്ന മാതൃഭാഷാസംഗമം കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ എല്ലാഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും മലയാളം നിര്‍ബന്ധമാക്കുമെന്നായിരുന്നു 2011 മെയ് ആറിനു സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്.വി.എച്ച്.എസ്.ഇ. ക്ലാസുകളില്‍ മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. ഇതു നടപ്പാവണമെങ്കില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കേണ്ടതുണ്ട്.എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ചൊന്നും ഒരു വ്യക്തതയുമില്ലാതെയാണ് യു.ഡി.എഫ്. സര്‍ക്കാര്‍ ഇപ്പോള്‍ മലയാളം ഒന്നാം ഭാഷയാക്കി ഉത്തരവിറക്കിയിട്ടുള്ളത്.

അതുകൊണ്ടുതന്നെ എല്ലാ ഹയര്‍സെക്കന്‍ഡറി,വി.എച്ച്.എസ്.ഇ. സ്‌കൂളുകളിലും മലയാളം പഠിക്കാന്‍ അവസരമുണ്ടാക്കണമെന്ന മുന്‍ സര്‍ക്കാറിന്റെ ഉത്തരവ് നടപ്പാവാനിടയില്ല.

1 അഭിപ്രായം:

  1. പ്രാഥമിക തലത്തിലുള്ള പഠനം കുട്ടിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്‌. ഭാവിയിലേക്കുള്ള പഠനത്തിന്റെ അടിസ്‌ഥാനവും ഇതാണ്‌. കുട്ടിയുടെ ചിന്താശക്‌തി, ആശയ വിനിമയത്തിനുള്ള കഴിവ്‌ ഇവയൊക്കെ രൂപപ്പെടുന്നത്‌ ഈ പ്രായത്തിലായതിനാല്‍ ഭാഷയ്‌ക്കുള്ള പ്രാധാന്യം വില കുറച്ചു കാണാന്‍ കഴിയില്ല. ഇ അവസരത്തിൽ മാതൃ ഭാഷ പഠിക്കേണ്ടത് അത്യാവശ്യം തന്നെയാണ്.സമൂഹത്തിന്റെ പൊതു നന്മക്കു മാതൃ ഭാഷ അനിവാര്യമാണ് .ഇംഗ്ലീഷും മലയാളത്തില്‍ പഠിക്കുന്ന നാട്ടില്‍ അടിസ്ഥാന ശാസ്ത്ര വിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മാതൃഭാഷയില്‍ മനസ്സിലാക്കുന്നതാണ് ഉചിതം. ഇംഗ്ലീഷ് രണ്ടാംഭാഷ ആയി സ്വീകരിക്കാം..മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസ സമ്പ്രദായം മാത്രമേ സ്വന്തമായി അറിവ് നേടാന്‍ കുട്ടികളെ സഹായിക്കൂ. ലോകത്ത് ശാസ്ത്ര-സാങ്കേതിക- വിദ്യാഭ്യാസ- സാമൂഹിക രംഗങ്ങളിൽ കാതലായ സംഭാവനകൾ നൽകിയിട്ടുള്ള ഏതൊരു സമൂഹവും അത് കൈവരിച്ചിട്ടുള്ളത് അവരുടെ മാതൃഭാഷയിലൂടെയുള്ള വിദ്യാഭ്യാസം വഴിയാണെന്നത് വസ്തുതയാണ്.
    malayalatthanima.blogspot.in

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.