2017, ഏപ്രിൽ 30, ഞായറാഴ്‌ച

മലയാളം നിർബന്ധമാക്കുന്നതിൽ ആശങ്ക വേണ്ട: മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മലയാള ഭാഷ നിർബന്ധമാക്കുന്നതിൽ ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 2017- ലെ മലയാള ഭാഷ (നിർബന്ധിത ഭാഷ) ബില്ലിന്റെ ഭേദഗതി ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2017-18 അദ്ധ്യയനവർഷം മുതൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒന്നു മുതൽ 10 വരെ ക്ളാസുകളിൽ മലയാളം പഠിപ്പിക്കുന്നത് നിർബന്ധമാക്കുന്നതാണ് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അവതരിപ്പിച്ച ബിൽ.

മാതൃഭാഷ പഠിക്കുന്നത് ഭരണഘടനാപരമായ കാര്യമാണെന്ന് ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു. ഇതുമൂലം ആരുടെയും അവകാശം നഷ്ടപ്പെടില്ല. നിലവിൽ ഏതു ഭാഷ പഠിക്കുന്നവർക്കും പ്രശ്നമില്ല, അവർ മലയാളം കൂടി പഠിക്കണമെന്നു മാത്രം. ഇതിന് വേണ്ട എല്ലാ സൗകര്യവും സർക്കാർ ഒരുക്കും. മലയാളം പഠിക്കുന്നതിലൂടെ ആരുടെയും തൊഴിൽ നഷ്ടപ്പെടില്ല. 1987 മുതൽ ഇതിനുള്ള ശ്രമം നടത്തിവരുന്നു.
ബില്ലിലെ ചില വ്യവസ്ഥകൾ ഭാഷാപരമായ സന്തുലിതാവസ്ഥ മാറുന്നതിന് ഇടയാക്കുമെന്ന് തടസവാദമുന്നയിച്ച് എം. ഉമ്മർ പറഞ്ഞു. അറബി, ഉറുദു പോലുള്ള ന്യൂനപക്ഷ ജനതയുടെ ഭാഷ അന്യമാവും. ഇത് മൗലികാവകാശ ലംഘനവും കേന്ദ്ര നിയമത്തിന് വിരുദ്ധവുമാണ്. ബില്ല് ഇതേരൂപത്തിൽ നിയമമാക്കിയാൽ ഭരണഘടനാപരമായി നിലിനില്പുണ്ടാവില്ല.
മലയാളം നിർബന്ധിതമാക്കുന്നത് പ്രായോഗികമല്ലെന്ന് കെ.എം. മാണിയും പറഞ്ഞു. കേന്ദ്ര അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാവും ഇത്. രാഷ്ട്രപതിയുടെ അനുമതിയും കിട്ടണം. മലയാളത്തിന് ക്ളാസിക്കൽ പദവി കിട്ടിയെങ്കിലും ക്ളാസിൽ പഠിപ്പിക്കുന്ന ഭാഷയായി മാറിയില്ലെന്ന് വി.ടി. ബൽറാം പറഞ്ഞു. ഒറ്റയടിക്ക് നടപ്പാക്കുമ്പോൾ ഭാഷാന്യൂനപക്ഷങ്ങളെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പാക്കണം.
ബിൽ സെലക്ട് കമ്മിറ്റി പരിഗണിക്കുമ്പോൾ അഡ്വക്കേറ്റ് ജനറലിനെ വിളിച്ചുവരുത്തി പോരായ്മകളുണ്ടോ എന്ന് പരിശോധിക്കണമെന്ന് കെ.സി. ജോസഫ് നിർദ്ദേശിച്ചു. പ്രവാസികളുടെ മക്കൾ പഠിക്കുന്നത് മലയാളമല്ല. നാട്ടിലേക്കു വരുമ്പോൾ അവർക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ കൂടി പരിഗണിക്കണം.
എസ്. ശർമ (സി.പി.എം), എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, എൻ.എ. നെല്ലിക്കുന്ന് (ലീഗ്), എൻ. ജയരാജ് (കേരള കോൺഗ്രസ്), പി.സി. ജോർജ്, ജോർജ് ഫെർണാണ്ടസ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.

മെയ്‌ ഒന്ന്‌ മുതൽ ഔദ്യോഗിക ഭാഷ മലയാളം: ഉത്തരവ്‌ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി.

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വിവിധ വകുപ്പുകളിൽ മെയ്‌ ഒന്ന്‌ മുതൽ ഔദ്യോഗികഭാഷ പൂർണമായും മലയാളമാക്കണമെന്ന്‌ ഉത്തരവ്‌.
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ്‌ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്‌ സെക്രട്ടറിയേറ്റ്‌ ഉൾപ്പെടെയുള്ള സർക്കാർ, അർധസർക്കാർ, പൊതുമേഖലാ, സ്വയം ഭരണ, സഹകരണ സ്ഥാപനങ്ങളിൽ ഔദ്യോഗിക ഭാഷ പൂർണമായും മലയാളമാക്കണം. ഭാഷാമാറ്റ നടപടികൾ വിലയിരുത്താൻ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഔദ്യോഗികഭാഷാ ഉന്നതതല സമിതി കേരളത്തിലെ ഭാഷാമാറ്റം തൃപ്തികരമല്ലെന്ന്‌ വിലയിരുത്തിയിരുന്നു.
ഇതേ തുടർന്നാണ്‌ മെയ്‌ ഒന്നു മുതൽ മലയാളം കർശനമായി നടപ്പാക്കണമെന്ന്‌ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ്‌ ഉത്തരവിറക്കിയിട്ടുള്ളത്‌. സംസ്ഥാനത്തെ തമിഴ്‌, കന്നഡ ഭാഷാ ന്യൂനപക്ഷക്കാർക്ക്്‌ ഭരണഭാഷ സംബന്ധിച്ച നിലവിലുള്ള അവകാശങ്ങൾ നിലനിർത്തിയിട്ടുണ്ട്‌. കേന്ദ്ര സർക്കാർ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, ഹൈക്കോടതി, സുപ്രീംകോടതി, ഇതര സംസ്ഥാനങ്ങൾ, മറ്റു രാജ്യങ്ങൾ, സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളായ തമിഴ്‌, കന്നഡ അല്ലാതെയുള്ള മറ്റു ഭാഷാ ന്യൂനപക്ഷക്കാരുമായുള്ള കത്തിടപാടുകൾ, ഇംഗ്ലീഷ്‌ ഉപയോഗിക്കണമെന്ന്‌ ഏതെങ്കിലും നിയമത്തിൽ പ്രത്യേകം പരാമർശമുള്ള സംഗതികൾ എന്നീ സാഹചര്യങ്ങളിൽ കുറിപ്പ്്‌ ഫയൽ മലയാളത്തിലായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി കത്തിടപാടുകൾക്ക്‌ ഇംഗ്ലീഷ്‌ ഉപയോഗിക്കാം. അങ്ങനെയല്ലാത്ത സാഹചര്യങ്ങളിൽ എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കും മെയ്‌ ഒന്ന്‌ മുതൽ മലയാളം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന്‌ എല്ലാ വകുപ്പ്‌ തലവൻമാരും ഓഫീസ്‌ മേധാവികളും ഉറപ്പുവരുത്തേണ്ടതാണെന്നും ഭാഷാമാറ്റ നടപടികൾ മൂന്നുമാസത്തിലൊരിക്കൽ അവലോകനം ചെയ്യണം. ഈ നടപടികളിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

ഭരണഭാഷ മലയാളം: പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ തീരുമാനം.

കണ്ണൂര്‍: ഭരണഭാഷ മലയാളമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഓഫീസുകളിലെയും ഫയല്‍ മലയാളത്തിലാക്കാനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് ജില്ലാതല ഏകോപന സമിതി യോഗം നിര്‍ദേശിച്ചു. രണ്ടുമാസത്തിനകം പൂര്‍ണതോതില്‍ ഭരണഭാഷ മലയാളമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച എഡിഎം ഇ മുഹമ്മദ് യൂസഫ് നിര്‍ദേശിച്ചു. ഓഫീസ് കാര്യങ്ങള്‍ മാതൃഭാഷയിലാക്കണമെന്നതില്‍ നിര്‍ബന്ധബുദ്ധിയോടെയുള്ള സമീപനമാണ് സംസ്ഥാന സര്‍കാരിനുള്ളത്. അതിനനുസരിച്ച് ഫലപ്രദമായ നടപടികള്‍ ജീവനക്കാര്‍ കൈക്കൊള്ളണമെന്നും എഡിഎം ആവശ്യപ്പെട്ടു.
പ്രവര്‍ത്തന പുരോഗതി സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് മുന്നു മാസത്തിലൊരിക്കല്‍ ജില്ലാ മേധാവികള്‍ ഏകോപന സമിതിക്ക് നല്‍കണം. ഓരോ വകുപ്പിലും കൈവരിച്ച നേട്ടം, ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലന പരിപാടികള്‍, ഭരണഭാഷ മലയാളമാക്കാന്‍ വകുപ്പ് തലത്തില്‍ രൂപീകരിച്ച കര്‍മ്മപരിപാടി എന്നിവ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ടുകളാണ് നല്‍കേണ്ടത്. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.

ജന്മഭൂമി: http://www.janmabhumidaily.com/news612515#ixzz4fiCLYrJ2

എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കും.

തിരുവനന്തപുരം ∙ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്വാശ്രയ വിദ്യാലയങ്ങളിലും സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ സിലബസ് പ്രകാരം പഠിപ്പിക്കുന്ന വിദ്യാലയങ്ങളിലും ഹയര്‍ സെക്കണ്ടറി തലം വരെ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കാന്‍ നിയമനിര്‍മാണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഓര്‍ഡിനന്‍സ് ആയി നിയമം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. 

കേരളത്തിലെ ചില വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കുന്നതിനും സംസാരിക്കുന്നതിനും ഇപ്പോഴും വിലക്കുള്ളതായി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ചില അതിര്‍ത്തി പ്രദേശങ്ങളില്‍ മലയാള പഠനത്തിനുള്ള സാഹചര്യം നിലവിലില്ലെന്ന പരാതിയുമുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് അടിയന്തരമായി നിയമം കൊണ്ടുവരുന്നത്.

മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കും.

തിരുവനന്തപുരം: മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകളുടെ അംഗീകാരം പിന്‍വലിക്കുന്നതടക്കമുള്ള വ്യവസ്ഥകളുമായി നിയമംവരുന്നു. പത്താംക്ലാസ് വരെ മലയാളപഠനം നിര്‍ബന്ധമാക്കുന്ന ഓര്‍ഡിനന്‍സിന്റെ കരടാണ് തയാറായിരിക്കുന്നത്.

സി.ബി.എസ്.ഇ.യില്‍ ഹയര്‍ സെക്കന്‍ഡറിക്ക് ഭാഷാപഠനം ഇല്ലാത്തതിനാലാണ് പത്താം ക്ലാസ് വരെയാക്കി ഇത് പരിമിതപ്പെടുത്തിയത്. അടുത്ത മന്ത്രിസഭായോഗത്തില്‍ ഓര്‍ഡിനന്‍സിന്റെ കരട് ചര്‍ച്ചയ്ക്ക് വന്നേക്കും. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകളുടെ അഫിലിയേഷന്‍ അതത് ബോര്‍ഡുകളുമായിട്ടാണ്. അത്തരം സ്‌കൂളുകള്‍ക്ക് നല്‍കുന്ന എതിര്‍പ്പില്ലാ രേഖയാകും (എന്‍.ഒ.സി.) സര്‍ക്കാര്‍ പിന്‍വലിക്കുക. 12 വരെ ഭാഷാപഠനം നിര്‍ബന്ധമാക്കണോയെന്ന കാര്യത്തില്‍ മന്ത്രിസഭ അന്തിമ തീരുമാനമെടുക്കും. അടുത്ത അധ്യയനവര്‍ഷം മുതല്‍ മലയാളപഠനം നിര്‍ബന്ധമാക്കാന്‍ ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാര്‍, എയ്ഡഡ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ.,സ്വാശ്രയ സ്‌കൂളുകളിലെല്ലാം നിയമം ബാധകമായിരിക്കും. ഭാഷാന്യൂനപക്ഷങ്ങളുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളും നിയമം നടപ്പാക്കും. പാഠ്യപദ്ധതിയുടെ ഭാഗമായിട്ടാകും പഠനം. മലയാളത്തിന് പരീക്ഷയും നടത്തണം. വിദേശത്തുനിന്നോ, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ മലയാളം പഠിക്കാതെ ഉയര്‍ന്ന ക്ലാസുകളിലേക്ക് വരുന്ന കുട്ടികളും മലയാളം പഠിക്കണം. അവര്‍ക്ക് ആദ്യവര്‍ഷം പരീക്ഷയുണ്ടാകില്ല. സ്‌കൂളുകളില്‍ കുട്ടികള്‍ മലയാളം സംസാരിക്കുന്നത് വിലക്കുന്നത് നിയമവിരുദ്ധമാണ്. അത്തരം സ്‌കൂളുകള്‍ക്ക് 500 രൂപ പിഴയിടും. മൂന്ന് പ്രാവശ്യം ഇതാവര്‍ത്തിച്ചാല്‍ ആ സ്‌കൂളിന്റെ എന്‍.ഒ.സി. പിന്‍വലിക്കും. സംസ്ഥാനത്ത് അഫിലിയേറ്റ് ചെയ്ത സ്‌കൂളാണെങ്കില്‍ അംഗീകാരം റദ്ദാക്കും. തമിഴ്‌നാട് 2006-ല്‍ പത്താം ക്ലാസ് വരെ തമിഴ് പഠനം നിര്‍ബന്ധമാക്കിയിരുന്നു. ആദ്യ വര്‍ഷം ഒന്നാം ക്ലാസിലും പിന്നീട് ഉയര്‍ന്ന ക്ലാസുകളിലേക്കും വ്യാപിപ്പിച്ചു. മലയാള ഭാഷാപഠനം എല്ലാക്ലാസിലേക്കും ഒരുമിച്ച് തുടങ്ങാനാണ് ഓര്‍ഡിനന്‍സിന്റെ കരടില്‍ നിര്‍ദേശിക്കുന്നത്. ഇക്കാര്യത്തിലും മന്ത്രിസഭയുടെ തീരുമാനം നിര്‍ണായകമാകും. കരിക്കുലത്തിന്റെ ഭാഗമാകണം - പൊതുവിദ്യാഭ്യാസ സെക്രട്ടറി മലയാളഭാഷ പാഠ്യപദ്ധതിയുടെ ഭാഗമായിത്തന്നെ പഠിച്ചാലേ ഉദ്ദേശിക്കുന്നഫലം ലഭിക്കൂവെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് പറഞ്ഞു. നിലവിലുള്ള വിഷയങ്ങള്‍ക്കൊപ്പം ആഡ് ഓണ്‍ വിഷയമായി മലയാളം പഠിച്ചാല്‍ വഴിപാടുപോലാകും. ഒറ്റയടിക്ക് എല്ലാ ക്ലാസുകളിലും നടപ്പാക്കണോ എന്നത് മന്ത്രിസഭ തീരുമാനിക്കണം. തമിഴ്‌നാട്ടില്‍ സമാനരീതിയില്‍ തമിഴ് പഠനം നിര്‍ബന്ധമാക്കിയപ്പോള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടെങ്കിലും കോടതി തീരുമാനം അംഗീകരിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി. ഉയര്‍ന്നക്ലാസുകളില്‍ നിര്‍ബന്ധിക്കരുത് - മാനേജ്‌മെന്റ് അസോസിയേഷന്‍ എട്ടാം ക്ലാസ് വരെ മലയാള ഭാഷ പഠിപ്പിക്കുമെന്ന് സി.ബി.എ്‌സ്.ഇ. മാനേജ്‌മെന്റ് സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം പറഞ്ഞു. എട്ടാം ക്ലാസ് വരെ അതത് സംസ്ഥാനങ്ങളിലെ ഭാഷ പഠിപ്പിക്കുക സി.ബി.എസ്.ഇ. നയമാണ്. എന്നാല്‍ ഒമ്പത്, പത്ത് ക്ലാസുകളില്‍ ഭാഷാ വിഷയങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരം കുട്ടികള്‍ക്കുണ്ട്. മറ്റേതെങ്കിലും ഭാഷ തിരഞ്ഞെടുത്ത കുട്ടി മലയാളവും പഠിക്കണമെന്ന് വന്നാല്‍ അധികഭാരമാകും. ഇത് അഖിലേന്ത്യാ മാതൃകയ്ക്ക് വിരുദ്ധമാകും.