2017, ഏപ്രിൽ 30, ഞായറാഴ്‌ച

മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കും.

തിരുവനന്തപുരം: മലയാളം പഠിപ്പിക്കാത്ത സ്‌കൂളുകളുടെ അംഗീകാരം പിന്‍വലിക്കുന്നതടക്കമുള്ള വ്യവസ്ഥകളുമായി നിയമംവരുന്നു. പത്താംക്ലാസ് വരെ മലയാളപഠനം നിര്‍ബന്ധമാക്കുന്ന ഓര്‍ഡിനന്‍സിന്റെ കരടാണ് തയാറായിരിക്കുന്നത്.

സി.ബി.എസ്.ഇ.യില്‍ ഹയര്‍ സെക്കന്‍ഡറിക്ക് ഭാഷാപഠനം ഇല്ലാത്തതിനാലാണ് പത്താം ക്ലാസ് വരെയാക്കി ഇത് പരിമിതപ്പെടുത്തിയത്. അടുത്ത മന്ത്രിസഭായോഗത്തില്‍ ഓര്‍ഡിനന്‍സിന്റെ കരട് ചര്‍ച്ചയ്ക്ക് വന്നേക്കും. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകളുടെ അഫിലിയേഷന്‍ അതത് ബോര്‍ഡുകളുമായിട്ടാണ്. അത്തരം സ്‌കൂളുകള്‍ക്ക് നല്‍കുന്ന എതിര്‍പ്പില്ലാ രേഖയാകും (എന്‍.ഒ.സി.) സര്‍ക്കാര്‍ പിന്‍വലിക്കുക. 12 വരെ ഭാഷാപഠനം നിര്‍ബന്ധമാക്കണോയെന്ന കാര്യത്തില്‍ മന്ത്രിസഭ അന്തിമ തീരുമാനമെടുക്കും. അടുത്ത അധ്യയനവര്‍ഷം മുതല്‍ മലയാളപഠനം നിര്‍ബന്ധമാക്കാന്‍ ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാര്‍, എയ്ഡഡ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ.,സ്വാശ്രയ സ്‌കൂളുകളിലെല്ലാം നിയമം ബാധകമായിരിക്കും. ഭാഷാന്യൂനപക്ഷങ്ങളുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളും നിയമം നടപ്പാക്കും. പാഠ്യപദ്ധതിയുടെ ഭാഗമായിട്ടാകും പഠനം. മലയാളത്തിന് പരീക്ഷയും നടത്തണം. വിദേശത്തുനിന്നോ, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ മലയാളം പഠിക്കാതെ ഉയര്‍ന്ന ക്ലാസുകളിലേക്ക് വരുന്ന കുട്ടികളും മലയാളം പഠിക്കണം. അവര്‍ക്ക് ആദ്യവര്‍ഷം പരീക്ഷയുണ്ടാകില്ല. സ്‌കൂളുകളില്‍ കുട്ടികള്‍ മലയാളം സംസാരിക്കുന്നത് വിലക്കുന്നത് നിയമവിരുദ്ധമാണ്. അത്തരം സ്‌കൂളുകള്‍ക്ക് 500 രൂപ പിഴയിടും. മൂന്ന് പ്രാവശ്യം ഇതാവര്‍ത്തിച്ചാല്‍ ആ സ്‌കൂളിന്റെ എന്‍.ഒ.സി. പിന്‍വലിക്കും. സംസ്ഥാനത്ത് അഫിലിയേറ്റ് ചെയ്ത സ്‌കൂളാണെങ്കില്‍ അംഗീകാരം റദ്ദാക്കും. തമിഴ്‌നാട് 2006-ല്‍ പത്താം ക്ലാസ് വരെ തമിഴ് പഠനം നിര്‍ബന്ധമാക്കിയിരുന്നു. ആദ്യ വര്‍ഷം ഒന്നാം ക്ലാസിലും പിന്നീട് ഉയര്‍ന്ന ക്ലാസുകളിലേക്കും വ്യാപിപ്പിച്ചു. മലയാള ഭാഷാപഠനം എല്ലാക്ലാസിലേക്കും ഒരുമിച്ച് തുടങ്ങാനാണ് ഓര്‍ഡിനന്‍സിന്റെ കരടില്‍ നിര്‍ദേശിക്കുന്നത്. ഇക്കാര്യത്തിലും മന്ത്രിസഭയുടെ തീരുമാനം നിര്‍ണായകമാകും. കരിക്കുലത്തിന്റെ ഭാഗമാകണം - പൊതുവിദ്യാഭ്യാസ സെക്രട്ടറി മലയാളഭാഷ പാഠ്യപദ്ധതിയുടെ ഭാഗമായിത്തന്നെ പഠിച്ചാലേ ഉദ്ദേശിക്കുന്നഫലം ലഭിക്കൂവെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് പറഞ്ഞു. നിലവിലുള്ള വിഷയങ്ങള്‍ക്കൊപ്പം ആഡ് ഓണ്‍ വിഷയമായി മലയാളം പഠിച്ചാല്‍ വഴിപാടുപോലാകും. ഒറ്റയടിക്ക് എല്ലാ ക്ലാസുകളിലും നടപ്പാക്കണോ എന്നത് മന്ത്രിസഭ തീരുമാനിക്കണം. തമിഴ്‌നാട്ടില്‍ സമാനരീതിയില്‍ തമിഴ് പഠനം നിര്‍ബന്ധമാക്കിയപ്പോള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടെങ്കിലും കോടതി തീരുമാനം അംഗീകരിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി. ഉയര്‍ന്നക്ലാസുകളില്‍ നിര്‍ബന്ധിക്കരുത് - മാനേജ്‌മെന്റ് അസോസിയേഷന്‍ എട്ടാം ക്ലാസ് വരെ മലയാള ഭാഷ പഠിപ്പിക്കുമെന്ന് സി.ബി.എ്‌സ്.ഇ. മാനേജ്‌മെന്റ് സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിം പറഞ്ഞു. എട്ടാം ക്ലാസ് വരെ അതത് സംസ്ഥാനങ്ങളിലെ ഭാഷ പഠിപ്പിക്കുക സി.ബി.എസ്.ഇ. നയമാണ്. എന്നാല്‍ ഒമ്പത്, പത്ത് ക്ലാസുകളില്‍ ഭാഷാ വിഷയങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവസരം കുട്ടികള്‍ക്കുണ്ട്. മറ്റേതെങ്കിലും ഭാഷ തിരഞ്ഞെടുത്ത കുട്ടി മലയാളവും പഠിക്കണമെന്ന് വന്നാല്‍ അധികഭാരമാകും. ഇത് അഖിലേന്ത്യാ മാതൃകയ്ക്ക് വിരുദ്ധമാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.