2017, ഏപ്രിൽ 30, ഞായറാഴ്‌ച

മലയാളം നിർബന്ധമാക്കുന്നതിൽ ആശങ്ക വേണ്ട: മുഖ്യമന്ത്രി

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മലയാള ഭാഷ നിർബന്ധമാക്കുന്നതിൽ ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 2017- ലെ മലയാള ഭാഷ (നിർബന്ധിത ഭാഷ) ബില്ലിന്റെ ഭേദഗതി ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2017-18 അദ്ധ്യയനവർഷം മുതൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒന്നു മുതൽ 10 വരെ ക്ളാസുകളിൽ മലയാളം പഠിപ്പിക്കുന്നത് നിർബന്ധമാക്കുന്നതാണ് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അവതരിപ്പിച്ച ബിൽ.

മാതൃഭാഷ പഠിക്കുന്നത് ഭരണഘടനാപരമായ കാര്യമാണെന്ന് ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി രവീന്ദ്രനാഥ് പറഞ്ഞു. ഇതുമൂലം ആരുടെയും അവകാശം നഷ്ടപ്പെടില്ല. നിലവിൽ ഏതു ഭാഷ പഠിക്കുന്നവർക്കും പ്രശ്നമില്ല, അവർ മലയാളം കൂടി പഠിക്കണമെന്നു മാത്രം. ഇതിന് വേണ്ട എല്ലാ സൗകര്യവും സർക്കാർ ഒരുക്കും. മലയാളം പഠിക്കുന്നതിലൂടെ ആരുടെയും തൊഴിൽ നഷ്ടപ്പെടില്ല. 1987 മുതൽ ഇതിനുള്ള ശ്രമം നടത്തിവരുന്നു.
ബില്ലിലെ ചില വ്യവസ്ഥകൾ ഭാഷാപരമായ സന്തുലിതാവസ്ഥ മാറുന്നതിന് ഇടയാക്കുമെന്ന് തടസവാദമുന്നയിച്ച് എം. ഉമ്മർ പറഞ്ഞു. അറബി, ഉറുദു പോലുള്ള ന്യൂനപക്ഷ ജനതയുടെ ഭാഷ അന്യമാവും. ഇത് മൗലികാവകാശ ലംഘനവും കേന്ദ്ര നിയമത്തിന് വിരുദ്ധവുമാണ്. ബില്ല് ഇതേരൂപത്തിൽ നിയമമാക്കിയാൽ ഭരണഘടനാപരമായി നിലിനില്പുണ്ടാവില്ല.
മലയാളം നിർബന്ധിതമാക്കുന്നത് പ്രായോഗികമല്ലെന്ന് കെ.എം. മാണിയും പറഞ്ഞു. കേന്ദ്ര അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാവും ഇത്. രാഷ്ട്രപതിയുടെ അനുമതിയും കിട്ടണം. മലയാളത്തിന് ക്ളാസിക്കൽ പദവി കിട്ടിയെങ്കിലും ക്ളാസിൽ പഠിപ്പിക്കുന്ന ഭാഷയായി മാറിയില്ലെന്ന് വി.ടി. ബൽറാം പറഞ്ഞു. ഒറ്റയടിക്ക് നടപ്പാക്കുമ്പോൾ ഭാഷാന്യൂനപക്ഷങ്ങളെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പാക്കണം.
ബിൽ സെലക്ട് കമ്മിറ്റി പരിഗണിക്കുമ്പോൾ അഡ്വക്കേറ്റ് ജനറലിനെ വിളിച്ചുവരുത്തി പോരായ്മകളുണ്ടോ എന്ന് പരിശോധിക്കണമെന്ന് കെ.സി. ജോസഫ് നിർദ്ദേശിച്ചു. പ്രവാസികളുടെ മക്കൾ പഠിക്കുന്നത് മലയാളമല്ല. നാട്ടിലേക്കു വരുമ്പോൾ അവർക്കുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ കൂടി പരിഗണിക്കണം.
എസ്. ശർമ (സി.പി.എം), എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, എൻ.എ. നെല്ലിക്കുന്ന് (ലീഗ്), എൻ. ജയരാജ് (കേരള കോൺഗ്രസ്), പി.സി. ജോർജ്, ജോർജ് ഫെർണാണ്ടസ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.