2011, ജനുവരി 28, വെള്ളിയാഴ്‌ച

മലയാളത്തിന് അംഗീകാരം




ഒരു ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയാവുകയാണ് കേരളം. മലയാളം മലയാളിയുടെ ജന്മാവകാശമാണെന്ന്, വൈകിയാണെങ്കിലും ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നു. സ്‌കൂള്‍വിദ്യാഭ്യാസത്തിന്റെ എല്ലാ തട്ടുകളിലും മലയാളം നിര്‍ബന്ധിതപാഠ്യവിഷയമാക്കാനുള്ള ആര്‍.വി.ജി. മേനോന്‍സമിതിയുടെ ശുപാര്‍ശ ജനവരി 25-ന് ചേര്‍ന്ന സംസ്ഥാനമന്ത്രിസഭായോഗം അംഗീകരിച്ചപ്പോള്‍ അതൊരു തെറ്റുതിരുത്തല്‍കൂടിയായി. കേരളത്തിലെ വിദ്യാലയങ്ങളില്‍ ഇത്രകാലവും മാതൃഭാഷയായ മലയാളം പഠിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നില്ല. കേരളസമൂഹത്തിന്റെ പല തലങ്ങളിലുമുള്ളവര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും മാറിമാറിവന്ന ഭരണകൂടങ്ങളെല്ലാം ഇക്കാര്യത്തില്‍ മാതൃഭാഷയെ അവഗണിക്കാനാണ് ശ്രമിച്ചത്. ആര്‍.വി.ജി. മേനോന്‍ അധ്യക്ഷനായുള്ള സമിതിയുടെ ശുപാര്‍ശ നടപ്പാകുന്നതോടെ മലയാളം പഠിക്കാതെ കേരളത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനാവില്ല എന്ന നിലവരും. കേരളീയരുടെ നീണ്ടകാലത്തെ അഭിലാഷമാണ് സംസ്ഥാനഭരണകൂടം സാക്ഷാത്കരിക്കുന്നത്. മലയാളം നിര്‍ബന്ധിതപാഠ്യവിഷയമാക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്ന 'മാതൃഭൂമി' ഈ ചരിത്രമുഹൂര്‍ത്തത്തെ ആഹ്ലാദപൂര്‍വം സ്വാഗതം ചെയ്യുന്നു.

ഇക്കാര്യത്തില്‍ തീരുമാനവും അംഗീകാരവുംമാത്രം പോരാ. നടപ്പാക്കലാണ് പ്രധാനം. ഇല്ലെങ്കില്‍ ഭരണഭാഷ മലയാളമാക്കാന്‍ മുന്‍പെടുത്ത തീരുമാനത്തിന്റെ വിധിതന്നെയാവും ഇതിനും. താഴത്തെത്തട്ടില്‍ മലയാളത്തില്‍ ഭരണം ഏതാണ്ടൊക്കെ നടക്കുന്നുണ്ടെങ്കിലും മേല്‍ത്തട്ടില്‍ മാതൃഭാഷയ്ക്ക് അയിത്തമാണിപ്പോഴും. അത് ഉച്ചാടനംചെയ്യാനുള്ള രാഷ്ട്രീയഇച്ഛാശക്തി ആരും പ്രകടിപ്പിച്ചുകാണുന്നില്ല. നവംബറിലെ ഭരണഭാഷാവാരാഘോഷത്തിലെ ആഹ്വാനങ്ങളും സ്ഥിതിവിവരക്കണക്കുകളുമായി 'ഭരണമലയാളം' അവസാനിക്കുന്നു. വിദ്യാഭ്യാസരംഗത്ത് അതു സംഭവിച്ചുകൂടാ. സമയബദ്ധമായി നിര്‍ബന്ധിതമലയാളപഠനം നടപ്പാക്കുകതന്നെ വേണം. സമിതിയുടെ ശുപാര്‍ശയെപ്പറ്റി വിശദമായ പ്രായോഗികനിര്‍ദേശങ്ങള്‍ നല്‍കാന്‍ എസ്.സി.ഇ.ആര്‍.ടി.യെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പീരിയഡുകള്‍ ക്രമപ്പെടുത്തല്‍, അധ്യാപകതസ്തികകള്‍ നഷ്ടപ്പെടുത്താതെനോക്കല്‍, ചട്ടങ്ങള്‍ പരിഷ്‌കരിക്കല്‍, പാഠപുസ്തകങ്ങള്‍ തയ്യാറാക്കല്‍ തുടങ്ങിയ ചെറിയ കടമ്പകളുണ്ട്. തസ്തികനഷ്ടത്തെപ്പറ്റിയും മറ്റും ആശങ്കയുള്ള വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി യോജിപ്പിലെത്തണം. വിദ്യാഭ്യാസവകുപ്പും പൊതുവിദ്യാഭ്യാസഡയറക്ടറും ഊര്‍ജസ്വലമായി പ്രവര്‍ത്തിച്ചാലേ നടപടികള്‍ വേഗത്തിലാവൂ.

ഏറ്റുമുട്ടലിലൂടെയല്ല സഹകരണത്തിലൂടെയാണ് മാതൃഭാഷാപഠനം നടപ്പാക്കേണ്ടത്. ഭരണകര്‍ത്താക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അധ്യാപകസംഘടനകള്‍ക്കും ബഹുജനങ്ങള്‍ക്കും ആ സഹകരണം ഉറപ്പാക്കാന്‍ ധാര്‍മികബാധ്യതയുണ്ട്. മനസ്സുവെച്ചാല്‍ ജൂണില്‍ പുതിയ വിദ്യാലയവര്‍ഷാരംഭംതൊട്ടുതന്നെ മലയാളം നിര്‍ബന്ധിതപാഠ്യവിഷയമാക്കാനാവും. അതിനായി നടപടികള്‍ വേഗത്തിലാക്കാന്‍ വിദ്യാഭ്യാസവകുപ്പിന്റെ തലപ്പത്തുള്ളവര്‍ നേതൃത്വംനല്‍കണം. പുതിയ വിദ്യാഭ്യാസാവകാശനിയമത്തിന്റെ ഭാഗമായി കേരള വിദ്യാഭ്യാസച്ചട്ടം പരിഷ്‌കരിക്കുന്ന നടപടികള്‍ നടന്നുവരുകയാണിപ്പോള്‍. വിദ്യാഭ്യാസസമ്പ്രദായത്തിന്റെ അലകുംപിടിയും മാറ്റുന്ന ഈ പ്രവര്‍ത്തനത്തിനൊപ്പം മലയാളം നിര്‍ബന്ധിതപാഠ്യവിഷയമാക്കാനുള്ള നടപടികളും നടപ്പാക്കാവുന്നതേയുള്ളൂ. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. തുടങ്ങിയ പാഠ്യപദ്ധതികളില്‍ പഠിക്കുന്നവര്‍ക്ക് മലയാളം തിരഞ്ഞെടുക്കാന്‍ എല്ലാ സ്‌കൂളുകളിലും അവസരമുണ്ടാകണം. ഹയര്‍ സെക്കന്‍ഡറിയില്‍ മറ്റു ഭാഷകള്‍ക്കൊപ്പം മലയാളം തിരഞ്ഞെടുക്കാന്‍ അവസരം ലഭിക്കണം എന്നീ സുപ്രധാനശുപാര്‍ശകള്‍ സമിതി മുന്നോട്ടുവെക്കുന്നുണ്ട്. അങ്ങനെ അവസരമില്ലാതിരിക്കുന്നത് വിദ്യാര്‍ഥികളോടുമാത്രമല്ല, കേരളസംസ്‌കാരത്തോടും മാതൃഭാഷയോടുമുള്ള നീതികേടാണ്. ആ തെറ്റുതിരുത്താനുള്ള ഉത്തരവാദിത്വം ഭരണകര്‍ത്താക്കള്‍ക്കുണ്ട്. മലയാളം ഒരു ഭാഷയുടെ പേരുമാത്രമല്ല, നമ്മുടെ വംശമുദ്രയുമാണ്.

2011, ജനുവരി 27, വ്യാഴാഴ്‌ച

ഡോ. ആര്‍.വി.ജി.മേനോന്‍ അധ്യക്ഷനായുള്ള ഉപസമിതിയുടെ റിപ്പോര്‍ട്ട്

ഡോ. ആര്‍.വി.ജി.മേനോന്‍ അധ്യക്ഷനായുള്ള ഉപസമിതി സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ്ണരൂപം
Mathrubhasha___rvg_Report

2011, ജനുവരി 25, ചൊവ്വാഴ്ച

2011, ജനുവരി 22, ശനിയാഴ്‌ച

മലയാളം ജന്മാവകാശമെന്ന് തിരുവനന്തപുരം പ്രഖ്യാപനം


തിരുവനന്തപുരം: മാതൃഭാഷ പഠിക്കാനും സംസാരിക്കാനും അവകാശമുണ്ട് എന്ന് പ്രഖ്യാപിക്കേണ്ടി വരുന്ന ഗതികേട് ലോകത്തൊരു സമൂഹത്തിനു മാത്രമേ ഉണ്ടാകൂ -മലയാളികള്‍ക്ക്. അതിനാല്‍ത്തന്നെ, പ്രാണവായുവും വെള്ളവും സ്വാതന്ത്ര്യവുംപോലെ മാതൃഭാഷയും മനുഷ്യന്റെ ജന്മാവകാശമാണ് എന്ന പ്രഖ്യാപനം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് അങ്കണത്തില്‍ വെള്ളിയാഴ്ച നടക്കുമ്പോള്‍ പുതിയ ചരിത്രം കുറിക്കപ്പെടുകയായിരുന്നു. മലയാളത്തെ സ്‌നേഹിക്കുന്നവര്‍ ചേര്‍ന്നു രൂപവത്കരിച്ച ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.

മാതൃഭാഷയായ മലയാളം പഠിക്കാതെ തന്നെ ഒരാള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും ജോലി നേടാനും കഴിയുമെന്ന സ്ഥിതി കേരളത്തില്‍ മാത്രമാണുള്ളതെന്ന് പ്രഖ്യാപനം ചൂണ്ടിക്കാട്ടുന്നു. ഈ സ്വാഭിമാനശൂന്യത തിരുത്താനുള്ള മാതൃഭാഷാസ്‌നേഹികളുടെ അഭ്യര്‍ഥനകളോട് സ്വാതന്ത്ര്യലബ്ധിക്കു ശേഷമുണ്ടായ ഭരണകൂടങ്ങളെല്ലാം മുഖംതിരിച്ചു. ജനാധിപത്യവും സ്വാതന്ത്ര്യവും പൂര്‍ണമാകുന്നത് അറിവിന്റെ ഭാഷയും ഭരണത്തിന്റെ ഭാഷയും മാതൃഭാഷ തന്നെയാകുമ്പോഴാണ്. ഭരണഭാഷ പൂര്‍ണമായും മാതൃഭാഷയാകണമെങ്കില്‍ ബിരുദതലംവരെ മലയാളം നിര്‍ബന്ധിത പഠനഭാഷയായിത്തീരണം-ഐക്യമലയാള പ്രസ്ഥാനത്തിന്റെ 'മലയാളാവകാശത്തിനുവേണ്ടിയുള്ള തിരുവനന്തപുരം പ്രഖ്യാപനം' പറയുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ എം.ഫില്‍ വിദ്യാര്‍ഥിനി ലക്ഷ്മീദാസാണ് മലയാളാവകാശ പ്രഖ്യാപനം വായിച്ചത്.

മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയായി ബിരുദതലം വരെ പഠിക്കാനുള്ള അവകാശം മലയാളിക്കുണ്ടാവണമെന്ന് പറയുന്ന പ്രഖ്യാപനം സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ഔദ്യോഗികവും സാമൂഹികവും സാമ്പത്തികവുമായ എല്ലാ ഇടപാടുകളിലും മലയാളത്തിന്റെ ഉപയോഗം നിര്‍ബന്ധിതമായിരിക്കാനുള്ള അവകാശം വേണമെന്ന് ആവശ്യപ്പെടുന്നു. ഇതിനുപുറമെ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും മലയാളം ഉപയോഗിക്കാനുള്ള അവകാശവും ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. മലയാളം പഠിക്കണമെന്നു പറയുമ്പോള്‍ ജാതിയും മതവും ചൂണ്ടിക്കാട്ടി ചിലര്‍ എതിര്‍പ്പു പ്രകടിപ്പിക്കുന്നതിനോടുള്ള പ്രതിരോധവും പ്രഖ്യാപനം ചമയ്ക്കുന്നുണ്ട്. മതം, ജാതി, രാഷ്ട്രീയം, സാംസ്‌കാരിക വ്യത്യാസങ്ങള്‍, വര്‍ഗവ്യത്യാസങ്ങള്‍, വര്‍ണവ്യത്യാസങ്ങള്‍ തുടങ്ങിയവയൊന്നും കേരളീയരുടെ മാതൃഭാഷയായി മലയാളത്തെ ഉയര്‍ത്തിക്കാട്ടുന്നതിന് തടസ്സമാകരുതെന്ന് പ്രഖ്യാപനത്തില്‍ പറയുന്നു.

ഔദ്യോഗിക രേഖകളും അറിയിപ്പുകളും നിയമങ്ങളും നിയമസേവനങ്ങളും മലയാളത്തില്‍ ലഭ്യമാക്കണം. വാമൊഴിയായും വരമൊഴിയായും കേരളത്തിലെ കോടതികളിലും മറ്റു നിയമസ്ഥാപനങ്ങളിലും മലയാളം ഉപയോഗിക്കപ്പെടണം. പൊതുജനോപയോഗത്തിനായി പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍, വഴിപ്പലകകള്‍, ചിഹ്നങ്ങള്‍, ദിശാസൂചകങ്ങള്‍, സ്ഥലസൂചനകള്‍, സുരക്ഷാസൂചനകള്‍, മുന്നറിയിപ്പുകള്‍ തുടങ്ങിയവയിലെല്ലാം മലയാളത്തിനാവണം പ്രാമുഖ്യം. കേരളത്തിനുള്ളില്‍ വിപണനം ചെയ്യപ്പെടുന്ന ഉത്പന്നങ്ങളിലും സേവനങ്ങളിലുമുള്ള ലേബലുകള്‍, ഉപയോഗനിര്‍ദേശങ്ങള്‍, ചേരുവകളുടെ പട്ടിക എന്നിവ മലയാളത്തില്‍ക്കൂടി വേണമെന്നു നിര്‍ബന്ധിക്കണമെന്നും പ്രഖ്യാപനത്തില്‍ ആവശ്യപ്പെട്ടു.

തമിഴിനും തെലുങ്കിനും കന്നഡത്തിനുമെല്ലാം ശ്രേഷ്ഠ പദവി ലഭിച്ചുവെങ്കില്‍ അത് അവിടത്തെ ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ പ്രകാരമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഒ.എന്‍.വി. ചൂണ്ടിക്കാട്ടി. 'മലയാളം ഒന്നാം ഭാഷയാകണം, ശ്രേഷ്ഠഭാഷയുമാകണം. ഇവിടെ ഒന്നാം പന്തിയിലെ ഒന്നാംഇല മലയാളത്തിനാകണം. മറ്റു ഭാഷകള്‍ക്ക് സ്വര്‍ണത്തളികയില്‍ വിളമ്പിയാലും വിരോധമില്ല. സ്വാഭിമാനമില്ലെങ്കില്‍ സ്വാതന്ത്ര്യം പണയപ്പെടും' -അദ്ദേഹം ചൂണ്ടിക്കാട്ടി. ഒ.എന്‍.വി. കുറുപ്പ്, ഡോ.പുതുശ്ശേരി രാമചന്ദ്രന്‍, സുഗതകുമാരി, കാനായി കുഞ്ഞിരാമന്‍, ഡോ. പി.കെ.രാജശേഖരന്‍, മലയാള സമിതി സെക്രട്ടറി ഹരിദാസന്‍, ഖജാന്‍ജി ആര്‍. നന്ദകുമാര്‍ എന്നിവര്‍ മലയാളാവകാശ പ്രഖ്യാപനത്തിന് നേതൃത്വം നല്‍കി.

2011, ജനുവരി 18, ചൊവ്വാഴ്ച

മലയാളത്തെ ജീവല്‍ഭാഷയാക്കുക - മാതൃഭൂമി എഡിറ്റോറിയല്‍


Posted on: 18 Jan 2011


മാതൃഭാഷ സംസാരിക്കാനും സ്വകാര്യവും പൊതുവും ഔദ്യോഗികവുമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും ഒരു ജനതയ്ക്ക് മൗലികമായ അവകാശമുണ്ട്. ജനത തിരഞ്ഞെടുത്തിട്ടുള്ള ഭരണകൂടത്തിനാകട്ടെ മാതൃഭാഷ നിലനിര്‍ത്താന്‍മാത്രമല്ല, അതിന്റെ നാനാമുഖമായ വികാസത്തിനും പരിപോഷണത്തിനും വേണ്ട നടപടികള്‍ എടുക്കാനുള്ള ബാധ്യതയുമുണ്ട്. പലതരത്തിലുള്ള വെല്ലുവിളികള്‍ നമ്മുടെ മാതൃഭാഷയായ മലയാളം നേരിടുന്ന സമകാലികാവസ്ഥയില്‍ സംസ്ഥാനഭരണകൂടത്തിന്റെ ഉത്തരവാദിത്വം വളരെ വലുതാണ്. മലയാളത്തിന് ശ്രേഷ്ഠഭാഷാ (ക്ലാസിക്കല്‍) പദവി കിട്ടുന്നതിനുള്ള അര്‍ഹത വിശദീകരിച്ചുകൊണ്ടുള്ള നിവേദനം ജനവരി 15-ന് സാംസ്‌കാരിക-വിദ്യാഭ്യാസമന്ത്രി എം.എ. ബേബി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന് സമര്‍പ്പിക്കുകയുണ്ടായി. രണ്ടാഴ്ചയ്ക്കുള്ളില്‍ വേണ്ട നടപടികള്‍ എടുക്കാമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിട്ടുള്ളത്. ആയിരം വര്‍ഷത്തെ സ്വതന്ത്ര സാഹിത്യസംസ്‌കാരവും അതിനുമപ്പുറത്തേക്കു നീളുന്ന വാമൊഴിപാരമ്പര്യവും മലയാളത്തിനുണ്ടെന്നു സമര്‍ഥിക്കുന്ന ഒരു വിശദീകരണപ്രബന്ധവും മൂന്നു വാള്യത്തിലുള്ള സഹായകരേഖാസമുച്ചയവുമാണ് കേരളം സമര്‍പ്പിച്ചിരിക്കുന്നത്. ഇനി വേണ്ടത് രാഷ്ട്രീയതീരുമാനമാണ്.

ശ്രേഷ്ഠഭാഷാപദവിയുടെ ലഭ്യതയും അതിന്റെ ഭാഗമായി കിട്ടുന്ന ധനവും മലയാളഭാഷയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ഉപകരിക്കുമെങ്കില്‍ മാതൃഭാഷാവിരോധികള്‍പോലും എതിര്‍ക്കുകയില്ല. ശ്രേഷ്ഠഭാഷാപദവിക്കുവേണ്ടിയുള്ള സമ്മര്‍ദങ്ങള്‍ക്കൊപ്പം മാതൃഭാഷയുടെ ഇന്നത്തെ സ്ഥിതിയെക്കുറിച്ചുകൂടി ചിന്തിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കും വിദ്യാഭ്യാസവിചക്ഷണര്‍ക്കും മറ്റും ഉത്തരവാദിത്വമുണ്ട്. ക്ലാസിക്കലാവാന്‍ ശ്രമിക്കുമ്പോഴും ക്ലാസില്‍ പഠിക്കണമെന്നു നിര്‍ബന്ധമില്ലാത്ത ഭാഷയാണ് കേരളത്തില്‍ മലയാളം. നമ്മുടെ ഭാഷ ആധുനികമായ ആവശ്യങ്ങള്‍ക്കനുസരിച്ച് നവീകരിക്കപ്പെടുന്നുവെന്നും അത്തരം ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള പദസമ്പത്ത് ആര്‍ജിക്കുന്നുണ്ടെന്നും സൂക്ഷ്മദൃഷ്ടിയുള്ള ആര്‍ക്കും പറയാനാവില്ല. ഉപയോഗക്ഷമവും സ്വീകാര്യവുമായ പദങ്ങളും സാങ്കേതികസംജ്ഞകളും രൂപപ്പെടുത്തുന്നതില്‍ അതിനു ചുമതലയുള്ള സ്ഥാപനങ്ങള്‍ വേണ്ടത്ര ഔത്സുക്യം കാണിക്കുന്നില്ല. മറുഭാഷാപദങ്ങള്‍ അതേപടി സ്വീകരിച്ച് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയോ തത്കാലത്തേക്കു കാര്യം കാണുകയോ ആയിരിക്കുന്നു നമ്മുടെ പതിവ്. മലയാളത്തെ ജീവല്‍ഭാഷയായി നിലനിര്‍ത്താനുള്ള അത്തരം ക്രിയാത്മകശ്രമങ്ങള്‍ ഉണ്ടായില്ലെങ്കില്‍ നാം നേടാന്‍ ശ്രമിക്കുന്ന ശ്രേഷ്ഠപദവികൊണ്ടു ഫലമില്ലാതെവരും.

വിദ്യാഭ്യാസമാണ് മാതൃഭാഷയുടെ പ്രാണന്‍ നിലനിര്‍ത്തുന്നത്. ത്രിഭാഷാപദ്ധതിയിലൂന്നുന്ന ദേശീയപാഠ്യപദ്ധതി ചട്ടക്കൂടും അതിന്റെ മാതൃകയില്‍ സംസ്ഥാനസര്‍ക്കാര്‍ രൂപപ്പെടുത്തിയ കേരള പാഠ്യപദ്ധതി ചട്ടക്കൂടും മാതൃഭാഷാപഠനത്തെപ്പറ്റി വാചാലമാവുന്നുണ്ട്. ഒന്നാംഭാഷ എവിടെയും തദ്ദേശീയഭാഷ അഥവാ, മാതൃഭാഷതന്നെയായിരിക്കണമെന്ന് ദേശീയപാഠ്യപദ്ധതി ചട്ടക്കൂട് അനുശാസിക്കുന്നു. കേരള പാഠ്യപദ്ധതി ചട്ടക്കൂട് കുറേക്കൂടി തീക്ഷ്ണമായാണ് മാതൃഭാഷാ പഠനത്തെപ്പറ്റി നിര്‍ദേശിക്കുന്നത്. ''മാതൃഭാഷാപഠനത്തില്‍ സമഗ്രതയും സാര്‍വത്രികതയും ഉറപ്പുവരുത്താന്‍ ഇനിയും നമുക്കു കഴിഞ്ഞിട്ടില്ല. മലയാളമറിയാത്ത മലയാളി എന്ന അഭിമാനംകൊള്ളല്‍ കേരളീയരുടെ സാമൂഹികബോധത്തിന് ഏല്പിച്ചിട്ടുള്ള ക്ഷതങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങുന്നതേയുള്ളൂ. ഇന്ത്യയിലെവിടെയും സ്‌കൂള്‍തലത്തില്‍ മാതൃഭാഷ നിര്‍ബന്ധിതമാവുമ്പോള്‍ മാതൃഭാഷ ഒഴിവാക്കിക്കൊണ്ട് സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കേരളത്തില്‍ അവസരമുണ്ട്'' എന്ന ആത്മവിമര്‍ശനം നടത്തുകയാണ് എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കിയ ആ നയരേഖ. മലയാളം ജീവല്‍ഭാഷയാകണമെങ്കില്‍ അത് വിദ്യാലയങ്ങളില്‍ നിര്‍ബന്ധമായും പഠിക്കുന്നതും നിരന്തരമായി പുതുക്കപ്പെടുന്നതുമായേ തീരൂ. ഇക്കാര്യ ത്തില്‍, പ്രീണനങ്ങള്‍ക്കും തത്കാലലാഭങ്ങള്‍ക്കുംവേണ്ടി മടിച്ചുനില്‍ക്കാതെ അധികൃതര്‍ മുന്നോട്ടുപോവുകയാണ് വേണ്ടത്. മലയാളം കേരളീയരുടെ മൗലികാവകാശമാണെന്ന പ്രഖ്യാപനമാണ് ശ്രേഷ്ഠമായ ഭാഷാനയം.

2011, ജനുവരി 7, വെള്ളിയാഴ്‌ച

മലയാള ഐക്യവേദിയുടെ വിജയം...


എല്ലാ സ്‌കൂളിലും മലയാളപഠനം നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ

Posted on: 07 Jan 2011

അനീഷ് ജേക്കബ്ബ്‌



* പത്താം ക്ലാസ്‌വരെ മലയാളം ഒന്നാം ഭാഷയാക്കണം
* ഹയര്‍സെക്കന്‍ഡറിയില്‍ മലയാളപഠനത്തിന് അവസരംവേണം
* മലയാളം പഠിക്കാതെ സ്‌കൂള്‍ ഫൈനല്‍ പാസാകാനാകില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ മലയാളഭാഷാ പഠനം നിര്‍ബന്ധിതമാക്കണമെന്ന് ശുപാര്‍ശ ചെയ്യാന്‍ ഇതുസംബന്ധിച്ച് പഠനം നടത്തിയ സമിതിയില്‍ ധാരണയായി. പത്താം ക്ലാസ്സുവരെ മലയാളം ഒന്നാം ഭാഷയായിത്തന്നെ പഠിപ്പിക്കണമെന്നും 11, 12 ക്ലാസുകളില്‍ മലയാളം പഠിക്കുന്നതിന് എല്ലാ സ്‌കൂളുകളിലും അവസരം ഉണ്ടാകണമെന്നുമാണ് സമിതി നിര്‍ദേശിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിന്റെ യോഗ്യതാമാനദണ്ഡമായി മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കും. മലയാളം പഠിക്കാതെ പത്താംതരം ജയിക്കാന്‍ അവസരം നല്‍കരുതെന്നും ശുപാര്‍ശ ചെയ്യാനാണ് ധാരണ.

ആര്‍.വി.ജി. മേനോന്‍ അധ്യക്ഷനായ കമ്മിറ്റിയാണ് ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. കമ്മിറ്റി ഒരു സിറ്റിങ്കൂടി നടത്തി റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കും. റിപ്പോര്‍ട്ട് ഈ മാസംതന്നെ സര്‍ക്കാരിന് സമര്‍പ്പിക്കും.

ഇപ്പോള്‍ നാലാം ക്ലാസ്‌വരെ എല്ലാ വിഭാഗം സ്‌കൂളുകളിലും മലയാളം പഠിപ്പിക്കുന്നുണ്ട്. കൂടാതെ ഇംഗ്ലീഷും ഒന്നു മുതല്‍ പഠിക്കാനുള്ള ക്രമീകരണമുണ്ട്. താത്പര്യമുള്ളവര്‍ക്ക് അറബിക് പഠിക്കാനുള്ള അവസരം അധികമായി നല്‍കുന്നുമുണ്ട്.

അഞ്ചു മുതലുള്ള ക്ലാസുകളിലാണ് മലയാളപഠനം മറ്റ് ഭാഷകള്‍ക്കായി വഴിമാറിക്കൊടുക്കുന്നത്. അഞ്ചു മുതല്‍ ഏഴുവരെയുള്ള ക്ലാസുകളില്‍ മലയാളം ഒന്നാം ഭാഷയാണെങ്കിലും അറബിക്, ഉര്‍ദു, സംസ്‌കൃതം എന്നീ ഭാഷകളും മലയാളത്തോടൊപ്പം ഒന്നാം ഭാഷയാണ്. ഒന്നാം ഭാഷക്ക് രണ്ടുപേപ്പറുകളുണ്ട്. ഒന്നാം പേപ്പറായി ഈ നാലു ഭാഷകളില്‍ ഏതെങ്കിലും ഒന്ന് പഠിച്ചാല്‍ മതിയാകും. ഒന്നാം ഭാഷക്ക് ആഴ്ചയില്‍ ആകെ ആറുപീരിയഡ് ഉള്ളതില്‍ നാലു പീരിയഡും ഒന്നാം പേപ്പറിനാണ്. ബാക്കി രണ്ട് പീരിയഡില്‍ രണ്ടാം പേപ്പറായി മലയാളമാണ് പഠിക്കേണ്ടത്. ഒന്നാം പേപ്പറായി മറ്റ് ഭാഷകള്‍ പഠിക്കുന്ന കുട്ടിക്ക്ആകെ രണ്ട് പീരിയഡുകളേ മലയാളത്തിനായി ലഭിക്കൂവെന്നതാണ് ന്യൂനത.

എട്ടു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലും ഒന്നാം ഭാഷ മലയാളമാണെങ്കിലും മറ്റ് ഭാഷകള്‍ മാതൃഭാഷാ പഠനത്തെ വിഴുങ്ങുന്ന അവസ്ഥയുണ്ട്. ഇതിനുപുറമെ ഭാഷാ ന്യൂനപക്ഷങ്ങളായ തമിഴ്, കന്നട വിഭാഗക്കാര്‍ക്ക് മലയാളത്തിന് തുല്യമായി അവരുടെ മാതൃഭാഷ പഠിച്ചാല്‍ മതിയാകും. സംസ്ഥാനത്തുള്ള ഗുജറാത്തി സ്‌കൂളുകളില്‍ പഠനമാധ്യമം ഇംഗ്ലീഷാണ്. മാതൃഭാഷയായി ഗുജറാത്തിയും പഠിപ്പിക്കുന്നു.സംസ്‌കൃതം, അറബിക് ഓറിയന്റല്‍ സ്‌കൂളുകളില്‍ മലയാളം പഠിക്കേണ്ടതേയില്ല.

അവിടെ ഒന്നാംഭാഷയിലെ രണ്ട് പേപ്പറുകളും അറബിയോ സംസ്‌കൃതമോ ആണ്. എന്നാല്‍ മലയാളം പ്രൈമറി ക്ലാസുകളില്‍ പഠിപ്പിക്കേണ്ട ടി.ടി.സി. കോഴ്‌സിന് ഇവിടെ പഠിച്ച വിദ്യാര്‍ഥികള്‍ക്കും ചേരാമെന്ന വൈരുദ്ധ്യവുമുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കുടിയേറി വരുന്നവര്‍ക്കായി ഒന്നാം ഭാഷയായി സ്‌പെഷ്യല്‍ ഇംഗ്ലീഷ് പഠിക്കാനുള്ള സൗകര്യവും നല്‍കിവരുന്നു. ഈ വിഭാഗങ്ങളിലൊക്കെ ഒന്നാംഭാഷയായി മലയാളം പഠിപ്പിക്കണമെന്നതാണ് സമിതിയുടെ ശുപാര്‍ശ.

ഒന്നാം പേപ്പറിനുള്ള ആഴ്ചയിലെ നാലു പീരിയഡ് മലയാളത്തിനായി ലഭിക്കണം. ഇതിനായി കൂടുതല്‍ പീരിയഡുകള്‍ വേണ്ടിവരും. മറ്റ് ഭാഷകളുടെ പീരിയഡുകള്‍ കുറച്ചിട്ടുവേണോ അതോ പുതുതായി പീരിയഡുകള്‍ സൃഷ്ടിച്ചുവേണോ മലയാളത്തിനായി കൂടുതല്‍ സമയം കണ്ടെത്തേണ്ടതെന്ന് സര്‍ക്കാര്‍ തീരുമാനിക്കേണ്ടിവരും. കൂടുതല്‍ പീരിയഡുകള്‍ വരുന്നതുകൊണ്ട് അധികമായി കൂടുതല്‍ അധ്യാപകരെ വേണ്ടിവരില്ലെന്ന് കണക്കാക്കുന്നു. തിട്ടപ്പെടുത്തിയിട്ടുള്ള നിശ്ചിത പീരിയഡുകള്‍ പല ഭാഷാ അധ്യാപകര്‍ക്കും ഇപ്പോള്‍ തന്നെ എടുക്കേണ്ടിവരുന്നില്ല.

എന്നാല്‍ അറബി, സംസ്‌കൃതം എന്നീ ഭാഷകളുടെ പീരിയഡുകള്‍ കുറയ്ക്കുന്നത് അതത് ഭാഷകളുമായി വൈകാരികമായി ബന്ധപ്പെട്ട മതവിഭാഗങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. മാതൃഭാഷയോടുള്ള കരുതലിനെക്കാളുപരി തങ്ങളുടെ മതവിഭാഗങ്ങളോടുള്ള നീക്കമായാണ് ഇതിനെ സമുദായനേതൃത്വം കാണുന്നത്. അതുകൊണ്ടുതന്നെ പീരിയഡുകള്‍ എങ്ങനെ ക്രമീകരിക്കുമെന്ന കാര്യത്തില്‍ ഒരു നിര്‍ദേശം ഇനിയും രൂപപ്പെട്ടിട്ടില്ല.

ഹയര്‍സെക്കന്‍ഡറിയില്‍ മറ്റ് ഭാഷകളോടൊപ്പം മലയാളവും തിരഞ്ഞെടുക്കാനുള്ളവയുടെ പട്ടികയില്‍ ഉണ്ടാകണം. സംസ്ഥാന സിലബസില്‍ ഇതിനുള്ള അവസരം ഇപ്പോഴുണ്ട്. ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സിലബസുകളില്‍ മലയാളം തിരഞ്ഞെടുക്കുന്നതിനുള്ള അവസരം എല്ലാ സ്‌കൂളുകളിലും ഉണ്ടാകണമെന്നതാണ് സമിതിയുടെ ശുപാര്‍ശ.

മറ്റ് സംസ്ഥാനങ്ങള്‍ മാതൃഭാഷക്ക് നല്‍കുന്ന പ്രാധാന്യം സമിതിയെടുത്തുകാട്ടുന്നു. ആന്ധ്രാപ്രദേശില്‍ തെലുങ്ക് മാതൃഭാഷയായിട്ടുള്ളവര്‍ 1-10 വരെ നിര്‍ബന്ധമായും തെലുങ്ക് ഒന്നാം ഭാഷയായി പഠിക്കണം. ഉര്‍ദു മാതൃഭാഷയായിട്ടുള്ളവര്‍ എല്ലാ ക്ലാസിലും ഒരു നിര്‍ബന്ധിതഭാഷയായും തെലുങ്ക് പഠിക്കണം. കര്‍ണാടകയില്‍ 1-7 വരെ കന്നഡ ഒന്നാംഭാഷയായി പഠിക്കണം. 8-12 വരെയുള്ള ക്ലാസുകളില്‍ ഒരു ഭാഷയെന്ന നിലയിലും കന്നഡ പഠിക്കണം. കേന്ദ്ര സിലബസിലും കന്നഡ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം നടന്നുവരുന്നു.

തമിഴ്‌നാട് ഇക്കാര്യത്തില്‍ ഏറെ മുന്നിലാണ്. അവിടെ 1-12 വരെ ഒന്നാം ഭാഷ തമിഴ് തന്നെയാണ്. ഇതോടൊപ്പം മലയാളമടക്കമുള്ള ഭാഷകള്‍ തിരഞ്ഞെടുക്കാന്‍ അവസരമുണ്ടായിരുന്നെങ്കിലും പിന്നീടത് പിന്‍വലിച്ചു. ഇപ്പോള്‍ 1-10 വരെയുള്ള ക്ലാസുകളില്‍ തമിഴ് നിര്‍ബന്ധിതഭാഷയാണ്. ഇതിനെതിരെ മലയാളിസമാജം സുപ്രീംകോടതി വരെ പോയെങ്കിലും വിജയിച്ചില്ല. ഓപ്ഷണലായി മറ്റ് ഭാഷകള്‍ പഠിക്കാന്‍ അവസരം നല്‍കുന്നുണ്ടെന്നു മാത്രം.

ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ സി.പി. മുഹമ്മദ് ഈയാവശ്യമുന്നയിച്ച് സബ്മിഷന്‍ ഉന്നയിച്ചിരുന്നു. പതിറ്റാണ്ടുകള്‍ക്കപ്പുറത്ത് നമ്മുടെ വിദ്യാഭ്യാസവകുപ്പിന് പറ്റിയ തെറ്റാണിതെന്നും അത് തിരുത്തേണ്ടതാണെന്നുമാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. വിദഗ്ദ്ധസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ആര്‍.വി.ജി. മേനോന്‍ അധ്യക്ഷനായ കമ്മിറ്റിയില്‍ അധ്യാപക പ്രതിനിധികളായ സി.ഉസ്മാന്‍, എന്‍. ശ്രീകുമാര്‍, ചുനക്കര ഹനീഫ, ആര്‍. രാജലക്ഷ്മി, ഡി.പി.ഐ. മുഹമ്മദ് ഹനീഷ്, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കെ. സുനന്ദകുമാരി തുടങ്ങിയവര്‍ അംഗങ്ങളാണ്.

2011, ജനുവരി 5, ബുധനാഴ്‌ച

വേണം മലയാള സര്‍വകലാശാല


വേണം മലയാള സര്‍വകലാശാല
ഡോ. എ.എം. ഉണ്ണികൃഷ്ണന്‍
മലയാള സര്‍വകലാശാലയ്ക്ക് വേണ്ടിയുള്ള ആവശ്യം ഉന്നയിക്കപ്പെട്ടിട്ട് കാലമേറെയായി. പക്ഷേ, അധികാരികളുടെ കാതുകളില്‍ അത് ഇന്നുവരെ ചെന്നെത്തിയിട്ടില്ല. കേരളത്തില്‍ മലയാളത്തിന്റെ നില ഏറ്റവും ശോചനീയമാണ്. നമ്മുടെ വിദ്യാഭ്യാസത്തില്‍ മലയാളത്തിന് നീക്കിവെച്ചിരിക്കുന്ന രണ്ടാംകിട പദവിയും ഔദ്യോഗികരംഗത്തും മറ്റും അതിന് കല്പിക്കുന്ന പാതിത്യവും ഇക്കാര്യം വ്യക്തമാക്കുന്നു. മലയാളിക്ക് മലയാളം ശരിയായി സ്വാംശീകരിക്കാനുള്ള അവസരം പോലും നിഷേധിക്കുന്ന മട്ടിലാണ് ഉത്തരവാദപ്പെട്ടവര്‍ അതിനോട് അനുവര്‍ത്തിച്ചുവരുന്ന ചിറ്റമ്മനയം. ഇതിന് മാറ്റംവരുത്താവുന്ന ഒരു ശ്രമവും ഒരിടത്തും നടക്കുന്നില്ല. മലയാളത്തിനുവേണ്ടി ഒരു സര്‍വകലാശാല സ്ഥാപിതമായാല്‍ ഈ ദുരവസ്ഥയ്ക്ക് നല്ല പരിഹാരമാകും. സ്വന്തം ഭാഷയിലും സംസ്‌കാരത്തിലും അഭിമാനവും വിശ്വാസവുമുള്ള സമൂഹങ്ങള്‍ ചെയ്തിട്ടുള്ളത് അതാണ്.
മലയാള സര്‍വകലാശാലയ്‌ക്കെതിരെ രണ്ട് വാദങ്ങളാണ് ചിലര്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. അതിലൊന്ന്, മലയാളം നമ്മുടെ മാതൃഭാഷയല്ലേ, അതിന് ഒരു സര്‍വകലാശാല വേണമോ എന്നതാണ്. എന്നാല്‍, ഇത് ഒട്ടും ശരിയല്ല എന്നാണല്ലോ മുകളില്‍ വിവരിച്ച വസ്തുതകള്‍ ബോധ്യമാക്കുന്നത്.
മറ്റൊന്ന്, ഒരു വിഷയത്തിന് മാത്രമായി ഒരു സര്‍വകലാശാല ആവശ്യമുണ്ടോ എന്നതാണ്. ഇത് മലയാള സര്‍വകലാശാല എന്ന പേര് മലയാളം എന്ന വിഷയത്തെമാത്രം പ്രതിനിധാനം ചെയ്യുന്നു എന്ന തെറ്റിദ്ധാരണയില്‍നിന്ന് ഉണ്ടാകുന്നതാണ്. മലയാള സര്‍വകലാശാലയുടെ വിവക്ഷിതം, അത് കേവലം മലയാളഭാഷയ്ക്കും സാഹിത്യത്തിനും വേണ്ടിയുള്ളതല്ല; മലയാളിയുടെ ജീവിതത്തോടുബന്ധപ്പെട്ട സകലജ്ഞാനമണ്ഡലങ്ങളെയും ഉള്‍ക്കൊള്ളുന്ന നിരവധി പഠനഗവേഷണാദി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസകേന്ദ്രം എന്നതാണ്. മലയാളിയുടെ ജീവിതത്തിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയുമായി ചേര്‍ന്നുനില്‍ക്കുന്നതായി എന്തൊക്കെയുണ്ടോ അവയെല്ലാം അവിടെ നടക്കുന്ന ഗവേഷണങ്ങളില്‍ ഉണ്ടായിരിക്കണം. അങ്ങനെയാകുമ്പോള്‍ നമ്മുടെ ചരിത്രവും ശാസ്ത്രവും സംസ്‌കാരവും ദര്‍ശനവും മാത്രമല്ല, ആധുനികവിജ്ഞാനങ്ങള്‍ പോലും മലയാളത്തില്‍ പഠിക്കാനും പഠിപ്പിക്കാനുമുള്ള സൗകര്യം സൃഷ്ടിക്കപ്പെടും. അതായത്, ഭാഷയ്ക്കും സാഹിത്യത്തിനും അപ്പുറം ശാസ്ത്രസാങ്കേതികവിദ്യകള്‍ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുംവിധമുള്ള മലയാളത്തിന്റെ വികസനമായിരിക്കും മലയാള സര്‍വകലാശാല നിര്‍വഹിക്കുന്ന സാമൂഹികോത്തരവാദിത്വം. ഇത് മലയാളിയുടെ ആത്മവിശ്വാസവും പൈതൃകത്തോടുള്ള പ്രതിജ്ഞാബദ്ധതയും വര്‍ധിപ്പിക്കുമെന്നുറപ്പാണ്.
''മലയാളത്തിനുവേണ്ടി ഒരു സര്‍വകലാശാലയോ'' എന്ന സന്ദേഹം ഇനിയും തീരാത്തവരോട് ഒരുകാര്യം കൂടി പറഞ്ഞോട്ടെ. ലോകത്ത് ഇത്തരം ഏകവിഷയാധിഷ്ഠിത സര്‍വകലാശാലകള്‍ നൂറുകണക്കിനുണ്ട്. ഉദാഹരണങ്ങള്‍ നിരത്തുന്നില്ല. അവയില്‍ പലതും നമ്മുടേതിനെക്കാള്‍ വികാസവും പുരോഗതിയും കൈവരിച്ച നാടുകളിലാണ് ഏറെക്കാലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മാതൃഭാഷാ സര്‍വകലാശാലകളാകട്ടെ, നമ്മുടെ അയല്‍സംസ്ഥാനങ്ങളില്‍ത്തന്നെ നാലെണ്ണമുണ്ട്. തഞ്ചാവൂരിലെ തമിഴ് സര്‍വകലാശാല, ഹൈദരാബാദിലെ തെലുങ്കു സര്‍വകലാശാല, ഹംപിയിലെ കന്നഡ സര്‍വകലാശാല, കുപ്പത്തെ ദ്രവീഡിയന്‍ സര്‍വകലാശാല എന്നിവയാണവ. ദക്ഷിണേന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് മാതൃഭാഷാസര്‍വകലാശാല ഇല്ലാത്തത്.
എന്തിന് മറ്റുസ്ഥലങ്ങളിലേക്കു നോക്കണം? കേരളത്തില്‍ത്തന്നെയുണ്ടല്ലോ എത്രയോ ഏകവിഷയാധിഷ്ഠിത സര്‍വകലാശാലകള്‍. കാര്‍ഷിക സര്‍വകലാശാല, നിയമ സര്‍വകലാശാല, മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, വെറ്ററിനറി യൂണിവേഴ്‌സിറ്റി, ഫിഷറീസ് യൂണിവേഴ്‌സിറ്റി, സഹകരണ സര്‍വകലാശാല ഇവയൊക്കെ കേരളത്തില്‍ത്തന്നെയല്ലേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അഥവാ പ്രവര്‍ത്തനം തുടങ്ങാന്‍ പോകുന്നത്? എങ്കില്‍, നമ്മുടെ സ്വന്തം സംസ്‌കാരത്തിനും ഭാഷാസാഹിത്യങ്ങള്‍ക്കും വേണ്ടിയുള്ള മലയാള സര്‍വകലാശാല സ്ഥാപിക്കുന്നതില്‍ മാത്രം എന്തു തടസ്സമാണുള്ളത്?
മുകളില്‍പ്പറഞ്ഞ സര്‍വകലാശാലകളൊക്കെ കേരളത്തിന്റെ അഭിമാനവും മുതല്‍ക്കൂട്ടുമാണെന്നതില്‍ സംശയമില്ല. എന്നാല്‍, ഇവയിലേതെങ്കിലും ഒന്ന് ഇവിടെ സ്ഥാപിതമായില്ല എന്നതുകൊണ്ട് എന്ത് കോട്ടമാണ് മലയാളിയുടെ ജീവിതത്തില്‍ സംഭവിക്കുമായിരുന്നത്? എന്നുതന്നെയല്ല, ഇവയില്‍ പലതും ലോകത്തെവിടെ വേണമെങ്കിലും തുടങ്ങാവുന്നതും അവയുടെ പ്രയോജനം നമുക്കുകൂടി അനുഭവിക്കാവുന്നതുമല്ലേയുള്ളൂ?
എന്നാല്‍, ഇങ്ങനെയാണോ മലയാള സര്‍വകലാശാലയുടെ കാര്യം? കേരളത്തിന്റെ മണ്ണിലല്ലാതെ മറ്റൊരിടത്തും മലയാള സര്‍വകലാശാല സ്ഥാപിക്കാനാവുകയില്ലല്ലോ. എന്നിട്ടും എന്തേ ഈ മണ്ണില്‍ മലയാള സര്‍വകലാശാല മാത്രം സ്ഥാപിക്കാന്‍ തയ്യാറാകാതിരിക്കുന്നത്?
ഇവിടെയാണ് മലയാളിയുടെ ഇരട്ടത്താപ്പ് വ്യക്തമാകുന്നത്. മിഥ്യകളില്‍ അഭിരമിക്കുകയും തനതായതിനോടൊക്കെ തികഞ്ഞ അവജ്ഞ പുലര്‍ത്തുകയുമാണല്ലോ മലയാളിയുടെ ശീലം. ഇതിനിടയില്‍ സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് നാമൊട്ടറിയുകയുമില്ല.
ഇപ്പോള്‍ ക്ലാസിക്കല്‍പദവി ലഭിക്കുന്നതിനുവേണ്ടി മലയാളത്തിന്റെ പഴക്കത്തെയും മറ്റു സമ്പത്തുകളെയും കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണല്ലോ. അത് പല പുതിയ കണ്ടെത്തലുകളിലേക്കും നമ്മെ കൊണ്ടെത്തിച്ചിട്ടുണ്ട്. മലയാളത്തിന്റെ പഴക്കം നാം വിചാരിച്ചതുപോലെ ആറോ ഏഴോ നൂറ്റാണ്ടല്ല, അതിന്റെ ഇരട്ടിയിലധികമാണ്. അതായത്, കന്നഡത്തിന് ഏറെ പുറകിലുമല്ല, ഏതാണ്ടു തെലുങ്കിനൊപ്പവുമാണ് മലയാളം സ്വതന്ത്രഭാഷയാകാന്‍ തുടങ്ങിയത്. പക്ഷേ, ആ ഭാഷകള്‍ക്ക് അവിടത്തെ ജനങ്ങളും ഭരണകൂടങ്ങളും നല്‍കിക്കൊണ്ടിരിക്കുന്ന സ്‌നേഹപരിചരണങ്ങളുടെ ഒരംശം പോലും കേരളത്തില്‍ മലയാളത്തിനു കിട്ടുന്നില്ലല്ലോ. ആ ഭാഷകളൊക്കെ ഇതിനകം ക്ലാസിക്കല്‍പദവിയും അനുബന്ധനേട്ടങ്ങളും സ്വന്തമാക്കിക്കഴിഞ്ഞിരിക്കുന്നു. മാതൃഭാഷാഭിവൃദ്ധിക്കുവേണ്ടിയുള്ള നിരന്തരശ്രമങ്ങളിലൂടെയും മാതൃഭാഷാ സര്‍വകലാശാലകളിലെ ഗവേഷണപഠനങ്ങളിലൂടെയുമാണ് അവ ഈ നേട്ടങ്ങളൊക്കെ കൈവരിച്ചത്.നമ്മുടെ വരുംതലമുറകള്‍ സ്വന്തം ചരിത്രവും പാരമ്പര്യവും സംസ്‌കാരവുമൊക്കെ ശരിയായി ഉള്‍ക്കൊണ്ടുവേണം വളരേണ്ടത്. അതിന് സ്‌കൂള്‍വിദ്യാഭ്യാസത്തിലും ഉന്നതവിദ്യാഭ്യാസത്തിലും മലയാളത്തിന് അവകാശപ്പെട്ട ഒന്നാംസ്ഥാനം ലഭിച്ചേ മതിയാവൂ. അതിലേറെ, നമ്മുടെ സാംസ്‌കാരികചൈതന്യത്തിന്റെ ഫലപ്രദമായ വിനിമയം നടക്കുകയും വേണം. അതിന് ഉത്കൃഷ്ടമായ ലക്ഷ്യധര്‍മങ്ങളും ഉന്നതനിലവാരമുള്ള മലയാള സര്‍വകലാശാല അനിവാര്യമാണ്.
മറ്റെല്ലാ സങ്കുചിത താത്പര്യങ്ങളും വെടിഞ്ഞ് മലയാളികള്‍ ഒറ്റക്കെട്ടായി മലയാള സര്‍വകലാശാലയ്ക്കുവേണ്ടി അണിനിരക്കണം. സര്‍ക്കാര്‍ ഈ ജനഹിതം മനസ്സിലാക്കി ആ ചരിത്രനിയോഗം പൂര്‍ത്തീകരിക്കുകയും വേണം. കാരണം, മലയാളിയുടെ ഭാവിയെ നിര്‍ണയിക്കുന്ന മഹാദൗത്യമായിരിക്കും അതു നിറവേറ്റുക.

2011, ജനുവരി 2, ഞായറാഴ്‌ച

Basic education should be in student's mother tongue, says educationist

THE HINDU

THRISSUR, December 31, 2010

Anita Rampal, Dean, Faculty of Education, Delhi University, has called for promoting basic education in the student's mother tongue.

Addressing the All-India People's Science Congress here on Thursday, Ms. Rampal said that studies have proved that students in native language medium schools excelled in studies than their counterparts in foreign language medium schools.

In an education system with full of inequities, language could also be an obstacle that comes in the way of learning, she said.

She stressed the need for a native language policy, where children are encouraged to learn in their mother tongue.

At the science congress, social exclusion of women and the marginalised were highlighted as crucial issues confronting the society.

Presenting a paper on ‘problems of development and identity politics' in a sub-congress, Archana Prasad of the Delhi Science Forum, said that though efforts were made for social inclusion of Dalits, Adivasis and the poor through various policies during the Nehruvian era, the situation has turned upside down now.

“The process of social exclusion has diverse perspectives. Caste, money and gender have again started playing different roles in social exclusion,” she said.

Fight against gender discrimination should begin from families, said social activist T.K. Anandi. “Social exclusion mainly happens on the basis of gender. Women are discriminated at homes, offices and in society.”

All India Democratic Women's Association (AIDWA) general secretary Sudha Sundararaman said that corporate interests had started intervening in the very essence of micro finance institutions, which were introduced with a purpose of helping rural women in their struggles.

“Most of such institutions are exploiting rural women just like money lenders,” she said.

A sub-congress on ‘science popularisation' stressed the need to take the fruits of the scientific inventions to the common masses.

The congress recalled the contributions of scientists such as J.D. Bernal, Subramanyan Chandrasekhar and P.C. Ray.