എല്ലാ സ്‌കൂളിലും മലയാളപഠനം നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ
Posted on: 07 Jan 2011
അനീഷ് ജേക്കബ്ബ്
* പത്താം ക്ലാസ്‌വരെ മലയാളം ഒന്നാം ഭാഷയാക്കണം
* ഹയര്‍സെക്കന്‍ഡറിയില്‍ മലയാളപഠനത്തിന് അവസരംവേണം
* മലയാളം പഠിക്കാതെ സ്‌കൂള്‍ ഫൈനല്‍ പാസാകാനാകില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ മലയാളഭാഷാ പഠനം നിര്‍ബന്ധിതമാക്കണമെന്ന് ശുപാര്‍ശ ചെയ്യാന്‍ ഇതുസംബന്ധിച്ച് പഠനം നടത്തിയ സമിതിയില്‍ ധാരണയായി. പത്താം ക്ലാസ്സുവരെ മലയാളം ഒന്നാം ഭാഷയായിത്തന്നെ പഠിപ്പിക്കണമെന്നും 11, 12 ക്ലാസുകളില്‍ മലയാളം പഠിക്കുന്നതിന് എല്ലാ സ്‌കൂളുകളിലും അവസരം ഉണ്ടാകണമെന്നുമാണ് സമിതി നിര്‍ദേശിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിന്റെ യോഗ്യതാമാനദണ്ഡമായി മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കും. മലയാളം പഠിക്കാതെ പത്താംതരം ജയിക്കാന്‍ അവസരം നല്‍കരുതെന്നും ശുപാര്‍ശ ചെയ്യാനാണ് ധാരണ.
ആര്‍.വി.ജി. മേനോന്‍ അധ്യക്ഷനായ കമ്മിറ്റിയാണ് ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. കമ്മിറ്റി ഒരു സിറ്റിങ്കൂടി നടത്തി റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കും. റിപ്പോര്‍ട്ട് ഈ മാസംതന്നെ സര്‍ക്കാരിന് സമര്‍പ്പിക്കും.
ഇപ്പോള്‍ നാലാം ക്ലാസ്‌വരെ എല്ലാ വിഭാഗം സ്‌കൂളുകളിലും മലയാളം പഠിപ്പിക്കുന്നുണ്ട്. കൂടാതെ ഇംഗ്ലീഷും ഒന്നു മുതല്‍ പഠിക്കാനുള്ള ക്രമീകരണമുണ്ട്. താത്പര്യമുള്ളവര്‍ക്ക് അറബിക് പഠിക്കാനുള്ള അവസരം അധികമായി നല്‍കുന്നുമുണ്ട്.
അഞ്ചു മുതലുള്ള ക്ലാസുകളിലാണ് മലയാളപഠനം മറ്റ് ഭാഷകള്‍ക്കായി വഴിമാറിക്കൊടുക്കുന്നത്. അഞ്ചു മുതല്‍ ഏഴുവരെയുള്ള ക്ലാസുകളില്‍ മലയാളം ഒന്നാം ഭാഷയാണെങ്കിലും അറബിക്, ഉര്‍ദു, സംസ്‌കൃതം എന്നീ ഭാഷകളും മലയാളത്തോടൊപ്പം ഒന്നാം ഭാഷയാണ്. ഒന്നാം ഭാഷക്ക് രണ്ടുപേപ്പറുകളുണ്ട്. ഒന്നാം പേപ്പറായി ഈ നാലു ഭാഷകളില്‍ ഏതെങ്കിലും ഒന്ന് പഠിച്ചാല്‍ മതിയാകും. ഒന്നാം ഭാഷക്ക് ആഴ്ചയില്‍ ആകെ ആറുപീരിയഡ് ഉള്ളതില്‍ നാലു പീരിയഡും ഒന്നാം പേപ്പറിനാണ്. ബാക്കി രണ്ട് പീരിയഡില്‍ രണ്ടാം പേപ്പറായി മലയാളമാണ് പഠിക്കേണ്ടത്. ഒന്നാം പേപ്പറായി മറ്റ് ഭാഷകള്‍ പഠിക്കുന്ന കുട്ടിക്ക്ആകെ രണ്ട് പീരിയഡുകളേ മലയാളത്തിനായി ലഭിക്കൂവെന്നതാണ് ന്യൂനത.
എട്ടു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലും ഒന്നാം ഭാഷ മലയാളമാണെങ്കിലും മറ്റ് ഭാഷകള്‍ മാതൃഭാഷാ പഠനത്തെ വിഴുങ്ങുന്ന അവസ്ഥയുണ്ട്. ഇതിനുപുറമെ ഭാഷാ ന്യൂനപക്ഷങ്ങളായ തമിഴ്, കന്നട വിഭാഗക്കാര്‍ക്ക് മലയാളത്തിന് തുല്യമായി അവരുടെ മാതൃഭാഷ പഠിച്ചാല്‍ മതിയാകും. സംസ്ഥാനത്തുള്ള ഗുജറാത്തി സ്‌കൂളുകളില്‍ പഠനമാധ്യമം ഇംഗ്ലീഷാണ്. മാതൃഭാഷയായി ഗുജറാത്തിയും പഠിപ്പിക്കുന്നു.സംസ്‌കൃതം, അറബിക് ഓറിയന്റല്‍ സ്‌കൂളുകളില്‍ മലയാളം പഠിക്കേണ്ടതേയില്ല.
അവിടെ ഒന്നാംഭാഷയിലെ രണ്ട് പേപ്പറുകളും അറബിയോ സംസ്‌കൃതമോ ആണ്. എന്നാല്‍ മലയാളം പ്രൈമറി ക്ലാസുകളില്‍ പഠിപ്പിക്കേണ്ട ടി.ടി.സി. കോഴ്‌സിന് ഇവിടെ പഠിച്ച വിദ്യാര്‍ഥികള്‍ക്കും ചേരാമെന്ന വൈരുദ്ധ്യവുമുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് കുടിയേറി വരുന്നവര്‍ക്കായി ഒന്നാം ഭാഷയായി സ്‌പെഷ്യല്‍ ഇംഗ്ലീഷ് പഠിക്കാനുള്ള സൗകര്യവും നല്‍കിവരുന്നു. ഈ വിഭാഗങ്ങളിലൊക്കെ ഒന്നാംഭാഷയായി മലയാളം പഠിപ്പിക്കണമെന്നതാണ് സമിതിയുടെ ശുപാര്‍ശ.
ഒന്നാം പേപ്പറിനുള്ള ആഴ്ചയിലെ നാലു പീരിയഡ് മലയാളത്തിനായി ലഭിക്കണം. ഇതിനായി കൂടുതല്‍ പീരിയഡുകള്‍ വേണ്ടിവരും. മറ്റ് ഭാഷകളുടെ പീരിയഡുകള്‍ കുറച്ചിട്ടുവേണോ അതോ പുതുതായി പീരിയഡുകള്‍ സൃഷ്ടിച്ചുവേണോ മലയാളത്തിനായി കൂടുതല്‍ സമയം കണ്ടെത്തേണ്ടതെന്ന് സര്‍ക്കാര്‍ തീരുമാനിക്കേണ്ടിവരും. കൂടുതല്‍ പീരിയഡുകള്‍ വരുന്നതുകൊണ്ട് അധികമായി കൂടുതല്‍ അധ്യാപകരെ വേണ്ടിവരില്ലെന്ന് കണക്കാക്കുന്നു. തിട്ടപ്പെടുത്തിയിട്ടുള്ള നിശ്ചിത പീരിയഡുകള്‍ പല ഭാഷാ അധ്യാപകര്‍ക്കും ഇപ്പോള്‍ തന്നെ എടുക്കേണ്ടിവരുന്നില്ല.
എന്നാല്‍ അറബി, സംസ്‌കൃതം എന്നീ ഭാഷകളുടെ പീരിയഡുകള്‍ കുറയ്ക്കുന്നത് അതത് ഭാഷകളുമായി വൈകാരികമായി ബന്ധപ്പെട്ട മതവിഭാഗങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. മാതൃഭാഷയോടുള്ള കരുതലിനെക്കാളുപരി തങ്ങളുടെ മതവിഭാഗങ്ങളോടുള്ള നീക്കമായാണ് ഇതിനെ സമുദായനേതൃത്വം കാണുന്നത്. അതുകൊണ്ടുതന്നെ പീരിയഡുകള്‍ എങ്ങനെ ക്രമീകരിക്കുമെന്ന കാര്യത്തില്‍ ഒരു നിര്‍ദേശം ഇനിയും രൂപപ്പെട്ടിട്ടില്ല.
ഹയര്‍സെക്കന്‍ഡറിയില്‍ മറ്റ് ഭാഷകളോടൊപ്പം മലയാളവും തിരഞ്ഞെടുക്കാനുള്ളവയുടെ പട്ടികയില്‍ ഉണ്ടാകണം. സംസ്ഥാന സിലബസില്‍ ഇതിനുള്ള അവസരം ഇപ്പോഴുണ്ട്. ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സിലബസുകളില്‍ മലയാളം തിരഞ്ഞെടുക്കുന്നതിനുള്ള അവസരം എല്ലാ സ്‌കൂളുകളിലും ഉണ്ടാകണമെന്നതാണ് സമിതിയുടെ ശുപാര്‍ശ.
മറ്റ് സംസ്ഥാനങ്ങള്‍ മാതൃഭാഷക്ക് നല്‍കുന്ന പ്രാധാന്യം സമിതിയെടുത്തുകാട്ടുന്നു. ആന്ധ്രാപ്രദേശില്‍ തെലുങ്ക് മാതൃഭാഷയായിട്ടുള്ളവര്‍ 1-10 വരെ നിര്‍ബന്ധമായും തെലുങ്ക് ഒന്നാം ഭാഷയായി പഠിക്കണം. ഉര്‍ദു മാതൃഭാഷയായിട്ടുള്ളവര്‍ എല്ലാ ക്ലാസിലും ഒരു നിര്‍ബന്ധിതഭാഷയായും തെലുങ്ക് പഠിക്കണം. കര്‍ണാടകയില്‍ 1-7 വരെ കന്നഡ ഒന്നാംഭാഷയായി പഠിക്കണം. 8-12 വരെയുള്ള ക്ലാസുകളില്‍ ഒരു ഭാഷയെന്ന നിലയിലും കന്നഡ പഠിക്കണം. കേന്ദ്ര സിലബസിലും കന്നഡ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം നടന്നുവരുന്നു.
തമിഴ്‌നാട് ഇക്കാര്യത്തില്‍ ഏറെ മുന്നിലാണ്. അവിടെ 1-12 വരെ ഒന്നാം ഭാഷ തമിഴ് തന്നെയാണ്. ഇതോടൊപ്പം മലയാളമടക്കമുള്ള ഭാഷകള്‍ തിരഞ്ഞെടുക്കാന്‍ അവസരമുണ്ടായിരുന്നെങ്കിലും പിന്നീടത് പിന്‍വലിച്ചു. ഇപ്പോള്‍ 1-10 വരെയുള്ള ക്ലാസുകളില്‍ തമിഴ് നിര്‍ബന്ധിതഭാഷയാണ്. ഇതിനെതിരെ മലയാളിസമാജം സുപ്രീംകോടതി വരെ പോയെങ്കിലും വിജയിച്ചില്ല. ഓപ്ഷണലായി മറ്റ് ഭാഷകള്‍ പഠിക്കാന്‍ അവസരം നല്‍കുന്നുണ്ടെന്നു മാത്രം.
ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ സി.പി. മുഹമ്മദ് ഈയാവശ്യമുന്നയിച്ച് സബ്മിഷന്‍ ഉന്നയിച്ചിരുന്നു. പതിറ്റാണ്ടുകള്‍ക്കപ്പുറത്ത് നമ്മുടെ വിദ്യാഭ്യാസവകുപ്പിന് പറ്റിയ തെറ്റാണിതെന്നും അത് തിരുത്തേണ്ടതാണെന്നുമാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. വിദഗ്ദ്ധസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ആര്‍.വി.ജി. മേനോന്‍ അധ്യക്ഷനായ കമ്മിറ്റിയില്‍ അധ്യാപക പ്രതിനിധികളായ സി.ഉസ്മാന്‍, എന്‍. ശ്രീകുമാര്‍, ചുനക്കര ഹനീഫ, ആര്‍. രാജലക്ഷ്മി, ഡി.പി.ഐ. മുഹമ്മദ് ഹനീഷ്, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കെ. സുനന്ദകുമാരി തുടങ്ങിയവര്‍ അംഗങ്ങളാണ്.
മലയാളം വിജയിക്കട്ടെ!
മറുപടിഇല്ലാതാക്കൂ