2011, ജനുവരി 18, ചൊവ്വാഴ്ച

മലയാളത്തെ ജീവല്‍ഭാഷയാക്കുക - മാതൃഭൂമി എഡിറ്റോറിയല്‍


Posted on: 18 Jan 2011


മാതൃഭാഷ സംസാരിക്കാനും സ്വകാര്യവും പൊതുവും ഔദ്യോഗികവുമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും ഒരു ജനതയ്ക്ക് മൗലികമായ അവകാശമുണ്ട്. ജനത തിരഞ്ഞെടുത്തിട്ടുള്ള ഭരണകൂടത്തിനാകട്ടെ മാതൃഭാഷ നിലനിര്‍ത്താന്‍മാത്രമല്ല, അതിന്റെ നാനാമുഖമായ വികാസത്തിനും പരിപോഷണത്തിനും വേണ്ട നടപടികള്‍ എടുക്കാനുള്ള ബാധ്യതയുമുണ്ട്. പലതരത്തിലുള്ള വെല്ലുവിളികള്‍ നമ്മുടെ മാതൃഭാഷയായ മലയാളം നേരിടുന്ന സമകാലികാവസ്ഥയില്‍ സംസ്ഥാനഭരണകൂടത്തിന്റെ ഉത്തരവാദിത്വം വളരെ വലുതാണ്. മലയാളത്തിന് ശ്രേഷ്ഠഭാഷാ (ക്ലാസിക്കല്‍) പദവി കിട്ടുന്നതിനുള്ള അര്‍ഹത വിശദീകരിച്ചുകൊണ്ടുള്ള നിവേദനം ജനവരി 15-ന് സാംസ്‌കാരിക-വിദ്യാഭ്യാസമന്ത്രി എം.എ. ബേബി ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന് സമര്‍പ്പിക്കുകയുണ്ടായി. രണ്ടാഴ്ചയ്ക്കുള്ളില്‍ വേണ്ട നടപടികള്‍ എടുക്കാമെന്നാണ് പ്രധാനമന്ത്രി പറഞ്ഞിട്ടുള്ളത്. ആയിരം വര്‍ഷത്തെ സ്വതന്ത്ര സാഹിത്യസംസ്‌കാരവും അതിനുമപ്പുറത്തേക്കു നീളുന്ന വാമൊഴിപാരമ്പര്യവും മലയാളത്തിനുണ്ടെന്നു സമര്‍ഥിക്കുന്ന ഒരു വിശദീകരണപ്രബന്ധവും മൂന്നു വാള്യത്തിലുള്ള സഹായകരേഖാസമുച്ചയവുമാണ് കേരളം സമര്‍പ്പിച്ചിരിക്കുന്നത്. ഇനി വേണ്ടത് രാഷ്ട്രീയതീരുമാനമാണ്.

ശ്രേഷ്ഠഭാഷാപദവിയുടെ ലഭ്യതയും അതിന്റെ ഭാഗമായി കിട്ടുന്ന ധനവും മലയാളഭാഷയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ഉപകരിക്കുമെങ്കില്‍ മാതൃഭാഷാവിരോധികള്‍പോലും എതിര്‍ക്കുകയില്ല. ശ്രേഷ്ഠഭാഷാപദവിക്കുവേണ്ടിയുള്ള സമ്മര്‍ദങ്ങള്‍ക്കൊപ്പം മാതൃഭാഷയുടെ ഇന്നത്തെ സ്ഥിതിയെക്കുറിച്ചുകൂടി ചിന്തിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കും വിദ്യാഭ്യാസവിചക്ഷണര്‍ക്കും മറ്റും ഉത്തരവാദിത്വമുണ്ട്. ക്ലാസിക്കലാവാന്‍ ശ്രമിക്കുമ്പോഴും ക്ലാസില്‍ പഠിക്കണമെന്നു നിര്‍ബന്ധമില്ലാത്ത ഭാഷയാണ് കേരളത്തില്‍ മലയാളം. നമ്മുടെ ഭാഷ ആധുനികമായ ആവശ്യങ്ങള്‍ക്കനുസരിച്ച് നവീകരിക്കപ്പെടുന്നുവെന്നും അത്തരം ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള പദസമ്പത്ത് ആര്‍ജിക്കുന്നുണ്ടെന്നും സൂക്ഷ്മദൃഷ്ടിയുള്ള ആര്‍ക്കും പറയാനാവില്ല. ഉപയോഗക്ഷമവും സ്വീകാര്യവുമായ പദങ്ങളും സാങ്കേതികസംജ്ഞകളും രൂപപ്പെടുത്തുന്നതില്‍ അതിനു ചുമതലയുള്ള സ്ഥാപനങ്ങള്‍ വേണ്ടത്ര ഔത്സുക്യം കാണിക്കുന്നില്ല. മറുഭാഷാപദങ്ങള്‍ അതേപടി സ്വീകരിച്ച് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയോ തത്കാലത്തേക്കു കാര്യം കാണുകയോ ആയിരിക്കുന്നു നമ്മുടെ പതിവ്. മലയാളത്തെ ജീവല്‍ഭാഷയായി നിലനിര്‍ത്താനുള്ള അത്തരം ക്രിയാത്മകശ്രമങ്ങള്‍ ഉണ്ടായില്ലെങ്കില്‍ നാം നേടാന്‍ ശ്രമിക്കുന്ന ശ്രേഷ്ഠപദവികൊണ്ടു ഫലമില്ലാതെവരും.

വിദ്യാഭ്യാസമാണ് മാതൃഭാഷയുടെ പ്രാണന്‍ നിലനിര്‍ത്തുന്നത്. ത്രിഭാഷാപദ്ധതിയിലൂന്നുന്ന ദേശീയപാഠ്യപദ്ധതി ചട്ടക്കൂടും അതിന്റെ മാതൃകയില്‍ സംസ്ഥാനസര്‍ക്കാര്‍ രൂപപ്പെടുത്തിയ കേരള പാഠ്യപദ്ധതി ചട്ടക്കൂടും മാതൃഭാഷാപഠനത്തെപ്പറ്റി വാചാലമാവുന്നുണ്ട്. ഒന്നാംഭാഷ എവിടെയും തദ്ദേശീയഭാഷ അഥവാ, മാതൃഭാഷതന്നെയായിരിക്കണമെന്ന് ദേശീയപാഠ്യപദ്ധതി ചട്ടക്കൂട് അനുശാസിക്കുന്നു. കേരള പാഠ്യപദ്ധതി ചട്ടക്കൂട് കുറേക്കൂടി തീക്ഷ്ണമായാണ് മാതൃഭാഷാ പഠനത്തെപ്പറ്റി നിര്‍ദേശിക്കുന്നത്. ''മാതൃഭാഷാപഠനത്തില്‍ സമഗ്രതയും സാര്‍വത്രികതയും ഉറപ്പുവരുത്താന്‍ ഇനിയും നമുക്കു കഴിഞ്ഞിട്ടില്ല. മലയാളമറിയാത്ത മലയാളി എന്ന അഭിമാനംകൊള്ളല്‍ കേരളീയരുടെ സാമൂഹികബോധത്തിന് ഏല്പിച്ചിട്ടുള്ള ക്ഷതങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങുന്നതേയുള്ളൂ. ഇന്ത്യയിലെവിടെയും സ്‌കൂള്‍തലത്തില്‍ മാതൃഭാഷ നിര്‍ബന്ധിതമാവുമ്പോള്‍ മാതൃഭാഷ ഒഴിവാക്കിക്കൊണ്ട് സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കേരളത്തില്‍ അവസരമുണ്ട്'' എന്ന ആത്മവിമര്‍ശനം നടത്തുകയാണ് എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കിയ ആ നയരേഖ. മലയാളം ജീവല്‍ഭാഷയാകണമെങ്കില്‍ അത് വിദ്യാലയങ്ങളില്‍ നിര്‍ബന്ധമായും പഠിക്കുന്നതും നിരന്തരമായി പുതുക്കപ്പെടുന്നതുമായേ തീരൂ. ഇക്കാര്യ ത്തില്‍, പ്രീണനങ്ങള്‍ക്കും തത്കാലലാഭങ്ങള്‍ക്കുംവേണ്ടി മടിച്ചുനില്‍ക്കാതെ അധികൃതര്‍ മുന്നോട്ടുപോവുകയാണ് വേണ്ടത്. മലയാളം കേരളീയരുടെ മൗലികാവകാശമാണെന്ന പ്രഖ്യാപനമാണ് ശ്രേഷ്ഠമായ ഭാഷാനയം.

1 അഭിപ്രായം:

  1. മറുഭാഷാപദങ്ങള്‍ അതേപടി സ്വീകരിച്ച് ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയോ തത്കാലത്തേക്കു കാര്യം കാണുകയോ ആയിരിക്കുന്നു നമ്മുടെ പതിവ്.


    Ente cheriya oru samshayam...Enthaanu ivide ellaarum ee khora khoram prasangikunna ee 'malayalam'...? Ethaanu ee 'anya bhaasha padhangal'...? Malayalam motham anya bhaashakalil ninnum vanna vaakkukal maathram alle...? Tamizhum samskruthavum kuthi niracha 'bhaasha' aanu malayalam...swanthamaayi oru vaakku engilum undo..?

    pinn enthinu 'anya bhaashale' vimarshikkunnu...Tamizhanum Kannadakkaaranum telunganum ithu pole samsaarichaal manasilaakkaam...malayalikalku ithinulla arhatha undo suhruthukkale ?

    മറുപടിഇല്ലാതാക്കൂ

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.