2011, ജനുവരി 21, വെള്ളിയാഴ്‌ച

മലയാളം ജന്മാവകാശമെന്ന് തിരുവനന്തപുരം പ്രഖ്യാപനം


തിരുവനന്തപുരം: മാതൃഭാഷ പഠിക്കാനും സംസാരിക്കാനും അവകാശമുണ്ട് എന്ന് പ്രഖ്യാപിക്കേണ്ടി വരുന്ന ഗതികേട് ലോകത്തൊരു സമൂഹത്തിനു മാത്രമേ ഉണ്ടാകൂ -മലയാളികള്‍ക്ക്. അതിനാല്‍ത്തന്നെ, പ്രാണവായുവും വെള്ളവും സ്വാതന്ത്ര്യവുംപോലെ മാതൃഭാഷയും മനുഷ്യന്റെ ജന്മാവകാശമാണ് എന്ന പ്രഖ്യാപനം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് അങ്കണത്തില്‍ വെള്ളിയാഴ്ച നടക്കുമ്പോള്‍ പുതിയ ചരിത്രം കുറിക്കപ്പെടുകയായിരുന്നു. മലയാളത്തെ സ്‌നേഹിക്കുന്നവര്‍ ചേര്‍ന്നു രൂപവത്കരിച്ച ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.

മാതൃഭാഷയായ മലയാളം പഠിക്കാതെ തന്നെ ഒരാള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും ജോലി നേടാനും കഴിയുമെന്ന സ്ഥിതി കേരളത്തില്‍ മാത്രമാണുള്ളതെന്ന് പ്രഖ്യാപനം ചൂണ്ടിക്കാട്ടുന്നു. ഈ സ്വാഭിമാനശൂന്യത തിരുത്താനുള്ള മാതൃഭാഷാസ്‌നേഹികളുടെ അഭ്യര്‍ഥനകളോട് സ്വാതന്ത്ര്യലബ്ധിക്കു ശേഷമുണ്ടായ ഭരണകൂടങ്ങളെല്ലാം മുഖംതിരിച്ചു. ജനാധിപത്യവും സ്വാതന്ത്ര്യവും പൂര്‍ണമാകുന്നത് അറിവിന്റെ ഭാഷയും ഭരണത്തിന്റെ ഭാഷയും മാതൃഭാഷ തന്നെയാകുമ്പോഴാണ്. ഭരണഭാഷ പൂര്‍ണമായും മാതൃഭാഷയാകണമെങ്കില്‍ ബിരുദതലംവരെ മലയാളം നിര്‍ബന്ധിത പഠനഭാഷയായിത്തീരണം-ഐക്യമലയാള പ്രസ്ഥാനത്തിന്റെ 'മലയാളാവകാശത്തിനുവേണ്ടിയുള്ള തിരുവനന്തപുരം പ്രഖ്യാപനം' പറയുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ എം.ഫില്‍ വിദ്യാര്‍ഥിനി ലക്ഷ്മീദാസാണ് മലയാളാവകാശ പ്രഖ്യാപനം വായിച്ചത്.

മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയായി ബിരുദതലം വരെ പഠിക്കാനുള്ള അവകാശം മലയാളിക്കുണ്ടാവണമെന്ന് പറയുന്ന പ്രഖ്യാപനം സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ഔദ്യോഗികവും സാമൂഹികവും സാമ്പത്തികവുമായ എല്ലാ ഇടപാടുകളിലും മലയാളത്തിന്റെ ഉപയോഗം നിര്‍ബന്ധിതമായിരിക്കാനുള്ള അവകാശം വേണമെന്ന് ആവശ്യപ്പെടുന്നു. ഇതിനുപുറമെ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും മലയാളം ഉപയോഗിക്കാനുള്ള അവകാശവും ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്. മലയാളം പഠിക്കണമെന്നു പറയുമ്പോള്‍ ജാതിയും മതവും ചൂണ്ടിക്കാട്ടി ചിലര്‍ എതിര്‍പ്പു പ്രകടിപ്പിക്കുന്നതിനോടുള്ള പ്രതിരോധവും പ്രഖ്യാപനം ചമയ്ക്കുന്നുണ്ട്. മതം, ജാതി, രാഷ്ട്രീയം, സാംസ്‌കാരിക വ്യത്യാസങ്ങള്‍, വര്‍ഗവ്യത്യാസങ്ങള്‍, വര്‍ണവ്യത്യാസങ്ങള്‍ തുടങ്ങിയവയൊന്നും കേരളീയരുടെ മാതൃഭാഷയായി മലയാളത്തെ ഉയര്‍ത്തിക്കാട്ടുന്നതിന് തടസ്സമാകരുതെന്ന് പ്രഖ്യാപനത്തില്‍ പറയുന്നു.

ഔദ്യോഗിക രേഖകളും അറിയിപ്പുകളും നിയമങ്ങളും നിയമസേവനങ്ങളും മലയാളത്തില്‍ ലഭ്യമാക്കണം. വാമൊഴിയായും വരമൊഴിയായും കേരളത്തിലെ കോടതികളിലും മറ്റു നിയമസ്ഥാപനങ്ങളിലും മലയാളം ഉപയോഗിക്കപ്പെടണം. പൊതുജനോപയോഗത്തിനായി പ്രദര്‍ശിപ്പിക്കുന്ന പരസ്യങ്ങള്‍, വഴിപ്പലകകള്‍, ചിഹ്നങ്ങള്‍, ദിശാസൂചകങ്ങള്‍, സ്ഥലസൂചനകള്‍, സുരക്ഷാസൂചനകള്‍, മുന്നറിയിപ്പുകള്‍ തുടങ്ങിയവയിലെല്ലാം മലയാളത്തിനാവണം പ്രാമുഖ്യം. കേരളത്തിനുള്ളില്‍ വിപണനം ചെയ്യപ്പെടുന്ന ഉത്പന്നങ്ങളിലും സേവനങ്ങളിലുമുള്ള ലേബലുകള്‍, ഉപയോഗനിര്‍ദേശങ്ങള്‍, ചേരുവകളുടെ പട്ടിക എന്നിവ മലയാളത്തില്‍ക്കൂടി വേണമെന്നു നിര്‍ബന്ധിക്കണമെന്നും പ്രഖ്യാപനത്തില്‍ ആവശ്യപ്പെട്ടു.

തമിഴിനും തെലുങ്കിനും കന്നഡത്തിനുമെല്ലാം ശ്രേഷ്ഠ പദവി ലഭിച്ചുവെങ്കില്‍ അത് അവിടത്തെ ജനങ്ങളുടെ ആശയാഭിലാഷങ്ങള്‍ പ്രകാരമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഒ.എന്‍.വി. ചൂണ്ടിക്കാട്ടി. 'മലയാളം ഒന്നാം ഭാഷയാകണം, ശ്രേഷ്ഠഭാഷയുമാകണം. ഇവിടെ ഒന്നാം പന്തിയിലെ ഒന്നാംഇല മലയാളത്തിനാകണം. മറ്റു ഭാഷകള്‍ക്ക് സ്വര്‍ണത്തളികയില്‍ വിളമ്പിയാലും വിരോധമില്ല. സ്വാഭിമാനമില്ലെങ്കില്‍ സ്വാതന്ത്ര്യം പണയപ്പെടും' -അദ്ദേഹം ചൂണ്ടിക്കാട്ടി. ഒ.എന്‍.വി. കുറുപ്പ്, ഡോ.പുതുശ്ശേരി രാമചന്ദ്രന്‍, സുഗതകുമാരി, കാനായി കുഞ്ഞിരാമന്‍, ഡോ. പി.കെ.രാജശേഖരന്‍, മലയാള സമിതി സെക്രട്ടറി ഹരിദാസന്‍, ഖജാന്‍ജി ആര്‍. നന്ദകുമാര്‍ എന്നിവര്‍ മലയാളാവകാശ പ്രഖ്യാപനത്തിന് നേതൃത്വം നല്‍കി.

1 അഭിപ്രായം:

PLEASE NOTE
അവഹേളനപരവും വ്യക്തിപരവുമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മംഗ്ലീഷിലോ എഴുതാം.