ദേശാഭിമാനി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ദേശാഭിമാനി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017, മേയ് 25, വ്യാഴാഴ്‌ച

ഇനി എല്ലാ സ്കൂളിലും മലയാള പഠനം.

തിരുവനന്തപുരം > സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പത്താംക്ളാസുവരെ  മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കുന്ന മലയാള ഭാഷാപഠന ബില്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥാണ് ബില്‍ അവതരിപ്പിച്ചത്. ബില്‍ നിയമമാകുന്നതോടെ ഭാഷാന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഒരാശങ്കയുംവേണ്ട. മലയാളം പഠിക്കാത്ത കുട്ടികള്‍ ആസ്വദിക്കുന്നതെല്ലാം ഇനിയും ആസ്വദിക്കാമെന്നും എന്നാല്‍ മലയാളം പഠിച്ചിരിക്കണമെന്നും മന്ത്രി ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ വ്യക്തമാക്കി.

എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്,  സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുള്ള വിദ്യാലയങ്ങള്‍ക്കും  നിയമം ബാധകമാണ്. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ളാസുകളില്‍ 2017-18 അധ്യയനവര്‍ഷംമുതല്‍ മലയാളം ഒരു ഭാഷയായി പഠിക്കണം.

Read more: http://www.deshabhimani.com/news/kerala/malayalam/646404

2017, മേയ് 1, തിങ്കളാഴ്‌ച

ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കവേണ്ട: മുഖ്യമന്ത്രി

തിരുവനന്തപുരം > ഒന്നു മുതല്‍ പത്താംക്ളാസ് വരെ മലയാളഭാഷാ പഠനം നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് ഒരുവിധ ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ വിഭാഗങ്ങളില്‍ പഠിക്കുന്നവര്‍ ഏതുഭാഷയില്‍ പഠിക്കുന്നുവോ അതേനില തുടരുന്നതിന് ഒരു തടസ്സവുമുണ്ടാകില്ല.  മലയാളഭാഷ (നിര്‍ബന്ധിത ഭാഷ) ബില്‍ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുട്ടികള്‍ക്ക് ഏത് ഭാഷ പഠിക്കുന്നതിനും തടസ്സമില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.  കേരളത്തില്‍ പഠിക്കുന്നവര്‍ മലയാളഭാഷകൂടി പഠിക്കണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതുമൂലം ഒരാള്‍ക്കും തൊഴില്‍ നഷ്ടപ്പെടില്ല. പുതിയ തൊഴിലവസരമുണ്ടാകും. 60 വര്‍ഷത്തെ അനുഭവങ്ങള്‍  കണക്കിലെടുത്താണ് ബില്‍ തയ്യാറാക്കിയത്. കേരളത്തിലെ എല്ലാ കുട്ടികളും മലയാളം പഠിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മാതൃഭാഷ പഠിക്കാന്‍ കഴിയാത്തത് സാംസ്കാരികചോര്‍ച്ചയാണെന്ന് എസ് ശര്‍മ പറഞ്ഞു. കൂണുപോലെ മുളച്ചുപൊന്തുന്ന ഇംഗ്ളീഷ് മീഡിയം സ്കൂളുകള്‍ മാതൃഭാഷയെ അടിച്ചോടിക്കുന്നതായും ശര്‍മ പറഞ്ഞു.

മലയാളഭാഷാ ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്

തിരുവനന്തപുരം > ഒന്നുമുതല്‍ പത്തുവരെയുള്ള ക്ളാസുകളില്‍ പുതിയ അധ്യയനവര്‍ഷംമുതല്‍ മലയാളം നിര്‍ബന്ധമായി പഠിപ്പിക്കാന്‍ വ്യവസ്ഥചെയ്യുന്ന മലയാളഭാഷാ (നിര്‍ബന്ധിത ഭാഷ) ബില്‍ നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. ആദ്യ ഇ എം എസ് സര്‍ക്കാരിന്റെയും നിയമസഭയുടെയും 60-ാം വാര്‍ഷികത്തോടനുബന്ധിച്ച് പഴയ നിയമസഭാമന്ദിരത്തില്‍ നടന്ന നിയമസഭാസമ്മേളനത്തിലാണ് ചരിത്രപ്രധാനമായ ബില്‍ അവതരിപ്പിച്ചത്. ചരിത്രത്തില്‍ ഇടംപിടിക്കുന്ന സമ്മേളനത്തില്‍ മലയാളഭാഷയ്ക്ക് കരുത്ത് പകരുന്ന  നിയമനിര്‍മാണത്തിനാണ് സഭ തുടക്കം കുറിച്ചത്.
സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധിതഭാഷയായി പഠിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ബില്‍ ഏപ്രില്‍ പത്തിന് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമാണ്. എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സിബിഎസ്ഇ, ഐസിഎസ്ഇ, മറ്റ്  ബോര്‍ഡുകള്‍ എന്നിവയുടെ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങള്‍ക്കും ഇത് ബാധകമാകും.
വിദ്യാലയങ്ങളില്‍ മലയാളം സംസാരിക്കുന്നതിന് പ്രത്യക്ഷമായോ പരോക്ഷമായോ നിയന്ത്രണം പാടില്ലെന്ന് ബില്‍ വ്യവസ്ഥചെയ്യുന്നു. വിദ്യാലയങ്ങളില്‍ മലയാളത്തിന് വിലക്ക് ഏര്‍പ്പെടുത്തിയും മറ്റേതെങ്കിലും ഭാഷ മാത്രമേ സംസാരിക്കാവൂവെന്ന രീതിയിലും ബോര്‍ഡുകളോ നോട്ടീസുകളോ പ്രചാരണങ്ങളോ പാടില്ല. സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ ബോര്‍ഡുകള്‍ക്ക് കീഴിലെ സ്കൂളുകളിലും നിര്‍ബന്ധിത മലയാളഭാഷാപഠനം ഏര്‍പ്പെടുത്തണം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അത്തരം വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നിരാക്ഷേപപത്രം റദ്ദാക്കും. നിയമവും അതിലെ ചട്ടവും ലംഘിച്ചാല്‍ ആ വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകര്‍ക്ക് 5000 രൂപ പിഴശിക്ഷ വിധിക്കും. പിഴയുടെ നടപടികള്‍ കൈക്കൊള്ളാനുള്ള ചുമതല വിദ്യാഭ്യാസ ഡയറക്ടറുടെ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥനാകും. അണ്‍എയ്ഡഡ് വിദ്യാലയങ്ങളില്‍ മൂന്നുതവണ നിയമലംഘനമുണ്ടായാല്‍  ആ വിദ്യാലയത്തിന്റെ അംഗീകാരം റദ്ദാക്കും. സിബിഎസ്ഇ, ഐസിഎസ്ഇ ബോര്‍ഡുകള്‍ക്ക് കീഴിലുള്ള വിദ്യാലയങ്ങളുടെ നിരാക്ഷേപ പത്രം റദ്ദാക്കും.  ഇതര സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും വന്ന, പഠനം തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് അതത് ക്ളാസുകളിലെ പാഠ്യപദ്ധതി പ്രകാരമുള്ള മലയാളഭാഷാപഠനം സാധ്യമാക്കാന്‍സാധിക്കാതെവന്നാല്‍ പത്താംതരം പരീക്ഷയില്‍ മലയാളഭാഷാ പരീക്ഷയില്‍നിന്ന് അവരെ ഒഴിവാക്കും. കേരള വിദ്യാഭ്യാസ ആക്ടിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ക്ക് കീഴില്‍ അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള നിബന്ധനകള്‍ക്ക് മാത്രമായുള്ള സ്കൂളുകളില്‍ മലയാളം പഠിപ്പിക്കുന്നതിന് ആവശ്യമായ സൌകര്യം ചെയ്തുകൊടുക്കും. നിയമം നടപ്പാക്കാന്‍ വൈഷമ്യം ഉണ്ടായാല്‍ അത് പരിഹരിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകള്‍ ഉണ്ടാക്കാം. അത് ഈ നിയമത്തിന് വിരുദ്ധമാകാന്‍ പാടില്ല. നിയമം നടപ്പായി രണ്ടുവര്‍ഷംവരെയാകും ഇതിനുള്ള അവസരമെന്നും ബില്ലില്‍ വ്യവസ്ഥചെയ്യുന്നു.
ബില്‍ പ്രാബല്യത്തിലാകുന്നതോടെ കന്നട, തമിഴ് മീഡിയത്തിലെ സ്കൂളുകളിലും ഒറിയന്റല്‍/സംസ്കൃതം/അറബിക് സ്കൂളുകളിലുമായി 194 മലയാള ഭാഷാധ്യാപകരുടെ തസ്തിക സൃഷ്ടിക്കേണ്ടിവരും. എല്‍പി, യുപി, ഹൈസ്കൂള്‍ എന്നിവയിലായി നിയമിക്കുന്ന ഈ അധ്യാപകര്‍ക്ക് ശമ്പളം അടക്കം ആനുകൂല്യങ്ങള്‍ക്കായി 7.20 കോടി രൂപയുടെ അധിക ചെലവ് വര്‍ഷം വരും. ശമ്പളവര്‍ധന, ക്ഷാമബത്ത വര്‍ധന, അടിസ്ഥാനശമ്പള വര്‍ധന എന്നിവയുടെ ബാധ്യതയും വരും. നിയമലംഘനം നടത്തുന്ന അധ്യാപകരില്‍നിന്ന് പിഴ ഈടാക്കല്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളുടെ നിരാക്ഷേപ പത്രം റദ്ദാക്കാല്‍, അണ്‍ എയ്ഡഡ് സ്കൂളുകളുടെ അംഗീകാരം റദ്ദാക്കല്‍ എന്നിവയുടെ അധികാരം സര്‍ക്കാരിനായിരിക്കും.
വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ബില്‍ അവതരിപ്പിച്ചു. എസ് ശര്‍മ, ജോണ്‍ ഫെര്‍ണാണ്ടസ്, വി ടി ബലറാം, ഡോ. എന്‍ ജയരാജ്, കെ സി ജോസഫ്, കെ എം ഷാജി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മെയ് ഒന്നുമുതല്‍ ഔദ്യോഗിക ഭാഷ മലയാളം

മെയ് ഒന്നുമുതല്‍ സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ പൂര്‍ണമായും മലയാളം. സെക്രട്ടറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഭാഷ പൂര്‍ണമായും മലയാളമാകും. വിവിധ വകുപ്പുകളില്‍ ഔദ്യോഗിക‘ഭാഷ പൂര്‍ണമായും മലയാളമാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗിക‘ഭാഷ)വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഭാഷാമാറ്റ നടപടികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഔദ്യോഗിക‘ഭാഷാ ഉന്നതതലസമിതി സംസ്ഥാനത്തെ ഭാഷാമാറ്റം തൃപ്തികരമല്ലെന്ന് വിലയിരുത്തി. ഇതേതുടര്‍ന്നാണ് മെയ് ഒന്നുമുതല്‍ മലയാളം കര്‍ശനമായി നടപ്പാക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഉത്തരവിറക്കിയത്.
സംസ്ഥാനത്തെ തമിഴ്, കന്നഡ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഭാഷ സംബന്ധിച്ച നിലവിലുള്ള അവകാശങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഹൈക്കോടതി, സുപ്രീംകോടതി, ഇതര സംസ്ഥാനങ്ങള്‍, മറ്റുരാജ്യങ്ങള്‍, ഭാഷാ ന്യൂനപക്ഷക്കാരുമായുള്ള കത്തിടപാടുകള്‍, ഇംഗ്ളീഷ് ഉപയോഗിക്കണമെന്ന് പ്രത്യേകം പരാമര്‍ശമുള്ള സംഗതികള്‍ എന്നീ സാഹചര്യങ്ങളില്‍ കത്തിടപാടുകള്‍ക്ക് ഇംഗ്ളീഷ് ഉപയോഗിക്കാം. അല്ലാത്ത സാഹചര്യങ്ങളില്‍ എല്ലാ ഔദ്യോഗികാവശ്യങ്ങള്‍ക്കും മെയ് ഒന്നുമുതല്‍ മലയാളമേ ഉപയോഗിക്കാവൂ. ഇത് വകുപ്പ് തലവന്മാരും ഓഫീസ് മേധാവികളും ഉറപ്പുവരുത്തേണ്ടതാണെന്ന് ഉത്തരവില്‍ നിര്‍ദേശമുണ്ട്. ഭാഷാമാറ്റ നടപടികള്‍ മൂന്നുമാസത്തിലൊരിക്കല്‍ അവലോകനം ചെയ്യണമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ഒന്നുമുതല്‍ പത്തുവരെയുള്ള ക്ളാസുകളില്‍ മലയാളം നിര്‍ബന്ധമായി പഠിപ്പിക്കാന്‍ വ്യവസ്ഥചെയ്യുന്ന മലയാളഭാഷാ (നിര്‍ബന്ധിത ഭാഷ)ബില്‍ കഴിഞ്ഞദിവസം നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കുവിട്ട ബില്ലില്‍ വിദ്യാലയങ്ങളില്‍ മലയാളം സംസാരിക്കുന്നതിന് പ്രത്യക്ഷമായോ പരോക്ഷമായോ നിയന്ത്രണം പാടില്ലെന്ന് വ്യവസ്ഥചെയ്യുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ ബോര്‍ഡുകള്‍ക്ക് കീഴിലെ സ്കൂളുകളിലും നിര്‍ബന്ധിത മലയാളഭാഷാപഠനം ഏര്‍പ്പെടുത്തണം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അത്തരം വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നിരാക്ഷേപപത്രം റദ്ദാക്കും. നിയമവും അതിലെ ചട്ടവും ലംഘിച്ചാല്‍ പ്രഥമാധ്യാപകര്‍ക്ക് 5000 രൂപ പിഴയും വിധിക്കും.

Read more: http://www.deshabhimani.com/news/kerala/news-kerala-01-05-2017/641036

മലയാളം ഓര്‍ഡിനന്‍സ് : ധീരമായ നടപടിയെന്ന് സാംസ്കാരികനായകര്‍

പാഠ്യപദ്ധതി ഭേദമെന്യേ കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധിതമാക്കി ഓര്‍ഡിനന്‍സ് ഇറക്കിയ സര്‍ക്കാര്‍ തീരുമാനം ധീരമെന്ന് സാംസ്കാരിക നായകര്‍. സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്തെ നല്ല വഴിയിലൂടെ നയിക്കാനുള്ള നിശ്ചയദാര്‍ഢ്യം ഈ തീരുമാനത്തിലുണ്ട്. ഇത് ഈ വിദ്യാഭ്യാസ വര്‍ഷം തുടങ്ങുമ്പോള്‍ മുതല്‍ കര്‍ശനമായി നടപ്പാക്കണമെന്നും ഓര്‍ഡിനന്‍സ് എത്രയും പെട്ടെന്ന് നിയമമാക്കണമെന്നും സാംസ്കാരിക നായകര്‍ അഭ്യര്‍ഥിച്ചു.
  സുഗതകുമാരി, എം ടി വാസുദേവന്‍നായര്‍, ഓംചേരി, ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, എം കെ സാനു, കാനായി കുഞ്ഞിരാമന്‍, സി രാധാകൃഷ്ണന്‍, സച്ചിതാനന്ദന്‍, എം മുകുന്ദന്‍, ആനന്ദ്, വൈശാഖന്‍, സേതു, കല്‍പ്പറ്റ നാരായണന്‍, സത്യന്‍ അന്തിക്കാട്, ടി ഡി രാമകൃഷ്ണന്‍ തുടങ്ങിയവരാണ് സര്‍ക്കാരിന്റെ തീരുമാനത്തെ അഭിനന്ദിച്ചത്.
  കേരളത്തിലെ സാംസ്കാരികരംഗവും സാധാരണക്കാരായ ജനങ്ങളും ഏറെക്കാലമായി ആഗ്രഹിച്ചിരുന്നതാണ് മാതൃഭാഷ നിര്‍ബന്ധമാക്കിയ നിശ്ചയദാര്‍ഢ്യമാര്‍ന്ന നടപടി. ശക്തമായ ഒരു ഓര്‍ഡിനന്‍സിലൂടെ അത് സാധ്യമാക്കിയ  സംസ്ഥാന സര്‍ക്കാരിനോട് തങ്ങള്‍ക്കുള്ള സന്തോഷവും നന്ദിയും അറിയിക്കുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു.

Read more: http://www.deshabhimani.com/news/kerala/news-kerala-14-04-2017/637537

2015, ഫെബ്രുവരി 23, തിങ്കളാഴ്‌ച

നിലനിര്‍ത്താം മലയാളത്തിന്റെ നീരൊഴുക്ക്- സി. ആര്‍. രാജഗോപാലന്‍.

ആധുനിക ദേശീയതയുടെ വളര്‍ച്ചയിലും നവലോകക്രമത്തിലും ഏറ്റവും കൂടുതല്‍ വീര്‍പ്പുമുട്ടിയത് പ്രാദേശിക ഭാഷാ വൈവിധ്യങ്ങളായിരുന്നു. തനതു ഭാഷകളുടെ സാംസ്കാരികചരിത്രം നിഷേധിച്ചുള്ള ഭാഷാശാസ്ത്ര ഗവേഷണങ്ങളാണ് പലപ്പോഴും നടന്നത്. ലോകത്തിലെ നൂറുകണക്കിന് തനതുഭാഷകള്‍ നിലനില്‍പ്പിനായി പോരാടുകയാണ്. ആധിപത്യഭാഷകളുടെ പ്രത്യയശാസ്ത്രമാണ് സാംസ്കാരിക-ഗവേഷണ കോയ്മകള്‍ നടപ്പാക്കുന്നത്. മാതൃഭാഷയ്ക്കുമേല്‍ നടന്ന ആധിപത്യങ്ങളുടെ ചരിത്രം തിരിച്ചറിയുന്ന ഭാഷാപ്രതിരോധത്തിനു തയ്യാറെടുക്കേണ്ടിയിരിക്കുന്നു. ഗുണപരവും സമഗ്രവുമായ വിദ്യാഭ്യാസം മാതൃഭാഷയിലൂടെ മാത്രമേ സാധ്യമാകൂവെന്ന് ലോകം തിരിച്ചറിയുകയാണ്. വംശനാശം നേരിടുന്ന ജൈവപൈതൃകത്തിന്റെ ആവിഷ്കാരം തനതുഭാഷകളാണെന്ന് അറിയണം.രാജ്യം, ഏകഭാഷ, മരണം എന്ന സമവാക്യത്തിലേക്ക് അധികാരലോകം നീങ്ങുമ്പോഴാണ് നാട്ടുഭാഷകളുടെ സംരക്ഷണത്തിനായി വീണ്ടും രക്തസാക്ഷിത്വത്തിന്റെ ഓര്‍മപ്പെടുത്തലുമായി തായ്മൊഴിദിനം വരുന്നത്. ഇന്ത്യ-പാക് വിഭജനശേഷം കിഴക്കന്‍ ബംഗാള്‍ രൂപീകരിച്ചപ്പോള്‍ അവിടത്തെ ഔദ്യോഗിക ഭാഷയായി ഉറുദു നിശ്ചയിച്ചു. ഇതിനെതിരെ വലിയ പ്രതിഷേധം ഉണ്ടായി. 1952 ഫെബ്രുവരി 21നാണ് ബംഗ്ലാദേശിലെ ഡാക്ക സര്‍വകലാശാല, ജഗന്നാഥ സര്‍വകലാശാല എന്നിവിടങ്ങളിലെ നാലുവിദ്യാര്‍ഥികള്‍ വെടിയേറ്റു മരിച്ചത്. മാതൃഭാഷയ്ക്കുവേണ്ടി ആത്മത്യാഗംചെയ്ത വിദ്യാര്‍ഥികളുടെ ഓര്‍മ നിലനിര്‍ത്തുന്നതിനാണ് ഫെബ്രുവരി 21ന് യുഎന്നിന്റെയും യുനസ്കോയുടെയും നേതൃത്വത്തില്‍ ലോകമെമ്പാടും ഭമാതൃഭാഷാദിനം കൊണ്ടാടുന്നത്. അന്ന് ബംഗ്ലാദേശില്‍ ഒഴിവുദിനമാണ്. 1956ല്‍ ബംഗ്ലാദേശില്‍ ബംഗാളി ഔദ്യോഗികഭാഷയായി അംഗീകരിച്ചു. 1999 നവംബര്‍ 17നാണ് യുഎന്‍ പ്രഖ്യാപനം ഉണ്ടായത്. "കിരഹൗശെീി ശി മിറ വേൃീൗഴവ ലറൗരമശേീി: ഘമിഴൗമഴല രീൗിേെ" എന്നതാണ് 2015ലെ വിഷയം. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ഗുണപരമായ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. ഈ അസന്തുലിതാവസ്ഥ മാറണം എന്നതാണ് ലക്ഷ്യം. സ്വന്തം ഭാഷ മാത്രമല്ല ബഹുഭാഷാ സംസ്കാര വൈവിധ്യത്തെയും സംരക്ഷിക്കണം എന്ന് പ്രഖ്യാപനം പറയുന്നു. കുത്തക വിദ്യാഭ്യാസക്കച്ചവടത്തിന്റെ ചാരന്മാരും അവരുടെ അഭിജാത സൗന്ദര്യശാസ്ത്രവും കൊണ്ടാടപ്പെടുന്ന കാലത്താണ് മാതൃഭാഷാദിനം കടന്നുവരുന്നത്. വായുവും വെള്ളവും മണ്ണും പോലെ സ്വന്തം നാട്ടിലെ ഭാഷ സംസാരിക്കാനും കൊണ്ടാടുവാനുമുള്ള അവകാശം നിഷേധിക്കപ്പെട്ടവരുടെ കാലത്താണ് വികസിത-വിദ്യാഭ്യാസ മാതൃകകളെക്കുറിച്ച് വേവലാതിപ്പെടുന്നത്. മറ്റു ഭാഷകളുടെ ആധിപത്യത്തെ അതിജീവിച്ചാണ് മലയാളങ്ങള്‍ വളര്‍ന്നത്. ആന്തരികമായ വൈവിധ്യമാണ് സജീവമായ ഭാഷയുടെ ലക്ഷണം. ആധിപത്യങ്ങളുണ്ടായിട്ടും ഇന്നും വാമൊഴി-സാഹിത്യസരണികള്‍ ഏറിയും കുറഞ്ഞും കാത്തുസൂക്ഷിക്കുന്ന പാരമ്പര്യമാണ് മലയാളത്തിന്റെ കരുത്ത്. പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യമാണ് മലയാളത്തിന്റെ സമ്പന്നതയുടെ അടിസ്ഥാനം. അവിടത്തെ തിണകളില്‍ കഴിഞ്ഞുവന്ന ആദിമനിവാസികളുടെ പരിസ്ഥിതിചരിത്രം പശ്ചിമഘട്ടത്തോളം പഴക്കമുള്ളതാണ്. മലയാളഭാഷയുടെ പഴക്കത്തെ സാഹിത്യരേഖകളെ അടിസ്ഥാനമാക്കി മാത്രം നിര്‍ണയിക്കാനാകില്ല. മാതൃമലയാളം മലയിലെ എഴുത്തുരൂപങ്ങളോളം പഴക്കമുള്ളതാണെന്നതിന്് പ്രത്യേകം തെളിവ് ആവശ്യമില്ല. മഹാശിലാ സംസ്കാരത്തിന്റെ വാസ്തുരൂപങ്ങള്‍ സൃഷ്ടിച്ചവരുടെ ലോകവീക്ഷണങ്ങളടങ്ങിയ ഭാഷാരൂപങ്ങള്‍ മലനാട്ടു മലയാളത്തിലുണ്ട്. കല്‍മഴുവും കുടക്കല്ലും കല്‍വലയങ്ങളും നന്നങ്ങാടികളും നിര്‍മിച്ചവരുടെ കൈത്തഴക്കങ്ങളും പ്രജ്ഞയും അതിന്റേതായ സമൂഹ്യഭാഷ ഉണ്ടാക്കിയിട്ടുണ്ട്. കലത്ര എന്ന ഈണത്തില്‍ തോറ്റങ്ങളുടെ നാട്ടുസംഗീതം രചിച്ചിട്ടുണ്ട്. ഇതെല്ലാം തൊട്ടറിയാ പൈതൃകങ്ങളാണ്. പൊലവിയും തിണര്‍പ്പും ഇണര്‍പ്പും നിറഞ്ഞ മലയാളഭാഷയുടെ ചൂരും ചുണയും എന്നും കാത്തുസൂക്ഷിച്ചത് നാടോടി-കാടോടി സംസ്കാരമാണ്. മഹാനിഘണ്ടുക്കളിലും സാഹിത്യചരിത്രങ്ങളിലും ഈ നാട്ടുമലയാളങ്ങളൊന്നും കണ്ടില്ലായിരിക്കാം. എന്നാല്‍, മാതൃഭാഷയെയും സാഹിത്യത്തെയും എന്നെന്നും പോറ്റിവളര്‍ത്തിയത് സാധാരണക്കാരും അവരുടെ ആവിഷ്കാരങ്ങളുമായിരുന്നു. ജനഭാവനയെ കൊള്ളയടിക്കുന്ന സങ്കേതമായി സാഹിത്യം സമൂഹത്തില്‍നിന്ന് അകലുന്നു. മലയാണ്മയുടെ പാട്ടുപാരമ്പര്യങ്ങളും കിളിപ്പാട്ടുകളും തുള്ളല്‍പ്പാട്ടുകളും തോറ്റങ്ങളും പടയണിപ്പാട്ടുകളും പുലിമറഞ്ഞതൊണ്ടച്ചന്‍ പുരാവൃത്തങ്ങളും സാഹിത്യത്തെ വളര്‍ത്തിയിട്ടേയുള്ളു. അക്ഷരമാലയില്‍ അധിഷ്ഠിതമായ മാതൃഭാഷാ സങ്കല്‍പ്പത്തെയും വികസിപ്പിക്കേണ്ടതാണ്. വെറും സാഹിത്യചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള ഭാഷാപഠനത്തെ കേരളീയ ദേശീയസൗന്ദര്യശാസ്ത്രബോധവുമായി ബന്ധപ്പെടുത്തിയുള്ള അന്വേഷണങ്ങളിലേക്ക് ചുവടുമാറ്റേണ്ടതാണ്. അതോടൊപ്പം മാതൃഭാഷാ പഠനത്തെ മലനാട്ടിന്റെ കലാചരിത്രത്തിന്റെ ഊത്താലയില്‍നിന്നു വാര്‍ത്തെടുക്കണം. സ്വന്തം ഭാഷാഭിമാനത്തില്‍ ചുറ്റിക്കറങ്ങുന്നതിനുപകരം ഭാഷയുടെ പരിമിതികളെ മറികടക്കാനും ലോക മലയാളത്തിന്റെ പശ്ചാത്തലത്തില്‍ പകര്‍ന്നാടാനും കഴിയണം.
അതിനായി ലോകഭാഷാ പഠനങ്ങളിലേക്കും അന്തര്‍സംസ്കാര പഠനങ്ങളിലേക്കും പുരോഗമിക്കേണ്ടതുണ്ട്. പ്രൈമറിതലംമുതല്‍ ഗവേഷണതലംവരെ ഈ വിചാരമാതൃകയുടെ ചുവടുമാറ്റം അനിവാര്യമാണ്. മാതൃഭാഷാ പഠന-ഗവേഷണ രംഗത്തുള്ള ജീര്‍ണതകളെ മറികടക്കാന്‍ മലയാളം കംപ്യൂട്ടിങ് മാത്രം പരിഹാരമാവില്ല. നിയമനിര്‍മാണങ്ങളില്‍ മാത്രം ഒതുങ്ങുന്നതുമല്ല ഈ സാംസ്കാരിക പ്രതിരോധം. മാതൃഭാഷാ മുന്നേറ്റത്തിന്റെ സ്വാഭാവികമായ പ്രവര്‍ത്തനമേഖലകളാണിതെല്ലാം. മാതൃഭാഷയുടെ പ്രശ്നപരിസരം തിരിച്ചറിയണം. ഇത്രയധികം കപടഭാഷാ സ്നേഹമുള്ളവരുടെ നാട്ടിലാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളും എയ്ഡഡ് സ്കൂളുകളും നിലനില്‍പ്പിനായി പാടുപെടുന്നത് എന്നത് ആത്മപരിശോധന നടത്തേണ്ടതാണ്. പൊങ്ങച്ച വിദ്യാഭ്യാസത്തിന്റെ കടന്നുവരവില്‍ നഷ്ടപ്പെട്ട മാനവികമൂല്യങ്ങളും ഭാഷയുടെ സ്വത്വവും എങ്ങനെ തിരിച്ചുപിടിക്കും? പകലന്തിയോളം മാലിന്യങ്ങളില്‍ കഴിഞ്ഞുകൂടുന്നവരുടെ നാട്ടില്‍ വക്രീകരിച്ച മാധ്യമമലയാളവും മംഗ്ലീഷും വ്യവഹാര പ്രത്യയശാസ്ത്രമായി മാറുന്ന കാലത്താണ് തെളിമലയാളത്തിന്റെ നല്‍വരവ് ആഘോഷിക്കുന്നത്. ഭാഷയെ നിലനിര്‍ത്തിയത് സാഹിത്യം മാത്രമായിരുന്നില്ല. ആദിമലയാളത്തിന്റെ സമൃദ്ധി കുഞ്ചന്‍നമ്പ്യാരിലൂടെയും കുഞ്ഞുണ്ണി മാഷിലൂടെയും നാം കണ്ടതാണ്. മാതൃഭാഷാ വികാസത്തിന് കവികളും കലാകാരന്മാരും കര്‍ഷകരും നല്‍കിയ സംഭാവനങ്ങള്‍ ഇവിടെ സ്മരിക്കാം. നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്ന മാതൃമലയാളത്തിന്റെ മഹനീയ മാതൃകകള്‍ മനസ്സിലാക്കാനും തിരിച്ചുപിടിക്കാനുമുള്ള നാട്ടിടങ്ങളുണ്ടാകണം. ഞാറ്റുവേലകള്‍, കൃഷിക്കലണ്ടര്‍, താളങ്ങള്‍, നാടന്‍കളികള്‍, വംശീയസസ്യവിജ്ഞാനം, കളരി, പൈതൃകക്കലവറകള്‍ തുടങ്ങിയവയും കേരളീയ വിജ്ഞാന പാരമ്പര്യങ്ങളും പുതിയ തലമുറ മനസ്സിലാക്കണം. ഭാഷയുടെ ജൈവപൈതൃകപരിസരം തിരിച്ചറിയാനുള്ള പാഠ്യപദ്ധതികള്‍ മാതൃഭാഷയില്‍ ലഭ്യമാകണം. ബഹുവ്യക്തിത്വവികാസവും ബഹുജ്ഞാന പരിസരവും ആര്‍ജിക്കുന്നവിധത്തിലുള്ള മാതൃഭാഷാ ഗുരുകുലങ്ങളുടെ പ്രസക്തി ഇവിടെയാണ്. നവഭാഷകളെ കംപ്യൂട്ടര്‍ ഭാഷ, മനുഷ്യ ഭാഷ എന്നു വേര്‍തിരിക്കുമ്പോള്‍ മനുഷ്യഭാഷയ്ക്ക് ഉദാഹരണമായി പറയുന്നത് മലയാളമാണ്. മാതൃഭാഷയുടെ നീരൊഴുക്കു നിലനിര്‍ത്താന്‍ നാല് ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു.1. മാതൃഭാഷാ ഗുരുകുലങ്ങള്‍- കേരളത്തിലെ എണ്ണായിരത്തോളം വായനശാലകളിലും ക്ലബ്ബുകളിലും സ്കൂളുകളിലും പണിസ്ഥലങ്ങളിലും ഇത് ആരംഭിക്കാവുന്നതാണ്. നൈപുണ്യമുള്ള കാരണവകുലങ്ങളാകണം അറിവുകള്‍ കൈമാറ്റം ചെയ്യേണ്ടത്.2. നാട്ടുവാക്കുകളുടെ ശേഖരണവും സാംസ്കാരിക പഠനവും- വിദ്യാര്‍ഥികളുടെയും അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തകരുടെയും സന്നദ്ധസഹായത്തോടെ ഇത് ആരംഭിക്കാം. ഏതെങ്കിലും സര്‍വകലാശാലയ്ക്കോ, സാംസ്കാരിക സംഘത്തിനോ ഇത് ഏറ്റെടുക്കാവുന്നതാണ്. ഗ്രാമങ്ങളും ഗവേഷണസ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം സ്ഥാപിക്കാന്‍ ഇത് ഉപകരിച്ചേക്കാം.3. ജനകീയ പൈതൃകപഠനകേന്ദ്രങ്ങള്‍- മലനാടിന്റെ ഗോത്ര-നാടോടി-പാരമ്പര്യ രംഗകലകളും കൈവേലാ നൈപുണ്യങ്ങളും നാട്ടുതഴക്കങ്ങളും ഭൂമിശാസ്ത്രസൂചകങ്ങളും നവനിര്‍മിതികളായിമാറണം.4. നാട്ടുവിജ്ഞാനപഠന-ഗവേഷണങ്ങള്‍- നാട്ടുഗണിതം, വൈദ്യം, നക്ഷത്രവിജ്ഞാനം, വാസ്തു, കളരി തുടങ്ങിയ കേരളത്തിന്റെ നാട്ടുവിജ്ഞാനങ്ങള്‍ ലോകപ്രസിദ്ധമാണ്. ഇവ സംരക്ഷിക്കുന്നതിനും പേറ്റന്റ് ചെയ്യുന്നതിനും ജൈവചോരണം തടയുന്നതിനുമുള്ള അന്താരാഷ്ട്ര നിയമങ്ങളുണ്ട്. ബൗദ്ധിക സ്വത്തവകാശത്തിന്റെ കാലത്ത് കേരളത്തിന്റെ സാംസ്കാരികാവിഷ്കാരങ്ങള്‍ക്കുള്ള പ്രാധാന്യം തിരിച്ചറിയണം. ജനിതകസമ്പത്തിന്റെ പരിരക്ഷ മാത്രമല്ല, തൊട്ടറിയാവുന്നതും തൊട്ടറിയാത്തതുമായ ലോകപൈതൃകങ്ങളുടെ കണ്ടെത്തലിനും പഠനത്തിനും പ്രാധാന്യമേറുകയാണ്. ദേശസൂചകങ്ങള്‍ വളര്‍മയാര്‍ന്ന നാട്ടുനൈപുണ്യത്തെ പ്രതിനിധാനംചെയ്യുന്നു. ഒരുപരിധിവരെ പശ്ചിമഘട്ടത്തിന്റെ ജീവിക്കുന്ന ജനിതക-സാംസ്കാരിക കലവറകളുടെ ലോകം മനസ്സിലാക്കണമെങ്കില്‍ നാട്ടുമലയാളത്തിലേക്ക് എത്തിച്ചേരണം. വരേണ്യമായ അധികാരത്തിന്റെ ചേട്ടമലയാളത്തില്‍നിന്ന് ജനസംസ്കൃതിയുടെ ചീവോതി മലയാളങ്ങളിലേക്ക് കാലെടുത്തുവയ്ക്കണം. എഴുത്തധികാരത്തില്‍നിന്ന് പൊരുളധികാരത്തിന്റെ തിണബന്ധത്തിലേക്ക് പ്രവേശിക്കണം $(കേരള സര്‍വകലാശാലയില്‍ മലയാളവിഭാഗം പ്രൊഫസറാണ് ലേഖകന്‍)

2015, ഫെബ്രുവരി 18, ബുധനാഴ്‌ച

നമ്മുടെ ഭാഷ അവരുടെ ഭാഷ

ആശയ വിനിമയത്തിലെ ഏറ്റവും ശക്തമായ ഉപാധിയാണ് ഭാഷ. മനുഷ്യസംസ്കാരത്തിന്റെ ഏറ്റവും പ്രധാന ഘടകവുമാണത്. നദിയിലെ വെള്ളം വറ്റിപ്പോയാല്‍ നദി ഇല്ലാതാകുന്നതുപോലെ ഭാഷ നശിച്ചാല്‍ സംസ്കാരവും നശിക്കും. സംസ്കാരത്തിന്റെ ഈടുവയ്പ്പുകള്‍ നാം സൂക്ഷിച്ചുവയ്ക്കുന്നത് ഭാഷയിലാണ്. സാഹിത്യത്തിന്റെയും ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും അറിവ് സമാഹരിക്കപ്പെട്ടിരിക്കുന്നത് ഭാഷയിലാണല്ലോ. ചെറുഭാഷകളെയും സംസ്കാരങ്ങളെയും നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ ലോകവ്യാപകമായി നടക്കുന്നുണ്ട്. അത്തരം നാശത്തെ നേരിട്ടുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ഭാഷകളുണ്ട് ലോകത്തില്‍. അവയെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ലോക മാതൃഭാഷാ ദിനം ആചരിക്കുന്നത്. മലയാളം നമ്മുടെ മാതൃഭാഷയാണ്. അമ്മയെ പ്പോലെയാണ് നമുക്ക് മാതൃഭാഷ. നമുക്ക് മാത്രമല്ല എല്ലാവര്‍ക്കും. ഏതു നാട്ടുകാരനും അവരുടെ മാതൃഭാഷയെ അതിരറ്റു സ്നേഹിക്കുന്നു. മാതൃഭാഷയില്‍ പഠിക്കുന്നത് പഴഞ്ചനാണെന്നും അതുകൊണ്ട് നല്ലൊരു തൊഴില്‍ കിട്ടുകയില്ലെന്നും വിശ്വസിക്കുന്നവരുടെ എണ്ണം പുതിയകാലത്ത് കൂടിവരുന്നു. മാതൃഭാഷാസ്നേഹം നമ്മളില്‍ കുറഞ്ഞുവരികയാണ്.

മാതൃഭാഷ പഠിക്കാതെ ബിരുദം നേടാവുന്ന ഏക സംസ്ഥാനം കേരളമായിരിക്കും. ഈ ദുരവസ്ഥ മാറണം. ക്ലാസിക് പദവിയിലേക്ക് ചുവടുവെക്കുന്ന മലയാളത്തെ സ്നേഹിക്കാനും സേവിക്കാനും മാതൃഭാഷാദിനാചരണം പ്രചോദനമാകണം.ദ്രാവിഡഗോത്രത്തിലെ ദക്ഷിണശാഖയിലാണ് മലയാളം. ലക്ഷദ്വീപുകാരുടെ പ്രധാനഭാഷയും മലയാളമാണ്. സംസാരിക്കുന്ന ജനങ്ങളുടെ എണ്ണം കണക്കാക്കിയാല്‍ മലയാളത്തിന് ഇന്ത്യന്‍ ഭാഷകളില്‍ എട്ടാം സ്ഥാനമുണ്ട്. ലോകത്ത് സംസാരിക്കുന്നവരുടെ എണ്ണം കൊണ്ട് മുപ്പതാം സ്ഥാനവും മലയാളത്തിനാണ്. ആയിരക്കണക്കിന് ഭാഷകളും 700 കോടിക്കടുത്ത് ജനസംഖ്യയുമുള്ള ഈ ഭൂമിയില്‍ വളരെ ചെറിയൊരു സ്ഥാനമല്ല ഇത്. എത്രയെത്ര പ്രതിഭകളാണ് ഈ ഭാഷയില്‍നിന്നും വിശ്വത്തോളമുയര്‍ന്നത്.

നിരവധി ഭാഷകളില്‍ നിന്ന് എണ്ണമറ്റ പദങ്ങള്‍ നാം സ്വന്തമാക്കി. ലോക സാഹിത്യത്തിലെ ഇതിഹാസങ്ങളും മഹാകാവ്യങ്ങളും ശാസ്ത്ര, തത്ത്വശാസ്ത്ര ഗ്രന്ഥങ്ങളും നാം പരിഭാഷപ്പെടുത്തി. കേരളപ്പിറവിയുടെ താക്കോലായി നാം ഭാഷയെ കണ്ടു. എന്നിട്ടും ഓക്സിജന്‍ അന്വേഷിക്കുന്ന ഭാഷയായി മലയാളം മാറിപ്പോകുമോ എന്ന് നാം ഭയപ്പെടുന്നു. മറ്റ് പല ഭാഷകളെപോലെ മലയാളവും വെല്ലുവിളികള്‍ നേരിടുന്നു. ഒരു ഭാഷ മരിക്കുന്നതിന് പല കാരണങ്ങളുണ്ട്. ആ ഭാഷ ഉപയോഗിക്കുന്ന സമൂഹം അതിനെ നിരസിക്കുകയോ അധമബോധത്തോടെ രണ്ടാംകിടയിലേക്ക് വലിച്ചെറിയുകയോ ചെയ്യുന്നത് മരണകാരണമാവാം. അത് അനുവദിക്കരുത്.മാതൃഭാഷയെ അഭിമാനത്തോടെ തിരിച്ചുപിടിക്കാന്‍ നമുക്കാവണം. പുതിയ പുതിയ സംരംഭങ്ങള്‍ മലയാളത്തില്‍ അവതരിപ്പിക്കാന്‍ കഴിയേണ്ടതുണ്ട്. സാങ്കേതികപദാവലികള്‍ വിപുലപ്പെടുത്തണം. പ്രാഥമികവിദ്യാഭ്യാസം മുതല്‍ മാതൃഭാഷ നിര്‍ബന്ധമാക്കണം. ലോകത്തെല്ലായിടത്തും മലയാളം പഠിക്കാന്‍ അവസരമുണ്ടാവണം.

ചോരയില്‍ കുറിച്ച ഭാഷാദിനം
ഫെബ്രുവരി 21 മാതൃഭാഷാദിനമായി ആചരിക്കാന്‍ തുടങ്ങിയതിനുപിന്നില്‍ ഒരു പ്രക്ഷോഭത്തിന്റെ കഥയുണ്ട്. ഭാഷാസമരത്തില്‍ ജീവന്‍ പൊലിഞ്ഞ വിദ്യാര്‍ഥികളുടെ ഓര്‍മയാണ് ലോക മാതൃഭാഷാദിനാചരണത്തിന് കാരണമായത്. അവിഭക്ത ബംഗാള്‍, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിന് ഉജ്വല സംഭാവന നല്‍കിയ പ്രദേശമാണ്. രാജാറാം മോഹന്‍റായ്, രബീന്ദ്രനാഥ ടാഗോര്‍, സ്വാമി വിവേകാനന്ദന്‍ തുടങ്ങി നിരവധി പ്രതിഭകള്‍ ബംഗാള്‍ ഭാഷയില്‍ പിച്ചവച്ച് വളര്‍ന്നവരായുണ്ട്്. ബംഗാളിന്റെ വീറുറ്റ സ്വാതന്ത്ര്യ സമരപോരാട്ടം ഇംഗ്ലീഷുകാര്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല. ആദ്യം ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കത്തയായിരുന്നല്ലോ. അവര്‍ തലസ്ഥാനം ദില്ലിയിലേക്ക് മാറ്റുക മാത്രമല്ല, ബംഗാള്‍ വിഭജിക്കുകയും ചെയ്തു. ബംഗാളികളുടെ പോരാട്ടത്തിന് കരുത്തേകിയത് അവരുടെ ഭാഷയാണ്. വിഭജനത്തോടെ കിഴക്കന്‍ ബംഗാള്‍ പാകിസ്ഥാന്റെ ഭാഗമായി. പക്ഷേ പടിഞ്ഞാറന്‍ പാകിസ്ഥാന്‍ എന്നും അവരുടെമേല്‍ മേധാവിത്വം പുലര്‍ത്തിപ്പോന്നു. 1952-ല്‍ അവരുടെ ഭാഷയായ ഉറുദു ഔദ്യോഗിക ഭാഷയാക്കുകയും അത് കിഴക്കന്‍ ബംഗാളില്‍( ഇന്നത്തെ ബംഗ്ലാദേശ്)അടിച്ചേല്‍പ്പിക്കുകയും ചെയ്തു. ഇതിനെതിരെ തങ്ങളുടെ മാതൃഭാഷയായ ബംഗാളിക്കുവേണ്ടി ജനങ്ങള്‍ തെരുവിലിറങ്ങി. ലോകപ്രശസ്തമായ ധാക്ക സര്‍വകലാശാല പ്രക്ഷോഭ കേന്ദ്രമായി. തെരുവിലിറങ്ങിയ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ ഭരണാധികാരികള്‍ വെടിവച്ചു വീഴ്ത്തി. നിരവധി പേര്‍ തങ്ങളുടെ ഭാഷയ്ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ചു. ലോകം ഞെട്ടിയ ഈ കൂട്ടക്കൊല 1952 ഫെബ്രുവരി 21-നായിരുന്നു. ജയിലറകളില്‍ അടയ്ക്കപ്പെട്ടവര്‍ കാരാഗൃഹ ഭിത്തികളില്‍ ഭാഷാവിമോചനത്തിന്റെ മുദ്രാവാക്യം കുറിച്ചിട്ടു. 1956-ല്‍ സമരം വിജയം കണ്ടു. ബംഗാളിയും ഔദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെട്ടു. ബംഗ്ലാദേശ് എന്ന രാഷ്ട്രത്തിന്റെ പിറവിക്കുപോലും പ്രചോദനമായി ഈ ഭാഷാപ്രക്ഷോഭം.

പല ദേശങ്ങള്‍,പല ഭാഷകള്‍
ലോകത്ത് ഏകദേശം ഏ ഴായിരം ഭാഷകളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ലിപിയില്ലാത്ത സംസാര ഭാഷകളുമുണ്ട്. ഇങ്ങനെയുള്ള ആദിവാസി ഭാഷകള്‍ ആയിരങ്ങള്‍ വരും. അധിനിവേശങ്ങളുടെ ഫലമായി സംസ്കാരങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്നു. മാസത്തില്‍ ഒരു ഭാഷയെങ്കിലും നശിക്കുന്നുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇന്ത്യയില്‍ ഭരണഘടനയ നുസരിച്ച് 22 ഭാഷകളെയാണ് അംഗീകരിച്ചതെങ്കിലും 1652 ഭാഷകള്‍ പ്രചാരത്തിലുണ്ടെന്നാണ് കണക്ക്. ഭാഷകളും ഉപഭാഷകളും ചേര്‍ന്നാണിത്. പതിനായിരം പേര്‍ മാത്രം സംസാരിക്കുന്ന ഭാഷകളും ഇക്കൂട്ടത്തിലുണ്ട്.

എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ട ഭാഷകള്‍
ഇന്ത്യയില്‍ ഏകദേശം 1652 ഭാഷകളുണ്ട്. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ 22 ഭാഷകളാണ് അംഗീകരിച്ചിട്ടുള്ളത് 1. ആസാമീസ് 2. ബംഗാളി 3. ഗുജറാത്തി 4. ഹിന്ദി 5. കന്നഡ 6. കാശ്മീരി 7. മലയാളം 8. മറാഠി 9. ഒറിയ. 10. പഞ്ചാബി 11. സംസ്കൃതം 12. തമിഴ് 13. തെലുങ്ക് 14. ഉറുദു (ഈ 14 ഭാഷകളും എട്ടാം ഷെഡ്യൂളിന്റെ തുടക്കം മുതല്‍ അതില്‍ ഉള്‍പ്പെട്ടവയാണ്). 15.സിന്ധി(1962ലും)16. കൊങ്കണി. 17.മണിപ്പൂരി. 18 നേപ്പാളി എന്നീ ഭാഷകള്‍ 1992 മുതലും എട്ടാം പട്ടികയിലുണ്ട്. 2003ല്‍ എട്ടാം ഷെഡ്യൂളില്‍പ്പെടുത്തിയ ഭാഷകളാണ് ഇനി പറയുന്ന നാലെണ്ണം; 19. ബോഡോ 20. ഡോഗ്രി. 21.മൈഥിലി 22. സന്താളി.

ഭാരതീയ ഭാഷകള്‍
ഇന്ത്യന്‍ ഭാഷകളെ പ്രധാനമായി നാലുവിഭാഗങ്ങളായി തിരിക്കാം. 1)ഇന്തോ-ആര്യന്‍ഭാഷകള്‍: ഹിന്ദി, ബംഗാളി, ഗുജറാത്തി, മറാഠി, ഉറുദു, സിന്ധി, ഒറിയ, പഞ്ചാബി. 2)ദ്രാവിഡ ഭാഷകള്‍: തമിഴ്, കന്നഡ, മലയാളം, തെ ലുങ്ക്, തുളു. 3) ആസ്ട്രിക് ഭാഷകള്‍: മുണ്ട (ങൗിറമ), കോള്‍ (ഗീഹ). 4) സിനോ-ടിബറ്റന്‍ ഗോ ത്രത്തില്‍പ്പെട്ട ഭാഷകള്‍: ആസാമീസ്, ഖംതി (ഗവമാശേ വടക്കു കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ ഗോത്രവര്‍ഗക്കാര്‍ സംസാരിക്കുന്ന ഭാഷയാണ്)വലിയ ഭാഷലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയും തദ്ദേശീയമായി ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷയും  മന്‍ഡാറിന്‍ ആണ്. 84.5 കോടിയാളുകള്‍ തദ്ദേശീയമായും ലോകത്താകെ 102.5 കോടിയാളുകളും ഈ ഭാഷ കൈകാര്യംചെയ്യുന്നു. ചൈനീസ് ഭാഷയുടെ വകഭേദമാണ് മന്‍ഡാറിന്‍. ഏറ്റവും കൂടുതല്‍ ആളുകളുടെ പട്ടികയില്‍ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളില്‍ ഹിന്ദിയും ഉറുദുവും ചേര്‍ന്ന (ഹിന്ദുസ്ഥാനി) ഗ്രൂപ്പ് ഉള്‍പ്പെടുന്നു. തദ്ദേശീയമായി 24കോടിയും ലോകത്താകമാനം 40.5 കോടിയും പേര്‍.

കൊണ്ടും കൊടുത്തും
ഇന്ന് കാണുന്ന രീതിയില്‍ മലയാളത്തിന്റെ പദാവലി വികസിച്ചതിനു പിന്നില്‍ അനേകം ഭാഷകളോട് നാം കടപ്പെട്ടിരിക്കുന്നു. എല്ലാ ഭാഷകളും മറ്റു ഭാഷകളില്‍ നിന്ന് കടംകൊണ്ടുതന്നെയാണ് പദസമ്പത്ത് വികസിപ്പിക്കാറുള്ളത്. സംസ്കൃതം, പ്രാകൃതം, പാലി, മറാഠി, ഹിന്ദി, അറബി, ഉര്‍ദു, പേര്‍ഷ്യന്‍, സിറിയന്‍, പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ഇംഗ്ലീഷ് മുതലായ ഭാഷകളുടെ സമ്പര്‍ക്ക സ്വാധീനങ്ങള്‍ മലയാളത്തിന് ഏറെ സഹായകമായി. അത്താണി, ഒട്ടകം, ലാക്ക്, കേമം, വട്ടം മുതലായവ മധ്യ ഇന്തോ-ആര്യന്‍ ഭാഷകളില്‍ നിന്ന് ലഭിച്ചവയാണ്. കിച്ചടി, ചട്ടിണി, തോപ്പ്, പാറാവ് മുതലായ പദങ്ങള്‍ ഹിന്ദി, മറാഠി തുടങ്ങിയ ആധുനിക ഇന്തോ-ആര്യന്‍ ഭാഷകളില്‍ നിന്നാണ് ലഭിച്ചത്. സന്നത്, വക്കാലത്ത്, ഹര്‍ജി തുടങ്ങിയവ അറബിയില്‍നിന്ന് സ്വീകരിച്ചു. ചുരുക്കത്തില്‍ മറ്റുഭാഷകളില്‍നിന്ന് കൊണ്ടും കൊടുത്തുമാണ് മലയാളമുള്‍പ്പെടെ എല്ലാ ഭാഷകളും വളര്‍ന്നത്.