ജനയുഗം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ജനയുഗം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2017, ഏപ്രിൽ 30, ഞായറാഴ്‌ച

മെയ്‌ ഒന്ന്‌ മുതൽ ഔദ്യോഗിക ഭാഷ മലയാളം: ഉത്തരവ്‌ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി.

തിരുവനന്തപുരം: സംസ്ഥാനത്ത്‌ വിവിധ വകുപ്പുകളിൽ മെയ്‌ ഒന്ന്‌ മുതൽ ഔദ്യോഗികഭാഷ പൂർണമായും മലയാളമാക്കണമെന്ന്‌ ഉത്തരവ്‌.
ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗികഭാഷ) വകുപ്പ്‌ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്‌ സെക്രട്ടറിയേറ്റ്‌ ഉൾപ്പെടെയുള്ള സർക്കാർ, അർധസർക്കാർ, പൊതുമേഖലാ, സ്വയം ഭരണ, സഹകരണ സ്ഥാപനങ്ങളിൽ ഔദ്യോഗിക ഭാഷ പൂർണമായും മലയാളമാക്കണം. ഭാഷാമാറ്റ നടപടികൾ വിലയിരുത്താൻ 10ന്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഔദ്യോഗികഭാഷാ ഉന്നതതല സമിതി കേരളത്തിലെ ഭാഷാമാറ്റം തൃപ്തികരമല്ലെന്ന്‌ വിലയിരുത്തിയിരുന്നു.
ഇതേ തുടർന്നാണ്‌ മെയ്‌ ഒന്നു മുതൽ മലയാളം കർശനമായി നടപ്പാക്കണമെന്ന്‌ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ്‌ ഉത്തരവിറക്കിയിട്ടുള്ളത്‌. സംസ്ഥാനത്തെ തമിഴ്‌, കന്നഡ ഭാഷാ ന്യൂനപക്ഷക്കാർക്ക്്‌ ഭരണഭാഷ സംബന്ധിച്ച നിലവിലുള്ള അവകാശങ്ങൾ നിലനിർത്തിയിട്ടുണ്ട്‌. കേന്ദ്ര സർക്കാർ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, ഹൈക്കോടതി, സുപ്രീംകോടതി, ഇതര സംസ്ഥാനങ്ങൾ, മറ്റു രാജ്യങ്ങൾ, സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷകളായ തമിഴ്‌, കന്നഡ അല്ലാതെയുള്ള മറ്റു ഭാഷാ ന്യൂനപക്ഷക്കാരുമായുള്ള കത്തിടപാടുകൾ, ഇംഗ്ലീഷ്‌ ഉപയോഗിക്കണമെന്ന്‌ ഏതെങ്കിലും നിയമത്തിൽ പ്രത്യേകം പരാമർശമുള്ള സംഗതികൾ എന്നീ സാഹചര്യങ്ങളിൽ കുറിപ്പ്്‌ ഫയൽ മലയാളത്തിലായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി കത്തിടപാടുകൾക്ക്‌ ഇംഗ്ലീഷ്‌ ഉപയോഗിക്കാം. അങ്ങനെയല്ലാത്ത സാഹചര്യങ്ങളിൽ എല്ലാ ഔദ്യോഗികാവശ്യങ്ങൾക്കും മെയ്‌ ഒന്ന്‌ മുതൽ മലയാളം മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന്‌ എല്ലാ വകുപ്പ്‌ തലവൻമാരും ഓഫീസ്‌ മേധാവികളും ഉറപ്പുവരുത്തേണ്ടതാണെന്നും ഭാഷാമാറ്റ നടപടികൾ മൂന്നുമാസത്തിലൊരിക്കൽ അവലോകനം ചെയ്യണം. ഈ നടപടികളിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

2015, ഡിസംബർ 21, തിങ്കളാഴ്‌ച

മലയാള ഐക്യവേദി സംസ്ഥാന സമ്മേളനം സമാപിച്ചു.

മലയാള ഐക്യവേദി സംസ്ഥാന സമ്മേളനം സമാപിച്ചു

വയനാട് December 21, 2015 , by Reporter

കല്‍പറ്റ: രണ്ട് ദിവസമായി കല്‍പറ്റയില്‍ നടന്ന മലയാള ഐക്യവേദി സംസ്ഥാന സമ്മേളനം സമാപിച്ചു. മാതൃഭാഷക്ക് വേണിടയുള്ള സമരങ്ങള്‍ ഒരു ജനതയുടെ ആത്മ സ്വാതന്ത്ര്യത്തിന് വേýണ്ടിയുള്ള സമരങ്ങള്‍ കൂടിയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത നോവലിസ്റ്റ് കെ.പി. രാമനുണ്ണി പറഞ്ഞു. . മറ്റു സംസ്ഥാനങ്ങള്‍ തങ്ങളുടെ മാതൃഭാഷയിലേക്ക് മാറാന്‍ തുടങ്ങി. ഭരിക്കുന്ന ന്യൂനപക്ഷ ഉദ്യോഗസ്ഥര്‍ക്കു വേണ്ടിയാണ് മലയാള ബില്ലിനെ അസ്ഥികൂടമാക്കാന്‍ തുനിഞ്ഞത്. സ്‌നേഹത്തിന്റെയും നല്ല പെരുമാറ്റത്തിന്റെയും ഭാഷയാണ് മാതൃഭാഷ. ഭാഷക്ക് വേണ്ടിയുള്ള സമരം വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള സമരമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌ഡോ. വി.പി. മാര്‍ക്കോസ് അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലാ സംഘം ജില്ലാ പ്രസിഡന്റ് എം. ബാലഗോപാലന്‍, എഴുത്തുകാരി ഡോ. പി. ഗീത, സംസ്ഥാന ജന. സെക്രട്ടറി കെ.കെ. സുബൈര്‍ സ്വാഗതവും വിനോദ് പുല്ലഞ്ചേരി നന്ദിയും പറഞ്ഞു. സംസ്ഥാനതല കഥ, കവിതാ രചനാ മത്സരത്തില്‍ വിജയികളായ ദ്രുപത് ഗൗതം, നിയ ബിന്‍ജില, നീരജ എസ്.മഹേഷ്, രവീന രവീന്ദ്രന്‍, ഡിു ജോര്‍ജ്, വിഷ്ണുപ്രസാദ് എന്നിവര്‍ക്ക് കെ.പി. രാമനുണ്ണി പുരസ്‌കാരം നല്‍കി. ഭാഷാ മഞ്ജരി പുരസ്‌കാരം നേടി പി. അതുല്‍, മലയാള ബിരുദ റാങ്ക് ജേത്രി ജാനു രാജന്‍ എന്നിവരെ സമ്മേളനം അനുമോദിച്ചു. സെമിനാര്‍ പ്രഫ കല്‍പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം തലവന്‍ ഡോ. എം.വി. നാരായണന്‍, സുരേഷ് പുത്തന്‍പറമ്പില്‍, സി.ജെ. വിഷ്ണുമായ, എച്ച്. ഷിബില്‍ദാസ്, എന്‍.വി. രഞ്ജിത്ത്, ടി.പി. ഭുവനേശന്‍, പി സിരാമന്‍കുട്ടി, പി കെ ജയചന്ദ്രന്‍, എസ് ഷാജി,ഷാജി പുല്‍പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജനങ്ങളെ വിഡ്ഢികളാക്കുവാൻ മാത്രം ഒരു ഭാഷാനിയമമെന്തിന്‌? - പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ.

കേരളത്തിന്റെ മാതൃഭാഷയായ മലയാളത്തിന്റെ നിലനിൽപിനും വളർച്ചയ്ക്കും ഉറപ്പുനൽകുന്ന ഭാഷാനിയമം എന്ന ആവശ്യം സാക്ഷാൽക്കരിക്കുവാൻ പോകുന്നു എന്ന പ്രത്യാശ സമൂഹത്തിൽ സൃഷ്ടിക്കുന്നതിന്‌ ഇന്നത്തെ ഗവൺമെന്റിനു പലവട്ടം കഴിഞ്ഞിട്ടുണ്ട്‌. കഴിഞ്ഞ ഏതാനും നിയമസഭാ സമ്മേളനങ്ങൾക്ക്‌ തൊട്ടുമുമ്പ്‌ ഇതാ വരുന്നു ‘സമഗ്രമലയാളഭാഷാ നിയമം’ എന്നു മാലോകരെ വിളിച്ചറിയിക്കുകയും ഒന്നും സംഭവിക്കാതെ സമ്മേളനങ്ങൾ കടന്നുപോവുകയും ചെയ്യുന്ന സ്ഥിരം നാടകവ്യായാമം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്‌. അതു കാണുമ്പോൾ ജനങ്ങളെ പറഞ്ഞുപറ്റിക്കുന്നതിൽ ഇത്രമേൽ വൈദഗ്ധ്യം നേടിയ ഒരു ഗവൺമെന്റ്‌ ഈ നാട്ടിൽ ഒരിക്കലും ഉണ്ടായിട്ടില്ലെന്നു തോന്നിപ്പോവുന്നു. ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച ബില്ലിന്റെ സ്വരൂപം ഒരിക്കൽ കൂടി അത്‌ തെളിയിച്ചിരിക്കുന്നു.
ഈ വർഷത്തെ ഐക്യകേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി എം ടി വാസുദേവൻ നായരേയും സുഗതകുമാരിയേയും ആദരിച്ചുകളയാമെന്നു സർക്കാർ തീരുമാനിച്ചത്‌ നല്ല കാര്യം. മാതൃഭാഷയുടെ പേരിൽ പതിവായി ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന സർക്കാരിന്റെ ആദരവ്‌ തങ്ങൾക്കു വേണ്ട എന്നു സാഹിത്യനായകത്വം തീരുമാനിച്ചത്‌ അതിലേറെ നല്ല കാര്യം. നവംബർ 25ന്‌ തിരുവനന്തപുരത്തും കോഴിക്കോട്ടും സാഹിത്യനായകന്മാർ നേതൃത്വം നൽകിയ സൂചനാനിരാഹാര സത്യഗ്രഹത്തിൽ അസംഖ്യം ഭാഷാസ്നേഹികൾ ആവേശപൂർവം പങ്കെടുക്കുകയുണ്ടായി. വരുന്ന നിയമസഭാസമ്മേളനത്തിൽ മലയാള ഭാഷാ ബില്ല്‌ അവതരിപ്പിച്ചു പാസാക്കണമെന്നതായിരുന്നു പ്രസ്തുത സമരം മുന്നോട്ടുവച്ചിരുന്ന ആവശ്യം. അതേ ആവശ്യത്തിനുവേണ്ടി ഈ മാസം രണ്ടു മുതൽ ഏററവും പ്രമുഖരായ ഒരു സംഘം എഴുത്തുകാരുടെ അനിശ്ചിതകാല നിരാഹാരസമരവും പ്രഖ്യാപിച്ചിരുന്നു. ഈ സമ്മേളനത്തിൽ തീർച്ചയായും ബില്ല്‌ അവതരിപ്പിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തെത്തുടർന്ന്‌ പ്രഖ്യാപിത സമരം തൽക്കാലം മാറ്റിവയ്ക്കുവാൻ സംഘാടക സമിതി തീരുമാനിക്കുകയായിരുന്നു.
അഭിജ്ഞവൃത്തങ്ങളിൽ അപ്പോഴും ചില ആശങ്കകൾ പടർന്നിരുന്നു. ഭരണകൂടത്തിലും ഉദ്യോഗസ്ഥതലത്തിലും കുറേപ്പേരെങ്കിലും മാതൃഭാഷാ വിരോധം ജീവവായുവാക്കിയിട്ടുള്ളവർ ആണെന്നും അവർ വെറുതെയിരിക്കുവാൻ പോകുന്നില്ല എന്നുമുള്ള മൂന്നാര്റിയിപ്പുകളുണ്ടായിരുന്നു. സർക്കാർ തയാറാക്കി സുഗതകുമാരി, ഡോ. എം ആർ തമ്പാൻ, കെ ജയകുമാർ, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരൻ, സെക്രട്ടറി ആർ ഗോപാലകൃഷ്ണൻ എന്നിവരടങ്ങുന്ന വിദഗ്ധ സമിതി അംഗീകരിച്ച കരടു ബില്ല്‌ സാരമായ പരുക്കുകളൊന്നും ഏൽപിക്കാതെ അവതരിപ്പിക്കുമെന്ന്‌ ശുദ്ധഗതിയാലാവാം ബഹുഭൂരിപക്ഷം വിശ്വസിച്ചു. ഹാ കഷ്ടം! എന്നുതന്നെ പറയട്ടെ കരചരണ ശ്രവണനാസികകൾ ഛേദിച്ച ഒരു ബില്ലല്ല, ശിരച്ഛേദം തന്നെ നടത്തിയ ഒരു കബന്ധം മാത്രമാണ്‌ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ഭാഷാബില്ല്‌.
മലയാള ഭാഷാനിയമം അനിവാര്യമായിത്തീർന്ന ഒരു പ്രത്യേക സാഹചര്യമുണ്ട്‌. മാതൃഭാഷയെ ഒന്നാം ഭാഷയായി അംഗീകരിക്കുന്ന സർക്കാർ ഉത്തരവിനെ ചില സ്വാശ്രയ ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളുടെ മാനേജ്മെന്റ്‌ കോടതിയിൽ ചോദ്യം ചെയ്തപ്പോൾ, അതിനെ അതിജീവിച്ച്‌ ഉത്തരവ്‌ പ്രാബല്യത്തിൽ കൊണ്ടുവരുവാൻ ‘സമഗ്ര മലയാളഭാഷാ നിയമം അനിവാര്യമാവുകയായിരുന്നു. പുതിയ കരട്‌ ബില്ല്‌ അക്കാര്യം പാടെ മറന്നുപോയിരിക്കുന്നു. ഭരണഭാഷ, പഠനഭാഷ, കോടതിഭാഷ എന്നിങ്ങനെ വിദഗ്ധസമിതി അംഗീകരിച്ച ഭാഷാ കരടുബില്ലിൽ മൂന്നു ഭാഗങ്ങളുണ്ടായിരുന്നു. വിദൂരഭാഷയിലേക്ക്‌ നോട്ടമെത്തുന്നവരെ സംബന്ധിച്ചിടത്തോളം അവയിൽ സുപ്രധാനം പഠനഭാഷയാണ്‌. കേരളത്തിൽ വിദ്യാഭ്യാസം എന്തായിരിക്കണം, എങ്ങനെ ആയിരിക്കണം എന്നീ കാര്യങ്ങളിലാണ്‌ അത്‌ ഊന്നൽ നൽകുന്നത്‌. പുതിയ ബില്ലിൽ ആ ഭാഗം അപ്പാടെ വെട്ടിമാററിയിരിക്കുന്നു. ഇനി വല്ലതും ബാക്കിയുണ്ടോ എന്നു ചോദിച്ചാൽ ഉണ്ട്‌ എന്നു തന്നെയാണ്‌ മറുപടി. ഉള്ളതു ചുരുക്കത്തിൽ ഇത്രയുമാണ്‌.
1969 മുതൽ 2002 വരെ പുറത്തിറങ്ങിയ ഭരണഭാഷാ ഉത്തരവുകൾ പുതിയ നിർദേശങ്ങൾ എന്ന വ്യാജേന ബില്ലിൽ ചേർത്തിട്ടുണ്ട്‌. കോടതി ഭാഷ മലയാളമാക്കാൻ 1973 ൽ സർക്കാർ വിജ്ഞാപനമിറക്കിയിട്ടുണ്ട്‌. 1987 ൽ നരേന്ദ്രൻ കമ്മിഷൻ ജില്ലാ കോടതി തലംവരെയെങ്കിലും കോടതി ഭാഷ മലയാളമാക്കണമെന്നു ശുപാർശ ചെയ്തിരുന്നു. പെറ്റി കേസുകളിലെ വിധി മലയാളത്തിലാവാം എന്നത്രേ ബില്ലിലെ നിർദേശം. ജനങ്ങൾ മുഴുവൻ വിഡ്ഢികളാണെന്ന മുൻവിധി പുലർത്തുന്ന പമ്പര വിഡ്ഢികളുടെ നിർലജ്ജതയുടെ ഫലമാണ്‌ പ്രസ്തുത നിർദേശങ്ങൾ.
2013 ൽ അംഗീകരിച്ച കരടു രേഖയിലെ വിദ്യാഭ്യാസ സംബന്ധമായ ചില നിർദേശങ്ങൾ ഇവയാണ്‌. സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ്‌ മുതൽ പന്ത്രണ്ടാം ക്ലാസ്‌ വരെ മലയാളം നിർബന്ധ ഒന്നാം ഭാഷയായിരിക്കണം. സംസ്ഥാനത്ത്‌ പ്രവർത്തിക്കുന്ന സിബിഎസ്‌ഇ, ഐസിഎസ്‌ഇ, മറ്റു ബോർഡുകൾ എന്നിവയുടെ നിയന്ത്രണത്തിലുളള എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധ ഒന്നാം ഭാഷയായിരിക്കണം. കേരളത്തിലെ കോളജുകളിലെ ബിരുദതലത്തിലെ ഭാഷാ വിഭാഗത്തിൽ ഒന്നാം ഭാഷയായ മലയാളത്തിന്റെ രണ്ടു പേപ്പറുകൾ എല്ലാ വർഷവും പഠിപ്പിക്കേണ്ടതാണ്. ബിരുദാനന്തര ബിരുദതലത്തിൽ മലയാളത്തിന്റെ ഒരു പേപ്പർകൂടി എല്ലാ വർഷവും പഠിപ്പിക്കേണ്ടതാണ്‌. പ്രൊഫഷണൽ കോഴ്സുകളിൽ എല്ലാ സെമസ്റ്ററുകളിലും മലയാളത്തിന്റെ ഒരു പേപ്പർകൂടി പഠിക്കേണ്ടതാണ്‌. സംസ്ഥാനത്തെ സർക്കാർ, അർദ്ധ സർക്കാർ പൊതുമേഖല, സ്വകാര്യ മേഖല, സ്വയം ഭരണമേഖല എന്നീ മേഖലകളിലെ എല്ലാ പ്രീ-പ്രൈമറി, നഴ്സറി, പ്ലേസ്കൂൾ, അങ്കണവാടി സ്കൂളുകളിൽ അധ്യയനമാധ്യമം നിർബന്ധമായും മലയാളം ആയിരിക്കേണ്ടതാണ്‌. എന്നിങ്ങനെ മൂന്നു വകുപ്പുകളിലെ നാൽപതോളം ഉപവകുപ്പുകളിലായി നിർദേശിക്കുന്ന വ്യവസ്ഥകളെ പുതിയ ബില്ലിൽ ഒറ്റയടിക്ക്‌ കൂട്ടക്കുരുതി കഴിച്ചിരിക്കുന്നു.
തമിഴ്‌നാട്ടിൽ തമിഴ്‌ മാധ്യമത്തിൽ പഠിച്ചവർക്ക്‌ ഇരുപതു ശതമാനം തൊഴിൽ സംവരണമുണ്ട്‌. താരതമ്യേന എത്രയോ പരിമിതമായ ആവശ്യങ്ങളാണ്‌ കേരളത്തിലെ മാതൃഭാഷാ പ്രസ്ഥാനങ്ങൾ മുന്നോട്ടുവയ്ക്കുന്നത്‌. കേരളത്തിലെ മെഡിക്കൽ-എൻജിനീയറിങ്‌ പ്രവേശനപ്പരീക്ഷകൾ മലയാളത്തിലെഴുതാൻ സൗകര്യമുണ്ടാകണമെന്നും മലയാളം മാധ്യമത്തിൽ പഠിച്ചവർക്ക്‌ അതിൽ അഞ്ചു ശതമാനം ഗ്രേസ്‌ മാർക്ക്‌ വ്യവസ്ഥ ചെയ്യണമെന്നുമുള്ള കരടിലെ വ്യവസ്ഥകൾ അപ്രത്യക്ഷമായിരിക്കുന്നു. മാതൃഭാഷാ പരിരക്ഷണത്തിനു ഉതകുന്ന ഇത്തരം നിർദേശങ്ങൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും ധാർമിക ബാധ്യതയും പ്രധാനമായും വിദ്യാഭ്യാസവകുപ്പിനാണ്‌. 2014 ജൂണിൽ നിയമസഭാ സമിതിയും (അധ്യക്ഷൻ പാലോട്‌ രവി) വിദഗ്ധസമിതിയും മുന്നോട്ടുവച്ച വ്യവസ്ഥകൾ വിദ്യാഭ്യാസ വകുപ്പിന്‌ അന്ന്‌ സ്വീകാര്യമായിരുന്നു. അതേ വിദ്യാഭ്യാസ വകുപ്പുതന്നെ ഇന്ന്‌ അതേ വ്യവസ്ഥകളെ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തിയിരിക്കുന്നു. അപ്പോഴും ഭാഷാ ബില്ലിന്റെ അവതരണം മഹത്തായ ഒരു ചരിത്രസംഭവമാണെന്നാണ്‌ നിയമസഭാ സമിതി അധ്യക്ഷൻ അഭിമാനിക്കുന്നത്‌. ആ അഭിമാനം അർഹതപ്പെട്ടതാണോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു. ആദ്യത്തെ കരടുബില്ലിൽ നിന്നു വെട്ടിമാറ്റിയ പ്രധാനവകുപ്പുകൾ പുനഃസ്ഥാപിക്കുവാൻ ഈ നിയമസഭാ സമ്മേളനത്തിനു കഴിയുമോ എന്നതിനെ അതാശ്രയിച്ചിരിക്കുന്നു. അതിനു കഴിയുന്നില്ലെങ്കിൽ ഒന്നേ ചോദിക്കുവാനുള്ളു. ജനങ്ങളെ വിഡ്ഢികളാക്കുവാൻ മാത്രം ഒരു ഭാഷാ നിയമമെന്തിന്‌?‌

2013, മേയ് 15, ബുധനാഴ്‌ച

സൗദിയിലെ നിതാഖാതും മലയാള സര്‍വകലാശാലയും - സുബൈര്‍ അരിക്കുളം


സൗദി അറേബ്യയിലെ നിതാഖാത് നമ്മുടെ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കാലയളവില്‍ തന്നെയാണ് 13-ാം കേരള നിയമസഭയുടെ 8-ാം  സമ്മേളനത്തില്‍ മലയാള സര്‍വകലാശാലാ ബില്‍ ഒമ്പത് മണിക്കൂറിലധികം ചര്‍ച്ചയായത്. എന്താണ് സൗദിയിലെ നിതാഖാതും കേരളത്തിലെ സര്‍വകലാശാലാ ബില്ലും തമ്മിലുള്ള ബന്ധം. നിതാഖാത് എന്നാല്‍ സൗദിയിലെ പൗരന്മാരുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ തൊഴില്‍ സ്ഥാപനങ്ങളെ വെള്ള, പച്ച, മഞ്ഞ, ചുവപ്പ് എന്നിങ്ങനെ തരംതിരിക്കലാണ്. കുറഞ്ഞ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ ചുവപ്പില്‍പെടും. ചുവപ്പില്‍ പെട്ടാല്‍ പത്തില്‍ ഒരു തൊഴിലാളി സൗദി പൗരനാകണം എന്നാണ് ഭരണകൂട വ്യവസ്ഥ. ഈ ഗണത്തില്‍പെടുന്ന 3,40,000 (മൂന്നു ലക്ഷത്തി നാല്‍പതിനായിരം) ത്തോളം സ്ഥാപനങ്ങളുണ്ട് സൗദിയില്‍. ഇതിലധികവും മലയാളികളുടെ ബിനാമി ഇടപാടുകളാണ്. 1000 റിയാലിന് ഏഷ്യക്കാരനെ വെക്കുന്നിടത്ത് ഏറ്റവും കുറഞ്ഞത് 3000 റിയാല്‍ നല്‍കണം ഒരു സൗദി പൗരന്.  ഇങ്ങനെ വരുമ്പോള്‍ തൊഴിലാളി-മുതലാളി വ്യത്യാസമില്ലാതെ ലക്ഷംപേര്‍ നമ്മുടെ നാട്ടിലേക്ക് സൗദിയില്‍ നിന്നും തിരിച്ചെത്തും. 
സൗദി അറേബ്യയില്‍ മാത്രമല്ല; ഒമാനും, ഖത്തറും, കുവൈറ്റും യു എ ഇ യും എല്ലാം സ്വദേശിവത്ക്കരണത്തിന്റെ പാതയില്‍ തന്നെ. ലിബിയക്കും ഈജിപ്തിനും, ടുണീഷ്യക്കും ശേഷം ബഹിറൈനിലും തൊഴിലിനും ഭരണപങ്കാളിത്തത്തിനുമായി അടിസ്ഥാന ജനവിഭാഗം കലാപവുമായി തെരുവിലിറങ്ങിയപ്പോള്‍ തന്നെ ഗള്‍ഫ് രാജ്യങ്ങള്‍ പരിഷ്‌ക്കരണത്തിന് തുടക്കം കുറിച്ചിരുന്നു. സൗദിയിലാണ് ഏറ്റവും കൂടുതല്‍ കുടിയേറ്റമുള്ളത്. ബിരുദധാരികളും തൊഴിലിനായി കാത്തുനില്‍ക്കുന്നവരും ദിനം പ്രതി പെരുകുന്ന സൗദിയില്‍ തൊഴിലില്ലായ്മ 12.1% ആണ്. മറ്റിടങ്ങളിലും നില വ്യത്യസ്തമല്ല. അഥവാ ഭാവിയില്‍ നാം നമ്മുടെ പ്രദേശത്തു തന്നെ തൊഴിലും കൂലിയും കണ്ടെത്തികൊള്ളണമെന്നു സാരം.
ഈ സാഹചര്യത്തിലാണ് ഏപ്രില്‍ എട്ടിന് മലയാള സര്‍വകലാശാലയെക്കുറിച്ച് നിയമസഭയില്‍ നടന്ന ചര്‍ച്ചകള്‍ പ്രസക്തമാകുന്നത്. കേരളത്തിന്റെ സാശ്രയത്വത്തിലൂന്നിയ വികസനം മലയാള സര്‍വകലാശാലയിലൂടെ സാദ്ധ്യമാകണമെന്നാണ് സാമാജികര്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ വാദിച്ചത്. കേവലം മലയാള ഭാഷയും സാഹിത്യവും മാത്രം പഠിപ്പിക്കുന്ന ഒരു സര്‍വകലാശാല എന്ന നിലയ്ക്കല്ല മറിച്ച് വികസിക്കുകയും വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന രാജ്യങ്ങളുടെ മാതൃകയില്‍ സ്വന്തം ഭാഷയില്‍ ശാസ്ത്രവും സാമൂഹ്യശാസ്ത്രവും പഠിപ്പിക്കുന്ന ഒരു സര്‍വ്വകലാശാല എന്ന സ്വപ്‌നമാണ് അവര്‍ പങ്കു വെച്ചത്. ഒരു ഭാഷാ സര്‍വകലാശാല എന്ന നിലയില്‍ ഹീബ്രു സര്‍വകലാശാലയെ മാതൃകയാക്കുന്നത് ഉചിതമായിരിക്കുമെന്നും വാദമുയര്‍ന്നു.
റേച്ചല്‍ കോറിയെന്ന പത്രപ്രവര്‍ത്തകയെ ബുള്‍ഡോസര്‍കൊണ്ട് ചതച്ചരച്ച് കൊന്നതും ആയിരക്കണക്കിന് പാലസ്തീന്‍ സഹോദരങ്ങളെ അരിഞ്ഞ് തള്ളുന്നതുമായ ഇസ്രയേലിന്റെ നയനിലപാടുകളോട് നാം വിയോജിക്കുമ്പോഴും ഒരു ജനതയെ മുന്നോട്ടു നയിക്കുന്നതില്‍ ഹീബ്രു സര്‍വകലാശാല വഹിച്ച പങ്കിനെ നമുക്ക് ചെറുതാക്കി കാണാന്‍ കഴിയില്ല. വിവിധ ഭൂഖണ്ഡങ്ങളിലായി ചിതറിയ ജൂതന്‍മാര്‍ മെല്ലെ മെല്ലെ ഒരുമിച്ചു കൂടിത്തുടങ്ങിയത് 19 -ാം നൂറ്റാണ്ടിലാണ്. 1918 ല്‍ അവര്‍ എല്ലാവിഷയങ്ങളും ഹീബ്രുവില്‍ പഠിപ്പിക്കുന്ന സര്‍വകലാശാല സ്ഥാപിച്ചു. പിന്നീട് തികഞ്ഞ ആസൂത്രണത്തോടെ ഒച്ചിഴയും വേഗത്തില്‍ മാത്രമാണവര്‍ മുന്നോട്ട് നീങ്ങിയത്. ആദ്യ കോഴ്‌സുകള്‍ ആരംഭിക്കുന്നത് 1925ല്‍. 1928 ല്‍ ഗണിതശാസ്ത്രം, 1932 ല്‍ സസ്യശാസ്ത്രം, 1939 ല്‍ മെഡിസിന്‍, 1942 ല്‍ കൃഷിശാസ്ത്രം, 1953 ല്‍ സാമ്പത്തികശാസ്ത്രം തുടങ്ങി 1999 ല്‍ കമ്പ്യൂട്ടര്‍ സയന്‍സും ആരംഭിച്ചതോടെ ഹിബ്രുസര്‍വകലാശാലയില്‍ ഇല്ലാത്ത പഠനവിഷയങ്ങളില്ലെന്നായി. എല്ലാം പഠിപ്പിക്കുന്നത് സ്വന്തം ഭാഷയില്‍. 2000 ന് ശേഷം ശാസ്ത്രവും സാമ്പത്തികശാസ്ത്രവുമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ 8 നൊബേല്‍സമ്മാനജേതാക്കളെ അവര്‍ ഈ സര്‍വകലാശാലയില്‍ നിന്നും സൃഷ്ടിച്ചു. സ്വപ്‌നം കാണുന്ന ചിന്തിക്കുന്ന ഭാഷയില്‍ തന്നെ പഠിച്ച് ലോകത്തിനാകെ ഗുണകരമാകുന്ന കണ്ടുപിടിത്തങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞര്‍ ഇംഗ്ലീഷിലുടെ അല്ലാത്ത ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കുവാന്‍ കഴിയാത്ത മലയാളികള്‍ക്ക് അത്ഭുതമായിരിക്കാം.പക്ഷേ ലോക വിപണി പിടിച്ചടക്കിയ ചൈനയും തായ്‌വാനും കൊറിയയും ജപ്പാനുമെല്ലാം അവരുടെ ഉന്നത വിദ്യാഭ്യാസമേഖല മാത്യഭാഷയിലായതിന്റെ ഗുണഫലം ഇപ്പോള്‍ അനുഭവിക്കുകയാണ്.
 യൂറോപ്പിലേയും അമേരിക്കയിലേയും പരിഗണനകളാവരുത് നമ്മുടെ മുന്‍ഗണനകള്‍. മുന്‍ഗണനകള്‍ പ്രാദേശികമായി രൂപപ്പെടണമെങ്കില്‍ മാതൃഭാഷയില്‍ പഠനം നടക്കണം. തേങ്ങയ്ക്ക് രണ്ടോ മുന്നോ വാക്കുകളേ ഇംഗ്ലീഷില്‍ കാണൂ. നമ്മുടെ വന്നിങ്ങയും ഉണ്ടയും, കൊട്ടത്തേങ്ങയും എല്ലാം അവര്‍ക്ക് 'കോക്കനട്ട് മാത്രം'. പൊങ്ങിന്റെ നിറവും രുചിയും അവര്‍ക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. 
യൂറോപ്പില്‍ നിന്നുല്‍ഭവിച്ച ഇംഗ്ലീഷിലുള്ള കൃഷി ശാസ്ത്രത്തില്‍ പൊങ്ങിനെക്കുറിച്ചോ ചക്കച്ചേണിയില്‍ നിന്നോ ചക്കക്കുരുവില്‍ നിന്നോ ഉല്‍പന്നം ഉണ്ടാക്കുന്നതിനെക്കുറിച്ചോ വിവരണങ്ങള്‍ ഉണ്ടാകുകയുമില്ല. കത്തുന്ന വേനലിനെ ഊര്‍ജമാക്കി മാറ്റുന്നതിനെക്കുറിച്ച് എങ്ങനെയാണ് ശൈത്യമേഖലയില്‍ താമസിക്കുന്ന യൂറോപ്യന് ആലോചിക്കാന്‍ കഴിയുക. ഇത്തരം സങ്കേതങ്ങളിലൂടെ സ്വാശ്രയത്വത്തിലൂന്നിയ വികസനവും നിതാഖാതിനെ പേടിക്കാതെയുള്ള സാമ്പത്തിക സുസ്ഥിരതയും നമുക്ക് നേടണം. ധൃതിയില്‍ കാര്യങ്ങള്‍ തീരുമാനിക്കാതെ ദീര്‍ഘകാല ആസൂത്രണത്തിലൂടെ ദശകങ്ങള്‍ കൊണ്ട് നേടിയെടുക്കാവുന്ന നേട്ടം. അങ്ങനെ അന്നം നേടിത്തരുന്ന, വിജയം നേടിത്തരുന്ന, ജീവിതം നേടിത്തരുന്ന മലയാളത്തെ നാം സൃഷ്ടിക്കുന്നില്ലെങ്കില്‍ നമുക്കെന്നും അഭയാര്‍ത്ഥികളായി കഴിയേണ്ടിവരും. 
കഴിഞ്ഞ ദിവസം പി എസ് സി ചെയര്‍മാന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടും നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരായി പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ മിക്കവരും സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാത്തവരാണെന്നാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. ചെറുപ്പം മുതല്‍ പണം മുടക്കി ഇംഗ്ലീഷ് മാധ്യമ വിദ്യാലയങ്ങളില്‍ മാതൃഭാഷയെ തിരിഞ്ഞു നോക്കാതെ, ചുറ്റുപാടിനെക്കുറിച്ചറിയാതെ ചെറുതിനെ ചൂണ്ടയില്‍ കോര്‍ത്തിട്ട് വലുതിനെ പിടിക്കാന്‍ വെമ്പുന്നവരാക്കി അവരെ വളര്‍ത്തിയത് നമ്മളൊക്കെത്തന്നെയല്ലേ.
സമൂഹത്തിന്റെ താഴെതട്ടിലുള്ളവര്‍ ഡോക്ടര്‍മാരാകാന്‍ ഇല്ല എന്ന വസ്തുതയും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളില്‍ (ഉദാ. ബംഗാള്‍, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്) അവരുടെ സ്വന്തം ഭാഷയില്‍ പ്രവേശന പരീക്ഷ എഴുതാം. എന്നാല്‍ കേരളത്തില്‍ അതിനു സാധ്യമല്ല. ഇവിടെ ബുദ്ധിയും വൈദഗ്ധ്യവുമല്ല പ്രധാനം. ഇംഗ്ലീഷ് ഭാഷാ പഠനം എന്ന മസ്തിഷക യജ്ഞത്തില്‍ വിജയിക്കുന്നുണ്ടോ എന്നതു മാത്രം.
വാല്‍ക്കഷണം: പ്രീഡിഗ്രിക്ക് ഇംഗ്ലീഷില്‍ തോറ്റുപോയതു കൊണ്ടുമാത്രം തന്റെ കായിക ജീവിതം അവസാനിപ്പിക്കേണ്ടി വരികയും പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്ത 100 മീറ്റര്‍ ഓട്ടത്തില്‍ കേമനായിരുന്ന രവീന്ദ്രനെ പോലുള്ളവര്‍ക്ക് പഠിക്കാനാണെങ്കിലും മലയാള സര്‍വ്വകലാശാല ഉപകരിക്കുമെങ്കില്‍ നിരവധി കായിക താരങ്ങള്‍ ഉയര്‍ന്നു വരുന്നതെങ്കിലും സ്വപ്‌നം കണ്ടുകൊണ്ട് ഈ ആലോചന അവസാനിപ്പിക്കട്ടെ.
 
(ലേഖകന്‍ ഐക്യമലയാള പ്രസ്ഥാനത്തിന്റെ ചെയര്‍മാനാണ്)

2011, ജൂൺ 1, ബുധനാഴ്‌ച

മാതൃഭാഷാ പഠനം: അവഗണനയ്ക്ക് നീതീകരണമില്ല - ജനയുഗം എഡിറ്റോറിയല്‍

ജനയുഗം മുഖപ്രസംഗം
DATE : 2011-06-01

മലയാളഭാഷയെ അവഗണിക്കാനും അവഹേളിക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെയും ഒരുകൂട്ടം ഉദ്യോഗസ്ഥരുടെയും ശ്രമം അങ്ങേയറ്റം അപലപനീയവും നാടിന് അപമാനകരവുമാണ്. മാതൃഭാഷയായ മലയാളം ഒന്നാംഭാഷയാക്കണമെന്നും നിര്‍ബന്ധിത പാഠ്യവിഷയമാക്കണമെന്നുമുള്ള ആവശ്യം നിരവധി പതിറ്റാണ്ടുകളായി കേരളത്തില്‍ നിലനില്‍ക്കുന്നതാണ്. മാതൃഭാഷാ സ്‌നേഹികളും വിദ്യാഭ്യാസ വിചക്ഷണരും അധ്യാപകശ്രേഷ്ഠന്‍മാരും സാംസ്‌കാരികനായകന്‍മാരുമെല്ലാം ഈ ആവശ്യത്തിന്റെ യുക്തിഭദ്രത ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. ഭരണഭാഷ മലയാളമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിക്കുന്നതിനും ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനുമായി സി അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിക്കുകയും പ്രാരംഭനടപടികള്‍ക്ക് തുടക്കമിടുകയും ചെയ്‌തെങ്കിലും പിന്നീട് വന്ന സര്‍ക്കാരുകള്‍ക്ക് അത് മുന്നോട്ടുകൊണ്ടു പോകാനായില്ല. തുടര്‍ന്നുള്ള കാലത്താണ് പുതുതലമുറയില്‍ നിന്ന് മാതൃഭാഷ കൂടുതല്‍ കൂടുതല്‍ അന്യവല്‍ക്കരിക്കപ്പെട്ടത്. ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യാപനവും മലയാളികളുടെ സാംസ്‌കാരികബോധത്തിലുണ്ടായ അപചയവും മലയാളഭാഷ മാറ്റിനിര്‍ത്തപ്പെടുന്നതിന് കാരണമായി.
തെല്ലും ഗുണകരമല്ലാത്ത ഈ അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായാണ് ഇക്കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ മാതൃഭാഷ നിര്‍ബന്ധിത പഠനവിഷയമാക്കാന്‍ തീരുമാനിച്ചത്. കക്ഷിരാഷ്ട്രീയഭേദമന്യേ ഏവരാലും സ്വാഗതം ചെയ്യപ്പെട്ടതും ശ്ലാഘനീയവുമായിരുന്നു ആ നടപടി. എന്നാല്‍ ഈ മഹത്തായ തീരുമാനത്തില്‍ നിന്ന് ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ പിന്നോക്കം പോകുന്നതാണ് കേരളം കാണുന്നത്. മലയാളം നിര്‍ബന്ധിത പഠനവിഷയമാക്കുന്ന കാര്യം ഈ അധ്യയനവര്‍ഷം നടപ്പാക്കാനാവില്ല എന്നാണ് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് പറയുന്നത്. അതിന് കാരണമായി അദ്ദേഹം പറഞ്ഞ കാര്യങ്ങളാകട്ടെ യുക്തിയും ന്യായവുമില്ലാത്തതാണു താനും. മാതൃഭാഷാ പഠനത്തിനുള്ള പീരിയഡുകള്‍ വര്‍ധിപ്പിക്കുന്നത് അനായാസകരമായ കാര്യമല്ലെന്നാണ് വിദ്യാഭ്യാസമന്ത്രി പറയുന്നത്. ആഴ്ചയില്‍ ആറുമണിക്കൂര്‍ എന്നതാണ് നിലവിലുള്ള മലയാളപഠന സമയം. അത് ഏഴുമണിക്കൂറായി വര്‍ധിപ്പിക്കുക എന്നത് പ്രയാസകരമാണെന്ന നിലപാട് ആശ്ചര്യകരമാണ്. കേന്ദ്ര സിലബസ് അവലംബിക്കുന്ന നൂറുകണക്കിന് വിദ്യാലയങ്ങളില്‍ മലയാളഭാഷ പടിക്കു പുറത്താണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനപ്രകാരം ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാതൃഭാഷാ പഠനം നിര്‍ബന്ധിതമാവണം. എന്നാല്‍ ഇടതുസര്‍ക്കാരിന്റെ തീരുമാനത്തെ സംബന്ധിച്ച് വിശദീകരണ ഉത്തരവ് പുറപ്പെടുവിക്കാനോ തുടര്‍നടപടികള്‍ സ്വീകരിക്കാനോ യു ഡി എഫ് സര്‍ക്കാര്‍ സന്നദ്ധമായില്ലെന്ന് മാത്രമല്ല, മാതൃഭാഷാ പഠനത്തിന് എതിരായി പരോക്ഷമായി നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു.
ഭാഷകള്‍ മണ്‍മറഞ്ഞു പോകുന്ന ദുരവസ്ഥയെക്കുറിച്ച് ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്. അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെയും അനധികൃത വിദ്യാലയങ്ങളുടെയും അതിപ്രസരം മലയാളഭാഷയെ പുതുതലമുറയില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതു നമ്മുടെ മാതൃഭാഷയുടെ ആയുസിനെക്കുറിച്ചും ആശങ്ക ഉയര്‍ത്തുന്നുണ്ട്. 'എന്റെ മലയാളത്തെ എന്തു ചെയ്തു' എന്ന് നമ്മുടെ കവികള്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ആകുലപ്പെടുന്നുണ്ട്. അണ്‍ എയ്ഡഡ്- അനധികൃത വിദ്യാലയങ്ങള്‍ പുതുതലമുറയില്‍ നിന്ന് മലയാളഭാഷയെ അകറ്റിനിര്‍ത്തുകയും ആംഗലേയഭാഷയില്‍ സംസാരിക്കുന്നതാണ് അഭിമാനത്തിന്റെ ചിഹ്നമെന്ന മൗഢ്യം അവതരിപ്പിക്കുകയും ചെയ്യുന്നു. ഈ വിപല്‍ക്കരമായ പ്രവണതയ്ക്ക് പ്രചുരപ്രചാരം നല്‍കാന്‍ കേരളത്തിലെ ഒരുപറ്റം രക്ഷകര്‍ത്താക്കള്‍ യത്‌നിക്കുന്ന ദൗര്‍ഭാഗ്യകരമായ അനുഭവവും കാണാതിരുന്നുകൂടാ.
നമ്മുടെ സംസ്ഥാനത്തെപ്പോലെ മാതൃഭാഷയെ ഒഴിവാക്കുകയും ഇകഴ്ത്തുകയും ചെയ്യുന്ന പ്രവണത മറ്റു സംസ്ഥാനങ്ങളിലൊന്നും കാണുക സാധ്യമല്ല. മാതൃഭാഷയെ തങ്ങളുടെ സ്വത്വബോധത്തിന്റെയും അഭിമാനത്തിന്റെയും അടയാളമായി കരുതുന്നവരാണവര്‍. ആംഗലഭാഷ തീര്‍ച്ചയായും പഠിക്കേണ്ടതുതന്നെ. ലോകമെങ്ങും ഉള്ള ആശയവിനിമയത്തിന് അത് അത്യന്താപേക്ഷിതമാണ്. എന്നാല്‍ അതിന്റെ പേരില്‍ മാതൃഭാഷ ഉപേക്ഷിക്കപ്പെടുന്നതിന് ന്യായീകരണമില്ല. ഒരു ജനതയുടെ സംസ്‌കാരത്തിന്റെയും സ്വത്വത്തിന്റെയും ഭാഗമാണ് മാതൃഭാഷ. മര്‍ത്യന് പെറ്റമ്മ മാതൃഭാഷയാണെന്നും മറ്റുള്ള ഭാഷകള്‍ കേവലം വളര്‍ത്തമ്മമാരാണെന്നും മഹാകവി വള്ളത്തോള്‍ പാടിയതു ഈ സത്യത്തെ മുന്‍നിര്‍ത്തിയാണ്.
ഡോ. ആര്‍ വി ജി മേനോന്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശപ്രകാരം മാതൃഭാഷാപഠനം നിര്‍ബന്ധിതമാക്കുകയും പീരിയഡുകള്‍ വര്‍ധിപ്പിക്കുകയും ചെയ്ത എല്‍ ഡി എഫ് സര്‍ക്കാരിന്റെ നടപടിയെ അട്ടിമറിക്കാനുള്ള നീക്കം ചെറുക്കപ്പെടേണ്ടതാണ്. അണ്‍ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വക്താക്കളും മലയാള പഠനത്തിന്റെ പീരിയഡ് വര്‍ധനവില്‍ അസ്വസ്ഥത പൂണ്ട തല്‍പ്പരകക്ഷികളും ഈ അട്ടിമറിക്ക് പിന്നില്‍ ചരടുവലിക്കുന്നുണ്ടെന്ന ആക്ഷേപം ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മാതൃഭാഷയെ അവമതിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുകയും എല്‍ ഡി എഫ് സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കുകയും വേണം. അതിനായി എല്ലാ മാതൃഭാഷാ സ്‌നേഹികളും ഒന്നിച്ച് ശബ്ദമുയര്‍ത്തുകയും വേണം.