മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തദ്ദേശീയഭാഷകള്‍ക്ക് കിട്ടുന്ന പദവിയേക്കാള്‍ മോശമാണ് സാക്ഷരകേരളത്തിലെ മധുരമലയാളത്തിന്റെ അവസ്ഥ എന്നതാണ് വസ്തുത. ഇതിനുപുറമെ അധിനിവേശഭാഷാ പ്രത്യയശാസ്ത്രത്തിന്റെ വികലസ്വാധീനത്താല്‍ ഇംഗ്ലീഷ്മാത്രമേ രക്ഷയുള്ളൂ എന്ന ധാരണ നമ്മുടെ നാട്ടില്‍ പടര്‍ന്നുപിടിച്ചിട്ടുണ്ട്
മനുഷ്യനെ സംബന്ധിച്ചിടത്തോളം സാംസ്‌കാരികമായ മരണം ജൈവികമായ മരണത്തിന് തുല്യമാണ്. സ്വയം പ്രകാശനക്ഷമമല്ലാത്ത, തന്റേതായ തിരിച്ചറിവുകളും മുന്‍ഗണനകളും നഷ്ടപ്പെട്ട, മറ്റുള്ളവരുടെ ആശയങ്ങളും സങ്കല്‍പ്പങ്ങളും അനുകരിക്കുന്ന മനുഷ്യജീവി ശ്വാസോച്ഛ്വാസം നടത്തുന്ന മൃതദേഹം മാത്രമാകുന്നു. അതായത്, ഒരു വൈദ്യശരീരം. മനുഷ്യനെ വെറും മൃതദേഹമാക്കി വെട്ടിച്ചുരുക്കാതെ സാംസ്‌കാരികമായി ജീവിപ്പിക്കുന്ന പ്രധാനപ്പെട്ട ഘടകമാകട്ടെ അവന്റെ മാതൃഭാഷയും.
വസ്തുതകള്‍ ഇങ്ങനെയായിരിക്കെ മലയാളികളെ ഒട്ടുക്ക് സാംസ്‌കാരികഹത്യക്ക് വിധേയമാക്കുന്ന നയങ്ങളാണ് മാതൃഭാഷാ അവഹേളനത്തിലൂടെ കേരളത്തിലെ പല വിദ്യാഭ്യാസസ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും കുറേക്കാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. സമയം വളരെ വൈകിയിരിക്കുന്നു. പ്രശ്‌നം ഗുരുതരമായി മൂര്‍ച്ഛിച്ചിരിക്കുന്നു. ഇനിയും ഇത് തുടര്‍ന്നാല്‍ ഒരു ജനതയ്ക്കുതന്നെ 'വംശനാശം' സംഭവിക്കുമെന്ന അവസ്ഥയിലാണ് ഐക്യമലയാളപ്രസ്ഥാനം അനിശ്ചിതകാല നിരാഹാരത്തിലൂടെ മാതൃഭാഷാസമരത്തിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. മലയാളികളുടെ സാംസ്‌കാരികജീവന്‍ നിലനിര്‍ത്താനുള്ള അടിയന്തരനടപടികള്‍ സര്‍ക്കാര്‍ ഉടനടി സ്വീകരിക്കണമെന്നാണ് അവരുടെ ആവശ്യം.
ഒന്നാമതായി കേരളമണ്ണില്‍ പ്രവര്‍ത്തിക്കുന്ന പ്രീപ്രൈമറി മുതല്‍ പ്ലസ്ടുവരെയുള്ള സകലക്ലാസുകളിലും മലയാളം നിര്‍ബന്ധഭാഷയാക്കാന്‍ ഈ ബജറ്റ്‌സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കുക.രണ്ടാമതായി നിര്‍ബന്ധിത മാതൃഭാഷാപഠനനിയമം പ്രാവര്‍ത്തികമാക്കാനുള്ള പിരീഡുകളെയും അധ്യാപകരെയും കണ്ടെത്തി തദനുസാരിയായ കല്‍പ്പനകള്‍ പുറപ്പെടുവിക്കുക. മൂന്നാമതായി കോടതിഭാഷ മലയാളമാക്കാനുള്ള നടപടികള്‍ അടിയന്തരമായി ആരംഭിക്കുക. നാലാമതായി കേരളത്തിലെ തൊഴില്‍ പരീക്ഷകളില്‍ മലയാളത്തിന് പ്രാധാന്യവും മെഡിക്കല്‍-എന്‍ജിനീയറിങ് പ്രവേശനപരീക്ഷകളില്‍ മാധ്യമപദവിയും നടപ്പില്‍വരുത്തുക.
ഈയൊരു അന്ത്യശാസനത്തിന്റെ അവസ്ഥയില്‍ മാതൃഭാഷകൊണ്ടുമാത്രം മനുഷ്യന് നിലനിര്‍ത്താവുന്ന സാംസ്‌കാരികജീവനത്തെക്കുറിച്ച് ചെറുതായെങ്കിലും വിലയിരുത്തേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു.മനുഷ്യനെ മനുഷ്യനാക്കിയത് അവനില്‍ വളര്‍ച്ച പ്രാപിച്ച ഭാഷേന്ദ്രിയമാണെങ്കില്‍ ആ ഭാഷേന്ദ്രിയത്തിന്റെ ഘടനയും സ്വഭാവവും കാര്യക്ഷമതയും നിശ്ചയിക്കുന്നത് മാതൃഭാഷയാണെന്ന് ശാസ്ത്രം തിരിച്ചറിഞ്ഞിരിക്കയാണ്. അതായത്, മാതൃഭാഷയിലൂടെ ലഭിക്കുന്ന വെള്ളവും വളവും പരിലാളനങ്ങളുമാണ് ഒരു കുട്ടിയുടെ ഭാഷാവയവത്തെ പുഷ്ടിപ്പെടുത്തുന്നത്. അങ്ങനെ പരിപുഷ്ടിപ്പെട്ട ഭാഷാവയവത്തിലൂടെയാണ് അവനില്‍/അവളില്‍ സര്‍ഗാത്മകത പൂക്കുന്നത്, വിവിധ വിജ്ഞാനശാഖകള്‍ സ്വായത്തമാകുന്നത്, എന്തിന് മറ്റുഭാഷകള്‍ പഠിക്കാനുള്ള കെല്‍പ്പുപോലും ഉണ്ടാകുന്നത്. അതിനാലാണ് ഐക്യരാഷ്ട്രസംഘടന 'സ്വന്തം നാവ്' ഒരു ജനതയുടെ ജന്മാവകാശമാണെന്ന് പ്രഖ്യാപിച്ചതും ഫിബ്രവരി 21-ാം തീയതി മാതൃഭാഷാദിനമായി ആചരിക്കുന്നതും. അപ്പോള്‍ മലയാളികളെ സംബന്ധിച്ച് അവരിലുള്ള മലയാളത്തിന്റെ നിക്ഷേപങ്ങളാണ് ആത്മാഭിമാനത്തിന്റെയും സംസ്‌കാരശക്തിയുടെയും നിദാനമെന്ന് വരുന്നു. മലയാളമെന്ന മൃതസഞ്ജീവനി ലഭിക്കാത്ത തിരുവനന്തപുരത്തുകാരനാകട്ടെ, കോട്ടയത്തുകാരനാകട്ടെ, കോഴിക്കോട്ടുകാരനാകട്ടെ, നല്ല കലാകാരനാകാന്‍ കഴിയുകയില്ല, ശാസ്ത്രജ്ഞനാകാന്‍ സാധിക്കുകയില്ല, പണ്ഡിതനാകാനും ഒക്കുകയില്ല.
കൊളോണിയല്‍ കാലഘട്ടത്തില്‍ സ്വാഭാവികമായും ഇന്ത്യന്‍ഭാഷകളെ ക്ഷയിപ്പിക്കാനും ഇംഗ്ലീഷിന്റെ മേധാവിത്വം അടിച്ചേല്‍പ്പിക്കാനും ബ്രിട്ടീഷ് ഭരണകൂടം ഉത്‌സുകമായിരുന്നു. നിര്‍ഭാഗ്യവശാല്‍ യൂറോപ്യന്‍ ലൈബ്രറികളുടെ ഒറ്റ ഷെല്‍ഫിന്റെ മൂല്യമേ മൊത്തം ഇന്ത്യന്‍സാഹിത്യത്തിനുള്ളൂവെന്ന് വിശ്വസിച്ച മെക്കാളെയുടെ മിനിറ്റ്‌സ്തന്നെയാണ് വിദ്യാഭ്യാസകാര്യത്തിലും ഭരണകാര്യത്തിലും നമ്മുടെ സര്‍ക്കാര്‍ ഇന്നും പിന്തുടരുന്നത്. ചില പ്രവൃത്തികളും അതിന്റെ പരിണതഫലങ്ങളും കാണുക-1. മെഡിസിന്‍, എന്‍ജിനീയറിങ് തുടങ്ങിയ പ്രൊഫഷണല്‍ രംഗങ്ങളിലും ഉന്നതവിദ്യാഭ്യാസരംഗങ്ങളിലും ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ അധിനിവേശഭാഷയെയാണ് (ഇംഗ്ലീഷിനെയാണ്) പഠനമാധ്യമമാക്കി നിലനിര്‍ത്തുന്നത്. എന്നാല്‍ ചൈന, ജപ്പാന്‍, വിയറ്റ്‌നാം, തായ്‌ലന്‍ഡ്, കൊറിയ, തയ്‌വാന്‍, ഇന്‍ഡൊനീഷ്യ എന്നീ ഏഷ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ മാതൃഭാഷയെ ഉന്നതപഠനങ്ങള്‍ക്കെല്ലാം ഉപയോഗപ്പെടുത്തി വിജ്ഞാനത്തിന്റെ വിതരണത്തില്‍ ഇന്ത്യാമഹാരാജ്യത്തെ കടത്തിവെട്ടിയിരിക്കുന്നു.
2. ഇന്ത്യന്‍ കോടതികളില്‍ നടക്കുന്ന കേസുകള്‍ 99 ശതമാനവും തദ്ദേശീയരായ ജനങ്ങളുടേതാണ്. ഈ കേസുകള്‍ വാദിക്കുന്ന വക്കീലന്മാരും കേള്‍ക്കുന്ന ജഡ്ജിമാരും നാട്ടുഭാഷകള്‍ അറിയുന്നവരാണ്. എന്നാല്‍, കോടതിവളപ്പിലേക്ക് കടന്നാല്‍ സകലരും സായിപ്പന്മാരായി മാറേണ്ട കോമാളിത്തം ദശാബ്ദങ്ങളായി ഇവിടെ മാത്രമാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
3. ജനങ്ങളോട് നാട്ടുഭാഷയില്‍ വോട്ടുചോദിച്ച് ജയിച്ചുചെന്നാല്‍ അവരെ ഇംഗ്ലീഷില്‍ ഭരിക്കേണ്ടുന്ന ഗതികേടാണ് ഇന്ത്യയില്‍ പൊതുവേ ജനപ്രതിനിധികള്‍ക്കുള്ളത്. സാമൂഹികവും സാമ്പത്തികവുമായ സകല തുറകളിലെയും പുരോയാനത്തെ അധിനിവേശഭാഷയുടെ ഈ അഞ്ചാം ചക്രം പഞ്ചറാക്കുന്നു. എന്നാല്‍, യൂറോപ്യന്‍ പാര്‍ലമെന്റിലെ ഒരംഗത്തിന് 23 ഔദ്യോഗികഭാഷകളില്‍ ഏതെങ്കിലും ഒന്നില്‍ പ്രസംഗിക്കാന്‍ അവകാശമുണ്ട്. കൂടാതെ അനൗദ്യോഗികഭാഷകളില്‍ അഭിസംബോധന ചെയ്യാനും ആ ഭാഷയില്‍ത്തന്നെ മറുപടി ലഭിക്കാനും അവര്‍ക്ക് അവസരമുണ്ട്.
മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തദ്ദേശീയഭാഷകള്‍ക്ക് കിട്ടുന്ന പദവിയേക്കാള്‍ മോശമാണ് സാക്ഷരകേരളത്തിലെ മധുരമലയാളത്തിന്റെ അവസ്ഥ എന്നതാണ് വസ്തുത. മലയാള അക്ഷരങ്ങള്‍ കണ്ണില്‍പെടാതെതന്നെ ഒരു കുട്ടിക്ക് പ്രീപ്രൈമറി മുതല്‍ ബിരുദാനന്തരബിരുദമോ ഡോക്ടറേറ്റോവരെ ഇവിടെ പൂര്‍ത്തീകരിക്കാന്‍ എളുപ്പമാണ്. ഇതിനുപുറമെ അധിനിവേശഭാഷാ പ്രത്യയശാസ്ത്രത്തിന്റെ വികലസ്വാധീനത്താല്‍ ഇംഗ്ലീഷ്മാത്രമേ രക്ഷയുള്ളൂ എന്ന ധാരണ നമ്മുടെ നാട്ടില്‍ പടര്‍ന്നുപിടിച്ചിട്ടുണ്ട്. മലയാളം മീഡിയം സര്‍ക്കാര്‍ സ്‌കൂളുകളും എയ്ഡഡ് സ്‌കൂളുകളും അവഗണിക്കപ്പെടുന്നു. ദിവസക്കൂലിക്കാര്‍പോലും അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ വിദ്യാഭ്യാസച്ചുമട് തങ്ങളുടെ മക്കളെക്കൊണ്ട് പേറിക്കുകയും വകതിരിവില്ലാത്ത ഇണ്ണാമന്മാരായി അവരെ വളര്‍ത്തുകയും ചെയ്യുന്നു. സാഹചര്യം മുതലെടുക്കാന്‍ വിദ്യാഭ്യാസകച്ചവടക്കാര്‍ ചില ഇംഗ്ലീഷ് ഉച്ചാരണയന്ത്രങ്ങളെ പണിക്കുവെച്ച് ബിസിനസ് നടത്തുന്നു.
ഇത്തരം ദുരന്തമൂര്‍ധന്യത്തിലാണ് ഭാഷാസ്‌നേഹത്തിലുപരി മലയാളജനതയെ സര്‍വനാശത്തില്‍നിന്ന് രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മലയാളഐക്യവേദിയും മലയാളസമിതിയും മലയാള സംരക്ഷണവേദിയും വിവിധകാലങ്ങളില്‍ ഉദ്ഭവിച്ചതും പിന്നീട് അവ ഐക്യമലയാളപ്രസ്ഥാനമായി സംലയിച്ചതും കേരളത്തിലുടനീളം മാതൃഭാഷാപ്രധാന്യത്തെക്കുറിച്ച് പ്രബോധനങ്ങള്‍ ആരംഭിച്ചതും. ഭാഗ്യവശാല്‍ ഭാഷാസമര്‍പ്പിതരായ കുറേ ചെറുപ്പക്കാരുടെ അക്ഷീണ പരിശ്രമങ്ങള്‍ ഫലംകാണുകതന്നെ ചെയ്തു. മലയാളമെന്നുപറഞ്ഞാല്‍ മോശപ്പെട്ട സംഭവമല്ലെന്നൊരു തോന്നല്‍ കേരളീയസമൂഹത്തിന്റെ വിവിധ ശ്രേണികളില്‍ പതുക്കെ പടര്‍ന്നുപിടിച്ചു. സകല ദക്ഷിണേന്ത്യന്‍ ഭാഷകള്‍ക്കും ക്ലാസിക്കല്‍ പദവി കിട്ടിയിട്ടും നമുക്ക് കിട്ടാത്തത് ആഗോളീകൃത കേരളീയന്റെ 'നൈബേഴ്‌സ് എന്‍വിയെ' (നിഷേധാത്മകമെങ്കിലും) പ്രോജ്ജ്വലിപ്പിച്ചു. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍മാത്രം മക്കളെ പഠിപ്പിക്കുന്ന സുജായിമാര്‍കൂടി ആ കുട്ടികളെ മലയാള സാഹിത്യമത്സരങ്ങളില്‍ പോരാടിച്ച് സമ്മാനം നേടിക്കുന്നതില്‍ പൊങ്ങച്ചപ്പെട്ടു. ധനാത്മകമായിട്ടാണെങ്കിലും ഋണാത്മകമായിട്ടാണെങ്കിലും മലയാളമെന്നൊരു ഓളം കേരളനഗരത്തെ ചെറുങ്ങനെ അനക്കി.
എല്ലാം കഴിഞ്ഞ് കടുത്ത സമ്മര്‍ദങ്ങള്‍ക്ക് ശേഷമായിരുന്നു സംസ്ഥാനസര്‍ക്കാര്‍ 2011 മെയ്മാസത്തില്‍ മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കുന്നതിനുള്ള ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ പി. പവിത്രന്‍ വിശേഷിപ്പിച്ച തരത്തില്‍ മാതാപിതാക്കള്‍ ആഗ്രഹിക്കാതെ ജനിച്ച സന്തതിയോടുള്ള മനോഭാവമായിരുന്നു ഈ ഉത്തരവിനോട് തുടര്‍ന്നുവന്ന സര്‍ക്കാര്‍പുലര്‍ത്തിയത്. പ്രതിഷേധങ്ങള്‍ക്ക് പകരമായ കണ്ണില്‍ പൊടിയിടലുകളുടെ ഭാഗമായി പിന്നീട് 2011 ജൂണിലും 2011 സപ്തംബറിലും ഇറങ്ങിയ ഒന്നാംഭാഷാ ഓര്‍ഡറുകള്‍ ആളുകളെ കളിപ്പീരാക്കുന്ന സര്‍ക്കാര്‍ സര്‍ക്കസ്സുകളുടെ ഉത്തമോദാഹരണവും മലയാളഭാഷാതാത്പര്യത്തെ പരിഹസിക്കുന്ന കോമാളിത്തവുമായി പരിണമിക്കുകയും ചെയ്തു.
ഇനി മാതൃഭാഷാസ്‌നേഹികള്‍ക്ക് ചെയ്യാനുള്ളത് സര്‍ക്കാറിന്റെ കപടതകളെ തുറന്നുകാട്ടി നിര്‍ബന്ധിതമാതൃഭാഷാപഠനനിയമം സംസ്ഥാനത്ത് നടപ്പില്‍ വരുത്തുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകുക മാത്രമാണ്. മലയാളിയായി ജന്മംകൊണ്ട ആര്‍ക്കും, അയാള്‍ ഏത് ചിന്താഗതിക്കാരനാകട്ടെ, മുന്‍ഗണനക്കാരനാകട്ടെ, പ്രത്യശാസ്ത്രക്കാരനാകട്ടെ, മതക്കാരനാകട്ടെ, മലയാളത്തെ കേരളമണ്ണില്‍ സംസ്ഥാപിക്കുന്നതിന് അവനവന്റേതായ പ്രത്യേക കാരണങ്ങളുണ്ട്. ഒന്ന് പരിശോധിച്ചു നോക്കൂ-
നാടിന്റെ സാമ്പത്തികവികസനത്തിന് മുന്‍ഗണന നല്‍കുന്നവനാണോ നിങ്ങള്‍?
മാധ്യസ്ഥഭാഷയുടെ ഘര്‍ഷണങ്ങളില്‍ ദുര്‍വ്യയം ചെയ്യപ്പെടുന്ന ഊര്‍ജസമയങ്ങള്‍ നാട്ടിലെ സകല സ്ഥാപനങ്ങളെയും സാമ്പത്തികമായി തളര്‍ത്തുകയാണ്. തദ്ദേശഭാഷാ രാഷ്ട്രങ്ങള്‍ അധിനിവേശഭാഷാ രാഷ്ട്രങ്ങളേക്കാള്‍ ദ്രുതഗതിയില്‍ സാമ്പത്തികവികാസം കൈവരിക്കുന്നതായി സ്ഥിതിവിവരക്കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കടുത്ത ജനാധിപത്യവാദിയാണോ നിങ്ങള്‍?
കോടതിഭാഷയും ഭരണഭാഷയും കമ്പനിഭാഷയും ബാങ്ക്ഭാഷയുമെല്ലാം ഇംഗ്ലീഷാകുന്നത് വല്ലാത്ത അന്യവത്കരണം ജനങ്ങളില്‍ സൃഷ്ടിക്കുന്നു. മലയാളത്തിലൂടെ മാത്രമേ കേരളം പരിപൂര്‍ണമായി ജനാധിപത്യവത്കരിക്കപ്പെടുകയുള്ളൂ.
നാടിന്റെ സുവര്‍ണപാരമ്പര്യത്തില്‍ അഭിമാനിക്കുന്നവനാണോ നിങ്ങള്‍?
കേരളത്തിലെ ജനസംഖ്യയില്‍ 96 ശതമാനത്തിലധികം മലയാളം സംസാരിക്കുമ്പോള്‍ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും അതത് ദേശഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ 89 ഉം 65 ഉം ശതമാനം വീതമാണ്. സാക്ഷരതയിലും ജാതിവിവേചനക്കുറവിലും പൊതുബോധ നിലവാരത്തിലും കേരളം ഇതര സംസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ സാഹിത്യപ്രധാന പാരമ്പര്യംകൊണ്ടുതന്നെയാണ്.
ഇംഗ്ലീഷ് സ്‌നേഹിയോ സംസ്‌കൃതസ്‌നേഹിയോ അറബിസ്‌നേഹിയോ ആണോ നിങ്ങള്‍?
ഇംഗ്ലീഷിലായാലും സംസ്‌കൃതത്തിലായാലും അറബിയിലായാലും നിങ്ങള്‍ക്ക് പ്രാഗല്ഭ്യമുണ്ടാകണമെങ്കില്‍ അമ്മമലയാളം അല്ലെങ്കില്‍ ഉമ്മമലയാളം മുലയൂട്ടിവളര്‍ത്തിയ ഭാഷേന്ദ്രിയംകൊണ്ടുതന്നെ ആ ഭാഷകള്‍ പഠിക്കണം. മാതൃഭാഷ മറ്റൊരു ഭാഷയ്ക്കും എതിരല്ല. മറിച്ച് അവയിലേക്ക് നമ്മെ തലയുയര്‍ത്തി പ്രവേശിപ്പിക്കുന്ന രാജകവാടമാണ്.
ഭൂരിപക്ഷസമുദായത്തിന്റെ പ്രതിനിധിയാണോ നിങ്ങള്‍?
ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം അന്വര്‍ഥമാകുന്ന തരത്തില്‍ ഭൂരിപക്ഷസമുദായത്തിന് മറ്റ് മതസ്ഥരുമായി ഇവിടെ കൂടിക്കഴിയാന്‍ അവസരമുണ്ടാക്കിയത് മലയാളമാണ്. ലോകപ്രശസ്തമാം വിധം നിങ്ങളുടെ സാമൂതിരിക്ക് കുഞ്ഞാലിമരയ്ക്കാരുമായുണ്ടായ ബന്ധത്തിനും കാരണം മലയാളമാണ്.
നിങ്ങളൊരു ന്യൂനപക്ഷസമുദായാംഗമാണോ?
മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുഖ്യധാരയില്‍ നിങ്ങളെ തലയുയര്‍ത്തിപ്പിടിച്ച് നിര്‍ത്തുന്നത് മലയാളമാണ്. ഇഷ്ടികയുടെയോ കല്ലിന്റെയോ കോണ്‍ക്രീറ്റിന്റെയോ ബലത്തിലല്ല, മലയാളഭാഷയുടെ ബലത്തിലാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം പള്ളികള്‍ ചേതോഹരമാംവിധം ഉയര്‍ന്നുനില്‍ക്കുന്നത്. നിങ്ങളുടെ സ്വത്വം നിങ്ങളുടേതല്ലെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് നിങ്ങളുടേത് തന്നെയാണെന്ന് വാദിക്കാനുള്ളതും മലയാളമാണ്.
അതിനാല്‍ ഐക്യമലയാളപ്രസ്ഥാനത്തിന്റെ മാതൃഭാഷാസമരം ഏത് വിഭാഗത്തില്‍പ്പെട്ട മലയാളിയുടെയും സ്വന്തമായിരിക്കും. എം.ടി., ഒ.എന്‍.വി., സാനുമാസ്റ്റര്‍, സുഗതകുമാരി, സച്ചിദാനന്ദന്‍, പുതുശ്ശേരി രാമചന്ദ്രന്‍, എം.പി. വീരേന്ദ്രകുമാര്‍ തുടങ്ങി നേരിട്ട് പിന്തുണ അറിയിച്ച മുതിര്‍ന്ന എഴുത്തുകാരുടെ മുതല്‍ മാതൃഭാഷാ നിഷേധത്താല്‍ നാവ് കൊഞ്ഞിപ്പോകുന്ന പിഞ്ചുകുഞ്ഞിന്റെവരെ പ്രാര്‍ഥന ഈ സമരത്തിന്റെ കൂടെയുണ്ട്. പിന്നെ, മലയാളം അല്ലെങ്കില്‍ മരണം എന്ന ശീര്‍ഷകം ഒരു പേടിപ്പെടുത്തലോ ഭീഷണിയോ അല്ല. സത്യത്തില്‍ സത്യമായൊരു സത്യത്തിന്റെ ദയനീയമായ അറിയിക്കലാണ്.
(ലേഖനത്തില്‍ ഉപയോഗിച്ച ചില വിവരങ്ങള്‍ക്ക് കെ. സേതുരാമന്റെ മലയാളത്തിന്റെ ഭാവി എന്ന പുസ്തകത്തിനോട് കടപ്പാട്)