2011, ജൂലൈ 19, ചൊവ്വാഴ്ച

മലയാളം ഒന്നാംഭാഷ അപാകം പരിഹരിക്കണം

തിരുവനന്തപുരം: സ്‌കൂളുകളില്‍ മലയാളം ഒന്നാം ഭാഷയാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിലെ അപാകം പരിഹരിക്കണമെന്ന് മലയാള ഐക്യവേദി ആവശ്യപ്പെട്ടു. രാവിലെയോ ഉച്ചയേ്ക്കാ സ്‌കൂള്‍വിട്ടസമയത്തോ മലയാളം അധികപിരീഡ് ഉള്‍ക്കൊള്ളിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇത് അപ്രായോഗികമാണ്. പുതിയ തസ്തിക സൃഷ്ടിക്കാത്തതും മലയാളം ഒന്നാംഭാഷയാക്കാനുള്ള നീക്കത്തെ തകര്‍ക്കുമെന്ന് മലയാളഐക്യവേദി ജനറല്‍ സെക്രട്ടറി കെ.കെ.സുബൈര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ മലയാളപഠനം ഏര്‍പ്പെടുത്തുക, ഹയര്‍സെക്കന്‍ഡറിയില്‍ മലയാളം ഇല്ലാത്ത സ്‌കൂളുകളില്‍ ആദ്യ ഐച്ഛിക വിഷയമായി ഉള്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളും അട്ടിമറിക്കപ്പെട്ടു. സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകളില്‍ പത്താംതരംവരെ മലയാളം അടിസ്ഥാനപാഠാവലി പഠിപ്പിക്കാനുള്ള നീക്കവും നടപ്പാക്കിയിട്ടില്ല. ഇക്കാരണങ്ങളാല്‍ മലയാളം ഒന്നാംഭാഷയാക്കാനുള്ള സര്‍ക്കാരിന്റെ നിര്‍ദേശം പാഴ് വാക്കായി അവസാനിക്കാനാണ് സാധ്യത. എസ്.എസ്.എല്‍.സി ബുക്കില്‍ മലയാളത്തില്‍ പേരെഴുതുന്ന കോളം നീക്കം ചെയ്ത വിദ്യാഭ്യാസവകുപ്പിന്റെ നടപടി പിന്‍വലിക്കണമെന്നും മലയാളഐക്യവേദി ആവശ്യപ്പെട്ടു.
മാതൃഭൂമി
17 Jul 2011

2011, ജൂലൈ 10, ഞായറാഴ്‌ച

മലയാളത്തിന് പ്രത്യേക പീരിയഡ് ഏര്‍പ്പെടുത്തും - മന്ത്രി

മലപ്പുറം: മലയാളം ഒന്നാംഭാഷയാക്കിയതിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കാന്‍ പ്രത്യേക പീരിയഡുകള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പി.കെ. അബ്ദുറബ് പറഞ്ഞു. ഇതിനുള്ള ഉത്തരവ് അടുത്തയാഴ്ച പുറപ്പെടുവിക്കും. മലയാളം ഒന്നാംഭാഷയാക്കുന്നതിന്റെ ഭാഗമായി രാവിലെ സ്‌കൂള്‍ തുടങ്ങുന്നതിനുമുമ്പോ ഉച്ചയ്‌ക്കോ സ്‌കൂള്‍ അടയ്ക്കുന്ന സമയം ദീര്‍ഘിപ്പിച്ചോ കൂടുതല്‍ പീരിയഡുകള്‍ കണ്ടെത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ് പ്രത്യേക പീരിയഡ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും മന്ത്രി മലപ്പുറത്ത് പറഞ്ഞു. സ്‌കൂള്‍ പാഠപുസ്തകവിതരണം സംബന്ധിച്ച് 12ന് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും.

നൂറ് വിദ്യാര്‍ഥികളില്‍ കൂടുതലുള്ള യു.പി സ്‌കൂളുകളിലും 150 വിദ്യാര്‍ഥികളില്‍ കൂടുതലുള്ള എല്‍.പി സ്‌കൂളുകളിലും പ്രധാനാധ്യാപകരെ സഹായിക്കാന്‍ സഹ അധ്യാപകരെ നിയമിക്കും.
മാതൃഭൂമി

2011, ജൂലൈ 8, വെള്ളിയാഴ്‌ച

തസ്തികയില്ലാത്ത ഒന്നാം ഭാഷാ ഉത്തരവ് ഉദ്യോഗാര്‍ഥികള്‍ക്കും തിരിച്ചടി

കോഴിക്കോട്: നടപ്പാക്കാന്‍ പ്രായോഗികനിര്‍ദേശങ്ങളില്ലാതെ മലയാളം ഒന്നാംഭാഷയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത് പി.എസ്.സി റാങ്ക്‌ലിസ്റ്റില്‍ ഇടംപിടിച്ച ഉദ്യോഗാര്‍ഥികള്‍ക്കും തിരിച്ചടിയായി.

നിര്‍ബന്ധിത ഒന്നാം ഭാഷ പ്രഖ്യാപനം നടപ്പാവണമെങ്കില്‍ അതിനാവശ്യമായ പിരിയഡും അധിക തസ്തികകളും സൃഷ്ടിക്കണം. അതുകൊണ്ടുതന്നെ വിവിധജില്ലകളിലെ പി.എസ്.സി. എച്ച്.എസ്.എ മലയാളം റാങ്ക്‌ലിസ്റ്റില്‍ ഇടംപിടിച്ചവര്‍ ഏറെ പ്രതീക്ഷയോടെയാണ് ഒന്നാം ഭാഷാ ഉത്തരവു കാത്തിരുന്നത്. എന്നാല്‍ തസ്തികകളും പിരിയഡുമില്ലാതെ മലയാളം ഒന്നാം ഭാഷയാക്കിയുള്ള ഉത്തരവ് പ്രായോഗികമായി നടപ്പാവില്ലെന്നുവന്നതോടെ ഇവരുടെ നിയമനമോഹവും പൊലിഞ്ഞു.സംസ്ഥാനത്തെ എല്ലാജില്ലകളിലും മലയാളം അധ്യാപകനിയമനം ഇഴഞ്ഞിഴഞ്ഞാണു നീങ്ങുന്നത്.

2010-ലെ റാങ്ക്‌ലിസ്റ്റില്‍നിന്ന് വിരലിലെണ്ണാവുന്നവരെ മാത്രമാണ് പല ജില്ലകളിലും നിയമിച്ചിട്ടുള്ളത്.പി.എസ്.സി. പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കോഴിക്കോട്ട് ഒമ്പതുപേര്‍ക്കും എറണാകുളത്ത് ആറുപേര്‍ക്കും കണ്ണൂരില്‍ 10 പേര്‍ക്കുമാണ് ഇതുവരെ നിയമനം കിട്ടിയത്.തിരുവനന്തപുരം 19,കൊല്ലം 22,തൃശ്ശൂര്‍ 36,പാലക്കാട് 17,കാസര്‍കോഡ് എട്ട്,വയനാട് 18,മലപ്പുറം 40,കോട്ടയം 14,ഇടുക്കി 14,പത്തനംതിട്ട ഏഴ്,ആലപ്പുഴ നാല് എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ നിയമനം കിട്ടിയവരുടെ എണ്ണം. എല്ലാ ജില്ലകളിലും ഒഴിവുകളേറെയുണ്ടെങ്കിലും നിയമനം നടക്കാത്ത അവസ്ഥയാണുള്ളത്. തിരുവനന്തപുരം ജില്ലയില്‍ മാത്രം നാല്പതോളം ഒഴിവുകളുണ്ടെന്ന് റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ പറയുന്നു. കോഴിക്കോട് 30 ഒഴിവുകള്‍ നിലവിലുണ്ടെന്നാണ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നത്.

മറ്റു വിഷയങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ നിയമനരീതിയാണ് മലയാളം എച്ച്.എസ്.എ നിയമനത്തിനുള്ളത്.പി.എസ്.സി. ലിസ്റ്റില്‍നിന്ന് പരമാവധി 30 ശതമാനം പേരെമാത്രമാണ് നിയമിക്കുന്നത്.ബാക്കി 70 ശതമാനം സര്‍വീസിലുള്ളവരില്‍നിന്ന് വിവിധരീതികളിലൂടെ നികത്തുകയാണ് ചെയ്യുന്നത്. സയന്‍സ്,ഇംഗ്ലീഷ് എന്നിവയ്ക്ക് 50 ശതമാനം പേരെയും സോഷ്യല്‍ സയന്‍സിനു 40 ശതമാനം പേരെയും പി.എസ്.സി. ലിസ്റ്റില്‍ നിന്ന് നേരിട്ട് നിയമിക്കുമ്പോഴാണ് ഈ വിവേചനം. എന്നാല്‍ ഇതൊന്നും നോക്കാതെ നീണ്ട ലിസ്റ്റുകളാണ് പി.എസ്.സി പുറത്തിറക്കാറുള്ളത്. ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളുള്ള തിരുവനന്തപുരം ജില്ലയില്‍ പോലും കഴിഞ്ഞലിസ്റ്റില്‍നിന്ന് ആകെ 60 പേര്‍ക്കാണ് നിയമനം കിട്ടിയത്.ഒന്നാം ഭാഷയാവുന്നതോടെ ഗവ., എയ്ഡഡ് സ്‌കൂളുകളില്‍ കൂടുതല്‍ തസ്തികകള്‍ അനുവദിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, ഒന്നാം ഭാഷയാക്കാനുള്ള ബാധ്യത അധ്യാപകരുടെ തലയിലിട്ട് സര്‍ക്കാര്‍ തലയൂരിയതോടെ ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷകള്‍ക്കു തിരിച്ചടിയായി.
മാതൃഭൂമി

2011, ജൂലൈ 7, വ്യാഴാഴ്‌ച

മലയോളം ഉയരത്തിലെന്‍ മലയാളം - എം.പി. അബ്ദുസ്സമദ് സമദാനി

മാതൃഭാഷയെ കൈവെടിയുന്നതുകൊണ്ട് സ്വന്തം ഭാഷ മാത്രമല്ല നഷ്ടമാകുന്നത്. സ്വന്തം സംസ്‌കാരത്തെയും അത് ശിഥിലമാക്കുന്നു. ജീവിതത്തിന്റെയും പെരുമാറ്റത്തിന്റെയും രീതിശാസ്ത്രങ്ങളെയെല്ലാം ചിട്ടപ്പെടുത്തുന്നതില്‍ മാതൃഭാഷയ്ക്ക് അനല്പമായ പങ്കുണ്ട്. മലയാളത്തെ അവഗണിക്കുന്നതിന് വലിയ വില കൊടുക്കേണ്ടതായിവരുമെന്ന പാഠം അഭിനവമലയാളി സമൂഹത്തെ പഠിപ്പിക്കേണ്ടതുണ്ട്


ഹിന്ദുസ്താന്‍ ഹമാരാ


ലോകത്തെവിടെയും മാതൃഭാഷയ്ക്ക് മാനവസംസ്‌കാരവുമായുള്ള പൊക്കിള്‍ക്കൊടിബന്ധം സുവിദിതമാണ്. മാതാവും മാതാവിന്റെ ഭാഷയും മനുഷ്യസ്വഭാവത്തിന്റെ രൂപകല്പനയില്‍ വഹിക്കുന്ന അതിപ്രധാനമായ പങ്കിനുപകരം മറ്റൊന്നില്ല. മാതൃത്വം മാനവത്വത്തിന്റെ ആദിമമായ ആത്മവിദ്യാലയമാകയാല്‍ മാതൃഭാഷ ആത്മാവിന്റെ ഭാഷയും സ്വത്വത്തിന്റെ ആവിഷ്‌കാരവുമായിരിക്കുന്നു.

എന്നാല്‍ ഉണ്മയുടെ അടിസ്ഥാനത്തില്‍ നിന്ന് ഉയിര്‍കൊള്ളുന്ന ഏത് വേരും പിഴുതെറിയാന്‍ ധൃഷ്ടനായിത്തീര്‍ന്ന പുതിയ കാലത്തിന്റെ പുത്രന്മാര്‍ അമ്മയെ നിഷേധിക്കുന്നതുപോലെ അമ്മയുടെ ഭാഷയെ തമസ്‌കരിക്കാനും തുടങ്ങിയിരിക്കുന്നു. വൃദ്ധസദനങ്ങളില്‍ മാതാവെന്നപോലെ ഇന്നത്തെ ചില വിദ്യാലയങ്ങളില്‍ മാതൃഭാഷയും ക്ലേശങ്ങള്‍ സഹിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.എന്നാല്‍ ലോകമെങ്ങും ഇതാണ് സ്ഥിതിയെന്ന് പറയുന്നത് തെറ്റായിരിക്കും. മാതൃഭാഷയെ മാറോട് ചേര്‍ത്തുവെച്ച് സ്‌നേഹിക്കുന്ന ജനസഞ്ചയങ്ങള്‍ പലയിടത്തുമുണ്ട്.

പടിഞ്ഞാറന്‍ രാജ്യങ്ങളിലൂടെയുള്ള യാത്രയിലെ അനുഭവങ്ങള്‍ വിവരിക്കവെ, തീവണ്ടിയില്‍ വെച്ചു പരിചയപ്പെട്ട സഹയാത്രികന്‍ തന്റെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാതെ നിസ്സംഗനായി ഇരുന്നത് മഹാന്മാരായ മലയാളികളില്‍പ്പെടുന്ന ഗുരു നിത്യചൈതന്യ യതി വിവരിക്കുന്നുണ്ട്. എന്നാല്‍ അത്ഭുതകരമെന്ന് പറയട്ടെ, വണ്ടിയില്‍ നിന്നിറങ്ങിയ ഉടനെ അതേവ്യക്തി ഗുരുവിനോട് വാചാലമായി സംസാരിക്കാന്‍ തുടങ്ങി. കാരണമാരാഞ്ഞപ്പോള്‍ ''ഞങ്ങള്‍ ഫ്രഞ്ചുകാര്‍ ഫ്രാന്‍സിന്റെ അതിര്‍ത്തിക്കകത്ത് മറ്റൊരു ഭാഷയില്‍ സംസാരിക്കാറില്ല'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഗുരുവിനോടൊപ്പം കേരളത്തില്‍ നടത്താന്‍ സാധിച്ച സൗഭാഗ്യയാത്രകളില്‍ പലപ്പോഴും തന്റെ ഈ ഫ്രഞ്ചനുഭവത്തിന്റെ വിശദാംശങ്ങള്‍ അദ്ദേഹം ഈ ലേഖകനോട് വിവരിച്ചത് ഓര്‍ക്കുന്നു.

ഫ്രഞ്ചുകാരുടെ മാതൃഭാഷാസ്‌നേഹത്തെക്കുറിച്ച് വേറെയും കാര്യങ്ങള്‍ കേട്ടിട്ടുണ്ട്. വിവിധങ്ങളായ ആധുനിക ശാസ്ത്രങ്ങള്‍ പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമുള്ള മാധ്യമമായും മാതൃഭാഷ മതി എന്നു അവര്‍ കരുതുന്നു. അതിനായി ഫ്രഞ്ചുഭാഷയെ സജ്ജമാക്കാനും അവര്‍ക്ക് സാധ്യമായി. ആധുനിക ജീവിതത്തിലെ നിരവധി നിത്യോപയോഗ സാധനങ്ങളില്‍ ഇന്ന് ഫ്രഞ്ച് അക്ഷരമുദ്രകള്‍ പതിഞ്ഞുകിടക്കുന്നുണ്ടെങ്കില്‍ അതിന് നിമിത്തമായത് അത് മാതൃഭാഷയായിട്ടുള്ള ഒരു ജനതയുടെ ആത്മാഭിമാനമാണ്. ആത്മവിശ്വാസവും ആത്മാഭിമാനവുമുള്ള ഒരു സമൂഹവും സ്വന്തം മാതൃഭാഷയെ കൈയൊഴിക്കാന്‍ തയ്യാറാവുകയില്ല.

മാതൃഭാഷയെ കൈവെടിയുന്നതുകൊണ്ട് സ്വന്തം ഭാഷ മാത്രമല്ല നഷ്ടമാകുന്നത്. സ്വന്തം സംസ്‌കാരത്തെയും അത് ശിഥിലമാക്കുന്നു. ജീവിതത്തിന്റെയും പെരുമാറ്റത്തിന്റെയും രീതിശാസ്ത്രങ്ങളെയെല്ലാം ചിട്ടപ്പെടുത്തുന്നതില്‍ മാതൃഭാഷയ്ക്ക് അനല്പമായ പങ്കുണ്ട്. മലയാളത്തെ അവഗണിക്കുന്നതിന് വലിയ വില കൊടുക്കേണ്ടതായിവരുമെന്ന പാഠം അഭിനവമലയാളി സമൂഹത്തെ പഠിപ്പിക്കേണ്ടതുണ്ട്. നമ്മുടെ പൈതൃകവും ഓര്‍മകളും മലയാളത്തില്‍ ചാലിച്ചതാണ്. ഗൃഹവുമായി ഹൃദയബന്ധം പുലര്‍ത്തുന്നവര്‍ക്ക് മാത്രമേ ഗൃഹാതുരത്വത്തിന് പോലും അവകാശമുള്ളൂ.

ഒരിക്കല്‍ ഒരു മലയാളി കുടുംബത്തിന്റെ തന്നെ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഉണ്ടായ സംഭവത്തിന്റെ വേദന മനസ്സില്‍ ഇപ്പോഴുമുണ്ട്. ഗൃഹനാഥനായ പിതാവ് യുവാവായ തന്റെ മകനെ എനിക്ക് പരിചയപ്പെടുത്തി. ആ ചെറുപ്പക്കാരനോട് (സ്വാഭാവികമായും മലയാളത്തില്‍) സംസാരിക്കാന്‍ തുനിഞ്ഞപ്പോള്‍ പിതാവ് പറഞ്ഞു: ''അതുവേണ്ട, അവന് മലയാളം അറിയില്ല.'' അതു കേട്ടപ്പോള്‍ വലിയ അത്ഭുതവും അതിലേറെ സങ്കടവുമുണ്ടായി. ആ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിനുമുമ്പ് സ്‌നേഹപൂര്‍വം തന്നെ പിതാവിനോട് പറഞ്ഞു. ''വൈകിപ്പോയെങ്കിലും മകനെ മലയാളം പഠിപ്പിക്കണം. അല്ലെങ്കില്‍ അവന് നിങ്ങളെയും അറിയാതായിത്തുടങ്ങും.'' മാതൃഭാഷ അറിയാത്തവന് മാതാവിനെയും പിതാവിനെയും തിരിച്ചറിയാനാവില്ല എന്ന സത്യം ഉറക്കെ പറയേണ്ടതുണ്ട്.

യഥാര്‍ഥത്തില്‍ ഏതൊരു മനുഷ്യനെയും മാതൃഭാഷ ആരും പഠിപ്പിക്കുന്നതല്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് അന്ന് അങ്ങനെ പറഞ്ഞത്. മാതാവ് തന്റെ നാവിന്‍തുമ്പില്‍ നിന്ന് കുഞ്ഞിന്റെ ഇളം ചുണ്ടിലേക്ക് പകര്‍ന്നു കൊടുക്കുന്നതാണ് മാതൃഭാഷ. അതിന്റെ പരിശീലനത്തിന്റെ ആദ്യഘട്ടത്തില്‍ പഠനമോ വിദ്യയോ അഭ്യാസമോ ഒന്നും തന്നെയില്ല. തീര്‍ത്തും സ്വാഭാവികവും നൈസര്‍ഗികവും സര്‍വോപരി നിര്‍മലവുമായ ഈ പ്രക്രിയയില്‍ അധ്യയനത്തിനോ അധ്യാപനത്തിനോ ഒരു പ്രസക്തിയുമില്ല. അമ്മ അക്ഷരങ്ങള്‍ പഠിച്ചിരുന്നില്ല. അമ്മയില്‍ നിന്ന് അക്ഷരങ്ങള്‍ ഉത്ഭവിക്കുകയാണ് ചെയ്യുന്നത്. അമ്മയുടെ സ്‌നേഹസ്വരം അറിവിന്റെ ആദ്യ പാഠങ്ങളായിത്തീരുന്നുണ്ടെങ്കിലും അമ്മയോ കുഞ്ഞോ അതറിയുന്നില്ല. 'പാഠം' എന്ന വാക്ക് തന്നെ അവരുടെ നിഘണ്ടുവില്‍ ഇല്ല. ഉണ്ടെങ്കില്‍ തന്നെ അതു പഠിക്കാനുള്ളതല്ല, പകര്‍ത്താനുള്ളതാണ്. പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ സ്വരമാണ് അമ്മ. കുഞ്ഞ് അതിന്റെ പ്രതിസ്വരവും. സ്വരവും പ്രതിസ്വരവും സ്‌നേഹത്തിന്റെ ഭാഷയിലൂടെയാണ് ആവിഷ്‌കരിക്കപ്പെടുന്നത്. നമുക്ക് ഓരോരുത്തര്‍ക്കും പ്രിയപ്പെട്ട മലയാളം സ്‌നേഹത്തിന്റെ സ്വരവിന്യാസമായിത്തീര്‍ന്നത് മലയാളക്കരയിലെ ഏതോ സാധു സ്ത്രീയുടെ പുണ്യത്തില്‍ വിടര്‍ന്ന സൗഭാഗ്യത്തിന്റെ ഫലമാകുന്നു. മാതാവിന്റെ മടിത്തട്ടില്‍ ആകാശത്തു നിന്ന് ഒരു സൗഭാഗ്യ നക്ഷത്രം അടര്‍ന്നുവീണപ്പോള്‍ അതു മലയാളമായി. ''മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ /മര്‍ത്ത്യന്നു പെറ്റമ്മ തന്‍ ഭാഷ താന്‍'' എന്നു മഹാകവി വള്ളത്തോള്‍.

മാതൃഭാഷ ഇത്രയേറെ പ്രധാനമാകുന്നതുകൊണ്ട് മറ്റൊരു ഭാഷയും അപ്രധാനമാകുന്നില്ല. കാര്‍ത്തിക നക്ഷത്രത്തിന്റെ കാന്തി മറ്റു നക്ഷത്രങ്ങളുടെയൊന്നും പ്രകാശത്തിനൊരു കുറവും വരുത്തുന്നില്ല. എല്ലാ ഭാഷകളും മാനവ കുടുംബത്തിനു അവകാശപ്പെട്ടതാണ്. എല്ലാം പിറന്നതും വളര്‍ന്നതും ആ തറവാട്ടില്‍ തന്നെ. അതുകൊണ്ടുതന്നെ ഭാഷകള്‍ക്കിടയില്‍ വിവേചനം കാണിക്കുന്നത് അര്‍ഥശൂന്യമാണ്. എത്രയേറെ ഭാഷകള്‍ പഠിക്കുന്നുവോ അത്രയേറെ മനുഷ്യന്റെ അറിവും സംസ്‌കാരവും വികസിക്കുകയും മനസ്സിന് വിശാലത കൈവരികയും ചെയ്യുന്നു. മാതൃഭാഷയ്ക്ക് പുറമെ മറ്റു ഭാഷകള്‍ പഠിക്കാനുള്ള താത്പര്യമാണ് ഏതു സമൂഹത്തിന്റെയും മാനവ വിഭവശേഷിയെ വികസിപ്പിക്കാന്‍ സഹായിച്ചത്. വിദേശത്ത്, വിശേഷിച്ചും മധ്യപൗരസ്ത്യ രാഷ്ട്രങ്ങളില്‍ മലയാളികള്‍ സൃഷ്ടിച്ച നേട്ടങ്ങള്‍ക്ക് പിറകിലുള്ള പ്രധാനഘടകം അവര്‍ക്ക് ഭാഷകളിലുള്ള വ്യുല്പത്തിയാണെന്നതും അവിതര്‍ക്കിതമാണ്.

എന്നാല്‍, ഇതൊന്നും മാതൃഭാഷയുടെ മഹിമ കുറയ്ക്കുന്നില്ല. ഓരോ ഭാഷയും ഓരോ രുചിയാകുന്നു. മനുഷ്യന്റെ നാവിലാണ് ഏതുരുചിയും അനുഭവപ്പെടുന്നത്. ഭാഷയും ഭക്ഷണവും രുചിഭേദങ്ങളിലൂടെ മനുഷ്യനെ രസിപ്പിക്കുകയും അവന്റെ നിലനില്‍പ്പിനെ സഹായിക്കുകയും ചെയ്യുന്നു. വ്യത്യസ്തമായ ഇമ്പങ്ങള്‍ ഉളവാക്കാന്‍ വിവിധങ്ങളായ ഭാഷകള്‍ക്ക് സാധിച്ചേക്കും. എന്നാല്‍, മാതൃഭാഷയുടെ രുചി അതില്‍ നിന്നെല്ലാം വ്യതിരിക്തമായ അപൂര്‍വതയാണ്. അതരുചികരമായ മലയാളം ആര്‍ഭാട നിര്‍ഭരമായ ഭക്ഷണശാലയില്‍ എത്രയെത്രയോ വിഭവങ്ങള്‍ക്കിടയില്‍ വിളമ്പിവെച്ച കഞ്ഞിയാകുന്നു. കഞ്ഞി രുചികരം മാത്രമല്ല കേരളീയന് അനിവാര്യവുമാകുന്നു. അമ്മ വിളമ്പിത്തന്ന കഞ്ഞിയാണ് മലയാളം. ''കുമ്പിളില്‍ കഞ്ഞി, വിശപ്പാറ്റുവാന്‍ വാക്കുതന്ന മലയാളം'' എന്ന് കുരീപ്പുഴ ശ്രീകുമാറിന്റെ വരികള്‍ക്ക് കഞ്ഞിയുടെ രുചിയുണ്ട്.

അടുത്ത കാലത്തായി മലയാളികള്‍ക്കിടയില്‍ മലയാളത്തോടുള്ള അനാഭിമുഖ്യം വളര്‍ന്നുവരുന്നത് ആശങ്കാജനകമാണ്. ഇളം തലമുറയെ മാതൃഭാഷയില്‍ നിന്നകറ്റുന്നതില്‍ ദൃശ്യമാധ്യമങ്ങള്‍ വഹിക്കുന്ന പങ്കും ഉത്കണ്ഠയുണ്ടാക്കുന്നു. മലയാളം വികൃതമാക്കി സംസാരിക്കുന്ന രീതി മിനി സ്‌ക്രീനില്‍ സൃഷ്ടിക്കുന്ന വൈകൃതങ്ങള്‍ നാടിനു തന്നെ അപമാനകരമാണ്. മലയാളിയാണെങ്കിലും ചിലര്‍ക്ക് 'മലയാളത്തില്‍ ഐഡിയാസ് എക്‌സ്​പ്രസ് ചെയ്യാന്‍ വല്യ ഡിഫിക്കല്‍റ്റി' ആണ്. ചിലരാകട്ടെ മലയാളം 'കുരച്ചു കുരച്ചു അരിയുന്ന'തില്‍ അഭിമാനം കൊള്ളുന്നവരാണ്. കേഴുക മലയാള നാടേ എന്നു വിലപിക്കേണ്ട അവസ്ഥയിലാണ് ഭാഷാ സ്‌നേഹികള്‍. ഏതു വിദേശത്തു വാണാലും സ്വന്തം ഭാഷയെ തറവാട്ടമ്മയായും അന്യഭാഷകളെ വിരുന്നുകാരിയായും കണക്കാക്കണമെന്ന് വള്ളത്തോള്‍ ഓര്‍മിപ്പിച്ചത് ഇന്ന് ഏറെ അന്വര്‍ഥമായിരിക്കുന്നു.

ചൈനക്കാര്‍ മാതൃഭാഷയെ ഏറെ സ്‌നേഹിച്ചതുകൊണ്ടാണ് ചൈനീസ് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയായിത്തീര്‍ന്നത്. മറ്റുള്ളവര്‍ നമ്മുടെ ഭാഷയ്ക്ക് നല്‍കുന്ന പരിഗണനപോലും ചില മലയാളികള്‍ മലയാളത്തിന് നല്‍കാതിരിക്കുന്നത് അവരുടെ അപകര്‍ഷതാബോധം കൊണ്ടുമാത്രമാണ്. പല ഗള്‍ഫ് രാജ്യങ്ങളിലും മലയാളത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അവിടത്തെ സര്‍ക്കാറുകള്‍ തയ്യാറായിരിക്കുന്നു. ഖത്തറില്‍ പല സ്ഥലത്തും ഗതാഗത സൂചനാബോര്‍ഡുകള്‍ മലയാളത്തിലാണ്.

മലയാളമടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകള്‍ രാജ്യത്തു പ്രത്യേക പരിഗണനയും പരിപോഷണവും അര്‍ഹിക്കുന്നുണ്ട്. ഉത്തരേന്ത്യക്കാര്‍ തമിഴും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളും പഠിക്കണമെന്ന് നിര്‍ദേശിക്കുകയും പാര്‍ലമെന്റംഗങ്ങള്‍ക്ക് ആ ഭാഷ പഠിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിക്കൊടുക്കുകയും ചെയ്ത പ്രശസ്ത ചിന്തകനും പ്രമുഖ സ്വാതന്ത്ര്യ സമരനായകനും നമ്മുടെ പ്രഥമ വിദ്യാഭ്യാസമന്ത്രിയുമായിരുന്ന മൗലാനാ അബ്ദുള്‍കലാം ആസാദിന്റെ നിലപാട് ഇക്കാര്യത്തില്‍ മാതൃകയാണ്. എല്ലാ ഭാരതീയ ഭാഷകളെയും പരിരക്ഷിക്കുക എന്ന ഭരണഘടനാ തത്ത്വം ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു മൗലാനാ ആസാദ്.

മലയാളം സുന്ദരമാണെന്ന സത്യം പുതിയ തലമുറയെ പഠിപ്പിക്കേണ്ടതുണ്ട്. രാജ്യസഭയില്‍ മലയാളത്തില്‍ പ്രതിജ്ഞ ചെയ്തപ്പോള്‍ മലയാളം കേള്‍ക്കാന്‍ രസമുള്ള ഭാഷയാണെന്ന് പറഞ്ഞുകൊണ്ട് ഉത്തരേന്ത്യന്‍ എം.പി.മാര്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ മനസ്സില്‍ അത്ഭുതവും അഭിമാനവും സൃഷ്ടിച്ചതോര്‍ക്കുന്നു. മലയാളത്തിന് ഇതര ഭാഷക്കാരെയും ആഹ്ലാദിപ്പിക്കാന്‍ കഴിയുമെന്ന പാഠം അന്നു പഠിക്കുകയായിരുന്നു.

ഡല്‍ഹിയിലോ മറ്റു ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലോ പോയി ശുദ്ധമലയാളത്തില്‍ സംസാരിച്ചാല്‍ കുറച്ചൊക്കെ അവിടത്തുകാര്‍ക്ക് മനസ്സിലാകുമെന്നതും എന്നെ അത്ഭുതപ്പെടുത്തുകയുണ്ടായി. പാര്‍ലമെന്റംഗമായി ആദ്യമായി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ കേരളാ ഹൗസില്‍ മലയാളികള്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്തത് ഡോ. കരണ്‍ സിങ്ങായിരുന്നു. എന്റെ മറുപടി പ്രസംഗം കേട്ട് അത് ഏറെക്കുറെ തനിക്ക് മനസ്സിലായെന്ന് അദ്ദേഹം പറഞ്ഞു. ഭാരതീയ ഭാഷകളുടെ നട്ടെല്ലായി നിലകൊള്ളുന്ന സംസ്‌കൃതമാണ് ഭാഷകളുടെ ഈ ഉദ്ഗ്രഥനത്തിന് സഹായകമാകുന്നത് എന്ന തിരിച്ചറിവും അന്നെനിക്കുണ്ടായി.

എല്ലാ ഭാഷകളിലും കാണും മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ കഴിയാത്ത ചില പദങ്ങള്‍. ഭാഷയ്ക്ക് കരുത്ത് പകരുന്ന ഈ പ്രത്യേകത മലയാളത്തിന് ഒട്ടും കുറവല്ല. മലയാളത്തിലെ ചില രചനകളും പ്രഭാഷണങ്ങളും അപ്രകാരം പരിഭാഷയ്ക്ക് വഴങ്ങാത്തതാണ്. വിവര്‍ത്തനത്തിലൂടെ അതിന്റെ യഥാര്‍ഥ ചൈതന്യം ആവിഷ്‌കരിക്കുക എളുപ്പമല്ലാതായിത്തീരുന്നു. നമ്മുടെ കാലഘട്ടത്തില്‍ തന്നെ എം.ടി.വാസുദേവന്‍നായരുടെ എഴുത്തും സുകുമാര്‍ അഴീക്കോടിന്റെ പ്രസംഗവും ഉദാഹരണം.

നമ്മുടെ ചിന്ത തന്നെ മലയാളത്തിലാകയാല്‍ ചില കാര്യങ്ങള്‍ നമുക്ക് ഇതരഭാഷകളില്‍ പറയാനും പ്രയാസമാണ്. മാതൃഭാഷ അത്രത്തോളം ഹൃദയത്തോട് ചേര്‍ന്നു കിടക്കുന്നു. അല്ല, അതു ഹൃദയത്തില്‍ നിന്നു തന്നെ നിര്‍ഗളിക്കുന്നു.

ഓരോ വാക്കിനും ഒരു സംസ്‌കാരമുണ്ട്. അച്ഛന്‍, അമ്മ, ബാപ്പ, ഉമ്മ, ചേട്ടന്‍, ചേച്ചി, ചോറ്, കഞ്ഞി, മത്തന്‍, മത്തി, പുര, പറമ്പ്, നാലുകെട്ട്, സഹധര്‍മിണി, ധര്‍മസങ്കടം..... എല്ലാം വിവിധങ്ങളായ സാംസ്‌കാരിക പ്രതീകങ്ങളാകുന്നു. ഇതര പ്രദേശങ്ങളിലും ഇതര ഭാഷകളിലും ഈ പ്രതീകങ്ങളും ചിഹ്നങ്ങളും അവയുടെ പശ്ചാത്തലങ്ങളും ഇങ്ങനെത്തന്നെ ആകണമെന്നില്ല.

നാഗര്‍കോവില്‍- ഗാഡിധാം എക്‌സ്​പ്രസ്സില്‍ തിരുവനന്തപുരത്തുനിന്ന് തിരൂരിലേക്കുള്ള യാത്രാ മധ്യേ ഈ ലേഖനം എഴുതുമ്പോള്‍ അടുത്ത സീറ്റിലിരുന്ന ഹരീഷ് എന്ന ഡല്‍ഹിക്കാരനെ പരിചയപ്പെടാന്‍ ഇടയായി. സംസാരമധ്യേ ലേഖന വിഷയവുമായി ബന്ധപ്പെട്ട രണ്ടുകാര്യങ്ങള്‍ അദ്ദേഹം പറഞ്ഞു. ഒന്ന്, മലയാളം പഠിക്കാന്‍ വളരെ പ്രയാസമാണ്. വ്യാപാരാവശ്യാര്‍ഥം പതിനഞ്ചു വര്‍ഷമായി കേരളത്തില്‍ വന്നുപോകുന്ന തനിക്ക് ആകെ പഠിക്കാന്‍ കഴിഞ്ഞത് രണ്ടുമൂന്നു വാക്കുകള്‍ മാത്രമാണ്. രണ്ടാമതായി മലയാളം അറിഞ്ഞില്ലെങ്കിലും എനിക്ക് എന്റെ കാര്യം നടത്തിക്കൊണ്ടുപോകാന്‍ സാധിക്കുന്നുണ്ട്. അതിനുകാരണം ഇവിടെ ഏതു മലയാളിക്കും അത് ഓട്ടോറിക്ഷാ ഡ്രൈവറാണെങ്കിലും ഇംഗ്ലീഷ് അറിയാമെന്നതാണ്. ഹരീഷ് പറഞ്ഞ ആദ്യത്തെ കാര്യം മലയാളത്തിന്റെയും രണ്ടാമത്തേത് മലയാളിയുടെയും കരുത്തായിത്തോന്നി.

ഹരീഷ് രണ്ടാമതായി പറഞ്ഞതുപോലുള്ള സ്ഥിതിവിശേഷം മാതൃഭാഷയില്‍ നിന്നുള്ള അകല്‍ച്ചയാകാതെ നോക്കേണ്ട കടമ നമുക്കുണ്ട്. ആ കടമയാണ് ധീരതയോടെ മുഖ്യമന്ത്രി നിര്‍വഹിച്ചിരിക്കുന്നത്. മലയാളം ഒന്നാം ഭാഷയാവുകയും ഭാഷാ പിതാവിന്റെ മണ്ണില്‍ മലയാളം സര്‍വകലാശാല യാഥാര്‍ഥ്യമാവുകയും ചെയ്യുന്നതില്‍ ഏതൊരു മലയാളിയും അഭിമാനിക്കും.

എല്ലാ അഭിമാനവും മാതൃത്വത്തിലെത്തുന്നു. മാതാവ് രണ്ട് അമൃതാണ് നല്‍കിയത്. അമ്മിഞ്ഞപ്പാലും മാതൃഭാഷയും. മുലപ്പാലിന്റെ രുചി എന്നെന്നും ഓര്‍മിപ്പിക്കുകയാണെന്റെ മലയാളം. അതിനാല്‍ ഈ വരികള്‍ മുപ്പത്തിമൂന്നു വര്‍ഷം മുമ്പ് ഒരു പെരുന്നാള്‍ ദിനത്തില്‍ ഈ മകന്റെ ഉടുപ്പില്‍ ചെഞ്ചായം പടര്‍ത്തി രക്തം ഛര്‍ദിച്ചു യൗവനത്തില്‍ തന്നെ മരണം പ്രാപിച്ച ഉമ്മാക്കും അവര്‍ ചുരത്തിത്തന്ന മധുരമലയാളത്തിനും സമര്‍പ്പിക്കുന്നു. ഏത് ജീവിതയാത്രയും അവിടെത്തുടങ്ങുകയും അവിടെച്ചെന്നവസാനിക്കുകയും ചെയ്യുന്നു.
മാതൃഭൂമി

2011, ജൂലൈ 5, ചൊവ്വാഴ്ച

സംസ്ഥാനത്ത് മാതൃഭാഷ പഠിക്കാന്‍ അവസരമില്ലാത്ത സ്‌കൂളുകളും

മാതൃഭൂമി

'ഒന്നാം ഭാഷ' ഉത്തരവില്‍ വ്യക്തതയില്ല

കോഴിക്കോട്:സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാളം ഒന്നാം ഭാഷയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും ചിലസ്‌കൂളുകളില്‍ ഇപ്പോഴും മാതൃഭാഷ പഠിക്കാനുള്ള അവസരമില്ല.

മലബാറില്‍ ഒടുവിലനുവദിച്ച ഒമ്പത് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ മലയാളം പഠനവിഷയമേ അല്ല. ഒരു ഹയര്‍സെക്കന്‍ഡറി കോഴ്‌സില്‍ ഒരു സ്‌കൂളില്‍ രണ്ടു രണ്ടാം ഭാഷകള്‍ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചതോടെയാണ് ഈ അവസ്ഥയുണ്ടായത്. മാനേജര്‍മാര്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുന്നത് തടയലാണ് ലക്ഷ്യമെങ്കിലും ഇതുമൂലം മലയാളം പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടമായി.

കോഴിക്കോട് ജില്ലയിലെ പുറമേരി കടത്തനാട് രാജാസ് എച്ച്.എസ്.എസ്, മലപ്പുറം ദാറുല്‍ഉലും എച്ച്.എസ്.എസ്,പാലക്കാട് പെരുവെമ്പ് സി.എ.എച്ച്.എസ്.എസ്, പട്ടാമ്പി പരതൂര്‍ എച്ച്.എസ്.എസ് എന്നിവിടങ്ങളിലും കാസര്‍കോഡ് ജില്ലയിലെ അഞ്ചു സ്‌കൂളുകളിലുമാണ് ഹയര്‍സെക്കന്‍ഡറി തലത്തില്‍ മലയാളം പഠിക്കാന്‍ അവസരമില്ലാത്തത്.ഇതില്‍ കടത്തനാട് രാജാസ് സ്‌കൂള്‍ സ്ഥാപിച്ചത് കടത്തനാട് രാജവംശമാണ്. മലബാറില്‍ ആദ്യമായി അച്ചുകൂടം സ്ഥാപിക്കുകയും കവിതാമാസിക പുറത്തിറക്കുകയും കവിസംഘം നടത്തുകയും ചെയ്ത കവി ഉദയവര്‍മരാജാവിനെപ്പോലുള്ളവര്‍ ഉള്‍പ്പെട്ടതാണ് രാജവംശം. അവര്‍ നടത്തിയസ്‌കൂളിനും കേരളത്തിന്റെ ഭാഷാ സാഹിത്യചരിത്രത്തില്‍ സ്ഥാനമുണ്ട്.ഇവിടെ മലയാളം ഹയര്‍സെക്കന്‍ഡറി തലത്തില്‍ പാഠ്യവിഷയമല്ലാത്തത് നേരത്തേ തന്നെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

കാസര്‍കോഡ് ജില്ലയിലൊഴികെയുള്ള വിദ്യാര്‍ഥികള്‍ മലയാളം പഠിക്കാന്‍ അവസരംനല്‍കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് നിവേദനം നല്‍കിയിരുന്നു.

സംസ്ഥാനത്ത് വി.എച്ച്.എസ്.ഇ. കോഴ്‌സിനും നിലവില്‍ മാതൃഭാഷ പഠിക്കാന്‍ അവസരമില്ല. കാസര്‍കോഡ് ജില്ലയില്‍ 56 സ്‌കൂളുകളില്‍ പ്രൈമറിതലം മുതല്‍തന്നെ മലയാളം പഠിക്കാന്‍ സൗകര്യമില്ലെന്ന് ഈയിടെ നടന്ന മാതൃഭാഷാസംഗമം കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ എല്ലാഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും മലയാളം നിര്‍ബന്ധമാക്കുമെന്നായിരുന്നു 2011 മെയ് ആറിനു സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്.വി.എച്ച്.എസ്.ഇ. ക്ലാസുകളില്‍ മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. ഇതു നടപ്പാവണമെങ്കില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കേണ്ടതുണ്ട്.എന്നാല്‍ ഇക്കാര്യങ്ങളെക്കുറിച്ചൊന്നും ഒരു വ്യക്തതയുമില്ലാതെയാണ് യു.ഡി.എഫ്. സര്‍ക്കാര്‍ ഇപ്പോള്‍ മലയാളം ഒന്നാം ഭാഷയാക്കി ഉത്തരവിറക്കിയിട്ടുള്ളത്.

അതുകൊണ്ടുതന്നെ എല്ലാ ഹയര്‍സെക്കന്‍ഡറി,വി.എച്ച്.എസ്.ഇ. സ്‌കൂളുകളിലും മലയാളം പഠിക്കാന്‍ അവസരമുണ്ടാക്കണമെന്ന മുന്‍ സര്‍ക്കാറിന്റെ ഉത്തരവ് നടപ്പാവാനിടയില്ല.

2011, ജൂലൈ 3, ഞായറാഴ്‌ച

മലയാളം ഒന്നാംഭാഷ; ഉത്തരവ് നടപ്പാക്കാന്‍ പ്രയാസങ്ങളേറെ

മാതൃഭൂമി
കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ പ്രയാസങ്ങളേറെ.

ആവശ്യമായ പിരിയഡുകളും തസ്തികകളും അനുവദിക്കാതെയാണ് മലയാളം ഒന്നാംഭാഷയായി പഠിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഒന്നാം ഭാഷയാകുന്നതോടെ മലയാളത്തിന് ആഴ്ചയില്‍ ഏഴു പിരിയഡ് മാറ്റിവെക്കണം. ഒന്നാംഭാഷയ്ക്ക് നിലവില്‍ ആഴ്ചയില്‍ നാലുപിരിയഡും അതിന്റെരണ്ടാം പേപ്പറിന് രണ്ടുപിരിയഡുമാണ് ഉള്ളത്. ഒന്നാം ഭാഷകളായ ഉറുദു, അറബി തുടങ്ങിയവയ്ക്കും നാലു പിരിയഡ് കിട്ടുന്നുണ്ട്. രണ്ടാംപേപ്പറിന് ഒരു പിരിയഡ് കൂട്ടാനാണ് സമയംകണ്ടെത്തേണ്ടിയിരുന്നത്. ക്ലാസ് സമയങ്ങളുടെ ഇടവേളകളിലോ അവധിദിവസങ്ങളിലോ ഈ അധിക പിരിയഡ് കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇത് പ്രായോഗികമല്ലെന്ന് അധ്യാപകര്‍ പറയുന്നു.

അറബി, ഉറുദു, സംസ്‌കൃതം എന്നിവയുടെ ഒരു പിരിയഡ് മലയാളത്തിനുമാറ്റിവെക്കാമെന്നായിരുന്നു മുന്‍ സര്‍ക്കാറിന്റെ കാലത്തുനടന്ന ആദ്യത്തെ ആലോചന. പിന്നീട് ഇതു സംബന്ധിച്ച് പഠനം നടത്തിയ എസ്.സി.ഇ.ആര്‍.ടി., ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഐ.ടി.യുടെ ഒരു പിരിയഡ് മലയാളത്തിനുമാറ്റിവെക്കാന്‍ ശുപാര്‍ശ നല്‍കി. യു.പി.ക്ലാസുകളില്‍ ഓരോ പിരിയഡില്‍നിന്നും അഞ്ചുമിനിറ്റു വീതമെടുത്ത് ഒരു പിരിയഡു കണ്ടെത്താനായിരുന്നു നിര്‍ദേശം. ഇതോടെ മലയാളത്തിന് ഏഴു പിരിയഡാവുമായിരുന്നു. ഇക്കാര്യത്തില്‍ തത്ത്വത്തില്‍ ധാരണയായതുമാണ്.

എന്നാല്‍, യു.ഡി.എഫ്.സര്‍ക്കാര്‍ അധികാരമേറ്റതോടെ ഒന്നാംഭാഷാ തീരുമാനം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി പല കോണുകളില്‍ നിന്നും ആക്ഷേപമുയരാന്‍ തുടങ്ങി. ഐ.ടി.പിരിയഡ് കുറയ്ക്കാനുള്ള നീക്കത്തിനെതിരെ ഐ.ടി. അറ്റ് സ്‌കൂളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും രംഗത്തുവന്നു. ഒന്നാം ഭാഷാ തീരുമാനം അട്ടിമറിക്കപ്പെടുമെന്ന ആശങ്ക ശക്തിപ്പെടുന്നതിനിടെയാണ് ധൃതിപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നൂറു ദിവസത്തെ പ്രധാന ഭരണനേട്ടമായി സര്‍ക്കാര്‍ ഇത് ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. നടപ്പില്‍വരുത്താനാവശ്യമായ ഒരു നടപടിയും സ്വീകരിക്കാതെ ഉത്തരവിറക്കിയത് മലയാളഭാഷയെത്തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്ന് മലയാളം ഐക്യവേദിയെപ്പോലുള്ള സംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ ആരോപിക്കുന്നു.

നിലവില്‍ ഒരു മലയാളം അധ്യാപകന്‍ ആഴ്ചയില്‍24-28 പിരിയഡുകള്‍ ക്ലാസെടുക്കുന്നുണ്ട്. പുതിയ തസ്തികകള്‍ സൃഷ്ടിക്കാതെ പുതിയ ഉത്തരവു പ്രകാരമുള്ള അധികസമയം കണ്ടെത്തുക ഇവര്‍ക്ക് അധികഭാരമാവും. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കാനായിരുന്നു മുന്‍സര്‍ക്കാറിന്റെ കാലത്ത് ആര്‍.വി.ജി. മേനോന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നത്. എല്ലാ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും ഓറിയന്റല്‍ സ്‌കൂളുകളിലും മലയാളം ഒന്നാം ഭാഷയാക്കാനും ശുപാര്‍ശയുണ്ടായിരുന്നു.

സംസ്ഥാനത്തെ വി.എച്ച്.എസ്.ഇ.സ്‌കൂളുകളിലും ഓറിയന്റല്‍ സ്‌കൂളുകളിലും മലയാളം നിര്‍ബന്ധമാക്കണമെങ്കില്‍ അധ്യാപക തസ്തികകള്‍ പുതുതായി സൃഷ്ടിക്കേണ്ടിവരും. ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് ധൃതിപ്പെട്ട് ഒന്നാം ഭാഷയാക്കിയുള്ള ഉത്തരവിറക്കിയത്. ഫലത്തില്‍ മാതൃഭാഷ നിര്‍ബന്ധിത ഒന്നാം ഭാഷയാക്കാനുള്ള ബാധ്യത മലയാളം അധ്യാപകന്‍േറതുമാത്രമാവുന്ന സാഹചര്യമാണ് ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത്.