2011, ജൂൺ 30, വ്യാഴാഴ്‌ച

മലയാളം ഒന്നാംഭാഷ: ഐ.ടിക്ക് സമയം കുറയ്ക്കില്ല

തിരുവനന്തപുരം: ഐ.ടിയുടെ സമയം വെട്ടിക്കുറയ്ക്കാതെതന്നെ മലയാളം ഒന്നാംഭാഷയായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ പഠിപ്പിക്കാന്‍ ഉത്തരവായി. രാവിലെ സ്‌കൂള്‍ തുടങ്ങുന്നതിനു മുമ്പോ ഉച്ചയ്ക്കുള്ള ഇടവേളസമയത്തോ സ്‌കൂള്‍ അടയ്ക്കുന്ന സമയം ദീര്‍ഘിപ്പിച്ചോ മലയാളത്തിന് സമയം കണ്ടെത്താനാണ് നിര്‍ദേശിച്ചിട്ടുള്ളത്. അതേസമയം ഇങ്ങനെ കണ്ടെത്തുന്ന അധിക പീരിയഡുകള്‍ തസ്തിക നിര്‍ണയത്തിന് കണക്കാക്കില്ല.

പത്താംക്ലാസ് വരെയാണ് മലയാളം ഒന്നാംഭാഷയായി പഠിപ്പിക്കേണ്ടത്. കന്നട, തമിഴ് മാതൃഭാഷയുള്ള ഭാഷാന്യൂനപക്ഷ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് അവരവരുടെ മാതൃഭാഷ തന്നെ ഒന്നാംഭാഷയായി പഠിക്കാം. അതേസമയം അവര്‍ രണ്ടാംഭാഷയായി മലയാളം പഠിക്കണം. ഓറിയന്‍റല്‍ സ്‌കൂളുകളിലും ഈ സംവിധാനം തുടരാന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

2011, ജൂൺ 9, വ്യാഴാഴ്‌ച

മലയാളം ഒന്നാം ഭാഷയാക്കുക - ജനകീയ പ്രചരണപരിപാടി

വായിക്കുന്നതിന് സ്ക്രിബ് ഡി ബാറില്‍ ആദ്യ ബട്ടന്‍ (വ്യൂ ഫുള്‍ സ്ക്രീന്‍ ) അമര്‍ത്തുക.
kath-mathruka-2

മലയാളം ഒന്നാം ഭാഷ - സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാനായി മുന്നിട്ടിറങ്ങുക

നോട്ടീസ് വായിക്കുന്നതിന് സ്ക്രിബ് ഡി ബാറില്‍ ആദ്യ ബട്ടന്‍ (വ്യൂ ഫുള്‍ സ്ക്രീന്‍ ) അമര്‍ത്തുക.
ee_varsham_thanne

2011, ജൂൺ 3, വെള്ളിയാഴ്‌ച

ഇംഗ്ലീഷ് മീഡിയം വിട്ട് മലയാളത്തിലേക്ക്

English-medium students switch over to Malayalam
The Hindu
03-06-2011, Staff Reporter
Welcome change:The 10 students from three English-medium unaided schools being accorded a welcome at Government Upper Primary School,

KANHANGAD: In what could be described as setting a precedent, 10 students of three English-medium unaided schools joined Malayalam-medium classes at Government Upper Primary School, Kanhirapoyil, near here, on Thursday. The students were given a grand reception on the school premises.

Ten students in standards I, III, IV, V and VI opted to join the school, thanks to the academic excellence registered by the government institution in recent years, School Headmaster Kodakkad Narayanan told The Hindu.

District panchayat president P. P. Shyamala Devi, District Institute of Education and Training Principal P.M. Balakrishnan and senior district Education officials visited the school to attend the function, Mr. Narayanan said.

The Kanhirapoyil school has achieved a good track record in various academic and creative activities in recent years.

Three of the seven students from 70 schools in the Hosdurg sub-education district who were awarded Lower Secondary Scholarship (LSS) were from the school, the Headmaster said here on Thursday.
------------------------------------------------------------------------------------------------
മലയാളം തേടിയെത്തിയ 'ഇംഗ്ലീഷു'കാര്‍ക്ക് സ്വീകരണമൊരുക്കി
മാതൃഭൂമി
Posted on: 03 Jun 2011
കാഞ്ഞിരപ്പൊയില്‍: ഇംഗ്ലീഷ് മീഡിയത്തിനോട് വിടപറഞ്ഞ് മലയാളത്തെ സ്‌നേഹിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണമൊരുക്കിയാണ് കാഞ്ഞിരപ്പൊയില്‍ ഗവ.യു.പി. സ്‌കൂളിിെല പ്രവേശനോത്സവം ആഘോഷമാക്കി മാറ്റിയത്. പത്തുകുട്ടികളാണ് ഇത്തവണ മലയാളത്തിലേക്ക് ചേക്കേറി കാഞ്ഞിരപൊയില്‍ സ്‌കൂളിലെത്തിയത്.

ശ്രുതി(നാലാം തരം), ശ്രീരാജ്, അശ്വിന്‍ പി.വി, ശ്രീഹരി പി.വി.(ആറാംതരം), നന്ദന ജനാര്‍ദ്ദനന്‍(മൂന്നാംതരം), അഭിനവ് രവീന്ദ്രന്‍, റീതു, ദേവിക, കാര്‍ത്തിക്, അഭിന(ഒന്നാംതരം) എന്നിവരാണവര്‍. നവാഗതരെ മാലയിട്ട് സ്വീകരിച്ച് നടത്തിയ ഘോഷയാത്രയ്ക്ക് പ്രശസ്ത തായമ്പക വിദഗ്ദ്ധന്‍ മടിക്കൈ ഉണ്ണിമാരാരും സംഘവും അവതരിപ്പിച്ച വാദ്യമേളവും മുത്തുക്കുടകളും കൊഴുപ്പേകി.

മഴച്ചിത്രങ്ങള്‍ നനയാതെ എന്ന് പേരിട്ടിരിക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. എല്‍.എസ്.എസ്. വിജയികളായ ഗോകുല്‍ സുരേഷ്, അര്‍ഫാന, ഹാഷിറ, യു.എസ്.എസ്. വിജയി ഷൈജ, എസ്.എസ്.എല്‍.സി.യില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ കൃഷ്ണപ്രിയ, അശ്വതി എന്നിവരെ അനുമോദിച്ചു. പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍, മടത്തിനാട്ട് രാജന്‍, സത്യ കെ., എം.കമലം, കെ.വിജയന്‍, സരിത മൂടിക്കാനം, അശോകന്‍ മടയമ്പത്ത് എന്നിവര്‍ പ്രസംഗിച്ചു. പി.ടി.എ. പ്രസിഡന്റ് എം.രാജന്‍ സ്വാഗതവും എ.സി.നന്ദകുമാരന്‍ നന്ദിയും പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷയായി.

2011, ജൂൺ 2, വ്യാഴാഴ്‌ച

ഒന്നാംഭാഷ മലയാളം ഈ വര്‍ഷം തന്നെ

മാതൃഭൂമി
Posted on: 02 Jun 2011
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ മലയാളം ഒന്നാംഭാഷയാക്കുന്ന തീരുമാനം ഈ വര്‍ഷംതന്നെ നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇക്കാര്യത്തില്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു ചടങ്ങിനിടെ സുകുമാര്‍ അഴീക്കോട്, ഒ.എന്‍.വി.കുറുപ്പ്, സുഗതകുമാരി എന്നിവരും ഇതേ ആവശ്യം ഉന്നയിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മലയാളം ഒന്നാംഭാഷയാക്കാന്‍ മുന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നെങ്കിലും ചില കോണുകളില്‍നിന്ന് എതിര്‍പ്പുയര്‍ന്നതിനാല്‍ തുടര്‍ നടപടികള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. പിരിയഡ് ക്രമീകരണം സംബന്ധിച്ച തീരുമാനം എടുക്കാന്‍ കഴിയാതെവന്നതോടെ ഈ വര്‍ഷം മലയാളം ഒന്നാംഭാഷയാക്കാന്‍ കഴിയില്ലെന്ന നിലപാട് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് പരസ്യമായി പ്രഖ്യാപിക്കുകയുംചെയ്തു.
ഒന്നാംഭാഷ മലയാളമാക്കുന്നത് അട്ടിമറിക്കാന്‍ നടക്കുന്ന നീക്കങ്ങള്‍ കുറച്ചു ദിവസങ്ങളായി 'മാതൃഭൂമി' വഴി പുറത്തുവന്നുകൊണ്ടിരിക്കുകയായിരുന്നു. മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരും ഇതേത്തുടര്‍ന്ന് രംഗത്തെത്തി. പ്രശ്‌നത്തില്‍ ഇടപെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍കൈ യെടുത്താണ് മലയാളം ഈ വര്‍ഷംതന്നെ ഒന്നാംഭാഷയായി പഠിപ്പിക്കണമെന്ന തീരുമാനം മന്ത്രിസഭയെക്കൊണ്ടെടുപ്പിച്ചത്.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിശ്ചയിച്ചിരുന്നതുപോലെ ഐ.ടി.യുടെ പീരിയഡായിരിക്കും മലയാളത്തിന് അധികമായി കണ്ടെത്തേണ്ടിവരിക. ഇപ്പോള്‍ ആഴ്ചയില്‍ നാലുപിരിയഡ് ഐ.ടി.ക്കുണ്ട്. മലയാളം ഒന്നാംഭാഷയല്ലാത്ത കുട്ടികള്‍ക്ക് രണ്ടുപിരിയഡേ മലയാളത്തിനുള്ളൂ. ഇനിമുതല്‍ അത് മൂന്നാകും. സാധാരണ കുട്ടികള്‍ക്കുള്ള മലയാളം പിരിയഡിലും വര്‍ധന വരും. മലയാളം ഒട്ടും പഠിക്കേണ്ടതില്ലാതിരുന്ന ഓറിയന്റല്‍ സ്‌കൂളുകളില്‍ മലയാളം പഠിപ്പിക്കണം.
വി.എച്ച്.എസ്.ഇ.യില്‍ നിലവില്‍ ഇംഗ്ലീഷേ ഉണ്ടായിരുന്നുള്ളൂ. അവിടെയും മലയാളം പാഠ്യവിഷയമാകും. കേന്ദ്ര സിലബസ് സ്‌കൂളുകളിലും മലയാളം നിര്‍ബന്ധമാക്കും. കേന്ദ്രീയവിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
പിരിയഡ് ക്രമീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് ഡി.പി.ഐ. മുഹമ്മദ് ഹനീഷ് അറിയിച്ചു.
വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നത് സംബന്ധിച്ച വിശദാംശം പരിശോധിക്കാന്‍ മന്ത്രിസഭാ ഉപസമിതിക്ക് രൂപം നല്‍കി.
വിദ്യാഭ്യാസമന്ത്രി, ധനമന്ത്രി, വ്യവസായമന്ത്രി, റവന്യൂമന്ത്രി, ഗ്രാമവികസനമന്ത്രി എന്നിവരും മുന്‍ വിദ്യാഭ്യാസമന്ത്രിമാരായ ടി.എം.ജേക്കബ്, പി.ജെ. ജോസഫ് എന്നിവരുമാണ് സമിതിയിലുള്ളത്. ഈ മാസം എട്ടിനോ പതിനഞ്ചിനോ ചേരുന്ന മന്ത്രിസഭായോഗത്തില്‍ സമിതി നിര്‍ദേശം സമര്‍പ്പിക്കും.
സ്‌കൂളുകള്‍ക്ക് നാനൂറ് മീറ്റര്‍ പരിധിയില്‍ പുകയില ഉത്പന്നങ്ങളുടെ വില്പന നിരോധിക്കും. ഇത് ഫലപ്രദമായി നടപ്പാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുകയില ഉത്പന്നങ്ങള്‍ക്ക് അടിമകളായ വിദ്യാര്‍ഥികളെ കണ്ടെത്താനും നടപടി യുണ്ടാകും. സ്‌കൂളുകളില്‍ ആവശ്യമായ ബോധവത്കരണം നടത്തും.

2011, ജൂൺ 1, ബുധനാഴ്‌ച

മാതൃഭാഷാ പഠനം: അവഗണനയ്ക്ക് നീതീകരണമില്ല - ജനയുഗം എഡിറ്റോറിയല്‍

ജനയുഗം മുഖപ്രസംഗം
DATE : 2011-06-01

മലയാളഭാഷയെ അവഗണിക്കാനും അവഹേളിക്കാനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെയും ഒരുകൂട്ടം ഉദ്യോഗസ്ഥരുടെയും ശ്രമം അങ്ങേയറ്റം അപലപനീയവും നാടിന് അപമാനകരവുമാണ്. മാതൃഭാഷയായ മലയാളം ഒന്നാംഭാഷയാക്കണമെന്നും നിര്‍ബന്ധിത പാഠ്യവിഷയമാക്കണമെന്നുമുള്ള ആവശ്യം നിരവധി പതിറ്റാണ്ടുകളായി കേരളത്തില്‍ നിലനില്‍ക്കുന്നതാണ്. മാതൃഭാഷാ സ്‌നേഹികളും വിദ്യാഭ്യാസ വിചക്ഷണരും അധ്യാപകശ്രേഷ്ഠന്‍മാരും സാംസ്‌കാരികനായകന്‍മാരുമെല്ലാം ഈ ആവശ്യത്തിന്റെ യുക്തിഭദ്രത ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. ഭരണഭാഷ മലയാളമാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിക്കുന്നതിനും ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനുമായി സി അച്യുതമേനോന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിക്കുകയും പ്രാരംഭനടപടികള്‍ക്ക് തുടക്കമിടുകയും ചെയ്‌തെങ്കിലും പിന്നീട് വന്ന സര്‍ക്കാരുകള്‍ക്ക് അത് മുന്നോട്ടുകൊണ്ടു പോകാനായില്ല. തുടര്‍ന്നുള്ള കാലത്താണ് പുതുതലമുറയില്‍ നിന്ന് മാതൃഭാഷ കൂടുതല്‍ കൂടുതല്‍ അന്യവല്‍ക്കരിക്കപ്പെട്ടത്. ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വ്യാപനവും മലയാളികളുടെ സാംസ്‌കാരികബോധത്തിലുണ്ടായ അപചയവും മലയാളഭാഷ മാറ്റിനിര്‍ത്തപ്പെടുന്നതിന് കാരണമായി.
തെല്ലും ഗുണകരമല്ലാത്ത ഈ അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായാണ് ഇക്കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ മാതൃഭാഷ നിര്‍ബന്ധിത പഠനവിഷയമാക്കാന്‍ തീരുമാനിച്ചത്. കക്ഷിരാഷ്ട്രീയഭേദമന്യേ ഏവരാലും സ്വാഗതം ചെയ്യപ്പെട്ടതും ശ്ലാഘനീയവുമായിരുന്നു ആ നടപടി. എന്നാല്‍ ഈ മഹത്തായ തീരുമാനത്തില്‍ നിന്ന് ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ പിന്നോക്കം പോകുന്നതാണ് കേരളം കാണുന്നത്. മലയാളം നിര്‍ബന്ധിത പഠനവിഷയമാക്കുന്ന കാര്യം ഈ അധ്യയനവര്‍ഷം നടപ്പാക്കാനാവില്ല എന്നാണ് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് പറയുന്നത്. അതിന് കാരണമായി അദ്ദേഹം പറഞ്ഞ കാര്യങ്ങളാകട്ടെ യുക്തിയും ന്യായവുമില്ലാത്തതാണു താനും. മാതൃഭാഷാ പഠനത്തിനുള്ള പീരിയഡുകള്‍ വര്‍ധിപ്പിക്കുന്നത് അനായാസകരമായ കാര്യമല്ലെന്നാണ് വിദ്യാഭ്യാസമന്ത്രി പറയുന്നത്. ആഴ്ചയില്‍ ആറുമണിക്കൂര്‍ എന്നതാണ് നിലവിലുള്ള മലയാളപഠന സമയം. അത് ഏഴുമണിക്കൂറായി വര്‍ധിപ്പിക്കുക എന്നത് പ്രയാസകരമാണെന്ന നിലപാട് ആശ്ചര്യകരമാണ്. കേന്ദ്ര സിലബസ് അവലംബിക്കുന്ന നൂറുകണക്കിന് വിദ്യാലയങ്ങളില്‍ മലയാളഭാഷ പടിക്കു പുറത്താണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനപ്രകാരം ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാതൃഭാഷാ പഠനം നിര്‍ബന്ധിതമാവണം. എന്നാല്‍ ഇടതുസര്‍ക്കാരിന്റെ തീരുമാനത്തെ സംബന്ധിച്ച് വിശദീകരണ ഉത്തരവ് പുറപ്പെടുവിക്കാനോ തുടര്‍നടപടികള്‍ സ്വീകരിക്കാനോ യു ഡി എഫ് സര്‍ക്കാര്‍ സന്നദ്ധമായില്ലെന്ന് മാത്രമല്ല, മാതൃഭാഷാ പഠനത്തിന് എതിരായി പരോക്ഷമായി നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു.
ഭാഷകള്‍ മണ്‍മറഞ്ഞു പോകുന്ന ദുരവസ്ഥയെക്കുറിച്ച് ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണിത്. അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെയും അനധികൃത വിദ്യാലയങ്ങളുടെയും അതിപ്രസരം മലയാളഭാഷയെ പുതുതലമുറയില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതു നമ്മുടെ മാതൃഭാഷയുടെ ആയുസിനെക്കുറിച്ചും ആശങ്ക ഉയര്‍ത്തുന്നുണ്ട്. 'എന്റെ മലയാളത്തെ എന്തു ചെയ്തു' എന്ന് നമ്മുടെ കവികള്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ആകുലപ്പെടുന്നുണ്ട്. അണ്‍ എയ്ഡഡ്- അനധികൃത വിദ്യാലയങ്ങള്‍ പുതുതലമുറയില്‍ നിന്ന് മലയാളഭാഷയെ അകറ്റിനിര്‍ത്തുകയും ആംഗലേയഭാഷയില്‍ സംസാരിക്കുന്നതാണ് അഭിമാനത്തിന്റെ ചിഹ്നമെന്ന മൗഢ്യം അവതരിപ്പിക്കുകയും ചെയ്യുന്നു. ഈ വിപല്‍ക്കരമായ പ്രവണതയ്ക്ക് പ്രചുരപ്രചാരം നല്‍കാന്‍ കേരളത്തിലെ ഒരുപറ്റം രക്ഷകര്‍ത്താക്കള്‍ യത്‌നിക്കുന്ന ദൗര്‍ഭാഗ്യകരമായ അനുഭവവും കാണാതിരുന്നുകൂടാ.
നമ്മുടെ സംസ്ഥാനത്തെപ്പോലെ മാതൃഭാഷയെ ഒഴിവാക്കുകയും ഇകഴ്ത്തുകയും ചെയ്യുന്ന പ്രവണത മറ്റു സംസ്ഥാനങ്ങളിലൊന്നും കാണുക സാധ്യമല്ല. മാതൃഭാഷയെ തങ്ങളുടെ സ്വത്വബോധത്തിന്റെയും അഭിമാനത്തിന്റെയും അടയാളമായി കരുതുന്നവരാണവര്‍. ആംഗലഭാഷ തീര്‍ച്ചയായും പഠിക്കേണ്ടതുതന്നെ. ലോകമെങ്ങും ഉള്ള ആശയവിനിമയത്തിന് അത് അത്യന്താപേക്ഷിതമാണ്. എന്നാല്‍ അതിന്റെ പേരില്‍ മാതൃഭാഷ ഉപേക്ഷിക്കപ്പെടുന്നതിന് ന്യായീകരണമില്ല. ഒരു ജനതയുടെ സംസ്‌കാരത്തിന്റെയും സ്വത്വത്തിന്റെയും ഭാഗമാണ് മാതൃഭാഷ. മര്‍ത്യന് പെറ്റമ്മ മാതൃഭാഷയാണെന്നും മറ്റുള്ള ഭാഷകള്‍ കേവലം വളര്‍ത്തമ്മമാരാണെന്നും മഹാകവി വള്ളത്തോള്‍ പാടിയതു ഈ സത്യത്തെ മുന്‍നിര്‍ത്തിയാണ്.
ഡോ. ആര്‍ വി ജി മേനോന്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശപ്രകാരം മാതൃഭാഷാപഠനം നിര്‍ബന്ധിതമാക്കുകയും പീരിയഡുകള്‍ വര്‍ധിപ്പിക്കുകയും ചെയ്ത എല്‍ ഡി എഫ് സര്‍ക്കാരിന്റെ നടപടിയെ അട്ടിമറിക്കാനുള്ള നീക്കം ചെറുക്കപ്പെടേണ്ടതാണ്. അണ്‍ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വക്താക്കളും മലയാള പഠനത്തിന്റെ പീരിയഡ് വര്‍ധനവില്‍ അസ്വസ്ഥത പൂണ്ട തല്‍പ്പരകക്ഷികളും ഈ അട്ടിമറിക്ക് പിന്നില്‍ ചരടുവലിക്കുന്നുണ്ടെന്ന ആക്ഷേപം ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മാതൃഭാഷയെ അവമതിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുകയും എല്‍ ഡി എഫ് സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കുകയും വേണം. അതിനായി എല്ലാ മാതൃഭാഷാ സ്‌നേഹികളും ഒന്നിച്ച് ശബ്ദമുയര്‍ത്തുകയും വേണം.

ആദ്യം മലയാളം പഠിക്കട്ടെ: ഒ എന്‍ വി, സത്യഗ്രഹമിരുത്തരുത്: സുഗതകുമാരി

ദേശാഭിമാനി
Posted on: 01-Jun-2011 12:29 AM
തിരു: സ്കൂളുകളില്‍ മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം അട്ടിമറിക്കുന്നതില്‍ ഒ എന്‍ വി കുറുപ്പും സുഗതകുമാരിയും ശക്തമായി പ്രതിഷേധിച്ചു. കേരളത്തിലെ കുട്ടികള്‍ ആദ്യം മലയാളിയാവുകയാണ് വേണ്ടതെന്ന് ഒ എന്‍ വി കുറുപ്പ് പ്രതികരിച്ചു. ആദ്യം മലയാളം പഠിക്കണം. എന്നിട്ടുമതി മറ്റു ഭാഷകള്‍ പഠിക്കാന്‍ . മലയാളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലര്‍ രംഗത്തുണ്ട്. അതേക്കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നും ഒ എന്‍ വി പറഞ്ഞു. സുകുമാര്‍ അഴീക്കോടിനെയും ഒ എന്‍ വിയെയും തന്നെയും സെക്രട്ടറിയറ്റ് നടയില്‍ സത്യഗ്രഹമിരുത്താന്‍ ഇടയാക്കരുതെന്ന് സുഗതകുമാരി പ്രതികരിച്ചു. വിദ്യാഭ്യാസമന്ത്രിയെ കയറൂരിവിടരുതെന്ന് പുതുശ്ശേരി രാമചന്ദ്രന്‍ പറഞ്ഞു. മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയാക്കുകതന്നെ വേണം. മുഖ്യമന്ത്രി ഇതിനു കാവലാളായി നില്‍ക്കണമെന്നും പുതുശ്ശേരി രാമചന്ദ്രന്‍ അഭ്യര്‍ഥിച്ചു.

മലയാളം ഒന്നാം ഭാഷയാക്കാതിരിക്കാന്‍ ഗൂഢനീക്കം-വി.എസ്

മാതൃഭൂമി
Posted on: 01 Jun 2011
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാളം ഒന്നാം ഭാഷയാക്കാനുള്ള തീരുമാനത്തെ അട്ടിമറിക്കാന്‍ പുതിയ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഗൂഢനീക്കങ്ങള്‍ നടക്കുകയാണെന്നും ഇതിനെതിരെ മലയാളികളൊന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തണമെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. കവി ഒ.എന്‍.വി.കുറുപ്പിനെ ആദരിക്കാനായി പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എസ്.

കേരളത്തിലെ മുഴുവന്‍ എഴുത്തുകാരുടെയും ഭാഷാഭിമാനികളുടെയും അഭിപ്രായങ്ങള്‍ മാനിച്ചും വിദ്യാഭ്യാസ വിചക്ഷണരടങ്ങിയ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചുമാണ് ഇക്കാര്യത്തില്‍ കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാര്‍ തീരുമാനമെടുത്തത്. കേരളത്തിലെ വിദ്യാലയങ്ങളില്‍ മലയാളം ഒന്നാംഭാഷയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശവും ഉണ്ട്. വിദഗ്ദ്ധസമിതിയുമായി ചേര്‍ന്ന് രൂപരേഖ തയാറാക്കിയശേഷം മന്ത്രിസഭയും അംഗീകരിച്ചിരുന്നു. ബുധനാഴ്ച ആരംഭിക്കുന്ന അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കാമെന്ന് പ്രതീക്ഷിച്ചിരുന്ന ഈ തീരുമാനത്തെ അട്ടിമറിക്കാന്‍ പുതിയ സര്‍ക്കാര്‍ ഗൂഢനീക്കം നടത്തുകയാണ്. നമ്മുടെ ഭാഷയോടുള്ള ഈ നിഷേധാത്മക സമീപനത്തിനെതിരെ മുഴുവന്‍ മലയാളികളും ശക്തമായി പ്രതിഷേധിക്കണം-വി.എസ്. പറഞ്ഞു. കവി എന്ന നിലയില്‍ മാത്രമല്ല മലയാളികളുടെ സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ ശക്തമായ സാന്നിധ്യം എന്ന നിലയില്‍ക്കൂടിയാണ് ഒ.എന്‍.വി.കുറുപ്പിന്റെ സംഭാവനകള്‍ വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നത്തെ ചില എഴുത്തുകാര്‍ തത്വാഭാസങ്ങളുടെ പേരില്‍ സാഹിത്യത്തെ ഒരു 'ഫാഷന്‍' ആക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്ന് ഒ.എന്‍.വി. പറഞ്ഞു. താന്‍ എഴുതുന്നതാണ് കവിതയെന്ന് അഹങ്കരിക്കുന്ന ഇവര്‍ ചുറ്റും നടക്കുന്നത് കാണാതെ വീട്ടിലിരുന്ന് വൃത്തികേടുകള്‍ എഴുതുകയാണ്. മലയാളത്തെ വെടിഞ്ഞ് കമ്പ്യൂട്ടറും മറ്റും പഠിപ്പിച്ച് പുതുതലമുറയെ 'യന്തിരന്‍'മാരാക്കാനാണ് അധിനിവേശ ശക്തികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വി.എസ്. അച്യുതാനന്ദന്‍ ഒ.എന്‍.വിക്ക് ഉപഹാരം സമര്‍പ്പിച്ചു. തുമ്പമണ്‍ തങ്കപ്പന്‍ തയാറാക്കിയ 'ജ്ഞാനപീഠത്തില്‍ സൂര്യതേജസ്സോടെ ഒ.എന്‍.വി.' എന്ന ഗ്രന്ഥം ചടങ്ങില്‍ പ്രകാശിപ്പിച്ചു. എം.എ. ബേബി, കവയിത്രി സുഗതകുമാരി, പ്രൊഫ. വി.എന്‍. മുരളി, പിരപ്പന്‍കോട് മുരളി, പുതുശ്ശേരി രാമചന്ദ്രന്‍, നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍, എം.പി. ലളിതാഭായി, റ്റി.ആര്‍. അജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒന്നാംഭാഷ മലയാളം: നിഷേധവാദങ്ങള്‍ വിചിത്രം; ബദല്‍സാധ്യതകള്‍ ആരാഞ്ഞില്ല

മാതൃഭൂമി
Posted on: 01 Jun 2011

തിരുവനന്തപുരം : മലയാളം ഒന്നാം ഭാഷയാക്കണമെന്ന മഹത്തായ ലക്ഷ്യം പീരിയഡ് ക്രമീകരണമെന്ന സാങ്കേതികത്വത്തില്‍ തട്ടി ഇല്ലാതാകുന്നു. ഇപ്രാവശ്യം മലയാളം ഒന്നാംഭാഷയാക്കല്‍ നടപ്പാകില്ലെന്ന് പറയാന്‍ വിദ്യാഭ്യാസ മന്ത്രി നിരത്തിയ പല ന്യായങ്ങളും ചോദ്യം ചെയ്യപ്പെടുകയാണ്.

ഐ.ടിയുടെ പീരിയഡ് പങ്കിട്ടുപോകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഈ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ ഇപ്പോള്‍ പിന്നാക്കം പോകുന്നത്. എന്നാല്‍ ആഴ്ചയില്‍ ഒരു പീരിയഡ് അധികം കണ്ടെത്താന്‍ ഐ.ടിയെ ഉപദ്രവിക്കാതെ തന്നെ സാധ്യതകള്‍ ധാരാളം ഉണ്ടെന്നിരിക്കെ, അതൊന്നും ആരായാതെ ഈ പരിഷ്‌കാരം വേണ്ടെന്നുവെച്ചത് എന്തിനെന്ന ചോദ്യം ശേഷിക്കുന്നു. മറ്റ് പീരിയഡുകളില്‍ നിന്ന് കുറച്ച് ഏതാനും മിനിറ്റുകള്‍ ഒരു ദിവസം മാറ്റിവെച്ചാല്‍ തന്നെ പുതിയ പിരീയഡ് കണ്ടെത്താം. പത്തു മുതല്‍ നാല് വരെയുള്ള സ്‌കൂള്‍ സമയത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാലും മലയാള പഠനത്തിനായി സമയം ഉണ്ടാക്കാം. ഉച്ചയുടെ ഇടവേളയില്‍ കുറച്ച് സമയം ലാഭിച്ച് ഐ.ടി പ്രാക്ടിക്കലിന് സമയം കണ്ടെത്തുന്നതിനുള്ള പോംവഴിയും ആലോചിക്കാം. എന്നാല്‍ തടസ്സങ്ങള്‍ മാത്രം ചൂണ്ടിക്കാണിച്ച് മലയാളം ഒന്നാംഭാഷയാക്കുന്നത് സര്‍ക്കാര്‍ ഒറ്റയടിക്ക് വേണ്ടന്നുവെയ്ക്കുകയായിരുന്നു.

വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുമ്പോള്‍ ശനിയാഴ്ചയും പ്രവൃത്തി ദിവസമാകുമെന്നും അപ്പോള്‍ മുതല്‍ മലയാളത്തിനായി കൂടുതല്‍ സമയം കണ്ടെത്തുമെന്നുമാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കണമെന്ന് നിബന്ധനയില്ല. എല്‍.പിയില്‍ 200 ദിവസം അഥവാ 800 അധ്യയന മണിക്കൂര്‍, യു.പിയില്‍ 100 മണിക്കൂര്‍ അഥവാ 220 മണിക്കൂര്‍ എന്നതാണ് കേന്ദ്ര നിയമത്തിലെ വ്യവസ്ഥ. ഇത് ഏറെക്കുറെ കേരളത്തില്‍ നടപ്പായി വരുന്നതിനാല്‍ ശനിയാഴ്ച ഇവിടെ പ്രവൃത്തി ദിവസമാകണമെന്നില്ല. വിദ്യാഭ്യാസ അവകാശ നിയമം എട്ടാം ക്ലാസ് വരെ മാത്രമാണ് ഇപ്പോള്‍ ബാധകംഎന്നിരിക്കെ, ഹൈസ്‌കൂളിലെ മലയാള പഠനത്തിന് ഈ നിയമം ഒരു തരത്തിലും ബാധകമാകുന്നില്ലെന്നതും വ്യക്തമാണ്.

പീരിയഡ് ക്രമീകരണത്തേക്കാളുപരി മലയാളം ഒന്നാം ഭാഷയാകുമ്പോള്‍ നിലവില്‍ ഒന്നാം ഭാഷയായി മറ്റ് ഭാഷകള്‍ പഠിക്കുന്നതിന്റെ പ്രാധാന്യം കുറയുമെന്ന ആശങ്കയാണ് എതിര്‍പ്പിന്റെ പ്രധാന കാരണം. ഇത് അധ്യാപക തസ്തികകളെ ബാധിക്കുമെന്ന ഭയവും ചില മേഖലകളിലുണ്ട്. എന്നാല്‍ നിലവിലുള്ള അധ്യാപകരുടെ ജോലിയെ ബാധിക്കാതെ ഇത് നടപ്പിലാക്കാനും വേണ്ടത്ര വഴികളുണ്ട്.