ഗീത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഗീത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014, ഫെബ്രുവരി 24, തിങ്കളാഴ്‌ച

ലോകമാതൃഭാഷാദിനമാചരിക്കുന്പോൾ - ഗീത

ലോകം മുഴുവൻ മാതൃഭാഷയ്‌ക്കായി സമർപ്പിച്ച ദിവസമാണ്‌ ഫെബ്രുവരി 21. ലോകത്തിനാകെ ഒരേയൊരു മാതൃഭാഷ എന്നതല്ല സങ്കല്‌പം. ഓരോ ജനതയ്‌ക്കും അവർ ചിന്തിക്കുന്ന ഭാഷ ഉപയോഗിക്കുന്നതിനുള്ള മനുഷ്യാവകാശ പ്രഖ്യാപനമാണത്‌.
ബാബേൽ ഗോപുരം തകർക്കപ്പെട്ടതിന്റെ മാനുഷികമായ യുക്‌തിയും വ്യാഖ്യാനവുമാണത്‌. ലോക മാതൃഭാഷാദിനത്തിന്റെ പ്രാധാന്യം ചരിത്രപരമായി രൂപപ്പെട്ടതെങ്ങനെയെന്ന അനേ്വഷണം ഇവിടെ സംഗതമാണ്‌. പാകിസ്‌താൻ രൂപീകൃതമായപ്പോൾത്തന്നെ ഉർദു ഏക ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചു. തുടർന്ന്‌ പാകിസ്‌താനിലെ പബ്ലിക്‌ സർവീസ്‌ കമ്മിഷൻ അംഗീകരിച്ച ഭാഷകളുടെ കൂട്ടത്തിൽനിന്ന്‌ ബംഗാളിയെ നീക്കം ചെയ്‌തു. പാകിസ്‌താൻ സർക്കാറിന്റെ ഇത്തരത്തിലുള്ള ഭാഷാനയങ്ങൾക്കെതിരേ കലാപമാരംഭിച്ചത്‌ കിഴക്കൻ പാക്കിസ്‌ഥാനിലെ ഡാക്ക സർവകലാശാലയിലെ വിദ്യാർഥികളായിരുന്നു. 1948 മാർച്ച്‌ മുതൽതന്നെ അവർ സമരമാരംഭിച്ചിരുന്നു. തങ്ങൾ ചിന്തിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്‌യുന്ന ബംഗാളിയെ പാകിസ്‌താനിലെ ഔദ്യോഗിക ഭാഷയാക്കണമെന്നതായിരുന്നു അവരുടെ ആവശ്യം.
രാഷ്‌ട്ര രൂപീകരണത്തിൽ സ്വന്തം പ്രസക്‌തി തിരിച്ചറിഞ്ഞ വിദ്യാർഥി പ്രസ്‌ഥാനമെന്ന നിലയിൽ ഈ ഭാഷാവാദക്കാർ ചരിത്രത്തിൽ സ്വയം സ്‌ഥാനം പിടിച്ചവരാണ്‌. പാകിസ്‌താനിലെ സർക്കാർ ഇതംഗീകരിച്ചില്ല. എന്നു മാത്രമല്ല ബംഗാളി ഭാഷ സജീവമായ കിഴക്കൻ പാകിസ്‌താനിൽ ഉർദു മാത്രം മതിയെന്ന തീരുമാനം അവർ ആവർത്തിച്ചു. സ്വന്തമായ ലിപി പാരന്പര്യമുള്ള ബംഗാളി ഭാഷയെഴുതാൻ അറബി ലിപി ഉപയോഗിക്കണമെന്നു പോലും ഈ ഘട്ടത്തിൽ അവർ ശഠിച്ചു. ഇത്‌ വലിയ പ്രതിരോധത്തിനിടയാക്കി.
1952 ജനുവരി 30 ന്‌ ഡാക്ക സർവകലാശാലയിലെ ലൈബ്രറി ഹാളിൽ ചേർന്ന സർവ കക്ഷി ആക്‌ഷൻ കമ്മിറ്റി ഫെബ്രു. 21 പ്രതിഷേധദിനമായി ആചരിക്കാൻ തീരുമാനിച്ചു. പാകിസ്‌താൻ സർക്കാറിനെ ഈ തീരുമാനം പ്രകോപിപ്പിച്ചതിൽ അദ്‌ഭുതപ്പെടാനില്ല. 1952 ഫെബ്രു 21 ന്‌ ഡാക്ക സർവകലാശാലയിലും പരിസരത്തും പാകിസ്‌താൻ സർക്കാർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. പോലീസ്‌ സർവകലാശാല വളഞ്ഞു. പോലീസ്‌ വലയം ഭേദിച്ച്‌ കിഴക്കൻ പാകിസ്‌താനിലെ നിയമസഭാപരിസരത്തെത്തിയ വിദ്യാർഥികൾക്കു നേരെ വെടിവയ്‌പ്പുണ്ടായി.
അന്നും പിറ്റേന്നുമായി നടന്ന വെടിവയ്‌പ്പിൽ നിരവധിപേർ കൊല്ലപ്പെട്ടു. അനേകം പേർ ജയിലിലായി. ഭാഷയ്‌ക്കു വേണ്ടി ആദ്യമായി മരിച്ചുവീണ രക്‌തസാക്ഷികൾക്കായി അവർ വീണ മണ്ണിൽത്തന്നെ സ്‌മാരകമുയർത്താൻ ഡാക്ക സർവകലാശാലയിലെ വിദ്യാർഥികൾ തയാറായി. മൂന്നു ദിവസത്തിനുള്ളിൽ ഫെബ്രു. 24 ന്‌ തന്നെ ഷഹീദ്‌ സ്‌മൃതി സ്‌തംഭം എന്നാേലഖനം ചെയ്‌ത സ്‌മൃതി സ്‌തംഭം ഉയർത്തപ്പെട്ടു. എന്നാൽ ഫെബ്രു 26 ന്‌ പോലീസ്‌ ഈ സ്‌മാരകം നശിപ്പിച്ചു. ഭാഷയും ഭരണാധികാരവും നേർക്കുനേർ ഏറ്റുമുട്ടിയ ആദ്യത്തെ ചരിത്രസന്ദർഭമായി ഈ കലാപത്തെ വിലയിരുത്താം.
ഫെബ്രു 21 രക്‌തസാക്ഷി ദിനമായി ആചരിക്കാൻ ഡാക്ക വെടിവയ്‌പ്പിന്റെ ഒന്നാം വാർഷികത്തിൽ സർവകക്ഷി ഭാഷാസമര സമിതി തീരുമാനിച്ചു. മാതൃഭാഷാ സമരത്തിൽ ജയിലിലടക്കപ്പെട്ടവരെ തുറന്നു വിടാൻ അപ്പോഴും സർക്കാർ വിസമ്മതിച്ചു. മാത്രമല്ല, മാതൃഭാഷയായ ബംഗാളിക്കു വേണ്ടി വാദിക്കുന്നവരെ രാജ്യദ്രോഹികളായി അധികാരികൾ പ്രഖ്യാപിച്ചു. 1954 ഫെബ്രു 21 ന്റെ രക്‌തസാക്ഷി ദിനാചരണം വലിയ പ്രതിഷേധത്തിലും അറസ്‌റ്റിലുമാണവസാനിച്ചത്‌. ഇത്‌ ഭാഷയ്‌ക്കെതിരേയുള്ള സർക്കാർ നടപടിയെന്നതിനപ്പുറം ഒരു ജനതയ്‌ക്കെതിരേ ഭരണാധികാരികൾ സ്വീകരിച്ച അക്രമാസക്‌തമായ നിലപാടായിരുന്നു എന്ന്‌ വ്യക്‌തമാക്കിക്കൊണ്ട്‌ 1954 ൽ നടന്ന പ്രവിശ്യാ തെരഞ്ഞെടുപ്പിൽ ബംഗാളി ഭാഷാസമരത്തെ പിന്തുണച്ച ഐക്യമുന്നണി അധികാരത്തിലെത്തി.
ആ സർക്കാരാണ്‌ ബംഗാളി ഭാഷയ്‌ക്കു വേണ്ടി അക്കാദമി സ്‌ഥാപിക്കുന്നത്‌. 1956ൽ വീണ്ടും അതേ ഐക്യമുന്നണി തെരഞ്ഞെടുക്കപ്പെട്ടു. അവർ ഭാഷാരക്‌തസാക്ഷികൾക്ക്‌ സ്‌മാരകമുണ്ടാക്കി. അതായത്‌ ഒരു പതിറ്റാണ്ട്‌ നീണ്ടുനിന്ന ഭാഷാസമരത്തിനൊടുവിൽ 1956 ഫെബ്രു 21 ന്‌ പാകിസ്‌താനിലെ രണ്ടാമത്തെ ഔദ്യോഗികഭാഷയായി ബംഗാളി അംഗീകരിക്കപ്പെട്ടു. ഐക്യരാഷ്‌ട്ര സഭ 2000 ൽ ലോകമാതൃഭാഷാദിനമായി ഫെബ്രു. 21 നെ അംഗീകരിച്ചു. ഇത്രയും മഹത്തായ സമരപാരന്പര്യമുള്ള മാതൃഭാഷാദിനം ലോകമെന്പാടും സമുചിതമായി ആഘോഷിക്കുന്പോൾ മലയാളിയുടെ മനോഭാവത്തെ സ്വയം വിമർശനപരമായി പരിശോധിക്കേണ്ടതുണ്ട്‌. ഇതേ 1956 നവം ഒന്നിനാണ്‌ മാതൃഭാഷാടിസ്‌ഥാനത്തിൽ കേരളം ഒരു സംസ്‌ഥാനമായി അംഗീകരിക്കപ്പെടുന്നത്‌. കേരളം മലയാളത്തോട്‌ സ്വീകരിച്ച സമീപനമെന്തായിരുന്നു? 2013ൽ ഒരു മലയാളസർവകലാശാലയുണ്ടായതും മലയാളത്തിന്‌ ക്ലാസിക്കൽ പദവി ലഭിച്ചതും ഭാഷാപണ്‌ഡിതന്മാർ എടുത്തുപറയുന്ന നേട്ടങ്ങളായേക്കാം. എന്നാൽ ഓരോ നിമിഷത്തിലും കേരളത്തിന്റെ തെക്കും വടക്കും നടുക്കും കൂണു പോലെ മുളച്ചു പൊന്തുന്ന അൺഎയ്‌ഡഡ്‌ ഇംഗ്ലീഷ്‌ മാധ്യമ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ എന്തിന്റെ തെളിവാണ്‌ ? അവിടെ കോട്ടും ടൈയും ഷൂവുമിട്ട കുട്ടി സായ്‌പന്മാരും മദാമ്മക്കുട്ടികളും ഉല്‌പാദിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഇവർ മലയാളം പഠിക്കുന്നില്ല എന്നതുകൊണ്ടു തന്നെ കേരളത്തിന്റെ മണ്ണിനെയോ മനസിനെയോ ആകാശത്തെപ്പോലുമോ സ്‌പർശിക്കാൻ ഇവരുടെ മനസുകൾക്കാവില്ല.
മസ്‌തിഷ്‌ക ചോർച്ചകൾക്കെതിരേ എത്ര ലക്ഷം നക്ഷത്രദീപങ്ങൾ ഉയർത്തിക്കാട്ടിയാലും ഇവർക്ക്‌ കേരളത്തിലെ വായു ശ്വസിക്കാനോ കേരളത്തിനു വേണ്ടി ചിന്തിക്കാനോ സാധ്യമാകുകയില്ല തന്നെ. കാരണം മാന്യതയുടെയും അന്തസിന്റെയും മൂശ ഇംഗ്ലീഷിലാണ്‌ വാർക്കപ്പെട്ടിരിക്കുന്നത്‌. അവന്റെ മലയാളം ഇംഗ്ലീഷിലാണ്‌ ഉച്ചരിക്കപ്പെടുന്നത്‌. അവന്റെ ബാല്യകൗമാരങ്ങളും യൗവനവും ഇംഗ്ലീഷിലാണ്‌ പുളയ്‌ക്കുന്നത്‌. ഈ വിദ്യാർഥികളുടെ രക്ഷിതാക്കളും ഇവരെ പഠിപ്പിക്കുന്ന അധ്യാപകരും വിദ്യാഭ്യാസ അവകാശ സംരംക്ഷണത്തിനായി ജാഥകൾ നടത്തുന്പോൾ അവരുയർത്തുന്ന മുദ്രാവാക്യങ്ങൾക്കർഥം ഇവിടം വിട്ടുപോയ ഇംഗ്ലീഷുകാരന്‌ ഇവിടെ ജീവിക്കുന്ന മലയാളി ഇനിയും കപ്പം കൊടുക്കണമെന്നാണ്‌.
മലയാളം പറഞ്ഞാൽ പിഴ ഈടാക്കുന്ന ഈ അധ്യാപകർ മലയാളിയുടെ നികുതി പിരിക്കുന്ന സർക്കാറിനോട്‌ ഇംഗ്ലീഷിൽ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്‌ മലയാളത്തെ കൊന്ന്‌ കുഴിച്ചു മൂടാനാണ്‌. എട്ടാം ക്ലാസുവരെ വിദ്യാഭ്യാസ മാധ്യമം മാതൃഭാഷയായിരിക്കണമെന്ന, ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ച വിദ്യാഭ്യാസ അവകാശനിയമത്തിലെ വകുപ്പിനെപ്പോലും അംഗീകരിക്കാനുള്ള ജനാധിപത്യബോധം ഇവർക്കില്ല. ഇവരെ തിരിച്ചറിയാനും പ്രതിരോധിക്കാനുമുള്ള ഇച്‌ഛാശക്‌തി കേരള സർക്കാർ കാണിച്ചില്ലെങ്കിൽ മലയാളി ഗതി മുട്ടിപ്പോകും. മലയാളിക്ക്‌ ക്ലാസിക്കൽ പദവിയും മലയാളസർവകലാശാലയുമല്ല വേണ്ടത്‌, മലയാളമാണ്‌ വേണ്ടത്‌.

മംഗളം

2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

കരുത്ത് മലയാളത്തിലൂടെ - ഗീത

മാധ്യമം

ഫെബ്രുവരി 21 ലോക മാതൃഭാഷാദിനം
ജനശക്തി ഉണര്‍ന്നു കഴിഞ്ഞിരിക്കുന്നു
ഫെബ്രുവരിയെ നാം ജ്വലിപ്പിക്കും
എങ്ങനെ മറക്കാന്‍ കഴിയും
എനിക്കാ ഫെബ്രുവരി 21നെ?
(എന്റെ സഹോദരങ്ങളുടെ രക്തം ചിന്തിയ ഫെബ്രുവരി 21 എന്ന കവിതയില്‍ നിന്ന്)

മാതൃഭാഷയായ ബംഗാളി ഭരണഭാഷയാക്കണമെന്നാവശ്യപ്പെട്ട് കിഴക്കന്‍ പാകിസ്താനില്‍ നടന്ന വിദ്യാര്‍ഥിപ്രക്ഷോഭത്തെപ്പറ്റി അബ്ദുല്‍ഗഫാര്‍ ചൗധരിയെഴുതിയ കവിതയാണിത്. ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുള്‍പ്പെട്ട വമ്പിച്ച ജനാവലി തങ്ങള്‍ ചിന്തിക്കുന്ന ഭാഷക്കുവേണ്ടി തെരുവിലിറങ്ങി രക്തം ചിന്തി. 1952 ഫെബ്രുവരി 21നായിരുന്നു, ചരിത്രപരമായ ഭാഷാ സമരം നടന്നത്. അങ്ങനെ കിഴക്കന്‍ പാകിസ്താനില്‍ ഔദ്യോഗികഭാഷ മാതൃഭാഷയായി ഉറപ്പിച്ചെടുത്തത് മനുഷ്യരക്തത്തിലാണ്. കിഴക്കന്‍ പാകിസ്താനില്‍ നടന്ന ഭാഷക്കുവേണ്ടിയുള്ള രക്തസമര സ്മരണയാണ് ഫെബ്രുവരി 21നെ ലോകമാതൃഭാഷാദിനമായി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്ര സഭയെപ്പോലും നിര്‍ബന്ധിച്ചത്.
വ്യത്യസ്തഭാഷകളില്‍ ചിന്തിക്കുകയും ആശയവിനിമയം നടത്തുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ജനസമൂഹങ്ങള്‍ ഒന്നടങ്കം എന്തിനാണ് ഇങ്ങനെയൊരു ലോക മാതൃഭാഷാദിനം ആചരിക്കുന്നത്? അവര്‍ ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ഥിസമരത്തോട് സാഹോദര്യപ്പെടുന്നത് വൈകാരികവും ബുദ്ധിപരവുമായാണ്. എന്നെ ഞാനുണ്ട് എന്നറിയിക്കുന്നത് എന്റെ ഭാഷയാണ് എന്ന തിരിച്ചറിവാണ് വികാരവും ബുദ്ധിയും. അതായത് ഭാഷയെന്നാല്‍ ആശയവിനിമയ സങ്കേതം മാത്രമല്ലെന്ന തിരിച്ചറിവാണ് മനുഷ്യരെ മനുഷ്യരാക്കുന്നത്. കാരണം, പക്ഷിമൃഗാദികള്‍ക്കിടയിലും ആശയവിനിമയം നടക്കുന്നുണ്ട്. അതിനവര്‍ സ്‌കൂളിലോ കോളജിലോ സര്‍വകലാശാലകളിലോ പോയി പഠിക്കേണ്ടതില്ലല്ലോ. സ്വഭാവികചോദനങ്ങളാണ് ഏതു ജീവിയുടെയും ആശയവിനിമയോപാധികളെ രൂപപ്പെടുത്തുന്നത്. അതായത് അതിനപ്പുറത്തുള്ള വികസിത സാംസ്‌കാരിക പ്രവര്‍ത്തനമാണ് ഏതു ജനതയുടെയും ഭാഷ.
നിര്‍ഭാഗ്യവശാല്‍ ആശയവിനിമയോപാധി മാത്രമാണ് ഭാഷയെന്നും ഭാഷക്ക് തനിയേ നില്‍ക്കാനാവില്ലെന്നും ഭാഷ മറ്റു വിഷയങ്ങളെ ആശ്രയിച്ചു മാത്രമാണ് നില്‍ക്കുന്നതെന്നുമൊക്കെ പറയുകയും പ്രചരിപ്പിക്കുകയും അടിച്ചേല്‍പിക്കുകയും ചെയ്യുന്ന അക്കാദമിക ബുദ്ധിജീവിവര്‍ഗവും അധികാരികളും നിലനില്‍ക്കുന്നത് കേരളത്തില്‍ മാത്രമായിരിക്കും. അതുകൊണ്ടാണവര്‍ ഭാഷാ സാഹിത്യങ്ങളെയും മാനവിക വിഷയങ്ങളെയും വികസനത്തിനും തൊഴില്‍സാധ്യതക്കുമെതിരെന്നു പ്രചരിപ്പിക്കുന്നതും ന്യായത്തിന്മേല്‍ മലയാളത്തെ കേരളത്തില്‍ കൊന്നുതള്ളുന്നതും. വരും തലമുറകളോടവര്‍ ചെയ്യുന്നത് അക്ഷന്തവ്യമായ അപരാധമാണ്. എന്തെന്നാല്‍ ചിന്തിക്കുന്ന ഭാഷയിലാണ് ഏതൊരാളും വികസിക്കുക. ശുദ്ധശാസ്ത്രം മാത്രമല്ല, സാങ്കേതികവിദ്യകളും ആള്‍ സ്വാംശീകരിക്കുന്നത് സ്വഭാഷയിലൂടെയാണ്. നമ്മുടെ സ്‌നേഹം, സമരം, വിപ്ലവം, വികസനം എല്ലാം ഭാഷയിലൂടെയാണ് സംഭവിക്കുക. മാതൃഭാഷയില്ലാതാകുന്നതോടെ ഏതു ജനതയും വംശനാശത്തിലേക്ക് നയിക്കപ്പെടും. ഭാഷയില്ലാത്തവരുടെ പാരമ്പര്യവും ചരിത്രവും സംസ്‌കാരവും ഭാഷയുള്ളവര്‍ കവര്‍ന്നെടുക്കുന്നു.
സ്വന്തം ഭാഷയെ നിരാകരിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന ഒരു സമൂഹമായി മലയാളികള്‍ മാറിയതിന്റെ ഫലമായി കേരളത്തില്‍ മലയാളം പരിഹാസ്യവും അപരിഷ്‌കൃതവുമെന്നു വിധിക്കപ്പെട്ടു. അങ്ങനെ മലയാളം മാധ്യമമായുള്ള സ്‌കൂളുകള്‍ കുറഞ്ഞുവരുകയും ഇംഗ്ലീഷ് മാധ്യമമായുള്ളവ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്തു. മലയാളം പഠിക്കുന്നതും മലയാളത്തില്‍ പഠിക്കുന്നതും തൊഴില്‍സാധ്യതയില്ലാതാക്കുമെന്നതാണ് മുഖ്യപ്രചാരണം. കേരളത്തിനു പുറത്തുപോയാല്‍ മലയാളം കൊണ്ടെന്തു പ്രയോജനമെന്ന് യുവതയെ മരവിപ്പിച്ചുനിര്‍ത്താന്‍ അധികാരികള്‍ ശ്രമിക്കുന്നു. ഏതു വിഷയവും 'സ്വഭാഷ തന്‍ വക്ത്രത്തില്‍നിന്നു'ഗ്രഹിക്കുമ്പോഴാണ് നമുക്ക് മനസ്സിലാവുകയും നമ്മുടേതാവുകയും ചെയ്യുക. ദഹിക്കാത്ത വറ്റുകള്‍ ഛര്‍ദിക്കുന്നതുപോലെ വിജ്ഞാനം വിളമ്പുന്ന അന്തസ്സാരശൂന്യരെയാണോ നമുക്കിനി വാര്‍ത്തെടുക്കേണ്ടത്?
ഉത്തരേന്ത്യയില്‍ ഹിന്ദി, അറേബ്യന്‍നാടുകളില്‍ അറബി, മറ്റേതു നാട്ടിലും അന്നാട്ടിലെ മാതൃഭാഷയുമാണ് ജീവിതഭാഷ. അപ്പോള്‍പ്പിന്നെ, അവിടെപ്പോകാന്‍ ഇംഗ്ലീഷ് മാത്രം പഠിപ്പിച്ചാല്‍ മതിയോ? മാത്രമല്ല നമ്മുടെ കുട്ടികള്‍ തൊഴിലെടുക്കേണ്ടത് നമ്മുടെ നാട്ടിലാവരുതെന്ന അബോധമായ നിര്‍ബന്ധവും ഇംഗ്ലീഷ് പ്രേമത്തിന്റെ പിന്നിലുണ്ടെന്ന് കാണാം. അതോടൊപ്പം പണ്ട് ഭരിച്ചു മടങ്ങിപ്പോയ പഴയ ഇംഗ്ലീഷുകാരനോടും ഇനി ഭരിക്കാന്‍ വരുന്ന പുതിയ ഇംഗ്ലീഷധികാരിയോടുമുള്ള വിനീതവിധേയത്വവും നമ്മുടെ അധികാരികളുടെ നടു കുനിച്ചിരിക്കുന്നു.
മാതൃഭാഷയെന്നാല്‍ വെറും ഭാഷയല്ല. അതു നാം കുടിക്കുന്ന ജീവജലമാണ്. ശ്വസിക്കുന്ന വായുവാണ്. ചവിട്ടിനില്‍ക്കുന്ന മണ്ണാണ്. നമ്മെ ഉള്ളടക്കുന്ന ആകാശമാണ്. നമ്മുടെ നാട്ടിലെ പുഴയാണ്, മലയാണ്, വയലാണ്, നമ്മുടെ അന്നമാണ്... അതുകൊണ്ടാണ് മലയാളി മലയാളത്തില്‍ ചിന്തിക്കുകയും സംസാരിക്കുകയും പ്രണയിക്കുകയും ചെയ്യുന്നത്. അഹോ കഷ്ടം! ഭാഷാടിസ്ഥാനത്തില്‍ രൂപപ്പെട്ട സംസ്ഥാനമായിട്ടും കേരളത്തില്‍ മലയാളി മലയാളം പഠിക്കണോ എന്ന് നിശ്ചയിക്കാന്‍ കമ്മിറ്റി രൂപവത്കരിക്കേണ്ട ഗതികേടിലാണ് കേരളത്തിലെ ജനാധിപത്യ സര്‍ക്കാര്‍. ഭാഷാനിന്ദയിലൂടെ മൂല്യശോഷണം നേരിട്ട ജനതയാവുന്നു മലയാളി സമൂഹം. ഭാഷയും സാഹിത്യവുമില്ലാത്തവര്‍ക്ക് ശാസ്ത്രവും സാങ്കേതിക വിദ്യകളും വഴങ്ങില്ലെന്ന അടിസ്ഥാന പ്രമാണം പോലും നമ്മുടെ നേതാക്കള്‍ മറന്നുപോയല്ലോ.
ലോക മാതൃഭാഷാദിനത്തില്‍ അണിചേര്‍ന്ന് ഭാഷാസ്വത്വം വീണ്ടെടുക്കാന്‍ നമ്മള്‍ മലയാളികള്‍ക്ക് സാധിക്കട്ടെ. അങ്ങനെ അവകാശബോധമുള്ള ഒരു ജനതയായി മലയാളി വികസിക്കട്ടെ. കാരണം, മാതൃഭാഷ ഏതു ജനതയുടെയും മൗലികാവകാശമാണ്. മലയാളമാണ് കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും. കാരണം, മലയാളമാണ് കേരളത്തിന്റെ രാഷ്ട്രീയം. അങ്ങനെ ആഗോളീകരണത്തെയും വംശനാശഭീഷണിയെയും ചെറുക്കാന്‍ മലയാളത്തിലൂടെ മലയാളി കരുത്താര്‍ജിക്കട്ടെ.